സായ് ശ്വേതയും കുട്ടികളും (Photo: P Jayesh)
''ഈ വികൃതിപ്പിള്ളേരെക്കൊണ്ട് തോറ്റു... ചെയ്യരുതെന്നു പറയുന്നതേ ചെയ്യൂ... അനുസരണ തൊട്ടുതീണ്ടിയിട്ടില്ല...'' കുട്ടിക്കാന്താരികളെ ഇങ്ങനെ പഴിപറഞ്ഞു മടുത്തിരിക്കുകയാണ് നിങ്ങളെങ്കില്‍ ഒന്നിവിടെ ശ്രദ്ധിക്കൂ... അവരെ വരച്ച വരയില്‍ നിര്‍ത്താമെ ന്നൊക്കെയുള്ളത് ഇത്തിരി അതിമോഹമല്ലേ. വികൃതിത്തരങ്ങളും ചെയ്യരുതെന്ന് പറയുന്നത് ചെയ്തുനോക്കാനുള്ള കൗതുകവുമൊക്കെ ഭാവിയിലേക്കുള്ള അവരുടെ തയ്യാറെടുപ്പുകളായി കാണണം.
കഴിയുന്നതും അവരുടെ ജീവിതം വിലക്കുകള്‍കൊണ്ടും കുറ്റങ്ങള്കൊണ്ടും നിറയ്ക്കാതിരിക്കുക. പകരം പ്രോത്സാഹിപ്പിക്കാം. പ്രോത്സാഹനം കിട്ടിവളരുന്ന കുട്ടികള്‍ പൊതുവെ ആത്മവിശ്വാസം പ്രകടിപ്പിക്കാറുണ്ട്, കുറ്റങ്ങള്‍ മാത്രം കേള്‍ക്കേണ്ടിവരുന്നവര്‍ ആത്മവിശ്വാസക്കുറവും. മറ്റുള്ളവരുടെ മുമ്പില്‍ ചെറുതാണെന്ന തോന്നലുണ്ടാക്കുന്ന അപകര്‍ഷബോധത്തിന്റെ നീരാളിപ്പിടിത്തത്തിലേക്ക് കുട്ടിമനസ്സുകളെ തള്ളിവിടാതിരിക്കാന്‍ ചിലതൊക്കെ നമ്മള് ശ്രദ്ധിക്കണം.
പരീക്ഷിക്കാന്‍ അവസരം കൊടുക്കുക
കുട്ടികള്‍ എന്തെങ്കിലും ചെറിയ കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ 'കൈമുറിയും, വീഴും, നീ ചെയ്താല്‍ തെറ്റും, അപകടം പറ്റും, വീഴും' തുടങ്ങി പലതരം അരുതുകള്‍ കൊണ്ട് തടയുന്ന രക്ഷിതാക്കളുണ്ട്. കുഞ്ഞുജോലികള്‍ വരെ ചെറിയ അപകടങ്ങള്‍ ഭയന്ന് ചെയ്യാന്‍ സമ്മതിക്കാതിരിക്കും അവര്‍. കുട്ടിക്ക് കഴിവുണ്ടോയെന്ന് സ്വയം പരീക്ഷിക്കാനുള്ള അവസരം ഈ അരുതുകളിലൂടെ നിഷേധിക്കപ്പെടുകയാണ്. നിരന്തരം കേള്‍ക്കുമ്പോള്‍ തനിക്ക് ചെയ്യാന്‍ പറ്റാത്ത എന്തോ ഒന്നാണതെന്ന് കുട്ടിയുടെ ഉപബോധമനസ്സിലും തോന്നിത്തുടങ്ങും. സ്വന്തം കഴിവ് തിരിച്ചറിയാതെ എന്തിനും ഏതിനും മാതാപിതാക്കളെ ആശ്രയിക്കുന്നവരായി അവര്‍ ഉള്‍വലിയും. എല്ലാമൊന്നു പരീക്ഷിച്ചുനോക്കാന്‍ കുട്ടികളെ അനുവദിക്കുകയാണ് രക്ഷിതാക്കള്‍ ചെയ്യേണ്ടത്. ജയിച്ചാല്‍ അവര്‍ക്ക് ധൈര്യം കൂടും. തോറ്റാല്‍ അനുഭവങ്ങള്‍ കുട്ടികള്‍ക്ക് പാഠമാവുകയും ചെയ്യും. രണ്ടായാലും നല്ലതാണ്.
പ്ലേറ്റുമാറ്റുന്ന രക്ഷിതാക്കള്‍
ഒരു പ്രായം വരെ 'നീ ചെറുതാണെ'ന്ന് പറഞ്ഞ്, അമിത സംരക്ഷണം നല്കി വളര്‍ത്തിയ കുട്ടിയെ പ്രായപൂര്‍ത്തിയാകുമ്പോള്‍ മുന്നും പിന്നും നോക്കാതെ കൈയൊഴിയുന്ന മാതാപിതാക്കളുണ്ട്. ചെറുപ്പത്തില്‍ പലതും പഠിച്ചെടുക്കാനും അനുഭവിച്ചറിയാനുമുള്ള അവസരം നിഷേധിക്കും. കൗമാരം കഴിയുമ്പോഴേക്കും നീ വലുതായില്ലേ, ഇതൊന്നും സ്വന്തമായി ചെയ്യാനറിയില്ലേ എന്നും ചോദിച്ച് കുറ്റപ്പെടുത്തും. അത് പല കുട്ടികളെയും മാനസികമായി തകര്‍ക്കാറുണ്ട്. ആദ്യമേ ശീലിപ്പിക്കാതെ, പെട്ടെന്നൊരിക്കല്‍ സാധനങ്ങള്‍ വാങ്ങാന്‍ കുട്ടിയെ കടയില്‍ വിട്ടാല്‍ സ്വാഭാവികമായും പറഞ്ഞ സാധനങ്ങളെല്ലാം വാങ്ങിവരണമെന്നില്ല... പൈസ കൃത്യമായി കൂട്ടിനോക്കിയെന്നും വരില്ല. സ്വയം ഒന്നും ചെയ്യേണ്ടതില്ല എന്ന സാഹചര്യത്തില്‍ നിന്ന് നീ തന്നെ എല്ലാം ചെയ്യണമെന്ന് കുറ്റപ്പെടുത്തുന്ന സ്റ്റേജിലേക്ക് പെട്ടെന്ന് ചുവടുമാറ്റുന്നത് കുട്ടിയോ ടുകാട്ടുന്ന നീതികേടാണ്. നിങ്ങളുടെ പരാജയവും. ചെറുപ്പത്തിലേ അവരെ ഉത്തരവാദിത്തം പഠിപ്പിക്കേണ്ടത് നിങ്ങള്‍ തന്നെയായിരുന്നു.
അവസരം കൊടുത്തു തുടങ്ങാം
മൂന്നുവയസ്സുതൊട്ട് കുട്ടികള്‍ക്ക് അവസരങ്ങള്‍ കൊടുത്തുതുടങ്ങണം. ആ പ്രായത്തില്‍ തന്നെ കുട്ടികളില്‍ ആത്മവിശ്വാസത്തിന്റെ അടിത്തറയിടുന്നതാണ് ഉചിതം.
മറ്റുള്ളവരുമായി താരതമ്യം വേണ്ട
നന്നായി കാര്യങ്ങള്‍ ചെയ്യുന്ന സഹോദരങ്ങളോ കൂട്ടുകാരോ ഉണ്ടെങ്കില്‍ 'അവരാണ് മികച്ചത്, നിനക്കത് പറ്റിയില്ലല്ലോ' എന്നൊക്കെ കുറ്റപ്പെടുത്തിക്കൊണ്ടൊരു താരതമ്യം ദോഷം ചെയ്തേക്കും. ഉദാഹരണം ഒരു പരീക്ഷയില്‍ കുട്ടി മാര്‍ക്കുവാങ്ങി വന്നു. കൂടുതലോ കുറവോ എന്തുമാകട്ടെ, നമ്മളാദ്യം ചോദിക്കുക ക്ലാസ്സിലെ മറ്റു കുട്ടികളുടെ മാര്ക്കിനെക്കുറിച്ചാണ്, അതറിഞ്ഞാണ് നമ്മുടെ കുട്ടിയെ വിലയിരുത്തുക. പത്തില്‍ ഒന്പതുണ്ടെങ്കിലും ക്ലാസ്സിലൊരു കുട്ടി പത്തില്‍ പത്തു വാങ്ങിയാല്‍ 'നിനക്കെന്തു കുറവുണ്ടായിട്ടാ പത്ത് വാങ്ങാത്തത്' എന്നാവും നമ്മളാദ്യം ചോദിക്കുക. അത് തെറ്റാണ്. ഓരോ കുട്ടിക്കും കഴിവുകള്‍ വ്യത്യസ്തമായിരിക്കും. വീട്ടുകാര്‍ എപ്പോഴും ക്ലാസ്സിലെ മറ്റേ കുട്ടിയാണ് മിടുക്കന് എന്നുപറയുന്നത് കുട്ടിയെ ശരിക്കും തളര്‍ത്തും. 'അവനാ മിടുക്കന്, എനിക്ക് കഴിവില്ല' എന്ന ചിന്ത വളരുകയും ചെയ്യും.
തെറ്റിയാല്‍ പഴിക്കരുത്
'ഒരു സ്ഥലത്തു പറഞ്ഞുവിട്ടാല്‍ അവന് കൃത്യമായി കാര്യങ്ങള്‍ ചെയ്തു വരുന്നുണ്ടല്ലോ... വീട്ടിലെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ടല്ലോ, നല്ല മാര്‍ക്കുണ്ടല്ലോ, നിനക്കില്ലല്ലോ' എന്നിങ്ങനെ പറയുന്നതിന് പകരം 'നീയൊന്നത് ചെയ്തുനോക്ക്... തെറ്റിപ്പോയാല്‍ സാരമില്ല, ഞാന്‍ പറഞ്ഞുതരാം... ശരിയാവുകയാണെങ്കില്‍ ആവട്ടെ, അല്ലെങ്കില്‍ നമുക്ക് നോക്കാം' തുടങ്ങിയ വാക്കുകള്‍ കുട്ടിയില്‍ ആത്മവിശ്വാസമുണ്ടാക്കും.
അധ്യാപകര്‍ വിവേചനം കാട്ടരുത്
സ്കൂളില്‍ ഏതെങ്കിലുമൊരു പരിപാടിക്ക് സെലക്ഷന് നടക്കുമ്പോള്‍ ചില അധ്യാപകര്‍ രൂപവും സാമൂഹ്യസ്ഥിതിയുമൊക്കെ നോക്കി കുട്ടികളെ തിരഞ്ഞെടുക്കുന്ന പ്രവണതയുണ്ട്. പരിഗണന നിഷേധിക്കപ്പെടുന്നതിനെപ്പറ്റി കൗണ്സലിങ്ങിനിടെയും മറ്റും കുട്ടികള്‍ പരാതിപ്പെടാറുമുണ്ട്. ഇങ്ങനെയുള്ള വേര്‍തിരിവുകള്‍ ഇല്ലെന്ന് അധ്യാപകര്‍ ഉറപ്പാക്കണം. സ്കൂളില്‍ കുട്ടികള്‍ അത്തരം പ്രശ്നങ്ങള്‍ നേരിടുന്നുവെങ്കില്‍ രക്ഷിതാക്കള്‍ക്കും ഇടപെടാം.
അവര്‍ വിവേകികളാവട്ടെ
വണ്ണവും പൊക്കവും നിറവും നോക്കിയല്ല ആരെയും വിലയിരുത്തേണ്ടതെന്ന് ചെറുപ്പത്തിലേ കുട്ടിയെ ബോധ്യപ്പെടുത്തണം. നിറവും രൂപവുമൊക്കെ നോക്കി കുട്ടികള്‍ ചിലപ്പോഴൊക്കെ സമപ്രായക്കാരെ ഒറ്റപ്പെടുത്താറുണ്ട്. അധികം സോഷ്യല്സ്കില് ഇല്ലാത്തവര്‍, സംസാരിക്കാനറിയാത്തവര്‍, പതുങ്ങിയ പ്രകൃതക്കാര്‍ തുടങ്ങിയവര്‍ കൂടുതല്‍ വിവേചനം നേരിടേണ്ടിവരുന്നു. കുട്ടികളില്‍ സഹാനുഭൂതിയും വിവേകവും വളര്‍ത്തിയെടുക്കാനാണ് രക്ഷിതാക്കള്‍ ശ്രദ്ധിക്കേണ്ടത്.
പ്രോത്സാഹിപ്പിക്കണം
സ്വന്തം കഴിവിനെക്കുറിച്ച് ആത്മവിശ്വാസം വളരേണ്ട പ്രായത്തില്‍ പ്രോത്സാഹിപ്പിക്കാന്‍ ആളില്ലാത്തത് വിപരീതഫലമുണ്ടാക്കും. ഒട്ടും നല്ലതു കേള്‍ക്കാതെ വളരുന്നവര്‍ക്ക് എപ്പോഴും അപകര്ഷതയുണ്ടാവും. പെട്ടെന്നൊരാള്‍ വന്ന് നല്ലതുപറഞ്ഞാല്‍ കുട്ടികളത് വിശ്വസിക്കുകയുമില്ല. ആശ്വസിപ്പിക്കാന്‍ പറയുന്നതോ കളിയാക്കാന്‍ പറഞ്ഞതോ ആണെന്നുകരുതും. എല്ലാവര്ക്കും പ്രോത്സാഹനം ഇഷ്ടമാണെന്നോര്ക്കുക. കുട്ടികളാണെങ്കിലും മുതിര്‍ന്നവരാണെങ്കിലും.
വര്‍ത്തമാനം പറയുക
കുട്ടികളോടെപ്പോഴും വര്‍ത്തമാനം പറഞ്ഞുകൊണ്ടിരിക്കുക. അവരുടെ പ്രശ്നങ്ങളും ഇഷ്ടങ്ങളും മനസ്സിലാക്കുക. ഓരോ പ്രവൃത്തിയുടെയും ഫീഡ്ബാക്കുകള്‍ അപ്പോള്‍ തന്നെ പറയാം. കേള്‍ക്കാന്‍ ഒരാളുണ്ടെന്ന തോന്നല്‍ ആത്മവിശ്വാസമാണ്. മിക്ക വീട്ടിലും കുട്ടികളോട് ഉത്തരവിടാറാണ് പതിവ്. അതിനുപകരം, ചെറിയ അഭ്യര്‍ഥന പോലെ ചോദിക്കുകയോ, നന്ദി പറയുകയോ ചെയ്താല്‍ അവര്‍ക്കതൊരു മോട്ടിവേഷനാണ്. അമ്മയ്ക്കിഷ്ടമുള്ള എന്തോ ഞാന്‍ ചെയ്തു എന്നൊരു തോന്നല്‍ അവരില്‍ വരും. അഭിനന്ദനം ലഭിച്ചാല്‍ കുട്ടികള്‍ കുറച്ചുകൂടി ഉത്തരവാദിത്വമുള്ളവരാവുന്നതു കാണാം.
ചെറിയ തെറ്റുകള്‍ക്ക് വലിയ ശിക്ഷ വേണ്ട
ചെറിയ തെറ്റുകള്‍ക്ക് വലിയ ശിക്ഷയും അടിയുമൊക്കെ കൊടുക്കുന്നതു ഗുണം ചെയ്തേക്കില്ല. മര്‍ദിക്കുന്നതിനും ശരീരം വേദനിപ്പിക്കുന്നതിനും പകരം അവര്‍ക്കിഷ്ടമുള്ള എന്തെങ്കിലുമൊന്ന് നിഷേധിച്ചുകൊണ്ട് ശിക്ഷിക്കാം. ചിലര്‍ അമ്മ മിണ്ടില്ലെന്നു പറഞ്ഞാല്‍തന്നെ അനുസരണ കാണിക്കും. അടിച്ചമര്‍ത്തല്‍ നല്ലതല്ല. അത് എല്ലാക്കാലവും ഉള്ളില്‍ കിടക്കും.
കടപ്പാട്
- ഡോ. സീമ പി. ഉത്തമന്
അസിസ്റ്റന്റ് പ്രൊഫസര്‍,
സൈക്യാട്രിക് സോഷ്യല്‍വര്‍ക് വിഭാഗം മേധാവി,
ഇംഹാന്‍സ്, കോഴിക്കോട്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..