അമേരിക്കൻ ഗായികയും റാപ്പറുമായ ലിസോയ്ക്ക് ലോകമൊട്ടാകെ ആരാധകരുണ്ട്. പാട്ടുകളാകട്ടെ, സോഷ്യൽ മീഡിയ പോസ്റ്റുകളാകട്ടെ, ലിസോയെ ആരാധിക്കാൻ പലർക്കും പല കാരണങ്ങളാണ്. വേദികളിൽ ലിസോ പകരുന്ന ഊർജ്ജത്തിന് പകരം വെക്കാൻ മറ്റൊന്നില്ലെന്നു തന്നെ പറയാം. ഗ്രാമി പുരസ്കാരം, പ്രൈംടൈം എമ്മി പുരസ്കാരം, സോൾ ട്രെയ്ൻ മ്യൂസിക് അവാർഡ്സ് തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

To advertise here,

ഏകദേശം 140 കിലോഗ്രാം ഭാരമുണ്ടായിരുന്ന ലിസോ ഇപ്പോൾ ഭാരം കുറച്ചുകൊണ്ടുവരുന്നതിന്റെ പാതയിലാണ്. ഏകദേശം ഒരുവർഷം കൊണ്ട് ഭാരം 110 കിലോഗ്രാമിലേക്കെത്തിച്ചു ഈ 37-കാരി. അതിന് സഹായിച്ച ഭക്ഷണശീലത്തെപ്പറ്റി തുറന്നുപറഞ്ഞിരിക്കുകയാണവർ.

ഭക്ഷണത്തിൽ പ്രധാനമായും പ്രോട്ടീനും പച്ചക്കറികളുമാണ് ഉൾക്കൊള്ളിച്ചിരിക്കുന്നതെന്ന് ലിസോ പറയുന്നു. രണ്ട് മുട്ട ചിക്കിയത്, ചിക്കൻ സോസേജ്, കോളിഫ്ലവർ ഹാഷ് ബ്രൗൺ എന്നിവ കഴിച്ചാണ് ദിവസം ആരംഭിക്കുന്നത്. ഉച്ചഭക്ഷണത്തിന്, ലിസോ ഒരു തായ് ചിക്കൻ സാലഡോ, അല്ലെങ്കിൽ ട്യൂണയോ കോഴിയിറച്ചിയോ നിറച്ച ലെറ്റിയൂസ് റാപ്സോ തിരഞ്ഞെടുക്കും.

അത്താഴത്തിന് ടർക്കി മീറ്റ് ലോഫും കോളിഫ്ലവറും ഉടച്ചെടുത്ത ഉരുളക്കിഴങ്ങും ബീൻസും. ഏറ്റവും പ്രധാനപ്പെട്ട കാര്യം ഗായിക അത്താഴം വൈകീട്ട് അഞ്ചുമണിക്കുമുമ്പേ കഴിക്കാൻ ശ്രമിക്കുമെന്നതാണ്. ഈ സമയപരിധിയാണ് തന്റെ നല്ല ആരോഗ്യത്തിനുള്ള ഒരു പ്രധാന ഘടകമെന്ന് അവർ പറയുന്നു. ലിസോക്ക് ഗ്യാസ്ട്രോ ഈസോഫാഗൽ റിഫ്ലക്സ് അഥവാ ജിഇആർഡി എന്നറിയപ്പെടുന്ന അസുഖമുണ്ട്. അതുകൊണ്ടുതന്നെ ഉറങ്ങാൻ പോകുന്നതിന് മുൻപ് ഭക്ഷണം ദഹിക്കാൻ അവരുടെ ശരീരത്തിന് സമയം ആവശ്യമാണ്.

ഇതിനിടയിൽ, ലിസോ ലഘുഭക്ഷണങ്ങളും കഴിക്കാറുണ്ട്. പഞ്ചസാര കുറഞ്ഞ ഗ്രീക്ക് യോഗേട്ടിൽ ബ്ലൂബെറിയോ ബ്ലാക്ക്ബെറിയോ തേനോ ചേർത്ത് കഴിക്കുന്ന ശീലമുണ്ട്. ഒരു ദിവസം പല തവണ കാപ്പി കുടിക്കുന്നതിനു പകരം വനില പ്രോട്ടീൻ ചേർത്ത ഒരു കപ്പ് കാപ്പി മാത്രമാണ് കുടിക്കുന്നത്.

കർശനമായ ഭക്ഷണക്രമത്തിനുപകരം ശരീരത്തിന്റെ ആവശ്യങ്ങൾ ശ്രദ്ധിക്കുന്നതിനാണ് മുൻഗണന നൽകുന്നത്. ദിനചര്യ പിന്തുടരുമ്പോൾ തന്നെ പുറത്തുപോയി ഭക്ഷണം കഴിക്കാറുമുണ്ട്. ടെൻഡർ ചിക്കനോ ഞണ്ടിന്റെ കാലുകളോ അടങ്ങിയ ഭക്ഷണങ്ങൾ കഴിച്ചാണ് ആസക്തികളെ ശമിപ്പിക്കുന്നത്.

ശരീരത്തിന്റെ സന്തുലിതാവസ്ഥയാണ് യഥാർഥ ആരോഗ്യമെന്ന് ലിസോ പറയുന്നു. മുമ്പ് താൻ ഒസെമ്പിക്കും മറ്റ് ചില മരുന്നുകളും പരീക്ഷിച്ചിരുന്നുവെന്നും അവർ വെളിപ്പെടുത്തിയിരുന്നു. (ടൈപ്പ് 2 പ്രമേഹത്തിന് ചികിത്സയ്ക്കുപയോഗിക്കുന്ന മരുന്നാണ് ഒസെമ്പിക്. പക്ഷേ, വിശപ്പ് നിയന്ത്രിക്കുന്നതടക്കമുള്ള ഫലങ്ങൾ കാരണം തടി കുറയ്ക്കാൻ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്.)

2020-ൽ ലിസോ വേഗൻ ആയിരുന്നു. ടിക് ടോക്കിൽ തന്റെ ആറുമാസത്തെ വേഗൻയാത്രയെപ്പറ്റി അവർ പങ്കുവെക്കുകയും ചെയ്തിരുന്നു. എന്നാൽ വേഗൻ രീതിയിലൂടെ തനിക്കാവശ്യമായ പോഷകങ്ങൾ ലഭിക്കാത്തതിനാൽ അതുപേക്ഷിച്ചെന്നും ഭക്ഷണത്തിൽ മൃഗ ഉൽപ്പന്നങ്ങൾ ഉൾപ്പെടുത്താൻ തുടങ്ങിയെന്നും പിന്നീടവർ വെളിപ്പെടുത്തി.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi