കൃഷ്ണജന്മഭൂമി, മഥുര | ബി. മുരളീകൃഷ്ണൻ
ഉത്തരേന്ത്യയിലെ മിക്ക ക്ഷേത്രങ്ങളും സന്ദര്‍ശിക്കുമ്പോള്‍ എന്നെ അദ്ഭുതപ്പെടുത്തിയ കാര്യം കേരളത്തിലെ ക്ഷേത്രങ്ങളിലെ പോലെ ' അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ല' എന്ന അവസ്ഥ അവിടെ ഇല്ല എന്നതാണ്. ഉത്തര്‍പ്രദേശിലേയോ മഹാരാഷ്ട്രയിലേയോ ഒന്നും ക്ഷേത്രങ്ങളില്‍ അത്തരത്തിലൊരു ബോര്‍ഡ് കണ്ടിട്ടില്ല. ശ്രീകൃഷ്ണ ജന്‍മഭൂമിയെന്ന് കേളി കേട്ട ഉത്തര്‍പ്രദേശിലെ മഥുര ക്ഷേത്രം സന്ദര്‍ശിച്ചപ്പോഴാണ് അതിനെ കുറിച്ച് ഞാന്‍ ഗൗരവമായി ചിന്തിച്ചത്. മഥുരയില്‍ ആദ്യം പോവുന്നത് വലിയൊരു യാത്രാസംഘത്തിന്റെ ഭാഗമായാണ്. മുഗള്‍ ചക്രവര്‍ത്തി അക്ബറിന്റെ കൊട്ടാരമായിരുന്ന ഫത്തേപൂര്‍ സിക്രി സന്ദര്‍ശിച്ച് തിരിച്ചു വരികയായിരുന്നു ഞങ്ങള്‍. സംഘത്തില്‍ കേരളത്തില്‍ നിന്നു തന്നെയുള്ള ഒരു മുസ്ലീം കുടുംബവുമണ്ട്. ക്ഷേത്രത്തിന് മുന്നില്‍ ബസ്സ് നിര്‍ത്തിയപ്പോള്‍ കുടുംബനാഥന്‍ പതുക്കെ എന്നോടു ചോദിച്ചു, ഞങ്ങള്‍ക്കിതിനകത്ത് കയറിക്കൂടേ ?
' ദൈവത്തിന് മുന്നില്‍ എന്ത് ഹിന്ദു, എന്ത് മുസ്ലീം ? നിങ്ങള്‍ കയറൂ' എന്നായിരുന്നു പെട്ടെന്നുള്ള എന്റെ മറുപടി. അവര്‍ എനിക്കൊപ്പം മുന്നോട്ടു നടന്നു. എന്നോട് ചോദ്യം ചോദിച്ച ആളുടെ ഭാര്യ പര്‍ദ ധരിച്ചിട്ടുണ്ടായിരുന്നു. അവര്‍ക്ക് സംശയം ബാക്കിയായി, ' ചേട്ടാ ശരിക്കും പ്രശ്‌നമൊന്നുമുണ്ടാവില്ലല്ലോ ? ' - അവര്‍ ചോദിച്ചു. എനിക്കും ചെറിയ ഭയം തോന്നി. ഞാന്‍ ക്ഷേത്രത്തിന് മുന്നില്‍ നിന്നിരുന്ന കാവല്‍ക്കാരനെ പോലെ തോന്നിച്ച മനുഷ്യനോട് ചോദിച്ചു. അയാള്‍ പറഞ്ഞു' കയറിക്കോളൂ ഒരു കുഴപ്പവുമില്ല.' കേരളത്തിന് പുറത്തെ മിക്ക ഹിന്ദുക്ഷേത്രങ്ങളിലും ഹിന്ദുക്കളല്ലാത്തവര്‍ക്കും പ്രവേശനമുണ്ടെന്നാണ് എന്റെ അനുഭവം.
മാത്രമല്ല, മഥുര ക്ഷേത്രത്തിനോട് ചേര്‍ന്ന് വിശാലമായ മുസ്ലീം പള്ളിയും നിലകൊള്ളുന്നു. 1661-ല്‍ മുഗള്‍ ചക്രവര്‍ത്തി ഔറംഗസീബ് നിര്‍മ്മിച്ചതാണ് ഈ ആരാധനാലയം. തൊട്ടു തൊട്ടു നില്‍ക്കുന്ന പള്ളിക്കും അമ്പലത്തിനും തോക്കേന്തിയ സുരക്ഷാ സൈനികര്‍ കാവല്‍നില്‍ക്കുന്നുണ്ട്. മഥുരയെന്ന് കേള്‍ക്കുമ്പോള്‍ തമിഴ്‌നാട്ടിലെ മധുര മീനാക്ഷി ക്ഷേത്രമെന്ന് തെറ്റിധരിച്ചു പോവാം. അത് മധുര, ഇത് മഥുര.രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ നിന്ന് 160 കിലോ മീറ്റര്‍ റോഡ്മാര്‍ഗ്ഗം സഞ്ചരിച്ചാല്‍ ഉത്തര്‍പ്രദേശിന്റെ ഭാഗമായ മഥുരയിലെത്താം. കൃഷ്ണ ചരിതവുമായി ബന്ധമുള്ള ഒട്ടേറെ സ്ഥലങ്ങളും ക്ഷേത്രങ്ങളുമാണ് മഥുരയുടെ പ്രധാന ആകര്‍ഷണം.

കൃഷ്ണന്റെ ജന്‍മസ്ഥലത്തിനു പുറമെ വൃന്ദാവനവും ഗോവര്‍ദ്ധനവും എല്ലാം ചുറ്റുവട്ടത്തായി ഉണ്ട്. ഡല്‍ഹിയെ പോലെ യമുനയുടെ തീരത്താണ് മഥുരയും. ഭഗവാന്റെ ജന്‍മസ്ഥാനം കാണാനും ആരാധന നടത്താനും എത്തുന്ന ഭക്തരുടെ തിരക്ക് നട്ടുച്ച നേരത്തും മഥുരയില്‍ പ്രകടമാണ്. കൃഷ്ണ ജന്‍മസ്ഥാന്‍ എന്നറിയപ്പെടുന്ന ക്ഷേത്രത്തിലേക്കാണ് എല്ലാവരും ആദ്യം ചെല്ലുന്നത്. കംസനാല്‍ തടവിലാക്കപ്പെട്ട ദേവകി കൃഷ്ണന് ജന്‍മം നല്‍കിയെന്ന് വിശ്വസിക്കപ്പെടുന്ന ജയിലിന് ചുറ്റുമാണ് ഈ ക്ഷേത്രം നിര്‍മിച്ചിരിക്കുന്നത്. ഗര്‍ഭഗൃഹം എന്നറിയപ്പെടുന്ന ഈ ജയില്‍ തകര്‍ന്നു പോയതാണെന്നും പിന്നീട് പുനര്‍ നിര്‍മ്മിച്ചതാണെന്നും ക്ഷേത്രത്തിനകത്തേക്ക് ഞങ്ങളെ നയിച്ച വിഷ്ണു ശര്‍മ വിശദീകരിച്ചു. കാഷായ വസ്ത്രങ്ങളണിഞ്ഞ ശര്‍മ കൃഷ്ണ സ്തുതികള്‍ ചൊല്ലിയാണ് മുന്നില്‍ നടക്കുന്നത്. ജയ് ശ്രീകൃഷ്ണയെന്ന് തുടങ്ങുന്ന സ്തുതിഗീതങ്ങള്‍ ഏറ്റു ചെല്ലാന്‍ ഞങ്ങളോട് അദ്ദേഹം ആവശ്യപ്പെട്ടു. ഹിന്ദിയുടെ പ്രാദേശിക ഭാഷാഭേദത്തില്‍ അദ്ദേഹം ചൊല്ലിത്തന്ന വാക്കുകളുടെ അര്‍ത്ഥം ഉള്‍ക്കൊള്ളാനായില്ലെങ്കിലും ഞങ്ങളും സമാനമായ ചില ശബ്ദങ്ങള്‍ ഉണ്ടാക്കി പിന്നില്‍ നടന്നു. ഇവന്‍ എന്താണ് ചൊല്ലുന്നതെന്ന ഭാവത്തില്‍ തൊട്ടടുത്ത് നടന്നിരുന്ന ഭക്തന്‍ എന്നെ രൂക്ഷമായി നോക്കി. അതോടെ ഞാന്‍ ഉച്ചത്തിലുള്ള നാമജപം നിര്‍ത്തി, തലകുനിച്ച് നടന്നു.

വിശാലമായ ക്ഷേത്ര വളപ്പിനുള്ളിലേക്ക് പ്രവേശിപ്പിക്കുന്നത് കര്‍ശനമായ സുരക്ഷാ പരിശോധനകള്‍ക്ക് ശേഷമാണ്. ക്യാമറയോ മൊബൈല്‍ ഫോണുകളോ ബാഗുകളോ ഒന്നും അകത്തേക്ക് പ്രവേശിപ്പിക്കില്ല. പുരാതന കാലത്ത് രാജാധികാരം സ്ഥാപിക്കുന്നതിനുള്ള യുദ്ധങ്ങളില്‍ നശിപ്പിക്കപ്പെട്ട ക്ഷേത്രം പല തവണ പുനര്‍നിര്‍മ്മിക്കപ്പെട്ടു. ഇന്നു കാണുന്ന ക്ഷേത്രം 1950-കളിലാണ് നിര്‍മ്മിച്ചത്. ക്ഷേത്രത്തിന്റെ ചുമരുകളില്‍ ശ്രീകൃഷ്ണന്റെ ജീവിതത്തില്‍ നിന്നുള്ള സന്ദര്‍ഭങ്ങള്‍ പെയിന്റു ചെയ്തിട്ടുണ്ട്. പുറമെ രാധാകൃഷ്ണന്‍മാരുടെ വര്‍ണശബളമായ ശില്‍പ്പങ്ങളും നിറയെ ഉണ്ട്. കൃഷ്ണന്‍ ജനിച്ചുവെന്ന് വിശ്വസിക്കപ്പെടുന്ന കാരാഗൃഹത്തിനകത്തു വരെ സന്ദര്‍ശകരെ അനുവദിക്കുന്നു.
ഗര്‍ഭഗൃഹത്തിനും ക്ഷേത്രത്തിനും പുറമെ ഒട്ടേറെ ഹിന്ദു ആരാധനാലയങ്ങള്‍ ഇവിടെയുണ്ട്. ദ്വാരകാദിഷ് പ്രേം മന്ദിര്‍ എന്നീ ക്ഷേത്രങ്ങളിലേക്കും ശ്രീകൃഷ്ണ ഭക്തര്‍ ഒഴുകിയെത്തുന്നു. കൃഷ്ണ ഭക്തരുടെ അന്താരാഷ്ട്ര സംഘടനയായ ഇസ്‌ക്കോണ്‍ നിര്‍മിച്ചു കൊണ്ടിരിക്കുന്ന വൃന്ദാവന്‍ ചന്ദ്രോദയ ക്ഷേത്രം ഒരു വിസ്മയമാണ്. അഞ്ച് ഏക്കര്‍ സ്ഥലത്ത് 300 കോടി രൂപ ചിലവഴിച്ചാണ് 700 അടി ഉയരമുള്ള ക്ഷേത്രം നിര്‍മ്മിക്കുന്നത്. പണിപൂര്‍ത്തിയാവുമ്പോള്‍ ലോകത്തെ ഏറ്റവും വലിയ ക്ഷേത്രം എന്ന ഖ്യാതി ഇതിന് ലഭിക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..