ചുവന്ന പാണ്ട (Photo: getty images)
ഹിമാലയത്തിന്റെ താഴ്വരയില്‍ മൂന്ന് വ്യത്യസ്ത അന്താരാഷ്ട്ര അതിര്‍ത്തികളാല്‍ ചുറ്റപ്പെട്ട കൊച്ചുസംസ്ഥാനമാണ് സിക്കിം. സിക്കിമിലേക്കുള്ള മൂന്നാമത്തെ യാത്രയാണിത്. കഴിഞ്ഞ രണ്ടുതവണയും എന്നെ നിരാശപ്പെടുത്തിയ, സിക്കിമിന്റെ ഔദ്യോഗികമൃഗം കൂടിയായ ചുവന്ന പാണ്ടയെ കണ്ടെത്തുകയായിരുന്നു പ്രധാനലക്ഷ്യം. ഗ്രാമക്കാഴ്ചകള്‍ കണ്ടുകൊണ്ട് ഫംബോങ് വന്യജീവി സങ്കേതത്തിലേക്കുള്ള യാത്ര ഞാന്‍ അത്രമേല്‍ ആഗ്രഹിച്ചിരുന്നു. ചുവന്ന പാണ്ടയെ തേടിയുള്ള കഴിഞ്ഞ രണ്ടു യാത്രയും നിരാശപ്പെടുത്തുന്നതായിരുന്നു. 'ഒന്നില്‍ പിഴച്ചാല്‍ മൂന്ന്' എന്ന് മനസ്സിലുറപ്പിച്ചു യാത്ര തിരിച്ചു. വഴിയില്‍ യാക്കുകള്‍ മേയുന്ന വലിയൊരു താഴ്‌വര. ഓരം ചേര്‍ന്ന് മനോഹരമായൊരു നദി ഒഴുകുന്നു. നദിയെ മുറിച്ചുകടന്ന് യാക്കുകള്‍ എതിര്‍വശത്തെ മലഞ്ചെരുവിലേക്കുനീങ്ങുന്നത് കൗതുകത്തോടെ നോക്കിനിന്നു.
ഫംബോങ് വന്യജീവി സങ്കേതത്തിലേക്ക് എത്തുമ്പോള്‍ സമയം ഉച്ചയോടടുത്തിരുന്നു. 55 രൂപയാണ് പ്രവേശനഫീസ്. വഴികാട്ടിയായി ചിന്‍ഷു എന്ന യുവാവുമുണ്ട്. ഗാങ്‌ടോക്കില്‍നിന്നും 30 കി.മീ. അകലെയായുള്ള ഈ സങ്കേതത്തിന്റെ വിസ്തീര്‍ണ്ണം 51 ചതുരശ്ര കിലോമീറ്ററാണ്. വന്യജീവിസങ്കേതത്തില്‍ നിന്നും ടിഞ്ചുലി വ്യൂ പോയന്റിലേക്കുള്ള വനപാതയ്ക്ക് അഞ്ച് കി.മീ നീളമുണ്ട്. ഇതില്‍ ആദ്യത്തെ മൂന്ന് കി.മീ താരതമ്യേന എളുപ്പമാണ്. പക്ഷെ അവസാനത്തെ രണ്ട് കി.മീ അല്പം കുത്തനെയുള്ളതാണ്. കരടികളുടെ സാന്നിധ്യം ഇവിടെ അധികമാണ്.

വഴിയിലെങ്ങും രാത്രി പെയ്ത മഴയുടെ അവശേഷിപ്പുകള്‍ പ്രകടമായിരുന്നു. മഴത്തുള്ളികള്‍ നനവുചാര്‍ത്തിയ വനവീഥിയിലൂടെ വനത്തിനുള്ളിലേക്ക് കടക്കുമ്പോള്‍ സാന്ദ്രമായ നിശബ്ദത ശ്വസിച്ചു നില്ക്കുന്നു മരങ്ങള്‍. മരക്കൊമ്പുകളില്‍ ആയിരമായിരം കിളിയൊച്ചകള്‍. പതഞ്ഞൊഴുകുന്ന കൊച്ചു കാട്ടരുവികളെ മുറിച്ച് വീണ്ടും മുന്നോട്ടുപോയപ്പോള്‍ മാനുകളും പക്ഷികളും ക്യാമറയ്ക്കു വിരുന്നൊരുക്കി.
എന്റെ കണ്ണുകള്‍ ചുറ്റുപാടും പരതി. മൂന്നു കിലോമീറ്റര്‍ സഞ്ചരിച്ചു കാട്ടരുവിയുടെ തീരത്തെത്തി. ഞാന്‍ നിരാശയോടെ ചിന്‍ഷുവിനെ നോക്കി. അയാള്‍ പിന്തുടരാന്‍ ആംഗ്യം കാണിച്ചുകൊണ്ട് പ്രധാനപാതയില്‍ നിന്നും വഴിമാറി മരങ്ങള്‍ക്കിടയിലൂടെ താഴെ മുളങ്കാടിലേക്കു ഊര്‍ന്നിറങ്ങി, പുറകെ ഞാനും. മുളങ്കാടിനുള്ളിലെ നേര്‍ത്ത അനക്കം അയാള്‍ എന്റെ ശ്രദ്ധയില്‍പ്പെടുത്തി. കണ്ണുകളെ വിശ്വസിക്കാനായില്ല. തേടി നടന്നത് ഇതാ കണ്മുന്നില്‍!, ഒന്നല്ല മൂന്നെണ്ണം! കാല്‍പ്പെരുമാറ്റം കേട്ടതോടെ മുളങ്കാടിനുളളില്‍ നിന്നും മൂന്നുപേരില്‍ ഒരാള്‍ വനത്തിനുള്ളിലേക്ക് ഓടിപ്പോയി. മറ്റുരണ്ടുപേര്‍ ഉയരമുള്ള മരത്തിലേക്ക് കയറി ഉറക്കമായി.

ചുവന്ന പാണ്ടയെ ക്യാമറയില്‍ പകര്‍ത്തുമ്പോള്‍ അത്രമേല്‍ ഓമനത്വം തുളുമ്പുന്ന ഒരുജീവിയെയും ഒരിക്കല്‍ പോലും കണ്ടിട്ടില്ല എന്ന് തോന്നിപ്പോയി. പൂച്ചയേക്കാള്‍ അല്പം കൂടി വലുപ്പമുള്ളവയാണ് ഇവ. ഇന്ത്യയില്‍ കിഴക്കന്‍ ഹിമാലയന്‍ ഭാഗങ്ങളിലും, പിന്നെ ചൈനയിലും ഭൂട്ടാനിലും നേപ്പാളിലും ഇവയെ കാണാം. ചുവപ്പും വെളുപ്പും ഇടകലര്‍ന്ന മുഖമാണ്. ജലസ്രോതസ്സുകള്‍ക്ക് സമീപമുള്ള ഇടതൂര്‍ന്ന മുളങ്കാടുകളാണ് പ്രധാന വിഹാരകേന്ദ്രം. മുളങ്കൂമ്പാണ് പ്രധാന ഭക്ഷണം. പഴങ്ങളും പൂക്കളും മാത്രമല്ല പക്ഷികളുടെ മുട്ടയും ഷഡ്പദങ്ങളുമൊക്കെ തരം കിട്ടിയാല്‍ അകത്താക്കും. ഒരു പ്രസവത്തില്‍ നാല് കുട്ടികള്‍ വരെ ഉണ്ടാവുമെങ്കിലും വനനശീകരണവും ആവാസവ്യവസ്ഥയുടെ നാശവും മൂലം വംശനാശഭീഷണിയിലാണ്. 2015 മുതല്‍ ഐ.യു.സി.എന്‍ വംശനാശ ഭീഷണി നേരിടുന്നവയുടെ റെഡ്ലിസ്റ്റില്‍ ചുവന്ന പാണ്ടയെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Content Highlights: International Red Panda Day is celebrating to spread awareness regarding this endangered species
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..