ആ അമ്മ  ചോദിക്കുന്നു, പഠിച്ചുവളരാന്‍ പരലോകത്ത് അവര്‍ക്കുണ്ടോ ഒരു പള്ളിക്കൂടം


വി പ്രവീണ

3 min read
Read later
Print
Share

വളയാര്‍ പെണ്‍കുട്ടികള്‍ വിങ്ങലായി തുടരുകയാണ്. പഴയ ഓര്‍മകളിലേക്ക് മനസ്സ് സഞ്ചരിച്ചപ്പോള്‍ ആ അമ്മയുടെ വാക്കുകള്‍ സങ്കടത്താല്‍ ഇടറി.

വാളയാർ| പ്രതീകാത്മകചിത്രം

'മരിക്കുമ്പോള്‍ എന്റെ പെണ്‍കുഞ്ഞുങ്ങള്‍ക്ക് പതിമൂന്നും ഒമ്പതും ആയിരുന്നു പ്രായം. യൂണിഫോമിട്ട് ബാഗും തൂക്കി കളിച്ചു ചിരിച്ച് സ്‌കൂളില്‍ പോകുന്ന രണ്ട് മിടുക്കികളായിട്ടാ അവരിപ്പോഴും എന്റെ ഓര്‍മയില്‍ ഉള്ളത്. സ്‌കൂളില്‍ പോകുന്ന കുഞ്ഞുമക്കളെ കാണുമ്പോ എനിക്ക് മനസ്സിലൊരു വിങ്ങലാണ്. ഞാന്‍ ശരീരം വിറങ്ങലിച്ച് നില്‍ക്കുന്നിടത്തു തന്നെ ഇരുന്നു പോകും...' മൂന്നുമാസത്തിന്റെ ഇടവേളകളില്‍ ഒറ്റമുറിക്കൂരയുടെ ഉത്തരത്തില്‍ തൂങ്ങിയാടിയ ആ പെണ്‍കുഞ്ഞുങ്ങളുടെ അമ്മ പറയുകയാണ്. വേനലവധി കഴിഞ്ഞ് വീണ്ടും സ്‌കൂളുകള്‍ തുറക്കുമ്പോള്‍ അവരുടെ ഉള്ളിലെ സങ്കടത്തിന് കനമേറുന്നു. മരിച്ചവര്‍ മടങ്ങിവരില്ലെന്ന യാഥാര്‍ഥ്യത്തെ ഉള്‍ക്കൊള്ളാന്‍ അവര്‍ അല്പമൊന്ന് മടിക്കുന്നു.

'ഇന്നിപ്പോ എന്റെ കുഞ്ഞുങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ അവരും അവധിയൊക്കെ കഴിഞ്ഞ് സ്‌കൂളിലും കോളേജിലുമൊക്കെ പോയേനേ. എത്ര കഷ്ടപ്പാടാണെങ്കിലും വേണ്ടതൊക്കെ ഞങ്ങള്‍ അവര്‍ക്ക് വാങ്ങിക്കൊടുത്തേനേ... കഷ്ടപ്പാടു കാരണം പഠിത്തം മുടങ്ങിപ്പോയ ആളാ ഞാന്‍. എന്റെ കുഞ്ഞുങ്ങളുടെ കാര്യത്തില്‍ അങ്ങനെയാവരുതെന്ന് ഉണ്ടായിരുന്നു.. പണ്ട് ഞാന്‍ ജോലി ചെയ്ത മഠത്തില്‍ നിര്‍ത്തിയാ അവരെ പഠിപ്പിച്ചത്. വീട്ടിലെ പ്രയാസങ്ങളൊന്നും അവരെ ബുദ്ധിമുട്ടിക്കാതിരിക്കാന്‍. കുഞ്ഞുങ്ങള് മുതിര്‍ന്നപ്പോള്‍ ഞാന്‍ അവരെ ഇങ്ങ് കൂട്ടിക്കൊണ്ടു വന്നു. തെറ്റും ശരിയും പറഞ്ഞു കൊടുത്ത് വളര്‍ത്താന്‍. പക്ഷേ, പിന്നെ ഒരുവര്‍ഷത്തിനപ്പുറം അവര്‍ ജീവിച്ചില്ല.' പഴയകാലത്തിന്റെ ഓര്‍മകള്‍ ഗൃഹലക്ഷ്മി ഓണ്‍ലൈനുമായി പങ്കുവെക്കവേ ആ അമ്മയ്ക്ക് പലപ്പോഴും ഇടറി.

2017 ജനുവരി 13, മാര്‍ച്ച് 4 തീയതികളിലാണ് വാളയാര്‍ അട്ടപ്പളത്ത് ഒറ്റമുറി ഷെഡ്ഡില്‍ സഹോദരിമാരായ ആ കൊച്ചുകുഞ്ഞുങ്ങളെ സമാന സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. പിന്നെ നടന്ന നിയമപോരാട്ടത്തിന്റെ മുന്‍പന്തിയില്‍ ഒരിക്കലും തളരാത്ത മനക്കരുത്തോടെ ആ അമ്മയുണ്ടായിരുന്നു. മക്കളെ ആരൊക്കെയോ ഉപദ്രവിച്ചിരുന്നെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്നാണ് അറിയുന്നത്. അവരുടെ ശരീരത്തില്‍ പറയാന്‍പാടില്ലാത്ത ഭാഗത്തൊക്കെ വലിയ മുറിവുകള്‍ ഉണ്ടായിരുന്നെന്നാണ് പറയുന്നത്. എന്റെ കുഞ്ഞുങ്ങള്‍ ചെറുതല്ലേ. എന്നോടുപോലും പറയാതെ ആ വേദന സഹിക്കാന്‍ അവര്‍ക്ക് കഴിയുമോ. ആ മുറിവൊക്കെ അവര്‍ മരിക്കുന്ന ദിവസം ഉണ്ടായതാകാനേ സാധ്യതയുള്ളൂ.

മക്കള്‍ മരിച്ച വേദനയില്‍ നരകിച്ച് ജീവിക്കുമ്പോഴും എന്നെ കുറ്റപ്പെടുത്തി നോവിച്ചവരുണ്ട്. മക്കള്‍ക്കുണ്ടായ ദുരനുഭവത്തിന് എന്നെ പഴിചാരിയവര്‍. അതെല്ലാം കേട്ട് തകര്‍ന്നു പോയിട്ടുണ്ട്. മക്കള്‍ക്ക് നല്ലത് സംഭവിച്ചാലും ചീത്ത സംഭവിച്ചാലും അതിന്റെ പഴിയും ഗുണവും അമ്മമാരുടെ മേല്‍ വെക്കും സമൂഹം. അത് എന്തുകൊണ്ടാ അങ്ങനെ എന്ന് അറിയില്ല. ഈ സങ്കടങ്ങളൊക്കെ ഏതോ കാലത്ത് എന്റെ പിന്നാലെ കൂടിയതാ. ഞങ്ങള്‍ പത്ത് മക്കളായിരുന്നു. എനിക്ക് പത്ത് വയസുള്ളപ്പോഴാണ്. രാത്രിയില്‍ എനിക്കൊപ്പം കിടന്നുറങ്ങിയ ചേച്ചിയും അനിയത്തിയും ഇടയ്ക്ക് മൂത്രമൊഴിക്കാന്‍ അമ്മയുടെ കൂടെ പുറത്തേക്കിറങ്ങി. തിരിച്ചുകയറുമ്പോള്‍ അവരുടെ കഴുത്തില്‍ ചെറിയ മുറിവുകള്‍. ആ രാത്രി അവര്‍ രണ്ടുപേരും എന്റെ മുന്നില്‍ പിടഞ്ഞു മരിച്ചു. അവര്‍ക്ക് എന്താ പറ്റിയതെന്ന് ആരോട് ചോദിക്കാന്‍. ഒന്നുമില്ലാത്തവര്‍ക്ക് ആര് മറുപടി തരാന്‍. അതേ ദുരന്തം എന്റെ കുഞ്ഞുങ്ങളുടെ കാര്യത്തിലും ഉണ്ടായി.

വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ

ഇളയമകളുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നപ്പോഴാണ് അവള്‍ ഉപദ്രവിക്കപ്പെട്ട കാര്യം അറിയുന്നത്. മൂത്ത മകളുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ചോദിച്ച് പലതവണ ഞങ്ങള്‍ സ്റ്റേഷനില്‍ കയറിയിറങ്ങി. പക്ഷേ, ഞങ്ങള്‍ക്കത് തന്നില്ല. മൂത്തകുട്ടി മരിച്ച ദിവസം ഷെഡ്ഡില്‍ നിന്ന് രണ്ട്‌പേര്‍ ഇറങ്ങിപ്പോകുന്നത് കണ്ടതായി ചെറിയ മോള്‍ പറഞ്ഞിരുന്നു. പക്ഷേ, കേള്‍ക്കേണ്ടവര്‍ അത് കേട്ടില്ല. മൂത്തമകളുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് സമയത്ത് ഞങ്ങള്‍ക്ക് കൈമാറിയിരുന്നെങ്കില്‍ ഇളയകുഞ്ഞിനെ ഞങ്ങള്‍ക്ക് നഷ്ടപ്പെടില്ലായിരുന്നു.

മക്കള്‍ മരിച്ച് ഒരു രാത്രി ഉറക്കത്തില്‍ അനക്കം കേട്ട് ഞെട്ടി എഴുന്നേറ്റു. എന്റെ ഭര്‍ത്താവ് ഉത്തരത്തില്‍ തൂങ്ങിയാടുന്നു. ഞാന്‍ കുരുക്കഴിച്ച് താഴെയിറക്കി. ഒരുപാട് അച്ഛന്മാര്‍ മക്കളോട് ഇങ്ങനെ ചെയ്യാറുണ്ട്, അതുകൊണ്ട് കുറ്റം സമ്മതിക്കാന്‍ പോലീസുകാര് കുറേ നിര്‍ബന്ധിച്ചെന്ന് പറഞ്ഞു. ഞങ്ങള്‍ക്ക് ഒരു മകനും കൂടി ബാക്കിയുണ്ട്. മരിക്കുന്നെങ്കില്‍ അവനെയും ഒപ്പം കൂട്ടി ഒരുമിച്ചാകാമെന്ന് ഞാന്‍ പറഞ്ഞു.

ഇന്ന് ഞങ്ങള്‍ക്ക് ആകെയുള്ള പ്രതീക്ഷ ഞങ്ങളുടെ മകനാണ്. എട്ടാംക്ലാസിലാണ് അവനിപ്പോള്‍. സുരക്ഷാപ്രശ്നം കാരണം ഹോസ്റ്റലില്‍ നിര്‍ത്തിയാണ് അവനെ പഠിപ്പിക്കുന്നത്. ആദ്യം നിന്ന ഹോസ്റ്റലില്‍ അവനെയും തിരഞ്ഞ് ആരോ ചെന്നിരുന്നു. ആരാണെന്നോ എന്തിനാണെന്നോ അറിയില്ല. അതോടെ അവിടുന്ന് മാറ്റി. അവന്‍ അവധിക്ക് വന്നാല്‍ ഞങ്ങള്‍ രണ്ടിലൊരാള്‍ അവന് കൂട്ടിരിക്കും. അവധി കഴിഞ്ഞ് അവന്‍ പോകുമ്പോ കുറേ ദിവസത്തേക്ക് എനിക്ക് സങ്കടമാണ്. മൂന്ന് മക്കളെ പെറ്റു. ഓമനിച്ചു വളര്‍ത്താന്‍ ആരും കൂടെയില്ലാത്ത അവസ്ഥ.

എന്റെ കുഞ്ഞുങ്ങള്‍ക്ക് സംഭവിക്കാനുള്ളത് സംഭവിച്ചു. അതിന്റെ മനപ്രയാസം ഒരുകാലത്തും മാറില്ല. ഈ വിഷമവും ചുമന്നുകൊണ്ടാകും ഞാന്‍ മരിക്കുന്നത്. കുഞ്ഞുങ്ങള്‍ക്ക് കൂട്ടുകാരായിരിക്കണം അച്ഛനും അമ്മയും. അവര്‍ക്ക് എന്തും വന്നുപറയാന്‍ പറ്റണം. എന്റെ കുഞ്ഞുങ്ങളോട് ഞാന്‍ അങ്ങനെയായിരുന്നു. എന്നിട്ടും അവര്‍... അമ്മയ്ക്ക് വാക്കുകള്‍ മുറിഞ്ഞു... മക്കള്‍ക്ക് പഠിക്കാന്‍ ഇഷ്ടമായിരുന്നു. ഇളയവളായിരുന്നു കൂടുതല്‍ മിടുക്കി. മൂത്ത കുട്ടി മരിച്ചശേഷം ഒരു ദിവസം അവള്‍ എന്റെ അടുത്ത് വന്നിരുന്നു. വലുതായി ഞാന്‍ വലിയ പോലീസാവും. എന്നിട്ട് കുറ്റക്കാരെ എല്ലാവരേയും പിടിക്കും എന്ന് പറഞ്ഞു. ജീവിച്ചിരുന്നെങ്കില്‍ അവള്‍ പോലീസായേനേ. പരലോകം എന്നൊക്കെ പറയുന്നത് സത്യമാണെങ്കില്‍ അവിടെയും കാണില്ലേ പള്ളിക്കൂടങ്ങള്‍. ആരെയും ഭയക്കാതെ പഠിച്ചു വളരുന്നുണ്ടാവും അവരവിടെ...

Content Highlights: wlayar minor sisters rape case mother says with heart wrenching pain memories

Add Comment
Related Topics

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
ആര്‍.രാജശ്രീ

4 min

വിവാഹദിവസം തന്നെ ഭാര്യമാരെ പെരുമാറ്റച്ചട്ടങ്ങള്‍ പഠിപ്പിക്കുന്ന ഭര്‍ത്താക്കന്‍മാര്‍

Aug 31, 2023


പ്രതീകാത്മക ചിത്രം

4 min

സെക്‌സ് ആനന്ദകരമാക്കാന്‍ പെണ്ണും ആണും അറിയേണ്ട കാര്യങ്ങള്‍

Sep 26, 2023


r.rajasree

4 min

തൃപ്തി ലൈംഗികജീവിതത്തില്‍ മാത്രം ബാധകമായ ഒന്നല്ല

Aug 24, 2023