1965-ൽ പട്നയിൽ നിന്ന് മുംബൈയിലേക്കുള്ള രണ്ടു ദിവസത്തെ ട്രെയിൻ യാത്രയ്ക്കിടയിലാണ് നടൻ ശത്രുഘ്നൻ സിൻഹ തന്റെ ഭാവിവധു പൂനം സിൻഹയെ ആദ്യമായി കണ്ടുമുട്ടുന്നത്. അന്ന് പൂനം സ്കൂളിൽ പഠിക്കുകയാണ്. ശത്രുഘ്നൻ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലേക്കുള്ള യാത്രയിലായിരുന്നു.
പൂനത്തിന്റെ സൗന്ദര്യം തന്നെ ആകർഷിച്ചുവെന്ന് ശത്രുഘ്നൻ പിന്നീട് പറഞ്ഞിട്ടുണ്ട്. ഭാരതി എസ്. പ്രധാൻ എഴുതിയ 'എനിതിങ് ബട്ട് ഖാമോഷ്' എന്ന ജീവചരിത്രത്തിൽ, അതിനെപ്പറ്റി ശത്രുഘ്നൻ പറയുന്നതിങ്ങനെ- "എന്റെ സുഹൃത്തുക്കൾ പിന്നീട് എന്നെ 'കുട്ടികളെ മോഷ്ടിച്ചയാൾ' എന്ന് വിളിച്ചു. അവൾ ചെറുപ്പമാണെന്നറിഞ്ഞിട്ടും, അവളെ തൊടാനും കെട്ടിപ്പിടിക്കാനും എന്റെ അടുത്തേക്ക് വലിച്ചടുപ്പിക്കാനും പ്രണയത്താലുള്ള തോന്നലുകളുണ്ടായി", ഒരിക്കൽ അവളുടെ കാലിൽ സ്പർശിച്ചപ്പോൾ പ്രണയപരവശനായെന്നും ശത്രുഘ്നൻ പറയുന്നുണ്ട്.
രണ്ടു ദിവസത്തെ ട്രെയിൻ യാത്രയ്ക്കിടയിൽ പൂനത്തിന്റെ ഒപ്പമുണ്ടായിരുന്ന അമ്മാവനെ സ്വാധീനിച്ച് ശത്രുഘ്നൻ അവരുടെ വിലാസം പോലും കൈക്കലാക്കി. കുറച്ചുവർഷങ്ങൾക്ക് ശേഷം 1968-ൽ പൂനം 'മിസ് യങ് ഇന്ത്യ' സൗന്ദര്യമത്സരത്തിൽ വിജയിച്ചിരുന്നു. അക്കാലത്ത് സൗന്ദര്യമത്സരങ്ങളിൽ വിജയിക്കുന്നവർക്ക് സിനിമകളിലും അവസരം കിട്ടും. അങ്ങനെ, ശത്രുഘ്നനേക്കാൾ മുമ്പ് പൂനം സിനിമാതാരമായി. ശത്രുഘ്നൻ അപ്പോഴും പൂനത്തിൽ ആകൃഷ്ടയായിരുന്നു. പൂനത്തിന് തിരിച്ചും അദ്ദേഹത്തോട് പ്രണയം തോന്നി. പക്ഷേ, ഒരു ബന്ധത്തിലേക്കെത്താൻ മാത്രം കരുത്തുള്ള ഒന്നായിരുന്നില്ല അത്. 1971-ൽ 'ധർത്തി കി ഗോദ് മെയിൻ' എന്ന ചിത്രത്തിൽ ഇരുവരും ഒന്നിച്ചഭിനയിച്ചതോടെ ഇരുവർക്കുമിടയിൽ പ്രണയം മൊട്ടിട്ടു.
ശത്രുഘ്നന്റെ കരിയർ വളരെവേഗം ഉയരത്തിലേക്കുപോയി. ഒന്നിനുപിന്നാലെ ഒന്നെന്ന നിലയിൽ സിനിമകൾ വന്നു. എല്ലാ സിനിമാതാരങ്ങളെയും പോലെ, ധാരാളം സ്ത്രീകളുടെ ശ്രദ്ധകിട്ടിയപ്പോൾ, അതൊന്നും വേണ്ടെന്നുവെക്കാൻ ശത്രുഘ്നൻ മെനക്കെട്ടില്ല. ഒട്ടേറെ സ്ത്രീകളുമായി ശത്രുഘ്നൻ ബന്ധപ്പെടുന്ന കാര്യം പൂനത്തിന്റെ അമ്മാവന് അറിയാമായിരുന്നു. ഒരു പരിധി വരെ തന്നെക്കുറിച്ച് കേട്ട കഥകളെല്ലാം സത്യമായിരുന്നുവെന്ന് ശത്രുഘ്നൻ പിന്നീട് പറഞ്ഞിട്ടുണ്ട്. മറ്റ് ബന്ധങ്ങളുണ്ടായിരുന്നിട്ടും, അടുത്ത കുറച്ച് വർഷങ്ങൾ അദ്ദേഹം പൂനത്തിനോടടുത്തു നിന്നു. പൂനം നല്ല വ്യക്തിയാണെന്ന് തോന്നിയതുകൊണ്ട് ശത്രുഘ്നൻ ആ ബന്ധം ഉപേക്ഷിക്കാൻ പോലും തീരുമാനിച്ചിരുന്നു. ഇതിനിടെ, പൂനം തന്റെ സിനിമാ കരിയർ ഉപേക്ഷിക്കുകയും ചെയ്തു.
"ഞാനവളോട് ലളിതമായി പറഞ്ഞു, അവൾക്ക് എന്നെക്കാൾ മെച്ചപ്പെട്ട ഒരാളെ കിട്ടാൻ അർഹതയുണ്ടെന്ന്, അവളെല്ലാം തികഞ്ഞവളായിരുന്നു, എനിക്ക് സന്തോഷം നൽകാനായിരുന്നു അവൾ ചെയ്യുന്നതെല്ലാം. എന്റെ ജീവിതത്തിനൊത്ത് അവൾ സ്വയം പരുവപ്പെടുത്തി. ഇത്രയധികം സമർപ്പണം എനിക്ക് വിശ്വസിക്കാനായിരുന്നില്ല"-ശത്രുഘ്നൻ പുസ്തകത്തിൽ വിവരിച്ചു. പിന്നീട് മൂന്നു വർഷത്തോളം അവർ അകന്നുനിന്നു.
ഈ സമയത്താണ് സഹതാരം റീന റോയിയുമായി ശത്രുഘ്നൻ പരസ്യമായൊരു ബന്ധത്തിലാവുന്നത്. ഇത് പൂനത്തെ കൂടുതൽ വേദനിപ്പിച്ചു. അമിതാഭ് ബച്ചൻ-രേഖ, ധർമേന്ദ്ര-ഹേമ മാലിനി എന്നിവരെപ്പോലെ, ശത്രുഘ്നനും റീനയും അക്കാലത്ത് ജനപ്രീതിയുള്ള ജോടികളായിരുന്നു. അവരുടെ പ്രണയകഥകൾ ടാബ്ലോയിഡുകളിൽ നിറഞ്ഞു.
ഇതിനിടെ പൂനത്തിനടുത്തേക്ക് ശത്രുഘ്നൻ വീണ്ടുമെത്തി. റീനയിൽ നിന്നും പൂനത്തിൽ നിന്നും വിവാഹം കഴിക്കാൻ ശത്രുഘ്നന് സമ്മർദ്ദമുണ്ടായിരുന്നു. "വിവാഹം കഴിക്കേണ്ടത് ആരെയെന്നതല്ല, ആരെ വിവാഹം കഴിക്കരുത് എന്നതായിരുന്നു എന്റെ പ്രശ്നം"
ഒടുവിൽ അമ്മയുടെ ശക്തമായ ഇടപെടലോടെ, പൂനത്തെ വിവാഹം കഴിക്കാൻ തീരുമാനിക്കുകയും റീനയോടത് തുറന്നുപറയുകയും ചെയ്തു. എന്നാൽ റീനയുമായുള്ള ബന്ധം അവസാനിപ്പിച്ചതുമില്ല. വിവാഹത്തിന് രണ്ടു ദിവസം മുമ്പ്, ശത്രുഘ്നൻ ലണ്ടനിൽ ഒരു സ്റ്റേജ് ഷോയിൽ റീനയോടൊപ്പമായിരുന്നു. വിമാനത്താവളത്തിൽ അദ്ദേഹത്തെ കൊണ്ടുപോയതും അവരായിരുന്നു. "അവസാന നിമിഷം വരെ, എനിക്ക് പിന്മാറാൻ തോന്നി. വിവാഹം ബോംബെയിലായിരുന്നു, ഞാൻ ലണ്ടനിലായിരുന്നു. വൈകിയുള്ള വിമാനത്തിലാണ് എത്തിയത്. ഞാൻ പിന്മാറുമെന്ന് കരുതി പൂനം പരിഭ്രാന്തയായി, ബോധരഹിതയായി."-അദ്ദേഹം പിന്നീട് പറഞ്ഞു.
ശത്രുഘ്നൻ റീനയുമായുള്ള ബന്ധം അപ്പോഴും അവസാനിപ്പിച്ചിട്ടില്ലെന്ന് പൂനത്തിനറിയാമായിരുന്നു. "ഒരാളെ വഞ്ചിക്കണമെന്ന് ഞാനാഗ്രഹിച്ചിരുന്നില്ല, പക്ഷെ ഒരു പുരുഷന് വൈകാരികമായ സാഹചര്യങ്ങളിൽ നിന്ന് പിന്മാറാൻ സമയമെടുക്കും"-എന്നാണ് അദ്ദേഹം അതിനെപ്പറ്റി ഫറഞ്ഞത്. അതേസമയം, സ്ഥിരം കുറ്റബോധവും അദ്ദേഹത്തെ വേട്ടയാടി. വീട്ടിലിരിക്കുമ്പോൾ, കാമുകിയെ അവഗണിക്കുന്നതിൽ കുറ്റബോധം തോന്നി, കാമുകിക്കൊപ്പമിരിക്കുമ്പോൾ ഭാര്യയേയും.
ഇതിനിടെ, ഒരുനാൾ തന്നെ വിവാഹം ചെയ്യുമെന്ന പ്രതീക്ഷയിൽ റീന ദീർഘനാൾ കാത്തിരുന്നു. പൂനം ഗർഭിണിയായിരിക്കെ ശത്രുഘ്നൻ തന്നെ വിവാഹം കഴിക്കുമെന്ന് അവർ പ്രതീക്ഷിച്ചിരുന്നു. നടക്കില്ലെന്ന് ബോധ്യപ്പെട്ടതോടെ അവർ പിന്മാറി. ശത്രുഘ്നനോടൊപ്പമുള്ള സിനിമകൾ ഉപേക്ഷിച്ചു. പിന്നീട് പാകിസ്താനിലേക്ക് താമസം മാറി, ക്രിക്കറ്റ് താരം മോഹ്സിൻ ഖാനെ വിവാഹം കഴിച്ചു. പിന്നീട് ബന്ധംപിരിഞ്ഞു. ശത്രുഘ്നനും പൂനവും ഇപ്പോഴും വിവാഹിതരാണ്. സോനാക്ഷി, ലവ്, കുഷ് എന്നിവരാണ് മക്കൾ.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Discover the captivating love story of Shatrughan Sinha and Poonam Sinha, which began with a chance encounter on a train journey in 1965. Read their inspiring journey.
Published: 10 Jan 2026, 01:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented