ബി-ടൗണിലെ ഹോട്ടസ്റ്റ് കപ്പിൾ എന്നാണ് താരങ്ങളായ വീർ പഹാരിയയും താര സുതാരിയയും അറിയപ്പെടുന്നത്. കഴിഞ്ഞയാഴ്ച താരങ്ങളെ ചുറ്റിപ്പറ്റി ഒരു വിവാദമുണ്ടാവുകയും ചെയ്തിരുന്നു. അതിനിടെ ആരാധകരെ ഞെട്ടിച്ചുകൊണ്ട്, താരങ്ങൾ പിരിഞ്ഞതായുള്ള വാർത്തകൾ പുറത്തുവന്നിരിക്കുകയാണ്. എന്നാൽ, താരയോ വീറോ ഈ വാർത്തകളോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇതിന് കാരണമെന്തെന്നതും രഹസ്യമായി തുടരുന്നു.

അതിനിടെ റാപ്പർ എ.പി.ധില്ലനാണ് കാരണമെന്നാണ് ആരാധകരുടെ പക്ഷം. കഴിഞ്ഞവർഷം ഡിസംബറിലാണ് ധില്ലനുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളുണ്ടാവുന്നത്. ധില്ലന്റെ സംഗീതപരിപാടി നടക്കുകയായിരുന്നു. താരയും ധില്ലനും ഒരുമിച്ചഭിനയിച്ച 'ഥോടി സി ദാരു' എന്ന പാട്ട് ധില്ലൻ പാടുമ്പോൾ താരയും വേദിയിലേക്കെത്തി. തുടർന്ന് ഇരുവരും നൃത്തം ചെയ്തു. ഇടയ്ക്ക് ധില്ലൻ താരയെ കെട്ടിപ്പിടിക്കുകയും കവിളിൽ ചുംബിക്കുകയും ചെയ്തു. ഇത് വീർ പഹാരിയയെ അസ്വസ്ഥനാക്കിയെന്നായിരുന്നു ഒരുവിഭാഗം ആളുകളുടെ കണ്ടെത്തൽ. വീറിന്റെ അസ്വസ്ഥമായ മുഖമുള്ള വീഡിയോ ഉൾപ്പെടുത്തിക്കൊണ്ടാണ് ഇങ്ങനെയുള്ള ആരോപണങ്ങൾ പുറത്തുവന്നത്.

ഇതിനെതിരെ പിന്നീട് താരയും വീറും രംഗത്തെത്തിയിരുന്നു. പുറത്തുവന്ന പല വീഡിയോകളും എഡിറ്റ് ചെയ്തതായിരുന്നുവെന്ന് അവർ വെളിപ്പെടുത്തി. ഇത് നെഗറ്റീവ് കാമ്പയിൻ ആണെന്നും താരങ്ങൾ വെളിപ്പെടുത്തി. ഇതുകഴിഞ്ഞ് ആഴ്ചകൾക്കകമാണ് താരങ്ങൾ പിരിഞ്ഞെന്ന റിപ്പോർട്ട് പുറത്തുവരുന്നത്. അതോടെ എക്‌സിൽ എ.പി.ധില്ലൻ ട്രെൻഡിങ്ങിലാണ്. അന്നത്തെ സംഭവങ്ങളാണ് ബ്രേക്കപ്പിലേക്ക് നയിച്ചതെന്നും നെറ്റിസൺസ് പറയുന്നു.

2025-ലാണ് താരയും വീറും ഡേറ്റിങ് തുടങ്ങുന്നത്. പല പൊതുപരിപാടികളിലും റെസ്‌റ്റോറന്റുകളിലും ഇരുവരും ഒരുമിച്ച് വന്നപ്പോഴാണ് പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ തുടങ്ങിയത്. ജൂൺ മാസമായപ്പോഴേക്കും തങ്ങളുടെ ബന്ധം ഇരുവരും തുറന്നുസമ്മതിക്കുകയും ചെയ്തു. ഫാഷൻ ഷോകളിൽ ഇരുവരും ഒരുമിച്ച് പലപ്പോഴും റാമ്പ് വാക്ക് നടത്തി. ഗണേശചതുർഥി ഉൾപ്പെടെയുള്ള ആഘോഷങ്ങളിലും താരങ്ങൾ ഒരുമിച്ചെത്തി.

'ടോക്‌സിക്: എ ഫെയർടെയിൽ ഫോർ ഗ്രോൺ-അപ്പ്‌സ്' എന്ന സിനിമയാണ് ഇനി താരയുടേതായി പുറത്തിറങ്ങാനിരിക്കുന്നത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi