പോഷിപ്പിക്കപ്പെട്ടില്ലെങ്കില്‍ മുരടിച്ചു പോകുന്ന ചെടിയാണ് സ്നേഹം


ആര്‍. രാജശ്രീ

5 min read
Read later
Print
Share

ഒരിക്കല്‍ സ്‌നേഹിച്ചിരുന്നുവെന്നത് സ്‌നേഹത്തെ കാലാതിവര്‍ത്തിയാക്കുന്നില്ല. പോഷിപ്പിക്കപ്പെട്ടില്ലെങ്കില്‍ മുരടിച്ചു പോകുന്ന ചെടി തന്നെയാണ് സ്‌നേഹം.

പ്രതീകാത്മക ചിത്രം,വര-ഉള്ള്യേരിക്കാരൻ

ഞങ്ങളുടെ പെണ്‍കുട്ടിക്കാലം വിവാഹത്തെയും ദാമ്പത്യത്തെയും കുറിച്ചുള്ള കാല്പനികസ്വപ്‌നങ്ങള്‍ കൊണ്ട് അലങ്കരിക്കപ്പെട്ടതായിരുന്നു. സ്വപ്‌നത്തില്‍ നല്ലതും ചീത്തയുമുണ്ടാവാമല്ലോ. ത്യാഗശീലയും വികാരങ്ങളൊന്നും പ്രകടിപ്പിക്കാത്തവളുമായ ഭാര്യയ്ക്കാണ് സ്വീകാര്യതയെന്ന് ഞങ്ങളില്‍ പലരും ധരിച്ചു വച്ചിരുന്നു. അക്കാലത്തെ പെണ്‍കുട്ടികളുടെ ഫോട്ടോകള്‍ കാണണം. വിഷാദവതികളായി സ്വയം അവതരിപ്പിക്കുന്നതാണ് അഭികാമ്യമെന്നു പോലും പലരും കരുതിയിരുന്ന കാലമാണ്. തുറന്നു ചിരിക്കാതെ, കപ്പല്‍ ഇപ്പോള്‍ മുങ്ങും എന്ന മുഖഭാവവുമായി ജീവിതത്തിലെ പ്രസരിപ്പാര്‍ന്ന ഒരു കാലത്തെ ഞങ്ങള്‍ അടച്ചു കളഞ്ഞിരുന്നു. ഞങ്ങളെല്ലാം ചിന്താവിഷ്ടകളായ സീതമാരായിരുന്നു. പാരമ്പര്യത്തെ കെട്ടിപ്പിടിച്ചു കൊണ്ടാണ് ഞങ്ങള്‍ ആധുനികതയിലേക്ക് ഒഴുകിയത് എന്നു വേണമെങ്കില്‍ പറയാം.

വീട് ഭംഗിയായി നോക്കുക, വീട്ടുപണികള്‍ വൃത്തിയായി ചെയ്യുക , ഭര്‍ത്തൃ വീട്ടുകാര്‍ക്ക് പരമാവധി അഭിമതയായിരിക്കുക, ഭര്‍ത്താവുമായി മറ്റൊരു വീട്ടില്‍ മാറിത്താമസിക്കുന്നതിനെപ്പറ്റി ചിന്തിക്കുക പോലും ചെയ്യാതിരിക്കുക എന്നിവയാണ് അക്കാലം വധുക്കളുടെ പ്രാഥമിക ചുമതലയായിരുന്നത്. വിവാഹമെന്നത് ആത്യന്തികമായി അതിലുള്‍പ്പെടുന്നവര്‍ക്ക് മാത്രം ഉത്തരവാദിത്തമുള്ള ഒരു കരാറാണ്. പക്ഷേ, സ്ത്രീയെ സംബന്ധിച്ചിടത്തോളം വിവാഹം അന്യമായതെല്ലാം ചേര്‍ന്നു വരുന്ന ഒരു പാക്കേജാണ്. പങ്കാളികള്‍ തമ്മില്‍ അവശ്യം ഉണ്ടാവേണ്ട മാനസികമായ ഇഴയടുപ്പത്തിന് ഏറ്റവും അവസാനത്തെ പരിഗണനയാണ് ഇന്ത്യന്‍ കുടുംബങ്ങളില്‍ കിട്ടുക. വിവാഹം എന്നൊരു ചടങ്ങോടെ ദമ്പതികള്‍ ആജന്മബന്ധുക്കളായിത്തീരുമെന്നത് മറ്റുള്ളവരുടെ കാഴ്ചപ്പാടിലാണ്. അവര്‍ തമ്മില്‍ മനസ്സിലാക്കുകയും പരസ്പരം പരിഗണിക്കുകയും മാനിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകത ഇപ്പോഴും വേണ്ട രീതിയില്‍ മനസ്സിലാക്കപ്പെട്ടിട്ടില്ല.

വിവാഹത്തിന്റെ നാലാം ദിവസം ഭര്‍ത്താവിനൊപ്പം പകല്‍ സമയം അല്പനേരം കിടപ്പുമുറിയില്‍ ഇരുന്നു സംസാരിച്ചതിന്റെ പേരില്‍ വീട്ടുകാര്‍ക്കും അയല്‍ക്കാര്‍ക്കും മുന്നില്‍ ലജ്ജയില്ലാത്തവളും ഒരുമ്പെട്ടവളുമായി മാറിയ ഒരു വധുവിനെ പരിചയമുണ്ട്. വര്‍ഷങ്ങള്‍ക്കുശേഷവും അവര്‍ ആ സാഹസപ്രവൃത്തിയുടെ മേല്‍വിലാസത്തിലാണ് നാട്ടില്‍ അറിയപ്പെട്ടിരുന്നത്. വീട്ടിലെ ജോലിയൊന്നും തീര്‍ക്കാതെ ഭര്‍ത്താവിനൊപ്പം സിനിമയ്ക്കു പോയതിന് മറ്റൊരു മണവാട്ടി ഒറ്റയടിക്ക് വെറുക്കപ്പെട്ടവളായി. 'രണ്ടു പ്രസവിച്ച ശേഷം മാത്രമാണ് തങ്ങള്‍ ഭര്‍ത്താവിന്റെ മുഖം കണ്ടത് , ഇന്നത്തെ പെണ്‍കുട്ടികള്‍ ഏതു നേരവും ഭര്‍ത്താവിന്റെ ഒക്കത്താണ്' എന്ന പഴമപ്പറച്ചില്‍ നാമിന്ന് തമാശയായാണ് കേള്‍ക്കുന്നത്. അതിലെ അതിശയോക്തി നമ്മെ ചിരിപ്പിച്ചെന്നു വരാം. പക്ഷേ, അതില്‍ ചില സത്യങ്ങളുണ്ടായിരുന്നു. എങ്ങനെയോ ഒരു ഗര്‍ഭം ഉണ്ടാകുന്നതു വരെ സ്വന്തം ഭര്‍ത്താവുമായുള്ള ബന്ധത്തിന് ഒളിമറ സൂക്ഷിച്ചിരുന്ന സ്ത്രീകള്‍ പഴങ്കഥകളില്‍ മാത്രമല്ല, താരതമ്യേന പുതിയ കഥകളിലും ഉണ്ടായിരുന്നു. രണ്ടു വ്യക്തികള്‍ തമ്മില്‍ ആരോഗ്യകരമായ ബന്ധം രൂപപ്പെടണമെന്ന് യാതൊരു നിര്‍ബന്ധവുമില്ലാതെ ദുര്‍ബലമായ ഭീഷണിയിലും മാമൂലുകളിലും പുറമേ മാത്രം കെട്ടിയിടപ്പെട്ടിരുന്നു നമ്മുടെ ദാമ്പത്യങ്ങള്‍. ഭൗതിക സാഹചര്യങ്ങളില്‍ വളരെ മാറ്റങ്ങളുണ്ടായതിനു ശേഷവും അതിന്റെ കോര്‍ മാറ്റമില്ലാതെ തുടര്‍ന്നു.

വിവാഹിതയായ ശേഷം പഠനം തുടരാനായി ക്ലാസ്സിലെത്തിയ സഹപാഠിയോട് അവളുടെ ദിനചര്യകളാണ് സംസാരിച്ചതെന്ന് ഓര്‍മ. രാവിലെ എഴുന്നേറ്റ് അടിച്ചു വാരി, രണ്ട് തേങ്ങ തിരുമ്മി അരച്ചു വച്ചു, എന്നിട്ടാണ് അവള്‍ വന്നിരിക്കുന്നതെന്ന് പറഞ്ഞു. അതിനപ്പുറം രണ്ട് മനുഷ്യര്‍ തമ്മിലുണ്ടായ നൂതനവും സവിശേഷവുമായ ബന്ധത്തെക്കുറിച്ച് യാതൊന്നും ഞങ്ങളാരും ചോദിച്ചില്ല, അവള്‍ പറഞ്ഞുമില്ല എന്നതാണ് സത്യം. വാസ്തവത്തില്‍ രണ്ടു മനുഷ്യര്‍ തമ്മില്‍ സ്ഥായിയായ ഒരു ബന്ധമുണ്ടാകുന്നത് അവര്‍ പരസ്പരം ഇമോഷണലി അവെയ്‌ലബ്ള്‍ ആണോ അല്ലയോ എന്നതിന്റെ അടിസ്ഥാനത്തിലാണ്. ദീര്‍ഘകാലം ഒന്നിച്ചു ജീവിച്ചാലും രണ്ടു മനുഷ്യര്‍ പരസ്പരം അന്യരായിത്തുടരുന്നതു കണ്ടിട്ടില്ലേ? ഉപരിതലത്തിനപ്പുറത്തേക്ക് അവരിലൊരാള്‍ക്കോ രണ്ടു പേര്‍ക്കു തന്നെയോ വേരുകളാഴ്ത്താന്‍ കഴിയാത്തതുകൊണ്ടാണത്. ഒരാള്‍ മറ്റേയാള്‍ക്ക് ഏതു സമയവും ഇമോഷണലി അവെയ്‌ലബിളായിരിക്കുക എന്നാല്‍ മിഥുനത്തില്‍ മോഹന്‍ലാല്‍ ഉര്‍വശിയോട് തട്ടിക്കയറുമ്പോള്‍ പറയുന്നതു പോലെ ഇരുപത്തിനാലു മണിക്കൂറും കെട്ടിപ്പിടിച്ചു കിടക്കുന്നതോ പൊട്ടത്തരങ്ങള്‍ കേട്ട് പൊട്ടിച്ചിരിക്കുന്നതോ അല്ല.

ജോലിക്കൂടുതല്‍ കാരണം സ്‌നേഹം പ്രകടിപ്പിക്കാന്‍ സമയം കിട്ടാത്ത ഭര്‍ത്താക്കന്മാര്‍ കെയറിംഗ് കാമുകന്മാര്‍ എന്ന ദ്വന്ദ്വത്തെ താരതമ്യം ചെയ്തു കൊണ്ട് കേശവന്‍ മാമന്‍ വാട്‌സ് യൂണിവേഴ്‌സിറ്റിയില്‍ നിന്നു വരുന്ന ഓപ്പണ്‍ കോഴ്‌സുകള്‍ ഇന്നു സ്ഥിരമായി പറയുന്നതാണ് ആ സിനിമ അന്നു പറഞ്ഞത്. കുടുംബം പുലര്‍ത്താന്‍ ഓടി നടക്കുന്നവര്‍ക്ക് ഭാര്യയോട് 'മുത്തേ, ചായ കുടിച്ചോ'ന്ന് ചോദിക്കാന്‍ നേരം കിട്ടില്ല എന്ന മട്ടിലാണ് രണ്ടിലും വിശദീകരണം. ഇമോഷണല്‍ അവെയ്‌ലബിലിറ്റി ഒരു വെറും ചായകുടിച്ചോദ്യം കൊണ്ട് ഉണ്ടാവുന്നതല്ല.പക്ഷേ ചില നേരം അതും കൂടിയാണ്. അത് പങ്കാളികള്‍ തമ്മില്‍ത്തന്നെയാവണമെന്നുമില്ല. ബന്ധുക്കളും വേണ്ട. സുഹൃത്തുക്കളാവാം, അയല്‍ക്കാരാവാം. ജീവിതപങ്കാളിയുടെ മരണവാര്‍ത്തയെത്തിയ രാത്രിയില്‍ എനിക്കത് ഒരു കട്ടന്‍ ചായയായാണ് മുന്നില്‍ വന്നത്. സിനുമോള്‍ തോമസും കട്ടന്‍ ചായയും ഒന്നിച്ചു വരുന്ന ഒരു ഫ്രെയിം എക്കാലവും എനിക്ക് ആ രാത്രിയുടെ ഓര്‍മയായിരിക്കും. രാത്രി രണ്ടുമണി വരെ ഒപ്പമിരുന്ന രണ്ടു സുഹൃത്തുക്കളാണ് പിറ്റേ ദിവസത്തെ നേരിടാനുള്ള ധൈര്യമുണ്ടാക്കിയത്. എങ്കിലും അക്ഷരാര്‍ഥത്തില്‍ തനിച്ചായിപ്പോയ ആ ദിവസങ്ങളിലാണ് മനുഷ്യരെ സംബന്ധിച്ചിടത്തോളം ഇമോഷണല്‍ അവയ്‌ലബിലിറ്റി എന്നാല്‍ എന്താണെന്ന് എനിക്ക് മനസ്സിലായത്. നിര്‍ഭാഗ്യത്തിന് നമുക്കതിന്റെ വില അറിയില്ല. ജീവിതത്തില്‍ തിരിച്ചടികള്‍ നേരിടുന്നവര്‍ക്കുള്ള സപ്പോര്‍ട്‌സിസ്റ്റമായി വികസിക്കാന്‍ സാധ്യതയുള്ള ഒന്നുകൂടിയാണത്. മറ്റൊരാളോട്, 'വിഷമിക്കരുത്, ഞാനുണ്ട് ഒപ്പം'എന്നു പറയുന്നത് കുറച്ചിലായി കരുതുന്നവരാണധികവും. ആ പറച്ചില്‍ കൊണ്ട് എന്നേക്കുമായി ബാധ്യതപ്പെട്ടു പോയാലോ എന്നു ഭയക്കുന്നതു കൊണ്ടാവും.

ആരും വേണ്ട എന്ന് നമുക്കും ചിലപ്പോള്‍ തോന്നും. ഒപ്പം നിഴലുണ്ടാവും എന്നത് തീര്‍ത്തും കാല്പനികമായ ഒന്നാണ്. വാക്കായോ നോട്ടമായോ സ്പര്‍ശമായോ പ്രവൃത്തിയായോ മനുഷ്യരെ നമുക്ക് നിരന്തരം ആവശ്യമുണ്ട്. ചില സമയങ്ങളില്‍ മുറുകെപ്പിടിക്കാന്‍ ഒരു കൈയുണ്ടായേ തീരൂ. (അന്നേരം നീട്ടപ്പെടാത്ത ഒരു കയ്യും പിന്നീട് ഉണ്ടാവുമെന്നും വിചാരിക്കരുത്).
പ്രതിസന്ധിസമയങ്ങളില്‍ മനുഷ്യരെ മനസ്സിലാക്കാനാവുമെന്ന് പറയുന്നത് വാസ്തവത്തില്‍ അവര്‍ ഇമോഷണലി അവെയ്‌ലബിള്‍ ആണോ അല്ലയോ എന്നതിന്റെ അടിസ്ഥാനത്തിലാണ്. എത്ര ദൂരെയിരുന്നാലും മനസ്സ് പതറുന്ന നേരത്ത് യാതൊന്നുമറിയാതെ തന്നെ കൃത്യമായി വിളിക്കുന്ന സുഹൃത്തുക്കളോ ബന്ധുക്കളോ പങ്കാളികളോ ചിലര്‍ക്കെങ്കിലും ഉണ്ടാവും. അവര്‍ ഭാഗ്യം ചെയ്തവരാണെന്നേ പറയാനുള്ളൂ.

ദാമ്പത്യത്തെ സംബന്ധിച്ചിടത്തോളം ഇതിന് അല്പം കൂടി ഗ്രാവിറ്റിയുണ്ട്. പങ്കാളികള്‍ തമ്മിലുള്ള ശാരീരികബന്ധത്തെയടക്കം അത് നിയന്ത്രിക്കും. പരസ്പരം മനസ്സിലാക്കാനാവാത്തവരുടെ കൂട്ടുജീവിതം പോലെ ദാരുണമായി യാതൊന്നുമില്ല. സ്വാഭാവികമായ ഒരു സംഭാഷണത്തിനിടയ്ക്ക് 'വന്നുവന്ന് നിങ്ങളെ ഇപ്പോള്‍ ഞങ്ങള്‍ക്ക് കിട്ടുന്നതേയില്ല' എന്ന പരാമര്‍ശം ഭാര്യയില്‍ നിന്നുണ്ടായപ്പോള്‍ തീരുമാനിച്ചുറപ്പിച്ച ഒരുയാത്ര ഒഴിവാക്കി അവരുടെയടുത്തേക്ക് പോയ ഒരു ചങ്ങാതിയെ ഓര്‍ക്കുന്നു. അതിന്റെ പേരില്‍ അയാള്‍ വളരെക്കാലം സുഹൃത്തുക്കളാല്‍ ആക്ഷേപിക്കപ്പെട്ടിരുന്നു. ഒരിക്കലും താനൊരു മഹാകാര്യമാണ് ചെയ്തതെന്ന് അയാള്‍ അവകാശപ്പെട്ടില്ല. ഭാര്യയോടും അത് ചര്‍ച്ച ചെയ്തില്ല. അവള്‍ക്ക് അങ്ങനെയൊരു തോന്നല്‍ ഉണ്ടായതു കൊണ്ടാവുമല്ലോ അത് പറഞ്ഞിട്ടുണ്ടാവുക എന്നു മാത്രം പ്രതികരിച്ചു. ഇമോഷണലി അവെയ്‌ലബിള്‍ ആയ പങ്കാളിയാണയാള്‍. കൗതുകകരമായ കാര്യം, ചിലര്‍ക്കെങ്കിലും അയാള്‍ അങ്ങനെയല്ലാത്ത സുഹൃത്തായേക്കാം എന്നതാണ്. അതിനെ ജീവിതത്തിലെ മുന്‍ഗണനകള്‍ എന്നു വേണം വരവു വയ്‌ക്കേണ്ടത്. ഇത്തരമൊരാളുമായുള്ള ശാരീരികബന്ധം അയാളുടെ പങ്കാളിക്ക് അപമാനകരമായിരിക്കില്ല. കടമ നിറവേറ്റലോ ബാധ്യതയോ ആയി അത് മാറാനുള്ള സാധ്യതയും കുറയും. പരസ്പരം മനസ്സിലാക്കുകയും മാനിക്കുകയും ചെയ്യാത്ത രതിക്ക് ഡില്‍ഡോ(സെക്‌സ് ടോയ്) ധാരാളമാണ്, മനുഷ്യര്‍ തന്നെയെന്തിന്!

ഇത് നമ്മുടെ കേശവന്‍ മാമന്‍ യൂണിവേഴ്‌സിറ്റികള്‍ക്ക് തിരിയാത്ത ഒന്നാണ്. കാമുകിയുടെ ഷാള്‍ പിടിച്ചിട്ടുകൊടുക്കുന്ന തരം കെയറിങ്ങല്ല അത്. ഏതു നേരവും പങ്കാളിയുടെ പേര് ജപിക്കലുമല്ല.
ഒരു പുസ്തകമോ ഡ്രൈവോ സിനിമയോ ഭക്ഷണമോ വസ്ത്രമോ ഒറ്റയ്‌ക്കൊറ്റയ്ക്ക് വലിയ കാര്യമൊന്നുമല്ല. പക്ഷേ ചിലപ്പോള്‍, ചില താല്‍പര്യങ്ങള്‍ അങ്ങനെയും കൈകോര്‍ത്തുവെന്നു വരും. പുസ്തകങ്ങളെ ഏറ്റവും പ്രിയപ്പെടുന്ന തനിക്ക് വായനാശീലം തീരെയില്ലാത്ത ഭര്‍ത്താവ് പുസ്തകങ്ങളാണ് സമ്മാനമായി തരിക എന്ന് കോഴിക്കോടു നിന്ന് വിളിക്കുമ്പോള്‍ ഷീജ പറയും. പറ്റുമെങ്കില്‍ എഴുത്തുകാരെ കാണാനുള്ള സന്ദര്‍ങ്ങളുണ്ടാക്കിത്തരുമെന്നും. അതൊരു കരുതലാണ്. റിസീവിങ് എന്‍ഡില്‍ ഞാനുണ്ട് എന്ന ഉറപ്പു തന്നെയാണ് അതും.എത്ര ദൂരെയിരുന്നും അതുകൊടുക്കാനാവും.
പ്രിയപ്പെട്ട ഒരാളില്‍ നിന്ന് കഴിഞ്ഞ വിഷുവിന് ഗൂഗിള്‍ പേ വഴി കിട്ടിയ ഒറ്റ രൂപ കൈനീട്ടം ഈ വിഷു വരെ നല്ല ഓര്‍മയായിരുന്നു. അതിന്റെ വിനിമയമൂല്യമല്ല കാരണം എന്നുറപ്പാണല്ലോ. ഇത്തരം കുഞ്ഞു കാര്യങ്ങള്‍ മതി മനുഷ്യര്‍ക്ക് പരസ്പരം സ്‌നേഹിക്കാന്‍.

സ്‌നേഹം സ്വയംഭൂവായ ഒന്നല്ല. നിരവധി ഭൗതിക സാഹചര്യങ്ങള്‍ കൊണ്ടു കൂടി സൃഷ്ടിക്കപ്പെടുന്ന ഒന്നാണത്. ഒരിക്കല്‍ സ്‌നേഹിച്ചിരുന്നുവെന്നത് അത് കാലാതിവര്‍ത്തിയായിരിക്കാന്‍ മതിയായ കാരണമല്ല. പോഷിപ്പിക്കപ്പെട്ടില്ലെങ്കില്‍ വളര്‍ച്ച കുറഞ്ഞ് മുരടിച്ചു പോകുന്ന ചെടി തന്നെയാണ്. ഒരുതരത്തിലുള്ള ഏകപക്ഷീയതയോടും അധികകാലം സമരസപ്പെടുന്ന വികാരമല്ല സ്‌നേഹം. സാമൂഹികമായ വ്യവസ്ഥകള്‍ക്കകത്ത് നിര്‍ബന്ധപൂര്‍വം ഉണ്ടാക്കിയെടുക്കാനൊന്നും പറ്റില്ല. ഒരിക്കല്‍ പല തരത്തില്‍ അപമാനിക്കുകയും ഭീതിയിലാഴ്ത്തുകയും ദ്രോഹിക്കുകയും ചെയ്തവരെ നാട്ടുനടപ്പ് മാത്രം നോക്കി സ്‌നേഹിക്കാനും സാധ്യമല്ല. ഉപേക്ഷിച്ചു പോയ ഭര്‍ത്താവ് തിരികെ വന്നപ്പോള്‍ തിരിഞ്ഞു നോക്കാതിരിക്കുകയും മരിച്ചിട്ടു പോലും ചെല്ലാതിരിക്കുകയും ചെയ്ത അമ്മായിയമ്മയെക്കുറിച്ച് കൂട്ടുകാരി പറഞ്ഞു. അയാള്‍ മരിച്ച ദിവസം അവര്‍ ഉള്ളു കൊണ്ട് കരഞ്ഞിട്ടുണ്ടാവുമെന്ന് ഞാനോര്‍ത്തു. അതാരും കാണാതിരിക്കാന്‍ അവര്‍ ശ്രമിച്ചിട്ടുണ്ടാകും. കണ്ടാല്‍ വിശദീകരണം കൊടുത്തും പരിഹാസം കേട്ടും 'നിങ്ങള്‍ സ്‌നേഹിച്ചിരുന്നില്ലല്ലോ പിന്നെന്താ' എന്ന നിഷ്‌കളങ്ക സംശയം കേട്ടും ചെടിച്ചു പോകും. അവര്‍ ക്ഷമിച്ചുവെന്നല്ല, അവര്‍ തെറ്റായിരുന്നുവെന്നല്ല ആ കരച്ചിലിനര്‍ഥം. സ്‌നേഹം അങ്ങനെയുമാണ്. പരസ്പരം ഇമോഷണലി അവെയ്‌ലബിള്‍ ആയ രണ്ടു മനുഷ്യരാണെങ്കില്‍ മാത്രമാണ് പ്രതികൂല പരിതസ്ഥിതികളെ അതിജീവിച്ച് അത് നിലനില്ക്കുക.
സ്‌നേഹത്തിന് സഹിച്ച ത്യാഗങ്ങളുടെ അളവു നോക്കി BlS സര്‍ട്ടിഫിക്കറ്റ് കൊടുക്കപ്പെടാറുണ്ട്. അത്തരമൊന്നു കൈയിലില്ലെങ്കില്‍ ഒരു മരണത്തില്‍ സങ്കടപ്പെടാനുള്ള അര്‍ഹതയില്ലെന്നു തോന്നത്തക്കവിധം പലരും സംസാരിച്ചിട്ടുണ്ട്. അത്തരം സംസാരങ്ങളുണ്ടാക്കിയ ഭീകരാവസ്ഥയ്ക്ക് ഒരു ശമനമുണ്ടായത് മാലതി ടീച്ചറോട് സംസാരിച്ചപ്പോഴാണ്. ടീച്ചര്‍ എന്റെ അധ്യാപികയും ഗവേഷണ മാര്‍ഗദര്‍ശിയുമായിരുന്നു. ആരെയായാലും സ്‌നേഹിക്കാന്‍ സാധിച്ചില്ല എന്നതിന്റെ പേരില്‍ ഒരിക്കലും സ്വയം ഇകഴ്ത്തരുത് എന്ന് ടീച്ചര്‍ പറഞ്ഞു. അവര്‍ അതിനുള്ള ഇടം തന്നില്ല എന്നാണര്‍ത്ഥം.
എന്നിട്ടും ആ നഷ്ടം എന്നെ കരയിക്കുന്നതെന്താണ് എന്നു ഞാന്‍ ചോദിച്ചു. ''മനുഷ്യര്‍ തമ്മിലുള്ള ബന്ധത്തിന് ഒരു പാട് ഇഴകളുണ്ട്. ഒന്നു പൊട്ടിയാലും ബാക്കി നിലനില്ക്കും. അവയില്‍ ചിലത് പൊട്ടുമ്പോള്‍ വേദനിക്കും. അത് സ്വാഭാവികമാണ്. നിങ്ങളുടെ കാര്യത്തില്‍ ബാക്കി നിന്നിരുന്ന ചില ഇഴകള്‍ കൂടി ഇപ്പോഴാണു പൊട്ടിയത്. അതാണ് സംഭവിച്ചത്...'' ടീച്ചര്‍ പറഞ്ഞു.
അത് വലിയൊരാശ്വാസമായിരുന്നു. പരസ്പരം കൊല്ലത്തിലൊരിക്കല്‍പ്പോലും വിളിക്കാറില്ല. പക്ഷേ അറിഞ്ഞു വന്ന ആ ഫോണ്‍വിളി സമാധാനിപ്പിച്ചതു പോലെ മറ്റൊന്നിനുമായിട്ടില്ല... ഒരു ചോദ്യത്തിനും അത്രയും തൃപ്തികരമായ ഉത്തരം കിട്ടിയിട്ടില്ല.
മനുഷ്യ ബന്ധങ്ങളിലെ മുറിവുകളുണക്കുകയും ജീവിതത്തെ അനുനിമിഷം പുതുക്കിയെടുക്കുകയും സന്തോഷം നിറയ്ക്കുകയും ചെയ്യുന്ന ഓരോ വാക്കും പ്രവൃത്തിയും ആരുടേതായാലും, ആരുതമ്മിലായാലും പ്രണയമാണ്. അതില്‍ മനുഷ്യര്‍ വിശുദ്ധരാകുന്നു.

Content Highlights: rajasree about indian marriages

Add Comment
Related Topics

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ആര്‍.രാജശ്രീ

4 min

വിവാഹദിവസം തന്നെ ഭാര്യമാരെ പെരുമാറ്റച്ചട്ടങ്ങള്‍ പഠിപ്പിക്കുന്ന ഭര്‍ത്താക്കന്‍മാര്‍

Aug 31, 2023


പ്രതീകാത്മക ചിത്രം

4 min

സെക്‌സ് ആനന്ദകരമാക്കാന്‍ പെണ്ണും ആണും അറിയേണ്ട കാര്യങ്ങള്‍

Sep 26, 2023


r.rajasree

4 min

തൃപ്തി ലൈംഗികജീവിതത്തില്‍ മാത്രം ബാധകമായ ഒന്നല്ല

Aug 24, 2023