നമ്മുടെ നാട്ടില്‍ പെണ്‍കുട്ടികളെ 'ചെലവാക്കുന്നത്' എങ്ങനെയാണെന്ന് ആലോചിച്ചിട്ടുണ്ടോ?


ആര്‍. രാജശ്രീ

4 min read
Read later
Print
Share

ഉയര്‍ന്ന വിദ്യാഭ്യാസവും ജോലിയും കലാജീവിതവും വിവാഹത്തിലൂടെ 'ലഭിച്ച ജീവിതം' നിലനിര്‍ത്താനായി ബലി കഴിക്കേണ്ടി വന്ന അസംഖ്യം സ്ത്രീകളുണ്ട്. അതിലെ അനീതി തിരിച്ചറിയുക പോലും ചെയ്യാത്തവര്‍.

പ്രതീകാത്മക ചിത്രം, വര- ഉള്ള്യേരിക്കാരൻ

പത്തുവയസ്സുള്ളപ്പോള്‍ നിളയുടെ ചിത്രപ്രദര്‍ശനം ടൗണ്‍ ഹാളില്‍ നടന്നിട്ടുണ്ട്. അതു കണ്ട പ്രമുഖരായ ആര്‍ട്ടിസ്റ്റുകള്‍ അവള്‍ക്ക് ഈ രംഗത്ത് മികച്ച ഭാവിയുണ്ടെന്ന് പറഞ്ഞിരുന്നു. നിളയുടെ വരയെ പ്രോത്സാഹിപ്പിക്കാന്‍ മാതാപിതാക്കള്‍ പരമാവധി ശ്രമിച്ചു. നിരന്തരം യാത്രകള്‍ക്ക് കൊണ്ടുപോയി. എക്‌സിബിഷനുകളില്‍ പങ്കെടുപ്പിച്ചു. പുലര്‍ച്ചെയും രാത്രിയും അവളുടെ വരയ്ക്ക് പിന്തുണയായി. ചെറിയ മൂഡ് മാറ്റങ്ങള്‍ പോലും കണ്ടറിഞ്ഞു.

ദേശീയ തലത്തിലുള്ള പുരസ്‌കാരങ്ങള്‍ ലഭിക്കുമ്പോള്‍ അവള്‍ പത്താം ക്ലാസ്സിലാണ്. ഇഷ്ടപ്പെട്ട നൃത്തപഠനം സ്‌കൂള്‍ തലത്തില്‍ നിര്‍ത്തിയിട്ടും ചിത്രംവര അവള്‍ തുടര്‍ന്നു. സ്‌കൂള്‍ ടോപ്പര്‍ ആയിരുന്നു. പ്ലസ്ടുവിന് സയന്‍സ് എടുത്ത് മികച്ച വിജയം നേടി. അവളുടെ ഇഷ്ടപ്രകാരം ഫിസിക്‌സ് മെയിന് ചേര്‍ന്നു. യൂണിവേഴ്‌സിറ്റി കലോത്സവങ്ങളില്‍ കലാതിലകമായി. പി.ജി കഴിഞ്ഞ് ഗവേഷണത്തിന് പോകണമെന്നും ചിത്രംവരയും യാത്രകളും തുടരണമെന്നും ആയിരുന്നു അവളുടെ സ്വപ്നം. അപ്പോഴാണ് ജര്‍മനിയില്‍ സയന്റിസ്റ്റായ പയ്യന്റെ ആലോചന വരുന്നത്. ജാതി ജാതകങ്ങളൊക്കെ ഗംഭീരമായി ചേര്‍ന്നു. അല്‍പം വൈകിയാലും ഗവേഷണം ജര്‍മനിയിലാകാം. പെയിന്റിങ്ങും ജര്‍മനിയിലാകാമല്ലോ. ഇന്ത്യയെക്കാള്‍ ഇത്തരം കാര്യങ്ങള്‍ക്ക് കുറച്ചു കൂടി നല്ലത് ജര്‍മനിയാണ്... എന്ന് വഴിയേ പറന്ന കാക്ക വരെ നിളയേയും കുടുംബത്തേയും ഉപദേശിച്ചു. തന്നെയുമല്ല പെണ്ണിന് ഇത്രയും യോഗ്യതകളുള്ളതുകൊണ്ടാണ് ഇത്രയും നല്ല ബന്ധം കിട്ടിയത്. വേറെ ആരായാലും പയ്യനെ കൊത്തിക്കൊണ്ടുപോകും... അതോടെ നിളയുടെ രക്ഷിതാക്കള്‍ക്കും വെപ്രാളമായി. ബുദ്ധിമോശം കാണിക്കരുതല്ലോ.

പയ്യന് ലീവില്ല. വിവാഹം പെട്ടെന്ന് വേണം. എന്തായാലും ചടങ്ങ് ആര്‍ഭാടമായി നടന്നു. ജര്‍മനിയിലേക്കുള്ള യാത്രാരേഖകളൊക്കെ ശരിയാവാനുള്ള കാലം അവള്‍ നാട്ടില്‍ തുടരണം. ഭര്‍ത്താവിന്റെ വീട്ടിലും സ്വന്തം വീട്ടിലുമായി മാറി മാറി നില്‍ക്കാം. പഠിക്കുകയോ വരയ്ക്കുകയോ ചെയ്യാം.

രണ്ടാഴ്ചയ്ക്കുള്ളില്‍ പയ്യന്‍ ജര്‍മനിക്ക് തിരിച്ചുപോയി. മൂന്നാം സെമസ്റ്ററിന്റെ സമയമാണ്. ഈ രണ്ടു വീടുകള്‍ക്കിടയിലും അവള്‍ ഷട്ടിലടിച്ചു. പല ദിവസങ്ങളിലും കോളേജില്‍ വൈകിയെത്തി. ഗര്‍ഭിണിയായതോടെ മൂന്നു മാസത്തേക്ക് ഡോക്ടര്‍ പരിപൂര്‍ണ വിശ്രമം നിര്‍ദ്ദേശിച്ചു. ക്ലാസ്സുകള്‍ നഷ്ടമായി.നാലാം സെമസ്റ്റര്‍ പരീക്ഷ എഴുതാനായില്ല.

പ്രസവം കഴിഞ്ഞതോടെ അവള്‍ ആരോടും സംസാരിക്കാതായി.പ്രസവാനന്തരവിഷാദം മറികടക്കാന്‍ വൈദ്യസഹായം വേണ്ടിവന്നു. മരുമകള്‍ക്ക് കടുത്ത മാനസികരോഗമാണെന്നും അവളെ ജര്‍മനിക്ക് കൊണ്ടു പോയാല്‍ മകന്‍ ആപത്തിലാകുമെന്നും അവളുടെ അമ്മായിയമ്മ സങ്കടപ്പെട്ടു. തന്നെയുമല്ല, ഒരേയൊരു മകന്റെ കുട്ടിയെ മൂന്നു വയസ്സുവരെയെങ്കിലും കാണണം.

പരീക്ഷ വീണ്ടും എഴുതിയെങ്കിലും ശരാശരി വിജയം കൊണ്ട് നിളയ്ക്ക് തൃപ്തിപ്പെടേണ്ടി വന്നു. അവളേക്കാള്‍ താഴ്ന്ന അക്കാദമിക് നിലവാരം പുലര്‍ത്തിയിരുന്ന സഹപാഠികളില്‍ പലരും മികച്ച വിജയം നേടി. അവര്‍ പ്രമുഖ സ്ഥാപനങ്ങളില്‍ ഗവേഷകരായി പ്രവേശിച്ചു. അത് അവളെ കടുത്ത നിരാശയിലാഴ്ത്തി. ചിത്രംവരയിലേക്ക് പിന്നെയവള്‍ തിരിച്ചു പോയതേയില്ല. കുറഞ്ഞ മാര്‍ക്കിലുള്ള ഒരു പി.ജി മാത്രമായിരുന്നു അവളുടെ സമ്പാദ്യം. കുട്ടിക്ക് മൂന്നു വയസ്സാകും മുമ്പുതന്നെ ഭര്‍ത്താവ് തിരിച്ചു വന്നു. ഏകമകനായ താന്‍ അന്യരാജ്യത്ത് കിടക്കേണ്ടതില്ല എന്ന തീരുമാനമായിരുന്നു അത്. സ്വന്തം നിലയ്ക്ക് ബിസിനസ്സ് തുടങ്ങാനായിരുന്നു പ്ലാന്‍. മാനസികമായി പ്രശ്‌നങ്ങള്‍ വന്ന സ്ഥിതിക്ക് വലിയ ഉത്തരവാദിത്തമുള്ള ഗവേഷണം, ജോലി എന്നിവയ്‌ക്കൊന്നും പോകാതെ കുടുംബം നോക്കി ജീവിക്കാന്‍ അവളോട് ഇരുവീട്ടുകാരും ആവശ്യപ്പെട്ടു. രണ്ടാമതൊരു കുട്ടി കൂടി ജനിച്ചതോടെ തനിക്കുണ്ടായിരുന്ന നിറങ്ങളുടെ ലോകം അവള്‍ എന്നേക്കുമായി മറന്നു.

വര- ഉള്ള്യേരിക്കാരന്‍


പതിനഞ്ചു വര്‍ഷത്തിനു ശേഷം കണ്ടപ്പോള്‍ ഗവേഷണത്തെക്കുറിച്ച് വെറുതേ ചോദിച്ചു. പഴയ കൂട്ടുകാരൊക്കെ മികച്ച നിലയിലെത്തി. തനിക്ക് ഗവേഷണം നടത്തി കണ്ടെത്താന്‍ പുതിയതൊന്നുമില്ലെന്ന് വേദനയോടെ അവള്‍ ചിരിച്ചു. ഇനിയൊന്നും എളുപ്പമല്ല, ഒന്നും നടക്കില്ല എന്നു പറഞ്ഞു.

''ചില സാധ്യതകളുണ്ട്. ഇരുപതു വര്‍ഷത്തെ പ്യൂപ്പ ജീവിതത്തിനു ശേഷവും വേണമെങ്കില്‍ തിരിച്ചു വരാം...'' ഞാന്‍ ഉപദേശിച്ചു.
''ആര്‍ക്ക് വേണമെങ്കില്‍?''
അവളുടെ കണ്ണ് നനഞ്ഞിരുന്നു.
''എനിക്ക് ഉണ്ടായിരുന്നതൊക്കെ ചെലവാക്കി നല്ല ഭര്‍ത്താവിനെയും കുടുംബത്തെയും സമ്പാദിച്ചില്ലേ? ഇനിയൊന്നും വേണ്ട.''

നമ്മുടെ നാട്ടില്‍ പെണ്‍കുട്ടികളെ 'ചെലവാക്കുന്നത്' എങ്ങനെയാണെന്ന് ആലോചിച്ചിട്ടുണ്ടോ? 'ചെലവാക്കുക'എന്നത് തികച്ചും മനുഷ്യവിരുദ്ധമായ പ്രയോഗമാണ്. എന്നാലും വിവാഹം കഴിച്ചു പോയി എന്ന ഒറ്റ അപരാധത്തിന് ശിഷ്ടജീവിതം മുഴുവന്‍ പകരം വെക്കേണ്ട ഗതികേട് അനുഭവിക്കുന്ന സ്ത്രീകളെ മുന്നില്‍ കാണുമ്പോള്‍ ആ പ്രയോഗത്തിന്റെ ആഴം മനസ്സിലാകും. പെണ്‍കുട്ടികളെ വിവാഹം മാത്രം ലക്ഷ്യമിട്ടു വളര്‍ത്തുന്ന കുടുംബങ്ങള്‍ ഇന്നുമുണ്ട്. പ്രത്യക്ഷത്തില്‍ സമ്മതിച്ചില്ലെങ്കിലും അവരുടെ പ്രഥമ പരിഗണന അതാണ്. പെണ്‍കുട്ടികള്‍ക്ക് പരമാവധി വിദ്യാഭ്യാസം നല്കുകയും ജോലി നേടാന്‍ പ്രേരിപ്പിക്കുകയും കലാഭ്യസനത്തില്‍ പിന്തുണയ്ക്കുകയും ചെയ്യുന്ന കുടുംബങ്ങള്‍ പോലും ഇതൊക്കെയും വിവാഹമാര്‍ക്കറ്റിലേക്കുള്ള യോഗ്യതകളായി കണക്കിലെടുക്കാറുണ്ട്.

ഉയര്‍ന്ന വിദ്യാഭ്യാസവും ഉദ്യോഗവും എന്തിനാണ്? അവ സ്ത്രീയുടെ സാമൂഹിക പദവി ഉയര്‍ത്തുകയും അവള്‍ക്ക് സ്വയംനിര്‍ണയാവകാശമുണ്ടാവാന്‍ സഹായിക്കുകയും ചെയ്യും. പക്ഷേ, അതൊക്കെയും നല്ല വിവാഹവും കുടുംബജീവിതവും ലഭിക്കാനുള്ള വഴികളാണെന്നും അതാണ് അഭികാമ്യമെന്നും വരുന്ന അവസ്ഥ ദയനീയമാണ്. അത് നിലനിര്‍ത്താന്‍ വേണ്ടി വരുന്ന അങ്കങ്ങള്‍ പലപ്പോഴും അവരെ അക്ഷരാര്‍ത്ഥത്തില്‍ കൊന്നു കളയും.

എന്നെ സംബന്ധിച്ചിടത്തോളം എന്റെ ഉയര്‍ന്ന അക്കാദമിക് യോഗ്യതകള്‍, മിശ്ര വിവാഹിതരുടെ മകള്‍ എന്ന നിലയില്‍ വിവാഹ മാര്‍ക്കറ്റില്‍ എനിക്കുണ്ടായിരുന്ന 'കുറവുകളെ' പരിഹരിക്കാനാണ് ഉപയോഗിച്ചത്. രക്ഷിതാക്കള്‍ നല്കിയ വിവാഹ പരസ്യം കണ്ട് അതെന്റേതാണെന്ന് സുഹൃത്തുക്കള്‍ തിരിച്ചറിഞ്ഞിരുന്നു. അത്രയ്ക്ക് കിഴിഞ്ഞ നിലയുള്ള ഒന്നായിരുന്നത്. ജാതിയില്ലെങ്കിലും ഉയര്‍ന്ന സാമ്പത്തിക നിലയില്ലെങ്കിലും ഈ യോഗ്യതകള്‍ മുന്‍നിര്‍ത്തി ഇവളെ പരിഗണിക്കണേ എന്ന അപേക്ഷാസ്വരം മാത്രമേ ആ പരസ്യത്തില്‍ നിന്ന് ഇന്നു ഞാന്‍ കേള്‍ക്കുന്നുള്ളൂ. എത്രത്തോളം അപമാനകരമായിരുന്നു അതെന്ന് ഇന്ന് തിരിച്ചറിയാനാവുന്നുണ്ട്. ഉയര്‍ന്ന വിദ്യാഭ്യാസവും ജോലിയും കലാജീവിതവും വിവാഹത്തിലൂടെ 'ലഭിച്ച ജീവിതം' നിലനിര്‍ത്താനായി ബലി കഴിക്കേണ്ടി വന്ന അസംഖ്യം സ്ത്രീകളുണ്ട്. അവരൊരുപക്ഷേ അതിലെ അനീതി തിരിച്ചറിയുക പോലും ചെയ്യുന്നുണ്ടാവില്ല. വിദ്യാഭ്യാസവും വരുമാനവും വിവാഹത്തിനായി ഉദ്ദേശിക്കപ്പെട്ടതാണെങ്കില്‍ വിവാഹം നടക്കുന്നതിനും നിലനില്‍ക്കുന്നതിനുമായി അവ ഉപേക്ഷിക്കുന്നതില്‍ എന്താണ് അപാകത എന്ന ചോദ്യം നിലനില്ക്കുകയും ചെയ്യും.

കുടുംബിനിയായി ഒതുങ്ങിയ എംടെക്കുകാരിയും മക്കളുടെ വിദ്യാഭ്യാസകാര്യങ്ങള്‍ ശ്രദ്ധിക്കാനായി അവര്‍ ഹൈസ്‌കൂളിലെത്തിയതു മുതല്‍ പ്രാക്ടീസ് ഉപേക്ഷിച്ച ലേഡിഡോക്ടറുമൊന്നും അത്ഭുതങ്ങളാവില്ല. അവര്‍ക്ക് യഥാക്രമം ജര്‍മനിയിലെ എന്‍ജിനീയറെയും മെഡിക്കല്‍ കോളേജിലെ ഡോക്ടറെയും പങ്കാളികളായി ലഭിച്ചിട്ടുണ്ട്. തൊഴില്‍ ചെയ്യണോ എന്നത് വ്യക്തികളുടെ തെരഞ്ഞെടുപ്പായതു കൊണ്ടു കൂടി അവ അങ്ങനെ നില്‍ക്കട്ടെ. പറഞ്ഞു വന്നത് വിവാഹത്തെ കേന്ദ്രീകരിക്കുന്ന തൊഴില്‍വിദ്യാഭ്യാസസ്വപ്‌നങ്ങളുടെ അയുക്തിയാണ്. പെണ്‍കുട്ടികളുടെ കലാതിലകപ്പട്ടം മുതല്‍ യൂണിവേഴ്‌സിറ്റി റാങ്കുകള്‍ വരെ അനുയോജ്യനായ വരനു വേണ്ടിയുള്ള യോഗ്യതകളായി പ്രവര്‍ത്തിക്കാറുണ്ട്. നേരത്തേ പരാമര്‍ശിച്ച ജാതീയവും ശാരീരികവുമായ പ്രത്യേകതകളെ 'കുറവുകള്‍' എന്നെണ്ണുന്ന സമൂഹത്തില്‍ അത് സ്വാഭാവികവുമാണ്.

പെണ്‍കുട്ടികള്‍ ഒരു വിവാഹത്തിന് പരമാവധി യോഗ്യകളാണെന്ന് സമര്‍ത്ഥിക്കാനായി ഉപയോഗിക്കേണ്ടതല്ല അവരുടെ കഴിവുകള്‍. നൃത്തത്തില്‍ നിരവധി സമ്മാനങ്ങള്‍ ലഭിച്ച പെണ്‍കുട്ടിക്ക് ആ മേഖലയില്‍ തുടരാന്‍ താല്‍പര്യമുണ്ടെങ്കില്‍ അതിന് അനുകൂലമായ സാഹചര്യങ്ങള്‍ ഒരുക്കേണ്ടതാണ്. അതിന് അവളുടെ ജീവിത പങ്കാളിയും കുടുംബവും സന്നദ്ധരാണെങ്കിലാണ് ഇത്തരം പുരസ്‌കാരങ്ങളുടെ വിവരങ്ങള്‍ പോലും പ്രസക്തമാകുന്നത്. മറിച്ച് എങ്ങനെയും പെണ്‍കുട്ടിയെ ചെലവാക്കുകയെന്നതല്ല പ്രഥമപരിഗണന. അതിനുപയോഗിക്കേണ്ടതല്ല അവള്‍ക്ക് ലഭിച്ച അംഗീകാരങ്ങള്‍. സ്ത്രീകളുടെ അക്കാദമിക് മികവുകള്‍ ചില കുറവുകള്‍ക്ക് പകരമാവുകയോ നൈസായി പിന്നിലേക്ക് മാറി നില്‍ക്കുകയോ ചെയ്യുന്നതു കണ്ടോ? കാലഹരണപ്പെട്ട അനുഭവമാണെങ്കില്‍ വിട്ടു കളയൂ. അല്ലെങ്കില്‍ സൂക്ഷിക്കൂ, ഇവിടെയൊരു പാമ്പുണ്ട്.

Content Highlights: rajasree about indian marriages

Add Comment
Related Topics

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
ആര്‍.രാജശ്രീ

4 min

വിവാഹദിവസം തന്നെ ഭാര്യമാരെ പെരുമാറ്റച്ചട്ടങ്ങള്‍ പഠിപ്പിക്കുന്ന ഭര്‍ത്താക്കന്‍മാര്‍

Aug 31, 2023


പ്രതീകാത്മക ചിത്രം

4 min

സെക്‌സ് ആനന്ദകരമാക്കാന്‍ പെണ്ണും ആണും അറിയേണ്ട കാര്യങ്ങള്‍

Sep 26, 2023


r.rajasree

4 min

തൃപ്തി ലൈംഗികജീവിതത്തില്‍ മാത്രം ബാധകമായ ഒന്നല്ല

Aug 24, 2023