പ്രതീകാത്മക ചിത്രം, വര- ലിജീഷ് കാക്കൂർ
നാം പ്രണയത്തെപ്പറ്റി സംസാരിക്കുകയായിരുന്നു. ചെകിട്ടത്തടിച്ച് നേരെയാക്കേണ്ടുന്ന ഒരു സ്വഭാവദൂഷ്യമാണതെന്ന് ഇന്നും ചില സീരിയലുകള്‍ നമ്മോടു പറയാന്‍ ശ്രമിക്കുന്നുണ്ട്. പുരുഷന്റെ പ്രണയം ഉദാത്തവും സ്ത്രീയുടെ പ്രണയം ചപലവുമെന്ന ധാരണയ്ക്ക് വളരെ പഴക്കമുണ്ട്. എന്തു ത്യാഗം സഹിച്ചും നിലനിര്‍ത്തേണ്ട ഒന്നാണത് എന്ന മറ്റൊരു ധാരണ അപ്പുറത്തും നില്ക്കുന്നുണ്ടെന്നതാണ് കൗതുകകരം. അതൊന്ന് ശരിക്കു ശ്രദ്ധിച്ചു നോക്കൂ.
ആരോഗ്യകരമായ മനുഷ്യബന്ധമായി പരിണമിക്കുന്നതിനു പകരം പല ഘട്ടങ്ങളിലും അങ്ങേയറ്റം രോഗാതുരമായും അതു മാറിപ്പോകുന്നതു കാണാം. നിരവധി ഉപാധികള്‍ക്കുമേല്‍ പടുത്തുയര്‍ത്തുന്ന പ്രണയങ്ങളുണ്ട് അവയ്ക്കുണ്ടാകുന്ന സ്വാഭാവികമായ ചീയലുകളെ അത്തരത്തില്‍ പരിഗണിക്കാതിരിക്കുന്നത് മണ്ടത്തരമാണ്.
ഏതുതരം മനുഷ്യബന്ധങ്ങളിലും സ്വകാര്യതയ്ക്ക് ഉയര്‍ന്ന പദവിയുണ്ട്. അതിനെ മാനിക്കുന്നത് മനുഷ്യാന്തസ്സിനെ മാനിക്കല്‍ തന്നെയാണ്. സ്വകാര്യതയ്ക്കുള്ള അവകാശത്തിനു മേലേക്ക് കടന്നു കയറാതിരിക്കുന്നത് പരസ്പരം ബഹുമാനിക്കുന്നതിന്റെ അടയാളമാണ്. ഗാഢമായി സ്‌നേഹിക്കുന്നുവെന്നത് മറ്റൊരു മനുഷ്യജീവിയെ അനന്തമായി തടവില്‍ പിടിക്കാനുള്ള ലൈസന്‍സ് അല്ല. നമ്മുടെ പല ടോക്‌സിക് പ്രണയികള്‍ക്കും അറിയാത്ത ഒന്നാണത്.
നിന്റെ മുടി മുതല്‍ നഖം വരെ എന്റെ സ്വന്തമാണ് എന്ന പ്രഖ്യാപനം സ്വന്തം നിലയ്ക്ക് കേള്‍വിയില്‍ കുളിരു കോരാന്‍ പ്രാപ്തമാണ്. കേവലമൊരു സ്‌നേഹവാക്യം എന്നതിനപ്പുറത്ത് സത്യത്തില്‍ അതിനു പ്രസക്തിയില്ല.
മറ്റൊരാളുടെ - എത്ര പ്രിയരായാലും- ശരീരത്തിന്, മനസ്സിന്, പ്രവൃത്തികള്‍ക്ക്, ജീവിതത്തിനു മേല്‍ നമുക്ക് ഉടമസ്ഥാധികാരങ്ങള്‍ ഇല്ല. പ്രണയത്തിലായാലും വിവാഹത്തിലായാലും ശരീരത്തിനു മേലുള്ള അധികാരം നഷ്ടപ്പെടുത്തേണ്ടതില്ല. സ്വാതന്ത്ര്യം പ്രണയത്തിന്റെ ആത്മാവാണ്. അതു നഷ്ടമായാല്‍ പ്രണയം താനെ ഇല്ലാതാവും. വിവാഹത്തോടെ നഷ്ടമായ പ്രണയത്തെപ്പറ്റി ചിലരെങ്കിലും ഖേദപൂര്‍വം ഓര്‍ക്കുന്നതു കണ്ടിട്ടില്ലേ? സ്വാതന്ത്ര്യവും സ്വകാര്യതയും നഷ്ടമാകുന്നത് പ്രണയത്തിന്റെ കടയറുക്കുമെന്നതാണ് സത്യം.
സ്വന്തമായി 'ക്വാളിറ്റി ടൈം' കണ്ടെത്തുകയെന്നത് ഏതു മനുഷ്യനെയും സ്വയം നവീകരിക്കാനുള്ള വഴിയാണ്. അതെങ്ങനെ വേണമെന്നത് ഓരോരുത്തരുടെയും തെരഞ്ഞെടുപ്പാണ്. അന്യഭാഷ പഠിക്കുന്നതു മുതല്‍ വെറുതേയിരിക്കുന്നതുവരെ അതിനുള്ള വഴികളാണ്. മറ്റുള്ളവരെ പ്രീതിപ്പെടുത്താന്‍ ജീവിതകാലം മുഴുവന്‍ യത്‌നിക്കേണ്ടി വരുന്ന മനുഷ്യരെ സംബന്ധിച്ചിടത്തോളം സ്വന്തമായി സമയമുണ്ടാവുക എന്നതു തന്നെ ഒരു ആഡംബരമാണ് എന്നോര്‍ക്കണം .
സന്തോഷിപ്പിക്കുക എന്നതാണ് നമ്മുടെ എക്കാലത്തെയും ചുമതല. സ്വയം സന്തോഷിച്ചുവോ എന്ന ചോദ്യം പലകുറി തികട്ടി വന്നിട്ടും ചോദിക്കാതെ വിഴുങ്ങേണ്ടി വന്നിട്ടുണ്ട് നമ്മുടെ വര്‍ഗത്തിന്. സന്തോഷത്തിനും സുഖത്തിനുമുള്ള അവകാശം നമുക്കില്ല എന്ന് പഠിപ്പിക്കപ്പെട്ടിട്ടുണ്ട് നാം. കളികള്‍ക്കിടയില്‍പ്പോലും, ഒരുപാടു ചിരിച്ചാല്‍ കരയേണ്ടിവരുമെന്ന് ഭയന്ന് ഇരുകവിളത്തും സ്വയം അടിച്ചു പ്രായശ്ചിത്തം ചെയ്തിരുന്ന തലമുറയാണ് എന്റേത്. ചിന്താശീലമുള്ള സ്ത്രീകള്‍ പോലും 'വിനയാര്‍ന്ന സുഖം കൊതിക്കയില്ല' എന്ന് ഉറച്ച തീരുമാനമെടുക്കത്തക്കവിധം രൂഢമായിരുന്നു ആ പാപബോധം. അങ്ങനെയുള്ള ഒരു തലമുറ, ബന്ധങ്ങള്‍ക്കകത്തെ സ്വാതന്ത്ര്യത്തെയും സ്വകാര്യതയെയും കുറിച്ച് എങ്ങനെയാണ് സ്വപ്‌നങ്ങള്‍ കാണുക? ശരീരത്തിന്റെയും മനസ്സിന്റെയും ആനന്ദങ്ങള്‍ സ്ത്രീക്ക് നിഷിദ്ധമാണെന്നു വിശ്വസിക്കുന്ന ഒരു സമൂഹത്തില്‍ ഏതു തരം തുറസ്സുകളാണ് ബന്ധങ്ങളില്‍ പ്രതീക്ഷിക്കാനാവുക?
സ്‌നേഹവും അടിമത്തവും തമ്മിലുള്ള അതിരുകള്‍ അതീവ ദുര്‍ബലമാണ്. തങ്ങള്‍ക്കു നേരെ നടക്കുന്ന അനീതികള്‍ സ്‌നേഹം കൊണ്ടാണെന്നു വിശ്വസിക്കാന്‍ (വിശ്വസിപ്പിക്കാനും ) എളുപ്പമാണ്. അത്തരത്തില്‍ കീഴ്പ്പെടുമ്പോഴും ഇതതല്ല, ഇങ്ങനെയല്ല വേണ്ടത് എന്ന് സ്വാതന്ത്ര്യബോധമുള്ള ഒരു ജീവി ഉള്ളില്‍ കുതറുന്നത് സ്ത്രീകള്‍ പൊടുന്നനെ തിരിച്ചറിയും. ദീര്‍ഘകാലത്തെ പ്രണയത്തിനുശേഷമായാലും വിവാഹമെന്ന അധികാര ബന്ധത്തിലേക്ക് കടക്കുന്നതോടെ വ്യക്തികള്‍ തമ്മിലുള്ള രസതന്ത്രത്തില്‍ മാറ്റമുണ്ടാവും. പ്രണയത്തെ പഴയ നിറത്തില്‍ അവിടെ പ്രതീക്ഷിക്കരുത്. വഴിയോരത്തു കാത്തു നിന്ന് മെനക്കെടുമ്പോള്‍ മറ്റൊരു തുരുത്ത് കണ്ടെത്തുന്ന സ്വഭാവം പ്രണയത്തിനുണ്ട്. അന്തസ്സ് വിലമതിക്കപ്പെടുന്നിടത്ത് അത് തുടരും. ഇല്ലെങ്കില്‍ ഭീഷണികള്‍ക്കും പ്രലോഭനങ്ങള്‍ക്കും വാഴ്ത്തുപാട്ടുകള്‍ക്കും വഴങ്ങാതെ അത് കടന്നുപോകും. സ്വാതന്ത്ര്യവും സ്വകാര്യതയും അന്തസ്സും നിലനില്ക്കുന്ന കടവുകളിലേക്ക് അടുക്കും. ഏറ്റവും സ്വാഭാവികമാണത്. വിവാഹത്തിനപ്പുറത്ത് രൂപപ്പെടാവുന്ന പ്രണയങ്ങളുണ്ട്. അത് ശരീരവും മനസ്സും പങ്കുവയ്ക്കുകയും ഒന്നിച്ചുജീവിക്കുകയും ചെയ്യാന്‍ മാത്രം ഉദ്ദേശിച്ചുള്ളതല്ല. അത് നമ്മുടെ ചിന്തയുടെ പരിമിതിയാണ്. പ്രണയത്തെ ചുരുക്കിക്കാണലാണ്. പരസ്പരം വിശ്വസിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന സൗഹൃദങ്ങളുടെ കടുംനിറത്തിനും പേര് പ്രണയമെന്നാണ്.
മുതിര്‍ന്ന കുട്ടികള്‍ രക്ഷിതാക്കളോട് എല്ലാം തുറന്നു പറയുമെന്നത് ഒരു തെറ്റിദ്ധാരണയാണ്. അതുപോലെ തന്നെ മുതിര്‍ന്ന മനുഷ്യര്‍ ജീവിത പങ്കാളിയോട് എല്ലാം തുറന്നു പറയുമെന്ന് സ്വയം വിശ്വസിപ്പിക്കാന്‍ മെനക്കെടേണ്ടതില്ല. സ്ത്രീയായാലും പുരുഷനായാലും അവര്‍ക്ക് ശാരീരികവും മാനസികവുമായ സ്വകാര്യ തലങ്ങള്‍ ഉണ്ട്. വിവാഹബന്ധത്തിനകത്ത് ഉള്‍പ്പെട്ടുവെന്നതു കൊണ്ടുമാത്രം അവരത് പരസ്പരം തുറന്നു കാണിക്കണമെന്നില്ല. മനസ്സിനിണങ്ങിയ മനുഷ്യരോട് ഇടപെടുമ്പോള്‍ അത്തരം ചില താല്‍പര്യങ്ങള്‍ രൂപപ്പെടുന്നത് സ്വാഭാവികമാണ്. അതിന്റെ പരിധികളും രൂപങ്ങളും അവരവര്‍ തീരുമാനിക്കേണ്ടതാണെന്നു മാത്രം.
വന്‍തകര്‍ച്ചകളില്‍ നിന്ന് മനുഷ്യരെ കൈ പിടിച്ചുയര്‍ത്തുകയും ജീവിതത്തെ മറ്റൊരു കോണില്‍ക്കൂടി കാണാന്‍ ശീലിപ്പിക്കുകയും ചെയ്യുന്ന പ്രണയങ്ങളുണ്ട്. ഒന്നിച്ചു യാത്ര ചെയ്യാന്‍ പറ്റുന്ന, ഒരു മുറി പങ്കിടാന്‍ പറ്റുന്ന, ഒരു പുസ്തകം ഒന്നിച്ചെഴുതാന്‍ പറ്റുന്ന പ്രണയങ്ങളുണ്ട്. മാരകരോഗത്തെത്തുടര്‍ന്ന് ശരീരാവയവം നഷ്ടപ്പെട്ട വ്യക്തിയെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ച പ്രണയങ്ങളുണ്ട്. അതൊന്നും സ്വന്തമാക്കലുകളുടെയോ നഷ്ടപ്പെടുത്തലുകളുടെയോ കണക്കുപുസ്തകങ്ങളില്‍ രേഖപ്പെടുത്താനാവാത്തവയാണ്.
ഏറ്റവും ദാരുണമായ സമയങ്ങളില്‍ ആരുടെ സാമീപ്യമാണ് ഞാന്‍ ആഗ്രഹിക്കുന്നത്, അയാളാണ് എന്റെ പ്രണയി. മറ്റൊരാള്‍ക്ക് ഏറ്റവും സന്തോഷകരമായ നിമിഷങ്ങളില്‍ അടുത്തുണ്ടാവണമെന്ന് ആഗ്രഹിക്കുന്ന ആളെയാവാം പ്രണയിയായി കാണാനാവുക. പറഞ്ഞു വന്നത് അത്രത്തോളം ലളിതമാണ്, അതേസമയം മനുഷ്യ ബന്ധങ്ങളുടെ ഏറ്റവും സൗന്ദര്യപൂര്‍ണ്ണമായ മുഖവുമാണ് പ്രണയം എന്നാണ്. വിജയകരമായ വിവാഹബന്ധങ്ങളില്‍ തുടര്‍ന്നു കൊണ്ടു തന്നെ ആരോഗ്യകരമായ പ്രണയങ്ങള്‍ നിലനിര്‍ത്തുന്ന സാധാരണക്കാരായ മനുഷ്യരുണ്ട് എന്നറിയുക. പ്രണയം എന്നു കേള്‍ക്കുന്ന മാത്രയില്‍ അടിക്കാന്‍ വടി തിരയുന്നതിനു മുമ്പ് ഓര്‍ക്കുക, പ്രണയത്തിനല്ല, അതിനെ നാം വായിച്ച രീതികള്‍ക്കാണ് തകരാറുണ്ടായിരുന്നത്.
ഏതു മനുഷ്യബന്ധത്തെയും നിലനിര്‍ത്തുന്നത് അതിലുള്‍പ്പെടുന്നവരുടെ അന്തസ്സിനെ അതെങ്ങനെ ബാധിക്കുന്നുവെന്നതാണ്. പ്രണയത്തിനും അതു ബാധകമാണ്. പ്രണയമോചനം എന്നൊരു സാധ്യത കൂടി പരിഗണിച്ചുകൊണ്ടു വേണം അതിനകത്തു നില്‌ക്കേണ്ടത്. പരസ്പരം ഇമോഷണലി അവയിലബിള്‍ ആവുക എന്നൊന്നുണ്ട്. അത് ഏതു ബന്ധത്തിലും പ്രധാനമാണ്. മനുഷ്യന്‍ ബുദ്ധികൊണ്ടു മാത്രമല്ല ജീവിക്കുന്നത്; വികാരങ്ങള്‍ കൊണ്ടു കൂടിയാണ്. പരസ്പരം അതെങ്ങനെ സ്വീകരിക്കപ്പെടുന്നുവെന്നത് അന്തസ്സ്, സ്വകാര്യത, സ്വാതന്ത്ര്യം എന്നിവ പോലെ തന്നെ പ്രധാനമാണ്. ഇമോഷണല്‍ അവയിലബിലിറ്റി ആ അര്‍ത്ഥത്തില്‍ ബന്ധങ്ങളുടെ ഒരു ലിറ്റ്മസ് ടെസ്റ്റാണ് എന്നു പറയാം. പ്രണയമുണ്ടാകുന്നതും ഇല്ലാതാകുന്നതും ഒരു പരിധി വരെ അതിനെ ആശ്രയിച്ചുമാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..