പ്രതീകാത്മക ചിത്രം, വര ഉള്ള്യേരിക്കാരൻ
പരിചയത്തിലുള്ള ഒരു പെണ്‍കുട്ടി അയല്‍ക്കാരനായ യുവാവുമായി പ്രണയത്തിലാകുന്നു. പ്രണയം വളരെ രഹസ്യമാണ്. സ്വത്ത്, കുടുംബം, ജാതിനില, വിദ്യാഭ്യാസം എല്ലാം തുല്യം. വിവാഹാലോചനയുമായി യുവാവിന്റെ കുടുംബം പെണ്‍കുട്ടിയുടെ വീട്ടിലെത്തുന്നു. പ്രത്യക്ഷത്തില്‍ എതിര്‍പ്പൊന്നുമില്ല. പിന്നീട് പെണ്‍കുട്ടിയുടെ അമ്മാവന്മാര്‍ നാട്ടിലന്വേഷിച്ചപ്പോള്‍ ഇവരുടെ പ്രണയത്തെക്കുറിച്ചറിഞ്ഞു. ആ ഒറ്റക്കാരണത്താല്‍ ആ വിവാഹാലോചന അലസി. പ്രേമം പറ്റില്ല എന്നുമാത്രമാണ് വിശദീകരണം. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്കുപോലും മറിച്ചൊരഭിപ്രായമില്ല എന്നതായിരുന്നു അദ്ഭുതം. തങ്ങളെ മറികടന്നാല്‍പ്പിന്നെ ഈ കുടുംബവുമായി യാതൊരു ബന്ധവുമുണ്ടാവില്ല എന്നായിരുന്നു പെണ്‍കുട്ടിയുടെ അമ്മാവന്മാരുടെ പക്ഷം! അവളുടെ വിവാഹം അതിവേഗം മറ്റൊരാളുമായി നടത്തുകയുംചെയ്തു. വിവാഹിതയായി നാടുവിട്ട അവള്‍ പിന്നീടൊരിക്കലും സ്വന്തം വീട്ടിലേക്കു വന്നില്ല. രണ്ടു പ്രസവങ്ങളും ഭര്‍ത്തൃവീട്ടില്‍ നടത്തി. ആ രണ്ടവസരങ്ങളിലും, അമ്മ സുഖമില്ലാതിരിക്കുന്ന വിവരം കേട്ടപ്പോഴും തനിക്ക് ഭര്‍ത്താവിനെ ഒരുദിവസം പോലും പിരിഞ്ഞിരിക്കാനാവാത്തതിനാല്‍ സ്വന്തം വീട്ടില്‍ വരാനാവില്ലെന്നറിയിച്ചു. അതുരണ്ടും അവളുടെ സ്വന്തം തീരുമാനങ്ങളായിരിക്കാം. പ്രേമിച്ചുവെന്ന തെറ്റിന് ശിക്ഷയേറ്റ അവള്‍ സ്വന്തം മനസ്സിനെ എന്നേക്കുമായി ഇരുട്ടറയിലടച്ചതാവാം.
പെട്ടെന്ന് കേള്‍ക്കുമ്പോള്‍ അദ്ഭുതം തോന്നാമെങ്കിലും സമാനമായ അനുഭവമുള്ളവരുണ്ട്. ഒന്നുകൂടി ആലോചിച്ചുനോക്കൂ. നമ്മുടെ കുടുംബാന്തരീക്ഷങ്ങളില്‍ പ്രണയം എന്നത് എപ്പോഴൊക്കെയോ ഒരു അശ്ലീലപദമായിരുന്നിട്ടില്ലേ? പ്രണയിക്കുന്നത് മഹാമോശം കാര്യമാണെന്ന് ഞങ്ങള്‍ പഠിപ്പിക്കപ്പെട്ടിരുന്നു. പ്രേമം എന്നതാണ് ഞങ്ങള്‍ക്ക് കുറച്ചുകൂടി പരിചിതമായ പദം. ഞാന്‍ നിന്നെ പ്രേമിക്കുന്നു മാന്‍കിടാവേ എന്ന വരി എഴുതി സഹപാഠിക്ക് കൊടുത്തതിന്, പുസ്തകത്തില്‍ വരച്ച ഹൃദയചിഹ്നം കാട്ടിക്കൊടുത്തതിന് തല്ലുകൊണ്ട ആണ്‍കുട്ടികളുണ്ടായിരുന്നു അന്ന്. പ്രേമലേഖനം പിടിക്കപ്പെട്ടാല്‍ പ്രേമമുണ്ടെങ്കിലും ഇല്ലെങ്കിലും പെണ്‍കുട്ടിയുടെ കാര്യത്തില്‍ ഒരു തീരുമാനമായി!
'പ്രേമിക്കുന്ന പെണ്‍കുട്ടി' കുടുംബത്തിന് അപമാനമുണ്ടാക്കുന്നവളാകയാല്‍ അവള്‍ അതിവേഗം വിവാഹിതയായേക്കും. എന്തെങ്കിലും നിവൃത്തിയുണ്ടെങ്കില്‍ അവളുടെ പ്രണയിയാവില്ല വിവാഹത്തിലെ വരനെന്ന് ഉറപ്പാണ്. ഉദാഹരണത്തിന് നമ്മുടെ പഴയ ബ്ലോക്ക്ബസ്റ്റര്‍ കുടുംബസിനിമകളിലൂടെ വെറുതെയൊന്ന് പോയിനോക്കൂ.
സിനിമയിലും നോവലിലുമൊക്കെ ഇഷ്ടവിഷയമായ പ്രേമം കുടുംബത്തിനകത്ത് ഘോരമായ അപരാധമാകുന്നതെങ്ങനെയാണ്?
രണ്ടുകാര്യങ്ങളാണ്. ഒന്ന്, ജാതിവ്യവസ്ഥയ്ക്കും മാമൂലുകള്‍ക്കുമെതിരായ അതിന്റെ നില. രണ്ട്, സ്വന്തം ജീവിതപങ്കാളിയെയും ജീവിതവും തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ സ്ത്രീക്കുണ്ടായേക്കാവുന്ന സ്വയംനിര്‍ണയാധികാരം. രണ്ടും ഒരുതരത്തിലും ക്ഷമിച്ചുതരാന്‍ ആണധികാരവ്യവസ്ഥയില്‍ പുലരുന്ന സമൂഹത്തിന് സാധിക്കില്ല. രണ്ടും സ്വന്തം നിലയ്ക്കുതന്നെ അതിന് പരിക്കുപറ്റിക്കും. ജാതിനിരാസവും പെണ്ണിന്റെ സ്വയംനിര്‍ണയാവകാശവും ഒന്നിച്ചു പ്രവര്‍ത്തിക്കുന്നിടത്ത് ദുരഭിമാനക്കൊല നടത്തിയിട്ടായാലും സമൂഹം അതിനെ തടയാന്‍ ശ്രമിക്കും. നമുക്കുമുന്നില്‍ ജീവിക്കുന്ന രക്തസാക്ഷികളുണ്ട്.
നാം ഷോര്‍ട്ട്കട്ട് വഴി വന്ന് ജാതിയില്‍ കയറി. ഇനി ഈ സംഭാഷണം ശ്രദ്ധിക്കൂ.
''അവിടെ വന്ന് ഞങ്ങള്‍ എന്താണ് ചോദിക്കേണ്ടത്? ടീച്ചറുടെ അച്ഛന്റെ പേരു പറഞ്ഞാല്‍ മതിയോ?''
''രാജപ്പന്‍ മാസ്റ്ററുടെ വീടേതാണെന്ന് ചോദിച്ചാല്‍ മതി.''
''രാജപ്പന്‍ മാസ്റ്ററോ?''
''അതെ, മാഷ് എന്നുപറഞ്ഞാലും മതി.''
''ആണോ? ഞങ്ങള്‍ടെ അടുത്തൊക്കെ മാസ്റ്റര്‍, മാഷ് എന്നൊക്കെ ചേര്‍ക്കുന്നത് ... ജാതിയിലുള്ളവരാണ്. കേട്ടിട്ടില്ലേ, ദേവരാജന്‍ മാഷ്...''
''ഏത്? വയലാര്‍ - ദേവരാജന്‍?''
''അതെ, അതുതന്നെ.''
കാലം രണ്ടായിരത്തിയഞ്ചാണ്. പുതിയതായി ജോയിന്‍ചെയ്ത സ്‌കൂളില്‍നിന്നുണ്ടായ അനുഭവമാണ്. നവാഗതയുടെ ജാതിയറിയുകയെന്ന ഉദ്ദേശ്യത്തിനാണെങ്കിലും ഉപയോഗിക്കപ്പെട്ട ഉദാഹരണത്തിന്റെ സൂക്ഷ്മത അക്ഷരാര്‍ഥത്തില്‍ ഞെട്ടലുണ്ടാക്കി. അത്തരത്തില്‍ ചിന്തിക്കാതിരുന്ന ദശലക്ഷം പേര്‍ ഇവിടെ ജീവിച്ചുവെന്നത് അത്തരത്തില്‍ ചിന്തിച്ച നൂറുപേരെങ്കിലും ഇവിടെയുണ്ടായിരുന്നുവെന്നതിനെ റദ്ദുചെയ്യുന്നില്ല. നിര്‍ഭാഗ്യവശാല്‍ ആ ന്യൂനപക്ഷത്തിന്റെ ചിന്തയ്ക്ക് വരേണ്യതയുടെ സംരക്ഷണമുണ്ടായിരുന്നു. ഒരു വലിയവിഭാഗം ജനത അവരുടെ ജാതിയുടെയും ലിംഗപദവിയുടെയും ശാരീരിക പ്രത്യേകതകളുടെയും പേരില്‍ സാധാരണത്വത്തിലേക്ക് തുഴഞ്ഞെത്താന്‍ പോലും പ്രയാസപ്പെടുന്നുണ്ടെന്ന് എത്രതവണ ആവര്‍ത്തിച്ചാലും മനസ്സിലാകാത്തവര്‍ നമുക്കുചുറ്റുമുണ്ട്.
ജാതിയെക്കുറിച്ചു സംസാരിക്കുമ്പോള്‍ ഇപ്പോഴും കേരളത്തില്‍ ഇങ്ങനെയൊക്കെയുണ്ടോ എന്ന് അമ്പരക്കുന്ന നിരവധി മനുഷ്യരെ കണ്ടിട്ടുണ്ട്. അതില്‍ സമൂഹത്തിലെ വിവിധ ശ്രേണികളില്‍പ്പെട്ടവരുണ്ട്.
പലതരം പ്രിവിലെജുകള്‍ക്കുമേല്‍ സ്ഥാനംപിടിച്ചുകൊണ്ടാണ് അവരില്‍ പലരും ലോകത്തെ വിലയിരുത്തുന്നത്.
ജാതിയുമായി ബന്ധപ്പെട്ട വിവേചനങ്ങളും സംഘര്‍ഷങ്ങളും അവസാനിപ്പിക്കാന്‍ മിശ്രവിവാഹം നല്ലൊരുപാധിയാണ്. അതൊരു സാമൂഹികപരിഷ്‌കരണോപാധിയാകുന്നത്, ആയിരുന്നത് അതുകൊണ്ടാണ്.
പ്രണയവിവാഹങ്ങള്‍ക്ക് സമൂഹത്തെ പുരോഗനോന്മുഖമായി പരിവര്‍ത്തിപ്പിക്കാന്‍ കഴിയും. പ്രണയം വിപ്ലവമാകുന്നത് അത് ജാതിക്ക് എതിര്‍നില്‍ക്കുന്നതുകൊണ്ടാണ്.
.jpg?$p=8a7b7b1&&q=0.8)
ഇന്ത്യന്‍ സാഹചര്യത്തില്‍ ജാതിപോലെ സങ്കീര്‍ണമായ ഒരു യാഥാര്‍ഥ്യമില്ല. അതുകൊണ്ടുതന്നെ അതുമായി ബന്ധപ്പെട്ട സംവാദങ്ങള്‍ക്ക് ഏകതാനമായ സ്വഭാവമല്ല ഉണ്ടാവുക. സാമാന്യമായ ഒരു വസ്തുത, ജാതിയെ മറികടക്കാന്‍ ശ്രമിക്കുന്നവര്‍പോലും അതിന്റെ വലയില്‍ ഏറ്റവും സ്വാഭാവികമായി കുടുങ്ങിപ്പോകുമെന്നതാണ്.
ജാതിമാറിയുള്ള വിവാഹംചെയ്യുന്നവര്‍ ആദ്യം മറികടക്കേണ്ടത് അവരവരുടെതന്നെ ഉള്ളിലുള്ള ജാതിയെയാണ്. മിശ്രവിവാഹം സന്ദര്‍ഭത്തിന്റെ സൃഷ്ടിയെന്ന നിലയിലല്ല, കൃത്യമായ ഒരു രാഷ്ട്രീയനിലപാടിന്റെ ഭാഗമായിത്തന്നെ സംഭവിക്കേണ്ടതാണ്. മനുഷ്യരെയും അവരുടെ സവിശേഷതകളെയും സ്വാതന്ത്ര്യത്തെയും അന്തസ്സിനെയും അംഗീകരിക്കുകയും പരിഗണിക്കുകയും ചെയ്യണം. പ്രണയമുണ്ടെങ്കിലും ഇല്ലെങ്കിലും അതാണു ശരി. അല്ലെങ്കില്‍ നേരത്തേ നാം സൂചിപ്പിച്ച ജീവിതം കൊടുക്കലിന്റെയും വാങ്ങലിന്റെയും പ്രശ്‌നമുണ്ടാകാം.
'ഉയര്‍ന്ന' ജാതിക്കാരിയായ സ്ത്രീയെ വിവാഹംകഴിക്കുന്ന 'താഴ്ന്ന' ജാതിക്കാരനായ പുരുഷന്‍, താന്‍ കാരണമാണ് ഭാര്യക്ക് അവരുടെ ജാതിപദവി നല്‍കിയിരുന്ന സാമൂഹികാംഗീകാരത്തില്‍നിന്ന് പുറത്തുപോവേണ്ടിവന്നത്, എന്നരീതിയില്‍ ചിന്തിച്ചേക്കാം. 'താഴ്ന്ന' ജാതിക്കാരനെ വിവാഹംചെയ്തതുകാരണം തനിക്ക് സാമൂഹികമായ നഷ്ടങ്ങളുണ്ടായി എന്ന് സ്ത്രീയും ചിന്തിച്ചുവെന്നുവരാം. മറിച്ച്, 'ഉയര്‍ന്ന' ജാതിയിലെ പുരുഷനും 'താഴ്ന്ന' ജാതിയിലെ സ്ത്രീയുമാണ് വിവാഹിതരാകുന്നതെങ്കിലും കാര്യങ്ങള്‍ അങ്ങനെയൊക്കെത്തന്നെയാണ്. പക്ഷേ, ഈ സന്ദിഗ്ദ്ധത ഇത്രത്തോളം തീവ്രമായിരിക്കില്ല എന്നുമാത്രം. അവിടെ പുരുഷന്റെ സാമൂഹികപദവിയും ലിംഗാധികാരവുംകൂടി പ്രവര്‍ത്തിക്കും. ജാതിക്ക് വലിയൊരു പ്രത്യേകതയുണ്ട്. അതിനെതിരേ സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തിട്ടും മനുഷ്യര്‍ക്ക് ഉള്ളുകൊണ്ട് അതിനെ മറികടക്കാനായില്ലെങ്കില്‍ അതിലേക്ക് പൂര്‍വാധികം ശക്തമായി വലിച്ചിട്ടുകൊണ്ടാണ് അവരവരിലെ ജാതിബോധം പ്രതികരിക്കുക.
മനുഷ്യരുടെ ഏറ്റവും വലിയ വെല്ലുവിളി അവരവരെ നിയന്ത്രിക്കുക എന്നതുതന്നെയായിരുന്നു എക്കാലത്തും. അതെന്തായാലും കുട്ടികളുടെ ജീവിതംവെച്ച് ഇത്തരം മനുഷ്യര്‍ സ്വന്തം ജീവിതത്തില്‍ തിരുത്തലിനു ശ്രമിച്ചുകളയും. അതത് മേല്‍വിലാസങ്ങളിലേക്ക് തിരിച്ചുപോകാനുള്ള അവരുടെ ശ്രമങ്ങള്‍ ചിലപ്പോള്‍ കുട്ടികളില്‍ അപകര്‍ഷത നിറയ്ക്കും. ഞാന്‍ മിശ്രവിവാഹിതരായ ദമ്പതിമാരുടെ മകളായിരുന്നു. പക്ഷേ, ഇല്ലെന്ന് ഭാവിക്കുമ്പോഴും, സര്‍ട്ടിഫിക്കറ്റുകളില്‍ എഴുതാതിരിക്കുമ്പോഴും, ജാതി ഞങ്ങളുടെകൂടെയുണ്ടായിരുന്നു. ഡിഗ്രിക്ക് പഠിക്കുന്ന സമയത്ത് പ്രിയപ്പെട്ട അധ്യാപികയുടെ വീട്ടിലേക്ക് ഞങ്ങള്‍ നാലഞ്ചുകൂട്ടുകാര്‍ കയറിച്ചെന്നു. കൂട്ടത്തിലുള്ള ഒരു പെണ്‍കുട്ടി ടീച്ചറുടെ സമുദായക്കാരിയായിരുന്നുവെന്ന് അവരുടെ ഇടപെടലില്‍നിന്നു മനസ്സിലായി. നമ്മുടെകൂട്ടത്തിലെ ആണ്‍കുട്ടികള്‍ക്ക് നല്ല പെണ്‍കുട്ടികളെ കിട്ടാനില്ലെന്ന് അവര്‍ പറഞ്ഞു. അവളുടെ വിവാഹം പെട്ടെന്നു നടക്കുമെന്നും വെളുത്ത നിറവും നിഷ്‌കളങ്കഭാവവും അവളുടെ ഭാവിവരന്റെ ഭാഗ്യമാണെന്നും ടീച്ചര്‍ രോമാഞ്ചംകൊണ്ടു. അസൂയയോടെയും അപകര്‍ഷതയോടെയും ഞങ്ങള്‍ അവളെ നോക്കി. എന്റെയും സഹോദരിയുടെയും ഇന്റര്‍കാസ്റ്റ് നിലയെ പരാമര്‍ശിച്ചുകൊണ്ട് നിങ്ങള്‍ക്ക് ആണ്‍കുട്ടികള്‍ വരുമ്പോഴാണ് ഇതു പ്രശ്‌നമാവുക, പോരാത്തതിന് നീ തടിച്ചിട്ടുമാണല്ലോ എന്നു ടീച്ചര്‍ ഖേദിച്ചു. വിവാഹക്കാര്യം സംസാരിക്കുന്നവരോട് ഒന്നാംവാക്യത്തില്‍ത്തന്നെ എന്റെ ജാതിനില പറയുന്ന ശീലം അന്നുകിട്ടിയതാണ്. അതൊരാദര്‍ശത്തിന്റെ ഭാഗമായല്ല, സ്വന്തം കുറവുകളിലൊന്നായാണ് ഉള്‍ക്കൊണ്ടതും അവതരിപ്പിച്ചതും എന്നുമാത്രം. പഠിച്ച് ഒരു ജോലിനേടേണ്ടതിന്റെ ആവശ്യകത തിരിച്ചുപോരുമ്പോള്‍ ഞങ്ങള്‍ പരസ്പരം പറഞ്ഞുറപ്പിച്ചു.
അതിങ്ങനെയായിരുന്നു:
'നീനയെ(പേര് സാങ്കല്പികം)പ്പോലല്ല, നമുക്ക് പഠിക്കുകയേ നിവൃത്തിയുള്ളൂ.'
ഉദ്യോഗസ്ഥയായതിനുശേഷം നടന്ന വിവാഹത്തിലടക്കം ഒരു കീഴ്നില എനിക്കും രക്ഷിതാക്കള്‍ക്കുമുണ്ടായിരുന്നു എന്നത് എന്റെ ചരിത്രമാണ്. അതുകൊണ്ടുതന്നെ അത് നിഷേധിക്കാവുന്നതല്ല. അതിനുള്ള ഒരേയൊരു കാരണം ജാതിതന്നെയായിരുന്നു. ഉയര്‍ന്നതെന്ന് കീര്‍ത്തിപ്പെട്ട ജാതിനിലയുള്ള ഒരുവന്‍ വന്ന് എനിക്ക് ജാതിയോ സ്ത്രീധനമോ ശരീരസ്ഥിതിയോ പ്രശ്‌നമല്ല എന്നുപറയുമ്പോള്‍ 'കുറവുകളുള്ള' പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ രോമാഞ്ചപ്പെട്ടുപോകുന്നത് സ്വാഭാവികമാണ്. അവര്‍ പുലര്‍ന്നുവന്ന സാമൂഹികസാഹചര്യങ്ങള്‍ക്കകത്തുവെച്ചേ അവര്‍ക്ക് നിലപാടുകള്‍ രൂപവത്കരിക്കാനാവൂ. നേരത്തേ പറഞ്ഞ 'ജീവിതം കൊടുക്കലി'ന്റെ ഒരു പരിഷ്‌കൃതരൂപമാണതെന്ന് അവര്‍ തിരിച്ചറിയണമെന്നില്ല.
കുടുംബക്ഷേത്രത്തിലെ വിശേഷദിവസം വഴിപാടുകള്‍ക്കായി പേരുകള്‍ പറയുന്നതിനിടയില്‍ ഇടയ്ക്കുകയറി അച്ഛന്റെ പേരിനൊപ്പം വാല്‍ചേര്‍ത്തുപറഞ്ഞ പങ്കാളിയോട് ആ പേരുള്ളയാളല്ല എന്റെ അച്ഛന്‍ എന്നു പ്രതിഷേധിക്കേണ്ടിവന്നിട്ടുണ്ട്. കുടുംബക്കാരാണ് വഴിപാട് കൗണ്ടറിലുള്ളത്, എനിക്ക് പ്രശ്‌നമൊന്നുമില്ല. പക്ഷേ, അവരെ എന്തിനറിയിക്കണം എന്ന മറുപടി കേട്ട് നിശ്ശബ്ദയായിട്ടുമുണ്ട്. അത്തരം സമയങ്ങളിലെ നിശ്ശബ്ദതകള്‍ക്കുള്ളിലുണ്ടാകുന്ന ഇടിച്ചിലിന്റെ പേരില്‍ പിന്നീട് വലിയ വിലകൊടുക്കേണ്ടിവരുമെന്നത് ഒരു സത്യമാണ്. നേരത്തേ പറഞ്ഞല്ലോ, സ്വന്തം ന്യൂനതകളിലൊന്നായി രക്ഷിതാക്കളുടെ ജാതിനിലയെയോ മിശ്രവിവാഹിതനിലയെയോ മനസ്സിലാക്കിയെടുത്തതുകാരണമാണ് ആ നിശ്ശബ്ദതയുണ്ടായത്. അത് തെറ്റായ ഒരു മനസ്സിലാക്കലാണ്. മറ്റൊരാളുടെ ഔദാര്യത്തിലാണ് ജീവിതം കെട്ടിപ്പടുത്തത് എന്ന ബോധം എക്കാലവും വിധേയപ്പെട്ടുനില്‍ക്കാനുള്ള ചീട്ടാണ്. വിവാഹം പോലെയൊരു കരാറിലേക്ക്, കുടുംബം പോലെയൊരു സ്ഥാപനത്തിലേക്ക് അത്തരം ബോധവുമായി പ്രവേശിക്കരുത്. സ്വതേ ആണധികാരത്തിന്റെ വിളഭൂമിയാണ് ഇന്ത്യന്‍ കുടുംബങ്ങള്‍. ജാത്യധികാരം അതിന്റെ വളമാണ്.
പേഴ്സണല്‍ ഈസ് പൊളിറ്റിക്കല്‍, അല്ലേ?
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..