സ്ത്രീകളെ കുടുംബത്തിലിരിക്കാത്ത പെണ്ണുങ്ങളെന്നു വിശേഷിപ്പിച്ച് നിന്ദിക്കുന്ന തലമുറയോടും പരാതിയില്ല


ആര്‍. രാജശ്രീ

5 min read
Read later
Print
Share

രണ്ടു വ്യക്തികള്‍ തമ്മിലുള്ള ബന്ധവും വംശനാശം വന്ന ചില തോന്നലുകളും

പ്രതീകാത്മക ചിത്രം, വര- ഉള്ള്യേരിക്കാരൻ

'അയാള്‍ നിങ്ങളെ എന്തുകൊണ്ടാണ് വിവാഹം ചെയ്തത്? ''
അല്ലെങ്കില്‍
''നിങ്ങള്‍ അയാളെ വിവാഹം ചെയ്തതിനു കാരണമെന്തായിരുന്നു?''

ഉത്തരം നാം കരുതുന്നപോലെ അത്ര എളുപ്പമല്ല. കാരണം ഇത് വിവാഹാലോചനയില്‍ത്തുടങ്ങുന്ന ഒന്നല്ലാത്തതു തന്നെ. നാം ജനിച്ചതും പേരു നല്കപ്പെട്ടതും വളര്‍ച്ചയിലെ ഓരോ ഘട്ടവും താണ്ടിയതും ഇതിനുള്ള ഉത്തരമായാണ്. സംശയമുണ്ടോ?

താന്‍ അവകാശാധികാരങ്ങളുള്ള ഒരു മനുഷ്യജീവിയാണെന്ന ബോധത്തിനു പകരം കുറവുകളോടെ ജനിച്ച ഒരാളാണെന്ന തോന്നലാണ് സ്ത്രീയെ ഭരിക്കുക. ജനിച്ച വീടുവിട്ട് മറ്റൊരിടത്ത് വേരുറപ്പിക്കാന്‍ എന്തൊക്കെ അഭ്യാസങ്ങള്‍ വേണ്ടിവരുമോ അതൊക്കെ പഠിച്ചെടുക്കലാണ് സ്ത്രീയുടെ ജന്മലക്ഷ്യം എന്ന് കുടുംബവും സമൂഹവും ഉറപ്പിക്കും. എന്റെ തലമുറയില്‍ അത് പരസ്യമായിത്തന്നെ പറഞ്ഞുറപ്പിച്ചിരുന്നു. ദരിദ്രരും നിസ്സഹായരുമായ പെണ്‍കുട്ടികളെ രക്ഷിക്കുന്ന വീരനായകന്മാരെ നാം ഇപ്പോഴും കാണാറില്ലേ? അത്തരം പെണ്‍കുട്ടികള്‍ ആജീവനാന്തം രക്ഷകര്‍ക്കു വിധേയകളായില്ലെങ്കില്‍ എന്താണ് അവരെ കാത്തിരിക്കുന്നത്?
എത്രയോ സിനിമകള്‍, കഥകള്‍, നോവലുകള്‍ , നാട്ടുവര്‍ത്തമാനങ്ങള്‍ അത്തരത്തില്‍ നാം കേട്ടിട്ടുണ്ട്. എന്തെങ്കിലും കുറവുകളുള്ളവരെ സ്വീകരിക്കാനെത്തുന്ന മഹത്തുക്കളെ നാം എന്നും ആരാധനയോടെയാണ് കാണുക. ആലോചിച്ചു നോക്കൂ, ഏതുതരത്തിലുള്ള കുറവുകളും (അങ്ങനെ പറയാമെങ്കില്‍ ) മറ്റുള്ളവരുടെ ദൃഷ്ടിയിലാണ് അങ്ങനെയാവുന്നത്. അവരാണ് അതിനെ കുറവുകളെന്ന് വിളിച്ചത്. നാം അവരുടെ ദൃഷ്ടി കടമെടുക്കുകയായിരുന്നു. നമ്മുടെ 'കുറവുകള്‍' മറ്റുള്ളവരുടെ ഔദാര്യത്തിലാണ് പരിഹരിക്കപ്പെടുന്നതെന്നല്ലേ നാം പഠിച്ചത്?

അത് നമ്മുടെ വ്യക്തിത്വത്തിന്റെയും ജീവിതത്തിന്റെയും ഭാഗമാണ്, അവയോടു കൂടിയാണ് നാം അംഗീകരിക്കപ്പെടേണ്ടത് എന്ന് ആരെങ്കിലും പറഞ്ഞു തന്നിരുന്നോ? പോട്ടെ, നാം അംഗീകാരം അര്‍ഹിക്കുന്നവരാണെന്നെങ്കിലും?

സര്‍വലക്ഷണ യുക്തകളായ മണവാട്ടിമാരാവുക എന്നത് ഞങ്ങളുടെ തലമുറയിലെ പെണ്‍കുട്ടികള്‍ സ്വപ്‌നം കണ്ടിരുന്നു. അക്കാലത്തെ കല്യാണ ആല്‍ബങ്ങള്‍ എടുത്തു നോക്കിയാല്‍ മണവാട്ടിക്ക് ചുറ്റും കൗതുകം കൊണ്ടു വിടര്‍ന്ന കണ്ണുകളുമായി കുറേ പെണ്‍കുട്ടികളെ കാണാമായിരുന്നു. മണവാട്ടിമാരുടെ വസ്ത്രങ്ങള്‍ , ആഭരണങ്ങള്‍ ചമയങ്ങള്‍ എന്നിവയൊക്കെ അനുകരിക്കാനും സ്വന്തമാക്കാനും രണ്ടു വഴികളേ ഉണ്ടായിരുന്നുള്ളൂ. സ്‌കൂള്‍ കലോത്സവങ്ങളില്‍ മണവാട്ടിയുടെ വേഷം കെട്ടുക ,അല്ലെങ്കില്‍ ശരിക്കും കല്യാണം കഴിക്കുക. സ്ത്രീജീവിതത്തിന്റെ ലക്ഷ്യങ്ങളിലൊന്നായി അതിനെത്തന്നെയാണ് ഞങ്ങളില്‍ ഭൂരിപക്ഷവും കണ്ടിരുന്നത്. സിനിമയിലായാലും സാഹിത്യത്തിലായാലും നായികയ്ക്ക് ജീവിതം കൊടുക്കുന്ന നായകന്മാരെ ഞങ്ങള്‍ക്ക് വലിയ ഇഷ്ടമായിരുന്നു. ആ നായകന്മാരോട് നന്ദികേട് കാണിക്കുന്ന പെണ്ണുങ്ങള്‍ ചെകിട്ടത്ത് അടി മേടിക്കുന്നതില്‍ യാതൊരു തെറ്റുമില്ലെന്ന് ഞങ്ങള്‍ വിശ്വസിച്ചിരുന്നു.

'ജീവിതം കൊടുക്കുക' എന്ന പ്രയോഗത്തിന് പരമാവധി മനുഷ്യ വിരുദ്ധമാകാനും പറ്റും എന്ന് ഞങ്ങളന്ന് തിരിച്ചറിഞ്ഞിരുന്നില്ല. കൊടുക്കുന്നവനും വാങ്ങുന്നവളും തമ്മില്‍ അധികാരിയുടെയും വിധേയയുടെയും ബന്ധമാണുള്ളത്. അവിടെ സ്‌നേഹം പ്രവര്‍ത്തിക്കില്ല. നന്ദിയും ഔചിത്യവും ഉണ്ടായേക്കും.

ഇടയ്‌ക്കൊന്നു ചോദിച്ചോട്ടെ,

''നിങ്ങള്‍ അതിലെ അപകടം തിരിച്ചറിയുന്നുണ്ടോ?'' വളരെ പഴയൊരു കാലത്തുണ്ടായിരുന്ന, വംശനാശം വന്ന ഒരു തോന്നലിനെക്കുറിച്ചാണ് ഈ പറഞ്ഞതെന്ന് നിങ്ങള്‍ക്കു ശരിക്കും തോന്നുന്നുണ്ടോ? ചില ഭൂതബാധകള്‍ നമ്മെ ഒഴിയാതെ പിന്തുടരാന്‍ സാധ്യതയുണ്ട്.

'ഥപ്പട് ' എന്ന സിനിമ കണ്ടിട്ടില്ലെങ്കില്‍ നിര്‍ബ്ബന്ധമായി കാണണം. ഒരടി അത്ര വലിയ കാര്യമാക്കാനുണ്ടോ എന്ന ചോദ്യവും സിനിമ പുരോഗമിക്കെ രൂപപ്പെടുന്ന ഉത്തരവും കൂടി കഴിഞ്ഞ കാലത്തിന്റെ പ്രതിചരിത്രമായി പ്രവര്‍ത്തിക്കുന്നതു കാണാം.

'തിങ്കളാഴ്ച നിശ്ചയം' എന്ന സിനിമയുടെ പോസ്റ്റ് ക്ലൈമാക്‌സില്‍, ''ഞാനോള്‍ക്ക് ഒരു ജീവിതം കൊടുക്കാമെന്നു കരുതിയതാണ് '' എന്ന പുരുഷവിലാപം കേള്‍ക്കുമ്പോള്‍ ഉയരുന്ന അടക്കിച്ചിരികളില്‍ എനിക്ക് പ്രതീക്ഷയുണ്ട്. പഴയ ചില ആദര്‍ശങ്ങള്‍ തികഞ്ഞ ഔദാര്യങ്ങളായിരുന്നുവെന്ന തിരിച്ചറിവാണ് ആ ചിരിക്കുപിന്നില്‍.

നമ്മുടെ ജീവിതം ആരുടെയും ഔദാര്യമല്ല, സത്യമായും. അത്തരം ബന്ധങ്ങളില്‍ മനുഷ്യരെന്ന അന്തസ്സ് ഉണ്ടാവില്ല എന്നത് ഓര്‍ത്തിരിക്കണം. ദാരിദ്ര്യം മൂലം ബുദ്ധിമുട്ടുന്ന കുടുംബങ്ങളില്‍ നിന്ന് ഒരാളെങ്കിലും രക്ഷപ്പെടട്ടെ എന്ന ആഗ്രഹം കാരണം വിവാഹബന്ധങ്ങളിലെത്തിപ്പെട്ട് ഒരു ജീവിതം മുഴുവന്‍ അടിമപ്പണിയെടുക്കേണ്ടി വന്ന ചിലരുടെ വേദന നേരിട്ടറിയാം. അതുകൊണ്ട് പറഞ്ഞു പോകുന്നു. അങ്ങനെയല്ലാത്ത മനുഷ്യരുണ്ടാവാം. അവരാണ് ലോകത്തിന്റെ ഭംഗി.

അതു നില്ക്കട്ടെ, നമുക്ക് തിരിച്ചു വരാം. ഞങ്ങളുടെ മലയാളം അദ്ധ്യാപകര്‍ പത്താം ക്ലാസില്‍ 'യാത്രാമംഗളം' എന്ന പാഠം പഠിപ്പിച്ചു. പ്രിയങ്കരിയായ കുടുംബിനിയാകാന്‍ എന്തൊക്കെ ചെയ്യണമെന്ന് ശകുന്തളയെ മുന്‍നിര്‍ത്തി അവര്‍ ഞങ്ങളോടു പറഞ്ഞു.

'വാണിട്ടിങ്ങനെ കന്യയാള്‍ ഗൃഹിണിയാ, മല്ലെങ്കിലോ ബാധ താന്‍ ' എന്നു കേള്‍ക്കുന്ന പതിനഞ്ചുകാരിക്ക് കുടുംബിനി അല്ലെങ്കില്‍ ബാധ എന്നീ രണ്ട് ഓപ്ഷനുകളില്‍ നിന്ന് തെരഞ്ഞെടുക്കേണ്ടിയിരുന്നു സ്വന്തം ഭാവി.
പുരാണിക് എന്‍സൈക്ലോപീഡിയ നല്ല പുസ്തകമാണ്. പൗരാണിക കഥാപാത്രങ്ങളുടെ വിത്തും വേരും ചികയാന്‍ വേണ്ട കോപ്പുകളൊക്കെയുള്ള, റഫറന്‍സ് മൂല്യമുള്ള പുസ്തകം. വെട്ടം മാണി അതെഴുതി നിവര്‍ന്നപ്പോള്‍ ലോകമഹായുദ്ധം കഴിഞ്ഞു പോയിരുന്നത്രേ.

ആ പുസ്തകത്തിലെ കഥകള്‍ പെട്ടെന്ന് അവസാനിക്കാത്തതു കൊണ്ട് അതിനെ കൂട്ടുപിടിച്ച ഒരു ബാല്യകാലം എനിക്കുണ്ടായിരുന്നു. ഇതിഹാസങ്ങളിലും പുറത്തുമുള്ള പ്രധാന കഥാപാത്രങ്ങളെയൊക്കെ സ്വന്തമായി കരുതാന്‍ തുടങ്ങിയെന്നതാണ് അതിന്റെയൊരു ഫലം. കലാകാരനും വീരനുമായ അര്‍ജ്ജുനനും തന്ത്രശാലിയും കാമുകനുമായ കൃഷ്ണനും ധീരനും ഏകപത്‌നീ വ്രതക്കാരനുമായ രാമനും ശക്തനും മദ്യപനുമായ ബലരാമനും ധാര്‍മ്മികനും നിസ്സഹായനുമായ കര്‍ണ്ണനുമൊക്കെയാണ് പുരുഷ സ്വരൂപങ്ങളായി അന്ന് മനസ്സിലുറച്ചു പോയത്. രാജകുമാരിയെ രക്ഷിക്കാന്‍ സാഹസികതയുടെ ഏതറ്റം വരെയും പോകുന്ന രാജകുമാരന്മാര്‍ പല രാജ്യങ്ങളിലെ നാടോടിക്കഥകളിലും ആദര്‍ശധീരരായ കഥാപാത്രങ്ങള്‍ വെള്ളിത്തിരയിലും നിരന്നുകൊണ്ട് ആ പുരുഷസ്വരൂപങ്ങളെ പിന്തുണച്ചു. സ്വാഭാവികമായും ഇത്രയുമാകുമ്പോള്‍ ഈ ധീരോദാത്തരുടെ പ്രണയത്തിന് അര്‍ഹരായ സ്ത്രീകളിലേക്ക് ശ്രദ്ധ പോകുമല്ലോ. അവരൊക്കെയും ന്യൂനതകളില്ലാത്തവരായിരുന്നു. സര്‍വ ലക്ഷണങ്ങള്‍ തികഞ്ഞ സുന്ദരിമാരും ഉന്നതകുലജാതരുമായിരുന്നു. അവരാണ് എന്റെ തലമുറയുടെ വളര്‍ച്ചയെയും പരിണതിയെയും കാഴ്ചയെയും ഒരു പരിധി വരെ നിയന്ത്രിച്ചിരുന്നത്.

വായനയും കാഴ്ചയും മനുഷ്യരെ മാറ്റിയെടുക്കും, പക്ഷേ പലതരം പ്രിവിലേജുകള്‍ക്ക് പുറത്തു നില്ക്കുന്ന മനുഷ്യരെ അതെങ്ങനെയൊക്കെ മാറ്റുമെന്നത് ചിലപ്പോള്‍ പ്രവചനാതീതമാകും. പ്രണയം,വിവാഹം, ദാമ്പത്യം എന്നിവയെക്കുറിച്ചു മാത്രമല്ല മനുഷ്യത്വത്തെക്കുറിച്ചു പോലും തികച്ചും രേഖീയമായ ചിന്താഗതിയുമായാണ് ഞങ്ങളുടെ തലമുറ രൂപപ്പെട്ടതെന്നാണ് പറഞ്ഞുവന്നത്.

കുറവുകളുണ്ടായിരിക്കുക എന്നത് മരണതുല്യമായി ഞങ്ങള്‍ കണ്ടു. രാജ്യം നഷ്ടപ്പെടുന്നത് രാജകുമാരന്റെ കുറവു കൊണ്ടോ കഴിവില്ലായ്മ കൊണ്ടോ അല്ല, അതയാളുടെ ധര്‍മ്മവ്യസനിത്വമോ സത്യപരായണത്വമോ ആണ്. പക്ഷേ അയാളുടെ പ്രണയം നഷ്ടമാകുന്നത് പ്രണയിനിയുടെ കുറവുകൊണ്ടുതന്നെയാണ്. അങ്ങനെ വരാനേ ന്യായമുണ്ടായിരുന്നുള്ളൂ. 'പതിയില്‍ പ്രിയം ജനിപ്പിക്കേണ്ടവള്‍' എന്ന് പത്‌നിയെ നിര്‍വചിക്കുന്നതില്‍ത്തന്നെ അതുണ്ട്. പാതിവ്രത്യമല്ലാതെ സ്ത്രീക്ക് മറ്റൊരു വ്രതവും വേണ്ടതില്ല എന്ന നിര്‍ദേശത്തിലുണ്ട്. ഭാവിവരനു വേണ്ടി ഒരുക്കി വയ്‌ക്കേണ്ട ഒന്നായി സ്വന്തം ജീവിതത്തെ മനസ്സിലാക്കിയ അസംഖ്യം സ്ത്രീകളായി ഞങ്ങള്‍ പരുവപ്പെട്ടു. അതു കൊണ്ട് സ്വാഭിപ്രായമുള്ള സ്ത്രീകളെ കുടുംബത്തിലിരിക്കാത്ത പെണ്ണുങ്ങളെന്നു വിശേഷിപ്പിച്ച് നിന്ദിക്കുന്ന ഒരു തലമുറയോടും പരാതിയില്ല. അത് സ്വയം പരിക്കേല്പിച്ചു കൊണ്ടു മാത്രം പറിച്ചെറിയാവുന്ന ഒരു മനോഭാവമായി അവരില്‍ ഉറച്ചു പോയി. അതുകൊണ്ട് അവരോട് സഹതപിക്കാനേ നിവൃത്തിയുള്ളൂ.

അത്ഭുതകരമായ സംഗതി ഇക്കണ്ട എല്ലാ പരിവര്‍ത്തനങ്ങള്‍ക്കിപ്പുറം പുതിയ തലമുറയിലെ പെണ്‍കുട്ടികളും അത്തരമൊരു മനോഭാവത്തിനു വഴിപ്പെടുന്നുവെന്നതാണ്. അത് അവരവരിലുണ്ടാക്കുന്ന തകര്‍ച്ചകളുടെ ആഴം തിരിച്ചറിയാനാവുന്നില്ലെന്നതാണ് .

വിവാഹമെന്നത് എല്ലാ ആഡംബരങ്ങള്‍ക്കും അലങ്കാരങ്ങള്‍ക്കുമപ്പുറത്ത് രണ്ടു വ്യക്തികള്‍ തമ്മിലുള്ള ബന്ധം തന്നെയാണ്. പക്ഷേ, നാം കേട്ടിരിക്കുന്നത് അത് രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള ബന്ധമാണെന്നായിരിക്കും. വ്യക്തിയെ / വ്യക്തികളെ അപ്രധാനമാക്കിക്കൊണ്ടുള്ള ഒരു സാമൂഹിക ക്രമത്തിന്റെ സൃഷ്ടിയാണ് ആദര്‍ശാത്മകമെന്ന് ഇന്ത്യന്‍ സമൂഹത്തിന് ഒരു വിചാരമുണ്ട്.
വ്യക്തി, കുടുംബം, സമൂഹം, രാജ്യം എന്ന് രേഖീയമായ ഒരു നിലയിലുള്ള ചിന്ത ഒരു പാട് വൈവിധ്യങ്ങളെ തള്ളിക്കളയുന്നതു കൂടിയാണ്. മനുഷ്യബന്ധങ്ങളിലെ വൈവിദ്ധ്യങ്ങളെ കുറ്റകൃത്യമായിപ്പോലും എണ്ണിക്കളയുന്ന വിധത്തിലാണ് അതിന്റെ നില.

ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിക്കുന്ന മനുഷ്യരുടെ വാര്‍ത്തകള്‍ക്കടിയില്‍ ശരീരം, ജാതിമത നിലകള്‍, സാമൂഹികപദവി, സാമ്പത്തികാവസ്ഥ തുടങ്ങിയവയുടെ പേരില്‍ തെറി വിളികളുമായെത്തുന്നവരെ ധാരാളമായി കാണാം. തങ്ങള്‍ക്ക് യാതൊരു തരത്തിലുള്ള അധികാരമോ അവകാശമോ ഇല്ലാത്ത കാര്യത്തിലാണ് ഇടപെട്ടുകൊണ്ടിരിക്കുന്നതെന്ന ബോധം പോലുമില്ലാതെ അവിടെ വിഹരിക്കുന്നവരുണ്ട്.

മലയാളത്തില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഒരു റിയാലിറ്റി ഷോയിലെ മത്സരാര്‍ത്ഥികള്‍ തമ്മില്‍ വിവാഹം ചെയ്‌തേക്കുമെന്ന ഗോസിപ്പിനടിയില്‍ അവരെ നിര്‍ലജ്ജം ബോഡി ഷെയിമിംഗ് നടത്തുന്നവരെ കാണാം. അവര്‍ പൊതു സമ്മതിയുള്ള ശാരീരിക നിലയുള്ളവരല്ല എന്നതാണ് അതിന് അടിസ്ഥാനം. ഭര്‍ത്താവിന്റെ ശരീരം വലുതും ഭാര്യയുടെ ശരീരം ചെറുതുമായി നാം സങ്കല്പിച്ചു പഠിച്ചു പോയതു കൊണ്ട്, ഭര്‍ത്താവിന് ഭാര്യയെക്കാള്‍ പ്രായക്കൂടുതലുണ്ടാവുന്നത് അനിവാര്യമാണെന്ന് നാം വിശ്വസിച്ചു പോയതുകൊണ്ട് അങ്ങനെയല്ലാത്തതെല്ലാം ആക്ഷേപാര്‍ഹമായിത്തോന്നും. അത്തരം 'ചേരായ്മ 'കളില്‍ നിന്ന് ഇന്നും നാം കോമഡിയുണ്ടാക്കും. കണ്ടു ചിരിക്കുകയും ചെയ്യും. അതില്‍ മനുഷ്യ വിരുദ്ധതയുണ്ടെന്ന് നാം തിരിച്ചറിയുകയേയില്ല. വാസ്തവത്തില്‍ ഇതൊക്കെയും പങ്കുവയ്ക്കുന്നത് ഒരേ മനോനില തന്നെയാണ്.

ഒരു വിവാഹബന്ധം കുറ്റമറ്റതും ലക്ഷണയുക്തമായും മാത്രമേ സങ്കല്പിക്കാന്‍ പറ്റൂ എന്ന പൊതുബോധത്തില്‍ നിന്നാണ് ഇക്കണ്ട അഭ്യാസങ്ങളൊക്കെ നടക്കുന്നത്. വാസ്തവത്തില്‍ ഇത് ആരുടെ പരിമിതിയാണ്?
വ്യക്തികള്‍ തമ്മിലുള്ള എല്ലാ ബന്ധങ്ങളും എല്ലായ്‌പ്പോഴും ഫലം ആഗ്രഹിച്ചു കൊണ്ടുണ്ടാവുന്നതല്ല. മുറുകുന്ന ബന്ധങ്ങളെപ്പോലെ തന്നെ സ്വാഭാവികമാണ് അയയുന്ന ബന്ധങ്ങളും. രണ്ടു വ്യക്തികള്‍ തമ്മിലുള്ള ബന്ധങ്ങള്‍ക്കകത്തേക്ക് കുടുംബവും സമൂഹവും സ്റ്റേറ്റുമൊക്കെ കൈ കടത്തുന്നതാണ് വിവാഹത്തെ ഏറെ സങ്കീര്‍ണ്ണമാക്കുന്നത്. അതുകൊണ്ടാണ് അതിനെക്കുറിച്ച് ഏറെ പറയേണ്ടി വരുന്നത്. ഇനി ശ്രദ്ധിക്കൂ, മേല്‍ ചോദിച്ച ചോദ്യങ്ങള്‍ നിങ്ങളുടെ പേഴ്‌സണല്‍ കാര്യം മാത്രം അല്ലാതായതു കണ്ടോ ?

Content Highlights: rajasree about indian marriages

Add Comment
Related Topics

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ആര്‍.രാജശ്രീ

4 min

വിവാഹദിവസം തന്നെ ഭാര്യമാരെ പെരുമാറ്റച്ചട്ടങ്ങള്‍ പഠിപ്പിക്കുന്ന ഭര്‍ത്താക്കന്‍മാര്‍

Aug 31, 2023


പ്രതീകാത്മക ചിത്രം

4 min

സെക്‌സ് ആനന്ദകരമാക്കാന്‍ പെണ്ണും ആണും അറിയേണ്ട കാര്യങ്ങള്‍

Sep 26, 2023


r.rajasree

4 min

തൃപ്തി ലൈംഗികജീവിതത്തില്‍ മാത്രം ബാധകമായ ഒന്നല്ല

Aug 24, 2023