വിവാഹം ഒരിക്കലും നമ്മുടെ ലക്ഷ്യമല്ല; പോകുന്ന വഴിയിലെ ഒരു സാധാരണ സംഭവം മാത്രം


എം. ജി. മല്ലിക

5 min read
Read later
Print
Share

എന്നെ തകര്‍ത്തതെന്തോ അതിനെ ഞാന്‍ വലിച്ചെറിഞ്ഞു. ജീവിതത്തേക്കാള്‍ മനോഹരമായതായി മറ്റൊന്നുമില്ലെന്ന് തിരിച്ചറിഞ്ഞത് അപ്പോഴാണ്. യോജിക്കാന്‍ കഴിയാത്ത ദാമ്പത്യത്തില്‍നിന്നും ധൈര്യപൂര്‍വം ഇറങ്ങിപ്പോന്നു

എം. ജി. മല്ലിക

എല്ലാ ദിവസവും നല്ല ദിവസമാണ്. പക്ഷേ, നിങ്ങള്‍ക്ക് നല്ലതാവണമെന്നില്ല. നിങ്ങളെ സ്‌നേഹിക്കുന്ന എല്ലാവരേയും നിങ്ങള്‍ തിരിച്ചു സ്‌നേഹിക്കുന്നില്ലല്ലോ. അതു പോലെ നിങ്ങള്‍ സ്‌നേഹിക്കുന്ന എല്ലാവരില്‍ നിന്നും സ്‌നേഹം തിരിച്ച് കിട്ടിയെന്ന് വരില്ല. നിങ്ങള്‍ എല്ലാവരോടും സത്യം പറയാറില്ലല്ലോ. അതുപോലെ എല്ലാവര്‍ക്കും എപ്പോഴും സത്യം പറയാന്‍ കഴിഞ്ഞെന്ന് വരില്ല. നമുക്ക് എല്ലാ കളികളിലും നീതി പാലിക്കാന്‍ കഴിയാറില്ലല്ലോ. അതു പോലെ എല്ലാവര്‍ക്കും എല്ലായ്‌പ്പോഴും നമ്മളോട് നീതി കാണിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കരുത്.

ഈ വരികളിലാണ് എന്റെ ജീവിതത്തെ ഞാന്‍ എഴുതി തുടങ്ങുന്നത്. അങ്ങനെ ആണ് ഞാന്‍ അതിജീവിച്ചത്. അതുകൊണ്ടാണ് എനിക്ക് വെറുപ്പില്ലാതെ ആളുകളെ സ്‌നേഹിക്കാന്‍ കഴിയുന്നത്.
എന്തായിരുന്നു എന്റെ ജീവിതം? ഓര്‍ക്കാന്‍ ഒരു കുട്ടിക്കാലം എനിക്കുണ്ടായിരുന്നോ എന്ന് എന്നോട് തന്നെ ചോദിച്ചിട്ടുണ്ട്. ഓര്‍മവെച്ച കാലം മുതല്‍ നിസ്സഹായതയും അരക്ഷിതാവസ്ഥയും ആയിരുന്നു ജീവിതം മുഴുവന്‍. അച്ഛനും അമ്മയും തമ്മില്‍ സ്‌നേഹത്തോടെ സംസാരിക്കുകയും എന്നെ ലാളിക്കുകയും ചെയ്ത ഒരു ഭൂത കാലം ഓര്‍മയില്‍ ഇല്ല. പനി പിടിച്ച് വിറച്ച് ചുരുണ്ടു കൂടി കീറപ്പായയില്‍ ദ്രവിച്ച പുതപ്പും പുതച്ചു കിടക്കുമ്പോള്‍ എന്റെ നെറ്റിയില്‍ തടവാറുണ്ടായിരുന്ന ചാണകവും വിയര്‍പ്പും ചേര്‍ന്ന സമ്മിശ്ര ഗന്ധത്തോടെയുള്ള അമ്മയുടെ കരങ്ങള്‍ നല്‍കിയ സാന്ത്വനം പിന്നീട് ഇതുവരെ എനിക്ക് ലഭിച്ചിട്ടില്ല.

അച്ഛന്‍ മരിക്കുന്നതു വരെ അമ്മയ്ക്ക് എഴുത്തും വായനയും അറിയാമായിരുന്നു എന്ന് എനിക്കറിയില്ലായിരുന്നു. വളഞ്ഞു കുത്തി അരിവാളുപോലെ ആയിരുന്നു എന്റെ അമ്മ. അമ്മയുടെ നാല്പത്തഞ്ചാം വയസ്സിലായിരുന്നു എന്റെ ജനനം. ഇപ്പൊ അമ്മ തൊണ്ണൂറ്റി അഞ്ചിലും ഞാന്‍ അന്‍പതിലും നില്‍ക്കുന്നു. നിങ്ങളുടെ മുന്നില്‍ ഞാന്‍ ഒരു യൂണിവേഴ്‌സിറ്റി അധ്യാപികയാണ്. പ്രാസംഗികയാണ,് ചാനല്‍ ചര്‍ച്ചകളില്‍'സാമൂഹിക നിരീക്ഷകയും' 'സാമ്പത്തിക ശാസ്ത്രവിദഗ്ധ'യും ആണ്. പക്ഷേ, എനിക്ക് ഞാന്‍ ഓലച്ചൂട്ടിന്റെ വെളിച്ചത്തില്‍ കിലോമീറ്റര്‍ അപ്പുറമുള്ള കിണറിലെ വെള്ളം തലയില്‍ ചുമന്ന് കുന്നു കയറുന്ന ഒരു നിസ്സഹയായ പെണ്‍കുട്ടിയാണ്. അടുപ്പിന്റെ വെളിച്ചത്തില്‍ പുസ്തകം നിവര്‍ത്തിപിടിച്ചു പിറ്റേന്നേക്കുള്ള ഹോംവര്‍ക്ക് ചെയ്തു തീര്‍ക്കാന്‍ വെമ്പല്‍ കൂട്ടുന്ന ഒരു നാട്ടിന്‍ പുറത്തു കാരി. പരസഹായമില്ലാതെ എഴുന്നേറ്റു നടക്കാന്‍ കഴിയാതിരുന്ന അച്ഛനെ വെളിക്കിരുത്താന്‍ മുറ്റത്തേക്കിറങ്ങാന്‍ സഹായിക്കുമ്പോള്‍ മലര്‍ന്നടിച്ചു വീണപ്പോള്‍ അച്ഛനെന്തെങ്കിലും പറ്റിയോ എന്ന ആധിയില്‍ ചാടി എഴുന്നേറ്റു വാവിട്ടു നിലവിളിച്ച പന്ത്രണ്ടുകാരി. ഇതിനപ്പുറം ഇതുവരെ എനിക്ക് നടന്നു കയറാന്‍ കഴിഞ്ഞിട്ടില്ല. അങ്ങനെ കഴിയാത്തതാണ് എന്റെ അതിജീവന രഹസ്യം. അവിടെത്തന്നെയാണ് എന്റെ തകര്‍ച്ചയുടെ ഒടുക്കവും ഉയര്‍ച്ചയുടെയും തുടക്കവും.

വിഷാദം എന്റെ കൂടപ്പിറപ്പായിരുന്നുവെന്ന് തോന്നുന്നു. കുട്ടിക്കാല അനുഭവങ്ങളും സ്‌നേഹ രാഹിത്യവുമാവാം വിഷാദത്തിന്റെ തുടക്കം. വിവാഹത്തിനുശേഷം പലപ്പോഴും യോജിക്കാന്‍ കഴിയാത്ത ഒരു ബന്ധം തുടര്‍ന്നുകൊണ്ടുപോകാന്‍ എന്നെ പ്രേരിപ്പിച്ചതും എന്റെ കുട്ടിക്കാലത്തിന്റെ ഓര്‍മകളും അതില്‍നിന്നും ഞാന്‍ എന്നെക്കുറിച്ച് മനസ്സിലാക്കി വെച്ച ചിത്രവും അത് സൃഷ്ടിച്ച മൂല്യ ബോധ്യവും ആയിരുന്നിരിക്കാം. എങ്കിലും അതിജീവിക്കേണ്ടത് എന്റെ ആവശ്യമായിരുന്നു. ഇന്ന് പുറകോട്ടു തിരിഞ്ഞു നോക്കുമ്പോള്‍ ആ അനുഭവങ്ങളില്‍ ഒരു പങ്കാളി ആയല്ല, നാടകം കാണുന്ന ഒരു കാണിയായി എന്നെ സങ്കല്‍പ്പിക്കാന്‍ കഴിയുന്നത് അതുകൊണ്ടാവും.

എന്റെ വിവാഹം എന്റെ ഇഷ്ടമായിരുന്നില്ല. കാരണം എന്റെ ഇഷ്ടങ്ങള്‍ എന്താണെന്നുപോലും എനിക്ക് അറിയില്ലായിരുന്നു. ഒരു സൗകര്യവും സാഹചര്യവും ഇല്ലാതിരുന്നിട്ടും ഞാന്‍ വിദ്യാഭ്യാസം നേടി. പക്ഷേ, ജീവിതത്തില്‍ ആവശ്യമായ ഒരു വിവരവും എനിക്ക് ഉണ്ടായിരുന്നില്ല. മറ്റുള്ളവരെ വേദനിപ്പിക്കരുതെന്നും അതിനു വേണ്ടി സ്വയം വേദനിക്കണമെന്നുമുള്ള തെറ്റായ സിദ്ധാന്തം ഉള്ളില്‍ പേറിയത് കൊണ്ടുമാവാം ഇഷ്ടമില്ലാതിരുന്നിട്ടും വിവാഹത്തിന് സമ്മതമാണ് എന്ന് പറയേണ്ടി വന്നത്. അങ്ങനെ പറഞ്ഞ ശേഷം ആദ്യം ഒന്നിച്ചു പോയ ഫിലിം ഫെസ്റ്റിവലില്‍ വെച്ച് എന്റെ ശരീരത്തിന്റെ നിമ്‌നോന്നതങ്ങളിലേക്ക് കടന്നു കയറിയ കൈകളെ അരുതെന്നു പറഞ്ഞു മാറ്റാന്‍ കഴിയാതെ ഭൂമി പിളര്‍ന്ന് അതിലേക്കു കടന്നു കയറണമെന്നു തോന്നിയിട്ടും അഭിനയിച്ചു നിന്നത്. ഒരു പ്രതീക്ഷയുമില്ലാതെ വിവാഹ വേദിയില്‍ ചിരിച്ചഭിനയിച്ചു മറ്റുള്ളവരെ അമ്പരപ്പിച്ചത്. എന്നെ ഏറെ പ്രണയിച്ച വ്യക്തിയോട് (അതിനു ശേഷം അത്രയും തീവ്രമായ പ്രണയം ഞാന്‍ ആരിലും കണ്ടിട്ടില്ല) എനിക്ക് പറയാനുള്ള കാര്യം പറയാന്‍ കഴിയാതിരുന്ന കുറ്റബോധത്താല്‍ നീറി നീറി കഴിഞ്ഞത്. ഒരാളെയും വേദനിപ്പിക്കാതിരിക്കണമെന്ന ഫിലോസഫി കാരണമാണ് ഞാന്‍ വേദനയുടെയും വിഷാദത്തിന്റെയും ഉമിത്തീയില്‍ കരിഞ്ഞു തീര്‍ന്നത്.

എന്തൊക്കെയാണ് എഴുതുന്നത് എന്നാവും നിങ്ങള്‍ ചിന്തിക്കുന്നുണ്ടാവുക. യഥാര്‍ത്ഥത്തില്‍ പാടില്ല എന്ന് പറയേണ്ടിടത്തു മൗനം പാലിച്ചതും വേണം എന്ന് പറയേണ്ടിടത്തു വേണ്ടെന്നു പറയുകയും ചെയ്തതായിരുന്നു എന്റെ തോല്‍വി. എന്നാല്‍ മരിക്കുമെന്നോ ഭ്രാന്താവുമെന്നോ തീര്‍ച്ചയായപ്പോള്‍ അതിനേക്കാള്‍ നല്ലതു ജീവിച്ചിരിക്കുന്നതാണ് എന്ന് പറയാന്‍ കരുത്താര്‍ജ്ജിച്ചു എന്നതും ലോകത്തിനു മുന്നില്‍ തല കുനിക്കാതെ തന്റേടത്തോടെ തല നിവര്‍ത്തി എഴുന്നേറ്റു നിന്ന് പക ഇല്ലാതെ, വെറുപ്പില്ലാതെ എന്റെ ലോകം എന്റെ ശരി എന്ന് വിളിച്ചു പറയാന്‍ കഴിഞ്ഞതാണ് എന്റെ വിജയം.

ഈ ലോകം അതിജീവിച്ചവര്‍ക്കുള്ളതാണ്. അഴുകി തീരുന്നവര്‍ക്കുള്ളതല്ല . ഒരു തകര്‍ന്നടിഞ്ഞ വണ്ടിയുടെ വിലയേ ഞാന്‍ എന്റെ ജീവിതത്തിനു കൊടുത്തിരുന്നുള്ളൂ എന്ന് സാരം. അതുകൊണ്ടു തന്നെ സൂക്ഷ്മതയില്ലാതെ ആര്‍ക്കൊക്കെയോ എന്റെ ജീവിതത്തിന്റെ വണ്ടി ഞാന്‍ ഓടിക്കാന്‍ കൊടുത്തു. അവര്‍ക്കു തോന്നുന്നിടത്തൊക്കെ അവര്‍ ഇടിച്ചു നിര്‍ത്തി. ഒടുവില്‍ ഞാന്‍ അതിന്റെ സ്റ്റിയറിങ് ഏറ്റെടുത്തു. എത്ര പൊട്ടി പൊളിഞ്ഞ വണ്ടിയിലും എന്‍ജിന്‍ ശക്തമാണെങ്കില്‍ പിടിച്ചു നില്‍ക്കാമെന്ന് ഞാന്‍ പഠിച്ചു. അങ്ങനെയാണ് എന്റെ ജീവിതത്തിനെ ഞാന്‍ പുനരുജ്ജീവിപ്പിച്ചത്. എന്താണോ എന്നെ തകര്‍ത്തത് അതിനെ ഞാന്‍ വലിച്ചെറിഞ്ഞു. ഏറ്റവും മോശമെന്ന് ഞാന്‍ കരുതിയ ജീവിതം അതിമനോഹരമെന്നും ജീവിതത്തോളം മനോഹരമായ മറ്റൊന്നില്ല എന്നും ഞാന്‍ തിരിച്ചറിഞ്ഞത് അപ്പോഴാണ്. വിഷാദത്തിന്റെ നെരിപ്പോടില്‍ നില്‍ക്കുമ്പോള്‍ ഒരു ദിവസം പോലും വീട്ടില്‍ ഇരിക്കാന്‍ തോന്നാതിരുന്ന എനിക്ക്, ഒരു നിമിഷം വിട്ടു നില്‍ക്കാന്‍ കഴിയാത്ത സ്വര്‍ഗ്ഗമായി വീട് മാറിയത് അസ്വാതന്ത്ര്യത്തിന്റെ കല്‍ക്കെട്ടുകള്‍

പൊളിക്കപ്പെട്ടപ്പോഴാണ്. അതായത് ഞാന്‍ വിവാഹമോചിത ആയപ്പോള്‍. ഇവിടെ ഊന്നി പറയേണ്ട ഒരു കാര്യം, ഞാന്‍ വിഷാദത്തില്‍ പെട്ടത്, എനിക്ക് ആത്മഹത്യ ചെയ്യാന്‍ തോന്നിയത്,
ഉന്മാദത്തിന്റെയും ആത്മഹത്യയുടെയും നൂല്‍പ്പാലത്തിലൂടെ ഞാന്‍ സഞ്ചരിച്ചത് മറ്റാരുടെയും കുറ്റം കൊണ്ടായിരുന്നില്ല എന്നതാണ്. എനിക്ക് കഴിയാത്തിടത്തു നിന്ന് സ്വയം കഴിയുന്ന ഇടത്തേക്ക് ഞാന്‍ മാറേണ്ടത് എന്റെ ഉത്തരവാദിത്വമാണ് എന്ന് മനസ്സിലാക്കിക്കാന്‍ ഞാന്‍ പഠിച്ച പുസ്തകങ്ങള്‍ക്കോ എന്നെ പഠിപ്പിച്ച അധ്യാപകര്‍ക്കോ കഴിഞ്ഞില്ല എന്നതാണ് സത്യം. ജീവിതം എത്ര നിസ്സാരമാണ് എന്നും നമ്മള്‍ ജീവിച്ചിരിക്കേണ്ടത് നമ്മുടെ മാത്രം ഉത്തരവാദിത്തമാണ് എന്നും എന്നാണോ നമ്മള്‍ പഠിക്കുന്നത് അന്ന് മാത്രമേ നമ്മുടെ അടിമ ച്ചങ്ങല നമുക്ക് പൊട്ടിച്ചെറിയാന്‍ കഴിയൂ എന്നതാണ് സത്യം. ഇതിനര്‍ത്ഥം എല്ലാ ബന്ധങ്ങളും പൊട്ടിച്ചെറിയണം എന്നല്ല. യോജിക്കാന്‍ കഴിയുന്നവയേ യോജിക്കൂ എന്നതാണ് സത്യം. അല്ലാത്തവ വികര്‍ഷിച്ചുകൊണ്ടേയിരിക്കും.

യോജിക്കാന്‍ കഴിയുന്നവയെ എങ്ങനെ ആണ് തിരിച്ചറിയുക എന്നതാണ് പ്രയാസം. വിയോജിപ്പുകളെയും. യോജിക്കുന്നവര്‍ ചേര്‍ന്ന് നില്‍ക്കുമ്പോള്‍ നമ്മുടെ ഊര്‍ജവും ശക്തിയും പതിന്മടങ്ങ് ഉയരത്തിലേക്ക് പോകും. മാത്രമല്ല നമ്മുടെ ആത്മവിശ്വാസവും പരസ്പരം യോജിക്കുന്നവരുടെ ചേരലിലൂടെ ആണ് ഉണ്ടാവുന്നത് എന്നാണ് തോന്നിയിട്ടുള്ളത്. ഏറ്റവും പ്രധാനപ്പെട്ട വസ്തുത നമ്മുടെ ജീവിതം കരുപ്പിടിപ്പിക്കേണ്ടത് നമ്മുടെ അധ്വാനം കൊണ്ടാണ്. അല്ലാതെ മറ്റാരെങ്കിലും പോറ്റാന്‍ നിന്ന് കൊടുക്കുന്ന ഒരു കറവ പശു ആയല്ല. നമ്മുടെ കൂടെ ജീവിക്കുന്ന മനുഷ്യന്‍ ആരായാലും അയാളെ ഒരു സ്വതന്ത്ര വ്യക്തിയായി കാണുകയും എന്റെ ജീവിതം എന്റെ അധ്വാനം കൊണ്ട് എന്ന ബോധം എല്ലാവരിലും ജനിപ്പിക്കാനും കഴിയേണ്ടത് വിദ്യാഭ്യാസത്തിലൂടെ ആണ്. എന്നാല്‍ പുരുഷന്റെ തണലില്‍ കഴിയേണ്ട ഒരു പാഴ്‌ച്ചെടി ആയാണ് നമ്മുടെ സമൂഹം സ്ത്രീയെ കാണുന്നത്. ആ കാഴ്ചപ്പാട് മാറിയാലേ നമ്മുടെ കുഞ്ഞുങ്ങള്‍ വിവാഹമെന്ന കുരുക്കില്‍ പെട്ട് മരിക്കാതിരിക്കുകയും മരിച്ചു കൊണ്ട് ജീവിക്കാതിരിക്കുകയും ചെയ്യൂ.
വിവാഹം ഒരിക്കലും നമ്മുടെ ലക്ഷ്യമല്ല. പോകുന്ന വഴിയിലെ ഒരു സാധാരണ സംഭവം മാത്രമാവണം. നമ്മുടെ ലക്ഷ്യം എന്നത് തീരുമാനിക്കേണ്ടത് നമ്മളാണ്. വഴിയില്‍ വെച്ച് നമ്മുടെ കൂടെ കയറിയ സഹയാത്രികന് വിട്ടുകൊടുക്കേണ്ടതല്ല നമ്മുെട ജീവിതലക്ഷ്യം. ഇത് സ്ത്രീക്ക് മാത്രമല്ല, പുരുഷനും ബാധകം. നമ്മുടെ നിയമവും വ്യവസ്ഥയും തീര്‍ച്ചയായും സ്ത്രീപക്ഷമല്ല എന്ന പോലെ തന്നെ പുരുഷ പക്ഷവുമല്ല. അത് മനുഷ്യ പക്ഷം പോലുമല്ല. കുറ്റവാളികളെ സൃഷ്ടിച്ചു വെടിവെച്ച് കൊല്ലുന്നതിലല്ല, കുറ്റവാളികളെ മനുഷ്യരായി മാറ്റി തീര്‍ക്കുന്നതിലാണ് നിയമ വ്യവസ്ഥ ശ്രദ്ധിക്കേണ്ടത്. മറ്റുള്ളവരെ നോക്കാനുള്ള ഉത്തരവാദിത്തം ബോധപൂര്‍വം അടിച്ചേല്‍പ്പിക്കുന്നതിലല്ല, സ്വയം നോക്കാന്‍ പ്രാപ്തി നേടാന്‍ സഹായിക്കുകയാണ് നമ്മുടെ വിദ്യാഭ്യാസമേഖല ചെയ്യേണ്ടത്. കുഞ്ഞുങ്ങളെ ഇൗയ്യാം പാറ്റകളെ പോലെ കത്തി എരിയാന്‍ പ്രേരിപ്പിക്കലല്ല, ഏതു പ്രതിസന്ധിയിലും തളര്‍ന്നു പോകാതെ പിടിച്ചു നില്‍ക്കാന്‍ സഹായിക്കലാണ് പാരന്റിങ്. ഇതാണ് ഞാന്‍ മുന്നോട്ടുവെക്കുന്ന മതം.

അമ്മയ്ക്കും മകള്‍ക്കും ഒപ്പം എം. ജി. മല്ലിക

നിങ്ങള്‍ എന്നെ വലിഞ്ഞു മുറുക്കുമ്പോള്‍ നിങ്ങളെ എങ്ങനെ വലിച്ചു മുറുക്കും എന്നാലോചിക്കലല്ല എങ്ങനെ ചങ്ങല പൊട്ടിച്ചു സ്വതന്ത്രയാവാം എന്ന് ചിന്തിക്കലാണ് എന്റെ മതം. ഞാനാണ് ശരി എന്ന് വിളിച്ചു പറയലല്ല, ഞാനാണ് ശരി എന്ന് നിങ്ങള്‍ക്ക് തോന്നുന്ന തരത്തില്‍ ജീവിക്കലാണ് എന്റെ മതം. ഭയം കൊണ്ട് ജീവിച്ചിരിക്കുമ്പോഴേ മരിക്കലല്ല. മരണത്തിലേക്ക് ജീവിക്കലാണ് എന്റെ മതം.

Content Highlights: mg mallika about her marriage and life

Add Comment
Related Topics

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ആര്‍.രാജശ്രീ

4 min

വിവാഹദിവസം തന്നെ ഭാര്യമാരെ പെരുമാറ്റച്ചട്ടങ്ങള്‍ പഠിപ്പിക്കുന്ന ഭര്‍ത്താക്കന്‍മാര്‍

Aug 31, 2023


പ്രതീകാത്മക ചിത്രം

4 min

സെക്‌സ് ആനന്ദകരമാക്കാന്‍ പെണ്ണും ആണും അറിയേണ്ട കാര്യങ്ങള്‍

Sep 26, 2023


r.rajasree

4 min

തൃപ്തി ലൈംഗികജീവിതത്തില്‍ മാത്രം ബാധകമായ ഒന്നല്ല

Aug 24, 2023