25 മില്യണ്‍ ഡോളര്‍ വിലയുള്ള നെക്ലേസ്, ലക്ഷം മുത്തുപതിച്ച ഗൗണ്‍; ലോക ഫാഷന്റെ സ്വപ്‌നഭൂമിക മെറ്റ് ഗാല


റോസ് മരിയ വിന്‍സെന്റ്‌

5 min read
Read later
Print
Share

സാധാരണയായി മെയ് മാസത്തിലെ ആദ്യ തിങ്കളാഴ്ചയാണ് മെറ്റ് ഗാല നടക്കുന്നത്. 1973 മുതലാണ് മെറ്റ് ഗാലയില്‍ തീം അനുസരിച്ചുള്ള വസ്ത്രം ധരിച്ചെത്തുന്ന പതിവ് തുടങ്ങിയത്.

2023 മെറ്റ് ഗാലയിൽ ആലിയ ഭട്ട്‌ (ഫോട്ടോ- ഗെറ്റി ഇമേജസ്‌)

ലോകത്തിലെ ഫാഷന്‍ ചിന്തകളുടെ ഓരോകണവും ഒരിടത്തേക്ക് ഒത്തുകൂടിയാല്‍ എങ്ങനെയുണ്ടാവും. ഓരോ ഡിസൈനറും അയാളുടെ ഭാവനയുടെ അങ്ങേയറ്റം വരെ പോയാല്‍ എന്തൊക്കെ ഭാവങ്ങളാവും റാംപിലെത്തുക. ഓരോ വര്‍ഷവും ന്യൂ യോര്‍ക്ക് സിറ്റി സൗന്ദര്യം, ഫാഷന്‍ എന്നീ ചിന്തകളെ മാറ്റിമറിക്കുന്ന അത്തരമൊരു ആഘോഷത്തിന് വേദിയാകുന്നുണ്ട്. മെറ്റ് ഗാല. 1948 ല്‍ ഫാഷന്‍ പബ്ലിസിസ്റ്റായ ലാംബെര്‍ട്ട് മെറ്റ് ഗാല എന്ന ഒരു ധനസമാഹരണ പരിപാടി അവതരിപ്പിക്കുമ്പോള്‍ അതിങ്ങനെ ലോകത്തിലെ ഫാഷന്‍ ഡിസൈനര്‍മാരുടെയും താരങ്ങളുടെയും മോഡലുകളുടെയും സ്വപ്‌നവേദിയായി മാറുമെന്നൊന്നും കരുതിയിട്ടുണ്ടാവില്ല. ഇന്ന് ലോകോത്തര നിലവാരമുള്ള ഡിസൈനര്‍മാരുടെയും ആരുടെയും മനംമയക്കുന്ന കോസ്റ്റ്യൂമുകളുടെയും അവയണിഞ്ഞെത്തുന്ന താരങ്ങളുടെയും സംഗമ വേദിയാണ് ഓരോ മെറ്റ്ഗാലയും.

കോസ്റ്റ്യൂം ഇന്‍സ്റ്റിറ്റ്യൂട്ട് ഗാല എന്നറിയപ്പെടുന്ന മെറ്റ് ഗാല, ന്യൂയോര്‍ക്ക് സിറ്റിയിലെ മെട്രോപൊളിറ്റന്‍ മ്യൂസിയം ഓഫ് ആര്‍ട്ട്‌സ് കോസ്റ്റ്യൂം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള വാര്‍ഷിക ധനസമാഹരണ പരിപാടിയായാണ് അറിയപ്പെടുന്നത്. ഫാഷന്‍ കലണ്ടറിലെ ഏറ്റവും അഭിമാനകരവും സവിശേഷവുമായ ഇവന്റുകളിലൊന്നായി പരക്കെ അറിയപ്പെടുന്ന മെറ്റ് ഗാലയെ 'ഈസ്റ്റ് കോസ്റ്റിന്റെ ഓസ്‌കാര്‍' എന്നാണ് വിളിക്കുന്നത്. വസ്ത്രങ്ങളുടെയും ഫാഷന്‍ ആക്‌സസറികളുടെയും ലോകത്തിലെ ഏറ്റവും വലിയ ശേഖരങ്ങളിലൊന്നായ കോസ്റ്റ്യൂം ഇന്‍സ്റ്റിറ്റ്യൂട്ടിനായി ഓരോ വര്‍ഷവും ദശലക്ഷക്കണക്കിന് ഡോളറാണ് മെറ്റ് ഗാലയിലൂടെ സമാഹരിക്കുന്നത്. എഴുപത്തഞ്ച് വര്‍ഷം പിന്നിടുമ്പോഴും ഫാഷന്റെ ഈ ഉത്സവവേദിയില്‍ തിരക്കൊഴിയുന്നില്ല.

എലിസബത്ത് ടെയിലര്‍


ഡിയാന റീലാന്‍ഡ്

വോഗ് മാഗസിന്റെ എഡിറ്റര്‍ ഇന്‍ ചീഫായിരുന്ന, പിന്നീട് കോസ്റ്റ്യൂം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കണ്‍സള്‍ട്ടന്റ് ആയ ഡിയാന റീലാന്‍ഡ് ആണ് മെറ്റ് ഗാലയെ മാറ്റിമറിച്ചത്. മോഡേണ്‍ ഫാഷന്റെ മാറുന്ന മുഖത്തെ ലോകത്തിന് മുന്നില്‍ തുറന്നു വയ്ക്കാനുള്ള വേദിയായി ഡിയാന മെറ്റ് ഗാലയെ മാറ്റുകയായിരുന്നു. മെറ്റ് ഗാലയില്‍ പങ്കെടുക്കുക എന്നാല്‍ ഒരു സോഷ്യല്‍ സ്റ്റാറ്റസ് സിമ്പലായി മാറിയത് ഇതോടെയാണ്. അമേരിക്കയിലെ മാത്രമല്ല ലോകമെങ്ങുമുള്ള താരങ്ങളും ഡിസൈനര്‍മാരും മെറ്റ്ഗാലയുടെ ഗസ്റ്റ് ലിസ്റ്റില്‍ പതിയെ ഇടം പിടിച്ചു. മെറ്റ്ഗാലയിലേക്കുള്ള ക്ഷണക്കത്ത് കിട്ടുന്നത് തന്നെ വലിയ സ്വപ്‌നമായി. എലിസബത്ത് ടെയിലര്‍, ഡിയാന റോസ്, അമേരിക്കയുടെ ആദ്യത്തെ പ്രഥമ വനിത ജാക്ക്വിലിന്‍ കെന്നഡി, ബിനിക്ക ജാഗര്‍, ഡയാന രാജകുമാരി.. എന്നിങ്ങനെ നിരവധി പ്രമുഖര്‍ മെറ്റ്ഗാലയുടെ സ്ഥിരം ലിസ്റ്റിലെത്തി.

ഡിയാന റീലാന്‍ഡ്

മെറ്റ്ഗാല തീം

സാധാരണയായി മെയ് മാസത്തിലെ ആദ്യ തിങ്കളാഴ്ചയാണ് മെറ്റ് ഗാല നടക്കുന്നത്. 1973 മുതലാണ് മെറ്റ് ഗാലയില്‍ തീം അനുസരിച്ചുള്ള വസ്ത്രം ധരിച്ചെത്തുന്ന പതിവ് തുടങ്ങിയത്. The World of Balenciaga' എന്നതായിരുന്നു ആദ്യത്തെ തീം. Romantic And Glamorous Hollywood Design, Vanity Fair: A Treasure Trove തുടങ്ങിയ മെറ്റ് ഗാലയിലെ പ്രസിദ്ധമായ തീമുകളാണ്. 2004 മുതല്‍ ഫാഷന്‍ എന്നാല്‍ യാതൊരു നിബന്ധനകളും ഇല്ലാത്ത ഒന്നാണെന്ന് ലോകത്തോട് പറയും വിധമായി കാര്യങ്ങള്‍. Dangerous Liaisons: Fashion And Furniture In The 18th Century എന്ന 2004 ലെ തീം പരമ്പരാഗത ഫാഷന്‍ രീതികളെയെല്ലാം കാറ്റില്‍ പറത്തുന്നതായിരുന്നു.

അന്തരിച്ച പ്രശസ്ത ജര്‍മന്‍ ഫാഷന്‍ ഡിസൈനര്‍ കാള്‍ ലാഗര്‍ഫെല്‍ഡിന്റെ ജീവിതത്തെയും ഡിസൈനുകളെയും ഓര്‍മിക്കുന്നതാണ് ഈ വര്‍ഷത്തെ മെറ്റ് ഗാല. 'കാള്‍ ലാഗര്‍ഫെല്‍ഡ്: എ ലൈന്‍ ഓഫ് ബ്യൂട്ടി' എന്നാണ് ഈ വര്‍ഷത്തെ തീം. മെറ്റ് ഗാല തീമില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് മുന്‍നിര ഫാഷന്‍ ഡിസൈനര്‍മാരുമായി സഹകരിച്ചാണ് പല സെലബ്രിറ്റികളും തങ്ങളുടെ കോസ്റ്റ്യൂം ഒരുക്കുന്നത്.

2004 മെറ്റ്ഗാല

1995 ല്‍ അന്ന വിന്‍ടൂര്‍ മെറ്റ്ഗാല ചെയര്‍പേഴ്‌സണായപ്പോഴേക്കും ഓരോവര്‍ഷവും 700 വരെ ആളുകളെ പങ്കെടുപ്പിക്കുന്ന രീതിയിലേക്ക് മെറ്റ് ഗാല വളര്‍ന്നിരുന്നു. വിന്‍ടൂറാണ് ഡിസംബര്‍ മാസത്തിലെ ആദ്യത്തെ തിങ്കളാഴ്ചയില്‍ നിന്ന് മെയ് മാസത്തെ ആദ്യ തിങ്കളാഴ്ചയിലേക്ക് മെറ്റ് ഗാല മാറ്റിയത്. ഓരോ മെറ്റ്ഗാലയും കോക് ടെയില്‍ അവറില്‍ തുടങ്ങി ഡിന്നറിലാണ് അവസാനിക്കുന്നത്.

അന്ന വിന്‍ടൂര്‍

ടിക്കറ്റ് ചാര്‍ജ്

സംഭവം അടിപൊളിയൊക്കെ തന്നെ. പക്ഷേ ഫ്രീയല്ല. ടിക്കറ്റ് ചാര്‍ജ് ഉണ്ട്. ഗസ്റ്റ് ലിസ്റ്റില്‍ ഉള്ളവര്‍ക്ക് ടിക്കറ്റ് വേണ്ട. അന്ന വിന്‍ടൂറിന്റെ നേതൃത്വത്തില്‍ കൃത്യമായും കണിശമായും തയ്യാറാക്കുന്ന ലിസ്റ്റാണത്. അവര്‍ക്ക് ഇന്‍വിറ്റേഷന്‍ മതിയാവും. അല്ലാത്തവര്‍ പണമടയ്ക്കണം. ആദ്യകാലത്ത് അത് 50 ഡോളറായിരുന്നു. 2023 ല്‍ 50000 ഡോളറാണ് ചാര്‍ജ്. അതായത് ഏകദേശം 40 ലക്ഷം രൂപ. കഴിഞ്ഞവര്‍ഷം 30000 ഡോളറായിരുന്നു ടിക്കറ്റ് വില.

മെറ്റ് ഗാലയിലെത്തിയ ഇന്ത്യന്‍ താരങ്ങള്‍

പ്രിയങ്ക ചോപ്ര, ദീപിക പദുകോണ്‍ എന്നിവരെല്ലാം മുന്‍ വര്‍ഷങ്ങളില്‍ മെറ്റ് ഗാലയില്‍ പങ്കെടുത്ത ചില പ്രമുഖ ഇന്ത്യന്‍ താരങ്ങളാണ്. താരസുന്ദരി ഐശ്വര്യാ റായ് ഇതുവരെ മെറ്റ് ഗാലയുടെ റെഡ്കാര്‍പ്പറ്റില്‍ ചുവടുവച്ചിട്ടില്ല. ബോളിവുഡ് താരം ആലിയ ഭട്ടിന്റെ ആദ്യത്തെ മെറ്റ് ഗാലയായിരുന്നു ഇത്തവണത്തേത്. ആലിയയെ ഐശ്വര്യാ റായ് എന്ന് തെറ്റിദ്ധരിച്ച് പാപ്പരാസികള്‍ പരിഹാസവും ഏറ്റുവാങ്ങിയിരുന്നു. അഭിനേതാക്കളെ കൂടാതെ മനീഷ് അറോറയും രാഹുല്‍ മിശ്രയും ഉള്‍പ്പെടെയുള്ള നിരവധി ഇന്ത്യന്‍ ഡിസൈനര്‍മാരും മെറ്റ് ഗാലയില്‍ തങ്ങളുടെ ഡിസൈനുകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഈ വര്‍ഷം ഇന്ത്യയില്‍ നിന്ന് നാടാഷ പൂനംവാലയും ഇഷാ അംബാനിയും ഡിസൈനറും ഇഷാ അംബാനിയുടെ സുഹൃത്തുമായ ദിവ്യ മെഹത്തയും ഗാലയിലെത്തിയിരുന്നു.

ദീപിക 2019 ലെ മെറ്റ്ഗാലയില്‍

ഗാലയിലെ കേരളം

ഈ വര്‍ഷത്തെ മെറ്റ് ഗാല വേദിയില്‍ വിരിച്ച വെള്ളയില്‍ നീലയും ചുവപ്പും വരകളുള്ള ആ പരവതാനി നിര്‍മിച്ചിരിക്കുന്നത് നമ്മുടെ കേരളത്തിലാണ്. ചേര്‍ത്തല ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന നെയ്ത്ത് എക്‌സ്ട്രാവീവ് ആണ് ഫാഷന്‍ ലോകത്തെ ആകര്‍ഷിച്ച ആ കാര്‍പ്പറ്റിന് പിന്നിലെ കരങ്ങള്‍. ഏകദേശം 60 ദിവസമെടുത്താണ് കലാകാരന്‍മാര്‍ ഈ പരവതാനി നിര്‍മ്മിച്ചത്. ശിവന്‍ സന്തോഷ്, നിമിഷ ശ്രീനിവാസ്, എന്നിവരാണ് കമ്പനിയുടെ സ്ഥാപകര്‍. സിസല്‍ ഫൈബര്‍ കൊണ്ടാണ് പരവതാനി നിര്‍മ്മിച്ചിരിക്കുന്നത്.

204 കോടി രൂപയുടെ നെക്ലേസ്

നിറയെ ഡയമണ്ടുകള്‍ ചേര്‍ത്തുവച്ചൊരു സിമ്പിള്‍ നെക്ലേസ്. ഇത്തവണത്തെ മെറ്റ്ഗാല വേദിയില്‍ ഫാഷന്‍ ലോകത്തിന്റെ കണ്ണുടക്കിയത് പ്രിയങ്ക ചോപ്ര അണിഞ്ഞ ആ ഡയമണ്ട് നെക്ലേസിലാണ്. ഇറ്റാലിയന്‍ ജ്വല്ലറി കമ്പനിയായ ബള്‍ഗാറിയുടെതാണ് നെക്‌ലേസ്. 11.16 ക്യാരറ്റ് ഡയമണ്ട് നെക്ലേസാണ് ഫാഷന്‍ വേദിയില്‍ പ്രിയങ്കയെ കൂടുതല്‍ മനോഹരിയാക്കിയത്. ഇതിന്റെ വിലയാണ് ഏവരെയും അമ്പരപ്പിച്ചത്. 25 മില്യണ്‍ ഡോളര്‍, അതായത് ഏകദേശം 204 കോടി രൂപ.

പ്രിയങ്ക ചോപ്ര മെറ്റ്ഗാല വേദിയില്‍

ഒരു ലക്ഷം പവിഴ മുത്തില്‍ ആലിയ

തൂവെള്ള ഗൗണില്‍ അതിമനോഹരിയായാണ് ആലിയ റെഡ്കാര്‍പെറ്റിലെത്തിയത്. ഒരു ലക്ഷത്തോളം പവിഴമുത്തുകളാണ് ഗൗണിനെ മനോഹരമാക്കിയത്. സൂപ്പര്‍ മോഡല്‍ ക്ലോഡിയ ഷിഫറിന്റെ ലുക്കില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടു കൊണ്ടാണ് ആലിയ വസ്ത്രം തിരഞ്ഞെടുത്തത്. കാഴ്ചയില്‍ സിമ്പിള്‍ ലുക്കിലുള്ള ഗൗണില്‍ മാലാഖയെ പോലെയാണ് ആലിയ റെഡ്കാര്‍പെറ്റിലെത്തിയത്. വജ്ര മോതിരങ്ങളും കമ്മലുമാണ് പെയര്‍ ചെയ്തത്. മുത്തുകള്‍ കൊണ്ട് എംബ്രോയ്ഡറി ചെയ്‌തെടുത്ത ഗൗണ്‍ ഡിസൈന്‍ ചെയ്തത് പ്രബല്‍ ഗുരുംഗാണ്.

ഇഷാ അംബാനി, ദിവ്യ മെഹത്ത, നാടാഷ പൂനംവാല

വാര്‍ത്തകളിലെ മെറ്റ്ഗാല

ഒരു ഫാഷന്‍ ഇവന്റ് എന്നതിനുമപ്പുറം മെറ്റ്ഗാല വാര്‍ത്തകളില്‍ ഇടം നേടിയ വര്‍ഷങ്ങളുണ്ട്. 1979 ല്‍ അമേരിക്കയുടെ ആദ്യ പ്രഥമവനിത ജാക്വിലിന്‍ കെന്നഡി മെറ്റ്ഗാല റെഡ് കാര്‍പ്പറ്റില്‍ എത്തിയത് വലിയ ചര്‍ച്ചയായിരുന്നു. പിന്നീട് 2001 ല്‍ മെറ്റ് ഗാല തീം Jacqueline Kennedy: The White House Yesar എന്നതായിരുന്നു.

1996 ല്‍ ഒരു വിശിഷ്ടാഥിതി എത്തി. ഡയാന രാജകുമാരിയായിരുന്നു അത്. ചാള്‍സ് രാജകുമാരനുമായി പിരിഞ്ഞതിന് തൊട്ടുപിന്നാലെയായിരുന്നു അത്തരമൊരു പൊതുപരിപാടിയില്‍ ഡയാന എത്തിയത്.

ഡയാന രാജകുമാരി, ജാക്വിലിന്‍ കെന്നഡി

2015 ല്‍ വന്ന സെല്‍ഫി നിരോധനമാണ് മെറ്റ്ഗാലയെ വാര്‍ത്തയിലെത്തിച്ചത്. പരിപാടിയില്‍ ഫോണില്‍ ഫോട്ടോകളെടുക്കുന്നതും സെല്‍ഫിയെടുക്കുന്നതും സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതും എല്ലാം വിലക്കുന്ന നിയമം വിന്‍ടൂര്‍ പാസാക്കി. എന്നാല്‍ 2017 ല്‍ കിം കര്‍ദാഷിയാനും കെയില്‍ ജെന്നറും നിരോധനത്തെ വെല്ലിവിളിച്ച് സെല്‍ഫിയെടുക്കുകയും പുറത്തുവിടുകയും ചെയ്തു.

Content Highlights: History of the Met Gala the Fashion’s Biggest Night

Add Comment
Related Topics

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
beauty

2 min

പെര്‍ഫ്യൂമിന്റെ സുഗന്ധം കൂടുതല്‍ നേരം നിലനില്‍ക്കാന്‍ ഈ വഴികള്‍ പരീക്ഷിക്കാം

Aug 26, 2023


eyebrows

1 min

സൗന്ദര്യവും ആരോഗ്യവുമുള്ള പുരികങ്ങള്‍ സ്വന്തമാക്കാൻ വീട്ടിൽ തന്നെയുണ്ട് പൊടിക്കൈകൾ

Aug 14, 2023


beauty

2 min

ചര്‍മം തിളങ്ങാന്‍ വാക്‌സിങ്, അബദ്ധം ഒഴിവാക്കാന്‍ ഈ വഴികള്‍

Aug 23, 2023