വര: എൻ.എൻ സജീവൻ
ജോലിയില്‍ പ്രവേശിച്ച് ആദ്യ ദിനങ്ങളിലൊന്നിലാണ് രണ്ടാം ക്ലാസ്സില്‍ ഹരിശ്രീ കുറിക്കാന്‍ പോയത്. ക്ലാസ്സിലേക്ക് കടന്നതും പകച്ചുപോയ ബാല്യം എന്നത് പോലെയായിരുന്നു എന്റെ അവസ്ഥ. മറ്റ് ക്ലാസ്സുകളേക്കാള്‍ രണ്ടിരട്ടി ജനസംഖ്യ. ബുള്ളറ്റ് ട്രെയിന്‍പോലെ ബഹളമുണ്ടാക്കി തലങ്ങുംവിലങ്ങും ഓടിക്കളിക്കുന്ന കുട്ടികള്‍.
ഞാന്‍ കസേരയിലിരുന്നപ്പോള്‍ അതാ കരഞ്ഞുവിളിച്ച് ഒരുകൊച്ചുപാവാടക്കാരി വരുന്നു. പാറിപ്പറന്ന തലമുടി അലക്ഷ്യമായി കെട്ടിവച്ചിരിക്കുന്നു... റിബണ്‍ അഴിഞ്ഞു തൂങ്ങിക്കിടക്കുന്നു, മുഷിഞ്ഞ യൂണിഫോം, കൈയിലൊരു വാട്ടര്‍ബോട്ടിലും. ആള്‍ അത്ര പന്തിയല്ലെന്ന് എനിക്ക് തോന്നി. ആ പാവാടക്കാരി എന്നെ മുട്ടിയുരുമ്മി മേശമേല്‍ ചാരി നിലയുറപ്പിച്ചു.
വാത്സല്യത്തോടെ ഞാന്‍ ചോദിച്ചു: ''മോളുടെ പേരെന്താ...''അവള്‍ കേട്ടഭാവം നടിച്ചില്ല. ഞാന്‍ അടുത്ത ചോദ്യം എറിഞ്ഞു ''മോള്‍ എന്തിനാ കരയുന്നേ?''കരച്ചിലിന് ശക്തി കൂടിയതല്ലാതെ മറുപടി ഇല്ല. പലവട്ടം ചോദ്യം ആവര്‍ത്തിച്ചിട്ടും മറുപടി ലഭിക്കാതെ വന്നപ്പോള്‍ എന്റെ ക്ഷമ നശിച്ചു. അതോടെ ചോദ്യത്തിന്റെ ശക്തി കൂട്ടി. തേങ്ങലിനിടയിലൂടെ വിക്കിവിക്കി അവള്‍ മറുപടി പറഞ്ഞു. ''എ... എനിച്ച് വീട്ടി പോണം..'' ബെല്ലടിച്ച ഉടന്‍ പോകാം എന്നുപറഞ്ഞ് ആശ്വസിപ്പിക്കാന്‍ നോക്കിയെങ്കിലും ഏറ്റില്ല.
സീറ്റില്‍ പോയിരിക്കാന്‍ പറഞ്ഞത് അനുസരിക്കാതെ വന്നപ്പോള്‍ കൈയിലിരുന്ന ചൂരലുകൊണ്ട് ഞാന്‍ ഒരു കൊച്ചടി കൊടുത്തു. കരച്ചിലിന്റെ ശക്തി കൂടിയതിനൊപ്പം വായിലുണ്ടായിരുന്ന വെള്ളം അവള്‍ എന്റെ നേരെ നീട്ടിത്തുപ്പി. എല്ലാ കുട്ടികളും ചിരിച്ചു. കൂട്ടത്തിലൊരുവന്‍ എണീറ്റ് പറഞ്ഞു: '' ടീച്ചറേ, കൃഷ്ണവേണി എപ്പോഴും ഇങ്ങനെയാണ്. പറഞ്ഞിട്ട് കാര്യമില്ല...'' സ്റ്റാഫ് റൂമിലെത്തി സഹഅധ്യാപകരോട് സംഭവം പറഞ്ഞപ്പോള്‍ മറുപടി ഇങ്ങനെയായിരുന്നു '' അവള്‍ എല്ലാവരോടും ഇങ്ങനെയാണ് പെരുമാറുന്നത്. വീട്ടിലെ സ്ഥിതിയും കണക്കാണ്... വിട്ടേക്ക് ടീച്ചറേ.''
കൃഷ്ണവേണിയും ഞാനും തമ്മിലുള്ള യുദ്ധം സ്ഥിരം കലാപരിപാടിയായി മാറി. ഞാന്‍ അവഗണിച്ച് തുടങ്ങിയത് അവളിലെ വീറും വാശിയും കൂട്ടിയതേ ഉള്ളൂ. ഒരുദിവസം ക്ലാസ്സില്‍ ചെന്നപ്പോള്‍ കൃഷ്ണവേണിയില്ല. അവള്‍ അവധിയാണെന്നറിഞ്ഞപ്പോള്‍ എനിക്കെന്തോ സന്തോഷം തോന്നി. എന്നാല്‍ പിന്നെ ചിന്തിച്ചപ്പോള്‍ വല്ലാത്ത കുറ്റബോധം പിന്നാലേകൂടി... എട്ടുംപൊട്ടുംതിരിയാത്ത കുഞ്ഞിനോട് എന്തിന്റെ പേരിലായാലും ദേഷ്യം കാണിക്കുന്നത് ശരിയല്ലെന്ന് തോന്നി. പിന്നീടുള്ള ഓരോ ദിവസവും കൃഷ്ണവേണിയെ കാണണമെന്ന ആഗ്രഹത്തോടെയാണ് ഞാന്‍ ക്ലാസ്സിലേക്ക് ചെന്നത്. ആ ആഴ്ച അവള്‍ വന്നില്ല.
തിങ്കളാഴ്ച മൂന്നാം ബെഞ്ചില്‍ കൃഷ്ണവേണി പ്രത്യക്ഷപ്പെട്ടു. ഞാനവളെ നോക്കി പുഞ്ചിരിച്ചു. ഒന്നുപകച്ചെങ്കിലും അവളും തിരിച്ചൊരു ചിരി സമ്മാനിച്ചു. ഞാനവളെ അരികിലേക്ക് വിളിച്ചു... പിടിച്ച് മടിയിലിരുത്തിക്കൊണ്ട് ക്ലാസെടുത്തു. അവളുടെ കണ്ണുകളില്‍ നിറയെ ആശ്ചര്യമായിരുന്നു. ഒപ്പം യുദ്ധം ജയിച്ചതിന്റെ സന്തോഷവും. പിന്നീടുള്ള ദിവസങ്ങളില്‍ എന്നെ ക്ലാസ്സിലേക്ക് ആനയിക്കാനും തിരിച്ചുകൊണ്ടുവിടാനുമെല്ലാം കൃഷ്ണവേണിയെത്തി. കൃഷ്ണവേണിയില്‍ ഞാനുണ്ടാക്കിയ മാറ്റം കണ്ട് എല്ലാവരും അഭിനന്ദിച്ചു. മറ്റേത് അധ്യാപക അവാര്‍ഡിനേക്കാളും ഞാന്‍ നേടിയ അംഗീകാരം എന്റെ ഹൃദയത്തില്‍ ചേര്‍ത്തുവച്ച കൃഷ്ണവേണിയുടെ മുഖമാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..