വര: ഗിരീഷ്‌കുമാർ ടി.വി
1990-ലെ ദില്ലിയാണ്. അഗ്‌നിയും വിഷസര്‍പ്പങ്ങളും നിറഞ്ഞ നരകജീവിതവുമായി ഞാന്‍ മല്ലടിക്കുന്ന കാലം. എനിക്ക് നാടോ വീടോ സ്ഥിരം ജോലിയോ ബന്ധുക്കളോ ഇല്ലായിരുന്നു. എന്റെ നാലുവയസ്സുള്ള മകള്‍ എന്നില്‍നിന്ന് ബലമായി തട്ടിപ്പറിക്കപ്പെട്ട് തൃശ്ശൂരില്‍ അവളുടെ ശരീരപിതാവിനൊപ്പം ജീവിക്കുകയാണ്.
ഡെവലപ്‌മെന്റ് ആള്‍ട്ടര്‍നേറ്റീവ്‌സ് എന്ന സംഘടനയിലാണ് എനിക്ക് ജോലി. വല്യ ഉദ്യോഗമൊന്നുമല്ല. ടൈം എക്‌സിബിഷനുവേണ്ടി, ജന്‍പഥിലെ ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ സെന്ററിലെ സൈറ്റില്‍ നിര്‍മിക്കുന്ന മണ്ണിഷ്ടികകളുടെ എണ്ണം, ഘനം, തൂക്കം, നീളം, വീതി ഇവ അളന്ന് എഴുതിവയ്ക്കുന്ന ജോലിയാണ്.
''ജൂണ്‍ ഈസ് ദ ഹോട്ടസ്റ്റ് മന്ത്'' എന്നാണ് ദില്ലിക്കാര്‍ പറയുക. തികച്ചും ശരിയാണ്. ദില്ലിയിലെ ആദ്യ വേനലായിരുന്നു എനിക്ക്. അവിടത്തെ വേനല്‍ അനുഭവിച്ചുതന്നെ അറിയണം. കേരളത്തിലെപ്പോലെ വിയര്‍ത്തൊഴുകുകയില്ല. ഡ്രൈ ഹീറ്റ് എന്നുണ്ടല്ലോ. അതാണ്. കാറ്റടിച്ചാല്‍ കനല്‍ വാരി എറിയുന്നപോലെ തോന്നും. സൂര്യനസ്തമിച്ചാലും ചൂട് കുറയില്ല. ചുട്ടുപഴുത്ത കെട്ടിടങ്ങളുടെ വികിരണം അപ്പോഴും ഉണ്ടാവും. രാത്രി രണ്ടുമണിയൊക്കെ ആവുമ്പോഴാണ് നേരിയ ഒരു തണുപ്പ് തോന്നുക.
അങ്ങനെ പകല്‍നേരത്തെ ആ പൊരിവെയിലത്ത് നിന്നാണ് ഞാന്‍ ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ സെന്ററില്‍ ജോലിചെയ്യുന്നത്. ജോലി എനിക്ക് കൂടിയേ കഴിയൂ. എന്റെ മകളുടെ കസ്റ്റഡി കിട്ടാനായി ഞാന്‍ ദില്ലിയിലെ തീസ് ഹസാരി കോടതിയില്‍ കേസ് കൊടുത്തിരിക്കുകയാണ്. ജോലിയില്ലാത്ത ദരിദ്രനാരായണികള്‍ക്ക് അമ്മയായാലൊന്നും കോടതി കുഞ്ഞിന്റെ കസ്റ്റഡി തരില്ലല്ലോ. അച്ഛനാണല്ലോ അധികവരുമാനം. അതുകൊണ്ട് അച്ഛന്‍ വളര്‍ത്തിയാല്‍ മതി കുഞ്ഞിനെ എന്നും കോടതി പറഞ്ഞുകൂടായ്കയില്ലെന്ന് എല്ലാവരും എന്നെ ഭയപ്പെടുത്തുന്ന ഭയങ്കരകാലമാണ് അത്.
Also Read
ആര്‍.കെ. പുരത്ത് സെക്ടര്‍ നാലിലെ ഒരു ഗവണ്‍മെന്റ് ഫ്‌ളാറ്റിലാണ് ഞാന്‍ വാടകയ്ക്ക് താമസിക്കുന്നത്. ഒരു മുറി. കക്കൂസും കുളിമുറിയും വീട്ടുടമസ്ഥരുമായി പങ്കുവയ്ക്കണം. പാത്രങ്ങള്‍ കുളിമുറിയില്‍ കൊണ്ടുചെന്ന് കഴുകി എടുക്കാം. ഞാന്‍ വലിയ പാചകമൊന്നും ചെയ്തിരുന്നില്ല. സാധാരണയായി ഞായറാഴ്ച മാത്രമേ ചോറ് വയ്ക്കാറുള്ളൂ. ബാക്കി ദിവസങ്ങളില്‍ ബ്രെഡും ചുട്ടചോളവും പച്ചവെള്ളവുമാണ് കഴിച്ചിരുന്നത്. ചിലപ്പോള്‍ ചായ ഉണ്ടാക്കും. ഭക്ഷണം കഴിക്കണം എന്ന ആഗ്രഹമേ അക്കാലത്തുണ്ടായിരുന്നില്ല. ഒന്നിനോടും ഒരാഗ്രഹവുമില്ലായിരുന്നു. ചത്തുപോവാത്തതുകൊണ്ട് മാത്രമാണ് ഞാന്‍ ജീവിച്ചിരുന്നത്.
അറുനൂറ്റിപ്പത്ത് എന്ന നമ്പറുള്ള ബസ്സിലാണ് ഞാന്‍ ജന്‍പഥിലേക്ക് പോവുക. രാവിലെ ആറരയോടെ ജോലിക്ക് പോകും. സൈറ്റ് എട്ട് മണിക്ക് ആരംഭിക്കും. ഉദ്യോഗ്ഭവന്‍ സ്റ്റോപ്പില്‍ ബസ്സിറങ്ങി ബോട്ട് ക്ലബ്ബ് മൈതാനം കടന്നാണ് ജന്‍പഥിലേക്ക് എത്തേണ്ടത്.
ആ ദിവസവും അങ്ങനെ ജോലിക്ക് പോയതാണ്. പെട്ടെന്നാണ് ഒരു മനുഷ്യന്‍ എന്റെ വലത്തെ മാറില്‍ കടന്നുപിടിച്ചത്. ഞാന്‍ 'അയ്യോ' എന്ന് അലറി. എന്റെ ബാഗുകൊണ്ട് അയാളെ ഓങ്ങിയടിച്ചു. ആ പിശാച് പിടിവിട്ടില്ലെന്ന് മാത്രമല്ല, ഹിന്ദിയില്‍ എന്തോ അനാവശ്യം പുലമ്പുകയും ചെയ്തു.
അന്നേരത്താണ് പടക്കം പൊട്ടുന്നതുപോലെ ഒരടി അയാളുടെ പുറത്തുവീണത്. ആ നിമിഷം അയാള്‍ മാറിടത്തിലെ പിടിവിട്ടു. കാലിനിടയില്‍ വാല്‍ തിരുകിയ പട്ടിയെപ്പോലെ അയാള്‍ ഓടിമാറി.
അടിച്ചത് പ്രായമുള്ള ഒരു സര്‍ദാര്‍ജി ആയിരുന്നു. ജീവിതത്തില്‍ ആദ്യമായി കാണുന്ന ആ മനുഷ്യന്റെ മുന്നില്‍നിന്ന് ഞാന്‍ ഉച്ചത്തില്‍ പൊട്ടിക്കരഞ്ഞു. ദൈന്യതയും അപമാനവും അനാഥത്വവും എന്നെ കീഴ്പ്പെടുത്തിക്കളഞ്ഞിരുന്നു.
മറന്നുകളയാന്‍ എളുപ്പമല്ലെങ്കിലും ഇമ്മാതിരി കാര്യങ്ങളെ പരിശ്രമിച്ചുതന്നെ മറക്കണമെന്ന് അദ്ദേഹം പറഞ്ഞു. രാവിലെ നടക്കാന്‍ വന്നതായിരുന്നു അദ്ദേഹം. മിക്കവാറും എല്ലാ സ്ത്രീകള്‍ക്കും ഇത്തരം മോശപ്പെട്ട അനുഭവങ്ങള്‍ ജീവിതത്തിന്റെ ഏതെങ്കിലും കാലത്ത് നേരിടേണ്ടി വരുന്നുണ്ടെന്ന് അദ്ദേഹം എന്നെ സമാധാനിപ്പിച്ചു. എന്റെ കരച്ചിലും തേങ്ങലും അമര്‍ന്നശേഷമേ അദ്ദേഹം യാത്ര പറഞ്ഞുള്ളൂ.
അങ്ങനെ എനിക്ക് ഒരു സുഹൃത്തിനെ കിട്ടി. പിന്നീട് രാവിലെയുള്ള ആ നടത്തത്തില്‍ ഞങ്ങള്‍ പല ദിവസവും കാണുമായിരുന്നു. പരിചയത്തില്‍ ചിരിക്കുമായിരുന്നു. നരകജീവിതത്തെക്കുറിച്ച് സംസാരിക്കുമായിരുന്നു. നല്ല വാക്കുകളുടെ കലവറയായിരുന്ന ആ മനുഷ്യന്‍ മടുപ്പില്ലാതെ എന്നെ സമാധാനിപ്പിക്കുമായിരുന്നു.
ഡെവലപ്‌മെന്റ് ആള്‍ട്ടര്‍നേറ്റീവ്‌സിലെ ജോലി അവസാനിച്ചശേഷം പിന്നീടൊരിക്കലും ഞാന്‍ അദ്ദേഹത്തെ കണ്ടിട്ടില്ല. എന്റെ ജീവിതത്തിലെ പരാജയങ്ങള്‍ മാത്രമേ അദ്ദേഹം അറിഞ്ഞിരുന്നുള്ളൂ. മെല്ലെമെല്ലെ ഞാന്‍ നേടിയെടുത്ത വിജയങ്ങള്‍ അദ്ദേഹത്തെ അറിയിക്കാന്‍ എനിക്ക് കഴിഞ്ഞില്ല.
ഇന്നും കാണണമെന്ന് ഞാന്‍ ഏറെ ആഗ്രഹിക്കുന്ന ഒരു മുഖമാണ് അദ്ദേഹത്തിന്റെത്. ചിലപ്പോള്‍ ചില രാത്രികളില്‍ അവ്യക്തമായ ഒരു ചിത്രമായി അദ്ദേഹം സ്വപ്‌നത്തില്‍ കടന്നുവരാറുണ്ട്. അന്നേരം എനിക്ക് അവാച്യമായ ഒരു സുരക്ഷിതത്വം തോന്നാറുണ്ട്...
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..