ഉത്തരകൊറിയയില്‍, കിം ജോങ് ഉന്നിനുശേഷം ആരെന്നതാണ് കുറച്ചുനാളുകളായി ഉയരുന്ന ചോദ്യം. കിമ്മിന്റെ മകള്‍ കിം ജുഐ ആയിരിക്കും അധികാരത്തിലെത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കിമ്മിന്റെ മൂന്നുമക്കളില്‍ രണ്ടാമത്തെയാളാണത്രേ ജുഐ. കിമ്മിന്റെ മക്കളെക്കുറിച്ച് അധികം വിവരങ്ങളൊന്നും ലഭ്യമായിരുന്നില്ല. അതുകൊണ്ടുതന്നെ രണ്ടുവര്‍ഷം മുമ്പ് ജുഐയെ ആദ്യമായി കണ്ടപ്പോള്‍ സംഭവം ഏറെ വാര്‍ത്താപ്രാധാന്യം നേടി. 

2022 നവംബറിലാണ് ജുഐ ആദ്യമായി പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുന്നത്. മുടി പോണിടെയ്ല്‍ കെട്ടി അച്ഛന്‍ കിമ്മിന്റെ കൈപിടിച്ച് നീങ്ങുന്ന കുട്ടിയെ ലോകം മുഴുവന്‍ ശ്രദ്ധിച്ചു. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപണത്തിനാണ് അവള്‍ വന്നത്. അന്ന് പത്തുവയസ്സായിരുന്നു അവള്‍ക്ക്. അത്രയും കാലം കാണാതിരുന്ന മകളെ ലോകത്തിനുമുന്നിലേക്ക് കൊണ്ടുവന്നതിനുപിന്നില്‍ പ്രധാനപ്പെട്ട എന്തോ കാര്യമുണ്ടെന്ന് വിദഗ്ധര്‍ വിലയിരുത്തി. എന്തായാലും അതൊരു തുടക്കം മാത്രമായിരുന്നു. അതിനുശേഷം പല വേദികളിലും ജുഐ പ്രത്യക്ഷപ്പെട്ടു. മിസൈല്‍ വിക്ഷേപണം, മിലിറ്ററി പരേഡുകള്‍ പോലെയുള്ള 20 ചടങ്ങുകളിലെങ്കിലും കിമ്മിനൊപ്പം ജുഐയും പങ്കെടുത്തു. 

അവയോട്‌ അടുപ്പമുണ്ടാക്കാനും പരിചയപ്പെടുത്താനുമാണത്രേ ഇത്തരം പരിപാടികളുടെ ഭാഗമാക്കുന്നത്. കിം മകളെ തന്നെപ്പോലെ ഒരു ഏകാധിപതിയായി വളര്‍ത്തിക്കൊണ്ടുവരാനുള്ള ശ്രമത്തിലാണെന്ന് അന്ന് വാര്‍ത്തകള്‍ പരന്നു. മൂത്ത മകനേക്കാള്‍, രണ്ടാമത്തെ കുട്ടിക്ക് പ്രാധാന്യം കൊടുക്കുന്നതും അതിന്റെ ഭാഗമാണത്രേ.  

placeholder
കിം ജോങ് ഉന്‍, ഭാര്യ റി സോണ്‍ ജൂ, മകള്‍ ജുഐ എന്നിവര്‍ക്കൊപ്പം / ഫോട്ടോ: AFP/ KCNA

ഇപ്പോള്‍ത്തന്നെ ഉത്തരകൊറിയന്‍ മാധ്യമങ്ങള്‍ വളരെ ബഹുമാനത്തോടെയാണ് ഈ പെണ്‍കുട്ടിയെ വിശേഷിപ്പിക്കുന്നതെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആദ്യത്തെ പരിപാടികളില്‍ പ്രിയപ്പെട്ട എന്ന വിശേഷണമാണ് ഉപയോഗിച്ചതെങ്കില്‍, ഇപ്പോള്‍ ബഹുമാനപ്പെട്ട എന്ന വിശേഷമാണ് ജുഐയുടെ പേരിനൊപ്പം ചേര്‍ക്കുന്നത്. 

കിമ്മിന്റെ കവിളില്‍ തൊടുന്ന ജുഐയുടെ വീഡിയോയും പലപ്പോഴും കാണാം. അതും വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണെന്ന് പറയപ്പെടുന്നു. കാരണം സ്വയം ഒരു രാജാവായാണ് പൊതുവേദികളിലും മറ്റും കിം പ്രത്യക്ഷപ്പെടുന്നത്. അങ്ങനെയുള്ള കിമ്മിനെ പൊതുവേദിയില്‍വെച്ച് മകള്‍ തൊടുന്നത് തികച്ചും അപ്രതീക്ഷിതമാണെന്ന് നിരീക്ഷകര്‍ പറയുന്നു. ഉത്തരകൊറിയ പുതുതായി ഇറക്കിയ സ്റ്റാമ്പുകളില്‍ എട്ടെണ്ണത്തിലും ഈ പെണ്‍കുട്ടിയുടെ മുഖം കാണാം. 

മുന്‍ അമേരിക്കന്‍ ബാസ്‌കറ്റ്‌ബോള്‍ താരം ഡെന്നിസ് റോഡ്മാന്‍, കിമ്മിന്റെ ക്ഷണപ്രകാരം ഉത്തര കൊറിയ സന്ദര്‍ശിച്ചിരുന്നു. അന്ന് ജുഐ എന്ന കുട്ടിയെ കണ്ടിരുന്നുവെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. കുറച്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ ദേശീയ നേതാവിന്റെ സ്ഥാനമോ അതുപോലുള്ള പ്രധാന സ്ഥാനമാനങ്ങളോ കുട്ടിക്ക് ലഭിക്കാമെന്നും റോഡ്മാന്‍ പറഞ്ഞിരുന്നു. 2009-ലാണ് ഗായികയായ റി സോണ്‍ ജൂവിനെ, കിം വിവാഹം കഴിക്കുന്നത്. പക്ഷേ വിവാഹകാര്യം പരസ്യമാക്കുന്നത് 2012-ലാണ്.