നടി സാമന്തയും സംവിധായകൻ രാജ് നിദിമൊരുവും വിവാഹിതരായത് ദിവസങ്ങൾക്കു മുമ്പാണ്. മുൻ ഭർത്താവും നടനുമായ നാഗചൈതന്യയുമായുള്ള വിവാഹബന്ധം വേർപെടുത്തി നാലുവർഷത്തിനു ശേഷമാണ് സാമന്ത പുതിയ ജീവിതത്തിലേക്ക് കടക്കുന്നത്. രാജും നാഗചൈതന്യയും വലിയ സമ്പത്തിന്റെ ഉടമകളാണ്. സാമന്തയുടെ വിവാഹത്തിനു പിന്നാലെ, സ്വത്തുക്കളിൽ രാജാണോ നാഗചൈതന്യയാണോ മുമ്പിലെന്ന ചർച്ചയും ഒരു ഭാഗത്തു നടക്കുകയാണ്.

രാജ് നിദിമൊരു പ്രശസ്ത സംവിധായകൻ കൃഷ്ണ ഡികെയുമായി ചേർന്ന് ദ ഫാമിലി മാൻ, ഫർസി, സ്ത്രീ, ഗോ ഗോവ ഗോൺ, സിറ്റാഡൽ: ഹണി ബണ്ണി എന്നിവയുൾപ്പെടെയുള്ള ശ്രദ്ധേയ പ്രോജക്റ്റുകൾ ചെയ്തതിന്റെ പേരിൽ പ്രശസ്തനാണ്. തിരുപ്പതി സ്വദേശിയായ രാജ് തന്റെ കരിയർ തുടങ്ങുന്നത് അമേരിക്കയിൽ സോഫ്റ്റ് വെയർ എഞ്ചിനീയറായിട്ടാണ്. പിന്നീട് സിനിമയിലേക്ക് പൂർണമായും മാറുകയായിരുന്നു. മണി കൺട്രോൾ റിപ്പോർട്ട് ചെയ്യുന്നതുപ്രകാരം, അദ്ദേഹത്തിന്റെ മൊത്തം ആസ്തി ഏകദേശം 80 കോടി രൂപയാണ്.

ദക്ഷിണേന്ത്യൻ ചലച്ചിത്രരംഗത്തെ സമ്പന്നരായ നടന്മാരിലൊരാളാണ് നാഗചൈതന്യ. ടൈംസ് ഓഫ് ഇന്ത്യ പറയുന്നതു പ്രകാരം, ഒരു സിനിമയ്‌ക്ക് ഏകദേശം 15 മുതൽ 20 കോടി രൂപ വരെയാണ് അദ്ദേഹത്തിന്റെ പ്രതിഫലം. ബ്രാൻഡ് എൻഡോർസ്മെന്റുകളിലൂടെയും അദ്ദേഹം വലിയ വരുമാനം നേടുന്നു. കൂടാതെ, ഹൈദരാബാദിൽ ഏകദേശം 15 കോടി രൂപ വിലയുള്ള ആഡംബര ബംഗ്ലാവും അദ്ദേഹത്തിനുണ്ട്. നാഗ ചൈതന്യയുടെ മൊത്തം ആസ്തി ഏകദേശം 150 കോടി രൂപയാണെന്നാണ് കണക്കാക്കുന്നത്. 

മുമ്പ് ബോളിവുഡ് ചിത്രങ്ങളിൽ അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ച ശ്യാമിലി ഡേയെയാണ് രാജ് നിദിമൊരു ആദ്യം വിവാഹം കഴിച്ചിരുന്നത്. 2015-ലായിരുന്നു വിവാഹം. 2022-ൽ വിവാഹമോചനം നേടി. ചില റിപ്പോർട്ടുകളിൽ രാജും ശ്യാമിലിയും ഇനിയും ഔദ്യോഗികമായി വിവാഹമോചനം നേടിയിട്ടില്ലെന്ന് പറയുന്നുണ്ട്. അതേസമയം, സാമന്തയുമായുള്ള വിവാഹമോചനത്തിനുശേഷം നാഗചൈതന്യ 2024-ൽ നടി ശോഭിത ധൂലിപാലയെ വിവാഹം ചെയ്തു.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi