ഭര്‍ത്താവ് സാമ്പത്തിക കാര്യങ്ങള്‍ തങ്ങളുമായി പങ്കുവയ്ക്കാറില്ല, അല്ലെങ്കില്‍ മറച്ചുവെയ്ക്കുന്നു, തെറ്റിദ്ധരിപ്പിക്കുന്നു, അതുമല്ലെങ്കില്‍ കള്ളം പറയുന്നു എന്നൊക്കെ പരാതിപ്പെടുന്ന ഭാര്യമാര്‍ ധാരാളമുണ്ട്. ഇതേക്കുറിച്ച് ഭര്‍ത്താക്കന്മാരെക്കുറിച്ച് ചോദിച്ചു നോക്കൂ. മറുപടി പലതരത്തിലുള്ളതായിരിക്കും. ചില സാമ്പിളുകള്‍ നോക്കാം.

സാമ്പിള്‍ 1- സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് അവള്‍ക്ക് ഒരു ചുക്കും ചുണ്ണാമ്പും അറിയില്ല. പിന്നെ അതൊക്കെ അവളോട് പറഞ്ഞിട്ട് എന്തുകാര്യം. പറയാന്‍ ശ്രമിച്ചാല്‍ പലതും മനസിലാകില്ല. അല്ലെങ്കില്‍ നമ്മള്‍ പറഞ്ഞതായിരിക്കില്ല അവള്‍ മനസിലാക്കിയിട്ടുണ്ടാകുക. പിന്നെ അത് തിരുത്താന്‍ ശ്രമിക്കണം. ബോധ്യപ്പെടുത്താന്‍ ശ്രമിക്കണം. എന്തിന്. ഒന്നും പറയാതിരുന്നാല്‍ പിന്നെ കുഴപ്പമില്ലല്ലോ.

സാമ്പിള്‍ 2 - പണം ചെലവാക്കിയതിനെക്കുറിച്ച് പറഞ്ഞാല്‍ അതിന്റെ കാര്യകാരണങ്ങളെക്കുറിച്ച് ഭാര്യ തര്‍ക്കിക്കും.വിമര്‍ശിക്കും. എന്തിനാ അത്രയും തുക ചെലവാക്കിയത്. നിങ്ങളൊരു മരമണ്ടനാ. കടക്കാരന്‍ നിങ്ങളെ പറ്റിച്ചു. അത്രയും തുക അവര്‍ക്ക് കൊടുത്തത് എന്തിനാ. മ്യൂച്വല്‍ ഫണ്ടൊക്കെ നഷ്ടമാ. ചിട്ടി പോരാരുന്നോ. അല്ലേലും ഇതൊക്കെ തുടങ്ങും മുമ്പ് എന്നൊടൊരു വാക്ക് ചോദിക്കാന്‍ മേലാരുന്നോ. ഇതാണ് സ്ഥിരം പല്ലവി. പണത്തിന്റെ കാര്യം പറഞ്ഞായിരിക്കും തുടങ്ങുന്നത് ഒടുവില്‍ അത് കുടംബ കലഹത്തില്‍ അവസാനിക്കും. എന്തിനാണ് വെറുതെ പോല്ലാപ്പ്. മിണ്ടാതിരുന്നാല്‍ പോരേ.

ഇങ്ങനെ ഓരോ കുടുംബവുമെടുത്താല്‍ പലതുണ്ടാവും സാമ്പിളുകള്‍. എന്നാല്‍ ഇതിനു പരിഹാരമുണ്ടോ എന്നതാണ് ചോദ്യം. പെട്ടന്നു നല്‍കാന്‍ രണ്ട് ഉത്തരമാണ് ഉള്ളത്. ഒന്ന് സാമ്പത്തിക കാര്യങ്ങള്‍ പരസ്പരം ചര്‍ച്ച ചെയ്ത് തീരുമാനിക്കുക. അത് നിക്ഷേപമായാലും കടമായാലും. രണ്ട് സാമ്പത്തിക കാര്യങ്ങളെപ്പറ്റി അറിവു നേടുക. പ്രത്യേകിച്ചും സ്ത്രീകള്‍.

എന്തൊക്കെചെയ്യാം

കുടുംബ ജീവിതത്തില്‍ ഭാര്യയും ഭര്‍ത്താവും സാമ്പത്തിക കാര്യങ്ങള്‍ പരസ്പരം ചര്‍ച്ചചെയ്യണം. കുട്ടികളെയും കൂടെ കൂട്ടാന്‍ കഴിയുമെങ്കില്‍ ഏറ്റവും നല്ലത്. ഭര്‍ത്താവ് നടത്തിയിട്ടുള്ള നിക്ഷേപങ്ങളെക്കുറിച്ച് ഭാര്യ അറിഞ്ഞിരിക്കണം. അതിന് പരസ്പര വിശ്വാസത്തില്‍ അധിഷ്ഠിതമായ ഒരു അന്തരീക്ഷം വീട്ടില്‍ ഉണ്ടാകണം. ഏകപക്ഷീയമായി വലിയ സാമ്പത്തിക ബാധ്യത വരുന്ന കാര്യങ്ങളില്‍ തീരുമാനം ഭര്‍ത്താവ് എടുക്കുന്നു എങ്കില്‍ ഭാര്യ ഇടപെട്ടിരിക്കണം. കുടുംബത്തിന് മൊത്തത്തില്‍ സാമ്പത്തിക ഭാരം വരുന്ന കാര്യങ്ങള്‍ പരസ്പരം ചര്‍ച്ചചെയ്‌തേ എടുക്കാവൂ.

രണ്ടുപേരും ജോലിക്കാരാണ് എങ്കില്‍ എല്ലാ ചെലവുകളും ഭാര്യയുടെ തലയില്‍ വെച്ച് നിക്ഷേപം മുഴുവന്‍ ഞാന്‍ എന്ന മട്ടില്‍ തീരുമാനമെടുക്കുന്ന ഭര്‍ത്താക്കന്മാരുണ്ട്. അത് തെറ്റായ രീതിയാണെന്ന് സ്ത്രീകള്‍ മനസ്സിലാക്കണം. വിവാഹത്തിനുമുമ്പ് തന്നെ പണം കൈകാര്യം ചെയ്യുന്നതിനെപ്പറ്റിയും അവരവരുടെ നിക്ഷേപ- ചെലവഴിക്കല്‍ സ്വഭാവത്തെപ്പറ്റിയുമൊക്കെ പരസ്പരം തുറന്നു പറയണം.

വരവുകളും ചിലവുകളും പരസ്പരം അറിഞ്ഞിരിക്കണം. രണ്ടുപേരുടെയും നിക്ഷേപങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ഡെയറിയില്‍ എഴുതി സൂക്ഷിക്കണം. പാസ് ബുക്കുകളും നിക്ഷേപ രേഖകളും രണ്ടുപേരും കൂടി സൂക്ഷിക്കണം. പാസ് വേര്‍ഡ് ഉണ്ടെങ്കില്‍ അതും പങ്കുവെയ്ക്കണം. കടക്കെണിയിലേക്ക് പോകുന്നത് തടയാന്‍ രണ്ടുപേരുടെയും വ്യയ ശീലങ്ങള്‍ നിരീക്ഷിക്കുന്നതിലും തിരുത്തുന്നതിലും തെറ്റില്ല.

സൂപ്പര്‍ മാര്‍ക്കറ്റിലും മറ്റും വന്ന് അടികൂടുന്ന ദമ്പതികളെ കണ്ടിട്ടില്ലേ. ഭര്‍ത്താവ് എടുത്ത സാധനങ്ങള്‍ ഭാര്യയും ഭാര്യവാങ്ങുന്നത് ഭര്‍ത്താവും തിരികെ വയ്പ്പിക്കുന്നത് പലപ്പോഴും കാണാറുണ്ട്. ഭാര്യ ബ്രാന്‍ഡ് കോണ്‍ഷ്യസ്. ഭര്‍ത്താവ് പ്രൈസ് കോണ്‍ഷ്യസ്. ഇത്തരം സ്ഥിതി ഒഴിവാക്കണം. ഷോപ്പിംഗിന് ഇറങ്ങുന്നതിന് മുമ്പേ ഇത്തരം കാര്യങ്ങളില്‍ തീരുമാനം ആകണം. ലിസ്റ്റ് എഴുതി അതുമായി സൂപ്പര്‍മാര്‍ക്കറ്റില്‍ പോകുന്നതാണ് ഉത്തമം. വില കൂടിയ ഗൃഹോപകരണങ്ങള്‍ വാങ്ങുന്ന കാര്യത്തിലും കൂട്ടായ കൂടിയാലോചനകള്‍ നടത്തണം.

പണത്തെക്കുറിച്ചുള്ള ചര്‍ച്ചകളും തീരുമാനങ്ങളും കുടുംബത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകാന്‍ വേണ്ടിയാകണം. നിലവിലുള്ള സമാധാനം തകര്‍ക്കുന്ന തരത്തിലാകരുത്.

(ഈ വിഷയത്തെക്കുറിച്ചുള്ള നിങ്ങളുടെ സംശയങ്ങളും അഭിപ്രായങ്ങളും അറിയിക്കാം. ഫോണ്‍: 9447667716, ഇ-മെയില്‍ jayakumarkk8@gmail.com)