വ്യവസായി സഞ്ജയ് കപൂറിന്റെ മരണത്തിനുപിന്നാലെ തന്നെ അദ്ദേഹത്തിന്റെ കുടുംബത്തിൽ സ്വത്തിനായുള്ള തർക്കവും തുടങ്ങി. ആകെ 30,000 കോടി വിലമതിക്കുന്നതാണ് സഞ്ജയ് കപൂറിന്റെ സ്വത്ത്. അദ്ദേഹത്തിന്റെ ഭാര്യ പ്രിയ സച്ച്‌ദേവിനെതിരെ സഞ്ജയുടെയും കരിഷ്മ കപൂറിന്റെയും മക്കളായ സമൈറയും കിയാനും ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. പിതാവിന്റെ സ്വത്തിൽ വിഹിതമാവശ്യപ്പെട്ടാണ് അവർ കോടതിയെ സമീപിച്ചത്. പ്രിയ സച്ച്‌ദേവ് വ്യാജ വിൽപത്രം നിർമിച്ചുവെന്നും സ്വത്തിൽനിന്ന് തങ്ങളെ ഒഴിവാക്കുകയും ചെയ്തുവെന്നാണ് ആരോപണം.

കേസ് ഇപ്പോഴും ഹൈക്കോടതിയിൽ നടക്കുകയാണ്. അതിനിടെ ഒരു പരാതിയുമായി വീണ്ടും കോടതിയെ സമീപിച്ചിരിക്കുകയാണ് സമൈറ. തന്റെ യൂണിവേഴ്‌സിറ്റി ഫീസ് രണ്ടുമാസമായി അടച്ചിട്ടില്ലെന്നാണ് സമൈറ പറയുന്നത്. എന്നാൽ, പ്രിയ ആരോപണം നിഷേധിച്ചു.

അമേരിക്കയിൽ പഠിക്കുന്ന സമീറയുടെ യൂണിവേഴ്‌സിറ്റി ഫീസ് രണ്ട് മാസത്തേക്ക് അടയ്ക്കാൻ കഴിഞ്ഞിട്ടില്ലെന്ന് കരിഷ്മയുടെ മക്കൾക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അവകാശപ്പെട്ടു. കുട്ടികളുടെ പേരിലുള്ള സ്വത്ത് ഇപ്പോൾ പ്രിയയുടെ കൈവശമാണ്. അതുകൊണ്ട് അവരുടെ ആവശ്യങ്ങൾ നടത്തിക്കൊടുക്കേണ്ടത് പ്രിയയുടെ ഉത്തരവാദിത്തമാണെന്നും അഭിഭാഷകൻ വാദിച്ചു. വിവാഹ ഉടമ്പടിപ്രകാരം, കുട്ടികളുടെ വിദ്യാഭ്യാസ-ജീവിതച്ചെലവുകൾ വഹിക്കാൻ സഞ്ജയ് ബാധ്യസ്ഥനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ, ഇതെല്ലാം പ്രിയയുടെ അഭിഭാഷകൻ തള്ളിക്കളഞ്ഞു. കരിഷ്മയുടെ കുട്ടികളുടെ ചെലവിനായുള്ള പണമെല്ലാം പ്രിയ നൽകിയിട്ടുണ്ടെന്നും അവരുടെ അഭിഭാഷകൻ വെളിപ്പെടുത്തി. എന്നാൽ, കോടതിക്രമങ്ങൾ 'മെലോഡ്രാമ' ആക്കരുതെന്ന് ഇരുകൂട്ടരോടും കോടതി പറഞ്ഞു. ഇതിനായി 30 സെക്കൻഡിൽ കൂടുതൽ ചെലവഴിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും കോടതി കൂട്ടിച്ചേർത്തു. നവംബർ 19-ന് ഡൽഹി ഹൈക്കോടതി വീണ്ടും വാദം കേൾക്കും.

ഈ വർഷം ജൂണിലാണ് ലണ്ടനിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്ന് സഞ്ജയ് കപൂർ മരിക്കുന്നത്. ലോകത്തെ പ്രമുഖ വാഹന നിർമ്മാതാക്കളിലൊന്നായ സോനാ കോംസ്റ്റാറിന്റെ സ്ഥാപകനും ചെയർമാനുമായിരുന്ന അദ്ദേഹത്തിന്റെ സ്വത്തുക്കളുടെ മൂല്യം ഏകദേശം 30,000 കോടി രൂപയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi