പുരുഷനായി എല്ലാവർക്കും മുമ്പിൽ ജീവിക്കുമ്പോഴും എന്റെ മനസ്സ് പെൺകുട്ടിയുടേതായിരുന്നു-റിയ ഇഷ


Transpire

by ഷിനില മാത്തോട്ടത്തിൽ

5 min read
Read later
Print
Share

എന്നെ സംബന്ധിച്ചിടത്തോളം എനിക്കൊരു പുരുഷനെയല്ലാതെ ഒരു സ്ത്രീയെ ലൈംഗികതാത്പര്യത്തോടെ തൊടാൻ പോലുമാവില്ല. പെൺകുട്ടികളെപ്പോലെ ജീവിക്കാനാണ് ഞാൻ കൊതിച്ചത്

റിയ ഇഷ | ഫോട്ടോ: എൻ.എം. പ്രദീപ്

പ്രിയപ്പെട്ടവരുമായി അകലേണ്ടി വരുമെന്നറിയാമായിരുന്നു, പക്ഷേ, ഇനിയും അഭിനയിച്ചു ജീവിക്കാനാവില്ല. ആണുടലും പെൺമനസ്സുമുണ്ടാക്കുന്ന വീർപ്പുമുട്ടിക്കലിൽ നിന്ന് പുറത്തുകടക്കണം, പെൺമനസ്സു പറയുമ്പോലെ ജീവിക്കണം. അങ്ങനെയൊരു അവസ്ഥയിലാണ് 21-ാം വയസ്സിൽ റിയ വീട്ടിൽ നിന്നിറങ്ങുന്നത്. പക്ഷേ, ജീവിച്ചുതുടങ്ങിയപ്പോൾ സമൂഹം അകലെ നിർത്തി. തളരാൻ മനസ്സുവന്നില്ല. ദുരനുഭവങ്ങളെ പതിയെ അവഗണിച്ച് റിയ മുന്നോട്ടുനടന്നു. ഇന്നവർ സ്ക്രീനിൽ കരുത്തുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുകയാണ്. പ്രണയവർണങ്ങൾ, മിസിസ് ഹിറ്റ്ലർ തുടങ്ങിയ ടെലിവിഷൻ സീരിയലുകളിൽ പോലീസ് ഉദ്യോഗസ്ഥയുടെ വേഷത്തിലെത്തി. ഏതാനും സിനിമകളിലൂടെയും അഭിനയപാടവം തെളിയിച്ചു. ഇതിനെല്ലാം പുറമെ ഒട്ടേറെ നേട്ടങ്ങൾ വേറെയും. കടന്നുവന്ന കഠിനമായ വഴികളെക്കുറിച്ച് അവർ ഗൃഹലക്ഷ്മിയിലൂടെ മനസ്സുതുറക്കുന്നു.

ഞങ്ങളെപ്പോലൊരു കൂട്ടരെ ദൈവം സൃഷ്ടിച്ചിട്ടുണ്ടെന്ന് ചിന്തിച്ചാൽ തീരാവുന്നതേയുള്ളൂ പ്രശ്നങ്ങളെല്ലാം
“ഞങ്ങളൊക്കെ വേഷംകെട്ടാണെന്നും യഥാർഥമല്ലെന്നും പലരും പറയുന്നു. ഞാനൊന്ന് ചോദിക്കട്ടേ... നമുക്ക് ക്യാമറയുടെ മുമ്പിൽ അഭിനയിക്കാൻ പറ്റുമായിരിക്കും. അല്ലെങ്കിൽ ജീവിതത്തിൽ കുറച്ചുകാലം. പക്ഷേ, ജീവിതകാലം മുഴുവൻ ഒരാളെങ്ങനെ അഭിനയിക്കും. ട്രാൻസ് കമ്യൂണിറ്റിയിലെ ഇത്രയും വലിയൊരു ജനവിഭാഗം അഭിനയിക്കുകയാണ് എന്നു പറയുന്നതിൽ എന്തർഥം? കൂടെപ്പിറപ്പുകളേയും സുഹൃത്തുക്കളെയും വീടും നാടുമെല്ലാം വിട്ട് ഞങ്ങൾ ഇറങ്ങിപ്പോന്നെങ്കിൽ അതിനൊരു കാരണമുണ്ട്. ഒരു ദിവസമെങ്കിലും ഞങ്ങളായി ജീവിക്കാൻ വേണ്ടിയാണത്. ജീവിതകാലം മുഴുവൻ സമൂഹം പറയുന്നത് കേട്ട് ജീവിക്കുന്നതിനേക്കാൾ നല്ലതാണ് ഒരു ദിവസമെങ്കിലും സ്വത്വത്തിനൊത്ത് ജീവിക്കുന്നത്. മനസ്സ് പറയുംപോലെ ആണോ പെണ്ണോ ആയി ജീവിക്കാന് ആഗ്രഹിച്ചതിന്റെ പേരിൽ വീടുവിടേണ്ടിവന്നവരാണ് ഞങ്ങള്. വേഷംകെട്ടാൻ വേണ്ടി ആരെങ്കിലും ഇത്രയും ത്യാഗം സഹിക്കുമോ. മനപ്പൂർവം പരിഹാസകഥാപാത്രമാകാൻ ആരെങ്കിലും ആഗ്രഹിക്കുമോ? ഞങ്ങളെപ്പോലൊരു കൂട്ടരെ ദൈവം സൃഷ്ടിച്ചിട്ടുണ്ടെന്ന് ചിന്തിച്ചാൽ തീരാവുന്ന പ്രശ്നമല്ലേയുള്ളൂ. കോടിക്കണക്കിന് ആളുകളുള്ള ഈ ലോകത്ത് ആളുകളുടെ മനസ്സ് പലവിധമാണ്.”

റിയ പോലീസ് വേഷത്തിൽ (കടപ്പാട്: ഇൻസ്റ്റഗ്രാം)

പുരുഷനോടാണ് ആകർഷണം തോന്നുന്നതെങ്കിൽ ഞങ്ങളെന്തുചെയ്യണം?
“ഒരു പ്രായമെത്തുമ്പോൾ നമ്മുടെ മാനസികാവസ്ഥ ശരീരത്തിന് യോജിക്കാതാവുകയാണ്. പുരുഷനായി എല്ലാവർക്കും മുമ്പിൽ ജീവിച്ചുകൊണ്ടിരുന്നപ്പോൾ എന്റെ മനസ്സ് പെൺകുട്ടിയുടേതായിരുന്നു. എന്റെ ആൺശരീരത്തിലേക്ക് നോക്കുമ്പോൾ മനസ്സ് തളരും. എനിക്കിങ്ങനെയൊരു ലിംഗം ആവശ്യമില്ലല്ലോ... രതിചിന്തകളിൽ കയറിവരുന്നത് പുരുഷന്മാരുടെ രൂപവും മുഖവും. എന്നെ സംബന്ധിച്ചിടത്തോളം എനിക്കൊരു പുരുഷനെയല്ലാതെ ഒരു സ്ത്രീയെ ലൈംഗികതാത്പര്യത്തോടെ തൊടാൻ പോലുമാവില്ല. പെൺകുട്ടികളെപ്പോലെ ജീവിക്കാനാണ് ഞാൻ കൊതിച്ചത്. ലൈംഗികബന്ധത്തിൽ ഒരു പെൺകുട്ടിയുടെ ഭാഗം നിർവഹിക്കാനാണ് മനസ്സ് ആഗ്രഹിച്ചത്. പക്ഷേ, ശരീരവും ശബ്ദവും ആണിന്റേതും. ഇങ്ങനെ മനസ്സ് നിരന്തരം ആവശ്യപ്പെടുമ്പോൾ നമുക്ക് മറ്റൊരാളായി അഭിനയിച്ച് പിടിച്ചുനിൽക്കാനാവില്ല. ആ ഘട്ടത്തിലാണ് നമ്മൾ യഥാർഥസ്വത്വം വെളിപ്പെടുത്തുക. നമ്മളെന്താണെന്ന് തിരിച്ചറിഞ്ഞാൽ പിന്നെ വീട്ടിൽ നിന്ന് അടിച്ചിറക്കുന്ന, അല്ലെങ്കിൽ ഇറങ്ങിപ്പോരുന്ന സാഹചര്യമുണ്ടാകും.“

ട്രാൻസ് സ്ത്രീക്ക് ട്രാൻസ് സ്ത്രീയോട് അട്രാക്ഷൻ തോന്നാം
“സെക്ഷ്വാലിറ്റി എന്നു പറയുന്നതുപോലും പൂർണമായും ഓരോരുത്തരിലും വ്യത്യസ്തമായിരിക്കും. പെണ്ണായിട്ട് ഇരിക്കാൻ ആഗ്രഹിക്കുന്ന ട്രാൻസ് സ്ത്രീകൾ മുഴുവനും പുരുഷന്മാരോട് അട്രാക്ഷൻ ഉള്ളവരാകണമെന്നില്ല. അവരിലും ലെസ്ബിയൻ സെക്ഷ്വാലിറ്റിയുള്ളവരുണ്ടാവും. ഹെട്രോസെക്ഷ്വാലിറ്റിയുള്ളവരുമുണ്ടാകും. എങ്ങനെ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നു എന്നതിനേക്കാളും മനസ്സിൽ എന്താണ് ചിന്തിക്കുന്നത് എന്നതാണ് പ്രധാനം. ഒരിക്കലും ഒരു ആൺകുട്ടിക്ക് പെൺകുട്ടിയുടേയോ പെൺകുട്ടിക്ക് ആൺകുട്ടിയുടെയോ മാനസികാവസ്ഥ ഉണ്ടാക്കിയെടുക്കാനാവില്ലല്ലോ?“

പ്രകൃതിവിരുദ്ധമെന്ന് വിളിക്കുന്നവരോട്
“ഞങ്ങളുടെ രീതികളെ പ്രകൃതിവിരുദ്ധമെന്ന് പലരും വിളിക്കുന്നു. ഈ ഭൂമിയിൽ ദൈവം സൃഷ്ടിച്ചതിനെ എങ്ങനെ പ്രകൃതിവിരുദ്ധമെന്ന് വിളിക്കാനാവും? നമ്മുടെയൊക്കെ പൂർവികർ തൊട്ട് ഗേ, ലെസ്ബിയൻ, ട്രാൻസ് കൾച്ചറിലുള്ളവർ ഇവിടെ ജനിച്ചിട്ടും മരിച്ചിട്ടുമുണ്ട്. എനിക്കിഷ്ടപ്പെട്ട രീതിയിൽ വേഷമിടുന്നതും ജീവിക്കുന്നതും ആർക്കാണ് നഷ്ടമുണ്ടാക്കുക. ഞങ്ങൾ മരിച്ചാൽ ഞങ്ങൾ തീർന്നു. പക്ഷേ, തലമുറകൾ ഇനിയും വരും. ഞങ്ങളെപ്പോലുള്ളവരും നിങ്ങളെപ്പോലുള്ളവരും ഈ ഭൂമിയിൽ ജനിക്കും. അതൊന്നും നിലയ്ക്കാൻ പോവുന്നില്ല. ഒന്നു ചിന്തിച്ചുനോക്കൂ? ഒരു പടക്കം പൊട്ടിക്കുമ്പോൾ പോലും എത്ര സൂക്ഷ്മജീവികളാണ് ചത്തുപോകുന്നത്. അതൊക്കെയല്ലേ ശരിക്കും പ്രകൃതിവിരുദ്ധം???“

സർജറികൾ എങ്ങനെയാണ് അനിവാര്യമാകുന്നത്?
“സ്ത്രീയുടെ മനസ്സുള്ള ഒരാൾക്ക് പുരുഷന്റെ ശരീരമാണുള്ളതെങ്കിൽ അസ്വസ്ഥതകൾ വരുന്നത് സ്വാഭാവികമാണ്. അതിനൊത്ത് അവർ ശരീരം മാറ്റിയെടുക്കാൻ ശ്രമിക്കും. അതിന് ശസ്ത്രക്രിയയെ ആശ്രയിക്കുകയേ നിവൃത്തിയുള്ളൂ. പക്ഷേ അതുപോലെ മാനസികാവസ്ഥ മാറ്റിയെടുക്കാനാവില്ല.“

എന്റെ വീടാണ് എന്റെ സ്വർഗ്ഗം
“എന്റെ സ്വർഗ്ഗം എവിടെയാണെന്നു ചോദിച്ചാൽ വീടാണെന്ന് ഞാൻ പറയും. ഉമ്മയും ഇത്തയുമൊക്കെ കാണാൻ വരും. പക്ഷേ, ടി.വി.യിലൊക്കെ കാണുംപോലെ എന്നെ ഇങ്ങനെ കാണാനുള്ള മാനസികാവസ്ഥ വീട്ടിലെല്ലാവര്ക്കുമില്ല. ഇത്തമാർക്കും ഇക്കമാർക്കുമൊക്കെ എന്റെ ജീവിതത്തെക്കുറിച്ചും കല്യാണത്തെക്കുറിച്ചും വലിയ സങ്കല്പങ്ങളുണ്ടായിരുന്നു. വലിയ കുടുംബമാണെന്റേത്. എന്നെ കുട്ടിയായിട്ടേ എല്ലാവരും കരുതിയിരുന്നുള്ളൂ. പക്ഷേ, ജീവിതകാലം മുഴുവൻ അഭിനയിക്കാനാവില്ല, നമുക്കും ജീവിച്ചല്ലേ പറ്റൂ. കളിയാക്കലുകൾ കേൾക്കുമ്പോൾ നൂറിരട്ടി വേദനയാണ്. നിങ്ങൾ ഒന്നുനോക്കി ചിരിക്കുമ്പോള് പോലും നല്ല രീതിയിലാണോ ചിരിക്കുന്നതെന്ന് ഞങ്ങൾ സംശയിച്ചുപോവും. സമൂഹം ഞങ്ങളോട് അങ്ങനെയാണ് ചെയ്തത്. ഒരാണ് ചെയ്യേണ്ട കാര്യങ്ങൾ ചെയ്യാനാവുന്നില്ലെന്ന് തിരിച്ചറിഞ്ഞ് ഞാനാ വേഷമഴിച്ചുവെച്ചു. സാങ്കല്പികലോകമല്ല, യാഥാർഥ്യമുള്ള ലോകമാണ് വേണ്ടത്. ഞാൻ നന്മയിലേ വിശ്വസിക്കുന്നുള്ളൂ. വീണുകിടക്കുമ്പോൾ സഹായിക്കാൻ മനസ്സു കാണിക്കുന്നിടത്തേ ദൈവത്തെ കാണുന്നുള്ളൂ. “

ജീവിതത്തിലേക്ക് കടന്നുവരുന്നവരോട് അത്രയേറെ സ്നേഹമാണ് ഞങ്ങൾക്ക്
“പൊതുവെ ട്രാൻസ് സമൂഹത്തിലുള്ളവരെ നോക്കിയാൽ നിങ്ങൾക്ക് മനസ്സിലാവും, എല്ലായിടത്തുനിന്നും അവഗണന നേരിടേണ്ടിവന്നവരാണവർ. അതിനിടെ ആരെങ്കിലും ഇത്തിരി സ്നേഹം കൊടുത്താൽ അവരത് ഹൃദയത്തിലേക്കാണ് എടുക്കുക. അവിടെ ഒരു പങ്കാളി സ്നേഹത്തോടെ ജീവിതത്തിലേക്ക് കടന്നുവന്നാൽ ചിലപ്പോൾ സ്നേഹക്കൂടുതൽകൊണ്ട് ഞാനവരെ കുളിപ്പിച്ചുകൊടുക്കാനും ഭക്ഷണം വാരിക്കൊടുക്കാനും വരെ തയ്യാറായേക്കും. അത്രയും കെയറിറായിരിക്കും പങ്കാളിക്ക് കൊടുക്കുക. കാരണം ഞങ്ങൾക്കറിയാം എങ്ങനെയാണ് ആളുകൾ ട്രീറ്റ് ചെയ്യപ്പെടാൻ ഇഷ്ടപ്പെടുന്നതെന്ന്. ആണിന്റെയും പെണ്ണിന്റെയും കാര്യങ്ങൾ അറിഞ്ഞിട്ടുള്ളവരാണ് ഞങ്ങൾ. ഒരു കുഞ്ഞിനെപ്പോലും വളർത്തിയെടുക്കേണ്ടത് എങ്ങനെയാണെന്ന് ഞങ്ങൾക്കറിയാം. ഞങ്ങൾ അനുഭവിച്ച വേദനകൾ മനസ്സിലാക്കിയതുകൊണ്ട് ഒരു കുട്ടിയെ നന്നായി വളർത്താനാവും ഞങ്ങൾക്ക്.“

ട്രാൻസ് വനിതയായ റിഷാന ഐഷുവിന് തണലായ കഥ
“കോട്ടയ്ക്കലിലെ വീട്ടിൽ നിന്ന് ഇറങ്ങിവന്നശേഷം റിഷാന ഐഷുവിന് വേണ്ട കെയറിങ് കൊടുത്തത് ഞാനാണ്. അവളെന്നെ അമ്മയായി കരുതുന്നു. ഞാനവളെ കൂടെപ്പിറപ്പായും. അവളെ കൊണ്ടുവന്ന് കോയമ്പത്തൂരിൽ സർജറിയൊക്കെ ചെയ്തു. പ്രസവസമയത്ത് കൊടുക്കുന്നതുപോലത്തെ പരിചരണം നൽകി. എന്റെ വീട്ടിൽ ഏട്ടന്മാരുടെ ഭാര്യമാരെ ഉമ്മ നോക്കിയിരുന്നതു കണ്ട ഓർമയിൽ അതുപോലെ ശ്രദ്ധിച്ചാണ് ഞാനവളെ നോക്കിയത്. ഭക്ഷണവും മരുന്നുമടക്കം ഒരമ്മ എങ്ങനെയാണോ മോളെ നോക്കുന്നത് ആ രീതിയിൽ ഞാനവളെ കൊണ്ടുനടന്നു. അവളെ സംബന്ധിച്ചിടത്തോളം ഞാന് അമ്മയാണ്. ഞാനവളെ കൂടെപ്പിറപ്പായി കാണുന്നു. ആരോഗ്യം വീണ്ടെടുത്ത് അവൾ എന്റെ വീട്ടിൽ നിന്ന് പോകുമ്പോൾ മനസ്സു വല്ലാതെ വേദനിച്ചു. ഞാൻ പ്രസവിച്ചിട്ടില്ലെങ്കിലും ഒരമ്മയുടെ വികാരം ഞാനറിഞ്ഞ സമയമായിരുന്നു അത്. റിഷാന ഹിജഡ കൾച്ചർ ഫോളോ ചെയ്ത് ജീവിക്കുന്നയാളാണ്. ഞാൻ ഹിജഡ കൾച്ചർ ഫോളോ ചെയ്യുന്നയാളല്ല.“

ആൺവേഷമിട്ട് ആണിനെപ്പോലെ നടക്കാൻ പറ്റുമെങ്കിൽ തീർച്ചയായും ഞങ്ങൾ ചെയ്യും
“കോട്ടയ്ക്കലിലെ വളരെ ഓർത്തഡോക്സ് ആയിട്ടുള്ള ഒരു കുടുംബത്തിൽ നിന്നാണ് റിഷാന ഐഷു വരുന്നത്. അഞ്ചെട്ടുവർഷം മുമ്പ്. അന്നിതുപോലുള്ള ഒരു സാഹചര്യമല്ല നമ്മുടെ നാട്ടിൽ. രണ്ടു കുട്ടികളുണ്ടായിരുന്നു കോട്ടയ്ക്കലിൽ ഇത്തരത്തിൽ പ്രശ്നങ്ങൾ നേരിടുന്നവരായിട്ട്. പെൺകുട്ടികളെപ്പോലെ വേഷമിട്ട് നടന്നതിന്റെ പേരിൽ അവരെ ആളുകൾ ദ്രോഹിക്കുന്നു, ശരീരത്തിൽ കറിയൊഴിക്കുന്നു, വസ്ത്രം വലിച്ചുകീറുന്നു. പക്ഷേ, എന്തൊക്കെ ഏൽക്കേണ്ടിവന്നിട്ടും ആ കുട്ടികള് പെണ്ണിനെപ്പോലെയേ വേഷമിടുന്നുള്ളൂ. ഇനിയിപ്പോ ആൺവേഷമിട്ടാലും സ്ത്രീകൾ നടക്കുംപോലെയേ നടക്കുന്നുള്ളൂ. ഒരാൾ എങ്ങനെ നടക്കണമെന്ന് നമ്മൾ പറഞ്ഞുകൊടുക്കണോ? ആൺവേഷത്തിൽ ആണിനെപ്പോലെ നടക്കാൻ പറ്റുമെങ്കിൽ തീർച്ചയായും അവരത് ചെയ്യും. സമൂഹമിത്രയും ദ്രോഹിച്ചിട്ടും അവരത് ചെയ്യാത്തത് സാധിക്കാഞ്ഞിട്ടാണെന്ന് മനസ്സിലാക്കണം. ആ സമയത്ത് പത്രസമ്മേളനമൊക്കെ നടത്തിയാണ് രണ്ടു കുട്ടികളെയും സംരക്ഷിക്കാൻ ഞങ്ങൾ മുന്നിട്ടിറങ്ങിയത്.“

ഒരുപാട് പേർ സെക്സ്സ് വർക്കിലേക്ക് പോകേണ്ടിവരുന്നുവല്ലോയെന്ന് ഞാൻ ചിന്തിച്ചു
“റിഷാനയ്ക്ക് പോകാൻ സുരക്ഷിതമായൊരു ഇടമില്ലായിരുന്നു. അപ്പോൾ ഞാൻ വിചാരിച്ചു, ഒരുപാടു പേർ സെക്സ് വർക്കിലേക്ക് പോകേണ്ടിവരുന്ന സാഹചര്യമുണ്ട്. ഒരാളെങ്കില് ഒരാളെ നന്നായി കെയർ ചെയ്യാൻ പറ്റിയാൽ നല്ലതല്ലേ! “

റിയയുടെ ജീവിതം
2017-ൽ മഞ്ചേരി ജില്ലാകോടതിയിൽ മോട്ടോർവാഹന അദാലത്തിൽ ജഡ്ജിങ് പാനൽ മെമ്പറായിരുന്നു റിയ. ഹ്യൂമൺ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷന്റെ സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്നു. മലപ്പുറം-പാലക്കാട് ജില്ലകളിലെ ആദ്യ ട്രാൻഡ് സ്റ്റുഡന്റ്, ഇന്റർസോൺ സിസോൺ കലോത്സവങ്ങളിൽ പാർട്ടിസിപേറ്റ് ചെയ്ത ആദ്യ ട്രാൻസ് സ്റ്റുഡന്റ് (ഐഡന്റിറ്റി വെളിപ്പെടുത്തിയ ശേഷം), യൂണിവേഴ്സിറ്റി അത്ലറ്റിക് മീറ്റൽ ദീപശിഖ പിടിച്ചോടിയ ഇന്ത്യയിലെ തന്നെ ആദ്യ ട്രാൻസ് പേഴ്സൺ തുടങ്ങിയ നേട്ടങ്ങൾ റിയക്ക് സ്വന്തം. കേരളത്തിൽ യൂണിവേഴ്സിറ്റി അഫിലിയേഷനോടെ തുടങ്ങിയ ഡിസൈൻ മോഡലിങ് ഇൻസ്റ്റിറ്റ്യൂട്ടിൻറെ ഫൗണ്ടറാണ്. ജ്വല്ലറി മോഡലിങ്, സീരിയൽ, സിനിമ... തിരക്കുകളിൽ നിന്ന് തിരക്കുകളിലേക്ക് പറന്ന് മനോഹരമായ ജീവിതം കെട്ടിപ്പടുക്കുകയാണ് അവരിന്ന്...


Content Highlights: transwomen and actress riya isha shares her life experience as a women

Add Comment
Related Topics

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
anziya

5 min

ഒന്നരക്കോടി രൂപ വിറ്റുവരവുള്ള കമ്പനിയുടെ ഉടമ ഈ പ്ലസ്ടുക്കാരി

Sep 28, 2023


Minnu mani

2 min

ചൈനയില്‍ നിന്നും ആ സ്വര്‍ണം വയനാട്ടിലേക്ക്, മിന്നുമണിയിലൂടെ

Sep 26, 2023


Avani. S S
Welfare of Cancer Patients Day

5 min

''എനിക്ക് കാന്‍സറാണോ വല്ല്യമ്മേ, തൊണ്ട മുറിച്ചാല്‍ പാടാന്‍ കഴിയില്ലല്ലോ?"

Sep 22, 2023