കംഫർട്ട് വിമൻ പ്രതിമകൾ
'ഗ്രാന്‍ഡ്മാ മരണപ്പെട്ടിരിക്കുന്നു. ജീവിച്ചിരിക്കുമ്പോള്‍ ആരും ശല്യപ്പെടുത്തുന്നത് അവര്‍ക്ക് ഇഷ്ടമല്ലായിരുന്നു. അതുകൊണ്ടുതന്നെ അവരുടെ മരണാന്തര ചടങ്ങുകള്‍ കഴിഞ്ഞതിന് ശേഷമാണ് ഈ വാര്‍ത്ത ഞങ്ങള്‍ ലോകത്തെ അറിയിക്കുന്നത്'. തായ്‌വാനിലെ അവസാനത്തെ 'കംഫര്‍ട്ട് വുമണി' ന്റെ മരണ വാര്‍ത്ത അറിയിച്ച് കൊണ്ടുള്ള ടി.ഡബ്ല്യൂ.ആര്‍.എഫിന്റെ (തായ്‌പേയി വിമന്‍സ് റെസ്‌ക്യൂ ഫൗണ്ടേഷന്‍) പത്രക്കുറിപ്പാണ് ഇത്. മേയ് പത്തിനായിരുന്നു അവരുടെ മരണം. ആ വാര്‍ത്ത ലോകം അറിഞ്ഞത് ഏറെ ദിവസങ്ങള്‍ക്ക് ശേഷവും.
കംഫര്‍ട്ട് വിമന്‍
1932 നും 1945 നും ഇടയില്‍ ജപ്പാന്റെ മിലിറ്ററി വേശ്യാലയങ്ങളില്‍ നിര്‍ബന്ധിതമായി ജോലി ചെയ്യാന്‍ വിധിക്കപ്പെട്ട സ്ത്രീകളെയാണ് കംഫര്‍ട്ട് വിമന്‍ എന്ന് വിളിക്കുന്നത്. രണ്ടാം ലോക മഹായുദ്ധ കാലത്തും അതിനുമുമ്പും ജാപ്പനീസ് പട്ടാളക്കാരുടെ ലൈംഗിക അടിമകളായവര്‍. ജാപ്പനീസില്‍ ഭാഷയില്‍ അവരെ 'ഇയാന്‍ഫു' എന്നായിരുന്നു വിളിച്ചിരുന്നത്. 'ആശ്വാസമേകുന്ന സ്ത്രീ' എന്നാണ് വാക്കിന്റെ അര്‍ഥം.
രണ്ടാം ചൈനീസ്- ജപ്പാന്‍ യുദ്ധം. ജപ്പാന്‍ സൈന്യം ആദ്യം പിടിച്ചെടുത്തത് ഷാങ്ഹായി നഗരമായിരുന്നു. ജനറല്‍ ഇവാനെ മാറ്റ്‌സുയിയുടെ സേന അടുത്ത ലക്ഷ്യസ്ഥാനമായ നാന്‍ജിങ്ങിലേക്ക് നീങ്ങി. ആ പ്രവിശ്യ കൈയടക്കിയാല്‍ ചൈന കീഴടങ്ങുമെന്നായിരുന്നു അവരുടെ വിശ്വാസം. ചിയാങ് കെയ്‌ഷെക്കിനായിരുന്നു ചൈനീസ് പ്രതിരോധം ദുര്‍ബലമായി. ചൈനയുടെ ഓരോ പോക്കറ്റുകള്‍ ഓരോന്നായി ജാപ്പനീസ് സൈന്യം പിടിച്ചെടുത്തു. നാന്‍ജിങ് ജപ്പാന്‍ പിടിച്ചെടുത്തു. പിന്നെ അവിടെ നടന്നത് ചരിത്രത്തില്‍ അന്നേവരെ കേട്ടുകേള്‍വിയില്ലാത്ത സംഭവങ്ങളായിരുന്നു.
യുദ്ധത്തടവുകാര്‍ ഉള്‍പ്പെടെയുള്ള ചൈനീസ് പൗരന്‍മാരെ ജപ്പാന്‍ കൂട്ടക്കൊല ചെയ്തു. കൊള്ളയടിച്ചു. സ്ത്രീകളെ ബലാത്സംഗം ചെയ്തു. ഹിസ്റ്ററി.കോം ന്റെ കണക്ക് പ്രകാരം 20000-നും 80000 നും ഇടയില്‍ സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. നാന്‍ജിങ് കൂട്ടക്കൊല എന്ന പേരിലറിയപ്പെട്ട ഈ സംഭവ പരമ്പര ലോകത്താകമാനം ജപ്പാന്റെ പ്രതിച്ഛായയ്ക്ക് കോട്ടമേല്‍പ്പിച്ചു. അന്നത്തെ ചക്രവര്‍ത്തി ഹിരോഹിട്ടോ കൂടുതല്‍ മിലിറ്ററി വേശ്യാലയങ്ങള്‍ സ്ഥാപിക്കാന്‍ നിര്‍ദേശം നല്‍കി.

എവിടെ നിന്ന്
ജപ്പാനിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ അംഗങ്ങളായിരുന്നു ആദ്യകാല കംഫര്‍ട്ട് വിമനുകളില്‍ ഏറെയും. പിന്നീട് മറ്റുരാജ്യങ്ങളിലെ സ്ത്രീകളെയും ഇതിനായി ഉപയോഗിച്ചു. ഏറ്റവും കൂടുതല്‍ പേര്‍ ചൈനയില്‍ നിന്നായിരുന്നു. കൊറിയ, ഫിലിപ്പൈന്‍സ്, ഇന്തൊനേഷ്യ, തായ്‌വാന്‍ അടക്കമുളള രാജ്യങ്ങളില്‍ നിന്നും സ്ത്രീകളെ നിര്‍ബന്ധിതമായി ഇവിടേക്ക് എത്തിച്ചു. കൃത്യമായ എണ്ണം എത്രയായിരുന്നു എന്നതിന് ഇപ്പോഴും ഔദ്യോഗികമായ കണക്കുകളില്ല. മൂന്നര ലക്ഷത്തിന് മുകളില്‍ സ്ത്രീകള്‍ മിലിറ്ററി വേശ്യാലയത്തില്‍ ജോലിചെയ്യാന്‍ നിര്‍ബന്ധിതരായിട്ടുണ്ടെന്ന് ചില കണക്കുകള്‍ സൂചിപ്പിക്കുന്നു.
അതിജീവിതകള്‍
' ഒരു നിമിഷത്തിന്റെ ഇടവേള പോലും നല്‍കാതെ അവര്‍ ഇടതടവില്ലാതെ എന്നെ ബലാത്സംഗം ചെയ്തു... ക്രൂരമായ ആ അനുഭവങ്ങളെ കൂട്ടത്തില്‍ ഒരു അതിജീവിത പിന്നീട് ഓര്‍ത്തെടുത്തത് ഇങ്ങനെയാണ്. തീര്‍ത്തും ക്രൂരവും മനുഷ്യത്വ രഹിതവുമായിരുന്നു വേശ്യാലയങ്ങള്‍ക്കുള്ളിലെ സ്ഥിതി. ഓരോ സ്ത്രീയ്ക്കും ഓരോ ദിവസവും നൂറിലധികം പുരുഷന്മാരുമായി കിടക്ക പങ്കിടേണ്ടി വന്നു. അവധി ദിവസങ്ങളിലും യുദ്ധത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിലും പുരുഷന്മാരുടെ എണ്ണം ഏറും.
ഈ വേശ്യാലയങ്ങള്‍ക്ക് അന്ത്യമായത് രണ്ടാം ലോക മഹായുദ്ധത്തോടെയാണ്. എന്നാല്‍, യുദ്ധത്തെ അതിജീവിക്കാന്‍ അവരില്‍ പലര്‍ക്കും കഴിഞ്ഞില്ല. അതിജീവിച്ചവാരകട്ടെ സംഭവത്തെ കുറിച്ച് ലോകത്തോട് ഒന്നും പറഞ്ഞതുമില്ല. 1970 കളിലും 80 കളിലും കംഫര്‍ട്ട് വിമനുകളെക്കുറിച്ച് ചര്‍ച്ചകളും വിവാദങ്ങളും ഉയര്‍ന്നുവന്നെങ്കിലും തുറന്നുപറഞ്ഞിലിന് തയ്യാറായി അക്കൂട്ടത്തില്‍ നിന്ന് ഒരാള്‍ പോലും മുന്നോട്ട് വന്നില്ല. ഒടുവില്‍ 1991 ഓഗസ്റ്റില്‍ കിം ഹാക് സണ്‍ എന്ന സ്ത്രീ രംഗത്തെത്തി. സൈനികരില്‍ നിന്ന് അനുഭവിക്കേണ്ടി വന്ന ക്രൂരമായ ലൈഗിക പീഡനങ്ങളെപ്പറ്റി അവര്‍ ലോകത്തോട് തുറന്നു സംസാരിച്ചു. അത് അവരില്‍ പലര്‍ക്കും പ്രചോദനമേകി. പിന്നാലെ ഒരുപാട് അതിജീവിതകള്‍ രംഗത്തെത്തി. ജപ്പാന്‍ മാപ്പ് പറയണമെന്നായിരുന്നു അവരുടെ ആവശ്യം. എന്നാല്‍, 'കംഫര്‍ട്ട് സ്റ്റേഷനു'കളുടെ ഉത്തരവാദിത്വം അന്നത്തെ സര്‍ക്കാര്‍ ഏറ്റെടുത്തില്ല.
ജപ്പാനും ദക്ഷിണ കൊറിയയ്ക്കും ഇടയില്‍ വര്‍ഷങ്ങളോളം ഈ വിഷയത്തില്‍ തര്‍ക്കം നിലനിന്നു. 2015-ല്‍ ഇരു രാജ്യങ്ങളും രമ്യമായി പരിഹരിച്ച വിഷയം 2017-ല്‍ വീണ്ടും സജീവമായി. കൊറിയ ഒരു കംഫര്‍ട്ട് വുമണിന്റെ പ്രതിമ സ്ഥാപിച്ചതോടെയായിരുന്നു ഇത്. കൊറിയയില്‍ നിന്ന് ജപ്പാനീസ് സ്ഥാനപതിയെ തിരിച്ചുവിളിക്കുന്നതിലേക്ക് വരെ കാര്യങ്ങളെത്തി. 2011-ല്‍ സോളിലെ ജാപ്പനീസ് എംബസിക്ക് മുമ്പിലും പ്രതിമ ഉയര്‍ന്നിരുന്നു.

തായ്‌വാന്‍ മാതൃക
1895 മുതല്‍ 1945 വരെ ജപ്പാന്റെ അധീനതയിലായിരുന്നു തായ്‌വാന്‍. രണ്ടായിരത്തിലേറെ കംഫര്‍ട്ട് വിമനുകള്‍ ഇവിടെ നിന്ന് ഉണ്ടായിട്ടുണ്ടെന്നാണ് അനൗദ്യോഗിക കണക്കുകള്‍. എന്നാല്‍ ജപ്പാന്‍ സൈന്യത്തിന്റെ ക്രൂരത തുറന്നുപറഞ്ഞ് രംഗത്തെത്തിയത് 59 പേര്‍ മാത്രം. അതില്‍ അവേശഷിക്കുന്ന അതിജീവിതയായിരുന്നു കഴിഞ്ഞ പത്താം തിയതി മരണപ്പെട്ടത്.
കംഫര്‍ട്ട് വിമനുകള്‍ക്കു വേണ്ടി ഏറെ പോരാട്ടം നടന്ന രാജ്യങ്ങളിലെന്നാണ് തായ്‌വാന്‍. അവര്‍ക്കായി ടി.ഡബ്ല്യൂ.ആര്‍.എഫ്. എന്ന സംഘടനയും പ്രവര്‍ത്തിക്കുന്നു. കംഫര്‍ട്ട് വിമനിന്റെ ക്ഷേമത്തിനായാണ് ഈ സംഘടനയുടെ പ്രവര്‍ത്തനം. ആ സ്ത്രീകളുടെ ജീവിതവും ജപ്പാന്റെ ക്രൂരതകളും ഉള്‍പ്പെടുന്ന പാഠങ്ങള്‍ പാഠ പുസ്തകങ്ങളില്‍ ചേര്‍ക്കാനുള്ള ശ്രമങ്ങളും ഇവര്‍ നടത്തുന്നുണ്ട്.
കംഫര്‍ട്ട് വിമനുകളുമായി ബന്ധപ്പെട്ട ചിത്രങ്ങളും ഡോക്യുമെന്ററികളും വീഡിയോകളും ഇവിടെ പ്രദര്‍ശിപ്പിക്കുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..