ഭര്‍ത്താവിന്റെ കാന്‍സര്‍ സര്‍ജറിക്ക് തൊട്ടുമുന്‍പ് ഗര്‍ഭിണിയാണെന്നറിഞ്ഞു, പിന്നെ കരുത്ത് അതായിരുന്നു


റോസ് മരിയ വിന്‍സെന്റ്

6 min read
Read later
Print
Share

ആദ്യമായി എന്റെ അച്ഛന്‍ കരയുന്നത് കണ്ടത് അന്നാണ്. എന്താണ് ചെയ്യേണ്ടതെന്ന് അറിയാതെ ആരോടും ഒന്നും പറയാതെ അന്ന് വീടുവിട്ടിറങ്ങി.

അമലാ മെറിൻ

ന്യമതസ്ഥനുമായി പ്രണയത്തിലാവുക, അതും പത്താം ക്ലാസില്‍ പഠിക്കുന്ന കാലത്ത്. പ്രണയം മറക്കാന്‍ കന്യാസ്ത്രി മഠത്തില്‍ ചേരുക... പിന്നീട് പതിനെട്ടാം വയസ്സില്‍ പ്രണയിച്ചയാള്‍ക്കൊപ്പം ഇറങ്ങിപ്പോകുക, ഒന്നിച്ച് ജീവിതം സ്വപ്‌നം കണ്ടുതുടങ്ങുമ്പോള്‍ വില്ലനായി എത്തിയ കാന്‍സര്‍. ചികിത്സകള്‍, പ്രതീക്ഷകള്‍.... അമലാ മെറിന്‍ എന്ന എറണാകുളം ചേരാനെല്ലൂര്‍ സ്വദേശിനിയുടെ ജീവിതം സിനിമാക്കഥയെ വെല്ലും. ഇന്ന് ദുരിതകാലമെല്ലാം കടന്ന് ഉറച്ച് തീരുമാനങ്ങളും കൈനിറയെ വിജയങ്ങളുമായി അമല സംരംഭകയുടെ കുപ്പായമണിഞ്ഞു കഴിഞ്ഞു.

രണ്ട് മതങ്ങളുടെ പ്രണയം

എപ്പോഴോ തോന്നിയ പ്രണയം തന്റെ ജീവിതത്തെ ഇങ്ങനെയെല്ലാം മാറ്റി മറിക്കുമെന്ന് അമല ഒരിക്കലും കരുതിയിരുന്നില്ല. അമലയുടെ വീടിനടുത്തു തന്നെയാണ് ഷിഹാബിന്റെയും വീട്. ' എട്ടാം ക്ലാസില്‍ പഠിക്കുന്ന കാലത്താണ് ഷിഹാബ് എന്നോട് പ്രണയം പറയുന്നത്. ഞാനന്ന് പള്ളിയും ഭക്തിയും ഒക്കെയായി നടക്കുന്ന പെണ്‍കുട്ടിയാണ്. അച്ഛനും അമ്മയും ചേച്ചിയും രണ്ട് അനിയത്തിമാരുമാണ് എന്റെ വീട്ടില്‍. ഞാന്‍ ഒരാള്‍ ഇഷ്ടമുള്ള ജീവിതം സ്വീകരിച്ചാല്‍ എല്ലാവരുടെയും ജീവിതം താറുമാറാവും എന്ന ഓര്‍മപ്പെടുത്തലോടെ ജീവിക്കേണ്ടി വന്നയാളാണ് ഞാനും. ശരിക്കും സിനിമയിലൊക്കെയുള്ളതുപോലെ നായകന്‍ പിന്നാലെ നടക്കുന്നു. ഷിഹാബ് അന്ന് ഡിഗ്രിയൊക്കെ കഴിഞ്ഞ് മാമന്റെ കൂടെ ബിസിനസ് ഒക്കെ നോക്കുന്ന ഇരുപത്തൊന്നുകാരന്‍. ഒരു പത്താം ക്ലാസ് ഒക്കെ എത്തിയപ്പോഴാണ് ഞാന്‍ യെസ് പറയുന്നത്. എല്ലാവര്‍ക്കും എന്നെ പറ്റി വലിയ പ്രതീക്ഷകളൊക്കെയായിരുന്നു. പക്ഷേ ഞങ്ങളുടെ പ്രണയം നാട്ടില്‍ മുഴുവന്‍ പെട്ടെന്ന് അറിഞ്ഞു. ചെറിയ പ്രായത്തിലെ പക്വതയില്ലാത്ത കാര്യമായി തള്ളിക്കളയാനാണ് ആദ്യം എല്ലാവരും പ്രേരിപ്പിച്ചത്. സത്യത്തില്‍ പതിനഞ്ച് വയസ്സിന്റെ വെറും എടുത്തു ചാട്ടമായിരുന്നു അപ്പോഴും ഈ പ്രണയം എന്റെ മനസ്സില്‍. 'വേണേല്‍ ഒരു കള്ളമൊക്കെ പറഞ്ഞ് എനിക്കിത് ഒഴിവാക്കാം, അല്ലെങ്കില്‍ ഈ സമയത്ത് അങ്ങനെയൊന്നുമില്ലെന്ന് പറയാം. പക്ഷേ അതല്ല, എനിക്ക് അമലയെ ശരിക്കും ഇഷ്ടമാണ് എന്ന് സിനിമാ സ്റ്റൈലില്‍ ഷിഹാബ് എന്റെ അമ്മയോട് പറഞ്ഞതോടെ ഞാനും തീരുമാനിച്ചു ഇനി പിന്‍മാറില്ല എന്ന്.

സ്‌കൂളുകള്‍ മാറിമാറി പഠിച്ച കാലം

ഷിഹാബിനെ വിവാഹം കഴിക്കാന്‍ പറ്റിയില്ലെങ്കില്‍ മഠത്തില്‍ ചേരാനായി തീരുമാനം. അമ്മ അതിനെ പിന്താങ്ങി. കുടുംബത്തിന്റെ മാനക്കേടെങ്കിലും ഒഴിവാകുമല്ലോ. പത്താംക്ലാസ് കഴിഞ്ഞപ്പോഴെ ആലപ്പുഴയിലെ മഠത്തിലേക്ക്. അവിടെ ഒരു നാല് മാസം. അമ്മ കാണാന്‍ വരും. മാസത്തില്‍ ഒന്ന്. അതിലും കൂടുതല്‍ കാണാന്‍ വന്നത് ഷിഹാബാണ്. ഞായറാഴ്ച പുറത്തുള്ള പള്ളിയില്‍ കുര്‍ബാനയ്ക്ക് കൊണ്ടുപോകും. ഷിഹാബ് അവിടെ വരും, കാത്തു നില്‍ക്കും. അങ്ങനെ ഒടുവില്‍ അമ്മ വന്നപ്പോള്‍ എനിക്കിവിടെ പറ്റില്ല, എന്നെ കൂട്ടിക്കൊണ്ടു പോകണം എന്ന് ഞാന്‍ വാശിപിടിച്ചു. ഇല്ലെങ്കില്‍ ആരും കാണാതെ എങ്ങോട്ടെങ്കിലും നാടുവിടുമെന്നായിരുന്നു ഭീക്ഷണി. അതോടെ അമ്മയെന്നെ അവിടെ നിന്ന് ഒപ്പം കൂട്ടി. പ്ലസ് വണ്ണിന് ഇടുക്കിയിലെ ഗ്രാമമായ മൈലക്കൊമ്പിലേക്ക്. അവിടെയും ഞങ്ങളുടെ ബന്ധം തുടരുന്നു എന്നറിഞ്ഞതോടെ ചേരാനെല്ലൂരേക്ക് തിരിച്ച്. പ്ലസ്ടു നാട്ടില്‍. പതിനെട്ട് വയസ്സ് തികഞ്ഞതിന്റെ പിറ്റേന്ന് ആരും അറിയാതെ കല്യാണം രജിസ്റ്റര്‍ ചെയ്യാനുള്ള നടപടികള്‍ നോക്കി. ഒരു മാസം കഴിഞ്ഞ് വിവാഹം. ആരും അറിയാതെ എട്ട് മാസം രണ്ടാളും അവരവരുടെ വീട്ടില്‍ തന്നെ. പിന്നീട് ഇടുക്കിയിലെ ഒരു കൂട്ടുകാരിയുടെ അച്ഛന്റെ മരണാന്തരചടങ്ങുകള്‍ക്ക് പോകേണ്ടി വന്നു. അവിടേക്ക് ഞങ്ങള്‍ ഒന്നിച്ചാണ് പോയത്. അത് വീട്ടിലറിഞ്ഞു. ആദ്യമായി എന്റെ അച്ഛന്‍ കരയുന്നത് കണ്ടത് അന്നാണ്. എന്താണ് ചെയ്യേണ്ടതെന്ന് അറിയാതെ ആരോടും ഒന്നും പറയാതെ അന്ന് വീടുവിട്ടിറങ്ങി. കൂട്ടുകാരിയുടെ വീട്ടിലേക്ക് പോകാനാണ് ആദ്യം തീരുമാനിച്ചത്. പക്ഷേ വഴിയില്‍ നിന്ന് ഷിഹാബിനെ കണ്ടതോടെ ഒപ്പം പോകാന്‍ തീരുമാനിച്ചു.

അമല, ഭര്‍ത്താവ് ഷിഹാബ്, മകന്‍ ആദം

ഞങ്ങള്‍ക്ക് ഞങ്ങള്‍ മാത്രം

ആരും എന്നോട് നേരിട്ട് മതം മാറണമെന്നൊന്നും പറഞ്ഞിരുന്നില്ല. പക്ഷേ ഷിഹാബിന്റെ വീട്ടുകാര്‍ ഞങ്ങളുടെ നിക്കാഹ് നടത്താം എന്ന് സമ്മതിച്ചു. പ്രണയത്തിന് കണ്ണില്ലെന്ന് പറയുന്നത് ശരിക്കും ആ സമയത്ത് എന്റെ ജീവിതത്തിലുമുണ്ടായി. അപ്പോള്‍ ഷിഹാബിന് വേണ്ടി ഞാനെന്തും ചെയ്യുമെന്ന മാനസികാവസ്ഥയിലായിരുന്നു. സത്യത്തില്‍ അതെല്ലാം പ്രായത്തിന്റെ എടുത്തു ചാട്ടമായിരുന്നു. ഇപ്പോഴാണെങ്കില്‍ ഇങ്ങനെയൊന്നും ഒരുപക്ഷേ ഞാന്‍ ചെയ്യില്ല. അങ്ങനെ പൊന്നാനിയില്‍ പോയി. നാല്‍പത് ദിവസം അവിടെ മതപഠനം. അപ്പോഴേക്കും ഷിഹാബിന്റെ കൈയില്‍ നിന്ന് കാര്യങ്ങള്‍ അയാളുടെ കുടുംബത്തിന്റെ കൈയിലെത്തിയിരുന്നു. ഷിഹാബിനെ എനിക്ക് കാണാന്‍ പോലും പറ്റിയിരുന്നില്ല. സത്യത്തില്‍ അക്കാലം അനുഭവിച്ച മാനസിക പീഡനങ്ങള്‍ ചെറുതായിരുന്നില്ല.

നിക്കാഹ് നടന്നു. ഷിഹാബിന്റെ വീട്ടിലേക്ക് വന്നു. അവിടെ നിന്ന് ഡിഗ്രിക്ക് ചേര്‍ന്നു. എന്‍.സി.സിയിലൊക്കെ സജീവമായി. റിപ്പബ്ലിക്ക് ഡേ പരേഡിനൊക്കെ പോയി. വിവാഹിതയായ ഞാന്‍, എന്‍.സി.സിയുടെ വസ്ത്രം, നീണ്ടകാലം വീട് വിട്ടു നില്‍ക്കല്‍ എല്ലാം ആ വീട്ടില്‍ വലിയ പ്രശ്‌നങ്ങളായി... വീണ്ടും പഠിക്കാനിറങ്ങിയപ്പോഴാണ് ഞാന്‍ ലോകം കണ്ടു തുടങ്ങിയത്. ഇങ്ങനയല്ല ജീവിതമെന്ന് അറിഞ്ഞത്. ഇതിനെല്ലാമൊപ്പം ഞാന്‍ എന്റെ കുടുംബത്തോട് ഞാന്‍ വീണ്ടും അടുത്തു തുടങ്ങുകയും ചെയ്തിരുന്നു. കല്യാണം കഴിഞ്ഞിട്ട് ഇത്രയും നാളായിട്ടും ഞാന്‍ ഗര്‍ഭിണിയാകുന്നില്ല എന്നതും അവരെനിക്കെതിരായതിന് കാരണമായി. സ്ത്രീധനപ്രശ്‌നങ്ങള്‍ തലപൊക്കിത്തുടങ്ങി. എല്ലാംകൂടി മാനസികമായും ശാരീരികവുമായ പീഡനങ്ങളിലേക്കെത്തിയപ്പോള്‍ ഷിഹാബും ഞാനും ആ വീട് വിട്ടിറങ്ങി. ഇനി ഞങ്ങള്‍ക്ക് ഞങ്ങള്‍ മതിയെന്ന തീരുമാനത്തില്‍.

ആ യുദ്ധം ഞങ്ങള്‍ ജയിച്ചു

വീട്ടില്‍ നിന്നിറങ്ങിയ ശേഷം ഞങ്ങള്‍ കുഞ്ഞിന് വേണ്ടിയുള്ള ചികിത്സ തുടങ്ങാനാണ് ആദ്യം തീരുമാനിച്ചത്. അതിനുവേണ്ടിയുള്ള പരിശോധനകളിലാണ് ഡോക്ടര്‍ ഒരു സംശയം പറയുന്നത്. ടെസ്റ്റിസിലെ മുഴ സ്‌കാന്‍ ചെയ്യണമെന്ന് ഡോക്ടര്‍ പറയുമ്പോള്‍ കണ്ണിനുമുന്നില്‍ ഇരുട്ടായിരുന്നു ബോയോപ്‌സിക്കയച്ചപ്പോള്‍ കാന്‍സര്‍. സര്‍ജറി വേണം. നിങ്ങള്‍ സ്‌പേം ബാങ്കിങ് ചെയ്‌തോളൂ എന്നൊക്കെ ഡോക്ടര്‍ പറയുന്നുണ്ട്. കുഞ്ഞിന് വേണ്ടിയുള്ള ആഗ്രഹം, ജീവിതം ആഗ്രഹിച്ച പോലെ പിച്ച വയ്ക്കാന്‍ തുടങ്ങിയ സമയം.. എല്ലാം ഒറ്റയടിക്ക് തകര്‍ന്നു വീണതുപോലയായി. പക്ഷേ ദൈവം കൈവിട്ടിരുന്നില്ല. ഷിഹാബിന് സര്‍ജറി ചെയ്യുന്നതിന് രണ്ട് ദിവസം മുന്‍പ് ഞാന്‍ ഗര്‍ഭിണിയാണെന്ന് റിസല്‍ട്ടാണ് കൈയില്‍ കിട്ടിയത്. അതോടെ പിടിച്ചു നില്‍ക്കാനുള്ള ധൈര്യമായി രണ്ടാള്‍ക്കും. ഇതൊന്നും ഞങ്ങള്‍ ആരോടും പറഞ്ഞിരുന്നില്ല. എങ്കിലും അറിഞ്ഞപ്പോള്‍ ഞങ്ങളെ ചേര്‍ത്തുപിടിച്ച കുറച്ച് നല്ല സുഹൃത്തുക്കളും ഉണ്ട്.

കാന്‍സര്‍ മൂന്നാം ഘട്ടത്തിലായിരുന്നു. ലേക് ഷോറില്‍ ഗംഗാധരന്‍ ഡോക്ടറുടെ അടുത്തായിരുന്നു ചികിത്സ. ഒന്‍പത് മാസം കാന്‍സര്‍ ചികിത്സ. പത്തുമാസം എന്റെ ഗര്‍ഭകാലവും. ആറ് സൈക്കിള്‍ കീമോ ചെയ്തു. ഷിഹാബിനെ നോക്കിയതും ചികിത്സയുടെ ആവശ്യങ്ങള്‍ക്കായി പോയതുമെല്ലാം ഞാനൊറ്റയ്ക്കായിരുന്നു. സത്യത്തില്‍ അന്ന് വല്ലാത്തൊരു ധൈര്യമായിരുന്നു. ഒമ്പത് മാസവും ശര്‍ദ്ദിലും അവശതയും. രണ്ടാള്‍ക്കും.(ചിരിക്കുന്നു). സത്യത്തില്‍ ഷിഹാബിനെ വിട്ട് മാറിനില്‍ക്കാനുള്ള പേടിയായിരുന്നു മുന്നില്‍. എന്തെങ്കിലും സംഭവിച്ചാലോ എന്ന ചിന്തയും. വേറെ ആരും നോക്കിയാല്‍ ശരിയാവില്ല എന്ന വാശിയും. ആദം ജനിക്കുന്നതിന് രണ്ടാഴ്ച മുന്‍പ് എല്ലാ ട്രീറ്റ്‌മെന്റും കഴിഞ്ഞ് ഷിഹാബ് ആരോഗ്യവാനാണ് എന്ന ഉറപ്പ് ഞങ്ങള്‍ക്ക് കിട്ടി. കുഞ്ഞിനെ കാണണം എന്ന ആഗ്രഹം ഷിഹാബിന് വലിയ ആത്മവിശ്വാസം നല്‍കിയിരുന്നു. ചികിത്സ ഫലപ്രദമായതിന് പിന്നില്‍ അതിനും വലിയ പങ്കുണ്ട്. സാമ്പത്തികമായി ഞങ്ങള്‍ ഇക്കാലത്ത് തകര്‍ന്നു പോകാതിരുന്നത് ഷിഹാബിന്റെ അത്രയും കാലത്തെ കഠിനാധ്വാനത്തിന്റെ പിന്‍ബലത്തിലായിരുന്നു.

ഇതിനു രണ്ടിനുമൊപ്പമായിരുന്നു എനിക്ക് പി.ജി പഠനത്തിന് അഡ്മിഷന്‍ കിട്ടിയത്. പഠനം നിര്‍ത്തിയാലോ എന്നാണ് ആദ്യം ആലോചിച്ചത്. കോട്ടയത്ത് എം.ജി യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ ജേര്‍ണലിസം കോഴ്‌സിനാണ് ചേര്‍ന്നത്. എറണാകുളത്ത് നിന്ന് കോട്ടയത്തേക്ക് ക്ലാസുകള്‍ക്ക് ട്രെയിനിലും ബസിലുമായി യാത്ര. ഇതിനിടയില്‍ ഷിഹാബിന്റെ ട്രീറ്റ്‌മെന്റിനായുള്ള ഓട്ടപ്പാച്ചില്‍, എന്റെ ചെക്ക് അപ്പുകള്‍... നിര്‍ത്തിപ്പോയാലോ എന്ന് ചിന്തിച്ച എന്നെ തുടര്‍ന്ന് പഠിക്കാനും ആത്മവിശ്വാസത്തോടെ മുന്നോട്ടു പോകാനും പ്രേരിപ്പിച്ചത് ഡിപ്പാര്‍ട്ടമെന്റ് ഹെഡായ ഡോ. ലിജിമോള്‍ ജേക്കബാണ്.

ഫാഷന്‍ ഡിസൈനിങ് എന്ന് സ്വപ്നം

'നല്ലൊരു ജോലിക്ക് പോകണം എന്ന ആഗ്രഹത്തിന് പിന്നില്‍ വര്‍ഷങ്ങളായി മനസ്സില്‍ കൊണ്ടു നടന്ന ഒരു വലിയ സ്വപ്‌നമുണ്ടായിരുന്നു. ഫാഷന്‍ ഡിസൈനിങ് എന്നത്. അത് പഠിക്കാനൊന്നും പോകാന്‍ പറ്റിയില്ല. തയ്യല്‍ വരെ യൂട്യൂബിനെ ഗുരുവാക്കി പഠിച്ചെടുത്തു. സ്വന്തം സംരംഭം തുടങ്ങണമെങ്കില്‍ കൈയില്‍ നീക്കിയിരിപ്പ് വേണമല്ലോ. ഫാഷന്‍ ഒരു ബിസിനസ് ആക്കണമെങ്കില്‍ എനിക്കൊരു സപ്പോര്‍ട്ട് വേണം. ഷിഹാബിനെ മാത്രം ആശ്രയിക്കാനാവില്ല. അതുകൊണ്ട് ആദ്യം എന്തെങ്കിലും ജോലി, പിന്നെ സ്വപ്‌നം എന്ന് തീരുമാനിച്ചു. ആദ്യം ഞാനൊരു ചെറിയ മീഡിയാ സ്ഥാപനത്തില്‍ ജോലിക്ക് കയറി. അവിടെ നിന്ന് വിപ്രോയില്‍ മീഡിയാ അനലിസ്റ്റ് എന്ന പോസ്റ്റിലേക്ക്.

വിപ്രോയില്‍ ജോലി ചെയ്യുന്ന സമയത്ത് കസ്റ്റമൈസ്ഡായി ഡ്രെസ്സുകള്‍ ഡിസൈന്‍ ചെയ്തു കൊടുക്കുന്നുണ്ടായിരുന്നു. അമലാ മെറിന്‍ എന്നായിരുന്നു ബ്രാന്‍ഡ്. ഓണ്‍ലൈനായാണ് അത് ചെയ്തത്. ബാലരാമപുരം കൈത്തറി മെറ്റീരിയലുകള്‍ എടുത്ത് വസ്ത്രങ്ങള്‍ നിര്‍മിച്ച് നല്‍കിയിരുന്നു. ഒരു വസ്ത്രം ഡിസൈന്‍ ചെയ്യാന്‍ തന്നെ യാത്രകള്‍ ചെയ്ത് അതിന് പറ്റിയ മെറ്റീരിയലും ആക്‌സസറീസും ഒക്കെ കണ്ടുപിടിക്കും. യാത്രകള്‍ ഗുജറാത്തിലേക്കും ബംഗളൂരുവിലേക്കും വരെ നീണ്ടു. പക്ഷേ ആ കഷ്ടപ്പാടിനുള്ള അത്ര വരുമാനം ലഭിച്ചിരുന്നില്ല. അതുകൊണ്ട് പതിയെ അത് നിര്‍ത്തേണ്ടി വന്നു. എങ്കിലും സ്വപ്‌നമുപേക്ഷിച്ചില്ല.

കഴിഞ്ഞ നവംബര്‍ മുതല്‍ ഞാനൊരു ഫുള്‍ ടൈം സംരംഭകയായി. കുട്ടികളുടെ വസ്ത്രങ്ങളുടെ ഹോള്‍ സെയിലാണ് ഇപ്പോള്‍. എന്റെ ഡിസൈനുകളില്‍ പുറത്തുള്ള സ്റ്റിച്ചിങ് യൂണിറ്റുകള്‍ വഴി ചെയ്‌തെടുക്കുന്ന വസ്ത്രങ്ങള്‍. കിഡ്‌സ് റിപ്പബ്ലിക്ക് എന്നാണ് ബ്രാന്‍ഡ് നെയിം. റജിസ്‌ട്രേഷനും മറ്റുമുള്ള നടപടികളിലാണ് ഇപ്പോള്‍. ഇനി ബ്രാന്‍ഡിന് പ്രൊമോഷനും മറ്റുമായി സോഷ്യല്‍ മീഡിയയില്‍ സജീവമാകണം.' എറണാകുളം, തൃശ്ശൂര്‍, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് അമലയുടെ കുട്ടി വസ്ത്രങ്ങളുടെ വിപണികള്‍ ഏറെയും. ഒന്നരമാസം അഞ്ച് ലക്ഷം വരെ വിറ്റുവരവുണ്ട് തന്റെ സംരംഭത്തിനെന്ന് അമല പറയുന്നു.

അമലയുടെ വസ്ത്രഡിസൈന്‍, മോഡല്‍- അഭിരാമി സുരേഷ്‌

വീണ്ടും നടത്തിയ വെഡിങ് ഷൂട്ട്

ഞങ്ങള്‍ക്ക് വിവാഹഫോട്ടോയില്ല. അതുകൊണ്ട് വെഡിങ് ഷൂട്ട് റീക്രിയേറ്റ് ചെയ്യാന്‍ തീരുമാനിച്ചു. ഞങ്ങളുടെ ഒപ്പം മോനും ഉണ്ടല്ലോ. വിവാഹം കഴിഞ്ഞ് പത്താം വര്‍ഷമായിരുന്നു അത്. അങ്കമാലിയിലുള്ള ഓപ്ഷന്‍സ് എന്ന ഷോപ്പാണ് കോസ്റ്റിയൂംസ് ഒക്കെ റെഡിയാക്കിയത്. ഒരു വെഡിങ് ലെഹങ്ക. ഷിഹാബ് കുര്‍ത്തയില്‍. ഒപ്പം മകന്‍ ആദവും. ഞങ്ങളെപ്പോലെ വിവാഹ സമയത്ത് വെഡിങ് ഷൂട്ടുകള്‍ക്കൊന്നും അവസരമില്ലാതെ പോയ ധാരാളം ആളുകളുണ്ട്. അവര്‍ക്കും ഒരു പ്രചോദനമായിക്കോട്ടെ എന്ന് കരുതി.

ആദമാണ് ധൈര്യം

കുഞ്ഞു പിറന്നു കഴിഞ്ഞാണ് ജീവിതത്തോടുള്ള മനോഭാവമൊക്കെ മാറിയത്. കൂടുതല്‍ മാനസികമായി കരുത്തുണ്ടായി. എന്തിനെയും നേരിടാനുള്ള ധൈര്യമുണ്ടായി. അവന് ഇപ്പോള്‍ അഞ്ച് വയസ്സായി. അവനായിരുന്നു ഞങ്ങളുടെ രണ്ടാളുടെയും കരുത്ത്. രോഗം മാറണം, കുഞ്ഞിനെ ആരോഗ്യത്തോടെ കിട്ടണം, എന്റെ കോഴ്‌സ് പാസാകണം.. മൂന്നിനും വേണ്ടിയുള്ള യുദ്ധമായിരുന്നു. വിട്ടുകൊടുക്കില്ല ഒന്നും എന്നൊരു വാശി മനസ്സില്‍ നിറഞ്ഞിരുന്നു. കുടുംബങ്ങളിലെ അകല്‍ച്ചമാറി അവര്‍ ഞങ്ങള്‍ക്കൊപ്പം തണലായി നില്‍ക്കാന്‍ തുടങ്ങിയതും ഇക്കാലത്താണ്. അതും വലിയ ആശ്വാസമായി. പലരും ചോദിക്കും നീ എങ്ങനെ ഇക്കാലങ്ങള്‍ കടന്നെന്ന്. ഷിഹാബിന്റെ രോഗകാലം എങ്ങനെ ഞാന്‍ മറികടന്നു എന്ന് ഇപ്പോഴും ഒരുപിടിയുമില്ല. ഈ സമയമൊക്കെ കടന്നു പോകും രോഗം സുഖമാകും എന്ന് മാത്രം മനസ്സില്‍ ഉറപ്പിച്ചിരുന്നു. ജീവിതത്തില്‍ പലവഴികളിലൂടെ കടന്നു പോയെങ്കിലും ഇപ്പോള്‍ എനിക്കറിയാം ഞാന്‍ ആ പഴയ അമലാ മെറിന്‍ തന്നെയാണ് എന്ന്. കുറച്ചുകൂടി ലക്ഷ്യബോധമുള്ള കരുത്തുള്ള സ്ത്രീയായി ഈ അനുഭവങ്ങള്‍ എന്നെ മാറ്റിയെന്ന് മാത്രം.

Content Highlights: survival and success of a business women Amala Merin from Kochi

Add Comment
Related Topics

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
anziya

5 min

ഒന്നരക്കോടി രൂപ വിറ്റുവരവുള്ള കമ്പനിയുടെ ഉടമ ഈ പ്ലസ്ടുക്കാരി

Sep 28, 2023


Minnu mani

2 min

ചൈനയില്‍ നിന്നും ആ സ്വര്‍ണം വയനാട്ടിലേക്ക്, മിന്നുമണിയിലൂടെ

Sep 26, 2023


Avani. S S
Welfare of Cancer Patients Day

5 min

''എനിക്ക് കാന്‍സറാണോ വല്ല്യമ്മേ, തൊണ്ട മുറിച്ചാല്‍ പാടാന്‍ കഴിയില്ലല്ലോ?"

Sep 22, 2023