To advertise here, Contact Usഎങ്കില്‍പ്പിന്നെ നിങ്ങള്‍ക്കെന്നെ നായികയാക്കിക്കൂടേന്ന് ഞാന്‍ വെറുതേ ചോദിച്ചു, ചേട്ടനത് കാര്യമാക്കി


വി. പ്രവീണ

4 min read
Read later
Print
Share

ഉഷ ഉദയൻ | ഫോട്ടോ: എൻ.എം. പ്രദീപ്‌

ദേ... ഇതിവിടെത്തീര്‍ന്നു. മല്ലിക കണക്കുകളൊന്നും ബാക്കിവെയ്ക്കാറില്ല. നമ്മള്‍ വിളിച്ചുപറയുന്ന സത്യത്തെക്കാള്‍ ഇന്നത്തെ ലോകം വിശ്വസിക്കുന്നത് നമ്മളെക്കുറിച്ച് മറ്റുള്ളവര്‍ പറയുന്ന നുണകളാണ്. ഓരോ വാക്കും മറ്റുള്ളവരുടെ മനസ്സിനെ എത്രമാത്രം വേദനിപ്പിക്കുമെന്നറിഞ്ഞുവേണം പറയാന്‍. ഇതിന്റെ പേരില്‍ മല്ലികയ്ക്കിട്ടൊരു പണികൊടുക്കാമെന്നൊന്നും കരുതണ്ട. വീട്ടില്‍ കയറി തല്ലും. പറയുന്നത് മല്ലികയാ...

To advertise here, Contact Us

ചങ്ങനാശ്ശേരി വെരൂര്‍, ധര്‍മശാസ്താക്ഷേത്രം. വേദിയില്‍ നാടകം നിര്‍ണായകരംഗം പിന്നിടുകയാണ്. പിന്നിലെ ബാനറില്‍ പേരുണ്ട്. കൊല്ലം ചൈതന്യയുടെ 42-ാമത് നാടകം 'ആണൊരുത്തി'. നാടകത്തട്ടില്‍ മല്ലികയായി ഉഷാ ഉദയന്‍. അരങ്ങിലെ എതിരാളിയോട് വേദിയില്‍ പറഞ്ഞ അതേ വാക്കുകള്‍ 32 കൊല്ലം മുന്‍പ് ഉഷ ജീവിതത്തെ തറപറ്റിക്കാനെത്തിയ മരണം എന്ന വില്ലനോട് പറഞ്ഞിരുന്നു. മരണം തോറ്റു. ഉഷ ജയിച്ചു. അവര്‍ കൊല്ലം ചൈതന്യ എന്ന നാടകസമിതിയുടെ അമരക്കാരിയും നിര്‍മാതാവും പ്രൊഫഷണല്‍ നാടകസംവിധായികയും മികച്ച നാടകനടിക്കും സംവിധായികയ്ക്കുമുള്ള സംസ്ഥാനപുരസ്‌കാരങ്ങള്‍ നേടിയ പ്രതിഭയും സീരിയലുകളിലെ പരിചിതമുഖവുമൊക്കെയായി. പ്രൊഫഷണല്‍ നാടകരംഗത്തെ കരുത്തയായ സ്ത്രീസാന്നിധ്യമായുള്ള അവരുടെ വളര്‍ച്ച സ്ത്രീകള്‍ക്കുള്ള പാഠമാണ്.

ചൈതന്യയിലേക്ക്
വീഴ്ത്തിയ വിധിയെ മനക്കരുത്തുകൊണ്ട് മലര്‍ത്തിയടിച്ചാണ് ഉഷ നാടകത്തട്ടുകളിലെ താരമായത്. വിയര്‍പ്പൊഴുക്കിയും വേദനകുടിച്ചും താണ്ടിയ ദുരിതപ്പടവുകള്‍ക്കപ്പുറമുള്ള ജീവിതത്തിലേക്ക് ഉഷ കടന്നു: ''പ്രീഡിഗ്രിക്കാലത്താണ് ഞാന്‍ ഉദയന്‍ ചേട്ടനെ ആദ്യമായി കാണുന്നത്. അക്കാലത്തെ പരിചിതനായ നാടകനടനായിരുന്നു അദ്ദേഹം. പരിചയം പ്രണയമായി. ഞങ്ങള്‍ വിവാഹിതരായി. വിവാഹം കഴിഞ്ഞ കാലത്താണ് ചേട്ടന്‍ സ്വന്തമായൊരു നാടകസമിതി എന്ന ആഗ്രഹം പറയുന്നത്. തുടക്കത്തില്‍ ഞാന്‍ എതിര്‍ത്തു. കലയുമായി ബന്ധമുള്ള കുടുംബമായിരുന്നില്ല എന്റേത്. നാടകംകൊണ്ട് ജീവിക്കാന്‍ പറ്റുമോ എന്നായിരുന്നു എന്റെ സംശയം. എന്തായാലും വൈകാതെ ഞാനും സമ്മതം മൂളി. അങ്ങനെ കൊല്ലം ചൈതന്യ എന്ന നാടകസമിതി പിറന്നു''.

അരങ്ങില്‍ ആദ്യം
അരങ്ങത്തേക്കുള്ള ഉഷയുടെ യാത്രയ്ക്ക് കാരണക്കാരനായത് ഭര്‍ത്താവ് ഉദയനാണ്. അപ്രതീക്ഷിതമായി എടുത്ത ഒരു തീരുമാനം ഉഷയെ നാടകലോകത്തെ അംഗമാക്കി. ''ചെതന്യയുടെ ആദ്യനാടകത്തിന്റെ പേര് 'താളം' എന്നായിരുന്നു. അതിലേക്ക് നടിമാരെ തേടുകയായിരുന്നു ചേട്ടന്‍. അവസരം തേടി പല നടിമാരും വന്നു. അവര്‍ക്കുള്ള സംഭാഷണഭാഗം എഴുതിക്കൊടുക്കുന്ന ജോലി എന്റേതായിരുന്നു. കുറേ നടിമാര്‍ വന്നിട്ടും അക്കൂട്ടത്തില്‍നിന്ന് കഥാപാത്രത്തിന് യോജിച്ച ഒരാളെ കണ്ടെത്താനായില്ല. എങ്കില്‍പ്പിന്നെ നിങ്ങള്‍ക്കെന്നെ നായികയാക്കിക്കൂടേ എന്ന് ഞാന്‍ വെറുതേ ചോദിച്ചു. ചേട്ടനത് കാര്യമായെടുത്തു. അങ്ങനെ ഞാന്‍ ആദ്യമായി അരങ്ങിലെത്തി.''

ആ അപകടം
സന്തോഷ ജീവിതത്തിനിടെ അവരെ മറ്റൊരു വിധി കാത്തിരിക്കുന്നുണ്ടായിരുന്നു. ''സമിതിയുടെ പതിമ്മൂന്നാമത് നാടകം 'സേനാപതി' നെയ്യാറ്റിന്‍കരയ്ക്കടുത്ത് അമരവിളയില്‍ കളിക്കുകയാണ്. 1992 ഏപ്രില്‍ 10. അന്നേരാത്രിയില്‍ മറ്റൊരുവേദിയിലും കളിയുണ്ട്. അമരവിളയില്‍നിന്ന് സമിതിയുടെ വാഹനത്തില്‍ അവിടേക്ക് പുറപ്പെട്ടതാണ്. പാതിയുറക്കത്തിലായിരുന്നു. ഡ്രൈവറുടെയടുത്ത് മുന്‍സീറ്റിലായിരുന്നു ചേട്ടന്‍. കുറച്ചുദൂരം പിന്നിട്ടതും വലിയൊരു ശബ്ദത്തോടെ വണ്ടി എന്തിലോ ചെന്നിടിച്ചു. പിന്നെ ആറാം ദിവസമാണ് ഞാന്‍ കണ്ണുതുറക്കുന്നത്. എല്ലുനുറുങ്ങുന്ന വേദന. കാലും കൈയുമൊക്കെ ഒടിഞ്ഞിട്ടുണ്ട്. ദേഹമാകെ മുറിവുകളും. ചേട്ടനെവിടെ എന്ന് ഞാന്‍ ചോദിച്ചു. മറുപടി പറയാന്‍ എല്ലാവരും മടിക്കുന്നതുപോലെ. അദ്ദേഹം പോയി എന്ന് വൈകാതെ ഞാനറിഞ്ഞു. മനസ്സു മരവിച്ചു. ഏഴും ഒമ്പതും വയസ്സുള്ള രണ്ട് കുഞ്ഞുങ്ങളും ഞാനും. നേരം ഒന്നിരുട്ടിവെളുത്തതോടെ ഞങ്ങള്‍ അനാഥരായതുപോലെ തോന്നി. അദ്ദേഹത്തെ അവസാനമായി ഒന്നു കാണാന്‍ പോലും വിധി സമ്മതിച്ചില്ല. വിഷമങ്ങളെയും വേദനകളെയും ഒരു വശത്തേക്ക് മാറ്റിനിര്‍ത്തി ഞാന്‍ എഴുന്നേറ്റു.''കാത്തിരുന്ന വെല്ലുവിളികള്‍
വെളിച്ചമായി ജീവിതത്തെ പൊതിഞ്ഞുനിന്നയാളുടെ വേര്‍പാടിന്റെ വേദനയിലും സമിതിയെ മുന്നോട്ടുകൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ ഉഷ തുടങ്ങി. പക്ഷേ, വെല്ലുവിളികളായിരുന്നു കാത്തിരുന്നത്. '' അടുത്ത നാടകം തരാമെന്ന് ചേട്ടന് ഉറപ്പുകൊടുത്തിരുന്നയാള്‍ പിന്മാറി. എന്നെക്കൂടാതെ സമിതി മുന്നോട്ടുകൊണ്ടുപോകാന്‍ ചിലര്‍ ശ്രമം തുടങ്ങി. ഞാന്‍ എതിര്‍ത്തു. അതോടെ അവര്‍ പുതിയ സമിതി തുടങ്ങി. ഞങ്ങള്‍ക്കു കിട്ടേണ്ട നാടകം അവരുടേതാക്കി. പക്ഷേ, തോല്‍ക്കാന്‍ ഞാന്‍ തയ്യാറായിരുന്നില്ല. അഡ്വക്കേറ്റ് മണിലാലിനെ കണ്ട് ഒരു നാടകം തരണമെന്ന് അഭ്യര്‍ഥിച്ചു. തിരക്കുള്ള നാടകകൃത്തായിരുന്നിട്ടും അദ്ദേഹം സമ്മതിച്ചു. അങ്ങനെ 'അങ്കം ജയിക്കാന്‍ ഒരമ്മ' എന്ന നാടകവുമായി തട്ടില്‍ കയറി. വിധവയായ ഒരു സ്ത്രീ കേന്ദ്രകഥാപാത്രമാകുന്ന നാടകം. എന്റെ ജീവിതവുമായി എനിക്ക് സാമ്യം തോന്നി. 'പടനിലം കാത്ത പാവങ്ങള്‍' ആയിരുന്നു രണ്ടാമത്തെ നാടകം.''

സംവിധാനത്തിലേക്ക്
ഉഷയുടെ മൂന്നാം നാടകം അഡ്വ. വെങ്കുളം ജയകുമാറിന്റേതായിരുന്നു. ''സംവിധാനംചെയ്താല്‍ കൊള്ളാമെന്ന ആഗ്രഹം ഞാന്‍ അദ്ദേഹത്തോട് പങ്കുവെച്ചു. മുന്‍നാടകങ്ങളില്‍നിന്നുള്ള ചില തിക്താനുഭവങ്ങളായിരുന്നു കാരണം. 'ആധിപത്യം' എന്ന ആ നാടകത്തിലൂടെ ഞാന്‍ സംവിധായികയായി. ഈ പണിക്കിറങ്ങരുതെന്ന് ആരെങ്കിലും പറഞ്ഞാല്‍ പിന്നെയൊരിക്കലും ഇതിനു തുനിയില്ലെന്ന തീരുമാനത്തിലായിരുന്നു. പക്ഷേ, ആരും നിരുത്സാഹപ്പെടുത്തിയില്ല. നല്ല അഭിപ്രായങ്ങള്‍ കിട്ടിത്തുടങ്ങി. സംവിധായികയുടെ കുപ്പായം എനിക്കിണങ്ങുമെന്ന് മനസ്സിലായി.''

അദ്ദേഹത്തിനുള്ള സമ്മാനങ്ങള്‍
മരിച്ചുപോയ പങ്കാളിയുടെ സ്വപ്‌നത്തെ ജീവനോടെ നിലനിര്‍ത്തുക എന്ന തീരുമാനത്തോടെയാണ് ഉഷ സമിതിയുടെ നടത്തിപ്പ് ഏറ്റെടുത്തത്. തേടിയെത്തിയ ബഹുമതികള്‍ ഈ ലോകത്ത് തനിക്കൊപ്പമില്ലാത്ത ആ സ്‌നേഹത്തിനുള്ള സമ്മാനമായാണ് അവര്‍ കാണുന്നത്. ''ഉദയന്‍ പോയതോടെ സമിതി അനാഥമായെന്ന് ആരും പറയരുതെന്നുണ്ടായിരുന്നു. കിട്ടിയ അംഗീകാരങ്ങളില്‍ സന്തോഷമുണ്ട്.
അറവുകാട് അമ്പലത്തില്‍ നാടകം കഴിഞ്ഞ് മടങ്ങിയ ഒരു രാത്രി. പുലര്‍ച്ചെ കൊല്ലത്തെത്തി. പത്ര ഏജന്റുമാര്‍ വിതരണം ചെയ്യാനുള്ള പത്രക്കെട്ടുകള്‍ അടുക്കിവെക്കുന്നുണ്ടായിരുന്നു. ഞാന്‍ നോക്കുമ്പോള്‍ പത്രത്തിന്റെ മുന്‍പേജില്‍ എന്റെ ഫോട്ടോ. മികച്ച നാടകസംവിധായികയ്ക്കുള്ള പുരസ്‌കാരം. ആദ്യമായാണ് നാടകസംവിധാനത്തിന് ഒരു സ്ത്രീക്ക് പുരസ്‌കാരം ലഭിക്കുന്നതെന്ന് ഞാന്‍ പിന്നീടാണറിയുന്നത്. സന്തോഷം തോന്നി. 'അര്‍ച്ചനപ്പൂക്കള്‍' എന്നായിരുന്നു ആ നാടകത്തിന്റെ പേര്. സംവിധാനത്തിനുള്‍പ്പെടെ നാല് പുരസ്‌കാരങ്ങള്‍ അതിനുകിട്ടി.

കടമ്പകള്‍ കടന്ന്
മൂന്ന് പതിറ്റാണ്ടുനീളുന്ന നാടകജീവിതം. അതിനൊപ്പം ഉഷയുടെ മക്കളായ വിജയലക്ഷ്മിയും വിനയചന്ദ്രനും വളര്‍ന്നു. വിജയലക്ഷ്മി കൊല്ലം കോടതിയില്‍ ജോലിചെയ്യുന്നു. വിനയചന്ദ്രന്‍ വിദേശത്തും. ''അന്നത്തെ അപകടത്തില്‍ ചേട്ടനൊപ്പം ഞാനും മരിച്ചുവെന്നാണ് സംഭവസ്ഥലത്ത് ഓടിക്കൂടിയവര്‍ കരുതിയത്. അത്രയ്ക്കും മാരകമായിരുന്നു മുറിവുകള്‍. ആരോഗ്യത്തോടെ ജീവിതത്തിലേക്ക് മടങ്ങിവരാനായപ്പോള്‍ ഞാന്‍ ഉറപ്പിച്ചു, എന്തൊക്കെയോ നിയോഗങ്ങള്‍ എനിക്ക് ബാക്കിയുണ്ടെന്ന്. സമിതിയും അതിന്റെ തിരക്കുകളുമൊക്കെയായി സങ്കടങ്ങളും ജീവിതത്തിന്റെ ശൂന്യതയും മറന്നു.

ഒരു സ്ത്രീ എന്നനിലയില്‍ പ്രൊഫഷണല്‍ നാടകരംഗത്ത് പിടിച്ചുനില്‍ക്കുക എളുപ്പമല്ല. 'കൊല്ലം ചൈതന്യ' എന്ന നാടകസമിതി ഇപ്പോള്‍ നിലവിലില്ലെന്നുപോലും പലരും പറഞ്ഞുപരത്തി. ഞാന്‍ വിശ്രമജീവിതത്തിലാണെന്നും നാടകരംഗം വിട്ടെന്നുമുള്ള കെട്ടുകഥകളുണ്ടായി. ഈ കുപ്രചാരണങ്ങളെയൊക്കെയും മറികടന്നാണ് നിലനില്‍ക്കുന്നത്. സ്ത്രീശാക്തീകരണം എന്നൊക്കെ പലരും പറയും. പക്ഷേ, അടിത്തട്ടില്‍ സ്ത്രീയുടെ അവസ്ഥയ്ക്ക് ഇന്നും മാറ്റമൊന്നുമില്ല. ഏതുരംഗത്തും സ്ത്രീ മുന്നോട്ടുവരുമ്പോള്‍ പുറംലോകത്തിനുള്ള അസ്വസ്ഥകള്‍ ചെറുതല്ല. വഴിതടയാന്‍ പലരും ശ്രമിക്കും. അതില്‍ തളരാതിരിക്കുകയാണ് പ്രധാനം.''

Content Highlights: stage artist usha udayan interview kollam chaithanya drama

Add Comment
Related Topics

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
zheng yi sao

5 min

ലൈംഗികതൊഴിലുപേക്ഷിച്ച് കൊളളക്കാരനെ വിവാഹം ചെയ്തു; ലോകം കണ്ട ഏറ്റവും വലിയ കടൽക്കൊള്ളക്കാരിയുടെ ജീവിതം

May 17, 2024


janaki

2 min

ജയലളിതയ്ക്ക് എം.ജി.ആര്‍ കൂടുതല്‍ അംഗീകാരവും സ്ഥാനവും കൊടുക്കുന്നത് ജാനകിയെ വേദനിപ്പിച്ചു

May 20, 2024


gaddafi

5 min

സൈനികര്‍ക്ക് വയാഗ്ര കൊടുത്ത് ബലാത്സംഗത്തിനയച്ച ഭരണാധികാരി; സഞ്ചരിച്ചത് 'കന്യക'മാരുടെ സംരക്ഷണത്തില്‍

Mar 6, 2024

To advertise here, Contact Us
To advertise here, Contact Us
To advertise here, Contact Us