To advertise here, Contact Us



മരുഭൂമികളിലെ കൃഷിയിടങ്ങളിലെ തൊഴിലാളികള്‍ക്ക്‌ ആശ്രയമാണ്‌ സിദ്ദീഖ്, അവരുടെ പെരിയോന്‍


രേഖ നമ്പ്യാര്‍

6 min read
Read later
Print
Share

പതിനഞ്ച് വര്‍ഷത്തോളമായി റിയാദിലെ മരുഭൂമിയിലും പോലീസ് സ്റ്റേഷനുകളിലും കോടതിമുറികളിലും ആശുപത്രികളിലും മോര്‍ച്ചറികളിലുമെല്ലാം അശരണര്‍ക്ക് കൈത്താങ്ങായി സിദ്ദീഖ് ഓടിയെത്തുന്നു. പ്രവാസികള്‍ക്ക് എന്തിനും ഏതിനുമുള്ള ഒരു പിടിവള്ളിയാണ് സാമൂഹിക, ജീവകാരുണ്യ പ്രവര്‍ത്തകനായ സിദ്ദീഖ് തുവ്വൂര്‍

സിദ്ദീഖ്

വിശുദ്ധ പെരുന്നാളാണ് കഴിഞ്ഞത്. അപ്പോഴും മലപ്പുറംകാരനായ പ്രവാസി സിദ്ദീഖ് തുവ്വൂരിന് ആഘോഷങ്ങളില്‍ കുടുംബത്തിനൊപ്പം പങ്കുചേരാനായില്ല. തന്റെ റിയാദിലെ വീട്ടില്‍നിന്ന് പ്രാര്‍ഥന കഴിഞ്ഞ് സിദ്ദീഖ് നേരെ പോയത് ആശുപത്രിയിലേയ്ക്കാണ്. ജീവിതപ്രാരാബ്ധങ്ങള്‍ കുത്തിനിറച്ച പെട്ടിയും മനസ്സ് നിറയെ സ്വപ്നങ്ങളുമായി പ്രവാസലോകത്തെത്തിയ മൂന്നുപേരുടെ ജീവനറ്റ ശരീരങ്ങള്‍ അദ്ദേഹത്തെ കാത്ത് മോര്‍ച്ചറിയില്‍ കിടക്കുന്നുണ്ടായിരുന്നു. വാഹനാപകടത്തില്‍പ്പെട്ട് മരണമടഞ്ഞ എരുമേലി സ്വദേശി ജോണിന്റെയും കോഴിക്കോട് സ്വദേശികളായ റിയാസിന്റെയും പ്രസാദിന്റെയും മൃതദേഹങ്ങള്‍. അവരെ ഉറ്റവരുടെ അടുത്തേക്കായി പറഞ്ഞുവിടാനുള്ള എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി.

To advertise here, Contact Us

കഷ്ടതകളും ദുരിതങ്ങളും അനുഭവിക്കുന്നവരെ ചേര്‍ത്തുനിര്‍ത്താത്ത ഒരു ദിവസംപോലും സിദ്ദീഖിന്റെ ജീവിതത്തിലൂടെ കടന്നുപോയിട്ടില്ല. കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തോളമായി റിയാദിലെ മരുഭൂമിയിലും പോലീസ് സ്റ്റേഷനുകളിലും കോടതിമുറികളിലും ആശുപത്രികളിലും മോര്‍ച്ചറികളിലുമെല്ലാം അശരണര്‍ക്ക് കൈത്താങ്ങായി സിദ്ദീഖ് ഓടിയെത്തുന്നു. പ്രവാസികള്‍ക്ക് എന്തിനും ഏതിനുമുള്ള ഒരു പിടിവള്ളിയാണ് സാമൂഹിക, ജീവകാരുണ്യ പ്രവര്‍ത്തകനായ സിദ്ദീഖ് തുവ്വൂര്‍.

രണ്ട് വര്‍ഷത്തിനിടയില്‍ തൊഴില്‍ത്തട്ടിപ്പിന് ഇരകളായി മസ്‌റകളില്‍ (കൃഷിയിടം) 'ആടുജീവിതം' നയിച്ച 54 പേര്‍ക്കാണ് സിദ്ദീഖ് പുതുജീവിതം നല്‍കിയത്. എല്ലാവിധ പിന്തുണയും നല്‍കിക്കൊണ്ട് ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരും സൗദി പോലീസുകാരും സിദ്ദീഖിനൊപ്പമുണ്ട്. രക്ഷിച്ച മറ്റ് ആറുപേരെ നാട്ടിലേക്കയക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. 'നിരപരാധികള്‍ തടവറയില്‍ നിന്ന് മോചിതരാകുമ്പോള്‍ അവര്‍ക്കുണ്ടാവുന്നൊരു സന്തോഷമുണ്ട്. അതാണ് എന്നെ നയിക്കുന്ന ഊര്‍ജം. വീണ്ടും വീണ്ടും മരുഭൂമിയിലെ ദുരിതദൂരങ്ങള്‍ താണ്ടി അവരിലേക്കെത്തിച്ചേരാന്‍ എന്നെ പ്രേരിപ്പിക്കുന്നതും ആ ചിരികളാണ്.' തന്റെ കൈപിടിച്ച് ജീവിതത്തിലേക്ക് തിരിച്ചുകയറിയവരുടെ മുഖങ്ങള്‍ ഒരുനിമിഷം സിദ്ദീഖ് ഓര്‍ത്തു. എന്നാല്‍ ഒരിക്കലും ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത, പൊലിഞ്ഞുപോയ ജീവിതങ്ങള്‍ക്കും സിദ്ദീഖ് ദൃക്‌സാക്ഷിയാകേണ്ടിവന്നിട്ടുണ്ട്.

'കഴിഞ്ഞദിവസം ഒരു അപകടമുണ്ടായി. കുവൈത്തിലെ അമേരിക്കന്‍ യൂണിവേഴ്സിറ്റി ലക്ചററായിരുന്ന വ്യക്തി ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം ഉമ്ര കഴിഞ്ഞ് വരികയായിരുന്നു. അപ്പോഴാണ് വാഹനമിടിക്കുന്നത്. ഇവിടുത്തെ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റിലെ ഓഫീസര്‍ എന്നെ വിളിച്ച് കാര്യം പറഞ്ഞു. ഹിന്ദിക്കാരായ നാല് പേർ മരണപ്പെട്ടെന്നും കത്തിക്കരിഞ്ഞ കാര്‍ഡ് കിട്ടിയെന്നും അറിയിച്ചു. ഞാന്‍ സോഷ്യല്‍മീഡിയയില്‍ പോസ്റ്റിട്ടു. പത്രത്തില്‍ വാര്‍ത്തയും കൊടുത്തു. റിയാദില്‍ നിന്ന് 75 കി.മീ ദൂരെ നിന്ന് ബന്ധപ്പെട്ടവരുടെ ഫോണ്‍കോളുകള്‍ വന്നു.

മോര്‍ച്ചറിയില്‍ ചെന്ന് മൃതദേഹങ്ങള്‍ കണ്ടു. ദേഹം മുഴുവൻ കത്തിക്കരിഞ്ഞിരുന്നു. ആഭരണങ്ങള്‍ കണ്ടുകിട്ടിയതുകൊണ്ടു മാത്രമാണ് കൂട്ടത്തിലൊരാള്‍ സ്ത്രീയാണെന്ന് മനസ്സിലായത്. മൃതദേഹങ്ങള്‍ വിട്ടുകിട്ടാന്‍ നിരന്തരം ഫോളോഅപ്പ് ചെയ്തുകൊണ്ടിരുന്നു. പിന്നീട് സൗദിയില്‍ തന്നെ മൃതദേഹങ്ങള്‍ അടക്കം ചെയ്യുകയായിരുന്നു.

തുവ്വൂര്‍ സ്‌ക്വാഡ്
2003-ലാണ് ഞാന്‍ റിയാദിലെത്തുന്നത്. 2009-ല്‍ ഞങ്ങളുടെ പ്രാദേശിക കൂട്ടായ്മയായ തുവ്വൂര്‍ ഏരിയ വെല്‍ഫെയര്‍ അസോസിയേഷന്‍ രൂപീകരിച്ചു. വളരെ കുറഞ്ഞ അംഗബലം മാത്രമേ ഉണ്ടായിരുന്നുള്ളൂ അന്ന്. ഹൗസ്ഡ്രൈവര്‍മാരുടയും കടകളിലൊക്കെ ജോലി ചെയ്യുന്നവരുടെയും ഒരു കൂട്ടായ്മ. പ്രസിഡന്റായി ഞാനും സെക്രട്ടറിയായി എന്റെ കസിന്‍ ഷാജഹാനും ട്രഷററായി മരണപ്പെട്ട സുഹൃത്ത് ബാബുവുമായിരുന്നു ഭാരവാഹികള്‍. ഞങ്ങള്‍ മൂവരും ചേര്‍ന്നാണ് കമ്മിറ്റി രൂപീകരിച്ചത്. പതിനഞ്ച് വര്‍ഷങ്ങള്‍ക്കുശേഷവും ഞാന്‍ ആ സ്ഥാനത്ത് തുടരുന്നു. സ്ഥാനമൊഴിയാന്‍ ആരും സമ്മതിക്കുന്നില്ല. എന്റെ സ്പോണ്‍സര്‍ ഇവിടുത്തെ രാജാവിന്റെ മകന്റെ പേഴ്സണല്‍ സെക്രട്ടറിയായിരുന്നു. അതുകൊണ്ട് അദ്ദേഹം വഴി കുറേ ഓഫീസര്‍മാരെ പരിചയപ്പെടാനും അറബി സംസാരിക്കാന്‍ അറിയാവുന്നതുകൊണ്ട് അവരുമായി അടുപ്പം ഉണ്ടാക്കാനും സാധിച്ചു. ആ ബന്ധം നമ്മുടെ നാട്ടുകാർക്കുവേണ്ടി ഉപയോഗിക്കുക എന്നതുകൂടി ഉദ്ദേശിച്ചാണ് ഈ രംഗത്തേക്കിറങ്ങുന്നത്.

2009-ല്‍ രണ്ടുമൂന്ന് കേസുകള്‍ ഒന്നിച്ചുവന്നു. എന്റെ നാട്ടുകാരനായ ഒരാള്‍ സാമ്പത്തിക ഇടപാടിന്റെ കേസില്‍പ്പെട്ട് ജയിലിലായി. അത് കമ്പനിയുമായി സംസാരിച്ച് ധാരണയാക്കി അയാളെ നാട്ടിലേക്ക് കയറ്റിവിട്ടു. അതിനുമുമ്പ് എന്റെ അകന്നബന്ധുവായ തയ്യല്‍ ബാപ്പുട്ടി എന്നയാളുടെ മെഡിക്കല്‍ കേസ് വന്നിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യനില അന്വേഷിക്കാനായിട്ടാണ് ഞാന്‍ ആദ്യമായി ഇവിടുത്തെ ആശുപത്രിയില്‍ പോവുന്നത്. വെന്റിലേറ്ററില്‍ കിടക്കുന്ന അദ്ദേഹത്തെ കണ്ടപ്പോള്‍ എനിക്ക് തലകറങ്ങി. പിന്നീട് കുറച്ചുദിവസത്തിനകം പേപ്പേഴ്‌സ് എല്ലാം ശരിയാക്കി അദ്ദേഹത്തെ നാട്ടിലേക്കയച്ചു. 27 ദിവസം കഴിഞ്ഞപ്പോള്‍ അദ്ദേഹം മരണപ്പെടുകയും ചെയ്തു. പിന്നീടുള്ള യാത്രകളില്‍ നിസ്സഹായരായ കുറെ മനുഷ്യരെക്കണ്ടു. അവരുടെ വിളിപ്പാടകലെ ഞാന്‍ നിന്നു, അവര്‍ക്ക് തുണയായി.'

മടുപ്പിക്കാത്ത മരുയാത്രകള്‍
സിദ്ദീഖ് ഒരു സഞ്ചാരിയാണ്. മരുഭൂമിയിലൂടെ നിരന്തരമുള്ള യാത്രകളുടെ ഇന്ധനം യാത്രയോടുള്ള പ്രണയമോ കാഴ്ചകളോടുള്ള അഭിനിവേശമോ ഒന്നുമല്ല എന്നുമാത്രം. മരുഭൂമിയില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള യാത്രകളില്‍ പോയവര്‍ഷം എഴുപത്തയ്യായിരത്തിലേറെ കിലോമീറ്റര്‍ ദൂരമാണ് ഈ മനുഷ്യന്‍ തനിയെ വാഹനമോടിച്ച് താണ്ടിയത്. ഇന്ത്യയില്‍ നിന്ന് വിവിധജോലികള്‍ വാഗ്ദാനം ചെയ്ത്, ഒരു ലക്ഷത്തിലേറെ തുക വാങ്ങിയാണ് ഏജന്റുമാര്‍ ആളുകളെ ഖത്തറിലെത്തിക്കുന്നത്. അങ്ങനെയെത്തുന്നവരില്‍ പലരെയും അവരുടെ സ്‌പോണ്‍സര്‍മാര്‍ ഖത്തറില്‍നിന്ന് സന്ദര്‍ശകവിസയില്‍ സൗദിയിലെത്തിച്ച് മരുഭൂമികളിലെ മസ്‌റകളില്‍ പണിക്ക് നിര്‍ത്തുന്നു.

ഒട്ടകം, ആട് എന്നിവയെ പോറ്റുന്ന ഫാമുകളാണ് മസ്‌റ എന്നറിയപ്പെടുന്നത്. 250 മുതല്‍ 400 വരെ ഒട്ടകങ്ങളും ആടുകളും ഓരോ മസ്‌റകളിലുമുണ്ടാകും. അറേബ്യന്‍ പെനിന്‍സുലയിലെ ഏറ്റവും വലിയ മണല്‍തീരമായ റുബ് അല്‍ ഖാലിയുടെ ഭാഗമായ ഖര്‍ഖീറിലേയ്ക്കുള്ള യാത്രയില്‍ സിദ്ദീഖ് താണ്ടിയത് 3600 കിലോമീറ്റര്‍ ദൂരമാണ്. 1000 കി.മീ. നീളവും 500 കി.മീ. വീതിയുമുള്ള ഈ മരുഭൂമിയിലേക്ക് ഏഴു ജീവിതങ്ങള്‍ രക്ഷിച്ചെടുക്കുന്നതിനായുള്ള യാത്ര. റിയാദില്‍ നിന്ന് മിഷല്ല വഴി സൗദി, ഒമാന്‍, യമന്‍ അതിര്‍ത്തികള്‍ പങ്കിടുന്ന ഖര്‍ഖീറിലേക്ക്. ഓരോയിടത്തും സിദ്ദീഖിന് തീര്‍പ്പുകല്‍പ്പിക്കാന്‍ ഓരോ കേസുകളുമുണ്ടായിരുന്നു.

റിയാദില്‍ നിന്ന് അല്‍ബത്ത ബോര്‍ഡര്‍ വഴി ഒമാനിലേക്കുള്ള പുതിയ റോഡ് വഴിയാണ് ഖര്‍ഖീറിലേക്ക് പോയത്. അവിടെ കുടുങ്ങിപ്പോയ ഇന്ത്യക്കാരുടെ മോചനത്തിനായി അതിര്‍ത്തി സേനയുമായി ബന്ധപ്പെട്ടെങ്കിലും പ്രത്യേക അനുമതി ഇല്ലാതിരുന്നതിനാല്‍ അവരെ കാണാനായില്ല. കേസ് ഫയല്‍ ചെയ്ത് തിരികെ 3600 കി.മീ.സഞ്ചരിച്ച് സിദ്ദീഖ് റിയാദില്‍ മടങ്ങിയെത്തി. യാത്രോദ്ദേശ്യം മനസ്സിലാക്കിയ ഉദ്യോഗസ്ഥര്‍ വെള്ളവും ഭക്ഷണവും വാഹനത്തിലെത്തിച്ചു നല്‍കിയിരുന്നു. വിജനമായ മരുഭൂമിയിലൂടെയുള്ള യാത്രയില്‍ സഹായമായി സൗജന്യമായി പെട്രോള്‍ നിറയ്ക്കുന്നതിനും രണ്ടുദിവസത്തെ തുടര്‍ച്ചയായുള്ള യാത്രയുടെ ബുദ്ധിമുട്ട് മനസ്സിലാക്കി താമസത്തിനുള്ള ഏര്‍പ്പാടുചെയ്യുന്നതിനും അവര്‍ മുന്‍കൈയെടുത്തു. അത്യാവശ്യഘട്ടത്തില്‍ ബന്ധപ്പെടാനുള്ള നമ്പറും നല്‍കി യാത്രയയച്ച ഉദ്യോഗസ്ഥരെ സിദ്ദീഖ് നന്ദിയോടെ ഓര്‍ക്കുന്നു.


ഖര്‍ബീറില്‍ പുറമെനിന്നുള്ള പ്രവേശനം നിരോധിച്ചിട്ടുണ്ട്. വിജനമായ മരുഭൂമിയില്‍ പ്രവേശിച്ചാല്‍ പുറത്തെത്താന്‍ കഴിയില്ല എന്നതുതന്നെ കാരണം. വാദി ദവാസിര്‍ വഴി ഇവിടേയ്ക്ക് പ്രവേശിക്കാം എന്നറിഞ്ഞപ്പോള്‍ ഷറൂറയിലേയ്ക്ക് തിരിച്ചു. ഷറൂറ പബ്ലിക് സെക്യൂരിറ്റി, പോലീസ്, ബോര്‍ഡര്‍ ഗാര്‍ഡ്, ഗവര്‍ണറേറ്റ് തുടങ്ങി വിവിധ വകുപ്പുകളില്‍ നേരിട്ടെത്തി പരാതി കൊടുത്തു. വിശ്രമമില്ലാതെ നാലു ദിവസം ഓഫീസുകള്‍ കയറിയിറങ്ങിയെങ്കിലും നടപടി നീണ്ടുപോകും എന്നതിനാല്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞതനുസരിച്ച് സിദ്ദീഖും സംഘവും തിരികെ റിയാദിലേയ്ക്ക് മടങ്ങി. 2200 കി.മീ. നീണ്ട യാത്ര.

മൂന്നാംവട്ട ശ്രമത്തിലാണ് ലക്ഷ്യം നിറവേറിയത്. മിഷല്ലയില്‍ കുടുങ്ങിയ മൂന്നു ഗുജറാത്ത് സ്വദേശികളെയാണ് ആദ്യം മോചിപ്പിച്ചത്. റിയാദില്‍ നിന്ന് ഇവിടേയ്ക്ക് 400 കി.മീറ്ററിലേറെ യാത്രയുണ്ട്. ഏഴു തവണയിലധികം ഇവിടേയ്ക്ക് യാത്ര ചെയ്ത് ഓരോരുത്തരെയായി മോചിപ്പിച്ചു. പിന്നെ റിയാദില്‍ നിന്ന് ഒമാന്‍ അതിര്‍ത്തിവരെ 3600 കി.മീ. നീളുന്ന രണ്ടുദിവസത്തെ തുടര്‍ച്ചയായ യാത്ര. പിന്നെ ഷറൂറ, അല്‍ഹസ... അങ്ങനെ പലയിടങ്ങളില്‍ നിന്നും പോലീസിന്റെ സഹായത്തോടെ സിദ്ദീഖ് മോചിപ്പിച്ചെടുത്തത് നിരവധി പേരെയാണ്.

19 വർഷം മരുഭൂമിയിൽ കഴിഞ്ഞ ആളെ യാത്രയാക്കുന്നു

നീതിബോധമുള്ള ഉദ്യോഗസ്ഥര്‍ക്കാണ് നന്ദി
'ഇവിടുത്തെ ഉദ്യോഗസ്ഥരുടെ നന്മനിറഞ്ഞ മനസ്സിന് നന്ദി. നല്ല കാര്യത്തിനുവേണ്ടി മുന്നിട്ടിറങ്ങിയാല്‍ എല്ലാ പിന്തുണയും അവര്‍ നല്‍കാറുണ്ട്. പെരുന്നാളിനോടനുബന്ധിച്ച് ഓഫീസുകൾക്ക് അവധിയായിട്ടുപോലും അവർ എല്ലാം സഹായവും ചെയ്തു. നന്മയുള്ളവരാണ്. ഇവിടുത്തെ നിയമങ്ങള്‍ കുറച്ച് കര്‍ശനമാണെന്നുമാത്രം. അതിലും ചില മാറ്റങ്ങള്‍ ഇപ്പോള്‍ വന്നുകഴിഞ്ഞു. പൊതുജനങ്ങളെ സംബന്ധിച്ച് ഇവിടെ പെട്ടെന്ന് ബന്ധപ്പെടാന്‍ പറ്റുന്നത് ഞങ്ങള്‍ സാമൂഹ്യ പ്രവര്‍ത്തകരെയാണ്. ഇന്ത്യന്‍ എംബസിയിലെയും, സൗദിയിലെ ഉദ്യോഗസ്ഥരെയും കണക്ട് ചെയ്യാനുള്ള വഴിയാണത്. എംബസിയിലെ ചില ഉദ്യോഗസ്ഥരില്‍നിന്ന് ഇടയ്ക്ക് മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. എനിക്കെതിരെ നടപടിക്ക് ഇറങ്ങിയപ്പോള്‍ സൗദി ഉദ്യോഗസ്ഥരാണ് എന്നെ സംരക്ഷിച്ചത്. വിരലിലെണ്ണാവുന്നവര്‍ മാത്രമേ അങ്ങനെ പെരുമാറിയിട്ടുള്ളു.

അതുപോലെത്തന്നെ എന്തെങ്കിലും വ്യാജക്കേസുകളില്‍പ്പെടുത്തി ട്രാപ്പിലാക്കാനും ശ്രമിക്കാറുണ്ട്. അതൊക്കെ പാഴായിപ്പോകുകയും ചെയ്യും. നമ്മുടെ നാട്ടുകാര് തന്നെ ഈ മേഖലയില്‍ ശത്രുക്കളായിട്ടുണ്ട്. ഏതെങ്കിലും വിഷയത്തില്‍ ഒന്നും ആലോചിക്കാതെ ഇറങ്ങിപ്പുറപ്പെട്ടാല്‍ അറസ്റ്റ് പോലുള്ള ഭവിഷ്യത്തുകള്‍ വരെ നേരിടേണ്ടിവരും. ദൈവാനുഗ്രഹം കൊണ്ട് ഇതുവരെ ബുദ്ധിമുട്ടുകളുണ്ടായിട്ടില്ല. ഇന്ത്യന്‍ എംബസിയുടെ അനുമതിയോടെയാണ് ഞാന്‍ ഓരോ പ്രശ്നങ്ങളും തീര്‍പ്പാക്കാന്‍ പോവാറുള്ളത്. ഉദ്യോഗസ്ഥരോട് പറഞ്ഞ് ബോധ്യപ്പെടുത്തിയിട്ടല്ലാതെ മുന്നോട്ടുപോകരുത്. തൊഴിലുമായി ബന്ധപ്പെട്ട കേസുകളൊക്കെ കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധിക്കണം. ഭാഷ അറിയാത്തതുകൊണ്ടാണ് പലരും കേസുകളില്‍ തോറ്റുപോകുന്നത്.

മരണം പെയ്തിറങ്ങിയ കോവിഡ്കാലം
കോവിഡ് സമയത്ത് 200-ഓളം മരണക്കേസുകളുണ്ടായിരുന്നു. ഇവിടെ കോവിഡ് ബാധിച്ച് മരിച്ച ആദ്യ ഇന്ത്യക്കാരന്റെ കേസ് കൈകാര്യം ചെയ്തത് ഞാനായിരുന്നു. കര്‍ശനമായ നിര്‍ദേശങ്ങളുണ്ടായിരുന്നു. ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതുകൊണ്ട് നിയമപരമായ കടലാസുകളെല്ലാം കയ്യില്‍ കരുതിയായിരുന്നു യാത്ര. മൃതദേഹങ്ങള്‍ ഖബറടക്കാന്‍ കൊണ്ടുപോകുമ്പോള്‍ പത്തോളം ചെക്ക്പോസ്റ്റുകള്‍ കടക്കേണ്ടിവന്നു. ഓരോ മൃതദേഹങ്ങളും വിട്ടുകിട്ടാന്‍ നാലോ അഞ്ചോ ദിവസങ്ങള്‍ തുടര്‍ച്ചയായി ഫോളോ അപ്പ് ചെയ്യേണ്ടിവന്നു. ആംബുലന്‍സ് ഡ്രൈവര്‍ ഖബര്‍സ്ഥാനിലാക്കിയിട്ട് തിരിച്ചുപോവുകയാണ് ചെയ്തത്. ഒന്നുരണ്ടുപേരുടെ സഹായത്തോടെ മൃതദേഹങ്ങള്‍ മറവ് ചെയ്തു. പിന്നീട് 28 ദിവസം ക്വാറന്റൈനില്‍ താമസിച്ചു. കോവിഡ് ബാധിച്ച് ഞാന്‍ മരണപ്പെട്ടാല്‍ എന്തുചെയ്യണമെന്നുള്ളത് അനന്തരവകാശികളോടും കുടുംബത്തോടും പറഞ്ഞുവെച്ചിരുന്നു. ദൈവാനുഗ്രഹം കൊണ്ട് ഒന്നും സംഭവിച്ചില്ല. വീണ്ടും ഫീല്‍ഡിലിറങ്ങി. വോളണ്ടിയേഴ്സിനെ ക്രമീകരിച്ചു. മിക്കവര്‍ക്കും ഖബര്‍സ്ഥാനില്‍ ഡ്യൂട്ടി നല്‍കി. ഒരുദിവസം 80-100 വരെ മൃതശരീരങ്ങള്‍ വരുമ്പോള്‍ അവയെല്ലാം മറവ് ചെയ്തു. അവിടുത്തെ ഉദ്യോഗസ്ഥര്‍ക്കും എല്ലാ പിന്തുണയുമായി കൂടെനിന്നത് ഞങ്ങളായിരുന്നു.

ഇടയ്ക്കിടെ മാറുന്ന ജോലി
മണ്ണാര്‍ക്കാട് കല്ലടി കോളേജിലാണ് ഞാന്‍ ഡിഗ്രിയും പി.ജിയും ചെയ്തത്. ജീവകാരുണ്യപ്രവര്‍ത്തനത്തിന് എന്നും പ്രചോദനം ഉപ്പയും ഉമ്മയുമാണ്. ഉപ്പ ടാക്സി ഡ്രൈവറായിരുന്നു. ഞങ്ങള്‍ ഏഴ് മക്കളാണ്. വൃക്ക തകരാറിലായി 2009-ലാണ് ഉപ്പ മരിക്കുന്നത്. ഉമ്മ വീട്ടമ്മയാണ്. ഭാര്യ ബാസിമയും മക്കള്‍ നേഹ മര്‍യം, സാറ മര്‍യം എന്നിവരും എനിക്കൊപ്പം ഇവിടെയാണ് താമസം. വരാന്‍ പോകുന്ന പ്രതിസന്ധികളെക്കുറിച്ചോ അപകടങ്ങളെക്കുറിച്ചോ ഞാന്‍ ചിന്തിക്കാറില്ല. നെഗറ്റീവായി കൂടുതല്‍ ചിന്തിച്ചാല്‍ മുന്നോട്ട്പോകാനൊക്കില്ല. കിട്ടിയ അനുഗ്രഹങ്ങള്‍ക്ക് ദൈവത്തിനോട് സ്തുതി പറയുന്നു. പ്രതിസന്ധികള്‍ പലതും നേരിട്ടിട്ടുണ്ട്, ഇപ്പോഴും നേരിടുന്നുമുണ്ട്. പ്രധാനമായിട്ടും ജോലിസംബന്ധമായ കാര്യങ്ങളാണ്. സാമൂഹികപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതുകൊണ്ട് സ്ഥിരമായൊരു ജോലിക്ക് കയറാനാവില്ല. ബിസിനസ്സാണെങ്കിലും ജോലിയാണെങ്കിലും മുഴുവന്‍സമയവും ശ്രദ്ധവേണ്ടതല്ലേ. കോളുകള്‍ വരുമ്പോള്‍ പാതിവഴിയില്‍ ഇറങ്ങിച്ചെല്ലാന്‍ പറ്റാത്ത അവസ്ഥയാവും. ഫീല്‍ഡിലിറങ്ങി ചെയ്യേണ്ട കാര്യങ്ങളാണ് ഇതൊക്കെ. അതുകൊണ്ടുതന്നെ ഇടയ്ക്കിടെ എന്റെ ജോലി മാറിക്കൊണ്ടിരിക്കും. കുടുംബം, തൊഴില്‍, ജീവകാരുണ്യ പ്രവര്‍ത്തനം എല്ലാം ഒരുമിച്ച് കൊണ്ട് പോകാന്‍ പറ്റിയാല്‍ വലിയ അനുഗ്രഹമാണ്.

കുടുംബത്തിനൊപ്പം

പലപ്പോഴും ദീര്‍ഘദൂര യാത്ര ചെയ്യുമ്പോള്‍ ഫോണിന് റേഞ്ച് കിട്ടില്ല. മിക്കതും മരുഭൂമിയിലൂടെയുള്ള യാത്രകളാണ്. ഭാര്യയും സുഹൃത്തുക്കളുമുള്ള വാട്സാപ്പ് ഗ്രൂപ്പില്‍ ലൊക്കേഷന്‍ ഷെയര്‍ ചെയ്യുകയാണ് പതിവ്. യാത്രകളെല്ലാം തന്നെ സാഹസികമാണ്. എതിര്‍കക്ഷികള്‍ അറബികളായിരിക്കും. തൊഴിലാളികളുടെ പ്രശ്നങ്ങളുമായി പോവുമ്പോള്‍ പല ഭീഷണികളും നേരിടേണ്ടിവരും. പോലീസുകാര്‍ നല്ല സപ്പോര്‍ട്ട് തരാറുണ്ടെങ്കിലും ചിലയിടങ്ങളില്‍ അവര്‍ക്ക് ഇടപെടാന്‍ പറ്റില്ല. അത്തരം സാഹചര്യങ്ങളില്‍ തനിയെ പോവേണ്ടിവരും. മുമ്പ് ഓരോ യാത്രകളെപ്പറ്റിയും ഉമ്മയോട് പറയാറുണ്ടായിരുന്നു. ഇപ്പോള്‍ ഉമ്മയ്ക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളതുകൊണ്ട് ഒന്നും പറയാറില്ല.

എന്നാലും ഇവിടുന്ന് നാട്ടിലേക്ക് പോകുന്നവര്‍ ഉമ്മയെ കണ്ട് ഇവിടുത്തെ കഥകള്‍ പറയും. ഉമ്മയുടെ പ്രാര്‍ഥന എന്നും എന്റെ കൂടെയുണ്ട്. ഞാന്‍ ആരോഗ്യം ശ്രദ്ധിക്കുന്നില്ല എന്നതാണ് ഭാര്യയുടെ പരാതി. സാധാരണ പെരുന്നാള്‍ ദിവസം കുടുംബത്തെയും കൂട്ടി യാത്ര പോവാറുള്ളതാണ്. സൗദിയില്‍ മിക്ക സ്ഥലങ്ങളിലും കറങ്ങിയിട്ടുണ്ട്. ഇപ്രാവശ്യം അതിനു പറ്റിയില്ല. നാട്ടില്‍ സെറ്റിലായി കുടുംബത്തോടൊപ്പം കഴിയണമെന്നാണ് ആഗ്രഹം. ഇളയ സഹോദരി ഭിന്നശേഷിക്കാരിയാണ്. അവളെപ്പോലുള്ള കുട്ടികള്‍ക്ക് വേണ്ടി എല്ലാ സംവിധാനങ്ങളോടുംകൂടിയുള്ള ഒരു സ്ഥാപനം നാട്ടില്‍ പണിയണമെന്നുണ്ട്. അതോടൊപ്പം നാട്ടില്‍നിന്നുകൊണ്ട് പ്രവാസികള്‍ക്ക് വേണ്ട സഹായസംവിധാനങ്ങളും ഒരുക്കണം.'

'മാടുജീവിതങ്ങള്‍' തേടിയുള്ള ഈ നിരന്തരമായ യാത്രകളും അത്യധ്വാനവും തളര്‍ത്തുന്നില്ലേ എന്ന ചോദ്യത്തിന് ഒരു ചെറുചിരിയോടെ സിദ്ദീഖ് ഇങ്ങനെ പറഞ്ഞു, 'നിസ്സഹായരായ മനുഷ്യരെ മോര്‍ച്ചറിക്ക് മുന്നിലും മരുഭൂമിയിലുമെല്ലാം കാണുമ്പോള്‍ എല്ലാം മറന്ന് അവരെ സഹായിക്കാനുള്ള മനസ്സ് വരും. എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ തന്നെയാണ് മുന്നോട്ടുള്ള പ്രയാണത്തിന് കരുത്ത്.'

Content Highlights: Sidhik's life-saving missions in desert farmhouses

Add Comment
Related Topics

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
zheng yi sao

5 min

ലൈംഗികതൊഴിലുപേക്ഷിച്ച് കൊളളക്കാരനെ വിവാഹം ചെയ്തു; ലോകം കണ്ട ഏറ്റവും വലിയ കടൽക്കൊള്ളക്കാരിയുടെ ജീവിതം

May 17, 2024


gaddafi

5 min

സൈനികര്‍ക്ക് വയാഗ്ര കൊടുത്ത് ബലാത്സംഗത്തിനയച്ച ഭരണാധികാരി; സഞ്ചരിച്ചത് 'കന്യക'മാരുടെ സംരക്ഷണത്തില്‍

Mar 6, 2024


janaki

2 min

ജയലളിതയ്ക്ക് എം.ജി.ആര്‍ കൂടുതല്‍ അംഗീകാരവും സ്ഥാനവും കൊടുക്കുന്നത് ജാനകിയെ വേദനിപ്പിച്ചു

May 20, 2024

To advertise here, Contact Us
To advertise here, Contact Us
To advertise here, Contact Us