ആകാശ് മാധവനും ഭാര്യ ദേവി സിതി സെന്ദരിയും (Photo: കെ.ബി സതീഷ്‌കുമാർ)
ഒരു ഫേസ്ബുക്ക് ഫ്രണ്ട് റിക്വസ്റ്റിലൂടെയാണ് തുടക്കം. 2017 ല്‍ ആകാശ് മാധവന്റെ ഫേസ്ബുക്കിലേക്ക് ദേവിയുടെ ഫ്രണ്ട് റിക്വസ്റ്റ് എത്തുന്നു. ഇന്തോനേഷ്യക്കാരിയാണ്. ഇതെങ്ങനെ സംഭവിച്ചുവെന്ന അന്വേഷണം അവസാനിച്ചത് തായ്‌ലന്‍ഡ് സുഹൃത്ത് മെറിനില്‍ ആണ്. മെറിന്റെ സഹപാഠിയായതിനാല്‍ കൂടുതലാലോചിക്കാതെ റിക്വസ്റ്റ് സ്വീകരിച്ചു. ഒഴിവുനേരങ്ങളിലെ ചാറ്റുകളിലൂടെ ആ ബന്ധം തീവ്രമാകാന്‍ തുടങ്ങി. സൗഹൃദം പതിയെ പ്രണയത്തിലേക്ക് വഴിമാറുന്നത് ഇരുവരും തിരിച്ചറിഞ്ഞു. പ്രണയം വീട്ടില്‍ പറഞ്ഞപ്പോള്‍ പ്രതീക്ഷിച്ചതുപോലെ ആശങ്കകളും സംശയങ്ങളുമാണ് ആകാശിനെ ആദ്യം എതിരേറ്റത്. എല്ലാത്തിനുമൊടുവില്‍ അതിരുകളില്ലാത്ത ആ പ്രണയത്തിന് സാഫല്യമുണ്ടായി. ആ കഥ പറയുകയാണ് ആകാശും ദേവിയും.
ഗായത്രിമന്ത്രത്തില്‍ അമ്മ ഫ്‌ളാറ്റ്
ആകാശ് : അമ്മയ്ക്കായിരുന്നു ഏറ്റവും കൂടുതല്‍ ആശങ്ക. ജീവിതരീതിയും സംസ്‌കാരവും ഭക്ഷണവുമെല്ലാം വ്യത്യസ്തമാണ്. എങ്ങനെ പൊരുത്തപ്പെടുമെന്ന് അമ്മ ചോദിച്ചു. എന്നാല്‍ അമ്മയുടെ എല്ലാ സംശയങ്ങള്‍ക്കും അറുതി വന്നത് ഒരു വീഡിയോ ചാറ്റിനിടയിലാണ്. ദേവിയുമായുള്ള വീഡിയോചാറ്റിനിടയില്‍ അമ്മ ഗായത്രിമന്ത്രവും 'അയിഗിരി നന്ദിനി'യും കേട്ടു. ദേവിയുടെ വീട്ടില്‍ ഇതെല്ലാം പതിവാണെന്ന് അമ്മയെ പറഞ്ഞ് ബോധ്യപ്പെടുത്തി. ഒരുദിവസം ദേവി പാടിയ അയിഗിരി നന്ദിനിയും ഗായത്രിമന്ത്രവും അമ്മയെ കേള്‍പ്പിച്ചു. അതോടെ അമ്മ ഓക്കെയായി. കല്യാണത്തിന് ഒരാഴ്ച മുമ്പ് മാത്രമാണ് ഞങ്ങള്‍ നേരിട്ട് കാണുന്നത്. ഇന്തോനേഷ്യയിലെ വീട്ടില്‍ പോയാണ് ഞാന്‍ ആദ്യമായി കാണുന്നത്. ദേവിയുടെ വീട്ടുകാര്‍ കല്യാണത്തിന്റെ സമയത്ത് ഇവിടെയെത്തി പത്ത് ദിവസത്തോളം താമസിക്കുകയും ചെയ്തു.
ബ്യൂട്ടിഫുള്‍ കേരളം
ദേവി : കേരളം മനോഹരമാണ്. പച്ചപ്പ് നിറഞ്ഞ സ്ഥലങ്ങള്‍, വ്യത്യസ്തമായ ഒരുപാട് കാഴ്ചകള്‍. ഇന്തോനേഷ്യയിലെ സുരബയ്യയിലാണ് ഞാന്‍ ജനിച്ചത്. ഇക്കണോമിക്‌സ് ആണ് പഠിച്ചത്. ഇവിടെയെത്തിയപ്പോള്‍ എനിക്ക് പ്രശ്‌നമായി തോന്നിയത് റോഡുകളാണ്. ഇന്തോനേഷ്യയിലെ റോഡുകള്‍ കൂടുതലും നേര്‍രേഖയിലാണ്. ഇവിടുത്തേത് വളവും തിരിവുമുള്ള റോഡുകളാണ്. യാത്ര ചെയ്യുമ്പോള്‍ പെട്ടെന്ന് ഞാന്‍ ക്ഷീണിക്കും. പിന്നെയുള്ളത് ഭാഷയാണ്. മലയാളം കേട്ടുതുടങ്ങിയപ്പോള്‍ ആകെയൊരു ബഹളമായിട്ടാണ് തോന്നിയത്. ഓരോ വാക്കും ഞാന്‍ പഠിക്കാന്‍ തുടങ്ങി. അച്ഛനും അമ്മയും സംസാരിക്കുമ്പോള്‍ അവരുടെ അടുത്തിരുന്ന് അതെല്ലാം കേള്‍ക്കും. ഓരോ വാക്കും ഓര്‍ത്തുവെച്ച് അതിന്റെ അര്‍ഥം ചോദിക്കാനും മറക്കില്ല.
ആകാശ് : വേറൊരു രസകരമായ സംഭവം കൂടിയുണ്ടായി. നാല് എന്നാല്‍ ഫോര്‍ (Four) ആണെന്ന് അമ്മ പറഞ്ഞുതന്നിരുന്നു. നാളെ എന്നാല്‍ റ്റുമാറോ എന്നും. ഒരുദിവസം സംസാരത്തിനിടയില്‍ അമ്മ 'നാളെ പോകാം' എന്ന് പറഞ്ഞു. അപ്പോള്‍ ഞാന്‍ ചോദിച്ചത് 'അമ്മ, വാട്ട് ഫോര്‍' എന്നാണ്. നാലും നാളെയും എന്നെ എപ്പോഴും കണ്‍ഫ്യൂഷനിലാക്കും. എന്നാലും എല്ലാവരോടും സംസാരിക്കാന്‍ എനിക്ക് വലിയ ഇഷ്ടമാണ്. വീട്ടിലേക്ക് വരുന്നവരോട് ഞാന്‍ ഇംഗ്ലീഷില്‍ എന്തെങ്കിലുമൊക്കെ സംസാരിക്കും.
ആരോഗ്യകരമായ ഭക്ഷണം
ഇന്തോനേഷ്യയിലെ പ്രധാന ഭക്ഷണം കടല്‍വിഭവങ്ങളാണ്. എരിവും പുളിയുമൊന്നും ഞങ്ങള്‍ ഉപയോഗിക്കാറില്ല. ഇവിടേക്ക് വന്നപ്പോള്‍ ആദ്യം പ്രശ്‌നമായതും ഭക്ഷണമായിരുന്നു. ഭക്ഷണമുണ്ടാക്കുമ്പോള്‍ അമ്മ എനിക്കുള്ള ഭക്ഷണം വേറെ മാറ്റിവെക്കും. ഇപ്പോള്‍ ഞാന്‍ എരിവും പുളിയുമുള്ള ഭക്ഷണം ചെറുതായി കഴിച്ചുതുടങ്ങി. മീന്‍കറി വെക്കുമ്പോള്‍ മസാല കുറവാണല്ലോയെന്ന് ഇടയ്ക്ക് തോന്നു. അപ്പോള്‍ ഞാന്‍ മസാല കൂടുതല്‍ ചേര്‍ക്കും. ഇവിടെ പച്ചക്കറി വിഭവങ്ങളാണ് മിക്കപ്പോഴും ഉണ്ടാക്കുക. ഇവിടുത്തെ പുട്ടും അപ്പവുമെല്ലാം ഇന്തോനേഷ്യയിലും ഉണ്ട്. പക്ഷേ അവിടെ മധുരം നന്നായി ഉപയോഗിക്കും.
ആകാശ് : ഇവിടുത്തേതുപോലെ ഒരുപാട് വിഭവങ്ങളൊന്നും ഇന്തോനേഷ്യയില്‍ ഇല്ല. ചോറും ഒരു മീന്‍ പൊരിച്ചതും തന്നെ ധാരാളം. അവിടുത്തുകാര്‍ ചോറുണ്ടാക്കുന്നത് തേങ്ങാപ്പാലിലായതുകൊണ്ട് വേറെ കറി വേണ്ട. കല്യാണത്തിന് ഇലയില്‍ സദ്യ വിളമ്പിയപ്പോള്‍ ദേവിയുടെ വീട്ടുകാര്‍ ചോദിച്ചത്, ഇത് എത്ര പേര്‍ക്ക് കഴിക്കാനാണെന്നാണ്. ചോറ് തന്നെയാണ് ദേവിയുടെ പ്രധാന ഭക്ഷണം.
ഇഷ്ടങ്ങളോട് ചേര്‍ന്ന്
ദേവി : അച്ഛനോടും അമ്മയോടും സംസാരിച്ചിരുന്നാണ് സമയം പോക്കുന്നത്. ഇടയ്ക്ക് ഇംഗ്ലീഷ് സബ്‌ടൈറ്റിലുകളുള്ള മലയാളം സിനിമകള്‍ കാണും. ആകാശ് ജോലി ചെയ്യുന്ന പെരിന്തല്‍മണ്ണയിലുള്ള ആയുര്‍വേദ ഉത്പന്ന വിതരണക്കമ്പനിയില്‍ കണക്കുകള്‍ നോക്കാനും പോകാറുണ്ട്.
ആകാശ് : ദേവി എല്ലാവരോടും പെട്ടെന്ന് കൂട്ടാകും. എത്രനേരം വേണമെങ്കിലും സംസാരിക്കാനും റെഡിയാണ്. നായ്ക്കളോട് മാത്രമേ കൂട്ട് കൂടാത്തതുള്ളൂ. അവയെ പേടിയാണ്. നേരെമറിച്ച് പൂച്ചകളെ നല്ല ഇഷ്ടമാണ്. ദേവിയ്ക്ക് പൂച്ചകളെ വാങ്ങിക്കൊടുക്കണമെന്ന് അമ്മ ആവശ്യപ്പെട്ടിട്ടുണ്ട്.
Content Highlights: life story of dwarf Olympian Akash Madhavan and his wife Devi Siti Sendari
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..