'രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയത് സ്ത്രീ, കണ്ടവര്‍ അത്ഭുതപ്പെട്ടു', കിണറാഴങ്ങളിലെ ജീവിതം


പ്രശാന്ത് കലഞ്ഞൂര്‍

3 min read
Read later
Print
Share

നൂറുകണക്കിന് കിണറുകള്‍ കുഴിച്ച കുഞ്ഞുപെണ്ണ്, സ്ത്രീയെ അകറ്റിനിര്‍ത്തിയ ഇടം പിടിച്ചെടുത്ത പോരാട്ടത്തിന്റെ കഥ

കുഞ്ഞുപ്പെണ്ണ്‌ (Photo: മനോജ്ശ്രീ അടൂർ)

''ഇവിടെ കിണര്‍ കുഴിക്കുവാണ്. പെണ്ണുങ്ങള്‍ ഇങ്ങോട്ട് വരരുത്...'' കുഞ്ഞിപ്പെണ്ണിന്റെ ഹൃദയം നോവിച്ച വാക്കുകളായിരുന്നു അത്. പക്ഷേ പൊരുതി മുന്നേറാന്‍ തന്നെയായിരുന്നു കുഞ്ഞുപെണ്ണിന്റെ തീരുമാനം. സ്ത്രീയെ അകറ്റിനിര്‍ത്തിയ ഇടം പിടിച്ചെടുത്ത കുഞ്ഞുപെണ്ണിന്റെ ജീവിതകഥയാണിത്. എഴുപത്തിയഞ്ചാം വയസ്സിലും എണ്‍പതടി താഴ്ചയുള്ള കിണറുകള്‍ അനായാസം കുഴിക്കുന്ന കുഞ്ഞുപെണ്ണ് നൂറുകണക്കിന് കിണറുകളാണ് ഇതുവരെ ഒരുക്കിയത്.

വിശ്രമമില്ലാത്ത ജീവിതം

ഭര്‍ത്താവ് തമിഴ്‌നാട്ടുകാരനായിരുന്നു. മകന് ഒന്നര വയസ്സുള്ളപ്പോള്‍ അയാള്‍ ഞങ്ങളെ കളഞ്ഞിട്ട് പോയി. കുഞ്ഞിന്റെ കാര്യം നോക്കണമല്ലോ. കൂടെ അമ്മയും ഉണ്ട്. മൂന്ന് വയറിന്റെ വിശപ്പകറ്റണം. ആരുമില്ലെന്ന് പറഞ്ഞിരുന്നിട്ട് ഒരു കാര്യോം ഇല്ല. ഞാന്‍ പണിക്കിറങ്ങി...അന്നുമുതലിങ്ങോട്ട് വിശ്രമം ഉണ്ടായിട്ടില്ല. മുപ്പത്തിരണ്ടാം വയസ്സിലാണ് ഞാന്‍ മണ്‍വെട്ടിയുമെടുത്തത്. വീട് പണിക്കുള്ള വാനംവെട്ടി(കുഴിയെടുത്ത്) ആണ് തുടക്കം. അങ്ങനെ ഒരിക്കല്‍ ഒരു ജോലിസ്ഥലത്ത് കിണറിന്റെ പണി നടക്കുന്നു. കിണര്‍ കുഴിക്കുന്നത് കാണാന്‍ അങ്ങോട്ട് ചെന്നതും പെണ്ണുങ്ങള്‍ അവിടെ നില്‍ക്കാന്‍ പാടില്ലെന്ന താക്കീത് ഉയര്‍ന്നു. അതെന്നെ വല്ലാതെ വേദനിപ്പിച്ചു. കിണര്‍ സ്വയം കുഴിച്ചേ അടങ്ങൂ എന്ന വാശിയായി. ആ വാശിപ്പുറത്ത് കിണറുപണിയുടെ ഘട്ടങ്ങള്‍ നിരീക്ഷിച്ച് മനസ്സിലാക്കി. പഠിച്ചറിഞ്ഞ അറിവ് വീട്ടുമുറ്റത്തു തന്നെ പരീക്ഷിച്ചാലോയെന്ന ചിന്ത വരുന്നത് അപ്പോഴാണ്. ഉയരമുള്ള പ്രദേശത്താണ് എന്റെ വീടിരിക്കുന്നത്. കുഴിച്ചുകുഴിച്ച് 32 തൊടി(ആഴം സൂചിപ്പിക്കുന്ന അളവ്) എത്തിയതിന് ശേഷമാണ് വെള്ളം കണ്ടത്. അതോടെ ധൈര്യമായി. അതിനുശേഷം അടൂര്‍ ബൈപ്പാസില്‍ ഒരു വികാരിയച്ചന്റെ വീട്ടില്‍ പണിക്ക് ചെന്നു. അവിടെ കിണറു പണിയാന്‍ ആളെ ആവശ്യം ഉണ്ടായിരുന്നു. ആ പണി ഞാനങ്ങേറ്റു. പിന്നീട് അത് സ്ഥിരമായി. വീടുകളിലെത്തി കിണറിന് സ്ഥാനം കാണുന്നതും കുറ്റി അടിക്കുന്നതുമെല്ലാം ചെയ്തു. ഇതുവരെ കുഴിച്ചതില്‍ ഒരു കിണര്‍പോലും വെള്ളം കാണാത്തതിന്റെ പേരില്‍ ഉപേക്ഷിക്കേണ്ടി വന്നിട്ടില്ല. ഇപ്പോള്‍ മകന്‍ കിഷോറിനെയും കൂട്ടിയാണ് കിണര്‍ കുത്താന്‍ പോകുന്നത്.

രാത്രിയില്‍ ഒരു രക്ഷാപ്രവര്‍ത്തനം

ഒരുദിവസം രാത്രി മകന്‍ കിഷോറിനെ തിരക്കി അയല്‍ക്കാരായ കുറച്ചുപേരെത്തി. 38 തൊടിയുള്ള കിണറ്റില്‍ ഒരാള്‍ വീണു. ആളെ രക്ഷിക്കണം... അതായിരുന്നു ആവശ്യം. 75 അടിയിലധികം താഴ്ചയുള്ള വലിയ കിണറായിരുന്നു അത്. നിരവധി വീട്ടുകാര്‍ വെള്ളമെടുക്കുന്നത് ആ കിണറില്‍നിന്നാണ്. അതിനകത്താണ് ആള്‍ വീണത്. വൃത്തിയാക്കാത്തതിനാല്‍ കാട് കയറി താഴ്ഭാഗം കാണാന്‍ സാധിക്കുന്നുമില്ല. ഇറങ്ങി താഴെച്ചെന്നപ്പോള്‍ ശരീരമാസകലം മുറിവുമായി ആള് കിടപ്പുണ്ട്. ചെറിയ അനക്കവും ഉണ്ട്. കയറ്റണമെങ്കില്‍ ഫയര്‍ഫോഴ്സിനെ വിളിക്കണമെന്ന് ആവശ്യപ്പെട്ടു. അവര്‍ വന്ന് താഴേക്ക് വെട്ടം നല്‍കി വലയിറക്കി. ആളെ വലയില്‍ കയറ്റിയ ശേഷം ഞാനും മോനും കിണറ്റില്‍ നിന്ന് കയറി. കിണറ്റില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയത് ഒരു സ്ത്രീയാണെന്ന് കണ്ടപ്പോള്‍ ഫയര്‍ഫോഴ്‌സുകാര്‍ക്ക് അത്ഭുതം. എന്നെ അവര്‍ അഭിനന്ദിച്ചു. അതിനുശേഷം ഇത്തരം ആവശ്യങ്ങള്‍ക്ക് ഒരുപാട് സ്ഥലത്ത് പോയിട്ടുണ്ട്.

അധ്വാനം ജീവിതത്തിന്റെ വളം

നല്ലപോലെ അധ്വാനിച്ചാണ് ജീവിക്കുന്നത്. എങ്കിലും ജീവിതത്തില്‍ സന്തോഷം എന്താണെന്ന് അറിഞ്ഞിട്ടില്ല. ആകെയുള്ള നാല് സെന്റ് സ്ഥലത്തെ പഴയ വീട്ടിലാണ് മകനും മരുമകളും കൊച്ചുമക്കളും കൂടി കഴിയുന്നത്. പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ചാണ് വീട് നിര്‍മിച്ചത്. വിശ്രമിക്കണമെന്ന് വിചാരിച്ചാല്‍ ജീവിക്കാന്‍ കഴിയില്ല. സ്വന്തമായി നല്ലൊരു വീട് വേണം. അതിനുള്ള പെടാപ്പാടിലാണ്. മണ്ണിലാണ് അധ്വാനിക്കുന്നത്. അധ്വാനം മാത്രമാണ് ജീവിതത്തിന്റെ വളം. ആര് ആവശ്യപ്പെട്ടാലും ഞാന്‍ ചെന്ന് കിണര്‍ കുത്തും!

ഓര്‍മയില്‍ ഒരു കിണര്‍കഥ

കുഴിച്ചുകുഴിച്ച് ചെല്ലുമ്പോള്‍ പൊടിഞ്ഞു തെളിയുന്ന ഉറവ പോലെ ചില ഓര്‍മകളും കുഞ്ഞുപെണ്ണിന്റെ മനസ്സില്‍ ഇടംപിടിച്ചിട്ടുണ്ട്. രാജഭരണകാലത്ത് ഐതിഹ്യ പുരുഷനായ കാമ്പിത്താന്‍ സ്ഥാനം കണ്ട് കുഴിച്ച കിണറില്‍ പിന്നീട് പണി നടത്തിയ കഥയാണ് അതിലൊന്ന്. മണ്ണടി പ്രദേശത്ത് സ്വകാര്യ വ്യക്തിയുടെ കാട് പിടിച്ച് കിടന്ന കിണര്‍. മൂടുകയോ വ്യത്തിയാക്കുകയോ ചെയ്യണമെന്നാവശ്യപ്പെട്ടാണ് കുഞ്ഞുപെണ്ണിനെ വിളിപ്പിച്ചത്. കുഞ്ഞുപെണ്ണ് ചെന്നു. കിണറിനകത്തും പുറത്തും കാട്. കൈവരിയില്‍ കയറി ഇരുന്ന് കാട് വകഞ്ഞ് ഒരു കല്ല് ഇളക്കിമാറ്റിയപ്പോള്‍ വലിയൊരു പാമ്പ് പത്തി വിടര്‍ത്തി അതാ മുന്നില്‍. കുഞ്ഞുപെണ്ണ് പണി നിര്‍ത്തി മണ്ണടിക്കടവില്‍ ചെന്ന് കുളിച്ച് ദേവിയെ തൊഴുത് പ്രാര്‍ഥിച്ച ശേഷം വീണ്ടും പണിക്കിറങ്ങി. അതിനിടയില്‍ വീണ്ടും ഒരു പരീക്ഷണം. തൊടിയില്ലാത്ത കിണറ്റില്‍ വച്ചിരുന്ന പടങ്ങ്(നില്‍ക്കാന്‍ ഉറപ്പിച്ച പലക) ഒടിഞ്ഞ് താഴേക്ക് വീണു. പടങ്ങിനൊപ്പം താഴേക്കൂര്‍ന്ന കുഞ്ഞുപെണ്ണ്, മണല്‍ കോരാന്‍ ഇട്ടിരുന്ന കയറില്‍ ചാടിപ്പിടിച്ച് സാഹസികമായി രക്ഷപ്പെടുകയായിരുന്നു. താഴെ മുഴുവന്‍ പാറയായതിനാല്‍ വീണ വീഴ്ചയില്‍ ജീവന്‍ ബാക്കി കാണില്ലായിരുന്നെന്നോര്‍ത്ത് കുഞ്ഞുപെണ്ണ് നെടുവീര്‍പ്പിട്ടു.

Content Highlights: Well digging Women in Kerala

Add Comment
Related Topics

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
anziya

5 min

ഒന്നരക്കോടി രൂപ വിറ്റുവരവുള്ള കമ്പനിയുടെ ഉടമ ഈ പ്ലസ്ടുക്കാരി

Sep 28, 2023


Minnu mani

2 min

ചൈനയില്‍ നിന്നും ആ സ്വര്‍ണം വയനാട്ടിലേക്ക്, മിന്നുമണിയിലൂടെ

Sep 26, 2023


Avani. S S
Welfare of Cancer Patients Day

5 min

''എനിക്ക് കാന്‍സറാണോ വല്ല്യമ്മേ, തൊണ്ട മുറിച്ചാല്‍ പാടാന്‍ കഴിയില്ലല്ലോ?"

Sep 22, 2023