To advertise here, Contact Usതോല്‍വിയെ കുറിച്ച് ആദ്യം പഠിച്ചു, പിന്നെ സ്വര്‍ണത്തിലേക്ക് കുതിച്ചു'- ഇ ഭാസ്‌കരന്‍ 


സൂരജ് സുകുമാരന്‍

5 min read
Read later
Print
Share

കേരളത്തില്‍നിന്ന് ദ്രോണാചാര്യ അവാര്‍ഡ് നേടിയ ആദ്യ കബഡി പരിശീലകന്റെ വിശേഷങ്ങള്‍

ഇ ഭാസ്കരൻ | ഫോട്ടോ: പി. ജയേഷ്

കബഡി എന്ന കളിക്ക് ഇന്ത്യയില്‍ സ്വര്‍ണം എന്ന പര്യായം കൂടിയുണ്ട്. കബഡി മത്സരയിനമായ അന്താരാഷ്ട്ര ഗെയിംസുകളില്‍ സ്വര്‍ണമല്ലാതെ മറ്റൊന്നും ഇന്ത്യ നേടാറില്ല. എന്നാല്‍, 2018 ജക്കാര്‍ത്തയില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ ആ പതിവ് തെറ്റി, സ്വര്‍ണ മെഡലുറപ്പിച്ച് ജക്കാര്‍ത്തയിലേക്ക് വിമാനം കയറിയ പുരുഷ-വനിതാ ടീമുകള്‍ തോല്‍വി രുചിച്ചു. വെള്ളിയിലും വെങ്കലത്തിലും ഇന്ത്യയ്ക്ക് തൃപ്തിയടയേണ്ടി വന്നു. ആ പരാജയം ഇന്ത്യന്‍ കായിക മന്ത്രാലയത്തെ തെല്ലൊന്നുമല്ല അലട്ടിയത്. അടുത്ത തവണ സ്വര്‍ണം നഷ്ടമാകരുതെന്ന് ഉറപ്പിച്ച് പരിശീലകരെ കണ്ടെത്താന്‍ ശ്രമം തുടങ്ങി. നിരവധി അഭിമുഖങ്ങള്‍ക്കൊടുവില്‍ കാസര്‍കോടുകാരന്‍ ഇ. ഭാസ്‌കരനെ രാജ്യം ആ ദൗത്യം ഏല്‍പ്പിച്ചു. തന്നിലര്‍പ്പിച്ച വിശ്വാസം ഹാങ്ചൗ ഏഷ്യന്‍ ഗെയിംസില്‍ ഇരട്ട സ്വര്‍ണമായാണ് ഭാസ്‌കരന്‍ തിരികെ നല്‍കിയത്. ലോക കബഡി ഭൂപടത്തില്‍ വീണ്ടും ഇന്ത്യ സിംഹാസനം തിരികെപ്പിടിച്ചു.

To advertise here, Contact Us

കബഡിയിലെ അഭിമാന സ്വര്‍ണത്തിന് രാജ്യം ഭാസ്‌കരന് ദ്രോണാചാര്യ അവാര്‍ഡുകൊണ്ട് തിലകക്കുറി ചാര്‍ത്തി. കേരളത്തില്‍നിന്ന് ദ്രോണാചാര്യ അവാര്‍ഡ് നേടിയ ആദ്യ കബഡി പരിശീലകനെ കാണാന്‍ കണ്ണൂര്‍ കരിവെള്ളൂര്‍ നിടുവപ്പുറത്തെ വീട്ടിലെത്തുമ്പോള്‍ പ്രഭാതസവാരിയിലായിരുന്നു അദ്ദേഹം. ആ നടത്തത്തിനിടെ, നാട്ടിടവഴികളില്‍ കബഡി കളിച്ചുനടന്ന കൗമാരക്കാരന്‍ പയ്യന്‍ പൊന്നുംവിലയുള്ള പരിശീലകനായി മാറിയ കഥ അദ്ദേഹം പറഞ്ഞുതുടങ്ങി.

പടിഞ്ഞാറേക്കരയിലെ ബാല്യകാലം
കാസര്‍കോട് ജില്ലയിലെ കൊടക്കാട് പടിഞ്ഞാറേക്കര എന്ന ഗ്രാമത്തിലെ സാധാരണ കുടുംബത്തില്‍ ജനിച്ച ഭാസ്‌കരന് നാട്ടിലെ ക്ലബ്ബും കൂട്ടുകാരുമൊക്കെയായിരുന്നു കുട്ടിക്കാലത്തെ ലോകം. സ്‌കൂള്‍ കഴിഞ്ഞുവന്ന വൈകുന്നേരങ്ങളില്‍ ക്ലബ്ബിനടുത്തുള്ള പറമ്പില്‍ കുമ്മായവരയിട്ട കളത്തില്‍ കൂട്ടുകാരോടൊപ്പം കബഡി കളിച്ചുനടന്ന കാലം ഇന്നലെയെന്നപോലെ ഇന്നും അദ്ദേഹത്തിന്റെ ഓര്‍മകളിലുണ്ട്. ''ഇടത്തരം കുടുംബാന്തരീക്ഷത്തില്‍ ജനിച്ച ഞാന്‍ ബാല്യകാലത്തുതന്നെ കബഡിയിലേക്ക് ആകര്‍ഷിക്കപ്പെട്ടിരുന്നു. നാട്ടിലെ ക്ലബ്ബിലെ കൂട്ടുകാരോടൊപ്പമാണ് ആദ്യം കബഡി കളിച്ചത്. പിന്നീട് ഹൈസ്‌കൂള്‍ പഠനത്തിനായി വേങ്ങപ്പാറ കേളപ്പജി സ്‌കൂളിലെത്തിയതോടെ സ്‌കൂള്‍ ടീമില്‍ കളിച്ചുതുടങ്ങി. 'റെഡ്സ്റ്റാര്‍ വെള്ളച്ചാല്‍' എന്ന ക്ലബ്ബിനൊപ്പം ചേര്‍ന്നപ്പോഴാണ് പ്രൊഫഷണല്‍ രീതിയില്‍ കളിയെ സമീപിച്ചത്. അന്ന് നാട്ടില്‍ ഒരുപാട് ക്ലബ്ബുകളും ടൂര്‍ണമെന്റുകളുമുണ്ട്. അതിനാല്‍ നിരവധി അവസരങ്ങളുണ്ടായിരുന്നു. എന്നാല്‍, നാട്ടില്‍ അന്നൊന്നും കബഡിയെ കരിയറായി ആരും തിരഞ്ഞെടുത്തിരുന്നില്ല. അതുകൊണ്ടുതന്നെ പഠിക്കേണ്ട സമയത്ത് ഞാന്‍ കളിയില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നത് വീട്ടുകാര്‍ക്ക് ഇഷ്ടമല്ലായിരുന്നു. പലപ്പോഴും ഒഴിവുദിനങ്ങളില്‍ സ്‌പെഷ്യല്‍ ക്ലാസ് ഉണ്ടെന്ന് പറഞ്ഞാണ് കബഡി ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കാന്‍ പോയത്. ''


ആര്‍മി വിളിക്കുന്നു
പ്രീഡിഗ്രിക്ക് പയ്യന്നൂര്‍ കോളേജില്‍ ചേര്‍ന്ന ഭാസ്‌കരന്‍ എല്ലാവരെയും പോലെ വരാന്തയിലിരുന്ന് വടക്കന്‍ കേരളത്തിലെ പാതിരാക്കാറ്റ് കൊണ്ടില്ല. പകരം കബഡിക്കളത്തില്‍ നിറഞ്ഞു. ആദ്യം കോളേജ് ടീമിലേക്കും പിന്നീട് കാലിക്കറ്റ് യൂണിവേഴ്സിറ്റി ടീമിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. ഓള്‍ ഇന്ത്യ ടൂര്‍ണമെന്റുകളില്‍ യൂണിവേഴ്സിറ്റിയെ പ്രതിനിധീകരിച്ച് പങ്കെടുത്തു. അതിനിടെയാണ് ആര്‍മി റിക്രൂട്ട്മെന്റ് റാലിയുടെ വാര്‍ത്ത തേടിയെത്തിയത്. ജീവിതത്തില്‍ പ്രതീക്ഷയുടെ വെളിച്ചം തെളിക്കണമെങ്കില്‍ ജോലി അത്യാവശ്യമാണെന്ന് തിരിച്ചറിഞ്ഞ ആ കൗമാരക്കാരന്‍ റിക്രൂട്ട്മെന്റ് റാലിയിലേക്കും അതുവഴി ഇന്ത്യന്‍ ആര്‍മിയിലേക്കും ചുവടുവെച്ചു.
''1983- ലാണ് ഇന്ത്യന്‍ ആര്‍മിയിലേക്ക് സെലക്ഷന്‍ ലഭിക്കുന്നത്. സര്‍ട്ടിഫിക്കറ്റുകളെല്ലാം പരിശോധിച്ച ഉദ്യോഗസ്ഥര്‍, കബഡിയില്‍ താത്പര്യമുള്ളയാളാണെന്ന് തിരിച്ചറിഞ്ഞു. അങ്ങനെ കബഡിക്ക് അനുകൂല സാഹചര്യമുള്ള ഇ.എം.ഇ. ഭോപാല്‍ ആര്‍മി ക്യാമ്പിലേക്ക് അയച്ചു. അവിടെ നിന്നാണ് ജീവിതം മാറിത്തുടങ്ങുന്നത്. 1992 വരെ ആര്‍മി കബഡി ടീമില്‍ സ്ഥിരാംഗമായിരുന്നു. ഇനി അധികം നേട്ടങ്ങള്‍ സ്വന്തമാക്കാനാകില്ലെന്ന് സ്വയം തിരിച്ചറിഞ്ഞു. എന്നേക്കാള്‍ ശാരീരികക്ഷമതയുള്ള മികച്ച ഉത്തരേന്ത്യന്‍ കളിക്കാര്‍ അന്ന് ആര്‍മിയിലുണ്ട്. അവരെ മറികടന്ന് കളിയില്‍ മുന്നോട്ട് പോകുക അസാധ്യമായിരുന്നു.

ആ സമയത്തുതന്നെ പലരും കോച്ചിങ്ങിലേക്ക് മാറാന്‍ ഉപദേശിച്ചു. അങ്ങനെയാണ് ഗുജറാത്തില്‍ സായ്യുടെ കീഴില്‍ കബഡി കോച്ചിങ് കോഴ്സ് പൂര്‍ത്തിയാക്കുന്നത്. തിരിച്ചുവന്ന് ആര്‍മി ടീമിന്റെ കോച്ചായി. ഞാന്‍ വാര്‍ത്തെടുത്ത ടീമാണ് ഇ.എം.ഇ. ഭോപാല്‍. ദേശീയതലത്തിലുള്ള ക്ലബ്ബ് ടൂര്‍ണമെന്റുകളില്‍ ഏഴുവര്‍ഷം തുടര്‍ച്ചയായി ഇ.എം.ഇ. ഭോപാലിനൊപ്പം സ്വര്‍ണമെഡല്‍ നേടാന്‍ സാധിച്ചു. പരിശീലകനെന്ന നിലയില്‍ ആ നേട്ടം ദേശീയ ശ്രദ്ധ നേടിത്തന്നു. ആ ടീമില്‍നിന്ന് നിരവധി പേര്‍ ദേശീയടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഈ സമയത്തുതന്നെ സര്‍വീസസ് ടീമിന്റെ പരിശീലകനായും പ്രവര്‍ത്തിക്കാനായി. 1996-ല്‍ സീനിയര്‍ നാഷണല്‍ ഗെയിംസില്‍ ഞാന്‍ പരിശീലിപ്പിച്ച ടീം വെള്ളിമെഡല്‍ നേടി. പരിശീലകനെന്ന നിലയില്‍ ആദ്യത്തെ മികച്ച വിജയം അതായിരുന്നു. കോച്ചിങ്ങാണ് എന്റെ കരിയര്‍ എന്ന് ആ വിജയത്തോടെ ഞാനുറപ്പിച്ചു.''

ദേശീയകുപ്പായത്തിലേക്ക്
2010, 2014, 2023 വര്‍ഷങ്ങളില്‍ ദേശീയ കബഡി ടീമിന്റെ പരിശീലകനായി. മൂന്ന് ഏഷ്യന്‍ ഗെയിംസുകളിലും സ്വര്‍ണപ്പതക്കം കൊണ്ടാണ് ഭാസ്‌കരന്‍ രാജ്യത്തിന് അഭിമാനക്കുറി ചാര്‍ത്തിയത്. രാജ്യം തന്നിലര്‍പ്പിച്ച വിശ്വാസം അതേപടി തിരിച്ചുനല്‍കുക എന്നത് മാത്രമായിരുന്നു ആഗ്രഹമെന്ന് ആ വിജയങ്ങളെക്കുറിച്ച് അദ്ദേഹം പറയുന്നു.

''2009- ലാണ് ആദ്യമായി എന്നെ ഇന്ത്യന്‍ പുരുഷ ടീമിന്റെ മുഖ്യപരിശീലകനായി നിയമിക്കുന്നത്. ആ വര്‍ഷം വിയറ്റ്നാമില്‍ നടന്ന ഇന്‍ഡോര്‍ ഏഷ്യന്‍ ഗെയിംസായിരുന്നു ആദ്യ കടമ്പ. സ്വര്‍ണനേട്ടത്തോടെ ആദ്യ പരീക്ഷണം വിജയകരമായി മറികടന്നു. 2010- ല്‍ ചൈനയിലെ ഗ്വാങ്ഷുവില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ കബഡിയില്‍ സ്വര്‍ണനേട്ടം ആവര്‍ത്തിക്കാനായി. പിന്നീട് 2013 വരെ പുരുഷടീമിന്റെ പരിശീലകനായി തുടര്‍ന്നു. 2014-ല്‍ വനിതാടീമിന്റെ പരിശീലകനായി നിയമിച്ചു. നിലവിലുണ്ടായ വനിതാ ടീമിന്റെ പരിശീലകന്‍ ചില പ്രശ്‌നങ്ങളാല്‍ സ്ഥാനം ഒഴിഞ്ഞതോടെയാണ് ഉടനടി എന്നെ ഉത്തരവാദിത്വം ഏല്‍പ്പിച്ചത്. ആ വര്‍ഷം ദക്ഷിണകൊറിയയിലെ ഇഞ്ചിയോണില്‍ നടന്ന ഏഷ്യന്‍ ഗെംയിസില്‍ വനിതാ കബഡിയില്‍ സ്വര്‍ണം നേടി. അതിനുശേഷമാണ് ഞാന്‍ പ്രൊ കബഡി ലീഗിലേക്ക് പോകുന്നത്.
2018-ല്‍ ജക്കാര്‍ത്തയില്‍ നടന്ന ഏഷ്യന്‍ഗെയിംസില്‍ പതിവുപോലെ ഇന്ത്യയുടെ മെഡല്‍ പട്ടികയിലെ ഉറച്ച സ്വര്‍ണപ്രതീക്ഷയായിരുന്നു കബഡി. അത്തവണ പരിശീലകന്റെ റോളില്‍ ഞാനുണ്ടായിരുന്നില്ല. ഏറെ പ്രതീക്ഷയോടെ ജക്കാര്‍ത്തയിലെത്തിയ ടീം ഇരുവിഭാഗത്തിലും അപ്രതീക്ഷിത തോല്‍വി രുചിച്ചു. വനിതാ ടീം ഫൈനലിലും പുരുഷ ടീം സെമി ഫൈനലിലും തോറ്റു. ഏറെ വര്‍ഷമായി തുടരുന്ന കുത്തക തകര്‍ന്നത് രാജ്യത്തെ സംബന്ധിച്ച് അംഗീകരിക്കാന്‍ പറ്റാത്ത ഒന്നായിരുന്നു. അടുത്ത ഗെംയിസ് മുന്നില്‍ കണ്ട് ഞാനടക്കം ഒരുപാട് പരിശീലകരുമായി അഭിമുഖം നടത്തി. ഒടുവില്‍ ഒരിക്കല്‍കൂടി രാജ്യം ആ വലിയ ഉത്തരവാദിത്വം എന്നെ വിശ്വാസപൂര്‍വം ഏല്‍പ്പിച്ചു. പരിശീലകനായി സ്ഥാനമേറ്റയുടന്‍ ഞാന്‍ കഴിഞ്ഞ ഗെയിംസിലെ തോല്‍വിയെക്കുറിച്ച് ആഴത്തില്‍ പഠിക്കുകയാണ് ചെയ്തത്. കാരണങ്ങള്‍ കണ്ടെത്തി പരിശീലനം ആരംഭിച്ചു. ഒരേസമയം പുരുഷ, വനിതാടീമുകളെ പരിശീലിപ്പിച്ചു. ഞാന്‍ വിചാരിച്ചതു പോലെ കാര്യങ്ങള്‍ നടന്നു. ചൈനയിലെ ഏഷ്യന്‍ ഗെയിംസില്‍ ഇരുവിഭാഗത്തിലും സ്വര്‍ണം തിരിച്ചുപിടിച്ചു. രാജ്യം എന്നില്‍ അര്‍പ്പിച്ച വിശ്വാസം തിരിച്ചുനല്‍കിയത് കൊണ്ടാകാം ദ്രോണാചാര്യ പുരസ്‌കാരം നല്‍കി ആദരിച്ചത്.''

പ്രൊ കബഡിയിലും നേട്ടം
കബഡിയില്‍ ഉത്തരേന്ത്യക്കാരാണ് മികവില്‍ മുന്നില്‍. അതിനാല്‍ മുന്‍പ് കബഡിയില്‍ ലഭിച്ച ആറ് ദ്രോണചാര്യ അവാര്‍ഡുകളില്‍ അഞ്ചും ഉത്തരേന്ത്യന്‍ പരിശീലകര്‍ക്കാണ്. 2002-ല്‍ ആന്ധ്രാസ്വദേശിയായ പ്രസാദ് റാവുവാണ് കബഡിയില്‍ ദ്രോണാചാര്യ അവാര്‍ഡ് ലഭിച്ച ഏക ദക്ഷിണേന്ത്യന്‍. രണ്ടു ദശാബ്ദങ്ങള്‍ക്കുശേഷമാണ് ഒരു ദക്ഷിണേന്ത്യന്‍ കബഡി പരിശീലകനെ തേടി ദ്രോണാചാര്യ അവാര്‍ഡ് എത്തുന്നത്. കേരളത്തില്‍ കബഡിയില്‍ ആദ്യമായും.

രാജ്യത്തിനായി നേട്ടങ്ങള്‍ കൊയ്ത ഭാസ്‌കരന്‍ പ്രൊ കബഡി ലീഗിലും തന്റെ സുവര്‍ണ മുദ്ര പതിപ്പിച്ചിട്ടുണ്ട്.
'' 2014-ലാണ് പ്രൊ കബഡി ലീഗ് ആരംഭിച്ചത്. മുംബൈ ടീമിന്റെ പരിശീലകന്റെ സ്ഥാനമാണ് ഏറ്റെടുത്തത്. അഞ്ച് സീസണുകളില്‍ മൂന്ന് ഫൈനലുകള്‍, ഒരുചാമ്പ്യന്‍ പട്ടം... ഇതായിരുന്നു മുംബൈ ടീമിനൊപ്പമുള്ള എന്റെ നേട്ടം. അത്തരമൊരു വലിയ ലീഗില്‍ അവസരം കിട്ടിയപ്പോള്‍ ഞാന്‍ ആദ്യം ചിന്തിച്ചത് അതിനെ എന്റെ നാട്ടിലെ കബഡി കളിക്കുന്ന കുട്ടികള്‍ക്ക് എങ്ങനെ ഉപകാരപ്രദമാക്കാം എന്നാണ്. അതിനാലാണ് നിലവിലുള്ള രീതികള്‍ മാറ്റി മുംബൈ ടീമിനെ പരിശീലനത്തിനായി കാസര്‍കോട്ടെ ഗ്രാമങ്ങളിലേക്ക് എത്തിച്ചത്. നാട്ടില്‍നിന്ന് ഒരുപിടി മിടുക്കരായ കുട്ടികള്‍ക്ക് അത്തരമൊരു ഇടപെടലിലൂടെ ലീഗിന്റെ ഭാഗമാകാന്‍ സാധിച്ചു.''

ഇനി കേരളത്തിനുവേണ്ടി
അവാര്‍ഡിന്റെ തിളക്കത്തില്‍ നില്‍ക്കുമ്പോഴും കേരളത്തിലെ കബഡി രംഗത്തെ പരിതാപാവസ്ഥയില്‍ ഭാസ്‌കരന്‍ നിരാശനാണ്. അസോസിയേഷനിലെ അധികാര തര്‍ക്കങ്ങളും രാഷ്ട്രീയ ഇടപെടലുകളും കേരള കബഡിരംഗത്തെ തകര്‍ക്കുന്നുവെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ''കേരളത്തില്‍ ആറ് വര്‍ഷമായി കബഡി അസോസിയേഷനില്‍ നടക്കുന്ന പ്രശ്‌നങ്ങളാല്‍ കബഡിരംഗം പിറകോട്ടാണ്. ചിലരുടെ അധികാരത്തര്‍ക്കങ്ങളില്‍പ്പെട്ട് കബഡിയിലേക്ക് വരേണ്ട ഒരുപാട് കൗമാരക്കാര്‍ അതുപേക്ഷിച്ച് മറ്റ് കായികമേഖലയിലേക്ക് പോകുകയാണ്. ഇപ്പോള്‍ പ്രൊ കബഡി ലീഗില്‍ കേരളത്തില്‍നിന്ന് ആരുമില്ല എന്ന് തിരിച്ചറിയുമ്പോഴാണ് നമുക്ക് ഇതിന്റെ ഭീകരത മനസ്സിലാകുക. കേരള സര്‍ക്കാര്‍ ഇടപെട്ട് എല്ലാം നല്ല രീതിയിലേക്ക് മാറ്റും എന്നാണ് പ്രതീക്ഷ. ഇനി നാടിനുവേണ്ടി കുറച്ചധികം കാര്യങ്ങള്‍ ചെയ്യണമെന്നുണ്ട്. ''
ഭാസ്‌കരന്റെ യാത്രയില്‍ ഭാര്യ അജിതയും മക്കളായ അഞ്ജുവും അഭിജിത്തും അടങ്ങുന്ന കുടുംബം മുഴുവന്‍ പിന്തുണയുമായി കൂടെയുണ്ട്. രാജ്യത്തെ ഏറ്റവും വലിയ അവാര്‍ഡുകളിലൊന്നിന്റെ തിളക്കത്തില്‍ നില്‍ക്കുമ്പോഴും നാട്ടിടവഴികളിലൂടെ വിശേഷങ്ങള്‍ ചോദിച്ചും പറഞ്ഞും നടക്കുകയാണ് ഭാസ്‌കരന്‍. മനസ്സ് ഇപ്പോഴും പടിഞ്ഞാറേക്കരയിലെ ആ പതിനാറുകാരന്റെതു തന്നെ...

Content Highlights: kabaddi coach from kasaragod e bhaskaran to get lifetime dronacharya award

Add Comment
Related Topics

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
radhika merchant

1 min

അംബാനി കുടുംബത്തിലിനി കല്യാണമേളം...ആരാണ് ആനന്ദ് അംബാനിയുടെ പ്രതിശ്രുതവധു രാധിക മെര്‍ച്ചന്റ് 

Jan 15, 2024


രാകേഷ് കമാൽ, ടീന, അരിയാന

2 min

അമേരിക്കയിലെ ബംഗ്ലാവിൽ ധനികകുടുംബം മരിച്ചതിനു പിന്നിൽ കൊലപാതകവും ആത്മഹത്യയും

Jan 3, 2024


Savitri jindal

4 min

അംബാനിക്കും അദാനിക്കും മേലെ സാവിത്രി ജിന്‍ഡാല്‍; അന്ന് വീട്ടമ്മ, ഇന്ന് ഏഷ്യയിലെ ഏറ്റവും വലിയ ധനിക

Dec 21, 2023

To advertise here, Contact Us
To advertise here, Contact Us
To advertise here, Contact Us