വിലക്കുകളെയും വെല്ലുവിളികളെയും ഓടിത്തോല്‍പിച്ച് പ്രതിഭാസമായ ഷെല്ലി ആന്‍ ഫ്രേസര്‍


കെ. സുരേഷ്‌

3 min read
Read later
Print
Share

2008-ല്‍ ബെയ്ജിങ് ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടുമ്പോള്‍ ഷെല്ലിയുടെ പ്രായം 22. പിന്നീട് ഒളിമ്പിക്‌സിലും ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലും അവര്‍ മിന്നലുപോലെ പലവട്ടം കടന്നുപോയി.

ഷെല്ലി ആൻ ഫ്രേസർ പ്രെയ്‌സ്

'I was just a teeny tiny thing in this wild wonderous world. As tiny as I was, I was also very fast and I loved to run, so I ran to school, I ran to school, I ran to the shop, I ran like a rocket, I ran to be free, I ran everywhere because that was me.'
( ഷെല്ലി ആന്‍ ഫ്രേസറിന്റെ I Am A Promise' എന്ന പുസ്തകത്തില്‍നിന്ന്‌)

100 മീറ്റര്‍ ദൂരം നടന്നുതീര്‍ക്കാനുള്ള കഷ്ടപ്പാട് നമുക്കറിയാം. അത് ഓടിത്തീര്‍ക്കാനാണെങ്കില്‍ കിതപ്പു തുടങ്ങും. മത്സരയോട്ടത്തിലാണെങ്കിലോ, വെല്ലുവിളി പിന്നെയും കൂടുന്നു.ഷെല്ലി ആന്‍ ഫ്രേസര്‍ പ്രൈസ് എന്ന ജമൈക്കന്‍ ഓട്ടക്കാരി റോക്കറ്റുപോലെ ട്രാക്കില്‍ കുതിച്ചുതുടങ്ങിയിട്ട് ഒന്നര പതിറ്റാണ്ടായി. ഇപ്പോഴും വേഗം കൂടുന്നേയുള്ളൂ. 2008-ല്‍ ബെയ്ജിങ് ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടുമ്പോള്‍ ഷെല്ലിയുടെ പ്രായം 22. പിന്നീട് ഒളിമ്പിക്‌സിലും ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലും അവര്‍ മിന്നലുപോലെ പലവട്ടം കടന്നുപോയി. പലതവണ സ്വര്‍ണമെഡല്‍ ഏറ്റുവാങ്ങി.

നേട്ടങ്ങളില്‍ ബഹുദൂരം

2021-ലെ ടോക്യോ ഒളിമ്പിക്‌സിലെത്തിയപ്പോഴും ഒന്നാമതായി ഓടിയെത്തിയത് ഷെല്ലി. അഞ്ച് ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പുകളിലും രണ്ട് ഒളിമ്പിക്‌സിലും 100 മീറ്ററില്‍ വിജയിയായി. പിന്നെയുമെത്രയോ അന്താരാഷ്ട്ര നേട്ടങ്ങള്‍. കഴിഞ്ഞ നാല് ഒളിമ്പിക്‌സിലും 100 മീറ്ററില്‍ മെഡല്‍ ജേതാവ്. 2022-ല്‍ യൂജിനില്‍ നടന്ന ലോക അത്‌ലറ്റിക്‌സില്‍ സ്വര്‍ണം നേടമ്പോള്‍ ഷെല്ലിക്ക് 35 വയസ്സ്. അതോടെ, ഈ നേട്ടത്തിലെത്തുന്ന ഏറ്റവും പ്രായംകൂടി അത്‌ലറ്റായി. ഇതിനിടെ വര്‍ഷങ്ങള്‍ പലതു കടന്നുപോയി. ട്രാക്കില്‍നിന്ന് വിലക്കപ്പെട്ടു. ഒരു കുട്ടിക്ക് ജന്മംനല്‍കി. ഷെല്ലിക്കൊപ്പം ഒളിമ്പിക് വേദിയില്‍ മത്സരിച്ചുതുടങ്ങിയ ജമൈക്കയുടെ തന്നെ പുരുഷതാരം ഉസൈന്‍ ബോള്‍ട്ട് ട്രാക്കിനോടു വിടപറഞ്ഞിട്ടും കുറച്ചുവര്‍ഷങ്ങളായി.

പ്രായത്തെ വെല്ലുന്ന പ്രകടനങ്ങള്‍

'പോക്കറ്റ് റോക്കറ്റ് ' എന്ന പേരില്‍ അറിയപ്പെടുന്ന ഷെല്ലി ഇപ്പോള്‍ പറയുന്നു, 'അടുത്ത ലോക അത്‌ലറ്റിക്‌സിലും ഒളിമ്പിക്‌സിലും ഞാനുണ്ടാകും. എന്റെ ഏറ്റവും മികച്ച പ്രകടനം വരാനിരിക്കുന്നതേയുള്ളൂ'- അതുകൊണ്ടാണ്, ലോക കായികരംഗത്തെ ഏറ്റവും പ്രധാനപ്പെട്ട പുരസ്‌കാരം- ലോറസ് അവാര്‍ഡ്- ഇക്കുറി അവരെ തേടിയെത്തിയത്. കഴിഞ്ഞദിവസം പാരീസില്‍, ലോറസ് പുരസ്‌കാരം ഏറ്റുവാങ്ങിക്കൊണ്ട് ഷെല്ലി പറഞ്ഞു: 'മാതൃത്വം നിങ്ങളെ സ്വപ്നങ്ങളില്‍നിന്ന് വിലക്കുന്നില്ല. കൂടുതല്‍ ശക്തരാക്കുന്നതേയുള്ളൂ' ആധുനിക അത്‌ലറ്റിക്‌സിലെ ഏറ്റവും വേഗതയേറിയ വനിതയാണ് ഷെല്ലി. അതിനേക്കാള്‍ പ്രധാനം, 15 വര്‍ഷമായി ട്രാക്കില്‍ അതേ വേഗത്തില്‍ തുടരുന്നു എന്നതാണ്. 100 മീറ്ററിലും (10.60 സെക്കന്‍ഡ്) 200 മീറ്ററിലും (21.879 സെക്കന്‍ഡ്) അവരുടെ ഏറ്റവും മികച്ച പ്രകടനം വന്നത് 2021-ലാണ് ! പ്രതിഭകള്‍ എല്ലാ കാലത്തും വളര്‍ന്നുവരാറുണ്ട്. പക്ഷേ പ്രതിഭാസങ്ങള്‍ അങ്ങനെയല്ല, അവ കാലാതീതമാണ്. ഏത് പ്രതികൂല കാലാവസ്ഥയിലും അവ പ്രകാശിക്കും. അങ്ങനെയൊരു പ്രതിഭാസമായതുകൊണ്ടാണ് ഷെല്ലി ഇപ്പോഴും ലോക അത്‌ലറ്റിക്‌സിലെ മിന്നായമായി കുതിക്കുന്നത്.

ജമൈക്കയില്‍നിന്ന് എത്രയോ ലോകോത്തര കായികതാരങ്ങള്‍ വളര്‍ന്നുവന്നു. അതില്‍, 100 മീറ്റര്‍ വനിതകളില്‍ ഒളിമ്പിക് സ്വര്‍ണം നേടിയ ആദ്യ ജമൈക്കന്‍ വനിതയാണ് ഷെല്ലി. 2008 ബെയ്ജിങ് ഒളിമ്പിക്‌സിലാണത്. 2009-ല്‍ ബെര്‍ലിങ് ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയശേഷം ഉത്തേജക മരുന്ന് പരിശോധനയില്‍ കുടുങ്ങി ആറുമാസത്തെ വിലക്ക് നേരിട്ടു. പല്ലുവേദനയ്ക്ക് കോച്ച് നല്‍കിയ മരുന്നില്‍ നിരോധിത മരുന്നിന്റെ അംശം കണ്ടെത്തിയെന്നാണ് അന്ന് വിശദീകരിച്ചത്. ഉത്തേജകത്തിന്റെ ബലത്തില്‍ ഓടുന്നയാളല്ലെന്ന് പിന്നീടുള്ള വര്‍ഷങ്ങളില്‍ അവര്‍ തെളിയിച്ചു.

പോക്കറ്റ് റോക്കറ്റല്ല മമ്മി റോക്കറ്റ്

2011-ല്‍ ജാസണ്‍ പ്രെയ്‌സിനെ കല്യാണം കഴിച്ചതോടെ ഷെല്ലി ആന്‍ ഫ്രേസര്‍ പ്രെയ്‌സ് ആയി. 2017-ല്‍ ലണ്ടന്‍ ലോക ചാമ്പ്യന്‍ഷിപ്പിനു മുന്നോടിയായാണ് താന്‍ കുഞ്ഞിന് ജന്‍മം നല്‍കാന്‍ പോവുകയാണെന്ന് ഷെല്ലി പ്രഖ്യാപിച്ചത്. 'അടുത്തവര്‍ഷം ട്രാക്കില്‍ തിരിച്ചെത്തുമ്പോള്‍ വീണ്ടും കാണാം' എന്നായിരുന്നു പ്രഖ്യാപനം. ശസ്ത്രക്രികയയിലൂടെ കുഞ്ഞിന് ജന്മം നല്‍കി അടുത്തവര്‍ഷം മത്സരരംഗത്തുമെത്തി.

2019 ദോഹ ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയ ശേഷം ഒരുവയസ്സുകാരന്‍ മകനെ(സിയോന്‍) ട്രാക്കിലിരുത്തി ലാളിക്കുന്ന ഷെല്ലിയുടെ ചിത്രം ലോകം ഏറ്റെടുത്തു. പോക്കറ്റ് റോക്കറ്റ് എന്ന പേര് അന്ന് മമ്മി റോക്കറ്റ് എന്നു ലോകം മാറ്റിവിളിച്ചു. കായികരംഗത്തിനുവേണ്ടി എന്തെല്ലാം നഷ്ടപ്പെടേണ്ടിവന്നാലും അതൊരു നഷ്ടമായി കരുതുന്നില്ലെന്ന് അവര്‍ ആവര്‍ത്തിക്കുന്നു. ഓട്ടവും മകനും, രണ്ടും ഒരുപോലെ പ്രധാനമാണെന്നും രണ്ടും ഒരേ രീതിയില്‍ കൊണ്ടുപോകാനാകുന്നു എന്നതാണ് തന്റെ യഥാര്‍ഥ വിജയമെന്നും ഷെല്ലി കൂട്ടിച്ചേര്‍ക്കുന്നു.

Content Highlights: Jamaican track and field sprinter shelly ann fraser pryce life and career

Add Comment
Related Topics

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
anziya

5 min

ഒന്നരക്കോടി രൂപ വിറ്റുവരവുള്ള കമ്പനിയുടെ ഉടമ ഈ പ്ലസ്ടുക്കാരി

Sep 28, 2023


Minnu mani

2 min

ചൈനയില്‍ നിന്നും ആ സ്വര്‍ണം വയനാട്ടിലേക്ക്, മിന്നുമണിയിലൂടെ

Sep 26, 2023


Avani. S S
Welfare of Cancer Patients Day

5 min

''എനിക്ക് കാന്‍സറാണോ വല്ല്യമ്മേ, തൊണ്ട മുറിച്ചാല്‍ പാടാന്‍ കഴിയില്ലല്ലോ?"

Sep 22, 2023