എൻ.എ. വിനയ
മേല്‍വിലാസമില്ലാതെ മലയാളികള്‍ തിരിച്ചറിയുന്ന മൂന്നക്ഷരത്തിലേക്കുള്ള വഴി ബത്തേരി നെന്‍മേനി കേദാരം വീട്ടില്‍ വിനയയ്ക്ക് എളുപ്പമായിരുന്നില്ല. കാറ്റും കോളും നിറഞ്ഞ, അക്ഷരാര്‍ഥത്തില്‍ പോരാട്ടമെന്നു വിശേഷിപ്പിക്കാവുന്ന ജീവിതം. ഒരേസമയം ആരോടൊക്കെയോ ഏറ്റുമുട്ടി തളര്‍ന്നുപോയ ഒരുപാട് ഓര്‍മച്ചിത്രങ്ങളുണ്ട്. എങ്കിലും മെയ് 31ന് 32 വര്‍ഷത്തെ പോലീസ് ജീവിതത്തിനു പൂര്‍ണവിരാമമിടുമ്പോള്‍ എന്‍.എ. വിനയ എന്ന തൃശ്ശൂര്‍ റൂറല്‍ വനിതാപോലീസ് സ്‌റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ക്ക് സംതൃപ്തിയോടെ, ആത്മാഭിമാനത്തോടെ തലയുയര്‍ത്തിത്തന്നെ പടിയിറങ്ങാം.
താനും തനിക്കൊപ്പം പോലീസില്‍ കയറിയ വനിതകളും അനുഭവിച്ച നീതിനിഷേധങ്ങളും അവഗണനകളും അവഹേളനങ്ങളും ഇളംമുറക്കാര്‍ക്ക് നേരിടേണ്ടിവന്നില്ല എന്നതുതന്നെയാണ് വിനയയുടെ വിജയങ്ങള്‍. സാരി മാറ്റി പാന്റ്‌സാക്കാന്‍, ഷര്‍ട്ട് ടക്ക് ഇന്‍ ചെയ്യാന്‍, പോലീസ് വാഹനമോടിക്കാന്‍, ആണ്‍ പോലീസുകാര്‍ ചെയ്യുന്നതുപോലുള്ള ജോലികള്‍ ചെയ്യാന്‍, മാര്‍ച്ച് പാസ്റ്റില്‍ പങ്കെടുക്കാന്‍, കളിക്കളങ്ങളില്‍ മത്സരിച്ചുനേടിയ വിജയങ്ങള്‍ അംഗീകരിക്കിപ്പിക്കാന്‍...അങ്ങനെയങ്ങനെ തര്‍ക്കിക്കിച്ചും കലമ്പിയും ഏറ്റുമുട്ടിയും ഓരോ ദിവസവും സംഘര്‍ഷഭരിതമാവുമ്പോഴും താന്‍ ഭരണഘടനാപരമായ നീതിക്കുവേണ്ടിയാണ് പൊരുതുന്നതെന്ന ബോധ്യമാണ് ഊര്‍ജ്ജമായത്. പോരാട്ടങ്ങളൊന്നും തനിക്കുവേണ്ടി മാത്രമല്ലെന്ന വിശ്വാസവും.
.jpg?$p=dd386cd&&q=0.8)
സേനയുടെ അച്ചടക്കവാളുയര്‍ത്തി വിനയയെ തളര്‍ത്താന്‍ ശ്രമിച്ചവരില്‍ റാങ്ക് ഭേദമില്ലായിരുന്നു. ഡി.ജി.പി മുതല്‍ സാദാ പോലീസുകാരന്‍ വരെയുള്ളവര്‍ക്ക് വിനയ പറഞ്ഞത് മനസിലായില്ല. അവരവളില്‍ ധിക്കാരിയെ മാത്രം കണ്ടു. ചിലര്‍ ഇത്തിരി 'കുറവു'ണ്ടെന്നു പരിഹസിച്ചു. എണ്ണിയെടുക്കാനാവാത്തത്ര അച്ചടക്കനടപടികളായിരുന്നു ഇതിന്റെ ഫലം. ഇന്‍ക്രിമെന്റ് കട്ടുചെയ്തും സ്ഥലംമാറ്റിയും പേടിപ്പിക്കാന്‍ നോക്കിയിട്ടും തളരാത്ത വിനയയ്ക്കുപിന്നെ സസ്‌പെന്‍ഷനും പിരിച്ചുവിടലുംവരെ നേരിടേണ്ടിവന്നു. വീണുപോയിടത്തുനിന്ന് പിടഞ്ഞെഴുന്നേറ്റ് പിന്നെയും മുന്നോട്ടുതന്നെ നടന്നു. ഒടുവില്‍ വിനയയെ, വിനയ പറയുന്നതിനെ അവഗണിക്കാനാവില്ലെന്ന ബോധ്യത്തില്‍ സേനയെത്തിച്ചെന്നുവേണം പറയാന്‍.
കാലം മുന്നോട്ടുപോകവേ താനുന്നയിച്ച പ്രശ്‌നങ്ങളൊക്കെയും പരിഹരിക്കപ്പെടുന്നത് വിനയയ്ക്ക് കാണാനായി. സാരി വേണ്ടെന്നു പറഞ്ഞതിന് ഇന്‍ക്രിമെന്റ് കട്ട് ചെയ്തവര്‍തന്നെ പിന്നീട് വനിതാ പോലീസുകാരുടെ യൂണിഫോഫോം പാന്റ്‌സും ഷര്‍ട്ടുമാക്കി. വനിതാപോലീസുകാരുടെ കായിക മികവിനും അംഗീകാരം കിട്ടി. പോലീസ് ജീപ്പിന്റെ വളയം തൊടീക്കാതിരിക്കാന്‍ ജാഗ്രത കാണിച്ചവര്‍ക്ക് വനിതാപോലീസ് ബുള്ളറ്റിലും ജീപ്പിലും കുതിക്കുന്നതുകാണേണ്ടിവന്നു. നിഷേധിയുടെയും പിടിവാശിക്കാരിയുടെയും വേഷമണിയേണ്ടിവന്നെങ്കിലും സഫലമായ സര്‍വീസ് ജീവിതം.
സാരി മാറ്റി പാന്റ്സ് ആക്കാൻ...
1991 മാര്‍ച്ചിലാണ് ഏറെ ഇഷ്ടപ്പെട്ട പോലീസ് ജോലിയില്‍ വിനയ പ്രവേശിക്കുന്നത്. വയനാട് ജില്ലയില്‍ പോസ്റ്റിങ് കിട്ടി ആദ്യമായി സൂപ്രണ്ടിനെ കാണാനെത്തിയപ്പോള്‍തന്നെ വിനയ ഉന്നയിച്ച ആവശ്യം പരിശീലനകാലത്ത് അനുവദിച്ച പാന്റ്‌സും ഷര്‍ട്ടുമെന്ന യൂണിഫോമില്‍ ജോലി ചെയ്യാന്‍ അനുവദിക്കണമെന്നായിരുന്നു. അതില്‍ അസ്വാഭാവികത തോന്നാത്ത ആ മേലുദ്യോഗസ്ഥന്‍ അനുമതി നല്‍കിയതോടെ വിനയമാത്രം പാന്റ്‌സും ഷര്‍ട്ടുമണിഞ്ഞും സഹപ്രവര്‍ത്തകരായ വനിതകള്‍ സാരിയിലും ജോലി ചെയ്തുതുടങ്ങി. മേലുദ്യോഗസ്ഥരില്‍ പലര്‍ക്കും പക്ഷേ, ഇതു ദഹിച്ചിരുന്നില്ല.
'എടോ പെണ്ണുങ്ങള്‍ക്ക് സാരിതന്നെയാ നല്ലതെ'ന്ന സ്‌നേഹോപദേശം മുതല്‍ 'ഒന്ന് മൂത്രമൊഴിക്കാന്‍ തോന്നിയാല്‍ നിങ്ങളെന്തു ചെയ്യുമെന്ന' പരിഹാസംവരെ ചുറ്റിലും നിറഞ്ഞു. 'സാറിനു കക്കൂസില്‍ പോകാന്‍ തോന്നിയാല്‍ എന്തുചെയ്യു'മെന്ന മറുചോദ്യവുമായാണ് മൂത്രവിഷയവുമായി വന്ന ഡി. വൈ. എസ്.പി.യെ വിനയ ഉത്തരം മുട്ടിച്ചത്.
പാന്റ്‌സും ഷര്‍ട്ടും ധരിക്കുന്നത് ബുദ്ധുമുട്ടായി കണ്ട വനിതാ സഹപ്രവര്‍ത്തകരും വിനയയില്‍ കുറ്റം കണ്ടെത്താന്‍ ശ്രമിച്ചതോടെ മനസ്സില്ലാമനസ്സോടെ പിന്നീട് സാരിയിലേക്കുതന്നെ മാറി. എന്നാല്‍, തിരുവനന്തപുരത്ത് ജോലി ചെയ്യവേ കൂട്ടുകാരിയായ വനിതാപോലീസ് ഒരു പ്രശ്‌നക്കാരിയെ പിടികൂടുന്നതിനിടെ സാരിയുടെ കുത്തഴിഞ്ഞ് അപമാനിക്കപ്പെട്ടതോടെ വിനയയില്‍ സാരി പിന്നെയും അസ്വസ്ഥതയായി വളരാന്‍ തുടങ്ങി. പിന്നെയൊരിക്കല്‍ വിനയയുടെതന്നെ സാരിക്കുത്ത് മറ്റൊരു ലഹളക്കാരിയുടെ കൈയില്‍ക്കിടന്നുലഞ്ഞു. 'സാറേ കുത്തഴിക്കട്ടെ'യെന്ന അവളുടെ ചോദ്യത്തില്‍ പകച്ചുപിന്‍മാറിയെങ്കിലും ആ ദിവസത്തോടെ സാരി എന്നെന്നേക്കുമായുപേക്ഷിച്ചു.
.jpg?$p=136f50d&&q=0.8)
വനിതാപോലീസുകാര്‍ക്ക് പാന്റ്‌സും ഷര്‍ട്ടും യൂണിഫോമായി മാറിയപ്പോഴും പ്രശ്‌നം തീര്‍ന്നില്ല. ഷര്‍ട്ട് പാന്റ്‌സിനു പുറത്തേക്കിട്ട് ബെല്‍റ്റ് കെട്ടണമെന്ന ഡി.ജി.പി.യുടെ ഉത്തരവ് വിവേചനമെന്നു കാണിച്ച് ഹൈക്കോടതിയില്‍ റിട്ട് ഫയല്‍ ചെയ്തു. ഇക്കാലയളവില്‍ പുരുഷ പോലീസുകാരെപ്പോലെ ടക്ക് ഇന്‍ ചെയ്തു യൂണിഫോം ധരിച്ചെന്ന കുറ്റത്തിന് മൂന്നുവര്‍ഷത്തെ ഇന്‍ക്രിമെന്റാണ് വിനയയ്ക്ക് നഷ്ടമായത്. ഇതേകാലം വനിതാപോലീസിനെ അപമാനിക്കുന്ന നിലയില്‍ ഒരു പത്രസമ്മേളനത്തിനിടെ ഡി.ജി.പി. നടത്തിയ പരാമര്‍ശങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് വിനയ വക്കീല്‍നോട്ടീസയച്ചു. 2003 ജൂണ്‍ 13ന് സര്‍വീസില്‍നിന്ന് പിരിച്ചുവിടുന്നതിലേക്കാണ് കാര്യങ്ങളെത്തിയത്. സ്റ്റാന്‍ഡ് വിത്ത് വിനയ പോസ്റ്ററുകള്‍ കേരളമാകെ നിറഞ്ഞ കാലമായിരുന്നു അത്. സമൂഹത്തിന്റെ വിവിധകോണില്‍നിന്നുയര്‍ന്ന സമ്മര്‍ദങ്ങളെത്തുടര്‍ന്ന് 2004 ജൂണില്‍ സര്‍വീസില്‍ തിരിച്ചെത്തി.
കണ്ണൂരിലെ കളിക്കളം
2002 മാര്‍ച്ചിലാണ് വിനയയെന്ന പോലീസുകാരിയെക്കുറിച്ച് കേരളം സംസാരിക്കുന്നത്. വനിതാപോലീസുകാര്‍ നേരിടുന്ന അവഗണനകളെ അതുവരെയും പതിഞ്ഞ ശബ്ദത്തില്‍ ചോദ്യം ചെയ്തുവന്നിരുന്ന വിനയയ്ക്ക് ആ വര്‍ഷം കണ്ണൂരില്‍ നടന്ന സംസ്ഥാനപോലീസ് മീറ്റില്‍നിന്നുണ്ടായ അനുഭവം സഹിക്കാവുന്നതിനുമപ്പുറമായിരുന്നു. മാര്‍ച്ച് പാസ്റ്റില്‍ പങ്കെടുക്കാന്‍ വനിതാപോലീസുകാര്‍ക്ക് അനുമതിയില്ലാത്ത കാലമായിരുന്നു അത്.
സാരിയുടുത്ത് പ്ലക്കാര്‍ഡ് പിടിച്ച് മുന്നില്‍ നടക്കാനാണ് തങ്ങളെ കൊണ്ടുവന്നതെന്ന് ബോധ്യപ്പെട്ടപ്പോള്‍ വിനയയും വയനാട് ജില്ലയില്‍നിന്ന് വന്ന മറ്റ് രണ്ട് വനിതാപോലീസുകാരും വഴങ്ങിയില്ല. മേലുദ്യോഗസ്ഥരോട് ഏറെ അപേക്ഷിച്ച് കേരള പോലീസിന്റെ ചരിത്രത്തിലാദ്യമായി വിനയയടക്കം മൂന്നു വനിതാ പോലീസുകാര്‍ മാര്‍ച്ച് പാസ്റ്റില്‍ അണിനിരന്നു. ആ ആഹ്ലാദം പക്ഷേ, അധികനേരം നീണ്ടില്ല. പുരുഷ പോലീസുകാര്‍ക്കൊപ്പം ഗ്രൗണ്ടിലെ പൊരിവെയിലില്‍ വിയര്‍പ്പൊഴുക്കി സ്വന്തമാക്കിയ തങ്ങളുടെ വിജയങ്ങളൊന്നും സ്‌കോര്‍ ബോര്‍ഡില്‍ രേഖപ്പെടുത്തുകയോ ടീമിന്റെ പോയിന്റില്‍ ചേര്‍ക്കുകയോ ചെയ്യുന്നില്ലെന്നവരറിഞ്ഞു. വനിതാപോലീസുകാരുടേത് പ്രദര്‍ശന മത്സരം മാത്രമാണെന്ന തിരിച്ചറിവില്‍ ദേഷ്യവും സങ്കടവും സഹിക്കാതെ നിയന്ത്രണംവിട്ട വിനയ ഗ്രൗണ്ടില്‍ തളര്‍ന്നുകിടന്നു.
പ്രതിഷേധസമരമെന്ന വ്യാഖ്യാനത്തില്‍ ഗ്രൗണ്ടില്‍നിന്ന് അറസ്റ്റുചെയ്തു നീക്കിയതോടെ പോലീസ് മീറ്റും വിനയയും കേരളമാകെ ചര്‍ച്ചയായി. സേനയില്‍ അച്ചടക്കം ലംഘിച്ചതിന് ദിവസങ്ങള്‍ക്കുള്ളില്‍ വിനയയെത്തേടി സസ്‌പെന്‍ഷന്‍ ഓര്‍ഡറെത്തി.
ഇന്ന് വനിതാപോലീസുകാരുടെ പോയിന്റുകളും സ്‌കോര്‍ ബോര്‍ഡില്‍ രേഖപ്പെടുത്തി ടീമിന്റെ വിജയമായി പരിഗണിക്കുമ്പോള്‍ അലമാരയില്‍ ഭദ്രമായി സൂക്ഷിച്ച പഴയ സസ്‌പെന്‍ഷന്‍ ഓര്‍ഡര്‍ വിനയയെ നോക്കി കണ്ണിറുക്കാറുണ്ട്.
അനീതികള്‍ ചോദ്യംചെയ്യപ്പെടേണ്ടതുതന്നെ
വയര്‍ലസ് ജോലി, കോപ്പിയെടുക്കല്‍ തുടങ്ങിയ നിസ്സാര ജോലികള്‍ ചെയ്ത് സ്റ്റേഷനില്‍തന്നെ കഴിച്ചുകൂട്ടുകയെന്നതായിരുന്നു ആദ്യകാലത്ത് വനിതാപോലീസുകാരുടെ ചുമതല. കേസന്വേഷണത്തിനോ മറ്റ് ഗൗരവമുള്ള പണികള്‍ക്കോ അവരെ നിയോഗിച്ചിരുന്നില്ല. സ്റ്റേഷന്‍ ഹിസ്റ്ററി റിക്കാര്‍ഡില്‍ പോലീസുകാരുടെ ഡ്യൂട്ടികള്‍ രേഖപ്പെടുത്തുമ്പോള്‍ അവസാനം മാത്രമായിരുന്നു വനിതാപോലീസുകാരെ പരിഗണിച്ചിരുന്നത്. പോലീസിന്റെ ശക്തിപ്രകടനങ്ങളായ സെറിമോണിയല്‍ പരേഡുകളിലും വനിതാപോലീസുകാരെ പങ്കെടുപ്പിച്ചിരുന്നില്ല. ഡ്രൈവിങ് അറിയാമായിരുന്ന വനിതാപോലീസുകാര്‍ക്കുപോലും സ്റ്റേഷന്‍ വാഹനങ്ങള്‍ ഓടിക്കാന്‍ അനുമതിയുണ്ടായിരുന്നില്ല.
.jpg?$p=c8a172a&&q=0.8)
പോലീസിലെ ഇത്തരം അനീതികളെ ചോദ്യം ചെയ്തു കൊണ്ടിരിക്കേതന്നെ പൊതുസമൂഹത്തിലെ സ്ത്രീവിരുദ്ധ സമീപനങ്ങളെയും വിനയ എതിര്‍ത്തുപോന്നു. സര്‍ക്കാര്‍ രേഖകളിലും അപേക്ഷാ ഫോറങ്ങളിലും മറ്റുമുള്ള വിവേചനങ്ങള്‍ ചോദ്യം ചെയ്തു ഹൈക്കോടതിയില്‍ റിട്ട് ഫയല്‍ ചെയ്തു സ്വയം വാദിച്ചത് അതിലൊന്നാണ്. അപേക്ഷാ ഫോറങ്ങളില്‍ അപേക്ഷകന്‍ എന്നതിനൊപ്പം അപേക്ഷക എന്നു കൂടി വെയ്ക്കണമെന്നും അച്ഛന്റെ പേരിനൊപ്പം അമ്മയുടെ പേരും കൂടി ആരായണമെന്നുമുള്ള ഹൈക്കോടതി വിധി വന്നത് ഈ ഇടപെടലിനെത്തുടര്‍ന്നാണ്. തുടര്‍ന്നും സ്‌കൂളുകളില്‍, കോളേജുകളില്‍, റസിഡന്റ് അസോസിയേഷന്‍ മീറ്റിങ്ങുകളില്‍ സ്തീകള്‍ നേരിടുന്ന വിവേചനങ്ങളെക്കുറിച്ച് വിനയ പറഞ്ഞുകൊണ്ടേയിരുന്നു.
ഇഷ്ടം മൈതാനങ്ങളോട്
പെണ്‍കുട്ടികളുടെ വേഷവും ശരീരഭാഷയും അവരുടെ വളര്‍ച്ചയില്‍ ഏറെ പരിമിതികളുണ്ടാക്കുന്നുവെന്ന പക്ഷക്കാരിയാണ് വിനയ. മുടി ക്രോപ്പ് ചെയ്തതതോടെ തലയില്‍നിന്നൊരു ഭാരമിറങ്ങിയ ആശ്വാസമായിരുന്നുവെന്നാണ് തന്റെ മുടിവെട്ടിക്കളഞ്ഞ ദിവസത്തെക്കുറിച്ച് വിനയ പറഞ്ഞത്.
കളിക്കളങ്ങളില്‍ മുന്നേറിയും പ്രതിരോധിച്ചുമാണ് പെണ്‍കുട്ടികള്‍ വളരേണ്ടതെന്ന കാഴ്ചപ്പാടോടെ ഒട്ടേറെ കായികമേളകളും മത്സരങ്ങളും സംഘടിപ്പിക്കുന്നതിലാണ് സര്‍വീസിന്റെ അവസാന കാലത്ത് ഏറെ സമയം കണ്ടെത്തിയത്. വിരമിക്കുന്നതിനു തൊട്ടുമുമ്പുള്ള ദിവസങ്ങളിലും അത്തരമൊരു മിക്‌സഡ് ഫുട്‌ബോള്‍ മാച്ചിന്റെ സംഘാടനത്തിരക്കിലാണ് വിനയ. ഇനിയുള്ള ജീവിതം കുട്ടികള്‍ക്കൊപ്പം കളിക്കളത്തിലാവുമെന്നാണ് അവര്‍ പറയുന്നത്. എന്നാല്‍, എന്തുകൊണ്ടോ അത് കേരളത്തിലല്ലെന്ന നിശ്ചയത്തിലാണവര്‍. തമിഴ്‌നാട്ടിലെ തേനിയില്‍ പുതിയ കളിക്കളത്തില്‍ കുട്ടികളോട് തമിഴ് പേശി, അവരിലൊരാളായി, ആനന്ദകരമായ ദിവസങ്ങളാണ് ഇപ്പോള്‍ വിനയയുടെ സ്വപ്നങ്ങളില്‍ നിറയെ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..