ഷെറിൻ ഷഹാന ഋഷിരാജ് സിങ്, ഡോ. ജോബിൻ എസ് കൊട്ടാരം തുടങ്ങിയവർക്കൊപ്പം
പ്രിയപ്പെട്ട വിദ്യാർഥിനി ഷെറിൻ ഷഹാന, വീൽ ചെയറിലിരുന്ന് ഇന്ത്യൻ സിവിൽ സർവ്വീസിലേക്കെത്തിയിരിക്കുകയാണ്. വീഴ്ച്ചയെ തുടർന്നുണ്ടായ പരിക്ക് മൂലം തളർന്ന് വീൽ ചെയറിൽ ആകുന്ന ക്വാഡ്രപ്ലീജിയ എന്ന അവസ്ഥയിലാണ് ഷെറിൻ ഈ നേട്ടം കൈവരിച്ചത്.
രണ്ടു വർഷം മുൻപാണ് ഞാൻ ഷെറിനെ ആദ്യമായി കാണുന്നത്. അബ്സൊല്യൂട്ട് ഐ.എ.എസ്. അക്കാദമിയുടെ നേതൃത്വത്തിൽ ഭിന്നശേഷിക്കാരായ വിദ്യാർഥികളെ നേതൃ സ്ഥാനത്ത് എത്തിക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ സൗജന്യ സിവിൽ സർവീസ് പരിശീലന പദ്ധതി 'ചിത്രശലഭ'ത്തിലേക്ക് അർഹരായവരെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു ഞാൻ.
അങ്ങനെയിരിക്കെയാണ് ഷെറിനെക്കുറിച്ച് വന്ന ഒരു ഫീച്ചർ കണ്ണിൽപ്പെടുന്നത്. 25 പേരെ തിരഞ്ഞെടുക്കണമായിരുന്നു. കാഴ്ച പരിമിതിയും ശ്രവണ പരിമിതിയും ഓർത്തോ പീഡിക് പ്രശ്‌നങ്ങളും സെറിബ്രൽ പാൾസിയുമൊക്കെയുള്ള 25 മിടുക്കരായിരുന്നു അവർ. അതിൽ 25-ാമത്തെ ആളായി ഷെറിനും എത്തി. കോവിഡ് കാലത്ത് ലോകം വീട്ടിൽ അടച്ചിരുന്നപ്പോൾ ഞങ്ങൾ സിവിൽ സർവീസ് എന്ന ലക്ഷ്യവുമായി രാപകലില്ലാതെ കഠിനാധ്വാനം ചെയ്തു. കോളേജുകാലത്ത് എല്ലാ കാര്യങ്ങളിലും വളരെ സജീവമായി ഇടപെട്ടിരുന്ന ആളായിരുന്നു ഷെറിൻ. യൂണിയൻ ഭാരവാഹി ആയിരുന്നു.

അങ്ങനെ പി.ജി. പരീക്ഷ കഴിഞ്ഞിരിക്കുന്ന സമയത്ത് ടെറസിൽ വിരിച്ചിട്ട തുണി എടുക്കാൻ പോയ ഷെറിൻ കാൽ വഴുതി താഴേക്ക് വീണു. ആറ് ദിവസത്തിൽ കൂടുതൽ ജീവിച്ചിരിക്കില്ല എന്ന് ഡോക്ടർമാർ വിധിയെഴുതി. പക്ഷേ, ജീവിതം കാത്തു വെച്ചത് മറ്റൊന്നായിരുന്നു.
കിടന്ന കിടപ്പിൽ രണ്ടു വർഷം. അപ്പോഴും സ്വപ്നങ്ങൾ കണ്ടു. മനസ്സ് എന്തെങ്കിലും തീവ്രമായി ആഗ്രഹിക്കുമ്പോൾ അത് സംഭവിക്കുക തന്നെ ചെയ്യും എന്ന് പറയാറില്ലേ, അതുതന്നെ സംഭവിച്ചു. യാതൊരു മുൻ പരിചയവുമില്ലാത്ത ഷെറിൻ 'ചിത്രശലഭം' പദ്ധതിയുടെ ഭാഗമായി...
പൊളിറ്റിക്കൽ സയൻസിൽ നെറ്റും ജെ.ആർ.എഫുമൊക്കെ നേടിയ ഷെറിൻ ഒഴിവു സമയങ്ങളിൽ അബ്സൊല്യൂട്ടിലെ ഡിഗ്രി വിദ്യാർഥികൾക്ക് ക്ലാസ്സെടുത്തു. എന്റെ മെന്റർ മീറ്റിങ്ങുകളിൽ കൃത്യമായി പങ്കെടുത്തു. ഇംഗ്ലീഷിൽ മികച്ച പരിജ്ഞാനമുണ്ടായിട്ടും മലയാളം ഓപ്ഷണൽ ക്ലാസ്സിലിരുന്ന് മലയാളത്തിൽ തന്നെ പരീക്ഷ എഴുതുവാനും ഇന്റർവ്യൂ മലയാളത്തിൽ എടുക്കുവാനും ഷെറിൻ തീരുമാനിച്ചതിനു പിന്നിൽ മാതൃഭാഷയോടുള്ള സ്നേഹവുമുണ്ടായിരുന്നു.
'ചിത്രശലഭം 'പദ്ധതി തുടങ്ങിയപ്പോൾ എന്നെ കളിയാക്കിയവരായിരുന്നു പിന്തുണച്ചവരെക്കാളേറെ. 'തനിക്ക് ഇതിന്റെ ആവശ്യമുണ്ടോ?' എന്ന് ചോദിച്ചവരുണ്ട്. എന്നാൽ പ്രിയപ്പെട്ട വിദ്യാർഥിനി ഷെറിൻ എന്റെ തീരുമാനം ശരിയായിരുന്നുവെന്നു തെളിയിച്ചിരിക്കുന്നു.
ഇന്റർവ്യൂ ട്രെയിനിങ്ങിനായി മൂന്നു മാസത്തോളം ഷെറിൻ തിരുവനന്തപുരത്ത് ഉണ്ടായിരുന്നു. മുൻ ഡി.ജി.പി. ഋഷിരാജ് സിങ്, മുൻ യു.പി.എസ്.സി. മെമ്പർ റോയ് പോൾ, മുൻ വൈസ് ചാൻസലറും യു.പി.എസ്.സി. ഇന്റർവ്യൂ ബോർഡ് അംഗവുമായിരുന്ന ഡോ. എം.സി. ദിലീപ്കുമാർ തുടങ്ങിയവരെയൊക്കെ കൊണ്ടുവന്ന് ഷെറിനെ മികച്ച രീതിയിൽ ഇന്റർവ്യൂവിന് ഒരുക്കുവാനും സാധിച്ചു. മോക്ക് ഇന്റർവ്യൂ കഴിഞ്ഞ ഉടനെ ഋഷിരാജ് സിങ് സാർ പറഞ്ഞ വാക്കുകൾ ഇപ്പോഴും കാതിൽ മുഴങ്ങുന്നു 'ഈ കുട്ടിക്ക് ഉറപ്പായും ഇക്കൊല്ലം സിവിൽ സർവീസ് ലഭിക്കും' ആ വാക്കുകൾ ഇന്ന് സത്യമായിരിക്കുന്നു.
മെയ് 16-ന് കുടുംബത്തോടൊപ്പം കാറിൽ യാത്ര ചെയ്തപ്പോൾ ഡ്രൈവർ ഉറങ്ങിപ്പോയത് കൊണ്ട് വീണ്ടും മറ്റൊരു അപകടത്തെ ഷെറിനു നേരിടേണ്ടതായി വന്നു. ഈ വിവരം പറയാൻ ഷെറിൻ വിളിച്ചപ്പോൾ ഞാൻ പറഞ്ഞത് 'ഈ ദുഖത്തിന്റെ അവസാനം സന്തോഷം വരാൻ പോകുന്നു, എല്ലാ പ്രതിസന്ധികളെയും ധൈര്യമായി നേരിടൂ ' എന്നാണ്.
ഇപ്പോൾ ഭിന്നശേഷിക്കാരായ 100 കുട്ടികൾ അബ്സൊല്യൂട്ട് ഐ.എ.എസ്. അക്കാദമിയിൽ സൗജന്യമായി സിവിൽ സർവീസ് പരിശീലനം നേടുന്നുണ്ട്. അവരിൽ രണ്ടുപേർ കഴിഞ്ഞയാഴ്ച ബാങ്ക് ഓഫീസർമാരായി ജോലിയിൽ പ്രവേശിച്ചു. അവർക്കൊക്കെ പ്രചോദനമാകുകയാണ് ഷെറിൻ. 2011-ൽ ഇന്റർവ്യൂ വരെയെത്തി രണ്ടു മാർക്കിന് സിവിൽ സർവീസ് എന്ന ലക്ഷ്യം നഷ്ടപ്പെട്ടപ്പോൾ തിരഞ്ഞെടുത്ത റോളാണ് അധ്യാപകന്റേത്. പലരും പറയും teaching is a thankless job എന്ന്. പക്ഷെ ഞാൻ പറയും ഇത് ലോകത്തെ മാറ്റി മറിക്കാനുള്ള ജോലിയാണെന്ന്. രണ്ടു കോടി അറുപത്തിയെട്ടു ലക്ഷം ഭിന്നശേഷിക്കാർ ഇന്ത്യയിലുണ്ട്. എന്നാൽ ഭരണ രംഗത്ത് അവരുടെ സാന്നിധ്യം തുലോം വിരളമാണ്.
ഇന്ത്യയുടെ ഭരണചക്രം തിരിക്കുന്ന സുപ്രധാന സ്ഥാനത്ത്, കനിവും ആർദ്രതയുമുള്ള ഒരു നല്ല ഭരണാധികാരിയാകുവാൻ പ്രിയപ്പെട്ട വിദ്യാർഥിനിക്ക് കഴിയട്ടെ...
(എഴുത്തുകാരനും മോട്ടിവേഷണൽ സ്പീക്കറും സിവിൽ സർവീസ് അധ്യാപകനുമാണ് ലേഖകൻ)
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..