ഷെറിൻ ഷഹാന
"അയാള്‍ ശരീരത്തിലാകമാനം ബ്ലേഡു കൊണ്ടു കീറി. ഷവറിനു ചുവട്ടില്‍ നിര്‍ത്തി. നനഞ്ഞ മുറിവിന്റെ വേദനയില്‍ ഞാന്‍ പിടയുന്നത് കണ്ട് അയാള്‍ ഉറക്കെ ചിരിച്ചു. അതേ... ഗാര്‍ഹിക പീഡനത്തിന്റെ ഇരയാണ് ഞാനും." ഈ വെളിപ്പെടുത്തല്‍ ഷെറിന്‍ ഷഹാനയുടേതാണ്. പ്രതിസന്ധികളെ വെല്ലുവിളിച്ച് സിവില്‍ സര്‍വീസ് പരീക്ഷയില്‍ ദേശീയ തലത്തില്‍ 913-ാം റാങ്ക് നേടിയ വയനാടുകാരി ഷെറിന്‍ ഷഹാന. വാഹനാപകടത്തില്‍ പരിക്കേറ്റ് വീണ്ടും ആശുപത്രിക്കിടക്കയിലായപ്പോഴാണ് ഷെറിനെ തേടി സിവില്‍ സര്‍വീസ് വിജയവാര്‍ത്ത എത്തുന്നത്. പിന്നാലെ കൂടിയ ദുരന്തങ്ങളെ വെല്ലുവിളിച്ച് വലിയ വിജയം സ്വന്തമാക്കിയ ഷെറിന്റെ അതിജീവനകഥ ഒട്ടേറെപ്പേര്‍ക്ക് ഇതിനകം പ്രചോദനമേകിക്കഴിഞ്ഞു. വിജയസന്തോഷം ഗൃഹലക്ഷ്മി ഓണ്‍ലൈനുമായി പങ്കിടവെ ഷെറിന്‍ ജീവിതത്തിലെ ദുരിത സമാനമായ പഴയകാലം ഓര്‍ത്തെടുത്തു. പങ്കാളിയില്‍ നിന്ന് നേരിടേണ്ടി വന്ന ക്രൂരമായ പീഡനങ്ങള്‍, സഹിക്കേണ്ടി വന്ന വേദനകള്‍, നിസ്സഹായതകള്‍...ഷെറിന്റെ വാക്കുകളിലേക്ക്...
വേദനകളുടെ കാലം
സാധാരണ കുടുംബമാണ് ഞങ്ങളുടേത്. ഉപ്പയും ഉമ്മയും കൂലിപ്പണിക്കാരാണ്. സന്തോഷമുള്ള ജീവിതമായിരുന്നു. ഉപ്പ എപ്പോഴും പറയും പെണ്‍കുട്ടികള്‍ക്ക് നല്ല ധൈര്യവും വിദ്യാഭ്യാസവും വേണമെന്ന്. അങ്ങനെയിരിക്കെ പെട്ടെന്നൊരു ദിവസം ഉപ്പ ഹാര്‍ട്ട് അറ്റാക്ക് വന്ന് മരിച്ചു. ഉപ്പ പോയതോടെ വീട്ടില്‍ ഉമ്മയും ഞങ്ങള്‍ നാല് പെണ്‍കുട്ടികളും മാത്രമായി. പിന്നെ ഏഴുമാസം കഴിഞ്ഞ് ഒരു ബന്ധു വഴി എനിക്കൊരു വിവാഹാലോചന വന്നു. എന്‍ജിനീയറിങ് കഴിഞ്ഞ ആളാണെന്നും എന്റെ പഠനം തുടരുന്നതില്‍ അയാള്‍ക്കോ അയാളുടെ വീട്ടുകാര്‍ക്കോ യാതൊരു എതിര്‍പ്പും ഇല്ലെന്നും ആണ് പറഞ്ഞത്. എന്തായാലും ഡിഗ്രി പൂര്‍ത്തിയാക്കി പി.ജിക്ക് ചേര്‍ന്ന ഉടനെ എന്റെ വിവാഹം കഴിഞ്ഞു. അന്ന് തുടങ്ങി ദുരിതം. വിവാഹ ദിവസം തന്നെ അയാളെന്റെ ശരീരത്തില്‍ ഒരിഞ്ചു സ്ഥലം ബാക്കിവെക്കാതെ ബ്ലേഡ് കൊണ്ട് വരച്ച് മുറിവുണ്ടാക്കി.

കുളിമുറിയില്‍ ഷവറിന് മുന്നില്‍ കൊണ്ടിരുത്തി ശരീരം നനച്ച് ഞാന്‍ വേദനിച്ച് പുളയുന്നതും നോക്കി അയാള്‍ നിന്നു. എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് അറിയില്ലായിരുന്നു. പിന്നീടുള്ള ദിവസങ്ങളിലും അയാള്‍ ക്രൂരത തുടര്‍ന്നു. ഉപ്പയുടെ മരണത്തോടെ ഉമ്മ ആകെ തകര്‍ന്ന അവസ്ഥയിലാണ്. എന്റെ ഗതി ഇതാണെന്ന് ഉമ്മയോട് ചെന്നു പറഞ്ഞ് അവരെ കൂടുതല്‍ വിഷമത്തിലാക്കാന്‍ എനിക്ക് തോന്നിയില്ല. അക്കാരണത്താല്‍ ഞാനെല്ലാം സഹിച്ചു. അയാളുടെ വിദ്യാഭ്യാസ യോഗ്യത വ്യാജമാണെന്നും പ്രായക്കൂടുതലുള്ള ആളാണെന്നും ഞാന്‍ മനസ്സിലാക്കി. അയാളുടെ വിവാഹേതര ബന്ധത്തെപ്പറ്റിയും എനിക്ക് തെളിവുകള്‍ കിട്ടി. പക്ഷേ, എല്ലാ അനീതിയും സഹിച്ച് അവിടെ തുടരുകയല്ലാതെ വേറെ വഴിയില്ലായിരുന്നു.
ആശ്വാസത്തിന്റെ ഏകവഴി
പഠനം ആയിരുന്നു എല്ലാത്തില്‍ നിന്നും രക്ഷപ്പെടാന്‍ എനിക്ക് മുന്നിലുള്ള ഏകവഴി. പക്ഷേ, അയാളും വീട്ടുകാരും പഠനത്തിന് എതിരായിരുന്നു. അവരെ സംബന്ധിച്ച് മുതിര്‍ന്ന പെണ്‍കുട്ടികള്‍ കോളേജില്‍ പോകുന്നത് സദാചാര വിരുദ്ധമാണ്. പെണ്‍കുട്ടികള്‍ പഠിച്ച് ജോലി നേടിയാല്‍ വീട്ടുകാര്യങ്ങള്‍ ആര് നോക്കും എന്നതായിരുന്നു അവരുടെ ചോദ്യം. എനിക്ക് കോളേജില്‍ പോകാന്‍ ഒരു വഴിയും ഇല്ലാതായി. അധ്യാപകരുടെയും കൂട്ടുകാരുടെയും സഹായത്തോടെ ആ വീട്ടില്‍ ഇരുന്നുതന്നെ ഞാന്‍ രഹസ്യമായി പഠനം തുടര്‍ന്നു. സുഖമില്ലെന്നു പറഞ്ഞ് മുറിയില്‍ കയറി വാതിലടച്ചിരുന്നും മറ്റുമാണ് പഠിക്കുന്നത്. എന്റെ വീട്ടില്‍ പോകാനോ വീട്ടുകാരുമായി സംസാരിക്കാനോ പുറത്തിറങ്ങാനോ പോലും അവകാശമില്ലാതായി. ഉപയോഗിച്ചിരുന്ന ഫോണ്‍ അവര്‍ പിടിച്ചുവാങ്ങി എറിഞ്ഞു പൊട്ടിച്ചു. എനിക്ക് ചുറ്റും ലോകം അടഞ്ഞുപോയി.
ചേച്ചി പ്രസവിച്ച വിവരം അറിഞ്ഞ് കുഞ്ഞിനെ കാണാന്‍ പോയതിന് അയാളും അയാളുടെ ഉമ്മയും കൂടി എന്നെ തല്ലിച്ചതച്ചു. രാത്രി വീട്ടില്‍ നിന്ന് ഇറക്കിവിട്ടു. അങ്ങനെ ഒടുവില്‍ ഞാന്‍ വീട്ടിലേക്ക് പോയി . അപ്പോഴാണ് ഉമ്മയും ചേച്ചിമാരും എന്റെ ദേഹത്തെ മുറിവുകളൊക്കെ കാണുന്നത്. ഇനി മടങ്ങിപ്പോകേണ്ടെന്ന് അവരൊക്കെ പറഞ്ഞു. പോവില്ലെന്ന് ഞാനും ഉറപ്പിച്ചു. പക്ഷേ, പിന്നെ അയാള്‍ വന്ന് ഇനി ഇങ്ങനെയൊന്നും ആവര്‍ത്തിക്കില്ലെന്നും പറഞ്ഞ് എന്റെ കൂട്ടിക്കൊണ്ടുപോയി. പിന്നെയും പഴയതു തന്നെ ആവര്‍ത്തിച്ചു. കല്യാണം കഴിഞ്ഞ് രണ്ടാം മാസം അയാള്‍ ഗള്‍ഫിലേക്ക് പോയി. അയാള്‍ക്ക് ബന്ധമുള്ള സ്ത്രീയുടെ അടുത്തേക്ക്. അത് മനസിലാക്കിയിട്ടും എനിക്ക് അതേ വീട്ടില്‍ തുടരേണ്ടി വന്നു.
പടച്ചോന്റെ പദ്ധതികള്‍
അങ്ങനെയിരിക്കുമ്പോള്‍ എന്റെ ഉമ്മയ്ക്ക് സുഖമില്ലാതെയായി. അതുപോലും മറ്റാരൊക്കെയോ പറഞ്ഞാണ് ഞാന്‍ അറിയുന്നത്. പോകാന്‍ അനുമതി ഇല്ലാഞ്ഞിട്ടും ഞാന്‍ ഉമ്മയെ കാണാന്‍ പോയി. മഴക്കാലമായിരുന്നു. അലക്കിയിട്ട തുണിയെടുക്കാന്‍ കയറിയപ്പോള്‍ കാല്‍ വഴുതി ടെറസില്‍ നിന്ന് വീണു. ആശുപത്രിയില്‍ വച്ച് ഇനി കുറേക്കാലം എഴുന്നേറ്റ് നടക്കാനാവില്ല എന്ന് ഡോക്ടര്‍ പറഞ്ഞറിഞ്ഞപ്പോള്‍ സത്യത്തില്‍ എനിക്ക് സന്തോഷമാണ് തോന്നിയത്. ഞാന്‍ ചിരിച്ചു. കുറച്ചുകാലം ഇനി ആ വീട്ടിലേക്ക് പോകേണ്ടല്ലോ... ഉമ്മയ്ക്കൊപ്പം നില്‍ക്കാമല്ലോ എന്നോര്‍ത്തുള്ള ആശ്വാസമായിരുന്നു. എന്റെ പങ്കാളി ഒരിക്കല്‍പ്പോലും എന്നെ കാണാന്‍ വന്നില്ല. ഏറ്റുവാങ്ങിയ ഉപദ്രവങ്ങള്‍ക്കൊപ്പം ആ അവഗണനയും എന്നെ വല്ലാതെ വേദനിപ്പിച്ചു. ഞാന്‍ കിടപ്പിലായി രണ്ടാം മാസം അയാള്‍ വേറെ വിവാഹം കഴിച്ചു. ഇപ്പോള്‍ ഭാര്യയും മക്കളും ഒക്കെയായി ജീവിക്കുന്നു. നിയമപരമായി ഇപ്പോഴും വിവാഹബന്ധം വേര്‍പെടുത്തിയിട്ടില്ല. രണ്ട് അപകടങ്ങളും സര്‍ജറികളും എഴുന്നേറ്റ് നടക്കാനാകായ്മയും ഒക്കെയായി ഒരുപാട് ബുദ്ധിമുട്ടി. പക്ഷേ, ആറുമാസം നീണ്ട വിവാഹജീവിതത്തില്‍ ഞാന്‍ അനുഭവിച്ച ബുദ്ധിമുട്ടുകളുമായി തട്ടിച്ചു നോക്കുമ്പോള്‍ അതൊക്കെയും വെറും നിസ്സാരമാണെന്ന് തോന്നും.

കിടപ്പിലായി ആദ്യ ദിവസങ്ങളില്‍ എന്താ ഉമ്മാ എനിക്കിങ്ങനെ എന്ന് ചോദിച്ച് ഞാന്‍ കരഞ്ഞിട്ടുണ്ട്. ജീവിതം അവസാനിപ്പിച്ചാലോ എന്ന് തോന്നിയിട്ടുണ്ട്. അപ്പോഴൊക്കെയും ഉമ്മ പറയും പടച്ചോന് നിന്നെപ്പറ്റി എന്തൊക്കെയോ പദ്ധതികള്‍ ഉണ്ടെന്ന്. അത് ശരിയായിരുന്നെന്ന് ഇപ്പോള്‍ തോന്നുന്നു. എന്റെ വ്യക്തിജീവിതത്തിലെ ഈ പ്രശ്നങ്ങളൊന്നും ഇന്നേവരെ ഞാന്‍ ഒരിടത്തും പറഞ്ഞിട്ടില്ല. പക്ഷേ, ഇത് പറയേണ്ടതാണെന്ന് ഇപ്പോള്‍ ഞാന്‍ തിരിച്ചറിയുന്നു. കാരണം എന്നെപ്പോലെ ദുരിതത്തില്‍ മുങ്ങിപ്പോയ പെണ്‍കുട്ടികള്‍ ഏറെയുണ്ട്. ഗാര്‍ഹിക പീഡനത്തിന് ഇരയാകുന്നവര്‍. ജീവിതം ഇതാ ഇവിടെ അവസാനിച്ചു എന്ന് കരുതിപ്പോകുന്നവര്‍. പക്ഷേ, ദുരിതങ്ങളില്‍ പതറിപ്പോകരുത്. കഷ്ടപ്പാടുകള്‍ തരുന്ന ഒരു ധൈര്യമുണ്ട്. ആ ധൈര്യം ഏത് ലക്ഷ്യത്തിലേക്കും നമ്മളെ കൊണ്ടെത്തിക്കും. ഞാന്‍ മുന്നോട്ടു നടന്നത് ആ ധൈര്യത്തിന്റെ പുറത്താണ്.
തളരരുത്, ലക്ഷ്യം ഉണ്ടാകണം
എന്തുവന്നാലും ജീവിതം പാതിവഴിയില്‍ അവസാനിപ്പിക്കരുത്. ധൈര്യത്തോടെ മുന്നോട്ട് പോകണം. നമ്മളെ തളര്‍ത്താനുള്ള അവകാശം ആര്‍ക്കും കൊടുക്കരുത്. ഏത് കഷ്ടപ്പാടിലും ഒരു ലക്ഷ്യം മുന്നില്‍ കാണണം. അതില്‍ ഉറച്ചു നിന്നാല്‍ മറ്റൊന്നിനും നമ്മളെ വഴിതിരിച്ചുവിടാനാവില്ല. എന്റേത് ഒറ്റപ്പെട്ട അനുഭവമല്ല എന്ന് എനിക്കറിയാം. എന്നെപ്പോലെ വിവാഹജീവിതത്തില്‍ വലിയ വേദനകള്‍ അനുഭവിക്കേണ്ടി വന്ന ഒരുപാടൊരുപാട് പെണ്‍കുട്ടികള്‍ ചുറ്റിനുമുണ്ട്. തളരരുത്. ലക്ഷ്യം ഉണ്ടായിരിക്കണം... അതേ പറയാനുള്ളൂ. ഷെറിന്‍ ഷഹാന പറഞ്ഞുനിര്‍ത്തുന്നു. അനീതികളും അപകടങ്ങളും നിറഞ്ഞ ജീവിതത്തിന്റെ ഒരു ഘട്ടം പിന്നിട്ട് അവര്‍ പങ്കുവെക്കുന്ന പ്രതീക്ഷകളുടെ വെളിച്ചത്തിന് തെളിച്ചമേറെയാണ്.
Content Highlights: civil service achieved sherin shahana suffering married life exclusive
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..