അഞ്ജു റോബിൻ
ഒരു ബിസിനസ് പരാജയപ്പെട്ടപ്പോൾ തളര്‍ന്നില്ല, അതൊരു പാഠമായിരുന്നു അടിമാലിക്കാരി അഞ്ജു റോബിന്. ശാരീരിക അവശതകളോട് മല്ലിട്ട് കിടപ്പിലായിരുന്ന സമയത്ത് മനസ്സിലുദിച്ച ഹെയർ ഓയിൽ ബിസിനസ് എന്ന ആശയം വിജയത്തിലെത്തിച്ച അവരുടെ കഥയാണിത്. ബിസിനസിന് സ്വയം മോഡലായി ഉപഭോക്താക്കളുടെ ഇടയിലേക്ക് നേരിട്ടെത്തി വിശ്വാസ്യതയും നേടി. ഇന്ന് ലോകത്തിന്റെ പലകോണുകളിലും കസ്റ്റമേഴ്സുള്ള അഞ്ജുവിന്റെ ബിസിനസ് വിശേഷങ്ങളിലേക്ക്...
ആദ്യസംരംഭമായിരുന്നോ ഇത്?
അല്ല. ഞാനാദ്യം തുടങ്ങിയത് ഒരു ഐ.ടി. കമ്പനിയാണ്. സോഫ്റ്റ്വേർ എൻജിനീയറിങ് പഠിച്ചിറങ്ങി കുറച്ചുകാലം ജോലിക്കുപോയി. കുറച്ചു പണമുണ്ടാക്കിയ ശേഷം 2018-ൽ കമ്പനി തുടങ്ങി. ജോലിയിലെ നിലവാരത്തിന് ഏറ്റവുമധികം പ്രാധാന്യം കൊടുക്കുന്നയാളാണ് ഞാൻ. ആത്മവിശ്വാസത്തിൽ പുറത്തുനിന്ന് വർക്കുകളെടുത്തു. നല്ല വർക്കുകൾവന്നു. ഒരുകൊല്ലം കൊണ്ട് 16 പേർക്ക് ജോലി കൊടുക്കുന്ന രീതിയിലേക്ക് എന്റെ കമ്പനി വളർന്നു. സാമ്പത്തികമായി എനിക്കും നേട്ടങ്ങളുണ്ടായി.
പിന്നെന്തുപറ്റി?
മെച്ചപ്പെട്ടൊരു കെട്ടിടത്തിലേക്ക് കമ്പനി മാറ്റിയസമയമാണ് കോവിഡ് വരുന്നത്. അതെന്നെ നന്നായി ബാധിച്ചു. എന്റെ കസ്റ്റമേഴ്സിനെയും. എനിക്ക് പ്രതിഫലം തരാനുള്ളവരിൽ ചിലർ പകുതിയേ തന്നുള്ളൂ. ചിലർ മുഴുവനായും തരാൻ മടിച്ചു. ഒരുപക്ഷേ പ്രായം കുറഞ്ഞ ഒരു പെൺകുട്ടിയായതിനാലാവും തന്നില്ലെങ്കിലും കുഴപ്പമില്ലെന്ന് അവർ കരുതിയത്. പക്ഷേ, എനിക്കെന്റെ ഉത്തരവാദിത്വങ്ങൾ ചെയ്യണമായിരുന്നു. 16 പേരുടെ ശമ്പളം മുടങ്ങുന്ന അവസ്ഥ വന്നപ്പോൾ ഒടുവിൽ എന്റെ സമ്പാദ്യത്തിൽ നിന്നെടുത്താണ് അവരുടെ കാര്യങ്ങളൊക്കെ ചെയ്തത്. ആ ഒരു സ്ട്രഗിളിങ് പിരീഡിലായിരുന്നു വിവാഹം. വൈകാതെ ഗർഭിണിയായി. ആ സമയത്ത് ബ്ലീഡിങ് ഒക്കെ വന്ന് ഞാൻ കിടപ്പായി. കമ്പനി ശ്രദ്ധിക്കാനായില്ല. മനപ്രസായമുള്ള സമയമായിരുന്നു. ആദ്യം ജോലിക്കാരെ വെട്ടിക്കുറച്ചു. വൈകാതെ കമ്പനി അടച്ചു. ഉള്ളിൽ ഒരുപാട് കരഞ്ഞ സമയമായിരുന്നു അത്. ആ അനുഭവങ്ങളാണ് എന്റെ ബലം.
സംരംഭത്തിലേക്ക് കടന്നപ്പോൾ വെല്ലുവിളികളെന്തെങ്കിലും?
എന്റേത് ഒറു യാഥാസ്ഥിതിക കുടുംബമാണ്. ഇടുക്കിയിലെ അടിമാലിയാണ് സ്വദേശം. എന്റെ ചുറ്റിൽ നിന്ന് വനിതകളാരും അങ്ങനെയൊരു ബിസിനസ് രംഗത്തേക്ക് വന്നതായി അറിയില്ല. അതുകൊണ്ടുതന്നെ ആദ്യം കുറേ ആശയക്കുഴപ്പങ്ങളുണ്ടായിരുന്നു. പിന്നെ ഞാനൊരു പെൺകുട്ടിയായതുകൊണ്ടാവാം കോവിഡ് കാലത്ത് എനിക്ക് തരാനുള്ള പണം പലരും തരാതിരുന്നത് എന്ന് ഞാൻ കരുതുന്നു.

പുതിയ ബിസിനസ് പച്ചപിടിപ്പിക്കാൻ എത്ര കാലമെടുത്തു?
ഞാൻ ഹെയർ ഓയിൽ ബിസിനസ് തുടങ്ങിയിട്ട് രണ്ടുവർഷമാകുന്നേയുള്ളൂ. ഈ ഒറ്റയൊരു പ്രോഡക്ടിൽ നിന്ന് ഇപ്പോഴെനിക്ക് 50 ലക്ഷത്തിന്റെ വിറ്റുവരവ് മാസത്തിലുണ്ട്. വളർച്ച പെട്ടെന്നായിരുന്നു. ക്വാളിറ്റി പ്രോഡക്ടുകളും നല്ല സർവീസും. ഇത് രണ്ടുമാണ് എന്റെ ബ്രാൻഡിന്റെ വിജയത്തിന് കാരണമെന്ന് ഞാൻ കരുതുന്നു. ആളുകൾ ഉത്പന്നവുമായി ബന്ധപ്പെട്ട സംശയങ്ങൾ ചോദിച്ചുവന്നാൽ ഓൺലൈനിൽ അതിനുവേണ്ട സർവീസ് അപ്പോൾ തന്നെ കൊടുക്കും. അതിനൊരു ഡിജിറ്റൽ ടീമിനെ തയ്യാറാക്കിയിട്ടുണ്ട്.
എവിടെയാണ് നിർമാണയൂണിറ്റ്?
ഇടുക്കി അടിമാലിയിലാണ് യൂണിറ്റും ഓഫീസും. ഭർത്താവ് റോബിൻ ആലുവയിലെ ഫെഡറൽ ബാങ്കിലാണ്. മകൾ അമീലിയയുമൊത്ത് ആലുവയിലാണ് ഞങ്ങൾ താമസം. ഇവിടെനിന്നാണ് കാര്യങ്ങൾ നിയന്ത്രിക്കുന്നത്. ആഴ്ചയിൽ ഒരിക്കൽ അടിമാലിക്കു പോകും.
ഹെയർ ഓയിൽ തിരഞ്ഞെടുക്കാൻ കാരണം?
എന്റെ കുടുംബത്തിലെ പരമ്പരാഗതമായ ഒരു അറിവാണ് ഞാൻ സംരംഭമാക്കിയത്.
അതിന്റെ രഹസ്യക്കൂട്ട് അമ്മയുടെ അച്ഛന്റെ അച്ഛന്റേതായിരുന്നു. കുടുംബത്തിലെ ഏറ്റവും ഇളയയാൾക്കാണ് രഹസ്യക്കൂട്ട് കൈമാറുക. അങ്ങനെ ആദ്യം എന്റെ മുത്തശ്ശനും പിന്നെ അമ്മയ്ക്കും ഇളയ മകളായ എനിക്കും അത് പകർന്നുകിട്ടി. അത് ബിസിനസാക്കണമെന്നൊന്നും ചിന്തിച്ചിട്ടുണ്ടായിരുന്നില്ല. ശരിക്കും പറഞ്ഞാൽ ബെഡ്റെസ്റ്റ് എടുക്കുന്ന സമയത്താണ് ഹെയർ ഓയിൽ ബിസിനസിനെക്കുറിച്ച് ചിന്തിക്കുന്നത്. എന്റെയൊരു പഴയ ഫ്രണ്ട് വിളിച്ച് ഞാൻ ഉപയോഗിച്ചിരുന്ന ഹെയർ ഓയിൽ തരാമോ എന്നു ചോദിച്ചു. അവൾക്ക് കുറച്ചധികം വേണമായിരുന്നു. ഞാനവൾക്ക് എണ്ണ കൊടുത്തു. അവളെനിക്ക് പ്രതിഫലവും തന്നു. ഇക്കാര്യം ഭർത്താവ് റോബിനോട് പറഞ്ഞപ്പോള് പുള്ളി ചോദിച്ചു, നിനക്കിത് ബിസിനസാക്കിക്കൂടേന്ന്. അത് വഴിത്തിരിവായി.
എങ്ങനെയായിരുന്നു തുടക്കം?
ഹെയർ ഓയിൽ വിൽപനയ്ക്കുണ്ടെന്ന് പറഞ്ഞ് വീഡിയോ പോസ്റ്റ് ചെയ്യുകയാണ് ആദ്യം ചെയ്തത്. ഇൻസ്റ്റയിൽ പേജ് തുടങ്ങി. അപ്പോഴേക്കും അന്വേഷണങ്ങൾ വന്നു. നീയിത് വിൽക്കാൻ തുടങ്ങിയോ, എന്നാൽ ഞങ്ങൾക്കും വേണം എന്നായി സുഹൃത്തുക്കൾ. പിന്നെപിന്നെ ആവശ്യം കൂടി വന്നപ്പോൾ ഞങ്ങള് ലീഗൽ ഫോർമാലിറ്റികളൊക്കെ നോക്കി. ലൈസൻസെടുത്തു. ഭൂമിക വേദിക്സ് എന്ന പേരിൽ ഉത്പന്നം വിപണിയിലെത്തിച്ചു.
എന്റെ പ്രോഡക്ടിന്റെ മോഡൽ ഞാൻ തന്നെയാണ്
എന്റെ പ്രോഡക്ടിന്റെ മോഡൽ ഞാൻ തന്നെയാണ്. പുറത്തുനിന്ന് ആരെയും ഇറക്കേണ്ടി വന്നിട്ടില്ല. ഞാൻ എന്റെ മുടി കാണിച്ച് നേരിട്ടാണ് ഉപഭോക്താക്കളുമായി സംസാരിക്കുന്നത്. ഇൻസ്റ്റയും വാട്ട്സാപ്പ് നമ്പറുമുപയോഗിച്ചാണ് വിൽപന. ഫോണിലൂടെ ആളുകൾക്ക് അവരുടെ പ്രശ്നങ്ങൾ പങ്കുവെക്കാനും എളുപ്പമാണ്. തുടക്കത്തിൽ സുഹൃത്തുക്കൾ നൽകിയ മൗത്ത് പബ്ലിസിറ്റിയിലാണ് ഞാനിത് മുമ്പോട്ടു കൊണ്ടുപോയത്. പെട്ടെന്നൊരു ഉയർച്ചയൊന്നും ഞാൻ ആഗ്രഹിച്ചിരുന്നില്ല. സത്യം പറഞ്ഞാൽ മറ്റുള്ളവരാണ് എനിക്ക് പബ്ലിസിറ്റി തന്നത്.
ചേരുവകൾ ശേഖരിക്കുന്നത് എങ്ങനെയാണ്?
18 വിധം പച്ചമരുന്നാണ് എണ്ണയിൽ ചേർക്കേണ്ടത്. അതിൽ ഒന്നിന്റെ കുറവുണ്ടെങ്കിൽ ഉത്പാദനം നടത്തില്ല. ഏറ്റവും പ്രധാനം നിലവാരമാണ്. അതിനുവേണ്ടി ഒന്നോ രണ്ടോ ദിവസം വൈകിയാലും കുഴപ്പമില്ല, ആളുകൾ കാത്തിരിക്കാൻ തയ്യാറാണ്. ഒരുമാസം 3000 ലിറ്റർ വരെ എണ്ണയുണ്ടാക്കും. ചേരുവകളെല്ലാം നാട്ടിൻപുറങ്ങളിൽ നിന്നുതന്നെ. നീല അമരിയൊക്കെ തൃശ്ശൂരിലെ ഫാമിൽ നിന്ന് കൊണ്ടുവരും. ബാക്കിയെല്ലാം അടിമാലിയിൽ നിന്ന്. എല്ലാം സാധാരണക്കാരായ കർഷകരിൽ നിന്നാണ് ശേഖരിക്കുന്നത്. നമുക്കൊപ്പം കൂടെയുള്ളവരും വളരണമെന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു.
ഒരുപാടുപേർക്ക് കൃഷി ചെയ്യാൻ ഓപ്പർച്യൂണിറ്റി കൊടുക്കാൻ പറ്റി.
.jpg?$p=400be31&&q=0.8)
ബിസിനസിനിറങ്ങാൻ തയ്യാറായി വരുന്ന സ്ത്രീകളോട് എന്താണ് പറയാനുള്ളത്?
ഞാനൊരു സാധാരണകുടുംബത്തിൽ നിന്നാണ്. എന്തെങ്കിലും നേടണമെന്ന് ആഗ്രഹമുള്ളവരാണ് നിങ്ങളെങ്കിൽ റിസ്ക് ഏറ്റെടുക്കാൻ തയ്യാറാവുക. കുറച്ച് കഠിനാധ്വാനംകൂടി വേണ്ടിവരും. എനിക്കുവേണമെങ്കിൽ ഒരു സേഫ് സോണിലൂടെ പോവാമായിരുന്നു. വീട്ടുകാർ പഠിപ്പിച്ചു, വിവാഹം കഴിപ്പിച്ചു, കുഴപ്പമില്ലാതെ ഒരു സാധാരണ ജോലിക്കുപോയി കുഞ്ഞിനെ നോക്കി ജീവിക്കാമായിരുന്നു. പക്ഷേ, എനിക്കങ്ങനെ സാധാരണക്കാരിയായി ജീവിക്കേണ്ടായിരുന്നു. ആ തീരുമാനത്തിലാണ് ഞാനിന്ന് ഇവിടെ എത്തിനിൽക്കുന്നത്.
ബിസിനസ്സിലേക്ക് ഇറങ്ങണമെന്നു പറഞ്ഞപ്പോൾ വീട്ടുകാർ എതിർത്തിരുന്നോ?
എന്റെ ലക്ഷ്യം കൃത്യമായി അപ്പനും അമ്മയ്ക്കും ചേച്ചിക്കും മനസ്സിലായി. അവരെന്നെ പിന്തുണച്ചു. എനിക്ക് വലിയ മൂലധനമില്ലായിരുന്നു. ലോണെടുത്താണ് പഠിച്ചത്. ജോലിചെയ്ത സമയത്ത് ഡോർമറ്ററിയിൽ താമസിച്ചു ഭക്ഷണം കുറച്ചുമൊക്കെ ഇത്തിരി പൈസ സ്വരുക്കൂട്ടി. സ്വന്തമായിത്തന്നെ ചെയ്യണമെന്ന ആഗ്രഹത്തിൽ ആരോടും പണം ചോദിച്ചില്ല.
അടുത്ത തയ്യാറെടുപ്പ് എന്തിനുവേണ്ടിയാണ്?
ഇപ്പോൾ ഹെയർ ഓയിൽ മാത്രമേ ഭൂമികയിൽ ഉള്ളൂ. അതിലേക്ക് 50-ഓളം പ്രൊഡക്ടുകൾ കൊണ്ടുവരണം. അതിനുവേണ്ട ഫീൽഡ് സ്റ്റഡി നടത്തുകയാണിപ്പോൾ. ആളുകൾ മായമില്ലാത്ത ഒരു ഉത്പന്നം ഉപയോഗിക്കണം എന്നതാണ് എന്റെ സ്വപ്നം. ഒരു സോഫ്റ്റ്വേർ എൻജിനീയറായ ഞാൻ ഇതിന്റെ പുറകെ പോവുന്നത് വെറും നേരമ്പോക്കുകൊണ്ടല്ല, ഇതെന്റെ സ്വപ്നമാണ്. എന്റെയൊരു വലിയ ലക്ഷ്യത്തിലേക്കുള്ള യാത്ര. അതിലുപരി മായം കലർന്ന ഈ ലോകത്ത് മായം കലരാത്ത എന്തെങ്കിലും ഒന്ന് നമ്മുടെ ആളുകൾ ഉപയോഗിക്കട്ടെ എന്നുള്ള അതിയായ ആഗ്രഹം കൊണ്ടുമാണ്.
Content Highlights: anju robin's success in hairoil business, women entrepreneur from adimali
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..