റാണിക്കും ഭർത്താവ് വി.സി.മധുവിനൊപ്പവും ജൂലി (Photo: സി.ബിജു)
കണ്ണ് നട്ട് കാത്തിരിക്കുകയായിരുന്നു ജൂലി, ആറുദിവസങ്ങള്‍ സൂര്യന്‍ ഉദിച്ചസ്തമിച്ചു. ഏഴാം ദിവസത്തെ പകലില്‍ ഗേറ്റിന് വെളിയിലേക്ക് കാര്‍ വന്ന് നിന്നപ്പോള്‍ എന്തെന്നില്ലാത്ത സന്തോഷത്തില്‍ ജൂലി ഗേറ്റിനരികിലേക്ക് ഓടി. കാറിന്റെ ഡോര്‍ തുറന്നതും ജൂലി റാണിയുടെ മടിത്തട്ടിലേക്ക് ചാടിക്കയറിയതും ഒന്നിച്ചായിരുന്നു. പിന്നെ ഇരുവരുടെയും സ്‌നേഹപ്രകടനങ്ങള്‍. തന്റെ ജീവന്‍ രക്ഷിച്ച വളര്‍ത്തുനായയായ ജൂലിയെ ചുംബിക്കുമ്പോള്‍ റാണിയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. മൂര്‍ഖന്റെ രൂപത്തില്‍ മരണം വന്ന് റാണിയെ മാടി വിളിച്ചപ്പോള്‍ ജൂലി നടത്തിയ ഇടപെടലാണ് ജീവന്റെ പാലത്തിലേക്ക് ഈ അധ്യാപികയെ തിരിച്ച് നടത്തിയത്. ആയാപറമ്പ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപികയായ പുറക്കാട് പുന്തല കെങ്കത്ര (വെളിമ്പറമ്പില്‍) വിശ്വകുമാരി (റാണി) യും അവരുടെ വളര്‍ത്തുനായയുമാണ് ഈ കഥയിലെ പ്രധാനകഥാപാത്രങ്ങള്‍. റാണിയുടെ ജീവന്റെ ഇപ്പോഴത്തെ ഉടമ ജൂലിയാണെന്ന് റാണിയുടെ ഭര്‍ത്താവ് വി.സി. മധു സാക്ഷ്യപ്പെടുത്തുന്നു. പാമ്പ് കടിയേറ്റ റാണിയുടെ ജീവന്‍ രക്ഷിച്ച ജൂലി ഇന്ന് നാട്ടിലെ സൂപ്പര്‍സ്റ്റാര്‍ കൂടിയാണ്. പുതുജീവിതത്തിന്റെ വെളിച്ചം നിറയുന്ന പകലിരുന്ന് ജൂലിയെ മടിത്തട്ടിലിരുത്തി റാണി ആ അതിജീവനകഥ പറഞ്ഞുതുടങ്ങി.
ഓ.. മൈ ജൂലി...
ജര്‍മന്‍ ഷെപ്പേഡ് വിഭാഗത്തില്‍പ്പെട്ട ഇവള്‍ വീട്ടിലെ അംഗമായിട്ട് അഞ്ചുവര്‍ഷമായി. നാലുമാസം പ്രായമുള്ളപ്പോള്‍ എത്തിയതാണ്. അന്നിവള്‍ക്ക് ഞങ്ങളിട്ട പേരാണ് ജൂലി. വളരെ പെട്ടെന്ന് തന്നെ ഞങ്ങളുമായി ഇണങ്ങുകയും വീട്ടിലെ ഓരോ കാര്യത്തിനും ആവേശത്തോടെ ഒപ്പം നില്‍ക്കുന്നതും ഇവളുടെ പ്രത്യേകതയാണ്. ഞങ്ങള്‍ ഓരോ കാര്യവും ചെയ്യുമ്പോള്‍ വളരെ ശ്രദ്ധപൂര്‍വം അവളത് നിരീക്ഷിക്കും. അങ്ങനെ ഒരുപകലിലാണ് ഞാന്‍ പതിവുപോലെ മുറ്റം വൃത്തിയാക്കാന്‍ ഇറങ്ങിയത്. പൂന്തോട്ടത്തിലെ താമര വളര്‍ത്തുന്ന ടാങ്കിനടിയിലെ കല്ലുകള്‍ അടുക്കിയപ്പോഴാണ് കൈവിരലില്‍ എന്തോ കടിയേറ്റത്. നോക്കിയപ്പോള്‍ അപ്പുറം ഒരുപൂച്ച നില്‍ക്കുന്നുണ്ട്. പൂച്ച മാന്തിയതാകുമെന്നുകരുതി വീട്ടിനുള്ളിലേക്ക് ഞാന്‍ കയറി. സോപ്പും വെള്ളവുമുപയോഗിച്ച് കടിയേറ്റ ഭാഗം കഴുകികൊണ്ടിരിക്കുമ്പോഴാണ് ജൂലിയുടെ നിര്‍ത്താതെയുള്ള കുര കേട്ടത്. എന്തോ പന്തികേട് തോന്നിയ ഞാന്‍ പെട്ടെന്ന് വാതില്‍ തുറന്ന് മുറ്റത്തേക്കിറങ്ങി. നോക്കുമ്പോള്‍ ഉമ്മറത്തൊരു മൂര്‍ഖന്‍ പാമ്പ്. നീളമുള്ള ആ മൂര്‍ഖന്‍ പാമ്പിനെ കടിച്ചുകൊണ്ടുവന്ന് ഉമ്മറത്തിട്ടശേഷം ഗൗരവംവിടാതെ ജൂലി തൊട്ടടുത്ത് എന്നെയും നോക്കി നിന്നു. ഉടലില്‍ നായയുടെ കടിയേറ്റെങ്കിലും മൂര്‍ഖന്‍ പത്തിവിടര്‍ത്തി ചലിച്ചു. എന്നെ കടിച്ചത് മൂര്‍ഖനാണെന്ന് ആ നിമിഷം ഞാന്‍ തിരിച്ചറിഞ്ഞു. കല്ലുകള്‍ക്കിടയില്‍ നിന്ന് മൂര്‍ഖനെ പുറത്തെത്തിച്ച് അതുമായി അടികൂടി ഉടല്‍ കടിച്ച് കീഴ്‌പ്പെടുത്തി എന്നെ കാണിക്കാനായി ഉമ്മറത്തിട്ടതാണ് ജൂലി.
Also Read
മരണപാലം കടന്ന്....
സംഗതിയുടെ ഗൗരവം തിരിച്ചറിഞ്ഞതോടെ ശരീരമാകെ വിറക്കാന്‍ തുടങ്ങി. ഒരുമരണഭയം കണ്ണുകളില്‍ നിറഞ്ഞു. പെട്ടെന്നുതന്നെ
ആലപ്പുഴ മെഡിക്കല്‍ കോളജിലേക്ക് എത്തി. ഇടതുകൈയുടെ മോതിരവിരലിലാണ് കടിയേറ്റത്. മരിച്ചുപോകുമെന്നാണ് ഞാന്‍ വിചാരിച്ചത്. മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ അതിവേഗത്തില്‍ കൃത്യമായി ചികിത്സ നല്‍കി. അഞ്ചുദിവസം തീവ്രപരിചരണവിഭാഗത്തില്‍ മരണത്തോട് മല്ലിടിച്ച് കിടന്നു. ജീവിതത്തിലേക്ക് തിരിച്ച് കയറിയതോടെ ഒരുദിവസം വാര്‍ഡിലും വിശ്രമിച്ചു. പിന്നീട് വീട്ടിലേക്ക് മടങ്ങിയെങ്കിലും സാധാരണനിലയിലേക്കെത്താന്‍ ദിവസങ്ങളെടുത്തു. ഞാന്‍ ആശുപത്രിയിലായ ദിവസം ജൂലി ആഹാരം പോലും നേരായ രീതിയില്‍ കഴിച്ചിരുന്നില്ല. ഞാന്‍ വരുന്നത് കാത്ത് ഗേറ്റിലേക്ക് നോക്കിയിരിപ്പായിരുന്നു. ആശുപത്രിവിട്ട് ഞാന്‍ വീട്ടിലെത്തിയശേഷമാണ് ജൂലി സാധാരണപോലെ ആഹാരം കഴിച്ചുതുടങ്ങിയത്. - ജൂലിയെ നെഞ്ചോട് ചേര്‍ത്തുവച്ചുകൊണ്ട് തലയില്‍ റാണി ഒരു സ്‌നേഹചുംബനം നല്‍കി. നാവുകൊണ്ട് റാണിയുടെ മുഖത്തേക്കൊന്ന് തലോടി ജൂലി മാതാവിന്റെ മടിത്തട്ടിലെന്ന പോലെ സുഖമായി ആ അമ്മക്കുളിരില്‍ തലച്ചായ്ച്ചു.
Content Highlights: A dog called julie saves his owner life from snake bite in Alappuzha
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..