ടിഫാനി മരിയ ബ്രാർ (Photo: എസ്.ശ്രീകേഷ്)
കാഴ്ചയില്ലാത്തതിന് സ്വയം ശപിച്ച് അന്ധകാരത്തെ കൂട്ടുപിടിക്കുന്നവര്‍ക്കൊരു തണലാണ് ടിഫാനി മരിയ ബ്രാര്‍. കുഞ്ഞുനാളിലെ കാഴ്ച നഷ്ടപ്പെട്ട ടിഫാനി തന്റെ ഉള്‍ക്കാഴ്ചയിലൂടെ കാഴ്ചയില്ലാത്തവര്‍ക്ക് അറിവ് പകരുന്നു. തുടര്‍ന്ന് ഒറ്റയാള്‍ പോരാട്ടത്തിലൂടെ നേടിയെടുത്ത വിജയങ്ങള്‍ ആരെയും അത്ഭൂതപ്പെടുത്തും. കാഴ്ചവൈകല്യമുള്ള കുട്ടികള്‍ക്കായി തിരുവനന്തപുരത്ത് ടിഫാനി സ്ഥാപിച്ച ജ്യോതിര്‍ഗമയ ഫൗണ്ടേഷന്‍ നിരവധിപേര്‍ക്ക് കൈത്താങ്ങാണ്. ഇതിനോടകം നിരവധി അവാര്‍ഡുകള്‍ ടിഫാനിയെത്തേടിയെത്തി. ഹോപ്പ് ട്രസ്റ്റിന്റെ വിമന്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ്, സാര്‍ത്തക് നാരി വനിതാ പുരസ്‌കാരം, ബോള്‍ഡ് ആന്‍ഡ് ബ്യൂട്ടിഫുള്‍ അവാര്‍ഡ്, ബെസ്റ്റ് റോള്‍ മോഡല്‍ ഓഫ് ഇന്ത്യ പുരസ്‌കാരം, സ്പിന്‍ഡില്‍ നൗ യു.എസ്. അവാര്‍ഡ്, വേള്‍ഡ് സ്പിരിറ്റ് അവാര്‍ഡ്, ഹോള്‍മാന്‍ പുരസ്‌കാരം, ഒടുവില്‍ 2022-ല്‍ നാരീശാക്തി പുരസ്‌കാരത്തിനും അര്‍ഹയായി.
അധ്യാപികയോട് കടപ്പാട്
അധ്യാപികയുടെ ചോദ്യത്തിന് കൃത്യമായി ഉത്തരം പറഞ്ഞിട്ടും പെണ്‍കുട്ടിയെ ക്ലാസില്‍നിന്ന് പുറത്താക്കി. കരഞ്ഞുകൊണ്ടവള്‍ കാരണം തിരക്കി. അന്ധയായ കുട്ടിക്കെങ്ങനെ ശരിയുത്തരം പറയാനാകും, അടുത്തിരുന്ന കുട്ടി പറഞ്ഞുതന്നതല്ലേ എന്നായിരുന്നു ടീച്ചറിന്റെ മറുപടി. മൂന്നാംക്ലാസില്‍ നേരിട്ട അവഗണനയും അപമാനവും കുഞ്ഞുമരിയയുടെ ഉള്ളില്‍ കനലായി. കാഴ്ചയില്ലെന്നപേരില്‍ ഇനിയാരും അപമാനിക്കപ്പെടരുതെന്ന ഉറച്ച തീരുമാനം അവളെടുത്തു. 2012-ല്‍ 'ജ്യോതിര്‍ഗമയ ഫൗണ്ടേഷന്റെ സ്ഥാപകയായി. അന്ധതയാല്‍ ഇരുട്ടില്‍ തളച്ചിടപ്പെട്ട നിരവധിപ്പേര്‍ക്ക് വെളിച്ചമായി മാറി ടിഫാനി മരിയ ബ്രാര്‍.കുഞ്ഞുന്നാളില്‍ സ്‌കൂളില്‍നിന്നുണ്ടായ അനുഭവം ലോകത്തിന് വെളിച്ചം വീശുന്ന ഉദ്യമത്തിലേക്കുള്ള ചുവടുവെപ്പായി മാറുമെന്ന് ടിഫാനിപ്രതീക്ഷിച്ചുകാണില്ല. ഇന്നവള്‍ ആ അധ്യാപികയോട് ഏറെ കടപ്പെട്ടവളാണ്. ജീവിതത്തിലെ മോശം കാര്യങ്ങള്‍ നല്ല തുടക്കങ്ങളുമാകാം.വൈറ്റ് കെയ്ന്‍' ടിഫാനിയെ സംബന്ധിച്ചിടത്തോളം തടവറയില്‍നിന്നൊരു മോചനമായിരുന്നു. നഗരത്തിലെവിടെയും ഈ വടികൊണ്ട് തട്ടിയും മുട്ടിയും അവള്‍ നടന്നു, പൊതു ഗതാഗത സൗകര്യങ്ങളുപയോഗിച്ചു. ''ഓര്‍മവെച്ച നാള്‍മുതല്‍ എന്റെ ലോകം ഇരുട്ടാണ്. ഉള്‍ക്കാഴ്ചയില്‍ വിശ്വസിക്കുന്നയാളാണ് ഞാന്‍. അത് മനോഹരമാണ്. ശബ്ദം, സ്പര്‍ശം തുടങ്ങിയവയിലൂടെ ലോകത്തിന്റെ മനോഹാരിത ആസ്വദിക്കാന്‍ കഴിയുന്നുണ്ട്. കാഴ്ചയുള്ളപ്പോള്‍ കാണുന്ന കാര്യങ്ങള്‍ ഉള്‍ക്കാഴ്ചയിലൂടെ കാണാന്‍ സാധിക്കുന്നു.''
അമ്മയുടെ നഷ്ടമുണ്ടാക്കിയ വേദന
അച്ഛന്റെയും അമ്മയുടെയും കൈപിടിച്ചാണ് കുഞ്ഞുമരിയ കേരളത്തിലെത്തിയത്. ഇന്ന് തലസ്ഥാനനഗരിയില്‍ താമസം. പഞ്ചാബിയായ അച്ഛന്‍ തേജ് പ്രതാപ് സിങ് ബ്രാര്‍ ആര്‍മി ഓഫീസറായിരുന്നു. അമ്മ ലെസ്ലി ബ്രാര്‍ ആംഗ്ലോ-ഇന്ത്യന്‍. ''പ്രാഥമിക വിദ്യാഭ്യാസം അമ്മയോടൊപ്പം ഇംഗ്ലണ്ടിലായിരുന്നു. അച്ഛന്‍ ജോലിയുടെ ഭാഗമായി കേരളത്തിലേക്ക് സ്ഥലംമാറി വന്നു. അച്ഛനൊപ്പം ഞങ്ങളും. അച്ഛന്റെ ജോലി ആവശ്യങ്ങള്‍ക്കായി പല സ്ഥലങ്ങളിലും താമസിക്കേണ്ടിവന്നു. അതിനാല്‍ ഹിന്ദിക്കൊപ്പം മലയാളം, നേപ്പാളി, തമിഴ്, ഇംഗ്ലീഷ് ഇങ്ങനെ പല ഭാഷകള്‍ പഠിച്ചു. 12-ാം വയസ്സില്‍ എനിക്ക് അമ്മയെ നഷ്ടമായി. അമ്മ നഷ്ടപ്പെട്ട അന്ധയായ പെണ്‍കുട്ടിക്ക് നേരിടേണ്ടിവരാവുന്ന എല്ലാ വേദനകളും ഞാന്‍ അനുഭവിച്ചു.'' ''അമ്മയുടെ മരണശേഷം കൂടുതലും ഹോസ്റ്റലിലായിരുന്നു. പ്ലസ് വണ്‍ ആയപ്പോഴേക്കും അച്ഛന്റെ പോസ്റ്റിങ് ഊട്ടിയിലേക്കായി. ഊട്ടിയില്‍ എന്നെ സ്വാഗതം ചെയ്യാനെത്തിയ സ്ത്രീയുടെ മുഖത്ത് വാത്സല്യം നിറഞ്ഞ ചിരിയുണ്ടായിരുന്നു എന്നെനിക്ക് ഉറപ്പാണ്. ഇന്നും എനിക്കൊപ്പം അവരുണ്ട്. അവരുടെ പേരാണ് വിനീത, വിനീതാക്ക എന്ന് വിളിക്കും. ആര്‍മിയില്‍ ഹൗസ്‌കീപ്പിങ് സ്റ്റാഫായിരുന്ന അക്ക എല്ലാത്തിനും കൂടെനിന്നു. ഒരു പെണ്‍കുട്ടിക്ക് വേണ്ട എല്ലാ കാര്യങ്ങളും പഠിപ്പിച്ചുതന്നു. നല്ല വസ്ത്രങ്ങള്‍ എങ്ങനെ രസിച്ചുധരിക്കാമെന്ന് എന്നെ പഠിപ്പിച്ചത് വിനീതാക്കയാണ്. അന്ധരായ ആളുകള്‍ പൊതുവേ വസ്ത്രം വാങ്ങുന്നതിലോ ധരിക്കുന്നതിലോ വലിയ കമ്പം ഇല്ലാത്തവരാണ്. ആരെങ്കിലും വാങ്ങിത്തരും, അത് ധരിക്കും. ഇപ്പോഴും കടയില്‍ കൊണ്ടുപോയി ഓരോ വസ്ത്രത്തെപ്പറ്റിയും വിവരിക്കും, എന്നിട്ട് എനിക്കിഷ്ടപ്പെട്ടവയാണ് വാങ്ങിത്തരാറ്.''
.jpg?$p=056be01&&q=0.8)
സഹായവുമായി വീടുകളിലേക്ക്
''തിരുവനന്തപുരം വിമന്‍സ് കോളേജിലാണ് ബി.എ. ഇംഗ്ലീഷ് ലിറ്ററേച്ചര്‍ പഠിച്ചത്. കോളേജില്‍ നല്ല സുഹൃത്തുക്കളുണ്ടായിരുന്നു. അവസാനവര്‍ഷം 'ബ്രെയില്‍ വിത്തൗട്ട് ബോര്‍ഡേഴ്സ് കാന്താരി ഇന്റര്‍നാഷണലില്‍' റിസപ്ഷനിസ്റ്റായി ജോലികിട്ടി. അന്ധയായിരുന്നു അതിന്റെ സ്ഥാപക സെബ്രിയ ടെന്‍ബര്‍ക്കന്‍. അവര്‍ ഒറ്റയ്ക്ക് സഞ്ചരിക്കുന്നതുകണ്ടപ്പോള്‍ എന്തുകൊണ്ട് എനിക്ക് കഴിയില്ല എന്ന ചിന്ത പ്രചോദനമായി. തുടര്‍ന്ന് കാന്താരയിലൂടെ പല രാജ്യങ്ങളിലും പോകാന്‍ അവസരമുണ്ടായി. ഒറ്റയ്ക്ക് ബസ്സില്‍ സഞ്ചരിക്കാന്‍ തുടങ്ങി. ബാങ്കിലും റെയില്‍വേ സ്റ്റേഷനിലുമൊക്കെ... അങ്ങനെ എല്ലാം സ്വന്തമായി ചെയ്യാനുള്ള ആത്മധൈര്യം കിട്ടി.'' കടന്നുവന്ന വഴികളെപ്പറ്റി പറയുമ്പോള്‍ ഏറെ സന്തോഷവതിയാണ് ടിഫാനി.''ജീവിതത്തിലൂടെ കടന്നുപോയവരെല്ലാം എന്നെ സ്വാധീനിച്ചവരാണ്. ബി.എഡ്. പഠനം കോയമ്പത്തൂരായിരുന്നു. തിരികെ വന്നതിനുശേഷം കാന്താരിയില്‍ 'മൊബൈല്‍ ബ്ലൈന്‍ഡ് സ്‌കൂള്‍' സ്ഥാപിച്ചു. കെയിന്‍, ഫോണ്‍, കംപ്യൂട്ടര്‍ എന്നിവയുടെ ഉപയോഗം പഠിപ്പിച്ചു. അറിവും ആത്മധൈര്യവും പകര്‍ന്നുകൊടുക്കുകയായിരുന്നു ഉദ്ദേശ്യം. അന്ധരായ ആളുകളുടെ വീടുകള്‍ തേടിപ്പിടിച്ച് എന്നാലാവുന്നത് ചെയ്തുകൊടുക്കാറുണ്ട്. എനിക്ക് ഒറ്റയ്ക്ക് എത്തിച്ചേരാമെങ്കില്‍ ബാക്കിയുള്ളവര്‍ക്കും കഴിയുമെന്ന തിരിച്ചറിവുണ്ടാക്കുകയായിരുന്നു ലക്ഷ്യം.''
ഇരുട്ടുമുറിയില്‍ ഭക്ഷണം
''ഷിഫ്ന മറിയം എന്ന കുട്ടിയെ വീട്ടില്‍ പോയി ബ്രെയിലിയും കംപ്യൂട്ടറും പഠിപ്പിച്ചു. ഷിഫ്ന പിന്നീട് വീഡിയോ എഡിറ്റിങ് പഠിച്ച് 'മിന്നാമിന്നി' എന്ന റേഡിയോ യൂട്യൂബ് ചാനല്‍ തുടങ്ങി. സന്തോഷം തോന്നിയ ചുവടുവെപ്പായിരുന്നു അവളുടേത്.
അന്ധതയുടെ പേരില്‍ ഒറ്റപ്പെട്ടു കഴിഞ്ഞ ആളായിരുന്നു വിനോദ്. ആകാശവാണിയിലെ അഭിമുഖം കേട്ട് വിനോദ് എന്നെ വിളിച്ചു. ഞങ്ങളുടെ അടുത്തെത്തിയ വിനോദിനെ കെയിന്‍ ഉപയോഗിക്കാനും സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാനും പഠിപ്പിക്കാന്‍ കഴിഞ്ഞു. ആ ആത്മവിശ്വാസത്തിലാകാം അദ്ദേഹം തുടര്‍ന്ന് അഡ്വാന്‍സ് കംപ്യൂട്ടറിങ് സൗണ്ട് എഡിറ്റിങ് പഠിച്ചു. ഇപ്പോള്‍ അധ്യാപകനാണ് വിനോദ്. വര്‍ഷങ്ങളോളം വീട്ടില്‍ അടച്ചിരുന്ന ഒരാളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ കഴിഞ്ഞത് എനിക്ക് വലിയ ആത്മവിശ്വാസം നല്‍കി.'റെസിഡന്‍ഷ്യല്‍ ഹോം ട്രെയിനിങ് കോഴ്സ്' ഇപ്പോള്‍ ആരംഭിച്ചതാണ്. നാലുമാസത്തെ സൗജന്യട്രെയിനിങ്ങും ഭക്ഷണവും താമസസൗകര്യവുമാണ് ഇതിലൂടെ നല്‍കുന്നത്. കുട്ടികളില്‍നിന്ന് പണം ഈടാക്കാറില്ല. ആവശ്യമായ സഹായങ്ങള്‍ ചെയ്തുകൊടുക്കും. സ്മാര്‍ട്ട്ഫോണ്‍, റെക്കോഡര്‍ എന്നിവയും നല്‍കും. നിലവില്‍ ആറുകുട്ടികളുള്ള ബാച്ചാണ്.'' 'ഡൈന്‍ ഇന്‍ ദ ഡാര്‍ക്ക്നെസ്' ആശയം കൊണ്ടുവരികയും വിവിധ കമ്പനികളുടെ ആഭിമുഖ്യത്തില്‍ വിജയകരമായി നടപ്പാക്കുകയും ചെയ്തു. ഭക്ഷണം ഇരുട്ടുമുറിയില്‍ ഇരുന്ന് ഭക്ഷണം കഴിക്കുക, ആസ്വദിക്കുക. ആ അനുഭൂതി എങ്ങനെയായിരിക്കും എന്ന് കാഴ്ചയുള്ളവര്‍ക്ക് അനുഭവിക്കാന്‍ പറ്റുന്ന വേദികൂടിയാണിത്.''
.jpg?$p=f1b005f&&q=0.8)
ഡല്‍ഹിയില്‍ നഴ്സായിരുന്ന സമയത്താണ് പെട്ടെന്ന് കാഴ്ച നഷ്ടപ്പെട്ടത്. 2015-ല്‍ ഒരു ടി.വി. ചാനലിലൂടെയാണ് 'ജ്യോതിര്‍ഗമയ'യെപ്പറ്റി അറിഞ്ഞത്. ടിഫാനി എന്ന അധ്യാപികയെ കാണാനും 'ജ്യോതിര്‍ഗമയ'യെപ്പറ്റി കൂടുതല്‍ അറിയാനും സാധിച്ചപ്പോള്‍ കാഴ്ചയില്ലാത്തവര്‍ക്കും എല്ലാം ചെയ്യാന്‍ സാധിക്കുമെന്ന ആത്മവിശ്വാസം വന്നു...'' 'ജ്യോതിര്‍ഗമയ'യിലെ അന്തേവാസിയായ ലിജി പറയുന്നു.
ചേര്‍ത്തല ബാര്‍ കൗണ്‍സിലിലെ അഭിഭാഷകനായ രാജേഷും ഇവരോടൊപ്പമുണ്ട്. കംപ്യൂട്ടര്‍ പഠിക്കാനായി 'ജ്യോതിര്‍ഗമയ'യുടെ പടികള്‍ കയറിയയാളാണ് രാജേഷ്. വീടിന് സമാനമായ അന്തരീക്ഷമുള്ള, സന്തോഷവും സമാധാനവും നിറഞ്ഞ ഒരിടം എന്നാണ് രാജേഷിന് 'ജ്യോതിര്‍ഗമയ'യെപ്പറ്റി പറയാനുള്ളത്.
നോട്ടുമാറ്റമുണ്ടാക്കിയ ദുരിതം
''സാമൂഹ്യനീതി വകുപ്പിന്റെ 'വര്‍ണച്ചിറകുകള്‍'എന്ന പ്രോഗ്രാമിലേക്ക് അതിഥിയായി എന്നെ ക്ഷണിച്ചിരുന്നു. അവിടെവെച്ച് ഗതാഗതമന്ത്രിയെ കാണാനിടയായി. അദ്ദേഹത്തോട് ബസ്സ്റ്റോപ്പുകളില്‍ ഓഡിയോ അനൗണ്‍സിങ് സിസ്റ്റം കൊണ്ടുവരുന്നതിനെക്കുറിച്ച് സംസാരിച്ചു. ലണ്ടന്‍ യാത്രയില്‍ ഏറെ സഹായിച്ചത്, അവിടത്തെ ഓഡിയോ അനൗണ്‍സിങ് സിസ്റ്റമാണ്. സ്റ്റേഷന്‍ എത്തുന്നതിനുമുന്‍പ് അവര്‍ ഓരോ സ്റ്റോപ്പും വിളിച്ചുപറയുന്നത് വളരെ ഉപകാരപ്രദമാണ്. എന്നാല്‍ ഇവിടെ നമ്മള്‍ കണ്ടക്ടറോടോ അടുത്തുനില്‍ക്കുന്ന ആളിനോടോ പറയണം. ഒരുപക്ഷേ, അവര്‍ മറന്നുപോയാല്‍ നമ്മള്‍ സ്ഥലംമാറി ഇറങ്ങേണ്ടിവരും. ഇവിടെ യാത്രാസൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടാനുണ്ട്. ഈ സിസ്റ്റം ഇന്ത്യയില്‍ വന്നാല്‍ നന്നായിരുന്നു. വിദേശരാജ്യങ്ങളിലെപ്പോലെയുള്ള സ്വീകാര്യത ഇവിടെയുമുണ്ടാകണം. നോട്ടിന്റെ രൂപം മാറിയതുകൊണ്ട് കഷ്ടത്തിലായത് എന്നെപ്പോലുള്ളവരാണ്. പണ്ട് നോട്ടിന്റെ വലുപ്പം അനുസരിച്ചാണ് തിരിച്ചറിഞ്ഞുകൊണ്ടിരുന്നത്. എന്നാല്‍ ഇന്ന് അതിന് കഴിയില്ല. ബ്രിട്ടീഷ് പൗണ്ടില്‍ ബ്രെയില്‍ ചിഹ്നം എഴുതിയിട്ടുണ്ട്. അതിനാല്‍ നോട്ടിലെ വ്യത്യാസങ്ങള്‍ അവരെ ബാധിക്കുന്നില്ല. ഇവിടെയും ചിഹ്നങ്ങളും മറ്റും ഉള്‍പ്പെടുത്തിയാല്‍ കൂടുതല്‍ ഉപകാരമാകും. ആവശ്യങ്ങള്‍ പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ട്. എന്തെങ്കിലും മാറ്റം വരുമെന്ന് പ്രതീക്ഷിക്കുന്നു. ഞാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഡിസെബിലിറ്റി ഐക്കണ്‍ ആണ്. അന്ധരായ ആളുകളെയും വോട്ടിങ് പഠിപ്പിക്കുന്നതിനായി 'വോട്ടിങ് എമങ് ഡിസെബിലിറ്റി ആന്‍ഡ് എംപവര്‍മെന്റ്' എന്ന പ്രോഗ്രാം നടത്തുന്നുണ്ട്. ബ്രെയില്‍ ബാലറ്റ് ഇന്ന് ലഭ്യമാണ്. കാഴ്ചയില്ലെങ്കിലും ശബ്ദംകൊണ്ട് സിനിമ ആസ്വദിക്കാറുണ്ട്.''
.jpg?$p=575c4fb&&q=0.8)
ജ്യോതിര്‍ഗമയ ഫൗണ്ടേഷന്‍
2012- ലാണ് കാഴ്ചപരിമിതരുടെ ഉന്നമനത്തിനായി തിരുവനന്തപുരത്ത് 'ജ്യോതിര്‍ഗമയ' ഫൗണ്ടേഷന്‍ സ്ഥാപിക്കുന്നത്. കാഴ്ചപരിമിതിയുള്ളവര്‍ക്ക് അവിടെ താമസിച്ച് പരിശീലനം നേടാം. നടക്കാനുള്ള പരിശീലനത്തിന് പുറമേ യോഗ, തൊഴില്‍, കംപ്യൂട്ടര്‍ പരിശീലനങ്ങള്‍ നല്‍കുന്നു. 2014 മുതല്‍ വിവിധ ജില്ലകളില്‍ കാമ്പയിനുകള്‍ സംഘടിപ്പിക്കുന്നു. ഗ്രാമീണമേഖലയിലെ കാഴ്ചപരിമിതര്‍ക്കായി മൊബൈല്‍ സ്‌കൂളും ആരംഭിച്ചു. ''പല സ്ഥലങ്ങളില്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്ന സമയത്താണ് അരുണയെ പരിചയപ്പെടുന്നത്. അരുണ ഇപ്പോള്‍ ഞങ്ങളുടെ അഡ്മിനിസ്ട്രേറ്ററാണ്. കൂടെ 'കാന്താരി'യിലെ ഐ.ടി കോര്‍ഡിനേറ്ററായ അനീഷും ചേര്‍ന്നതോടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി.'' 2015-ല്‍ 'ജ്യോതിര്‍ഗമയ ഫൗണ്ടേഷന്‍ ട്രസ്റ്റ്' രൂപീകരിച്ചു. മൂന്നു കുട്ടികളില്‍ തുടങ്ങി വലിയ ബാച്ചായി മാറി. നിലവില്‍ ആന്‍ഡ്രോയ്ഡ്, കംപ്യൂട്ടര്‍ , ഇംഗ്ലീഷ് പരിശീലനം നടത്തുന്നു. 'യോഗ അസോസിയേഷന്‍ ഓഫ് ട്രിവാന്‍ഡ്ര'വുമായി ചേര്‍ന്ന് ആഴ്ചയില്‍ രണ്ടുതവണ യോഗാ ക്ലാസുകളുമുണ്ട്. കൂട്ടത്തില്‍ മ്യൂസിക് ക്ലാസും. കോവിഡ് സമയത്ത് ഫുഡ് റിലീഫും വിമന്‍സ് വര്‍ക്ക്ഷോപ്പുകളും നടത്തിയിരുന്നു. 'വിമന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലീഡര്‍ഷിപ്പ്'എന്ന പേരില്‍ ശ്രീലങ്കയില്‍വെച്ച് ക്യാമ്പ് സംഘടിപ്പിച്ചു. ഇതിനിടയില്‍ സ്‌കൈഡൈവിങ്ങിലും ടിഫാനി ഒരുകൈ നോക്കി.
''2017-ലാണ്. 'ഇറാസ്മസ് പ്ലസി'ന്റെ പ്രോഗ്രാമിന് ബെല്‍ജിയത്തിലും ജര്‍മനിയിലും പോയിരുന്നു. അവിടെവെച്ച് 'വ്യൂസ് ഇന്റര്‍നാഷണല്‍' എന്ന സംഘടനയുടെ ഭാഗമായി സ്‌കൈ ഡൈവിങ് ചെയ്തു. വ്യത്യസ്തമായ അനുഭവമായിരുന്നു. മുന്‍പ് പാരാഗ്ലൈഡിങ് ചെയ്തിട്ടുണ്ട്. സാഹസിക കാര്യങ്ങള്‍ ചെയ്യാന്‍ എനിക്കിഷ്ടമാണ്. പൊതുവേ അന്ധരായ ആളുകള്‍ ഓടരുത്, ചാടരുത്, വീഴും, തട്ടും, മുട്ടും എന്ന ശാസനകളാണ് കേള്‍ക്കാറ്. അങ്ങനെയല്ലെന്നും അവരും സാധാരണ ജീവിതം നയിക്കാന്‍ കഴിയുന്നവരാണെന്ന ബോധ്യം ഉണ്ടാക്കുകയായിരുന്നു ലക്ഷ്യം. സാഹസികമായ എല്ലാ കളികളിലും കുട്ടികളെ പങ്കെടുപ്പിക്കാറുണ്ട്. കുട്ടികള്‍ക്കൊപ്പം യാത്രചെയ്യാനും സമയം ചെലവഴിക്കാനും ധാരാളം ആളുകള്‍ വരാറുണ്ട്. 'ക്രാവ് മഗാ' എന്ന സംഘടനയുമായി ചേര്‍ന്ന് സെല്‍ഫ് ഡിഫന്‍സ് സെഷനുകള്‍ നടത്തിയിരുന്നു. കാഴ്ചയില്ലാത്തവര്‍ക്കും സ്വയരക്ഷ നോക്കണമല്ലോ. ആളുകളുടെ ആശയങ്ങളും സാമ്പത്തിക സഹായവുമുണ്ടെങ്കില്‍ മാത്രമേ 'ജ്യോതിര്‍ഗമയ' കൂടുതല്‍ ജനകീയമാകൂ.''
ടിഫാനി കുട്ടികളെ 'ജ്യോതിര്‍ഗമയ'യുടെ വിശാലമായ കംപ്യൂട്ടര്‍ ലാബിലേക്ക് പറഞ്ഞയച്ചു. ശ്രദ്ധയോടെ എല്ലായിടത്തും തൊട്ടും തലോടിയുമവര്‍ മുന്നോട്ട് നടന്നു. മുന്നില്‍ കിടന്ന ചാരുകസേരയില്‍ കാലുതട്ടുമെന്ന് തോന്നി തടസ്സം മാറ്റാന്‍ ശ്രമിച്ചപ്പോള്‍ അരുണ പിന്തിരിപ്പിച്ചു. ''ഇതെല്ലാം അവര്‍ക്കുള്ള ഓരോ അടയാളങ്ങളാണ്. ഇന്നിത് മാറ്റിയാല്‍ നാളെ എന്തുചെയ്യും? വീണും തട്ടിയും തന്നെയാണ് ഒറ്റയ്ക്ക് നടക്കാന്‍ പഠിക്കേണ്ടത്.'' വശങ്ങളിലുള്ള പിരിയന്‍ ഗോവണിയിലൂടെ യാതൊരു സഹായവുമില്ലാതെ അവര്‍ ഇറങ്ങുന്നതുകണ്ടപ്പോള്‍ അരുണ പറഞ്ഞതിന്റെ പൊരുള്‍ മനസ്സിലായി. പിന്നാലെ ടിഫാനിയും. ഓരോരുത്തരും കംപ്യൂട്ടര്‍ ഓണാക്കി വേഗത്തില്‍ ടൈപ്പ് ചെയ്യുന്നു. ഓരോ കീയില്‍ തൊടുമ്പോഴും ആ അക്ഷരം ശബ്ദരൂപത്തില്‍ പുറത്തേക്കുകേള്‍ക്കാം. കാഴ്ചയ്ക്കപ്പുറത്തേക്കുള്ള ലോകത്തേക്ക് ആത്മവിശ്വാസത്തിന്റെ പടവുകള്‍ കയറുകയാണ് അവള്‍...
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..