ഐ.വി.ശശി
സിനിമയില്‍ കലാസംവിധായകനായി പ്രവര്‍ത്തിക്കുന്ന കാലം മുതലുള്ള അടുപ്പമാണ് ഐ.വി. ശശിയുമായുണ്ടായിരുന്നത്. എ.ബി. രാജിന്റെ സംവിധാനസഹായിയായിരുന്ന കാലത്ത് ഒരുമിച്ച് ജോലിചെയ്യുന്ന സന്ദര്‍ഭങ്ങളിലെല്ലാം ശശി സംസാരിച്ചതിലേറെയും താന്‍ ആദ്യമായി സംവിധാനംചെയ്യാന്‍ പോകുന്ന സിനിമയെക്കുറിച്ചായിരുന്നു. 'ഉത്സവ'ത്തിലൂടെ ശശി സംവിധായകനായെങ്കിലും തുടക്കകാലത്തെ അദ്ദേഹത്തിന്റെ പല സിനിമകളിലും ആക്ഷന്‍രംഗങ്ങള്‍ കുറവായിരുന്നു. അതുകൊണ്ടുതന്നെ ഞങ്ങള്‍ക്ക് ഒന്നിക്കാന്‍ 'ഇതാ ഇവിടെവരെ'യെത്തേണ്ടതായിവന്നു. ചില കാത്തിരിപ്പുകള്‍ ഭാവിയില്‍ ഗുണംചെയ്യുമെന്ന് പറയുംപോലെ സ്റ്റണ്ട് മാസ്റ്റര്‍ എന്നനിലയിലുള്ള എന്റെ കരിയറിന് 'ഇതാ ഇവിടെവരെ' വലിയ ഗുണംചെയ്തു.
അറുപതുവര്‍ഷത്തെ എന്റെ സിനിമാജീവിതത്തില്‍ ഇന്ത്യയിലെ എല്ലാ ഭാഷകളിലുമായി നൂറുകണക്കിന് സംവിധായകര്‍ക്കൊപ്പം വര്‍ക്കുചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട്. ഓരോരുത്തരുടെയും രീതികള്‍ വ്യത്യസ്തമായിരുന്നു. എങ്കിലും ഫൈറ്റിന്റെ കാര്യത്തില്‍ മാസ്റ്റര്‍മാര്‍ക്ക് പരിപൂര്‍ണസ്വാതന്ത്ര്യം നല്‍കുന്ന ചില സംവിധായകരുണ്ട്. മനസ്സിലുള്ള ഫ്രെയിം എന്താണെന്ന് അവര്‍ കൃത്യമായി പറയും. അതിനൊപ്പം സ്റ്റണ്ട് മാസ്റ്ററുടെ കമ്പോസിങ് രീതികളുംകൂടി ചേരുമ്പോള്‍ ഫൈറ്റ് ഗംഭീരമാകും. ഏറെ അപകടങ്ങള്‍ നിറഞ്ഞതാണെങ്കിലും ശശിക്കൊപ്പം വര്‍ക്കുചെയ്യാന്‍ കഴിഞ്ഞത് വലിയ അനുഭവമായിരുന്നു.
'ഇതാ ഇവിടെവരെ'യില്‍ മധുസാറും സോമനുമായുള്ള ക്ലൈമാക്സ് സംഘട്ടനം ചിത്രീകരിക്കുംമുന്‍പ് ശശി പറഞ്ഞു: ''മാസ്റ്റര്‍, മുന്‍പെങ്ങും കാണാത്തരീതിയിലുള്ള ഒരു പുതുമ നമുക്ക് ഈ ഫൈറ്റില്‍ കൊണ്ടുവരാന്‍ കഴിയണം.'' എന്റെ മനസ്സിലുള്ള സ്വീക്വന്‍സുകള്‍ ഞാന്‍ ശശിക്ക് വിശദീകരിച്ചുകൊടുത്തു. ഒന്നാംതരം നാടന്‍ ഫൈറ്റായിരുന്നു അത്. കേട്ടപ്പോള്‍ത്തന്നെ ശശി പറഞ്ഞു: ''മതി, അങ്ങനെമതി മാസ്റ്റര്‍.'' ഓരോ ഷോട്ട് എടുക്കുമ്പോഴും ശശി ആവേശഭരിതനായി. സോമനും മധുവുമായി വളരെ റിയലിസ്റ്റിക് രീതിയില്‍ ചെയ്ത ആ സ്റ്റണ്ട് ഏറെ ചര്‍ച്ചചെയ്യപ്പെട്ടു.
ആദ്യകാലത്ത് വെള്ളവും തീയുമൊക്കെ സംഘട്ടനങ്ങളില്‍ കൊണ്ടുവരാന്‍ ശശി പ്രത്യേകതാത്പര്യം കാണിച്ചിരുന്നു. വലിയ ഹിറ്റായിമാറിയ 'അങ്ങാടി'യുടെ ക്ലൈമാക്സ് രംഗംതന്നെ മികച്ച ഉദാഹരണമാണ്. ജയനും സീമയും സുകുമാരനും രവികുമാറും രാഘവനുമൊക്കെച്ചേര്‍ന്ന് തീപിടിച്ച ഗോഡൗണില്‍ക്കിടന്നുള്ള സാഹസികരംഗങ്ങളുടെ ചിത്രീകരണം വളരെ അപകടം നിറഞ്ഞതായിരുന്നു. തന്റെ മനസ്സിലുള്ള ഫ്രെയിം ക്യാമറയില്‍ പകര്‍ത്താന്‍ എത്രവലിയ റിസ്‌ക്കെടുക്കാനും ശശി തയ്യാറായിരുന്നു. അത്തരം സിറ്റുവേഷനുകളിലെല്ലാം നിരവധി അപകടങ്ങളെയും ഞങ്ങള്‍ക്ക് അഭിമുഖീകരിക്കേണ്ടതായിവന്നു. 'അങ്ങാടി'യുടെ ചിത്രീകരണത്തിനിടയില്‍ പലതവണ ജയന് പരിക്കുപറ്റിയിരുന്നു. അപ്പോഴൊക്കെ ശശി പറയും: ''കൂടുതല്‍ റിസ്‌ക്കുള്ള ഷോട്ടുകളില്‍ ജയനെ ഒഴിവാക്കണം. നമുക്ക് ഡ്യൂപ്പിനെവെച്ച് ചെയ്യാം.'' പക്ഷേ, ഡ്യൂപ്പിടാന്‍ ജയന്‍ തയ്യാറായിരുന്നില്ല. അപകടംപിടിച്ച രംഗങ്ങളില്‍ നടന്മാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്താതെ ശശി ഷൂട്ടിങ് തുടങ്ങാറുമില്ല.
ഒരേസമയം തമിഴിലും തെലുഗിലുമായി ശശി ചെയ്ത ചിത്രമായിരുന്നു രജനീകാന്ത് നായകനായ 'കാളി'. ഷൂട്ടിങ്ങിനിടയില്‍ ഒരുനിമിഷം പോലും വെറുതേ കളയാന്‍ ശശി തയ്യാറാവില്ല. സിനിമയില്‍ അടിമുടി മുങ്ങിക്കുളിച്ച പോലെയായിരിക്കും അപ്പോഴയാളുടെ പെരുമാറ്റം. ആ സമയങ്ങളിലെല്ലാം വല്ലാത്ത ഒരു ധൃതി ശശി കാണിച്ചുകൊണ്ടിരിക്കും. ഒരുതരത്തിലുള്ള വെപ്രാളം. ഈ സ്വഭാവം ശശി പോലും അറിയാതെ വലിയ അപകടത്തിലേക്ക് കൊണ്ടുചെന്നെത്തിച്ചിട്ടുണ്ട്. അതില്‍ പിന്നീട് ഒരുപാട് വിഷമിച്ചിരിക്കുന്ന അവസ്ഥകളിലൂടെയും ശശിയ്ക്ക് കടന്നുപോകേണ്ടതായി വന്നിട്ടുണ്ട്.
'കാളി'യുടെ ക്ലൈമാക്സ് രംഗം താംബരത്തിനടുത്ത് ചിത്രീകരിക്കുമ്പോഴുണ്ടായ അപകടത്തില്‍ നിരവധി ഡ്യൂപ്പ് ആര്‍ട്ടിസ്റ്റുകള്‍ക്കും പത്തോളം കുതിരകള്‍ക്കും പൊള്ളലേറ്റു. തന്റെ സിനിമയുടെ ഷൂട്ടിങ്ങിനിടയില്‍ അങ്ങനെയൊരു അപകടമുണ്ടായതില്‍ ശശിക്ക് വലിയ വേദനയുണ്ടായിരുന്നു. ആക്ഷന്‍ സിനിമകളുടെ ചിത്രീകരണവേളയില്‍ ഇത്തരം സംഭവങ്ങള്‍ സാധാരണമായി ഉണ്ടാകുന്നതാണ്. പല സംവിധായകരും അതത്ര കാര്യമാക്കാറുമില്ല. നഷ്ടം നിര്‍മാതാവിന് മാത്രമാണ്. ശശിയെ സംബന്ധിച്ചിടത്തോളം നഷ്ടങ്ങളെല്ലാം വേദനകള്‍ തന്നെയായിരുന്നു. പക്ഷേ, അത്തരം കാര്യങ്ങള്‍ അധികമാരോടും പങ്കുവെക്കാനും അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ല.

ചിത്രീകരണസമയങ്ങളില്‍ പലപ്പോഴും ശശി ധൃതികാണിക്കാറുണ്ടായിരുന്നു. ഷെഡ്യൂള്‍ ചെയ്തപ്രകാരം സിനിമ പൂര്‍ത്തീകരിക്കുക എന്ന ഉദ്ദേശശുദ്ധി മാത്രമായിരുന്നു അതിന് പിന്നില്‍. ആക്ഷന്‍ രംഗങ്ങളെടുക്കുമ്പോള്‍ 'വേഗം... വേഗം...' എന്ന് വിളിച്ച് പറഞ്ഞുകൊണ്ടിരിക്കും. 'കാളി'യിലെ ഫൈറ്റ് സീനെടുക്കുമ്പോള്‍ താന്‍ കാണിച്ച ധൃതിയാണോ അപകടത്തിന് കാരണമായതെന്നുപോലും ശശി വെറുതേ ചിന്തിച്ചു. പിന്നീടും അദ്ദേഹത്തിന്റെ ഒട്ടനവധി പടങ്ങളില്‍ പ്രത്യക്ഷത്തില്‍ത്തന്നെ അപകടം നിറഞ്ഞ സ്റ്റണ്ട് സ്വീക്വന്‍സുകള്‍ ഞാന്‍ രൂപപ്പെടുത്തി. ആ സന്ദര്‍ഭങ്ങളിലെല്ലാം ശശി പതിഞ്ഞ ശബ്ദത്തില്‍ ചോദിക്കും. ''മാസ്റ്റര്‍.... പ്രയാസമുണ്ടാകില്ലല്ലോ..?'' ഡ്യൂപ്പ് ആര്‍ട്ടിസ്റ്റിന്റെ ശരീരത്തില്‍ നിന്നുപോലും ഒരുതുള്ളി രക്തം വീഴാതെ സ്റ്റണ്ട് സീനുകള്‍ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞാല്‍ ആ സന്തോഷം ശശിയുടെ മുഖത്ത് കാണാന്‍ കഴിയും. സൂപ്പര്‍ ഹിറ്റായ അദ്ദേഹത്തിന്റെ പല സിനിമകള്‍ക്കും ഗംഭീരമായ ഫൈറ്റുകള്‍ ഒരുക്കാന്‍ കഴിഞ്ഞത് ശശിയുടെ വലിയ സഹകരണം കൊണ്ടുകൂടിയാണ്.
സംവിധായകനെന്ന നിലയിലുള്ള തുടക്കക്കാലത്ത്, ഞാന്‍ വീട്ടിലുണ്ടെന്നറിഞ്ഞാല്‍ ശശി കയറി വരും. സമയം നോക്കാതെ സ്വന്തം വീട്ടിലേക്കെന്ന പോലെയുള്ള ശശിയുടെ ആ വരവ് ഞാനും ഇഷ്ടപ്പെട്ടിരുന്നു. ചെയ്യാന്‍ പോകുന്ന സിനിമയെക്കുറിച്ചാകും പിന്നീട് സംസാരം. പാതിരാത്രി കഴിഞ്ഞാലും അതങ്ങനെ തുടര്‍ന്നുപോകും. പിന്നെ... പിന്നെ..ഓരോ ചിത്രം കഴിയുമ്പോഴും ശശി വളര്‍ന്നുകൊണ്ടിരുന്നു.
ആ പ്രശസ്തി മറ്റ് പലരെയുംപോലെ ശശി തലയിലേറ്റി നടന്നില്ല. അദ്ദേഹത്തിന്റെ മനസ്സ് മുഴുവന്‍ സിനിമ മാത്രമായിരുന്നു. വ്യത്യസ്തമായ മാസ് ചിത്രങ്ങള്‍ ഒരുക്കുന്നതില്‍ മാത്രമായിരുന്നു ശ്രദ്ധ. അപ്പോഴും എന്നെ വിളിച്ചു പറഞ്ഞു.''മാസ്റ്റര്‍.. പുതിയ പടത്തിന്റെ ഫൈറ്റുകള്‍ ഗംഭീരമാക്കണം.'' സിനിമയില്‍ പേരും പ്രശസ്തിയും ലഭിക്കുമ്പോള്‍ വന്നവഴി മറക്കുകയെന്നത് പൊതുവേ കണ്ടുവരാറുള്ളതാണ്. പ്രത്യേകിച്ച് സിനിമാരംഗത്ത്. ശശിയെ സംബന്ധിച്ചിടത്തോളം അദ്ദേഹം ഒന്നും മറന്നില്ല. എന്നും മനുഷ്യനായി ജീവിച്ചുകൊണ്ടിരുന്നു, മരണം വരെ!
ഏത് കാറ്റഗറിയിലുള്ള സിനിമയും ചെയ്യാന്‍ കഴിവുള്ള അപൂര്‍വം സംവിധായകരില്‍ ഒരാളായിരുന്നു ഐ.വി. ശശി. 'ഇതാ ഇവിടെ വരെ'യില്‍ തുടങ്ങി തലമുറകള്‍ പിന്നിടുമ്പോഴും ശശിയിലെ മാസ്റ്റര്‍ ക്രാഫ്റ്റ്സ്മാന്‍ സിനിമയുടെ മലക്കംമറിച്ചിലില്‍ വീണുപോയില്ല. ഗ്രാഫിക്സിന്റെ വലിയ സാധ്യതകള്‍ ഉപയോഗിച്ച് നിര്‍മിക്കുന്ന പുതിയകാലത്തെ പല ചിത്രങ്ങളും കാണുമ്പോള്‍ ഞാന്‍ ശശിയെ ഓര്‍ത്തുപോകാറുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പേ എങ്ങനെയാണ് ഈ മനുഷ്യന്‍ ഇത്രയേറെ മനുഷ്യരെ ഒറ്റ ഫ്രെയിമില്‍ കൊണ്ടുവന്നതെന്ന് ഓര്‍ത്ത് അദ്ഭുതപ്പെടാറുണ്ട്. 'അങ്ങാടി'യും 'മീനും' 'തുഷാര'വും 'അഹിംസ'യും 'ഈ നാടും' 'അതിരാത്ര'വും 'ആവനാഴി'യും 'ഇന്‍സ്‌പെക്ടര്‍ ബല്‍റാ'മും തുടങ്ങി '1921' പോലൊരു ചിത്രം. ഒരുപക്ഷേ, ഇതെല്ലാം ഐ.വി. ശശിക്ക് മാത്രം സാധ്യമാകുന്നതായിരുന്നു. ഇനി ആവര്‍ത്തിക്കാനിടയില്ലാത്ത ആ ചരിത്രത്തിന്റെ ഭാഗമായി മാറാന്‍ കഴിഞ്ഞതിലാണ് സ്റ്റണ്ട് മാസ്റ്റര്‍ എന്ന നിലയില്‍ ഞാന്‍ ഏറെ അഭിമാനിക്കുന്നതും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..