To advertise here, Contact Us'അവളുടെ ഓര്‍മ വല്ലാതെ എന്നെ വേട്ടയാടുന്നെടാ...'കരഞ്ഞുകൊണ്ട് അന്ന് ജോഷി പറഞ്ഞു


തയ്യാറാക്കിയത്: സൂരജ് സുകുമാരന്‍

5 min read
Read later
Print
Share

ജോഷി എന്ന സംവിധായകനെയും വ്യക്തിയെയും അടുത്തറിഞ്ഞ നിമിഷങ്ങള്‍ വിവരിക്കുകയാണ് തിരക്കഥാകൃത്ത് എസ്.എന്‍.സ്വാമി

ജോഷി / ഫോട്ടോ: അജീബ് കോമാച്ചി

ജോഷി സംവിധാനം ചെയ്ത 'രക്തം' എന്ന സിനിമയുടെ ചര്‍ച്ചകളില്‍വെച്ചാണ് ഞാനദ്ദേഹവുമായി ഒരുമിച്ച് പ്രവര്‍ത്തിച്ചുതുടങ്ങുന്നത്. അതിന് മുന്‍പ് 'മൂര്‍ഖന്‍' എന്ന സിനിമ ചെയ്ത് ജോഷി തന്റെ വരവറിയിച്ചിരുന്നു. 'രക്ത'ത്തിന്റെ തിരക്കഥ കലൂര്‍ ഡെന്നീസായിരുന്നു. അന്നുതൊട്ടുള്ള ഓരോ ജോഷി സിനിമകളിലും കഥാചര്‍ച്ചകളില്‍ ഞാനും ഭാഗവാക്കായിരുന്നു. കലൂര്‍ ഡെന്നീസും ഡെന്നീസ് ജോസഫുമൊക്കെയാണ് അന്ന് ജോഷിസിനിമകള്‍ക്ക് ഭൂരിഭാഗത്തിനും തിരക്കഥയെഴുതിയിരുന്നത്. അവര്‍ക്കൊപ്പം തിരക്കഥാചര്‍ച്ചകളിലെല്ലാം ഞാനുമുണ്ടാകും.

To advertise here, Contact Us

ഞാന്‍, ജോഷി, കലൂര്‍ഡെന്നീസ്, കൊച്ചിന്‍ ഹനീഫ എന്നിവര്‍ അന്നൊരു ടീമായിരുന്നു. ഓരോ കഥയും ഒരുക്കുമ്പോള്‍ എല്ലാവരും ഒരുമിച്ചിരിക്കും. അത്തരം കൂട്ടായ ചര്‍ച്ചകള്‍ തിരക്കഥയും സിനിമയും മികച്ചതാക്കാന്‍ ഒരുപാട് സഹായിച്ചിരുന്നു. ജോഷിയുമായി അന്ന് തുടങ്ങിയ സൗഹൃദം നാല് ദശാബ്ദത്തിനിപ്പുറം അതിലും ശക്തമായി നിലനില്‍ക്കുന്നുണ്ട്. ഞങ്ങള്‍ തമ്മിലുള്ള ബന്ധം സിനിമാബന്ധത്തിനപ്പുറത്ത് നില്‍ക്കുന്ന സൗഹൃദമാണ്. എന്നും വിളിക്കുകയും കാണുകയും ചെയ്യുന്ന സൗഹൃദമല്ലെങ്കിലും ഒരു വിളിക്കപ്പുറം രണ്ടുപേരും ഉണ്ടാകും എന്ന വിശ്വാസമാണത്.

ജോഷിക്കുവേണ്ടി ഞാനാദ്യമായി തിരക്കഥ ഒരുക്കിയ ചിത്രം മോഹന്‍ലാല്‍ നായകനായ 'നാടുവാഴികള്‍' എന്ന സിനിമയായിരുന്നു. സെവന്‍ ആര്‍ട്‌സിന് മോഹന്‍ലാലിന്റെ ഡേറ്റ് ഉണ്ടെന്നും നല്ലൊരു തിരക്കഥ ഒരുക്കണമെന്നും ആവശ്യപ്പെട്ടു. അങ്ങനെ ഞാനും ജോഷിയും സെവന്‍ ആര്‍ട്‌സ് വിജയകുമാറും കൂടി കൊല്ലൂര്‍ മൂകാംബികയിലേക്ക് ഒരു യാത്രപോയി. തിരിച്ചുവരുമ്പോള്‍ കാസര്‍കോട് വ്യവസായിയായ കെ.എസ്. അബ്ദുള്ളയുടെ വീട്ടില്‍ കയറി. അദ്ദേഹത്തിന്റെ കഥകള്‍ കേള്‍ക്കാനും അതില്‍നിന്ന് അധോലോകവുമായി ബന്ധപ്പെട്ട ഏതെങ്കിലും ആശയം സംഘടിപ്പിക്കാം എന്ന ലക്ഷ്യത്തിലായിരുന്നു സന്ദര്‍ശനം. അപ്രതീക്ഷിത സന്ദര്‍ശനത്തിന് ചെന്ന ഞങ്ങള്‍ക്ക് നിരാശയായിരുന്നു ഫലം, അദ്ദേഹം വീട്ടില്‍ ഉണ്ടായിരുന്നില്ല. തിരിച്ച് എറണാകുളത്തേക്കുള്ള യാത്രയില്‍ ഞാന്‍ പല ആശയങ്ങളും മനസ്സില്‍ ആലോചിച്ചു. അവസാനം നല്ലതെന്ന് തോന്നിയത് ജോഷിയോടും വിജയകുമാറോടും പറഞ്ഞു.

ഒരച്ഛനും മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയായിരുന്നു അത്. നാടുവാഴിയായ അച്ഛനെ ഒരുഘട്ടത്തില്‍ ശത്രുക്കളെല്ലാം ഒന്നിച്ച് ജയിലില്‍ ആക്കുന്നതും ആകസ്മികമായി ഒന്നുമറിയാത്ത കോളേജ് വിദ്യാര്‍ഥിയായ മകന് അച്ഛനെ രക്ഷിക്കാന്‍ നാട്ടിലേക്ക് തിരിച്ചുവരേണ്ടിയും വരുന്ന കഥയായിരുന്നു. 'നാടുവാഴികള്‍' എന്ന് ഞങ്ങള്‍ സിനിമയ്ക്ക് പേരിട്ടു. മധുസാറും മോഹന്‍ലാലും അച്ഛനും മകനുമായി. ജോഷി ആ കഥയെ തന്റെ സംവിധാനത്തിലൂടെ മികച്ച സിനിമയാക്കി മാറ്റി. 'നാടുവാഴികള്‍' സൂപ്പര്‍ഹിറ്റായി മാറി.

ജോഷി സംവിധാനം ചെയ്ത സിനിമകളില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടവയുടെ പട്ടികയെടുത്താല്‍ അതില്‍ ആദ്യസ്ഥാനത്ത് വരുന്ന സിനിമകളിലൊന്നാണ് 'ധ്രുവം'. ഞാനും ജോഷിയും ഒന്നിച്ച് മമ്മൂട്ടി നായകനായ ചിത്രം. കള്‍ട്ട് സിനിമ എന്ന വിശേഷണത്തിന് അര്‍ഹമായ ചിത്രങ്ങളിലൊന്നാണത്. ഏറ്റവും സ്റ്റൈലന്‍ ഫ്രെയിമുകളും അവതരണവുമൊക്കെക്കൊണ്ട് ഇന്നും പ്രേക്ഷകര്‍ക്ക് ആവേശമുണര്‍ത്തുന്ന സിനിമ. 'ധ്രുവ'ത്തിന്റെ ആശയം ആദ്യമായി എന്നോട് പറയുന്നത് സംവിധായകനും തിരക്കഥാകൃത്തുമായ എ.കെ.സാജനാണ്. ആദ്യകഥയില്‍ മമ്മൂട്ടി അവതരിപ്പിച്ച മന്നാടിയാര്‍ എന്ന കഥാപാത്രവുമൊന്നുമില്ല. സാജന്‍ പറഞ്ഞ കഥയില്‍ ടി.ജി. രവി അവതരിപ്പിച്ച ആരാച്ചാരും വില്ലന്‍ കഥാപാത്രമായ ഹൈദര്‍ മരക്കാരും മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഈ കഥാപാത്രങ്ങളെവെച്ച് സിനിമ പൂര്‍ണമാക്കാന്‍ പറ്റില്ലെന്ന് ഞാന്‍ പറഞ്ഞു. അങ്ങനെ എന്റെ മനസ്സിലുള്ള കേട്ടുകേള്‍വികളും അറിവുകളുമൊക്കെവെച്ച് ഉണ്ടാക്കിയ തിരക്കഥയാണ് ഇന്ന് കാണുന്ന 'ധ്രുവം' എന്ന സിനിമ.

ജയറാം, സുരേഷ് ഗോപി, വിക്രം, ഗൗതമി, പ്രഭാകര്‍ തുടങ്ങി വലിയൊരു താരനിര ആ ചിത്രത്തിലുണ്ടായിരുന്നു. ജോഷി എന്ന സംവിധായകന്റെ കഴിവ് ഞാന്‍ കണ്ടറിഞ്ഞ സിനിമയാണത്. പൂജപ്പുര സെന്‍ട്രല്‍ ജയിലിലായിരുന്നു 'ധ്രുവ'ത്തിന്റെ വലിയൊരു ശതമാനം ഷൂട്ട് ചെയ്യേണ്ടത്. ജയിലിലെ ഷൂട്ട് പകുതിയായപ്പോള്‍ പത്രത്തില്‍ തെറ്റായ ഒരു വാര്‍ത്ത വരുകയും തുടര്‍ന്ന് സര്‍ക്കാര്‍ അനുമതി റദ്ദാക്കുകയും ചെയ്തു. ഇതോടെ ആകെ പ്രതിസന്ധിയിലായി. ഗാലോസി (ഹാങിങ് റൂം) അടക്കമുള്ള സീനുകള്‍ ഷൂട്ട് ചെയ്യാനുണ്ടായിരുന്നു. വേറൊരു ജയിലില്‍ റീഷൂട്ട് ചെയ്യുക എന്നത് വലിയ സാമ്പത്തികബാധ്യതയാണ്. എന്ത് ചെയ്യണമെന്നറിയാതെ ഞങ്ങള്‍ പകരം പല സ്ഥലങ്ങളും അന്വേഷിച്ചു, എന്നാല്‍ ഒന്നും അനുയോജ്യമായില്ല. എന്ത് ചെയ്യണമെന്നറിയാതെ നിന്നപ്പോഴാണ് ജയിലിന് വെളിയില്‍ മതിലിനോട് ചേര്‍ന്ന് ജയിലിനോട് സമാനമായ സെറ്റ് തയ്യാറാക്കാന്‍ സാബുസിറിലിനോട് ജോഷി നിര്‍ദേശിച്ചത്.

ഉള്ളിലെ കുറെ ഭാഗങ്ങളുടെയെല്ലാം ലോങ് ഷോട്ടുകള്‍ ജോഷി നേരത്തേ ഷൂട്ട് ചെയ്ത് വെച്ചിരുന്നു. അത് ഉപകാരമായി. സിനിമയുടെ ഔട്ട് കണ്ടപ്പോള്‍ ഒറിജിനല്‍ ജയിലും സെറ്റിട്ടതും ആര്‍ക്കും തിരിച്ചറിയാന്‍ സാധിച്ചില്ല. അത്രമേല്‍ പെര്‍ഫെക്ഷനിലാണ് ഷൂട്ട് ചെയ്തിരിക്കുന്നത്. സിനിമ സൂപ്പര്‍ ഹിറ്റായി മാറി.

എസ്.എന്‍.സ്വാമിയും ജോഷിയും

'ധ്രുവ'ത്തിലെ ജയില്‍ഷൂട്ടിനെക്കുറിച്ച് ഒരിക്കല്‍ ഞാന്‍ ജോഷിയോട് ചോദിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞത് ഇങ്ങനെ, ''എടാ, ഒരു ലൊക്കേഷനില്‍ ചെന്നാല്‍ എത്രദിവസത്തെ ഷൂട്ട് വേണ്ടിവരും, എന്തൊക്കെ കാര്യങ്ങള്‍ ആവശ്യമായി വരും എന്നൊക്കെ മനസ്സില്‍ ആദ്യം പ്ലാന്‍ ചെയ്യും. എന്തെങ്കിലും കാരണത്താല്‍ പകുതിക്കുവെച്ച് ആ ലൊക്കേഷനില്‍ ഷൂട്ട് മുടങ്ങിയാല്‍ സിനിമ നിന്നുപോകരുത്. അതിനായി ആ ലൊക്കേഷനിലെ ഏറ്റവും പ്രധാന്യമുള്ള ചില വസ്തുക്കള്‍, ഭാഗങ്ങള്‍ എന്നിവ ആദ്യമേ ഷൂട്ട് ചെയ്ത് വയ്ക്കും. എവിടെയായാലും സെറ്റിട്ട് ഷൂട്ട് തുടരാന്‍ പിന്നെ നമുക്ക് അത് മാത്രം മതി.'' ആ പറഞ്ഞ വാക്കുകളില്‍തന്നെ ജോഷി എന്ന സംവിധായകന്റെ കഴിവ് ഒളിഞ്ഞുകിടക്കുന്നുണ്ടായിരുന്നു.

സിനിമയോടുള്ള അടങ്ങാത്ത പാഷനാണ് ജോഷി എന്ന സംവിധായകനെ മാസ്റ്റര്‍ ക്രാഫ്റ്റ്‌സ്മാന്‍ ആക്കുന്നത്. ഇത്രയും കാലം കഴിഞ്ഞിട്ടും ഏറ്റവും പുതിയ ജനറേഷന്റെ കൂടി ആരാധനാപാത്രമാകുന്നതിനും കാരണം മറ്റൊന്നല്ല. സിനിമയ്ക്ക് വേണ്ടിയാണ് ജോഷി ജനിച്ചതെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്, ജോഷിക്ക് സിനിമയല്ലാതെ മറ്റൊരു ജീവിതമില്ല. എല്ലാ ദിവസവും പുതിയ പുതിയ സിനിമകള്‍ കണ്ടുകൊണ്ടേയിരിക്കുക എന്നതാണ് ജോഷിയുടെ ജീവിതത്തിലെ പ്രധാനകാര്യം. ആ സിനിമകളിലൂടെയാണ് ജോഷി ചുറ്റുമുണ്ടാകുന്ന മാറ്റങ്ങളെയും ടെക്‌നോളജിയില്‍ വരുന്ന മാറ്റങ്ങളെയും എല്ലാം ശ്രദ്ധിക്കുന്നതും പഠിക്കുന്നതും. അതുകൊണ്ടാണ് ഇന്നും ജോഷിയുടെ സിനിമ എന്ന് പറയുമ്പോള്‍ ആളുകള്‍ ഇടിച്ചുകയറുന്നത്.

തീരെ ചെറുപ്പകാലം മുതലേ സിനിമയോട് ജോഷിക്ക് അഭിനിവേശമുണ്ട്. അദ്ദേഹത്തിന്റെ കുടുംബത്തിന് അന്ന് വര്‍ക്കലയിലൊരു തിയേറ്റര്‍ ഉണ്ടായിരുന്നു. ആ തിയേറ്ററില്‍നിന്ന് ഒരുപാട് സിനിമകള്‍ കണ്ടാണ് ജോഷി വളര്‍ന്നത്. അദ്ദേഹം ആദ്യമായി അസിസ്റ്റന്റായി വര്‍ക്ക് ചെയ്ത് തുടങ്ങിയത് ക്രോസ്ബെല്‍റ്റ് മണിസാറിന്റെ കൂടെയാണ്. അന്നുമുതലേ മുഴുവന്‍സമയം സിനിമ എന്ന ചിന്ത മാത്രമേയുള്ളൂ. ആദ്യമായി ജോഷിയെ പരിചയപ്പെടുമ്പോള്‍ അദ്ദേഹം അസിസ്റ്റന്റ് ഡയറക്ടറാണ്. മദ്രാസില്‍ സ്വന്തമായി ഫ്ളാറ്റുള്ള അന്നത്തെ ഏക അസിസ്റ്റന്റ് ഡയറക്ടര്‍ ജോഷി മാത്രമാണ്.

സിനിമയല്ലാതെ മറ്റൊന്നും അദ്ദേഹത്തിന് പറ്റില്ലെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ജോഷി മറ്റുള്ള സിനിമക്കാരെപ്പോലെ തുറന്ന പബ്ലിക് ലൈഫുള്ള വ്യക്തിയല്ല. മിതമായി മാത്രമേ സംസാരിക്കൂ. സിനിമയുടെ സെലിബ്രിറ്റി സ്റ്റാറ്റസോ, മയക്കുന്ന ആള്‍ക്കൂട്ടങ്ങളോ അയാളെ ഇതുവരെ ഭ്രമിപ്പിച്ചില്ല. തന്റെ ജോലി ഭംഗിയായി ചെയ്ത് വീട്ടിലേക്ക് പോകുക എന്നതാണ് അയാളുടെ തത്ത്വം. നമ്മള്‍ എഴുതിയതിന്റെ എത്രയോ ഇരട്ടി ജോഷി സംവിധാനം ചെയ്യുമ്പോള്‍ സ്‌ക്രീനില്‍ തെളിഞ്ഞുവരും. നമ്മള്‍ ഒരു വരിയില്‍ എഴുതിയ കാര്യം ജോഷി പത്ത് വരിയിലായി ദൃശ്യവത്കരിക്കുമെന്ന് പറയാം.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരുരാത്രി, വെളുപ്പിന് രണ്ടുമണി സമയം, ഞാന്‍ ഭാരത് ടൂറിസ്റ്റ് ഹോമിലെ മുറിയില്‍ കിടന്നുറങ്ങുകയാണ്. അപ്രതീക്ഷിതമായി വാതിലില്‍ മുട്ട് കേട്ടാണ് എഴുന്നേറ്റത്. തുറന്നപ്പോള്‍ പുറത്ത് സിനിമാക്കാരായ കുറച്ച് സുഹൃത്തുക്കളുണ്ട്. എന്താണ് സംഭവമെന്ന് ആദ്യമെനിക്ക് മനസ്സിലായില്ല, ''ജോഷിയുടെ മകള്‍ കാറപകടത്തില്‍ മരിച്ചു. ഞങ്ങള്‍ക്കാര്‍ക്കും അദ്ദേഹത്തോട് ഇത് പറയാന്‍ ധൈര്യമില്ല, സ്വാമി ചെന്ന് പറയണം'' എന്നവര്‍ പറഞ്ഞു. ഒരുനിമിഷം എന്റെ നെഞ്ചിലൊരു മിന്നല്‍പ്പിണര്‍ പാഞ്ഞു. കേട്ടത് സത്യമാകരുതേ എന്ന് ഞാന്‍ പ്രാര്‍ഥിച്ചു, മനസ്സില്‍ ഒരു ശൂന്യതയോടെ ഞാന്‍ അവിടെ കുറച്ചുസമയം ഇരുന്നു.

''ജോഷിയോട് ഇത് പറയാന്‍ എനിക്ക് സാധിക്കില്ല. അവന്‍ ഇത് എങ്ങനെ താങ്ങും, എനിക്കാവില്ല'' നിസ്സഹായതയോടെ ഞാന്‍ പറഞ്ഞു. പക്ഷേ, അവസാനം ഗത്യന്തരമില്ലാതെ ആ ദൗത്യം ഞാന്‍ ഏറ്റെടുക്കേണ്ടിവന്നു. രാത്രി രണ്ടരയ്ക്ക് ഞാന്‍ അവന്റെ വീട്ടിലേക്ക് ചെന്നു. ഉറക്കത്തില്‍നിന്ന് വിളിച്ചുണര്‍ത്തി, അവന്റെയെല്ലാമായ മകളുടെ മരണവാര്‍ത്തയറിയിക്കാന്‍. ആ ഇരുട്ടില്‍ വീടിന്റെ വരാന്തയില്‍ എന്നെ കണ്ട ഉടന്‍ അവന്‍ അപകടം മണത്തു. ഞാന്‍ പറയുന്നതിന് മുന്‍പേ അവന് കാര്യം മനസ്സിലായി. പിന്നെ ഞാന്‍ അവന്റെ മുഖത്തേക്ക് നോക്കിയില്ല, അതിനുള്ള ധൈര്യമില്ലായിരുന്നു. ജീവിതത്തിലെ ആ മോശം ദിനങ്ങളെയും അവന്‍ അതിജീവിച്ചു, സിനിമയുള്ളതുകൊണ്ട്.

അതിനുശേഷം ഞാന്‍തന്നെ തിരക്കഥയെഴുതി മോഹന്‍ലാല്‍ നായകനായ 'ലോക്പാല്‍' എന്ന സിനിമയാണ് ജോഷി സംവിധാനം ചെയ്തത്. 'ലോക്പാല്‍' എന്ന സിനിമയുടെ ഷൂട്ടിങ് വേള, ജോഷിയുടെ നേതൃത്വത്തില്‍ ഒരുഭാഗത്ത് ഷൂട്ട് നടക്കുന്നു, അല്‍പം മാറി ഒരിടത്ത് ഞാനും ഇരിക്കുന്നുണ്ട്. പെട്ടെന്ന് അസിസ്റ്റന്റുമാരിലൊരാള്‍ എന്റെ അരികിലേക്ക് ഓടിവന്നു. ജോഷിസാര്‍ പെട്ടെന്ന് എന്തോ ആലോചിച്ച് മാറിയിരുന്ന് കരയുകയാണെന്ന് അവര്‍ പറഞ്ഞു. അവര്‍ക്ക് കൈകാര്യം ചെയ്യാനാകില്ല, ഞാന്‍ ചെന്ന് സംസാരിക്കണമെന്ന്.

ഞാന്‍ ചെല്ലുമ്പോള്‍ ജോഷി ഏങ്ങി ഏങ്ങി കരയുകയാണ്. ഇതുവരെ അങ്ങനെ അയാള്‍ കരയുന്നത് ഞാന്‍ കണ്ടിട്ടില്ലായിരുന്നു. തോളില്‍തട്ടി ''എന്തുപറ്റിയെടാ...'' എന്ന് ഞാന്‍ ചോദിച്ചു. ''അവളുടെ ഓര്‍മ വല്ലാതെ എന്നെ വേട്ടയാടുന്നെടാ...'' എന്ന് ജോഷി പറഞ്ഞു. കാരണം അവന് അത്രമേല്‍ പ്രിയപ്പെട്ടതായിരുന്നു അവള്‍. മാതാപിതാക്കള്‍ ജീവിച്ചിരിക്കെ മക്കള്‍ മരിച്ചുപോകുന്നതാണ് ലോകത്തിലെ ഏറ്റവും വലിയ വേദനകളിലൊന്നെന്ന് അന്ന് ഞാന്‍ തിരിച്ചറിഞ്ഞു. ഒരാള്‍ക്കും അത്തരമൊരു അവസ്ഥ ഉണ്ടാകരുതെന്ന് ഞാന്‍ വെറുതേ മനസ്സില്‍ പ്രാര്‍ഥിച്ചു...

Content Highlights: script writer sn swamy talking about director joshy

Add Comment
Related Topics

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
lakshmi gopalaswamy

3 min

'നാല്‍പ്പത്തഞ്ച് കഴിഞ്ഞ അഭിനേത്രികള്‍ക്കെല്ലാം ഈ പ്രയാസമുണ്ടാകുമെന്ന് ഞാന്‍ കരുതുന്നു'

May 19, 2024


mohanlal and sathyan anthikkad
മോഹൻലാലിന് പിറന്നാളാശംസകൾ

7 min

മോഹന്‍ലാല്‍ ഫോണിലൂടെ ഒരുപാട് ചതിക്കുഴികള്‍ കുഴിച്ചു,അതിലൊക്കെ ഞാന്‍ വീണു:സത്യന്‍ അന്തിക്കാട്

May 21, 2024


taruni sachdev

2 min

രസ്‌ന ഗേളില്‍നിന്ന് ബിഗ് ബിയുടെ ക്ലാസ്‌മേറ്റിലേക്ക്; വിമാനാപകടത്തില്‍ പൊലിഞ്ഞുപോയ ആ കൊച്ചുതാരം

May 15, 2024

To advertise here, Contact Us
To advertise here, Contact Us
To advertise here, Contact Us