സംവിധായകൻ അഹമ്മദ് കബീർ, തിരക്കഥാകൃത്ത് ആഷിക് ഐമർ
അടുത്ത നിമിഷം എന്ത് സംഭവിക്കും, ഒരു എപ്പിസോഡ് കണ്ടവസാനിപ്പിച്ചാല്‍ അടുത്തത് കാണാതെ ഉറക്കം വരില്ല, അത്രമേല്‍ ഉദ്വേഗജനകമായി കോരുത്തിടുന്ന കഥകള്‍, രസച്ചരട് പൊട്ടാതെ ഓരോ നിമിഷവും നമ്മെ ത്രില്ലടിപ്പിക്കുന്ന സീനുകള്‍, ത്രില്ലര്‍ വെബ് സീരിസുകള്‍ക്കാണ് എപ്പോഴും ഒ.ടി.ടി ലോകത്ത് ഏറ്റവും മാര്‍ക്കറ്റുള്ളത്. ഡല്‍ഹി ക്രൈമും, ദി ഫാമിലി മാനും, മിര്‍സാപൂരും, സാക്രൈഡ് ഗെയിംസും തുടങ്ങി ഇന്റര്‍നാഷണല്‍ ലെവലില്‍ ചര്‍ച്ച ചെയ്ത ഇന്ത്യന്‍ വെബ്‌സീരിസുകളുടെ വലിയ നിര തന്നെ പോയ വര്‍ഷങ്ങളിലുണ്ടായി. ഹിന്ദിയിലും തമിഴിലും തെലുഗിലും കന്നടയിലുമൊക്കെ മികച്ച വെബ്‌സീരിസുകള്‍ പിറന്നു. ഈ സീരിസുകളൊക്കെ കുത്തിയിരുന്ന് കണ്ട മലയാളി ഏറെക്കാലമായി ചോദിക്കുന്നു എന്തേ, മലയാളത്തില്‍ നിന്നൊരു വെബ്‌സീരിസ് വരുന്നില്ല..? ഇന്ത്യയില്‍ ഏറ്റവും മികച്ച ക്വാളിറ്റി കണ്ടന്റുകള്‍ പിറവിയെടുക്കുന്ന മോളിവുഡില്‍ നിന്ന് എന്നാല്‍ ഇത്രയും കാലമായിട്ടും ഒരു മികച്ച വെബ് സീരിസ് പിറന്നില്ല..? ആ പരാതിക്ക് പരിഹാരമായി ഒരുഇന്റര്‍നാഷണല്‍ റേഞ്ചിലൊരു വെബ്‌സീരിസ് എത്തുകയാണ്, ' കേരള ക്രൈം ഫയല്‍സ്'. ജൂണ്‍, മധുരം എന്നീ സിനിമകള്‍ക്ക് ശേഷം അഹമ്മദ് കബീര്‍ സംവിധാനം ചെയ്യുന്ന ' കേരള ക്രൈം ഫയല്‍സ്' ഹോട്ട് സ്റ്റാര്‍ വഴിയാണ് പ്രദര്‍ശനത്തിനെത്തുന്നത്. അജുവര്‍ഗീസ്, ലാല്‍, ദേവകി രാജേന്ദ്രന്‍ തുടങ്ങി മികച്ച താരനിരയാണ് സീരിസില്‍ അണിനിരക്കുന്നത്. മലയാളത്തിലെ ആദ്യത്തെ വെബ് സീരിസ് എന്ന ടാഗ് ലൈനോട് കൂടി എത്തുന്ന 'കേരള ക്രൈം ഫയല്‍സി'ന് തിരക്കഥയൊരുക്കുന്നത് മലപ്പുറം വളാഞ്ചേരി സ്വദേശിയും മധുരത്തിന്റെ തിരക്കഥാകൃത്തുമായിരുന്ന ആഷിക് ഐമറാണ്. കേരള ക്രൈം ഫയല്‍സിനെ കുറിച്ചും വെബ് സീരിസ് എഴുത്തനുഭവങ്ങളെ കുറിച്ചും ആഷിക് സംസാരിക്കുന്നു.
മലയാളത്തിലെ ആദ്യ വെബ് സീരിസാണ് 'കേരള ക്രൈം ഫയല്‍സ്', എങ്ങനെയാണ് വെബ് സീരിസ് ഓഫറിലേക്ക് എത്തുന്നത്...?
അഹമ്മദ് കബീര്‍ സംവിധാനം ചെയ്ത 'മധുര'ത്തിലൂടെയാണ് തിരക്കഥാകൃത്തായി ഞാന്‍ സിനിമയിലേക്ക് എത്തുന്നത്. 'ഇന്‍ഷാ അള്ള' എന്ന പേരിലൊരു സിനിമയായിരുന്നു ഞങ്ങള്‍ ആദ്യം പ്ലാന്‍ ചെയ്തത്. എന്നാല്‍ കോവിഡ് ലോക്ക്ഡൗണ്‍ വന്നതോടെ ആ സിനിമയുടെ ഷൂട്ടിങ് നടത്താന്‍ പറ്റാത്ത അവസ്ഥ വന്നു. ആയൊരു ഘട്ടത്തിലാണ് മധുരം എന്ന സിനിമ പിറക്കുന്നത്. സോണി ലൈവില്‍ റിലീസ് ചെയ്ത 'മധുരം' ഒരുഫീല്‍ഗുഡ് എന്റര്‍ടെയ്‌നറെന്ന നിലയില്‍ മികച്ച പ്രതികരണം നേടി. ആ ഴോണറില്‍ നിന്ന് മാറി ത്രില്ലര്‍ സ്വഭാവമുള്ള പൊലീസ് സിനിമയായിരുന്നു അടുത്ത ഞങ്ങളുടെ പ്ലാന്‍. അതിനായി നടത്തിയ അന്വേഷണങ്ങള്‍ക്കിടയിലാണ് ഒരുമികച്ച ത്രില്ലര്‍ സീരിസിനുള്ള ആശയം കിട്ടിയത്. ഹോട്ട് സ്റ്റാര്‍ മലയാളത്തില്‍ ഒരുവെബ് സീരിസ് ചെയ്യാനായി കഥകള്‍ ക്ഷണിക്കുന്ന വിവരം അതേ സമയത്താണ് ഞങ്ങളറിഞ്ഞത്. അഹമ്മദ്ക്കയും ഞാനും കൂടി ഹോട്ട് സ്റ്റാര്‍ ടീമിനോട് ചെന്ന് കഥ പറഞ്ഞു. അവര്‍ക്ക് ഞങ്ങളുടെ ആശയം ഇഷ്ടമായി. മുന്നോട്ട് പോകാനുള്ള പച്ചക്കൊടി ലഭിച്ചതോടെ കേരള ക്രൈം ഫയല്‍സിന്റെ വര്‍ക്കുകള്‍ ആരംഭിച്ചു. മലയാളത്തിലെ ആദ്യത്തെ വെബ് സീരിസ് എന്ന ഉത്തമബോധ്യത്തോടെ കൃത്യമായ മുന്നൊരുക്കങ്ങള്‍ നടത്തിയാണ് ഷൂട്ടിങ് ആരംഭിച്ചത്. സിനിമയെ അപേക്ഷിച്ച് നോക്കുമ്പോള്‍ വെബ്‌സീരിസില്‍ നമുക്ക് കുറച്ചധികം സ്വാതന്ത്ര്വം ലഭിക്കും. ഒരുതാരത്തെ മുന്‍നിര്‍ത്തി കഥ നിര്‍മിക്കേണ്ട ആവശ്യം നമുക്ക് വരുന്നില്ല. ലിമിറ്റേഷനൊന്നുമില്ലാതെ കഥയെഴുതാന്‍ കഴിഞ്ഞു. പൊലീസുകാരുടെ ജീവിതത്തിലൂടെ തന്നെ കഥ പറഞ്ഞുപോകുന്ന സീരിസാണ് ഇത്.

സൂപ്പര്‍താരങ്ങളാരുമില്ല, വലിയ താരങ്ങള്‍ വേണ്ടെന്ന തീരുമാനത്തിന് പിന്നില്‍...?
നായക കഥാപാത്രങ്ങളായി ഒരുവലിയ സൂപ്പര്‍ താരം വന്നാല്‍ ആള്‍ക്കാര്‍ക്ക് മുന്‍ധാരണ ഉണ്ടാകും. ഇവരെന്തായാലും കുറ്റവാളിയെ പിടിക്കും എന്ന ഉറച്ച ബോധ്യത്തോടെയായിരിക്കും പ്രേക്ഷകന്‍ സിനിമ കാണുക. അതില്ലാതാക്കുക എന്ന ബോധ്യത്തോടെയാണ് സൂപ്പര്‍താരങ്ങളെ ഒഴിവാക്കിയത്. പകരം അജു വര്‍ഗീസ്, ലാല്‍ സാര്‍ എന്നിവരൊക്കെയാണ് ഇതില്‍ പൊലീസുകാരായി എത്തുന്നത്. ഹോട്ട്‌സ്റ്റാര്‍ ഒരുനിബന്ധനമാത്രമേ നമുക്ക് മുന്നില്‍ വച്ചുള്ളൂ. അത് മറ്റ് ഭാഷകളില്‍ നിന്നെല്ലാം വന്ന വെബ്‌സീരിസുകളുടെ അത്രതന്നെ ക്വാളിറ്റി കേരള ക്രൈം ഫയല്‍സിനും വേണമെന്നതാണ്. അതുകൊണ്ട് ക്യാമറ, ആര്‍ട്ട് തുടങ്ങി ഓരോ മേഖലയിലും ഏറ്റവും മികച്ച ആള്‍ക്കാരെയാണ് സംവിധായകന്‍ അഹമ്മദ് കബീര്‍ കൊണ്ടുവന്നത്. എല്ലാവരും ഒരുമിച്ചിരുന്നാണ് കളറിങ് അടക്കമുള്ള ഓരോ കാര്യങ്ങളും ആദ്യ ഘട്ടത്തില്‍ തന്നെ ഫൈനലൈസ് ചെയ്തത്. നല്ല രീതിയില്‍ തന്നെ ഔട്ട്പുട്ട് വന്നിട്ടുണ്ടെന്നാണ് കരുതുന്നത്.
Also Read
ലാലും അജു വര്‍ഗീസുമാണ് പ്രധാന കഥാപാത്രങ്ങള്‍, എന്തുകൊണ്ട് ഈ രണ്ടുപേര്‍...?
ഞങ്ങളുടെ കഥാപാത്രത്തിന് ഏറ്റവും അനുയോജ്യരായത് കൊണ്ടുതന്നെയാണ്. ലാല്‍ സാറിനെ മധുരം തൊട്ടേ എനിക്ക് പരിചയമുണ്ട്. മധുരത്തില്‍ ഡോക്ടറുടെ വേഷത്തില്‍ അദ്ദേഹമുണ്ടായിരുന്നു. ഒരുപാട് എക്‌സ്പീരിയന്‍സുള്ള അഭിനേതാവും സംവിധായകനും നിര്‍മാതാവുമൊക്കെയാണ് അദ്ദേഹം. എന്നാല്‍ ഓരോ സീനും വളരെ കൃത്യമായി ചോദിച്ച് മനസ്സിലാക്കിയ ശേഷമാണ് അദ്ദേഹം അഭിനയിക്കുക. അജു വര്‍ഗീസ് ഈ സിനിമയ്ക്ക് വേണ്ടി ഒരുപാട് അധ്വാനിച്ചിട്ടുണ്ട്. ഇതുവരെ വന്ന പൊലീസ് വേഷങ്ങളുടേത് പോലെയാകരുതെന്ന് അജു ചേട്ടന് നിര്‍ബന്ധമുണ്ടായിരുന്നു. കഥാപാത്രത്തിന് വേണ്ടി അദ്ദേഹം ശരീരഭാരം കുറച്ചു. അങ്ങനെ ഓരോ അഭിനേതാവും അവരുടെ ഏറ്റവും നല്ല ഔട്ട്പുട്ട് തന്നെ ഈ സീരിസിന് വേണ്ടി തന്നിട്ടുണ്ട്.
അഹമ്മദ് കബീറും ആഷിഖും ഇതുവരെ ചെയ്ത സിനിമകള്‍ ഫീല്‍ഗുഡ് ജോണറിലായിരുന്നു, ഇത്തവണ ത്രില്ലറിലേക്ക് മാറാനുള്ള കാരണം...?
വെട്രിമാരന്‍, അനുരാഗ് കശ്യപ് സിനിമകളുടെ വലിയ ആരാധകനാണ് ഞാന്‍. ഡാര്‍ക്ക് മൂഡിലുള്ള ക്രൈം ത്രില്ലര്‍ ചെയ്യണമെന്നത് എന്റെ വലിയ ആഗ്രഹമായിരുന്നു. അത്തരമൊരു ത്രെഡിനായുള്ള അന്വേഷണമായിരുന്നു ഏറെക്കാലം. അങ്ങനെയൊന്ന് ലഭിച്ചപ്പോള്‍ ചലഞ്ചായി ഏറ്റെടുത്തു. പിന്നെ പുതിയ കാലത്ത് എഴുതുമ്പോള്‍ വളരെ ശ്രദ്ധയോടെ മാത്രമേ ഓരോ സംഭാഷണവും എഴുതാനാകൂ. അല്ലെങ്കില്‍ പടം ഇറങ്ങുമ്പോള്‍ നമ്മള്‍ എയറിലാകും. പൊളിറ്റിക്കല്‍ കറക്ട്‌നെസടക്കം ഓരോ കാര്യവും ശ്രദ്ധിക്കണം. ത്രില്ലറെഴുതുമ്പോള്‍ മറ്റ് ഴോണറുകളെക്കാള്‍ സുഖം അനുഭവിക്കുന്നുണ്ട്. കാരണം പ്രേക്ഷകരെ ത്രില്ലടിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണല്ലേ എഴുതുന്നത്. വെബ് സീരിസ് എഴുതുന്നത് ഒരു ഡിറ്റക്ടീവ് നോവല്‍ പോലെയാണ്. ഓരോ എപ്പിസോഡിന്റെ തുടക്കവും ഒടുക്കവും വളരെ പ്രധാനപ്പെട്ടതാണ്. ഓരോ എപ്പിസോഡിന്റെ അവസാനം ഒരുകൊളുത്ത് ഉണ്ടായിരിക്കണം. ആ കൊളുത്തില്‍ കുടുങ്ങി വേണം പ്രേക്ഷകര്‍ അടുത്ത എപ്പിസോഡ് കാണാന്‍.

ത്രില്ലര്‍ സീരിസുകള്‍ക്ക് കുറച്ചധികം ഹോം വര്‍ക്ക് ആവശ്യമില്ലേ.., കേരള ക്രൈം ഫയല്‍സിന് വേണ്ടി നടത്തിയ മുന്നൊരുക്കങ്ങള്‍...?
എറണാകുളം സെന്‍ട്രല്‍ സ്‌റ്റേഷനില്‍ ചെന്ന് പൊലീസിന്റെ കേസന്വേഷണ രീതിയെയും സ്റ്റേഷനിലെ പെരുമാറ്റത്തെ കുറിച്ചുമെല്ലാം പഠിച്ചു. എഴുത്തിന്റെ ഓരോ ഘട്ടം പൂര്‍ത്തിയാകുമ്പോഴും പൊലീസുകാരുമായി ചര്‍ച്ച ചെയ്തു. പൊലീസ് ഭാഷ, രീതി എന്നിവയൊക്കെ അവരാണ് കറക്ട് ചെയ്ത് തന്നത്. അവരുടെ സഹകരണം എടുത്തുപറയേണ്ടതാണ്. അതില്‍ ചില പൊലീസുകാര്‍ ഈ സിനിമയില്‍ പൊലീസ് വേഷം ചെയ്തിട്ടുണ്ട്. റിയലിസ്റ്റിക്കായാണ് എഴുതിയതെങ്കിലും ഷൂട്ട് ചെയ്തിരിക്കുന്നത് സിനിമാറ്റിക്കായാണ്. ഇപ്പോഴത്തെ പ്രകൃതി പടങ്ങളുടെ രീതിയിലല്ല, മറിച്ച് അല്‍പം നാടകീയതയൊക്കെ ചേര്‍ത്തിട്ടുണ്ട്. ഒരുലോഡ്ജില്‍ നടക്കുന്ന കൊലപാതകവും അതിനെ ചുറ്റിപറ്റിയുള്ള അന്വേഷണവുമാണ് കേരള ക്രൈം ഫയല്‍സിന്റെ തീം. 30 മിനുട്ട് ദൈര്‍ഘ്യമുള്ള ആറു എപ്പിസോഡുകളാണ് 'കേരള ക്രൈം ഫയല്‍സി'ന്റെ ആദ്യ സീസണില്‍ ഉള്ളത്. 55 ദിവസം കൊണ്ടാണ് ഷൂട്ടിങ് പൂര്‍ത്തിയാക്കിയത്.
അധ്യാപനവഴിയില്‍ നിന്നാണ് തിരക്കഥ വഴിയിലേക്ക് എത്തിയതല്ലേ....?
മലപ്പുറം വളാഞ്ചേരിയാണ് എന്റെ സ്വദേശം. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസമാണ് പഠിച്ചത്. കുറച്ച് കാലം അധ്യാപകനായി പെരിന്തല്‍മണ്ണ എം.ഇ.എസില്‍ ജോലി ചെയ്തു. അല്‍ മലപ്പുറം എന്ന പേരിലൊരു വീഡിയോ ചെയ്തിരുന്നു. അത് ശ്രദ്ധിക്കപ്പെട്ടു. സിനിമ സംവിധാനം ചെയ്യണമെന്നതായിരുന്നു മോഹം. പുതുമുഖത്തിന് സംവിധാനം ചെയ്യാന്‍ ആരും ധൈര്യത്തോടെ തിരക്കഥ തരില്ലെന്ന ബോധ്യത്തിലാണ് സ്വയം എഴുതി തുടങ്ങിയത്. എഴുത്ത് തുടങ്ങിയപ്പോള്‍ അത് നല്ല രീതിയില്‍ ആസ്വദിക്കുന്നു. കുഞ്ഞിരാമായണം സിനിമയുടെ തിരക്കഥാകൃത്ത് ദീപു പ്രദീപ് എന്റെ സുഹൃത്താണ്. അദ്ദേഹം വഴിയാണ് ഞാന്‍ ഈ സീരിസിന്റെ സംവിധായകനായ അഹമ്മദ് കബീറിനെ പരിചയപ്പെട്ടത്.
സിനിമയും വെബ് സീരിസും എഴുത്തിലെ അനുഭവങ്ങള്‍, മലയാളത്തിലെ വെബ് സീരിസിന്റെ സാധ്യതകള്‍...?
സെന്‍സറിങ്ങിനെ കുറിച്ച് ഓര്‍ക്കാതെ എഴുതാം എന്നതാണ് വെബ് സീരിസുകള്‍ക്ക് ലഭിക്കുന്ന ഏറ്റവും വലിയ സ്വാതന്ത്ര്വം. അതുകൊണ്ട് ഏത് സീനും എഴുതുന്നതിന് തടസ്സമില്ല. എന്നാല്‍ തിയേറ്ററില്‍ ലഭിക്കുന്ന ഒരുവൈബ് നമുക്കനുഭവിച്ചറിയാന്‍ സാധിക്കില്ലെന്ന് മാത്രം. ഞാന്‍ ചെയ്ത രണ്ടു സിനിമകളും ഒ.ടി.ടിക്ക് വേണ്ടിയാണ്. അടുത്തത് തിയേറ്റര്‍ പടം ചെയ്യണമെന്നതാണ് ആഗ്രഹം. ഈ വെബ് സീരിസിന് പിന്നാലെ ഒരുപാട് വെബ് സീരിസുകള്‍ മലയാളത്തിലുണ്ടാകും. മികച്ച രീതിയില്‍ തന്നെ 'കേരള ക്രൈം ഫയല്‍സി'നെ പ്രേക്ഷകര്‍ സ്വീകരിക്കും എന്നാണ് പ്രതീക്ഷ. നിങ്ങളെ ഒരിക്കലും ഈ സീരിസ് നിരാശപ്പെടുത്തിലെന്ന് ഞാനുറപ്പ് നല്‍കുന്നു.
Content Highlights: Script Writer Ashik Aimer Interview Based On First Malayalam Web Series Kerala Crime Files
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..