ബ്രിട്ടിഷ് രാജകുടുംബത്തിലേക്ക് വിവാഹിതയാവുകയും അഭിനയത്തിൽ നിന്ന് ബ്രേക്കെടുക്കുകയും ചെയ്ത മേഗൻ മർക്കൽ ഒടുവിൽ ഹോളിവുഡിലേക്ക് തിരിച്ചെത്തുന്നു. എട്ട് വർഷങ്ങൾക്ക് ശേഷം 'ക്ലോസ് പേഴ്സണൽ ഫ്രണ്ട്സ്' എന്ന കോമഡി ചിത്രത്തിലൂടെയാണ് മേഗൻ ഹോളിവുഡിലേക്ക് മടങ്ങുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു.

ആമസോൺ എംജിഎം സ്റ്റുഡിയോസിൻ്റെ വരാനിരിക്കുന്ന കോമഡി ചിത്രത്തിൽ അതിഥി വേഷമാണ് മേഗന്. 2017-ലെ ജനപ്രിയ പരമ്പരയായ 'സ്യൂട്ട്സ്' വിട്ടതിനു ശേഷം ആദ്യമായാണവർ സ്ക്രീനിലെത്തുന്നത്. കഴിഞ്ഞദിവസം കാലിഫോർണിയയിൽ ചിത്രീകരണത്തിന് മേഗനുമുണ്ടായിരുന്നു. ബ്രീ ലാർസൺ, ലില്ലി കോളിൻസ്, ജാക്ക് ക്വയ്ഡ്, ഹെൻറി ഗോൾഡിങ് എന്നിവരടങ്ങുന്ന വലിയ താരനിരയ്‌ക്കൊപ്പമാണ് 44-കാരിയായ മേഗൻ എത്തുന്നത്.

ഒട്ടേറെ അവസരങ്ങൾ മേഗന് ലഭിക്കുന്നുണ്ടെന്നും ഹോളിവുഡിലേക്കുള്ള ഒരു സൗമ്യമായ തിരിച്ചുവരവാണിതെന്നും സ്റ്റുഡിയോ വൃത്തങ്ങൾ പറഞ്ഞു.

രാജകീയ പദവികൾ ഉപേക്ഷിച്ച് 2020-ൽ മേഗനും ഹാരി രാജകുമാരനും മൊണ്ടെസിറ്റോയിലേക്ക് താമസം മാറിയ സംഭവത്തോട് പരോക്ഷമായി സാമ്യമുള്ളതാണ് ചിത്രത്തിൻ്റെ പ്രമേയമെന്നാണ് കരുതുന്നത്. സാന്താ ബാർബറ സന്ദർശിക്കാനെത്തുന്ന ഒരു സാധാരണ ദമ്പതികൾ ഒരു പ്രശസ്ത ദമ്പതികളെ കണ്ടുമുട്ടുന്നതാണ് സിനിമയുടെ ഇതിവൃത്തം.

"ഇത് മേഗനെ സംബന്ധിച്ചിടത്തോളം വലിയ നിമിഷമാണ്, അവൾ യഥാർഥത്തിൽ ഇഷ്ടപ്പെടുന്ന കാര്യത്തിലേക്ക് മടങ്ങിവരുന്നതിൻ്റെ സൂചനയാണിത്. ധാരാളം അവസരങ്ങൾ വന്നിരുന്നു. വീണ്ടും സെറ്റിലെത്തുന്നത് എങ്ങനെയുണ്ടെന്ന് അറിയാനുള്ള മേഗൻ്റെ ഒരു ശ്രമമാണിത്. അവരുടെ ഈ രംഗപ്രവേശം അതീവ രഹസ്യമായി സൂക്ഷിച്ചിരിക്കുകയായിരുന്നു."- പേരു വെളിപ്പെടുത്താത്ത ഉറവിടത്തെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു.

അഭിനയത്തിലേക്ക് മടങ്ങിവരാനുള്ള മേഗൻ്റെ തീരുമാനത്തിന് ഹാരി രാജകുമാരൻ്റെ പൂർണ പിന്തുണയുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. "ഹാരി രാജകുമാരൻ തീർച്ചയായും വലിയ പിന്തുണ നൽകുന്നുണ്ട്, മേഗന് സന്തോഷം നൽകുന്നതെന്തോ അത് ചെയ്യണമെന്നാണ് അദ്ദേഹത്തിന്റെ ആഗ്രഹം."

രാജകീയ ചുമതലകളിൽ നിന്ന് പിന്മാറിയ ശേഷം, ദമ്പതികൾ കാലിഫോർണിയയിലാണ് താമസിക്കുന്നത്. അവർ തങ്ങളുടെ നിർമാണക്കമ്പനിയും ജീവകാരുണ്യ, സർഗ്ഗാത്മക സംരംഭങ്ങളിലുമാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi