അയ്യപ്പഗാനങ്ങള്‍ക്ക് പാരഡി എഴുതിയ ഗിരീഷ് പുത്തഞ്ചേരി, ആത്മസുഹൃത്തിന്റെ ഓര്‍മകള്‍


By വിഷ്ണു രാമകൃഷ്ണന്‍

6 min read
Read later
Print
Share

ഇന്റര്‍വെല്‍ സമയത്ത് മാഷ് ഗിരീഷിനെ സ്റ്റാഫ്റൂമിലേക്ക് വിളിപ്പിച്ചു. ആദ്യം രണ്ട് ചായ വാങ്ങിവരാന്‍ ഗിരീഷിനോട് ആവശ്യപ്പെട്ടു. ചായയുമായെത്തിയ ഗിരീഷിനോട് മാഷ് ഇരിക്കാന്‍ പറഞ്ഞു.

ഗിരീഷ് പുത്തഞ്ചേരി

ത്ര തവണ കേട്ടാലും പിന്നെയും പിന്നെയും ഹൃദയത്തിന്റെ പടികടന്നെത്തുന്ന പാട്ടുകള്‍... ഒരു നേര്‍ത്ത തെന്നല്‍ അലിവോടെ വന്ന് മനസ്സിനെ തലോടുന്നതുപോലെ ആ പാട്ടുകളെയും നമ്മള്‍ താലോലിച്ചു. ഒപ്പം ഗിരീഷ് പുത്തഞ്ചേരി എന്ന പേരും. കേള്‍വിക്കാരന്റെ മനസ്സില്‍ പ്രണയത്തിന്റെ പൊടിപ്പും വേര്‍പ്പാടിന്റെ നോവും സൃഷ്ടിച്ച് ഓരോ പാട്ടും കാലത്തിന്റെ നെറുകില്‍ മായാതെ നില്‍ക്കുന്നു. വരികള്‍ തെറ്റാതെ പാടേണ്ട പാട്ടുകളാണ് ഗിരീഷ് പുത്തഞ്ചേരിയുടേത്. അത്രയും ലളിതമായതുകൊണ്ടാണത്. ഒരു രാത്രി കൂടി വിടവാങ്ങവേ ഒരു പാട്ട് മൂളി വെയില്‍ വീഴവേ, പിന്നെയും പിന്നെയും ആരോ കിനാവിന്റെ പടികടന്നെത്തുന്ന പദനിസ്വനം, സൂര്യകിരീടം വീണുടഞ്ഞു രാവിന്‍ തിരുവരങ്ങില്‍, നിലാവിന്റെ നീലഭസ്മ കുറിയണിഞ്ഞവളേ, ആരോ വിരല്‍മീട്ടി മനസ്സിന്‍ മണ്‍വീണയില്‍, പിന്നെ എന്നോടൊന്നും പറയാതെ പകല്‍പക്ഷി സ്വയം മറന്നെങ്ങോ പോയ്...

ചുരുങ്ങിയ വാക്കുകളില്‍ പ്രണയത്തിന്റെ ആര്‍ദ്രതയും വേര്‍പാടിന്റെ നോവും ഏറ്റവും സ്വകാര്യമായ ആനന്ദങ്ങളും അതിന്റെ തീവ്രതയില്‍ അനുഭവിപ്പിച്ച പാട്ടുകളായിരുന്നു ഇവ. അരികിലെ റേഡിയോയില്‍ നിന്നുയരുന്ന പാട്ട് നേര്‍ത്തുനേര്‍ത്ത് ഇല്ലാതാകുമ്പോഴും നമ്മുടെ ഹൃദയത്തില്‍ ആ പാട്ടിന്റെ വരികള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും. ഗിരീഷ് പുത്തഞ്ചേരിയുടെ വരികളുടെ ഭംഗി അത്രത്തോളമുണ്ട്. പാട്ടുപോലെ ലളിതമായിരുന്നു അദ്ദേഹത്തിന്റെ ജീവിതവും. എല്ലാവരേയും പരിധികളില്ലാതെ സ്നേഹിച്ചു, കുട്ടിയുടെ നിഷ്‌കളങ്കതയോടെ പിണക്കം ഭാവിച്ചു, സ്വന്തം ദൗര്‍ബല്യങ്ങള്‍ക്കുനേരെ മൃദുവായി മന്ദഹസിച്ചു... സൗഹൃദങ്ങളോട് തോള്‍ചേര്‍ന്ന് ശരീരത്തിന്റെ വേദനകളും മനസ്സിന്റെ പിരിമുറുക്കങ്ങളും മറന്നു. ഗിരീഷ് പുത്തഞ്ചേരിയുടെ ആത്മസുഹൃത്തായ കൃഷ്ണന്‍ പിലാച്ചേരി ആ പ്രതിഭയുടെ ജീവിതത്തിലെ ചില ശകലങ്ങള്‍ ഓര്‍മിക്കുന്നു...

ക്ലാസിലെ കഥയെഴുത്തും മലയാളം മാസ്റ്ററുടെ ചായയും

ഓര്‍മവെച്ച കാലംതൊട്ടേ ഗിരീഷ് പുത്തഞ്ചേരിയുമായി ചങ്ങാത്തമുണ്ട് കൃഷ്ണന്. ഓരോ കൂടിക്കാഴ്ചയിലും ആ സൗഹൃദത്തിന് ആഴം കൂടിവന്നു.
"ഞങ്ങളുടെ വീടുകള്‍ തമ്മില്‍ 400 മീറ്ററിന്റെ അകലമേയുള്ളൂ. കൂടാതെ എന്റെ കുടുംബവും ഗിരീഷിന്റെ കുടുംബവും തമ്മില്‍ ഗാഢമായ സൗഹൃദമുണ്ടായിരുന്നു. ഞാന്‍ അവന്റെയും അവന്‍ എന്റെയും വീട്ടില്‍ മിക്കപ്പോഴും വരും. കൂമുള്ളി സ്‌കൂളിലേക്ക് പോയിതുടങ്ങിയതോടെയാണ് ഞങ്ങളുടെ സൗഹൃദത്തിന് കനംവെച്ചത്. സ്‌കൂളിലേക്ക് പോകുന്ന വഴിയാണ് കൂമുള്ളി വായനശാല. ചെറുപ്പത്തില്‍ ഗിരീഷിന്റെ ഒരു പ്രധാന താവളമായിരുന്നു ഈ വായനശാല. അവിടുത്തെ ലൈബ്രേറിയന്‍ കുഞ്ഞിരാമേട്ടന് ഞങ്ങളെ വലിയ കാര്യമായിരുന്നു. ഗിരീഷിനാണെങ്കില്‍ പുസ്തകങ്ങളെന്നുപറഞ്ഞാല്‍ ഭ്രാന്താണ്. വളരെ വേഗത്തിലാണ് ഗിരീഷിന്റെ വായന. ലൈബ്രറിയില്‍നിന്ന് എടുക്കുന്ന പുസ്തകങ്ങള്‍ ഒറ്റ ദിവസം കൊണ്ട് വായിക്കും. നോവലുകളും കഥകളുമായിരുന്നു വായിക്കാന്‍ കൂടുതലിഷ്ടം. ഒരിക്കല്‍ ഗിരീഷ് ഒരു കഥയെഴുതി എനിക്ക് വായിക്കാന്‍ തന്നു. നന്നായിട്ടുണ്ടെന്ന് ഒറ്റവാക്കില്‍ ഞാന്‍ മറുപടി പറയും. തുടര്‍ന്നും ഗിരീഷ് കഥകളെഴുതിക്കൊണ്ടിരുന്നു. അനുഭവകഥകളായിരുന്നു കൂടുതലും."

വായനയ്‌ക്കൊപ്പംതന്നെ എഴുത്തിനോടും ചെറുപ്പംമുതലേ ആഭിമുഖ്യം പുലര്‍ത്തിയ ഗിരീഷിന് സ്‌കൂള്‍കാലത്തു കിട്ടിയ ഒരു അഭിനന്ദനം ഓര്‍ത്തെടുക്കുന്നു കൃഷ്ണന്‍. "കൂമുള്ളി സ്‌കൂളില്‍ പഠിക്കുമ്പോഴാണ് സംഭവമുണ്ടായത്. ഒരുദിവസം ക്ലാസില്‍ ഗിരീഷ് എന്തോ എഴുതിക്കൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് മലയാളം മാഷായ കോമപ്പക്കുറുപ്പ് വന്ന് ഗിരീഷിന്റെ കൈയില്‍നിന്ന് പുസ്തകം വാങ്ങിക്കൊണ്ടുപോയത്. സംഗതിയെന്താണെന്ന് ഞങ്ങള്‍ക്ക് മനസ്സിലായില്ല. ഇന്റര്‍വെല്‍ സമയത്ത് മാഷ് ഗിരീഷിനെ സ്റ്റാഫ്റൂമിലേക്ക് വിളിപ്പിച്ചു. ആദ്യം രണ്ട് ചായ വാങ്ങിവരാന്‍ മാഷ് ഗിരീഷിനോട് ആവശ്യപ്പെട്ടു. ചായയുമായെത്തിയ ഗിരീഷിനോട് മാഷ് ഇരിക്കാന്‍ പറഞ്ഞു. എന്നിട്ട് ഒരു ചായ ഗിരീഷിന് കൊടുത്തു. സ്റ്റാഫ്റൂമിന്റെ പുറത്തുനിന്ന് ഇതെല്ലാം ഞാന്‍ കാണുന്നുണ്ട്. ഗിരീഷ് അപ്പോഴും കാര്യമെന്താണെന്നറിയാത്തതിന്റെ ഞെട്ടലിലാണ്. അപ്പോള്‍ മാഷ് കാര്യം പറഞ്ഞു : 'ഗിരീഷ് എഴുതിയ കഥ ഞാന്‍ വായിച്ചു. നന്നായിട്ടുണ്ട്.'' എഴുത്തില്‍ ഗിരീഷിന് ആദ്യമായി കിട്ടുന്ന അംഗീകാരമായിരുന്നു മാഷിന്റെ ആ ചായ. ഗിരീഷിനെ ഏറ്റവുമധികം സന്തോഷിപ്പിച്ച സംഭവമായിരുന്നു അത്. പിന്നീടുള്ള സംസാരങ്ങളിലെല്ലാം ഗിരീഷ് ഇക്കാര്യം എടുത്തുപറയുമായിരുന്നു."

ഗിരീഷ് പുത്തഞ്ചേരിക്കൊപ്പം കൃഷ്ണന്‍

അയ്യപ്പഗാനങ്ങള്‍ കേട്ട് പാരഡിയെഴുത്ത്

സാഹിത്യത്തില്‍ മാത്രമല്ല, ഒട്ടുമിക്ക മേഖലകളിലും ഗിരീഷിന്റെ കരവിരുത് ചെറുപ്പത്തിലേ ഉണ്ടായിരുന്നുവെന്ന് കൃഷ്ണന്‍ ഓര്‍ക്കുന്നു. സിനിമയോടുണ്ടായിരുന്ന ഭ്രാന്തമായ ആവേശവും സുഹൃത്തിന് മറക്കാനാകുന്നതല്ല.

"ഉള്ള്യേരിയില്‍ ഒരു ശോഭ ടാക്കീസ് ഉണ്ടായിരുന്നു. നടന്നുപോകാവുന്ന ദൂരമേയുള്ളൂ. ഇറങ്ങുന്ന ഒട്ടുമിക്ക സിനിമകളും ഞങ്ങള്‍ കാണും. വായനപോലെ ഗിരീഷിനുണ്ടായിരുന്ന മറ്റൊരു ഭ്രാന്തായിരുന്നു സിനിമ. കണ്ട സിനിമകളുടെയെല്ലാം കഥ ഗിരീഷിന് കാണാപാഠമായിരുന്നു. സിനിമയുടെ കഥ ഡയലോഗടക്കം മറ്റുള്ളവര്‍ക്ക് പറഞ്ഞുകൊടുക്കാന്‍ ഭയങ്കര താത്പര്യമായിരുന്നു. എഴുത്തിനുപുറമേ പാടാനുള്ള കഴിവും തനിക്കുണ്ടെന്ന് സ്‌കൂള്‍കാലത്തേ ഗിരീഷ് തെളിയിച്ചിട്ടുണ്ട്. ലളിതഗാനങ്ങളായിരുന്നു കൂടുതലും പാടിയിരുന്നത്. പിന്നെ ചിത്രംവര, കളിമണ്‍ശില്പങ്ങളുണ്ടാക്കല്‍ തുടങ്ങിയ കഴിവുകളും ഗിരീഷിനുണ്ടായിരുന്നു. സംഗീതത്തില്‍ തനിക്കുള്ള കഴിവ് ചെറുപ്പത്തിലേ ഗിരീഷ് തിരിച്ചറിഞ്ഞിരുന്നു. അമ്മയുടെ സംഗീതപാടവം ഗിരീഷിന് നന്നായി കിട്ടിയിട്ടുണ്ട്. ഒരു പാട്ടുകാരനാകണമെന്ന ആഗ്രഹം അന്നുമുതലേ ഉള്ളില്‍ കൊണ്ടുനടന്നിരുന്നു. നാടകത്തോടായിരുന്നു പിന്നീട് താത്പര്യം. ഗിരീഷിന്റെ ചേട്ടന്‍ (മോഹനന്‍ പുത്തഞ്ചേരി) നാടകത്തില്‍ പ്രവര്‍ത്തിച്ചിരുന്നയാളാണ്. നാടകരചന ഗിരീഷും സംവിധാനം ചേട്ടനുമായിരുന്നു. നാടകത്തില്‍ അഭിനയിക്കുന്നതും ഇവര്‍ തന്നെ."

ട്യൂണ്‍കേട്ട് പാട്ടെഴുതാനുള്ള ഗിരീഷ് പുത്തഞ്ചേരിയുടെ കഴിവിനെപ്പറ്റി വാചാലരായിട്ടുണ്ട് പല സംഗീതസംവിധായകരും. സിനിമയിലെത്തുമുമ്പേ ആ കഴിവ് ഗിരീഷിനുണ്ടായിരുന്നുവെന്ന് കൃഷ്ണന്‍ അനുഭവസഹിതം പങ്കുവെക്കുന്നു.
"ട്യൂണിനനുസരിച്ച് പാട്ടെഴുതുന്നയാളെന്ന് ഗിരീഷിനെ വിശേഷിപ്പിക്കാറുണ്ടല്ലോ. സിനിമയിലെത്തുന്നതിനുമുമ്പേ ഈ കഴിവ് ഗിരീഷിനുണ്ടായിരുന്നു. ഒരിക്കല്‍ അത്തരമൊരു അനുഭവമുണ്ടായി. ഒരുദിവസം വൈകുന്നേരം ഞങ്ങള്‍ സംസാരിച്ചിരിക്കുകയായിരുന്നു. ഗിരീഷിന്റെ വീടിനടുത്താണ്. ഞങ്ങള്‍ ഇരിക്കുന്നിടത്തുനിന്ന് കുറച്ചുമാറി ഒരു അയ്യപ്പക്ഷേത്രമുണ്ട്. യേശുദാസിന്റെ അയ്യപ്പഭക്തിഗാനങ്ങളാണ് വെച്ചിരുന്നത്. ഗിരീഷ് പാട്ടിന്റെ ട്യൂണ്‍ ശ്രദ്ധിച്ച് കേട്ടശേഷം അതേ ട്യൂണില്‍ മറ്റൊരു പാട്ടെഴുതി പാടിക്കേള്‍പ്പിച്ചു. അര്‍ഥമില്ലാത്ത വാക്കുകളൊക്കെയായിരിക്കും. പക്ഷേ ട്യൂണ്‍ കേട്ട് സ്വന്തമായി പാട്ടുണ്ടാക്കാന്‍ ഗിരീഷ് അന്നേ ശീലിച്ചിരുന്നു."

നല്ല ജീവിതം ജീവിക്കാനുള്ള മോഹം

ഒരുഘട്ടത്തില്‍ ഇരുവരും രണ്ടുവഴികളിലേക്ക്, അവരവരുടെ തിരക്കുകളിലേക്ക് തിരിഞ്ഞെങ്കിലും സൗഹൃദത്തിന് മങ്ങലേറ്റില്ല. എല്ലാവരോടും വേഗത്തില്‍ ഇണങ്ങുകയും അതിനേക്കാള്‍ വേഗത്തില്‍ പിണങ്ങുകയും ചെയ്യുന്ന സ്വഭാവക്കാരനായിരുന്നു ഗിരീഷ് പുത്തഞ്ചേരി. ജീവിതത്തില്‍ ഒരാളോടുമാത്രമേ അദ്ദേഹം പിണങ്ങാതിരുന്നിട്ടുള്ളൂ, അത് കൃഷ്ണനോടാണ്. കൂടിക്കാഴ്ചകള്‍ക്കിടയിലുണ്ടായ ചില വൈകാരികനിമിഷങ്ങളും കൃഷ്ണന്‍ ഓര്‍ത്തെടുത്തു.

"സിനിമയിലേക്കെത്തിയതോടെ ഗിരീഷ് കോഴിക്കോട്ടേക്ക് താമസം മാറി. അവന്‍ കോഴിക്കോട് വീട് വെച്ചു. പിന്നീട് ഞങ്ങളുടെ കൂടിക്കാഴ്ചകള്‍ കുറഞ്ഞു. ഞാന്‍ ജോലികിട്ടി വയനാട്ടിലേക്ക് പോയി. ഗിരീഷ് സിനിമയില്‍ സജീവമായി. മരിക്കുന്നതിന് അഞ്ചെട്ടുമാസം മുമ്പ് ഞാന്‍ ഗിരീഷിന്റെ വീട്ടിലേക്ക് ചെന്നു. ഒരു ദീര്‍ഘയാത്ര കഴിഞ്ഞ് എത്തിയതായിരുന്നു ഗിരീഷ്. ഞാന്‍ താമസിക്കുന്ന സ്ഥലത്തിനടുത്ത് ഒരമ്പലമുണ്ട്. അവിടെ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കുമോ എന്ന ചോദിക്കാനായിരുന്നു എത്തിയത്. പറഞ്ഞപാടേ അവന്‍ വരാമെന്നേറ്റു. ബീനയോട് ഭക്ഷണം വേണ്ട, വയനാട്ടിലേക്ക് പോകുകയാണെന്ന് പറഞ്ഞ് ഇറങ്ങി. കുറുവാദ്വീപിനടുത്തായിരുന്നു പരിപാടി. അവിടെത്തന്നെയുള്ള ഒരു റിസോര്‍ട്ടില്‍ രാത്രി താമസം. പലതും സംസാരിച്ചിരിക്കുന്നതിനിടയില്‍ ഗിരീഷിനോട് മദ്യപാനം നിര്‍ത്തണമെന്ന് ഞാന്‍ പറഞ്ഞു. കനത്ത ഒരു തെറിയായിരുന്നു മറുപടി. കുറച്ചുകഴിഞ്ഞ് നിസഹായനായി സംസാരിക്കാന്‍ തുടങ്ങി. 'മദ്യപാനം നിര്‍ത്താന്‍ എല്ലാവരും പറയുന്നുണ്ടെടാ...ബീന(ഭാര്യ)യും മക്കളും നിര്‍ബന്ധിക്കുന്നുണ്ട്. നല്ലരീതിയില്‍ ജീവിക്കണമെന്ന് തോന്നുന്നുണ്ട് എനിക്കിപ്പോ. ശ്രമിച്ചുനോക്കാം. ഒരു ഡി-അഡിക്ഷന്‍ സെന്ററുണ്ട്. നമുക്ക് അവിടെ പോകാം.' എന്ന് പറഞ്ഞ് ഞങ്ങള്‍ പിരിഞ്ഞു."

"കോഴിക്കോട് സിവില്‍ സ്റ്റേഷനടുത്തുള്ള ഒരു ആശുപത്രിയില്‍ അഡ്മിറ്റായ ശേഷമാണ് പിന്നെ എന്നെ വിളിക്കുന്നത്. മരുന്നുകള്‍ കഴിച്ച് പൂര്‍ണവിശ്രമത്തിലായിരുന്നു ആള്‍. വൈകാതെ ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ആയി വീട്ടിലെത്തി. ഒരാഴ്ചകൂടി മുടങ്ങാതെ മരുന്ന് കഴിക്കണമെന്ന ഡോക്ടറുടെ നിര്‍ദേശത്തോടെയാണ് വീട്ടിലേക്ക് വിടുന്നത്. ആയിടയ്ക്കാണ് കൊച്ചിന്‍ ഹനീഫ മരിക്കുന്നത്. അതോടെ ഗിരീഷ് മാനസികമായി ആകെ തളര്‍ന്നു. പോയി തിരിച്ചുവരുന്ന വഴി കൂട്ടത്തിലുള്ള ആരോ മദ്യപിക്കാന്‍ നിര്‍ബന്ധിച്ചു. ഗിരീഷ് അതിന് വഴങ്ങുകയും ചെയ്തു. വീട്ടിലെത്തിയപ്പോള്‍ കടുത്ത തലവേദനയാണെന്ന് ബീനയോട് (ഭാര്യ) പറഞ്ഞു. യാത്ര ചെയ്തതിന്റെ ക്ഷീണംകൊണ്ടാവുമെന്ന് എല്ലാവരും വിചാരിച്ചു. പിറ്റേദിവസം കുറവില്ലെന്ന് കണ്ട് ഡോക്ടറെ കാണിച്ചു. തലച്ചോറിന് സാരമായ പൊട്ടലുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞു. അന്നത്തെ മദ്യപാനമാണ് കാര്യങ്ങളെല്ലാം വഷളാക്കിയത്."

അവര്‍ക്ക് തൂമ്പ പോലെ എനിക്ക് പേന

മദ്യപിച്ചാല്‍ സിനിമാലോകത്തെ രാജാവാണ് താനെന്ന് ഗിരീഷ് ഇടയ്ക്കിടെ പറയുമായിരുന്നുവെന്ന് കൃഷ്ണന്‍.
"പാട്ടെഴുതാനുള്ള ആലോചന വരണമെങ്കില്‍ ഗിരീഷിന് മദ്യപിച്ചേ പറ്റൂ. മദ്യപിച്ചില്ലെങ്കില്‍ ഞാന്‍ വെറും ശീമ്പാളി(ഒന്നിനും കൊള്ളാത്തവന്‍)യാണെന്ന് പറയും. പാട്ടെഴുതിക്കൊടുത്ത് റിക്കോര്‍ഡിങ് കഴിഞ്ഞാലും സിനിമാലൊക്കേഷനില്‍നിന്ന് ഗിരീഷ് പോകാറില്ല. അതെന്തിനാണെന്ന് ചോദിച്ചപ്പോള്‍ മറുപടി ഇങ്ങനെ : ' ഷൂട്ട് നടക്കുന്നതിനിടയില്‍ പെട്ടെന്ന് സംഭാഷണമോ സീനോ മാറ്റിചെയ്യാന്‍ പറഞ്ഞാല്‍ ഞാനത് കൈകാര്യം ചെയ്യും. എനിക്ക് വേറെന്താ പണി?! ഞാന്‍ ഇവര്‍ വിളിക്കുന്നിടത്തേക്ക് ചെല്ലും. അവര്‍ മദ്യവും നല്ല ഭക്ഷണവും വാങ്ങിത്തരും. പൈസ എന്തെങ്കിലും തന്നാല്‍ വാങ്ങും.' നാട്ടിലുള്ളവര്‍ തൂമ്പയുമായിട്ടാണ് പണിക്ക് പോകുന്നതെങ്കില്‍ ഞാന്‍ പേനയുമായിട്ടാണ് പോകുന്നത് എന്നെല്ലാം പറയും."

ഗിരീഷ് പുത്തഞ്ചേരിയുടെ പാട്ടുകളുടെ ആദ്യ കേള്‍വിക്കാരില്‍ ഒരാള്‍ കൂടിയായിരുന്നു കൃഷ്ണന്‍. "ഒഴിവുദിവസങ്ങളില്‍ ഞാന്‍ കുടുംബത്തേയുംകൂട്ടി ഗിരീഷിന്റെ വീട്ടിലേക്ക് പോകാറുണ്ട്. അന്നേരം ഗിരീഷ് പുറത്തിറങ്ങാനിരിക്കുന്ന ചില പാട്ടുകള്‍ ഞങ്ങളെ കേള്‍പ്പിക്കും. ഒരുദിവസം പോയപ്പോള്‍ എന്റെ മക്കളോട് അവന്‍ ചോദിച്ചു : 'നിങ്ങള്‍ക്ക് അമ്മയെയാണോ അച്ഛനെയാണോ കൂടുതല്‍ ഇഷ്ടം ? ' രണ്ടുപേരെയും ഇഷ്ടമാണെന്ന് മകളുടെ മറുപടി. അപ്പോള്‍ ഗിരീഷ് ഒരു പാട്ടുപാടി. പിന്നെ ആ പാട്ടിന്റെ റെക്കോര്‍ഡും കേള്‍പ്പിച്ചു. വൈകാതെ ഈ പാട്ട് ഒരു സിനിമയില്‍ വരുമെന്നും പറഞ്ഞു. മാടമ്പി സിനിമയിലെ 'അമ്മമഴക്കാറിന്' എന്ന പാട്ടായിരുന്നു അത്. ഇങ്ങനെ പുറത്തിറങ്ങാനിരിക്കുന്ന പാട്ടുകളുടെ ആദ്യകേള്‍വിക്കാരില്‍ ഒരാളായിരുന്നു ഞാന്‍."

വെള്ളിത്തിരയിലെത്തിയ പുത്തഞ്ചേരിക്കാര്‍

ഗിരീഷ് തിരക്കഥ എഴുതിയിട്ടുള്ള പല സിനിമകളിലെയും കഥപാത്രങ്ങള്‍ നാട്ടിലെ ചില മനുഷ്യര്‍ തന്നെയാണ്. വടക്കുംനാഥന്‍, മേലേപ്പറമ്പില്‍ ആണ്‍വീട് തുടങ്ങിയ സിനിമകളുടെ ത്രെഡ് കിട്ടുന്നത് പുത്തഞ്ചേരിയില്‍നിന്നാണെന്ന് കൃഷ്ണന്‍.

"വടക്കുംനാഥനിലെ മോഹന്‍ലാലിന്റെ കഥാപാത്രത്തിന് പശ്ചാത്തലമായത് ഗിരീഷിന്റെ അച്ഛന്റെ അനിയനാണ്. സ്വാതന്ത്ര്യസമരസേനാനിയും സംസ്‌കൃതപണ്ഡിനുമൊക്കെയായിരുന്നു. മദ്യപാനിയായ ഇയാള്‍ ഇടയ്ക്ക് ഉന്മാദാവസ്ഥയിലെത്തുമായിരുന്നു. ആ സിനിമയില്‍ മോഹന്‍ലാലിന്റെ കഥാപാത്രം എങ്ങനെയാണോ അതുപോലെയായിരുന്നു ഈ കക്ഷി. 'മേലേപ്പറമ്പില്‍ ആണ്‍വീട്' എന്ന ചിത്രത്തിന്റെ കഥ ഗിരീഷിന് കിട്ടുന്നതും നാട്ടില്‍നിന്നാണ്. പുത്തഞ്ചേരിയില്‍ നാലഞ്ച് ആണ്‍മക്കളുള്ള ഒരു വീടുണ്ടായിരുന്നു. അവരിലൊരാള്‍ തമിഴ്നാട്ടില്‍നിന്ന് ഒരു പെണ്ണിനെ കല്യാണം കഴിച്ചുകൊണ്ടുവന്നപ്പോഴുണ്ടായ സംഭവങ്ങളാണ് ആ സിനിമയ്ക്ക് പ്രമേയമായത്."

വയനാട്ടിലെ സംസാരങ്ങള്‍ക്കിടയില്‍ സിനിമ സംവിധാനം ചെയ്യാനുള്ള തീരുമാനത്തെപ്പറ്റി വാചാലനായ ഒരു ഓര്‍മയും പങ്കുവെക്കുന്നു കൃഷ്ണന്‍. "മോഹന്‍ലാലിനെ നായകനാക്കി സിനിമ ചെയ്യാനായിരുന്നു പ്ലാന്‍. രാമന്‍ പോലീസ് എന്നായിരുന്നു സിനിമയുടെ പേര്. വാര്‍ത്തകളിലൊക്കെ വന്നിരുന്നല്ലോ. സിനിമയുടെ കഥയും തിരക്കഥയും പാട്ടുകളുമെല്ലാം എഴുതി പൂര്‍ത്തിയാക്കിയെന്ന് ഗിരീഷ് പറഞ്ഞു. നാട്ടിലുള്ള ഒരു പോലീസുകാരന്റെ ജീവിതമായിരുന്നു കഥയ്ക്ക് ആധാരം. ബംഗാളില്‍വെച്ചാണ് ചിത്രം ഷൂട്ട് ചെയ്യാന്‍ പ്ലാനെന്ന് എന്നോട് പറഞ്ഞു. കേരളത്തിലും തമിഴ്നാട്ടിലുമൊന്നും പഴയ ടൈപ്പ് ഗ്രാമങ്ങളില്ല. ഒരു മാസം നീ ജോലിയില്‍നിന്ന് ലീവെടുത്ത് എന്റെ കൂടെ ബംഗാളിലേക്ക് വരണമെന്ന് പറഞ്ഞു. ഒന്നിലും ശ്രദ്ധ നില്‍ക്കുന്നില്ലെന്നും നീ കൂടെയുണ്ടെങ്കിലേ കാര്യങ്ങള്‍ നടക്കൂ എന്നും ഗിരീഷ് എന്നെ നിര്‍ബന്ധിച്ചു. 'ലീവിന്റെ കാര്യത്തില്‍ നീ പേടിക്കേണ്ട, എല്ലാം ഞാന്‍ ശരിയാക്കാം...മൂന്നുനാല് ജോഡി ഡ്രെസ്സുമായി നീ കൂടെ വന്നാല്‍ മാത്രം മതി'യെന്ന ഉറപ്പിന്മേലാണ് ഞങ്ങള്‍ പിരിഞ്ഞത്. അസുഖം മൂര്‍ച്ഛിച്ച് ആശുപത്രിയിലാകുന്നതിന് മുമ്പുവരെയും ആ സിനിമയെപ്പറ്റി ഗിരീഷ് സംസാരിച്ചിരുന്നു."

Content Highlights: malayalam iyricist gireesh puthenchery childhood friend krishnan pilachery memories

 

Add Comment
Related Topics

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
johny antony and family

5 min

ഒറ്റ പ്രാര്‍ഥനയേയുള്ളൂ, കടങ്ങള്‍ വീട്ടിയതുപോലെ കുടുംബത്തോടുള്ള കടമകളും നന്നായി ചെയ്യാന്‍ കഴിയണേ

May 22, 2023


Sruthi Ramachandran

5 min

വിധവയായ സ്ത്രീയ്ക്കും പുരുഷനെപ്പോലെ ഫിസിക്കല്‍ നീഡ്‌സുണ്ട്; ശ്രുതി രാമചന്ദ്രന്‍

May 27, 2023


kulappuli Leela

5 min

രണ്ട് മക്കളെയും ദൈവം തന്നപോലെ തിരിച്ചെടുത്തു, ഒരാള്‍ എട്ടാംനാളിലും മറ്റൊരാള്‍ പതിമൂന്നിലും മരിച്ചു

May 22, 2023