To advertise here, Contact Usജയിലില്‍ നിന്നിറങ്ങിയ ഗുണ്ട ചോദിച്ചു, കുഞ്ചാക്കോ ബോബനോ? അതാരാ?


അജ്മൽ പഴേരി

5 min read
Read later
Print
Share

കമൽ | ഫോട്ടോ: സിദ്ദീക്കുൽ അക്ബർ

''ഈ രണ്ടെണ്ണത്തിനെയും ഞങ്ങളുടെ കെട്ട്യോള്‍മാര്‍ ഒരേ ആശുപത്രിയില്‍, ഒരേദിവസം, ഏതാണ്ട് ഒരേസമയത്ത് പ്രസവിച്ചു എന്നുള്ളതാ... മാമോദീസ ഒരുമിച്ച്, സ്‌കൂളില്‍ ചേര്‍ത്തത് ഒരുമിച്ച്, ഇപ്പോള്‍ പഠിക്കുന്നതും ഒരുമിച്ച്... ഇവന്‍ ഒന്ന് തുമ്മിയാല്‍, ഇവളും തുമ്മും...''
ഇങ്ങനെയാണ് ഡോ.സണ്ണി(ലാലു അലക്‌സ്) മലയാളികള്‍ക്ക് അവരെ പരിചയപ്പെടുത്തിയത്. പാട്ടും താളവും പോലെ രണ്ടുപേര്‍. യുവത്വം അവരെ കണ്ട് കൊതിച്ചു. അവരെപ്പോലെ കൂട്ടുകൂടാന്‍, പ്രണയിക്കാന്‍ ആഗ്രഹിച്ചു. മലയാളസിനിമ അന്നേവരെ കണ്ടിട്ടില്ലാത്ത സൗഹൃദവും പ്രണയവും പങ്കിട്ടവരായിരുന്നു അവര്‍. എബിയും സോനയും.
'നിറം' എന്ന സിനിമയിലെ പ്രണയത്തിന്റെ നിറമുള്ള കഥാപാത്രങ്ങള്‍. റിലീസായി കാല്‍നൂറ്റാണ്ട് പിന്നിടുമ്പോഴും മലയാള സിനിമാപ്രേക്ഷകരുടെ ഓര്‍മകളില്‍ നിറം മങ്ങാതെ തങ്ങിനില്‍ക്കുന്നു ആ സിനിമ.
എബിയായി കുഞ്ചാക്കോ ബോബന്‍. സോനയായി ശാലിനി. സംവിധാനം കമല്‍. 'നിറം' കേരളമാകെ പടര്‍ന്നു. തുടര്‍ച്ചയായി നൂറ്റന്‍പതുദിവസത്തോളം തിയേറ്ററുകളില്‍ 'നിറം' നിറഞ്ഞുനിന്നു. ആ സിനിമയ്ക്ക് പിന്നിലെ സംഭവങ്ങള്‍ ഇന്നലെയെന്നപോലെ ഓര്‍മയുണ്ട് സംവിധായകന്‍ കമലിന്.
''ചെറിയ സംഭവത്തില്‍ നിന്ന് രൂപപ്പെട്ട കഥ അവതരിപ്പിക്കുമ്പോള്‍ പുതുമ വേണമെന്ന് തോന്നി. ആ തീരുമാനം 'നിറ'മായി മാറി,'' കൊച്ചിയിലെ ഫ്‌ളാറ്റിലിരുന്ന് കമല്‍ 'നിറ'മുള്ള ഓര്‍മകള്‍ക്ക് തിരികൊളുത്തി.

ഷൊര്‍ണൂര്‍ ഗസ്റ്റ്ഹൗസിലെ ചര്‍ച്ച
'അയാള്‍ കഥയെഴുതുകയാണ്' സിനിമ കഴിഞ്ഞ സമയം. ഒരു ദിവസം നിര്‍മാതാവ് കെ. രാധാകൃഷ്ണന്‍ കമലിന്റെ അടുത്തെത്തി. കുഞ്ചാക്കോ ബോബന്റെ ഡേറ്റുണ്ടെന്നും തനിക്കായി ഒരു സിനിമ സംവിധാനം ചെയ്യണമെന്നും ആവശ്യപ്പെട്ടു. നായകന്റെ ഡേറ്റും നിര്‍മാതാവുമൊക്കെയുണ്ടെങ്കിലും കമലിന്റെ കൈയില്‍ സിനിമയ്ക്ക് പറ്റിയ കഥയില്ല.
''തിരക്കഥാകൃത്ത് ശത്രുഘ്നന്‍, ദിലീപിനെ മനസ്സില്‍ കണ്ട് ഒരാശയം പറഞ്ഞിരുന്നു. എങ്കില്‍, അത് ചാക്കോച്ചനെവെച്ച് ചെയ്യാമെന്ന് മനസ്സില്‍ വിചാരിച്ചു...'' കമല്‍ പറഞ്ഞു തുടങ്ങിയ ആ കഥയുടെ ബാക്കി സംഭവബഹുലമായിരുന്നു.
കഥ ചര്‍ച്ചചെയ്യാന്‍ നിര്‍മാതാവും തിരക്കഥാകൃത്തും സംവിധായകനും ഷൊര്‍ണൂര്‍ ഗസ്റ്റ് ഹൗസില്‍ മുറിയെടുത്തു. എത്ര ചര്‍ച്ചചെയ്തിട്ടും കഥയില്‍ ആര്‍ക്കും തൃപ്തിവന്നില്ല. നാലാമത്തെ അഭിപ്രായം തേടി കമല്‍ ഒരാളെ അവിടേക്ക് ക്ഷണിച്ചു. തിരക്കഥാകൃത്ത് ഇഖ്ബാല്‍ കുറ്റിപ്പുറം. കമല്‍ സിനിമകളുടെ കഥകള്‍ക്ക് സ്ഥിരമായി അഭിപ്രായം രേഖപ്പെടുത്തുന്നയാളാണ് ഇഖ്ബാല്‍. കേട്ടപ്പോള്‍ കഥ അദ്ദേഹത്തിനും ഇഷ്ടമായില്ല.
അങ്ങനെ, ഒന്നുമാകാതെ ചര്‍ച്ച നാട്ടുവര്‍ത്തമാനങ്ങളിലേക്കും സിനിമാവിശേഷങ്ങളിലേക്കും വഴിതിരിഞ്ഞു. 'ചന്ദ്രനുദിക്കുന്ന ദിക്കില്‍' എന്ന സിനിമയുടെ ചര്‍ച്ചയ്ക്കായി ഷൊര്‍ണൂരിലെ മറ്റൊരു ഗസ്റ്റ് ഹൗസില്‍ ഉള്ള ലാല്‍ ജോസിനെ വരുന്ന വഴിക്ക് കണ്ട കാര്യം ഇഖ്ബാല്‍ കുറ്റിപ്പുറം പറഞ്ഞു. ഒപ്പം ലാലു(ലാല്‍ ജോസ്) പറഞ്ഞ ഒരു സംഭവകഥയും വെളിപ്പെടുത്തി. ആ കഥ ഇങ്ങനെ:
''ലാലുവിന്റെ സുഹൃത്തിന്റെ മകള്‍ ആത്മഹത്യക്ക് ശ്രമിച്ചത്രേ. അവളുടെ കല്യാണം ഉറപ്പിച്ചിരുന്നു. പക്ഷേ, അവള്‍ക്ക് ചെറുപ്പംതൊട്ടേയുള്ള ഒരു സുഹൃത്തിനോടായിരുന്നു ഇഷ്ടം. ഇതറിഞ്ഞ വീട്ടുകാര്‍ അവളെ ശകാരിച്ചു. അവര്‍ക്കും ആ സുഹൃത്തിനെ ഇഷ്ടമായിരുന്നു. നേരത്തേ പറയാമായിരുന്നില്ലേ എന്നും ചോദിച്ചു. നിശ്ചയിച്ച കല്യാണം വേണ്ടെന്നുവെച്ച് സുഹൃത്തുമായുള്ള കല്യാണം ഉറപ്പിച്ചു.''
സംഭവം കേട്ടപ്പോള്‍ കമലിന് പെട്ടെന്ന് ഒരാശയം തോന്നി. ഈ കഥ സിനിമയാക്കിയാലോ?
''സിനിമയ്ക്കുവേണ്ടിയല്ല ഇഖ്ബാല്‍ ആ കഥ പറഞ്ഞത്. പക്ഷേ, കേട്ടപ്പോള്‍ അതെന്തുകൊണ്ട് സിനിമയാക്കിക്കൂടാ എന്നായി എന്റെയുള്ളില്‍. അക്കാലത്ത് മലയാളത്തില്‍ ആണ്‍-പെണ്‍ സൗഹൃദത്തിന്റെ കഥ അധികം വന്നിട്ടില്ല. അങ്ങനെയാണ് 'നിറം' എന്ന സിനിമയുടെ തുടക്കം.''
കഥ പറഞ്ഞത് ലാല്‍ ജോസായത് കൊണ്ട് കമല്‍ അദ്ദേഹത്തിനോടും സമ്മതം ചോദിച്ചു. എതിര്‍പ്പൊന്നുമുണ്ടായില്ല.
ഇഖ്ബാല്‍ കഥയെഴുതി. ശത്രുഘ്നന്‍ അത് തിരക്കഥയാക്കി. അങ്ങനെ, 'നിറം' എന്ന പ്രോജക്ട് ഓണായി.
ഷൂട്ട് തുടങ്ങും മുന്‍പ് രാധാകൃഷ്ണനൊപ്പം നിര്‍മാതാവായി ജോണി സാഗരികയും ചേര്‍ന്നു.

To advertise here, Contact Us


അസിന്റെ ഓഡിഷന്‍
കഥയും നിര്‍മാതാവും സംവിധായകനുമെല്ലാം റെഡി. പക്ഷേ, എബിക്കൊപ്പം ആരെ സോനയാക്കും? കമല്‍ ഒരുപാട് ആലോചിച്ചു. ചാക്കോച്ചന്‍-ശാലിനി കൂട്ടുകെട്ട് മനസ്സില്‍ വന്നു. 'അനിയത്തിപ്രാവി'ന്റെ ആവര്‍ത്തനമാകുമോ എന്ന തോന്നല്‍ കമലിനെ മാറ്റിച്ചിന്തിപ്പിച്ചു.
അങ്ങനെ, സോനയെത്തേടി കമല്‍ ഓഡിഷനുകള്‍ നടത്തി. ഓഡിഷനില്‍ കമല്‍ 'നോ' പറഞ്ഞവരില്‍ ഒരാള്‍ പിന്നീട് ബോളിവുഡുവരെ എത്തിയത് മറ്റൊരു ചരിത്രം. 'ഗജിനി'യില്‍ തിളങ്ങിയ അസിന്‍. ''ഒരുപാടുപേരെ ഓഡിഷന്‍ ചെയ്തിരുന്നു. അതിലേക്ക് അസിനും വന്നു. പക്ഷേ, എന്തുകൊണ്ടോ അന്ന് അസിനെ തിരഞ്ഞെടുക്കാന്‍ എനിക്ക് തോന്നിയില്ല,'' ആ സംഭവം കമല്‍ ഓര്‍ത്തത് ഇങ്ങനെ.
ഒന്നും സെറ്റാകാതെവന്നതോടെ, കമലിന്റെ മനസ്സ് വീണ്ടും ശാലിനിയിലെത്തി. ''മുന്‍പ് സംവിധാനംചെയ്ത 'കൈക്കുടന്ന നിലാവി'ല്‍ ശാലിനിയായിരുന്നു നായിക. ഞാന്‍ ശാലിനിയോട് സംസാരിച്ചു. അവള്‍ ഓക്കെയായി. 'നിറം' തുടങ്ങുന്നതിന് കുറച്ച് മുന്‍പാണ് 'എന്ന് സ്വന്തം ജാനകിക്കുട്ടി' റിലീസായത്. ജോമോളെ വര്‍ഷയാക്കാന്‍ അധികം ആലോചിക്കേണ്ടിവന്നില്ല. പിന്നീട് വേണ്ടിയിരുന്നത് പ്രകാശനെയായിരുന്നു. നടന്‍ ആലുംമൂടന്‍ ചേട്ടന്‍, മകന്റെ അഭിനയമോഹം എന്നെ അറിയിച്ചിരുന്നു. ബോബനെ ഓഡിഷന് ക്ഷണിച്ചു. ബോബന്‍ ഓക്കെയായതോടെ, ആ കഥാപാത്രവും ഫിക്‌സായി,'' ആ വലിയ ദൗത്യം കമല്‍ ചെറിയ വാക്കുകളിലൊതുക്കി.

പ്രായം നമ്മില്‍ മോഹം നല്‍കി
'നിറ'ത്തിന്റെ കഥ കേട്ടപ്പോള്‍ വിദ്യാസാഗര്‍ സംഗീതം ചെയ്താല്‍ മതിയെന്ന് കമല്‍ ഉറപ്പിച്ചിരുന്നു. ബിച്ചു തിരുമലയും ഗീരിഷ് പുത്തഞ്ചേരിയും പാട്ടുകളെഴുതി. സിനിമ തുടങ്ങുന്നതിന് കുറച്ച് ദിവസംമുന്‍പ് കമലും മറ്റൊരു തിരക്കഥാകൃത്ത് ടി.എ. റസാഖും ചെന്നൈയിലേക്ക് പോയി. ഇരുവരും താമസിക്കുന്ന ഹോട്ടലിലേക്ക് ഒരുദിവസം ഗായകന്‍ പി. ജയചന്ദ്രന്‍ വന്നു. ഗൗരവഭാവത്തിലാണ് വരവ്. കമലും റസാഖും പരസ്പരം നോക്കി. കുറച്ച് നേരത്തെ മൗനത്തിനുശേഷം ജയചന്ദ്രന്‍ കമലിനോട് ചോദിച്ചു:
''നിന്റെ വീട് ഇരിങ്ങാലക്കുടയല്ലേ?''
''അതേ,'' കമല്‍ പറഞ്ഞു.
''എന്റെ വീടും ഇരിങ്ങാലക്കുടയാണെന്ന് അറിയാല്ലോ? നീ പഠിച്ചത് ക്രൈസ്റ്റില്‍ അല്ലേ?''
രണ്ട് ചോദ്യങ്ങള്‍ക്കും കൂടി കമല്‍ 'അതേ' എന്ന മട്ടില്‍ തലയാട്ടി.
''നീ ഇരുപത്തിനാല് സിനിമ ചെയ്തു. എന്നിട്ട്, ഏതിലെങ്കിലും ഒന്നില്‍ എന്നെക്കൊണ്ട് പാടിപ്പിച്ചോ?'', ജയചന്ദ്രന്‍ ചോദ്യം തുടര്‍ന്നു.
അപ്പോഴാണ് അക്കാര്യം കമലും ശ്രദ്ധിച്ചത്. ഒരേ നാട്ടുകാരായിട്ടും ഒരേ കോളേജില്‍ പഠിച്ചിട്ടും തന്റെ സിനിമകളില്‍ ജയചന്ദ്രന്‍ പാടിയിട്ടില്ല. ജയചന്ദ്രന്‍ മടങ്ങിയശേഷം കമലും റസാഖും സംസാരിച്ചു. ജയചന്ദ്രന് അവസരം കൊടുക്കാതിരുന്നതില്‍ കമലിന് നിരാശ തോന്നി.
''സത്യത്തില്‍ അങ്ങനെയൊരു കാര്യം ശ്രദ്ധിച്ചിട്ടില്ലായിരുന്നു. ദാസേട്ടനായിരുന്നു (യേശുദാസ്) എന്റെ സിനിമയില്‍ കൂടുതലും പാടിയിട്ടുള്ളത്. ഇക്കാര്യം വിദ്യാസാഗറിനോട് പങ്കുവെച്ചു. അങ്ങനെ, 'നിറ'ത്തില്‍ ഒരു പാട്ട് ജയേട്ടനെക്കൊണ്ട് പാടിപ്പിക്കാന്‍ തീരുമാനിച്ചു. 'പ്രായം നമ്മില്‍ മോഹം നല്‍കി' എന്ന ഗാനം. വിദ്യാസാഗറിന്റെ ചെന്നൈയിലെ സ്റ്റുഡിയോയില്‍വെച്ച് റെക്കോഡ് ചെയ്യാന്‍ തീരുമാനിച്ചു. നിശ്ചയിച്ച ദിവസം ഏറെ വൈകിയായിരുന്നു റെക്കോഡിങ്. പാതിരാത്രിയിലും ജയേട്ടന്‍ ആവേശത്തോടെ പാടി,'' കമല്‍ ആ പാട്ടിന്റെ കഥ പറഞ്ഞു.
സിനിമ റിലീസായതോടെ, പാട്ടും ഹിറ്റായി. പാട്ടിന് ആ വര്‍ഷത്തെ മികച്ച ഗായകനുള്ള സംസ്ഥാന അവാര്‍ഡ് ജയചന്ദ്രന് കിട്ടി. 'നിറ'ത്തിന്റെ തെലുഗു റീമേക്കിലും ഇതേ ട്യൂണില്‍ ജയചന്ദ്രന്‍ പാടി. ആ വര്‍ഷത്തെ തെലുഗുവിലെ മികച്ച ഗായകനുള്ള അവാര്‍ഡും അദ്ദേഹത്തിനായിരുന്നു.

കുഞ്ചാക്കോ ബോബനോ, അതാരാ?
കമല്‍ പഠിച്ച ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജായിരുന്നു നിറത്തിന്റെ പ്രധാന ലൊക്കേഷന്‍. എറണാകുളത്തെ കെന്റ് വില്ലകളിലും ചിത്രീകരിച്ചു. 'യാത്രയായ് സൂര്യാങ്കുരം'' എന്ന പാട്ടിന്റെ കുറച്ചുഭാഗം ചിത്രീകരണം എറണാകുളം റെയില്‍വേ സ്റ്റേഷനിലായിരുന്നു. അവിടെ രസകരമായൊരു അനുഭവം കമലിന് ഉണ്ടായി.
''രാത്രി പന്ത്രണ്ടുമണിമുതല്‍ പുലര്‍ച്ചെ അഞ്ചുവരെയാണ് ഷൂട്ടിങ്ങിന് അനുമതി. ഞങ്ങള്‍ നേരത്തേ ലൊക്കേഷനിലെത്തി. ലൈറ്റും ക്യാമറയും സെറ്റ് ചെയ്യുന്നു. അതിനിടെ ഒരാളെന്നോട് 'കമലല്ലേ' എന്ന് ചോദിച്ചു. ഞാന്‍ 'അതേ' എന്ന് പറഞ്ഞു. കണ്ടാല്‍ പരുക്കന്‍ ലുക്ക്. 'സാറെന്താ ഇവിടെ ഇരിക്കുന്നേ' എന്നായിരുന്നു അദ്ദേഹത്തിന്റെ അടുത്ത ചോദ്യം. ഷൂട്ടിങ്ങാണെന്ന് പറഞ്ഞപ്പോള്‍, ആരാണ് നടന്‍ എന്നായി. കുഞ്ചക്കോ ബോബനാണെന്ന് പറഞ്ഞപ്പോള്‍, അതാരാണെന്നായി അടുത്തത്. അങ്ങനെ, തുടരെ ചോദ്യങ്ങള്‍. ചോദ്യംചെയ്യല്‍ തുടര്‍ന്നപ്പോള്‍ ഞാന്‍ നിങ്ങളാരാണെന്ന് ചോദിച്ചു. അയാള്‍ പേര് വെളിപ്പെടുത്തി. ആ പേര് കേട്ട് ഞാനാകെ ഞെട്ടി. അക്കാലത്ത് കൊച്ചിയെ വിറപ്പിച്ച ഗുണ്ടയായിരുന്നു അത്. പേടിച്ചുപോയി. പക്ഷേ, അദ്ദേഹം നല്ല രസത്തില്‍ സംസാരിച്ചു. ഷൂട്ടിങ് തുടങ്ങി കുറേനേരം അദ്ദേഹം ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു. ആളുകളെ നിയന്ത്രിക്കാന്‍ സഹായിക്കുകയും ചെയ്തു.
പിന്നീട് അന്വേഷിച്ചപ്പോള്‍ മനസ്സിലായി, അതിന് കുറച്ച് മുന്‍പാണ് ഈ ഗുണ്ട ജയിലില്‍നിന്നിറങ്ങിയതെന്ന്. അതുകൊണ്ടാണ് ചാക്കോച്ചനെ അറിയാതിരുന്നത്,'' കട്ട് പറയാതെ കമല്‍ ഓര്‍ത്തെടുത്തു.

ശേഷം സ്‌ക്രീനില്‍
ഒരു വ്യാഴാഴ്ചയായിരുന്നു ചിത്രത്തിന്റെ റിലീസ്. ആദ്യദിവസം എല്ലാ തിയേറ്ററുകളിലും കൂക്കിവിളിയായിരുന്നു. അഭിപ്രായമറിയിച്ച് പല സ്ഥലങ്ങളില്‍നിന്ന് വിളിവന്നു. ആരും നല്ലത് പറഞ്ഞില്ല. വെള്ളിയാഴ്ച മോണിങ് ഷോയിലും മാറ്റിനിയിലും ഇതേ അഭിപ്രായം തുടര്‍ന്നു.
''എല്ലാ സീനുകള്‍ക്കും കൂക്കിവിളി. ആളുകള്‍ എന്തിനാണ് കൂവുന്നതെന്ന് മനസ്സിലായില്ല. പക്ഷേ, വെള്ളിയാഴ്ച ഫസ്റ്റ് ഷോയ്ക്ക് തിയേറ്ററുകളില്‍ സ്ത്രീകളെത്തി. ശനിയാഴ്ചയായപ്പോഴേക്കും യുവതീയുവാക്കള്‍ തിയേറ്ററിലേക്കൊഴുകി. സിനിമയ്ക്ക് നല്ല അഭിപ്രായം വന്നു. ഞായറാഴ്ചയാണ് എനിക്ക് തിയേറ്ററില്‍ പോയിക്കാണാനുള്ള ആത്മവിശ്വാസം വന്നത്. തിരുവനന്തപുരത്തെ കൃപ തിയേറ്ററിലാണ് ഞാനും ഭാര്യയും സിനിമ കണ്ടത്,'' കമല്‍ ഓര്‍ക്കുന്നു.
റിലീസായതോടെ കേരളത്തില്‍മാത്രമല്ല, ഇന്ത്യയൊന്നാകെ ചിത്രം ചര്‍ച്ചയായി. തമിഴിലേക്കും തെലുഗുവിലേക്കും ഹിന്ദിയിലേക്കും റീമേക്ക് ചെയ്തു. തമിഴില്‍ കമല്‍ തന്നെയായിരുന്നു സംവിധാനം. എല്ലായിടത്തും സിനിമ സൂപ്പര്‍ഹിറ്റ്.
വിശേഷങ്ങള്‍ക്കിെട കമലിനോട് വെറുതേ ചോദിച്ചു: ''നിറം ഇപ്പോഴാണെങ്കിലോ...?'' മറുപടിക്ക് കമലിന് അധികം ആലോചിക്കേണ്ടി വന്നില്ല.
''ആ സിനിമ ഇപ്പോള്‍ കാണുമ്പോള്‍ പലര്‍ക്കും പൈങ്കിളിയായിത്തോന്നാം. പക്ഷേ, അന്ന് അതത്ര പൈങ്കിളിയല്ലായിരുന്നു. ഒരുപക്ഷേ, നിറം ഇപ്പോഴാണ് ചെയ്യുന്നതെങ്കില്‍, അതിന്റെ ക്ലൈമാക്‌സുതന്നെ മാറിയേനേ.''

Content Highlights: malayalam film niram 25 years director kamal

Add Comment
Related Topics

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Sushmita Sen

1 min

ടേബിള്‍ മാനേഴ്‌സ് അറിയില്ലായിരുന്നെന്ന് സുസ്മിത സെന്‍, മിസ് യൂണിവേഴ്‌സ് വിരുന്നില്‍ കുഴങ്ങിയെന്നും

Feb 20, 2024


jagadish

7 min

രമ പോയതോടെ ജീവിതത്തിന് ത്രില്ലില്ലാതെയായി, അങ്ങനെയൊരു സ്‌നേഹമായിരുന്നു രമ

Feb 15, 2024


instagram

1 min

ദംഗലിലെ ആമിര്‍ ഖാന്റെ മകള്‍, പത്തൊമ്പതാം വയസ്സില്‍ വിടപറഞ്ഞു

Feb 17, 2024

To advertise here, Contact Us
To advertise here, Contact Us
To advertise here, Contact Us