To advertise here, Contact Usചുരുക്കം ചിലര്‍ വിചാരിച്ചാല്‍ പിടിച്ചുകെട്ടാന്‍ കഴിയുന്നതല്ല കരിയര്‍-നീരജ് മാധവ്


അക്ഷര അർജുൻ

5 min read
Read later
Print
Share

നീരജ് മാധവ്, നിളങ്ക, ദീപ്തി | അരുൺ പയ്യടിമീത്തൽ

കൊച്ചിയിലെ 'ഗുഡ് എര്‍ത്ത് വില്ല'യില്‍ കളിചിരികള്‍ നിറഞ്ഞു. ദീപ്തിക്കും നീരജ് മാധവിനുമൊപ്പം കുട്ടിക്കൊഞ്ചലുമായി രണ്ടുവയസ്സുകാരി നിളങ്ക. ഇവിടെ ജീവിതം ഒരു റാപ്പ് സോങ്ങ് പോലെ ചടുലം... മനോഹരം. ''ചുമ്മാ സീന്‍ മോനേ...'' റാപ്പിന് ചുവടുവച്ചു തുടങ്ങി കുഞ്ഞ് നിങ്കു. 2023-ല്‍ ആളുകള്‍ ഏറ്റവും കൂടുതല്‍ പാടിയ ആ പാട്ടിന്റെ ക്രെഡിറ്റും നീരജിന് സ്വന്തം.
2013-ല്‍ 'ബഡ്ഡി' എന്ന ചിത്രത്തിലൂടെ മലയാളസിനിമയിലേക്ക് ചേക്കേറിയ ചെറുപ്പക്കാരന്‍. മോനിച്ചന്‍, റെമൊ, ലവന്‍, ഗൗതമന്‍ തുടങ്ങി നിരവധി കഥാപാത്രങ്ങള്‍. നടന്‍, തിരക്കഥാകൃത്ത്, ഗാനരചയിതാവ്... അനവധി പകര്‍ന്നാട്ടങ്ങള്‍. ലോക്ക്ഡൗണ്‍ കാലത്ത് ഓരോ വീട്ടിലും മുഴങ്ങിക്കേട്ട 'പണിപാളി' സോങ്ങിനൊപ്പം യുവാക്കളുടെ ഹരമായിത്തീര്‍ന്ന റാപ്പര്‍ എന്‍.ജെ. ആമസോണ്‍ പ്രൈം സീരീസായ 'ദ ഫാമിലി മാനി'ലെ മൂസ റഹ്മാനും പ്രേക്ഷകരെ ഞെട്ടിച്ചു. തിരിച്ചുവരവില്‍ പോയവര്‍ഷത്തെ ഹിറ്റുകള്‍ക്കൊപ്പം 'ആര്‍.ഡി.എക്‌സി'ലെ സേവ്യറിന്റെ പേരും എഴുതിച്ചേര്‍ക്കപ്പെട്ടു.
കരിയറിലെ നീണ്ട പത്തുവര്‍ഷങ്ങള്‍ നീരജ് മാധവ് എന്ന നടന് നിതാന്ത പരിശ്രമങ്ങളുടേതായിരുന്നു. തേടിയെത്തിയ വിജയങ്ങളുടെ പുതുവെളിച്ചത്തില്‍ നീരജ് മാധവ് 'ഗൃഹലക്ഷ്മി'ക്കൊപ്പം .

To advertise here, Contact Us

'ബഡ്ഡി'യില്‍ത്തുടങ്ങി 'ഫാമിലി മാന്‍ സീരീസി'ലെ മൂസ റഹ്മാന്‍ എന്ന പ്രതിനായകകഥാപാത്രം വരെയുള്ള യാത്ര എളുപ്പമായിരുന്നോ?
ഓഡിഷനിലൂടെയാണ് 'ബഡ്ഡി'യിലെത്തുന്നത്. ശേഷം ചെറിയ വേഷങ്ങള്‍. 'മെമ്മറീസി'ല്‍ രണ്ട് സീനുകളില്‍ മുഖംകാണിച്ചു. പിന്നെ, 'ദൃശ്യം,' '1983'... ഓരോ സിനിമ കഴിയുമ്പോഴും രണ്ട് സീനെങ്കിലും അധികം കിട്ടണമെന്ന ആഗ്രഹമായിരുന്നു. അതിനായി പ്രയത്‌നിച്ചു. ആദ്യകാലങ്ങളില്‍ ചെയ്തത് കോമഡിവേഷങ്ങളായതുകൊണ്ട് മാറ്റം ബുദ്ധിമുട്ടായി. നടന്‍ എന്ന രീതിയില്‍ ഒരുപാട് മുന്നേറാനുണ്ടെങ്കിലും പിന്നോട്ട് വലിക്കാന്‍ പലരും ശ്രമിച്ചു. ആത്മവിശ്വാസം മാത്രമായിരുന്നു കൈമുതല്‍.
അങ്ങനെയിരിക്കെ 'മെക്‌സിക്കന്‍ അപാരത'യും 'ഊഴ'വും തേടിവന്നു. 'പൈപ്പിന്‍ ചുവട്ടിലെ പ്രണയ'ത്തിലൂടെ നായകനായി. 'ലവകുശ' എന്ന സിനിമയുടെ തിരക്കഥയെഴുതി. സിനിമയില്‍ ഗോഡ്ഫാദര്‍ ഇല്ല. അവസരം വച്ചുനീട്ടാന്‍ ആരുമില്ല. എല്ലാ ബുദ്ധിമുട്ടുകളും നേരിട്ടു. ഇതിനിടയിലാണ് ഹിന്ദിയില്‍നിന്ന് വിളിവരുന്നത്. ഒട്ടും പരിചിതമല്ലാത്ത ഇന്‍ഡസ്ട്രി. പ്രതികൂലസാഹചര്യങ്ങളെ അതിജീവിക്കാന്‍ തന്നെ തീരുമാനിച്ചു.
ഇത്രയും വര്‍ഷം പിടിച്ചുനില്‍ക്കുക എളുപ്പമായിരുന്നില്ല. അത് സാധിച്ചു. സിനിമയുടെ ഒന്നിലധികം മേഖലകളില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞുവെന്ന സംതൃപ്തിയുണ്ട്.

ആക്ടര്‍, ഡാന്‍സര്‍, റാപ്പര്‍, സ്‌ക്രിപ്റ്റ് റൈറ്റര്‍... എന്താണ് നീരജിനെ കൂടുതല്‍ ത്രില്ലടിപ്പിച്ചിട്ടുള്ളത്?
അങ്ങനെ കാറ്റഗറിയില്‍പ്പെടുത്തുന്നത് എനിക്കിഷ്ടമല്ല. ഒരു വ്യക്തിയുടെ പല പകര്‍പ്പാണല്ലോ ഇതെല്ലാം. ആര്‍ട്ടിസ്റ്റ് എന്ന രീതിയില്‍ എന്തൊക്കെ ചെയ്യാന്‍ പറ്റുമോ അതെല്ലാം ചെയ്യണമെന്നാണ് ആഗ്രഹം. ഏറ്റവും ത്രില്ലടിപ്പിച്ചിട്ടുള്ളത് ലൈവ് പെര്‍ഫോമന്‍സുകളാണ്. പ്രേക്ഷകരുടെ മുന്നില്‍ റാപ്പ് സോങ്സ് പാടുമ്പോഴാണ് കൂടുതല്‍ സന്തോഷം.

അന്യഭാഷാചിത്രങ്ങളിലെ സ്വീകാര്യതയാണോ മലയാളസിനിമയുടെ പരിഗണനക്കുറവാണോ മറ്റ് ഭാഷകളിലേക്ക് പോകാന്‍ പ്രേരിപ്പിച്ചത്?
രണ്ടും. മലയാളത്തില്‍ സിനിമ ഇല്ലാതിരുന്നതല്ല, പുതിയതായിട്ടൊന്നും ചെയ്യാനുണ്ടായിരുന്നില്ലെന്നതാണ് സത്യം. അവസരങ്ങള്‍ കിട്ടാത്തതു കൊണ്ടല്ല സിനിമ ചെയ്യാതിരുന്നത്. ടൈപ്പ്കാസ്റ്റ് ചെയ്യപ്പെടാതിരിക്കാന്‍ ഒഴിവാക്കിയതാണ് പലതും. അതായിരുന്നു ഞാനെടുത്ത ഏറ്റവും നല്ല തീരുമാനമെന്ന് ഇപ്പോള്‍ തോന്നുന്നു. ആ സമയത്താണ് ഒ.ടി.ടി. പ്ലാറ്റ്ഫോമില്‍ അവസരം കിട്ടുന്നത്. 'സിനിമയില്‍നിന്ന് സീരിയലിലോട്ടാണോ പോകുന്നത്' എന്ന് ചോദിച്ചവരുണ്ട്. 'ദ ഫാമിലി മാന്‍'ഇന്ത്യയിലെത്തന്നെ ഏറ്റവും വലിയ സീരീസായിമാറി. പാന്‍-ഇന്ത്യന്‍ തലത്തില്‍ അംഗീകരിക്കപ്പെട്ടു. അത്രയും നല്ല കഥാപാത്രം എനിക്ക് അതുവരെയും മലയാളത്തില്‍ കിട്ടിയിരുന്നില്ല. എവിടെയാണോ നല്ല അവസരം കിട്ടുന്നത് അവിടേക്ക് പോകും.
തമിഴില്‍ ഗൗതം മേനോന്റെ സിനിമയില്‍ അവസരം ലഭിച്ചു. മികച്ച കഥാപാത്രം. തമിഴിലും ഹിന്ദിയിലും വേണ്ടെന്നുവെച്ച കഥാപാത്രങ്ങളുമുണ്ട്. ഷാറൂഖ് ഖാന്റെ 'ജവാനി'ലേക്ക് വിളിച്ചിരുന്നു. പക്ഷെ, ആ കഥാപാത്രം എന്നെ ആകര്‍ഷിച്ചില്ല. അങ്ങനെ വേണ്ടെന്നുവെച്ചു.

വ്യക്തിജീവിതത്തില്‍ ഉണ്ടായ മാറ്റങ്ങള്‍...
ബാച്ചിലര്‍ ലൈഫ് അടിച്ചുപൊളിച്ച് ജീവിക്കുകയായിരുന്നു. പക്വതയില്ലാത്ത പ്രായം. വിവാഹജീവിതത്തിലേക്ക് കടന്നപ്പോള്‍, ഒപ്പമുള്ളവരെ പരിഗണിക്കാനും അവര്‍ക്കുവേണ്ടി കൂടുതല്‍ സമയം കണ്ടെത്താനും തുടങ്ങി. ദീപ്തി വന്നശേഷം ജീവിതത്തിന് ചിട്ട വന്നു. കല്യാണത്തിനുമുന്‍പെന്ന പോലെ ഇപ്പോഴും ഞങ്ങള്‍ സുഹൃത്തുക്കളാണ്.
കുഞ്ഞ് പിറന്നശേഷം ജീവിതം സ്പെഷ്യലായി. അവളുടെ വളര്‍ച്ച ഞാന്‍ ആസ്വദിക്കുന്നു. പണ്ടൊക്കെ ഷൂട്ടിങ്ങ് ഇടവേളയില്‍ യാത്ര പോകാനായിരുന്നു താത്പര്യം. ഇപ്പോള്‍ മോളെ മിസ് ചെയ്യുന്നതുകൊണ്ട് എത്രയും പെട്ടെന്ന് വീട്ടിലെത്താനാണ് ശ്രമിക്കുന്നത്.

യഥാര്‍ഥത്തില്‍ ഫാമിലി മാനാണോ?
ദീപ്തിയാണ് അത് പറയേണ്ടത്. എന്നാലും എന്റെതായ രീതിയില്‍ ഫാമിലിമാനാണ് എന്നാണ് വിശ്വാസം.
കൂടുതല്‍ സമയവും കുടുംബത്തോടൊപ്പമാണ്. അഞ്ചുവര്‍ഷം ഞങ്ങള്‍ ഫ്‌ളാറ്റിലാണ് താമസിച്ചത്. മോള്‍ക്ക് രണ്ടുവയസ്സായപ്പോള്‍, സ്ഥലപരിമിതി തോന്നിത്തുടങ്ങി. വില്ലയിലേക്ക് മാറി. അവള്‍ക്ക് നടക്കാനും കളിക്കാനും പറ്റിയൊരിടംകൂടി ആകണമെന്നുണ്ടായിരുന്നു. അതെല്ലാം ഒന്നിച്ചെടുത്ത തീരുമാനമായിരുന്നു. ഒരുമിച്ച് യാത്ര പോകുന്നില്ലെന്ന് പണ്ടൊക്കെ ദീപ്തിക്ക് പരാതിയായിരുന്നു. ഇപ്പോള്‍ അത് മാറി. ഇത്തവണ ന്യൂ ഇയര്‍ ഫാമിലിയ്‌ക്കൊപ്പം ദുബായിലാണ് ആഘോഷിച്ചത്.

ദീപ്തിയുടെ പിന്തുണ...
ദീപ്തി സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറാണ്. സിനിമാപശ്ചാത്തലം ഇല്ല. സിനിമയില്‍ മാത്രം മുഴുകിയ ഞാന്‍ പുറംലോകത്തെ പല കാര്യങ്ങളും ദീപ്തി വഴിയാണ് അറിഞ്ഞത്. എന്നെ ഒരു നല്ല വ്യക്തിയാക്കിയതില്‍ ദീപ്തിയുടെ പങ്ക് വളരെ വലുതാണ്. സാമ്പത്തിക കാര്യങ്ങളില്‍ ഒരു പ്ലാനിങ്ങും ഇല്ലാത്ത ആളായിരുന്നു ഞാന്‍. ദീപ്തി വന്ന ശേഷമാണ് സമ്പാദിക്കാനൊക്കെ തുടങ്ങിയത്. അവള്‍ നല്ല കേള്‍വിക്കാരിയാണ്. എല്ലാത്തിനും കൂടെ നില്‍ക്കും. എന്നാല്‍ എന്റെ കരിയറുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇടപെടാറില്ല.

അച്ഛന്‍ റോളിലും നീരജ് ഹിറ്റാണല്ലേ?
നിളങ്ക എല്ലാത്തിനെയും മാറ്റിമറിച്ചു. ഞങ്ങള്‍ നിങ്കു എന്നാണ് വിളിക്കാറ്. അവള്‍ എന്നെ 'നുന്ന' എന്നും. അച്ഛന്‍വിളി ഒഴിവാക്കിയതില്‍ അവളോട് നന്ദിയുണ്ട്. അനാവശ്യ സീനിയോറിറ്റിയും അങ്കിള്‍ ഫീലും ഒഴിവായിക്കിട്ടി. അച്ഛന്‍- മകള്‍ ബന്ധം എത്ര ശക്തമാണെന്ന് മനസ്സിലാക്കുന്നത് അവള്‍ വന്നശേഷമാണ്. മുന്‍ഗണനകള്‍ മാറി.

യൂട്യൂബ് ചാനലിനു പിന്നിലെ കഥ പറയാമോ?
പാട്ടുകള്‍ കമ്പോസ് ചെയ്തു തുടങ്ങിയത് ലോക്ക്ഡൗണിലാണ്. രസം തോന്നിത്തുടങ്ങി. ഇത് വീഡിയോ ആയി ചെയ്യാമെന്നും യൂട്യൂബില്‍ അപ്ലോഡ് ചെയ്യാമെന്നും പറഞ്ഞത് അനിയന്‍ നവനീതാണ്. രണ്ടുമൂന്നെണ്ണം ചെയ്തു. 'പണി പാളി' എന്ന വീഡിയോ വൈറലായി. ചാനല്‍ വലുതായി. സംഗീതത്തെ ജനങ്ങളിലേക്കെത്തിക്കാനുള്ള മാധ്യമമായാണ് യൂട്യൂബിനെ കാണുന്നത്. മ്യൂസിക് കരിയര്‍ വളരെ സീരിയസ്സായിത്തന്നെ പോകുന്നു. ഒരുപാടുനാളത്തെ ആഗ്രഹമാണ് ഒരു ഹിപ്പ്‌ഹോപ്പ് ആല്‍ബം. അതിന്റെ പണി നടക്കുകയാണ്.

ആര്‍.ഡി.എക്‌സിലെ 'സേവ്യര്‍' എന്ന കഥാപാത്രം പ്രേക്ഷകര്‍ ഇങ്ങനെ ഏറ്റെടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്നോ?
തീര്‍ച്ചയായും. ആര്‍.ഡി.എക്‌സ്. വലിയ മാറ്റമായിരുന്നു. മലയാളത്തിലേക്കുള്ള തിരിച്ചുവരവ്. സേവ്യര്‍ എന്ന കഥാപാത്രത്തെക്കുറിച്ച് സംവിധായകന്‍ നഹാസ് വിവരിച്ചപ്പോള്‍തന്നെ പുതുമതോന്നി. സിനിമ അനൗണ്‍സ്‌ചെയ്തത് മുതല്‍ ഇയാളാണോ ഫൈറ്റ് ചെയ്യാന്‍ പോകുന്നത് എന്ന രീതിയിലൊക്കെയുള്ള പരിഹാസം കേട്ടിരുന്നു. അത്തരം മുന്‍വിധികളെ പൊളിക്കണം എന്നുണ്ടായിരുന്നു. കൂടാതെ നന്‍ചക് പോലൊരു ആയുധം കൈകാര്യം ചെയ്ത് കഴിവ് തെളിയിക്കാന്‍ കിട്ടിയ അവസരവുമായിരുന്നു. പെപ്പെയ്ക്കും ഷെയ്നും നായികമാരുണ്ട്, എനിക്കില്ല. അതു സാരമില്ല നന്‍ചക് ഉണ്ടല്ലോ എന്നുപറഞ്ഞ് ഞങ്ങള്‍ ചിരിച്ചു. സേവ്യറിനെ ജനങ്ങള്‍ ഏറ്റെടുത്തു. പരിശ്രമത്തിനുള്ള അംഗീകാരം കിട്ടി. സിനിമ ഇത്രയും വലിയ ഹിറ്റാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല.

തുറന്നുപറച്ചിലുകള്‍ വഴിയുണ്ടായ വിമര്‍ശനങ്ങളെ എങ്ങനെ കാണുന്നു?
തുറന്നുപറച്ചിലുകളില്‍ ഒരിക്കലും കുറ്റബോധം തോന്നിയിട്ടില്ല. ചിലത് പറയണമെന്ന് തോന്നുമ്പോള്‍ പറയും.
സിനിമാമേഖലയില്‍ ഏറെക്കാലം നിലനില്‍ക്കാന്‍ ബുദ്ധിമുട്ടാണ്, പ്രത്യേകിച്ച് തുറന്നടിച്ചുപറയുന്നവര്‍ക്ക്. കപടവിനയവും എളിമയും നന്നായി ആഘോഷിക്കപ്പെടുന്നിടത്ത് സ്മാര്‍ട്ടായാല്‍ അത് അഹങ്കാരവും ജാഡയുമൊക്കെയായി തെറ്റിദ്ധരിക്കപ്പെടും.
തുറന്നുപറച്ചിലുകള്‍ മൂലം ചിലര്‍ക്ക് നമ്മള്‍ ശത്രുവാകും. പക്ഷേ, പേടി മാറിക്കിട്ടും. ചുരുക്കം ചിലര്‍ വിചാരിച്ചാല്‍ പിടിച്ചുകെട്ടാന്‍ കഴിയുന്നതല്ല നമ്മുടെ കരിയര്‍ എന്ന വിശ്വാസം വരും. കേരളത്തിന് പുറത്തും കാഴ്ചക്കാരുണ്ട്, കഴിവിനെ അംഗീകരിക്കുന്നവരുണ്ട്, എന്ന് മനസ്സിലാക്കാന്‍ സാധിക്കും. നാട്ടില്‍ കിട്ടുന്ന അംഗീകാരം വളരെ വലുതാണ്. എല്ലാവരെയും സന്തോഷിപ്പിച്ചുകൊണ്ട് മുന്നോട്ടുപോകാന്‍ കഴിയില്ല.

റാപ്പുകള്‍ക്ക് കേരളത്തില്‍ ഇന്ന് വേണ്ടത്ര പ്രാധാന്യം ലഭിക്കുന്നില്ല എന്ന തോന്നലുണ്ടോ?
അങ്ങനൊരു അഭിപ്രായമില്ല. കഴിവുള്ള റാപ്പേഴ്സിന്റെ പാട്ടുകള്‍ അംഗീകരിക്കപ്പെടുന്നുണ്ട്. മുന്‍പ് അങ്ങനെയായിരുന്നില്ല. അഞ്ചുവര്‍ഷംമുന്‍പ് അനിയനും ഞാനും കൂടി ഒരു റാപ്പ് സിനിമ പ്ലാന്‍ ചെയ്തു. അന്നത് നടന്നില്ല. പിന്നെ ലോക്ക്ഡൗണില്‍ ആളുകള്‍ ഞങ്ങളുടെ റാപ്പ് സോങ്ങുകള്‍ അംഗീകരിക്കാന്‍ തുടങ്ങി. അതിനുപുറകെ ഒരുപാട് റാപ്പ് ആര്‍ട്ടിസ്റ്റുമാര്‍ വന്നു. അതിനെ പൂര്‍ണമായും മനസ്സിലാക്കാത്ത ഒരു വിഭാഗം ഉണ്ടെങ്കിലും റാപ്പ് ആസ്വദിക്കുന്ന വലിയ വിഭാഗവും ഉണ്ട്.

കരിയറിലെ മറ്റൊരു ടേണിങ് പോയിന്റായിരിക്കുമോ പുതുവര്‍ഷം?
അങ്ങനെയൊരു വഴിത്തിരിവില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. പക്ഷേ, പ്ലാന്‍ ചെയ്താല്‍ എപ്പോഴെങ്കിലും യാഥാര്‍ഥ്യമാകും. ഈ വര്‍ഷം എന്താണ് ജീവിതത്തില്‍ ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് വ്യക്തതയുണ്ട്. ആ വ്യക്തതയോടെയാണ് മുന്നോട്ടുപോകുന്നത്. കുറച്ച് കാര്യങ്ങള്‍ നേടിയെടുക്കാനുണ്ട്. അതില്‍ പകുതിയെങ്കിലും നേടാന്‍ സാധിച്ചാല്‍ ഹാപ്പിയാവും. അതിലൊന്ന് ഞാനും സുഹൃത്തുക്കളും ചേര്‍ന്നെഴുതുന്ന ഹിപ്പ് ഹോപ്പ് സിനിമയാണ്. മറ്റൊന്ന് ഒരു സീരീസ്. പിന്നെ റാപ്പ് ആല്‍ബം. സ്വന്തമായി കാര്യങ്ങള്‍ പ്ലാന്‍ ചെയ്യുന്ന ഘട്ടമെത്തി. ഇതിനൊപ്പം നല്ല പ്രോജക്ടുകളുടെ ഭാഗമാകണം എന്നുണ്ട്.
നീരജ് എന്ന പ്രതിഭയ്ക്ക് പ്രതീക്ഷകള്‍ ചിറകുകളാണ്. ഉറച്ച ലക്ഷ്യബോധം, തളരാത്ത നിശ്ചയദാര്‍ഢ്യം... ഇവ വിജയത്തിന്റെ ചേരുവകളും. പാട്ടിലും വെള്ളിത്തിരയിലും ഇനിയും കീഴടക്കാനുള്ള ദൂരങ്ങളിലേക്ക് അതേ ചിറകില്‍ സഞ്ചരിക്കുകയാണ് നീരജ്.

Content Highlights: malayalam actor neeraj madhav interview

Add Comment
Related Topics

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Sushmita Sen

1 min

ടേബിള്‍ മാനേഴ്‌സ് അറിയില്ലായിരുന്നെന്ന് സുസ്മിത സെന്‍, മിസ് യൂണിവേഴ്‌സ് വിരുന്നില്‍ കുഴങ്ങിയെന്നും

Feb 20, 2024


jagadish

7 min

രമ പോയതോടെ ജീവിതത്തിന് ത്രില്ലില്ലാതെയായി, അങ്ങനെയൊരു സ്‌നേഹമായിരുന്നു രമ

Feb 15, 2024


instagram

1 min

ദംഗലിലെ ആമിര്‍ ഖാന്റെ മകള്‍, പത്തൊമ്പതാം വയസ്സില്‍ വിടപറഞ്ഞു

Feb 17, 2024

To advertise here, Contact Us
To advertise here, Contact Us
To advertise here, Contact Us