അബു സലീം (Photo: എൻ.എം.പ്രദീപ്)
സിറ്റി സ്റ്റോപ്പില്‍ നിന്ന് രണ്ടാം ഗേറ്റും കടന്ന് മുന്നോട്ട് നടന്നാല്‍ റോഡ് നീളുന്നത് ബീച്ചിലേക്കാണ്, കോഴിക്കോട് ജില്ലാ കോടതി പിന്നിട്ടാല്‍ പിന്നെ വഴിക്കിരുവശവും ഉയര്‍ന്നുനില്‍ക്കുന്ന കച്ചവടകേന്ദ്രങ്ങള്‍ക്ക് പൗരാണിത ടച്ചുണ്ട്, കടലിരമ്പം കേള്‍ക്കുന്ന ദിശയിലേക്ക് പോകുന്ന വഴിയെ നമ്മെ നൊസ്റ്റാള്‍ജിയയുടെ ഒരുകാറ്റ് വന്ന് പൊതിയും, 1980'S നിന്നു പുറപ്പെടുന്ന ആ കാറ്റിന് കഴിഞ്ഞുപോയ കാലത്തിന്റെ ഒരുപാട് കഥകളും പറയാനുണ്ടായിരുന്നു, ഒപ്പം നല്ല രുചിയുള്ള കിസയും. കാറ്റ് വന്ന് വിളിച്ചത് പാണ്ടികശാലയുടെ പ്രൗഡിയുള്ള 1980'ട എന്ന ഹോാട്ടലിനുള്ളിലേക്കാണ്. ഉള്ളില്‍ കയറി കസേരമേല് കുത്തിയിരുന്നു. താമസിച്ചില്ല കൈയില്‍ പിടിച്ച സുലൈമാനിയുമായി മെല്ലെ മലയാളികളുടെ അര്‍ണോള്‍ഡ് ഷ്വാസ്‌നെഗര്‍ മുന്നില്‍വന്നിരുന്നു, സിനിമയില്‍ 45 വര്‍ഷത്തിന്റെ നിറവില്‍ നില്‍ക്കുന്ന മൈക്കിളപ്പന്റെ സ്വന്തം ശിവന്‍കുട്ടി, നടന്‍ അബുസലീം. സുലൈമാനി ഊതി ഊതി കുടിച്ചുകൊണ്ട് അബുക്കയുടെ കഥകളുടെ വണ്ടി താമരശ്ശേരി ചുരം വഴി വയനാട്ടിലേക്ക് കയറി....
ചുരം കയറിയ സിനിമ
ചുരത്തിനപ്പുറം കാഴ്ചകളും ജീവിതങ്ങളുമെല്ലാം മാറും, കാലത്തെ റീവൈന്‍ഡ് അടിക്കുമ്പോള്‍ കാഴ്ചകളെല്ലാം കറുപ്പിലും വെള്ളയിലും തെളിയും, സിനിമയുടെ വര്‍ണപ്രപഞ്ചവും ബോഡിബില്‍ഡിങ് മത്സരങ്ങളോ ഒന്നും പരിചയമില്ലാതിരുന്നു 70 കളിലെ വയനാട്. കാപ്പിയും തേയിലയും ഏലവും നിറയുന്ന ആ വയനാട്ടിന്റെ ഹൃദയതുടിപ്പിലേക്കാണ് കുഞ്ഞമ്മദ്, ഫാത്തിമ ദമ്പതികളുടെ മകനായി അബു സലീം പിറന്നുവീണത്. സിനിമ സാധ്യതകളൊന്നും തീരെ ഇല്ലാത്ത ഒരുകാലത്ത് വയനാട്ടില്‍ നിന്ന് എങ്ങനെ സിനിമയിലേക്ക് എത്തി എന്ന് ചോദിച്ചാല്‍ അബു സലീം നമ്മളെ കല്‍പ്പറ വിജയ തിയേറ്ററിന്റെ ഇരുട്ടിലേക്ക് കൂട്ടുവിളിക്കും. ''എല്ലാവരെയും പോലെ എനിക്കും ചെറുപ്പംതൊട്ടെ സിനിമയോട് ഏറെ കമ്പമായിരുന്നു. സ്‌കൂള്‍ കാലഘട്ടത്തിലെ ക്ലാസ് കട്ട് ചെയ്ത് സിനിമയ്ക്ക് പോവുന്നത് പതിവായിരുന്നു. പക്ഷേ സിനിമ കാണാന്‍ പോയാല്‍ അടി കിട്ടുന്ന കാലമായിരുന്നു അത്. എന്റെ ചെറുപ്പകാലത്ത് കല്‍പ്പറ്റയില്‍ രണ്ട് സിനിമ തിയേറ്ററുകളാണ് ഉള്ളത്. വിജയ ടാക്കീസും അനന്തപത്മയും. അതില്‍ വിജയ ടാക്കീസില്‍ ഭൂരിഭാഗവും പ്രദര്‍ശനത്തിനെത്തുന്നത് തമിഴ് സിനിമകളായിരുന്നു. കാരണം തോട്ടം മേഖലയായതിനാല്‍ ഒരുപാട് തമിഴ് തൊഴിലാളികളുണ്ടായിരുന്നു. ഇവരെ ലക്ഷ്യംവച്ചാണ് തമിഴ് സിനിമകള്‍ റിലീസ് ചെയ്യുന്നത്. അവിടെ ചെന്ന് തമിഴ് സിനിമകള്‍ കണ്ടശേഷം വീട്ടില്‍ വന്ന് ശിവാജി ഗണേശനടക്കമുള്ള താരങ്ങളെ അനുകരിക്കാന്‍ ശ്രമിക്കും. സ്‌കൂള്‍ കാലത്ത് ചെറിയ കലാപ്രവര്‍ത്തനങ്ങള്‍ നടത്തി എന്നതല്ലാതെ സിനിമയിലെത്തും മുമ്പേ വേറൊരു അഭിനയപാരമ്പര്യവും ഇല്ല. ആഗ്രഹം കൊണ്ട് സിനിമ നടനായി മാറിയൊരാളാണ് ഞാന്‍. 1977ല്‍ മണിസ്വാമി സംവിധാനം ചെയ്ത 'രാജന്‍ പറഞ്ഞ കഥ' എന്ന സിനിമയിലാണ് ആദ്യം അഭിനയിച്ചത്. സുകുമാരന്‍ ആദ്യമായി ഹീറോയായ ചിത്രമാണത്. അന്ന് ആ സിനിമയുടെ ഷൂട്ടിങ് കാണാന്‍ ചെന്നതായിരുന്നു ഞാന്‍. അവിടെ വച്ച് സംവിധായകന്‍ ഒരുറോളുണ്ട് ചെയ്യുന്നോ എന്ന് ചോദിച്ചു. ഞാന്‍ രണ്ടാമതൊന്ന് ആലോചിക്കാതെ ഓക്കെ പറഞ്ഞു. രാജനെ ഉരുട്ടുന്ന പൊലീസുകാരന്റെ റോളായിരുന്നു അതിലെനിക്ക്. ആ സിനിമ പുറത്തിറങ്ങി തൊട്ടടുത്ത വര്‍ഷം 1979 ലാണ് ഞാന്‍ പൊലീസ് സര്‍വീസില്‍ ജോലിക്ക് കയറുന്നത്. ആ സമയത്ത് ഐ.വി.ശശിസാറിന്റെ അങ്ങാടിയിലേക്ക് വിളിവന്നിരുന്നു. എന്നാല്‍ ട്രെയിനിങ് തിരക്കുകളായതിനാല്‍ പോവാനായില്ല. ''
.jpg?$p=ed575e1&&q=0.8)
സര്‍ക്കസ് കളരി ടു മിസ്റ്റര്‍ ഇന്ത്യ...
മലയാളത്തിന്റെ അര്‍ണോള്‍ഡ് എന്ന വിളിപ്പേര് കേരളക്കാര്‍ അബു സലീമിന് വെറുതെ ചാര്‍ത്തികൊടുത്ത ഒന്നല്ല. കേരളത്തിന്റെ കായിക ചരിത്രത്തില്‍ ബോഡിബില്‍ഡിങ് മേഖലയില്‍ അബു സലീമിന് വലിയൊരിടമുണ്ട്. സിനിമ മോഹത്തിനൊപ്പം തന്നെയാണ് കൗമാരക്കാലത്ത് അബു സലീമിന് ബോഡിബില്‍ഡിങ്ങിനോടും പ്രേമം തുടങ്ങിയത്. ''അന്ന് ഇന്ത്യന്‍ ന്യൂസ് റിവ്യൂ എന്നൊരു പരിപാടിയുണ്ട്. ഇന്ത്യയിലെ നടന്ന പ്രധാന സംഭവങ്ങളൊക്കെ ചിത്രീകരിച്ച് പ്രദര്‍ശിപ്പിക്കുന്ന സര്‍ക്കാര്‍ സംവിധാനമായിരുന്നു അത്. ഫിലിം ഡിവിഷനായിരുന്നു അതിന് നേതൃത്വം നല്‍കിയിരുന്നത്. അങ്ങനെയൊരു ന്യൂസ് റിവ്യൂ പ്രദര്‍ശനത്തിനിടെയാണ് ഞാന്‍ ആദ്യമായി ബോഡി ബില്‍ഡേഴ്‌സിന്റെ ഷോ കാണുന്നത്. അത് കണ്ടപ്പോള്‍ എന്തെന്നില്ലാത്ത ആവേശം തോന്നി. ആ കാലത്ത് പവള്‍മാള്‍ട്ട്, ജീവന്‍ ടോണ്‍ പോലുള്ള പല ഉത്പന്നങ്ങളുടെ പരസ്യങ്ങളിലും നല്ല മസിലുള്ള ഇന്റര്‍നാഷണല്‍ മോഡലുകളാണ് അഭിനയിച്ചിരുന്നത്. ആയിടെ ഞങ്ങളുടെ അയല്‍ക്കാരനായൊരു ചേട്ടന്‍ തൂലികാ മിത്രം വഴി കൊല്ലംക്കാരിയായ ഒരുചേച്ചിയെ വിവാഹം ചെയ്തു. ആ ചേച്ചിയുടെ സഹോദരനാണ് ഒരിക്കല്‍ സ്വകാര്യസംഭാഷണത്തിനിടെ ബോഡിബില്‍ഡിങ്ങിന് പറ്റിയ ശരീരമാണ് നിന്റേതെന്ന് പറഞ്ഞത്. അതില്‍ പിന്നെ അമ്മിക്കല്ല് വച്ച് ബെന്റ് പ്രസ്,വിങ് പ്രസ്, ഇഷ്ടികവച്ചുള്ള പുഷ് അപ്പ് എന്നിവയൊക്കെ ചെയ്തു തുടങ്ങി. അന്ന് മൂന്ന് ആഗ്രഹങ്ങളാണ് ഉണ്ടായിരുന്നത്. ഒന്ന് അറിയപ്പെടുന്ന ബോഡി ബില്‍ഡറാകുക, സിനിമ നടനാകുക, പൊലീസില്‍ ചേരുക. അന്ന് വയനാട്ടില്‍ ഞങ്ങളുടെ പ്രദേശത്ത് ജിമ്മുകളൊന്നും ഇല്ല. തലശേരിയില്‍ പൊലീസായി ജോലി ചെയ്യുന്ന ആദ്യകാലം, അന്ന് സുജാത എഞ്ചിനീയറിങ് വര്‍ക്‌സില്‍ ഒരു പവിത്രേട്ടനുണ്ട്, പൊലീസ് വണ്ടിയൊക്കെ നന്നാക്കലാണ് മൂപ്പരുടെ തൊഴില്‍. മിസ്റ്റര്‍കേരള മത്സരത്തില്‍ റണ്ണറപ്പ് ആയിരുന്നു അദ്ദേഹം. അവിടെ വച്ചാണ് ബോഡിബില്‍ഡിങിന്റെ ആദ്യപാഠങ്ങള്‍ പഠിക്കുന്നത്. വീട്ടില്‍ വച്ച് തന്നെയായിരുന്നു അന്നദ്ദേഹം എനിക്ക് പരിശീലനം നല്‍കിയത്. തലശേരി സര്‍ക്കസ് കളരി എന്ന ജിംനേഷ്യത്തിലാണ് ആദ്യമായി ജിമ്മില്‍ പോകുന്നത്. 1981 മുതലാണ് മത്സരങ്ങളില്‍ പങ്കെടുത്ത് തുടങ്ങിയത്. ആ വര്‍ഷം മിസ്റ്റര്‍ കോഴിക്കോട് ആയി, 82 ല്‍ മിസ്റ്റര്‍ കേരള, 83 ല്‍ മിസ്റ്റര്‍ സൗത്ത് ഇന്ത്യ, 84 ല്‍ മിസ്റ്റര്‍ ഇന്ത്യ എന്നീ നേട്ടങ്ങള്‍ കൊയ്തു. ദിവസവും ആറ് മണിക്കൂറായിരുന്നു അന്ന് പരിശീലനം. 12 നാടന്‍ കോഴിമുട്ട, രണ്ട് ലിറ്റര്‍ പശുവിന്‍ പാല്‍, ഒരുകിലോ ഏത്തപ്പഴം, അരക്കിലോ ബീഫ് എന്നിങ്ങനെയായിരുന്നു അന്നത്തെ ഭക്ഷണക്രമം. ഈ സൗകര്യങ്ങളെല്ലാം പൊലീസ് സേനയാണ് നല്‍കിയത്. പിന്നീടുള്ള വര്‍ഷങ്ങളില്‍ ഇതില്‍ പലനേട്ടങ്ങളും വീണ്ടും ആവര്‍ത്തിച്ചു. 1992 ല്‍ മിസ്റ്റര്‍ ഏഷ്യ മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കുവാനുള്ള ഭാഗ്യവും ലഭിച്ചു. പിന്നീട് ബോഡിബില്‍ഡിങ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ടായി എട്ടുവര്‍ഷം പ്രവര്‍ത്തിച്ചു. ഇപ്പോഴും ദേശീയ മത്സരങ്ങളില്‍ വിധികര്‍ത്താവാണ്. കരാട്ടെയില്‍ ബ്ലാക്ക് ബെല്‍റ്റാണ്. പൊലീസില്‍ നിന്ന് വിശിഷ്ട സേവനത്തിന് സേവാ മെഡല്‍ ലഭിച്ചിട്ടുണ്ട്. 2012ല്‍ പൊലീസില്‍ നിന്ന് വിരമിച്ച ശേഷം കല്‍പ്പറ്റ ശുചിത്വമിഷന്റെ ബ്രാന്‍ഡ് അംബാസിഡറാണ്, വനംവകുപ്പിന്റെ ജില്ലാ ഗ്രീന്‍ അംബാസിഡറാണ്, വയനാട് ജില്ലാ ഇലക്ഷന്‍ ഐക്കണാണ് അങ്ങനെ നമ്മളെ കൊണ്ട് സാധിക്കുന്ന സാമൂഹ്യ സന്നദ്ധപ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. ''
.jpg?$p=72f9417&&q=0.8)
സ്വപ്‌ന കണ്ണീര്‍....
ജീവിതത്തില്‍ രണ്ടുതവണമാത്രമാണ് അബുസലീം സന്തോഷകണ്ണീര്‍ പൊഴിച്ചത്, ഒന്ന് മിസ്റ്റര്‍ ഇന്ത്യയായി തെരഞ്ഞെടുത്തപ്പോള്‍, മറ്റൊന്ന്.. അല്ല, ആ കഥ തുടങ്ങും മുമ്പേ അബു സലീമിന്റെ വാട്‌സ്ആപ്പ് ഡി.പി.യൊന്ന് നോക്കിവരാം. ആ ദിനംതൊട്ട് മാറാതെ കിടക്കുന്ന ആ ഡിപിയില്‍ അബുസലീമിനൊപ്പം നില്‍ക്കുന്നത് സാക്ഷാല്‍ അര്‍ണോള്‍ഡ് ഷ്വാസ്‌നെഗര്‍ തന്നെ..
'' ഞാന്‍ ജീവിതത്തില്‍ കൊണ്ടുനടന്ന ഏറ്റവും വലിയ ആഗ്രഹം ഹോളിവുഡ് താരവും മുന്‍ മിസ്റ്റര്‍ യൂണിവേഴ്‌സുമായ അര്‍ണോള്‍ഡ് ഷ്വാസ്‌നെഗറിനെ നേരില്‍ കണ്ട് പരിചയപ്പെടുക എന്നതായിരുന്നു. പലപ്പോഴും അര്‍ണോള്‍ഡിനെ നേരില്‍ കണ്ട് സംസാരിക്കുന്ന സ്വപ്‌നം കണ്ട് ഞാന്‍ ഉറക്കത്തില്‍ ഞെട്ടിയുണരാറുണ്ട്. എന്റെ ഈ ആഗ്രഹം എല്ലാ സുഹൃത്തുക്കളോടും പറഞ്ഞിട്ടുമുണ്ട്. നടന്‍ വിക്രം എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ്. ഇന്ദ്രപ്രസ്ഥം എന്ന സിനിമയുടെ സെറ്റില്‍ നിന്ന് തുടങ്ങിയ സൗഹൃദമാണ് ഞങ്ങളുടേത്. വര്‍ഷത്തില്‍ ഒരാഴ്ച അദ്ദേഹം വയനാട്ടില്‍ വന്ന് താമസിക്കും. അദ്ദേഹത്തിന്റെ ജീവിതത്തിലെ പ്രധാനകാര്യങ്ങള്‍ക്കെല്ലാം എന്നെ അതിഥിയായി ക്ഷണിക്കാറുമുണ്ട്. അങ്ങനെ ഒരുദിവസം ആകസ്മികമായി വിക്രം വിളിച്ചു. '' അര്‍ണോള്‍ഡിനെ കാണണ്ടേ..?' എന്നായിരുന്നു ആദ്യ ചോദ്യം. വേണം എന്ന് പറഞ്ഞപ്പോള്‍ ടിക്കറ്റ് അയച്ചിട്ടുണ്ട് അടുത്ത ദിവസം ചെന്നൈയിലേക്ക് പോരാന്‍ പറഞ്ഞു. വിക്രം നായകനായ 'ഐ' എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിന് അതിഥിയായി അര്‍ണോള്‍ഡ് വരുന്നുണ്ട്. അവിടേക്കാണ് വിക്രം എന്നെ വിളിച്ചത്. ചെന്നൈയിലെത്തി എനിക്ക് പരിചയമുള്ള പൊലീസുകാര്‍ വഴി അന്വേഷിച്ചപ്പോള്‍ ലീല പാലസിലാണ് അര്‍ണോള്‍ഡിന്റെ താമസം. മുഖ്യമന്ത്രി ജയലളിതയുടെ പ്രത്യേക അതിഥി കൂടിയാണ് അര്‍ണോള്‍ഡ്. അതുകൊണ്ട് തന്നെ വന്‍സുരക്ഷാ സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. ഫ്‌ളൈറ്റ് ഇറങ്ങിയ ശേഷം മുഖ്യമന്ത്രിയെ കണ്ട് ഹോട്ടലിലേക്ക് വരാനായിരുന്നു അര്‍ണോള്‍ഡിന്റെ പ്ലാന്‍. എന്നാല്‍ വിമാനം വൈകിയതോടെ ജയലളിതയുമായുള്ള കൂടിക്കാഴ്ച മാറ്റി. നേരെ ഹോട്ടലിലേക്ക് വന്ന അദ്ദേഹം പ്രഭാതഭക്ഷണം കഴിച്ചു. ലീലയിലെ റസ്റ്റോറന്റില്‍ നിന്ന് റിസപ്ക്ഷനിലേക്ക് വരുന്ന വഴിയില്‍ ഞാന്‍ അദ്ദേഹത്തെ കാത്ത് നിന്നു. ഭക്ഷണശേഷം വലിയ സുരക്ഷ സന്നാഹത്തിന്റെ നടുവില്‍ അദ്ദേഹം എന്റെ മുന്നിലൂടെ നടന്നുവന്നു. കണ്ടയുടന്‍ അദ്ദേഹം കൈവീശി വിഷ് ചെയ്തു, വേറെ ആരോടെങ്കിലും ആണോ കൈവീശിയത് എന്ന സംശയത്തില്‍ ഞാന്‍ പിറകിലോട്ട് നോക്കി. എന്നോട് തന്നെയാണെന്ന് മനസ്സിലായതോടെ അടുത്തേക്ക് ചെന്ന് പരിചയപ്പെട്ടു. ബോഡിബില്‍ഡറാണെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം നെഞ്ചില്‍ ഒന്ന് കൈകൊണ്ട് അമര്‍ത്തി ' യു ഹാവ് എ ഗുഡ് ബോഡി' എന്ന് പറഞ്ഞു. ശേഷം ഒന്നിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യാനും സമ്മതിച്ചു. ഫോട്ടോ എടുക്കുമ്പോള്‍ സന്തോഷം കൊണ്ട് എന്റെ കണ്ണുനിറഞ്ഞു. വീണ്ടും കാണാം എന്ന് പറഞ്ഞാണ് പിരിഞ്ഞത്. ആ ദിവസം മുതല്‍ എന്റെ വാട്‌സാപ്പിന്റെ ഡി.പി അദ്ദേഹവുമൊത്തുള്ള ഫോട്ടോയാണ്. ''
.jpg?$p=55228a4&&q=0.8)
മച്ചാനേ, സ്വാമി ശരണം...
Also Read
വ്യത്യസ്ത ഗെറ്റപ്പുകളില്‍ അബു സലീം സിനിമകളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്, ഭീഷ്മപര്‍വത്തിലെ ശിവന്‍കുട്ടിയുടെ ഗെറ്റപ്പാണ് അവസാനത്തെ ട്രെന്‍ഡ് സെറ്റര്‍. 1977 ല്‍ ആദ്യ സിനിമയില്‍ അഭിനയിച്ചതിന് ശേഷം പത്ത് വര്‍ഷങ്ങള്‍ കഴിഞ്ഞാണ് അബു സലീം രണ്ടാമതും ക്യാമറയ്ക്ക് മുന്നിലേക്ക് എത്തിയത്. എന്നാല്‍ പിന്നെ ഒരുമടങ്ങിപ്പോക്ക് ഉണ്ടായിരുന്നില്ല. മലയാള സിനിമ ചരിത്രത്തിനൊപ്പം അയാള്‍ സഞ്ചരിച്ചു
'"ആദ്യ സിനിമയ്ക്ക് ശേഷം പൊലീസില്‍ ജോലി ലഭിച്ചതിനാല്‍ പിന്നീടുള്ള സിനിമയ്ക്ക് അല്‍പം കാത്തിരിക്കേണ്ടി വന്നു. 1988 ലാണ് പുരാവൃത്തം എന്ന രണ്ടാമത്തെ സിനിമ ചെയ്തത്. അതും വയനാട്ടില്‍ തന്നെയായിരുന്നു ഷൂട്ട്. ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ വിഖ്യാത അഭിനേതാവ് ഓംപുരി, മുരളിയേട്ടന്‍ അടക്കമുള്ളവര്‍ ഉണ്ടായിരുന്നു. പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. തുടര്‍ച്ചയായി സിനിമകള്‍ ചെയ്തു. മലയാളത്തിന് പുറമേ തമിഴ്, തെലുഗ്, ഹിന്ദി തുടങ്ങി ഭാഷകളിലായി 225 സിനിമകളില്‍ ഇപ്പോള്‍ അഭിനയിച്ചിട്ടുണ്ട്. 45 വര്‍ഷം സിനിമയില്‍ പൂര്‍ത്തിയാക്കാന്‍ എന്നെ സഹായിച്ചത് നല്ല സൗഹൃദങ്ങളും പിന്നെ ഞാന്‍ അഭിനയത്തോട് കാണിക്കുന്ന ആത്മാര്‍ഥതയുമാണ്. എന്നെത്തേടി വരുന്ന കഥാപാത്രങ്ങളുടെ വലിപ്പ ചെറുപ്പം നോക്കാതെ അഭിനയിക്കാറുണ്ട്. ആയൊരു സജീവത നിലനിര്‍ത്തുന്നത് കൊണ്ടാകാം ഇന്ന് പുതുതലമുറയിലെ സിനിമക്കാര്‍ വരെ അഭിനയിക്കാന്‍ വിളിക്കുന്നത്. വില്ലന്‍ കഥാപാത്രങ്ങളാണ് ചെയ്തവയില്‍ ഭൂരിഭാഗവും. ഈ വര്‍ഷം പുറത്തിറങ്ങി സൂപ്പര്‍ഹിറ്റായ ഭീഷ്മപര്‍വത്തില്‍ ശിവന്‍കുട്ടി എന്ന മികച്ചൊരു കഥാപാത്രം ചെയ്യാനായി. മമ്മൂക്ക അവതരിപ്പിച്ച മൈക്കിളപ്പന്റെ മനസാക്ഷി സൂക്ഷിപ്പുകാരനായ ആ കഥാപാത്രത്തിന് ഏറെ പ്രശംസയും കിട്ടി.
ഓരോ കഥാപാത്രം ചെയ്യുമ്പോഴും അതിന്റേതായ റിസ്‌ക്കുണ്ട്. ചില അപകടങ്ങളില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട അനുഭവങ്ങളുണ്ട്. ഉദാഹരണത്തിന് ചന്ദ്രോത്സവം എന്ന ചിത്രത്തില്‍ ആനയ്‌ക്കൊപ്പം ഒരുസീനുണ്ടായിരുന്നു. റിഹേഴ്‌സില്‍ നോക്കിയപ്പോള്‍ പ്രശ്‌നമൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ ഷൂട്ട് ചെയ്തപ്പോള്‍ ആന വിരണ്ടു, എന്റെ പിന്നാലെ ഓടി. ഭാഗ്യത്തിനാണ് അന്ന് രക്ഷപ്പെട്ടത്. ''
ഒപ്പിന്, കാശ് റെഡി...
പൊലീസായി വണ്ടി ചെക്കിങിന് നില്‍ക്കുമ്പോള്‍ പിടിക്കപ്പെടുന്നവര്‍ ഞാനാണെന്ന് മനസ്സിലായാല്‍ സിനിമ വിശേഷങ്ങളൊക്കെ ചോദിക്കും. ഞാന്‍ പൊലീസിലാണെന്ന് അറിയാത്തവര്‍ ഏത് സിനിമയുടെ ഷൂട്ടിങ്ങാണെന്ന് ചോദിക്കും. ഫൈന്‍ അടിച്ച് കൊടുക്കുമ്പോഴും സന്തോഷത്തോടെ സ്വീകരിക്കും. സാര്‍ ഒപ്പിട്ട് ഫൈന്‍ രശീതി തന്നാല്‍ മതി എന്ന് പറയും. അന്ന് നൂറ് രൂപയാണ് ഫൈന്‍. സന്തോഷത്തോടെ ഫൈനും അടിച്ച് ഒപ്പ് കിട്ടിയ സന്തോഷത്തില്‍ അവര്‍ പോകും. അബു സലീമിനെയും കൊണ്ട് ചെക്കിങിന് പോയാല്‍ ഫൈന്‍ അടപ്പിക്കാന്‍ എളുപ്പമാണെന്ന് മേലുദ്യോഗസ്ഥര്‍ ചിരിച്ചുകൊണ്ട് പറയും.
വയനാടിന്റെ നൊസ്റ്റു രുചികള്‍....
വയനാട്ടിലെ വിഐപി ആതിഥേയന്‍ കൂടിയാണ് അബു സലീം, ചുരം കയറി വരുന്ന സിനിമക്കാരൊന്നും അബുക്കയൂടെ രുചി മുകുളങ്ങളറിയാതെ ചുരമിറങ്ങാറില്ല. ആ രുചിപെരുമയുടെ പാത പിന്തുടര്‍ന്നാണ് മകന്‍ സാനു 1980'S എന്ന പേരില്‍ ഹോട്ടല്‍ ആരംഭിച്ചതും.
' വയനാട്ടില്‍ സിനിമയില്‍ നിന്ന് ആര് വന്നാലും വീട്ടില്‍ കയറാതെ പോകാറില്ല. എന്റെ മകന്‍ ജനിച്ചത് മുതല്‍ വീട്ടില്‍ അതിഥികള്‍ വരുന്നതും അവര്‍ക്ക് നല്ല ഭക്ഷണം നല്‍കി സ്വീകരിക്കുന്നതും എല്ലാം കണ്ടാണ് വളര്‍ന്നത്. സാനു സലീം എന്നാണ് മകന്റെ പേര്. പഠനമൊക്കെ കഴിഞ്ഞ് അവര്‍ തൊഴില്‍ മേഖലയിലേക്ക് കടന്നപ്പോള്‍ വയനാട്ടില്‍ 1980'ട എന്ന പേരില്‍ റസ്റ്റോറന്റ് ആരംഭിച്ചു. ഒരു നെസ്റ്റാള്‍ജിക് മൂഡില്‍ കലര്‍പ്പും മായമില്ലാതെ ഭക്ഷണംനല്ല ഭക്ഷണം ന്യായമായ വിലയ്ക്ക് നല്‍കുന്നൊരു ഇടം. നല്ല രീതിയില്‍ ജനങ്ങള്‍ 1980'ട നെ സ്വീകരിച്ചതോടെ അത് രണ്ടാമത്തെ ബ്രാഞ്ച്് കോഴിക്കോട് ആരംഭിച്ചത്. ബീച്ചിനടുത്ത് കോര്‍ട്ട് റോഡില്‍ പഴയൊരു പാണ്ടികശാല പുതുക്കി പണിതാണ് ഹോട്ടല്‍ ഒരുക്കിയിരിക്കുന്നത്. ഭാര്യ ഉമ്മക്കുല്‍സു കോഴിക്കോട് സ്വദേശിയാണ്. മകള്‍ സബിത, ഭര്‍ത്താവ് ആഷിഖ്. അവര്‍ക്ക് രണ്ടുമക്കളാണ്. മകന്‍ സാനു സലീം മരുമകള്‍ റിസ്വാന പര്‍വീണ്‍. അവര്‍ക്ക് മൂന്ന് കുട്ടികള്‍. ''
സംസാരത്തിനിടെ ഹോട്ടലിലെത്തിയവര്‍ അബു സലീമിനും ചുറ്റും കൂടി തുടങ്ങി, ബാക്കി വര്‍ത്താനങ്ങള്‍ അടുത്ത കൂടിക്കാഴ്ചയ്ക്ക് മാറ്റിവച്ച് അബൂക്കയെ ആരാധകര്‍ക്ക് വിട്ടുകൊടുത്തു.....
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..