വിധവയായ സ്ത്രീയ്ക്കും പുരുഷനെപ്പോലെ ഫിസിക്കല്‍ നീഡ്‌സുണ്ട്; ശ്രുതി രാമചന്ദ്രന്‍


സൂരജ് സുകുമാരന്‍

5 min read
Read later
Print
Share

'നീരജ' പ്രദര്‍ശനത്തിനൊരുങ്ങുന്നു, കേന്ദ്രകഥാപാത്രമായി ശ്രുതി രാമചന്ദ്രന്‍, ചര്‍ച്ച ചെയ്യുന്നത്‌ സമകാലിക പ്രസക്തിയുള്ള വിഷയം, സിനിമയെയും കഥാപാത്രത്തെയും കുറിച്ച് ശ്രുതിയുമായി മുഖാമുഖം

ശ്രുതി രാമചന്ദ്രൻ

ഭിനയമോഹം ഒരിക്കലും ശ്രുതി രാമചന്ദ്രന്റെ സ്വപ്‌നങ്ങളിലുണ്ടായിരുന്നില്ല, നൃത്തവും ആര്‍ക്കിടെക്ചറുമായി നടന്ന പെണ്‍കുട്ടിയിലേക്ക് സംവിധായകന്‍ രഞ്ജിത്തിന്റെ രൂപത്തിലാണ് 2014ല്‍ ഒന്നാമൂഴത്തില്‍ സിനിമയെത്തിയത്. 'ഞാന്‍'എന്ന രഞ്ജിത് ചിത്രത്തിലൂടെ ശ്രുതി രാമചന്ദ്രന്‍ അങ്ങനെ മലയാള സിനിമയില്‍ അരങ്ങേറി. എന്നാല്‍ ആദ്യ സിനിമ ശ്രുതിക്ക് അഭിനയത്തില്‍ അത്ര ആത്മവിശ്വാസം നല്‍കിയില്ല. അതിനാല്‍ ഇനി സിനിമയിലേക്കില്ലെന്ന് ഉറപ്പിച്ച് വീണ്ടും പഴയജീവിതത്തിലേക്ക് മടങ്ങി. 2016 ല്‍ ജയസൂര്യയുടെ രൂപത്തില്‍ വീണ്ടും സിനിമ വിളിച്ചപ്പോള്‍ പ്രേതത്തിലൂടെ കലക്കാച്ചി എന്‍ട്രി തന്നെ ശ്രുതിക്ക് ലഭിച്ചു. പിന്നീട് തേടിയെത്തിയതെല്ലാം മികച്ച സിനിമകള്‍. ഒപ്പം സഹരചയിതാവായി എഴുത്ത് വഴിയിലേക്ക് ചുവടുവച്ചു. ശ്രുതി രാമചന്ദ്രന്‍ കേന്ദ്രകഥാപാത്രമാകുന്ന 'നീരജ' എന്ന സിനിമ റിലീസിനൊരുങ്ങുമ്പോള്‍ കടന്നുവന്ന വഴികളെ കുറിച്ചും പുതിയ വിശേഷങ്ങളെ കുറിച്ചും സംസാരിക്കാനുണ്ട് ശ്രുതിക്ക്.

'നീരജ' പ്രേക്ഷകരിലേക്ക് എത്തുകയാണ്, ആരാണ് നീരജ, എന്താണ് സിനിമ ചര്‍ച്ച ചെയ്യുന്ന വിഷയം...?

ഒരു കന്നട സിനിമയുടെ റീമേക്കാണ് 'നീരജ'. രാജേഷ്.കെ.രാമനാണ് നീരജയുടെ സംവിധായകന്‍. രാജേഷട്ടനും ക്യാമറമാനായ രാകേഷേട്ടനും വന്നാണ് എന്നോട് നീരജയുടെ കഥ പറഞ്ഞത്. വളരെ സെന്‍സിറ്റീവായൊരു കഥയും കഥാപാത്രവുമാണ്. ആദ്യകേള്‍വിയില്‍ തന്നെ എനിക്ക് കഥാപാത്രത്തെ ഇഷ്ടമായി. വളരെ സുന്ദരമായി എഴുതിയ തിരക്കഥ തന്നെയാണ് നീരജയുടെ അടിത്തറ. വര്‍ത്തമാന സമൂഹത്തില്‍ ഏറെ ചര്‍ച്ച ചെയ്യേണ്ട വിഷയമാണ് നീരജ സംസാരിക്കുന്നത്. സ്ത്രീകള്‍ മിക്കപ്പോഴും ഭര്‍ത്താവ് മരിക്കുന്നതോടെ സമൂഹത്തില്‍ നിന്ന്‌ മാറ്റിനിര്‍ത്തപ്പെടാറുണ്ട്. വിധവ ആയിക്കഴിഞ്ഞാല്‍ സ്ത്രീകള്‍ അവരുടെ എല്ലാ ആഗ്രഹങ്ങള്‍ക്കും ചിതയൊരുക്കണം എന്നൊരു ചിന്താഗതി ഇന്നും വലിയ രീതിയില്‍ സമൂഹത്തിലുണ്ട്.

വിധവയായാലും വിവാഹം ബന്ധം വേര്‍പ്പെട്ടയാളാണെങ്കിലും അതിന് ശേഷവും സ്ത്രീകള്‍ക്ക് ഫിസിക്കല്‍ ആന്‍ഡ് ഇമോഷണല്‍ നീഡ്‌സുണ്ട്. നമ്മുടെ സിനിമയും സമൂഹവും ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ലാത്ത
ആ വിഷയമാണ് നീരജ ചര്‍ച്ച ചെയ്യുന്നത്. ജീവിത പങ്കാളിയെ നഷ്ടപ്പെട്ട ഒരുസ്ത്രീ അവള്‍ക്ക് ഇനിയുള്ള ജീവിതത്തില്‍ ഫിസിക്കല്‍ നീഡ്‌സുണ്ടെന്ന് തുറന്നുപറയുന്നത് സമൂഹത്തില്‍ ഇപ്പോഴും എത്രമാത്രം പ്രശ്‌നമാണെന്ന് നമുക്കറിയാം. അത്തരം സ്ത്രീ ജീവിതങ്ങളുടെ ആഗ്രഹങ്ങള്‍ക്ക് സമൂഹം നിശബ്ദമായി ഒരു ഭ്രഷ്ട് കല്‍പിച്ചിട്ടുണ്ട്. ആ ഭ്രഷ്ട് ഇല്ലാതാകേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു എന്നതാണ് നീരജയിലൂടെ പറയുന്നത്.

നീരജ സിനിമയില്‍ നിന്ന്

'നീരജ' എന്ന സിനിമ ചര്‍ച്ച ചെയ്യുന്ന പ്രമേയത്തില്‍ ശ്രുതിയുടെ അഭിപ്രായം എന്താണ്...?

എന്റെ അഭിപ്രായത്തില്‍ സ്ത്രീയായാലും പുരുഷനായാലും പങ്കാളി ഇല്ലാതായാല്‍ പിന്നീടും അവര്‍ക്ക് ഇമോഷണല്‍, ഫിസിക്കല്‍ നീഡ്‌സുണ്ട്. പുരുഷന് അത് ഈസിയായി നേടിയെടുക്കാന്‍ സാധിക്കും, കാരണം സമൂഹം ഒരിക്കലും അവന് ഭ്രഷ്ട് കല്‍പ്പിക്കുകയോ, മാറ്റിനിര്‍ത്തുകയോ, തടയുകയോ ചെയ്യില്ല. എന്നാല്‍ സ്ത്രീക്ക് ഒന്നും എളുപ്പമല്ല. ആയൊരു രീതി മാറണം. രണ്ടുപേര്‍ക്കും ഒരുപോലെ ജീവിക്കാനാകണം.

ടൈറ്റില്‍ കഥാപാത്രമാണ്, അഭിനേത്രി എന്ന നിലയില്‍ എത്രമാത്രം വെല്ലുവിളിയായിരുന്നു 'നീരജ'...?

വെല്ലുവിളിയായൊന്നും എടുത്തില്ല. കാരണം അത്ര ആഴത്തില്‍ ചിന്തിച്ചാല്‍ എനിക്ക് അഭിനയിക്കാന്‍ പറ്റില്ല. ടൈറ്റില്‍ കഥാപാത്രമാണ് ചെയ്യുന്നതെന്ന ബോധ്യം ഉള്ളിലുണ്ടായിരുന്നു. അതിന്റെ ടെന്‍ഷനൊന്നുമില്ലായിരുന്നു. വളരെ ആസ്വദിച്ചാണ് അഭിനയിച്ചത്. നീരജയില്‍ ഏഴുകഥാപാത്രങ്ങളാണുള്ളത്. ഏഴും പ്രധാന കഥാപാത്രങ്ങളാണ്. ഒന്നിനെ ഒഴിവാക്കിയാല്‍ കഥ മുന്നോട്ട് പോകില്ല. ഗോവിന്ദ് പത്മസൂര്യ, കലേഷ്, ജിനു, ശ്രിന്‍ദ്ധ,ഗുരുസോമസുന്ദരം തുടങ്ങി മികച്ച അഭിനേതാക്കളാണ് കൂടെ അഭിനയിച്ചിരിക്കുന്നത്. ഓരോ കഥാപാത്രവും നീരജയുടെ ജീവിതത്തിലേക്ക് കടന്നുവന്ന് ഉണ്ടാകുന്ന മാറ്റങ്ങള്‍ സിനിമ കാണുമ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലാകും.

നീരജയുമായി സ്വഭാവത്തില്‍ എന്തെങ്കിലും സാമ്യമുണ്ടോ...?

എന്നില്‍ നിന്നും തീര്‍ത്തും വ്യത്യസ്തയായ സ്ത്രീയാണ് നീരജ. പിന്നെ ഞാനുമായി എന്തെങ്കിലും സാമ്യമുണ്ടോ കഥാപാത്രത്തിന് എന്നൊന്നും നോക്കാറില്ല. ചിലപ്പോള്‍ സാമ്യതകള്‍ ഉണ്ടാകാം. അങ്ങനെ നോക്കിയാല്‍ അഭിനയിക്കാന്‍ പറ്റില്ല. കഥാപാത്രത്തെ ഇഷ്ടപ്പെടുന്നുണ്ടോ എന്ന് മാത്രമാണ് ചിന്തിക്കുക.

Also Read

ഷാറൂഖ് ഖാനും കമലഹാസനും ഭാവനയും ഒന്നിച്ചൊരു ...

അന്നവർക്ക് സിനിമയിൽ അഭിനയിക്കുന്നത് ഇഷ്ടമായിരുന്നില്ല, ...

സംവിധായകനാകാൻ കൊതിച്ചു, ആരും തിരക്കഥ തരില്ലെന്ന് ...

ശ്രുതിയ്ക്ക് ചെറുപ്പത്തിലേ സിനിമാ മോഹമുണ്ടായിരുന്നോ...?

മുത്തച്ഛന്‍ സിനിമയില്‍ പബ്ലിസിറ്റി ആര്‍ടിസ്റ്റായിരുന്നു. എസ്.കെ.നായര്‍ എന്നാണ് പേര്. ഞാന്‍ ജനിക്കുമ്പോള്‍ അദ്ദേഹം സിനിമയൊക്കെ വിട്ടിരുന്നു. മറ്റ് സിനിമാ പാരമ്പര്യങ്ങളൊന്നുമില്ലാത്ത ഒരാളാണ് ഞാന്‍. ചെന്നൈയിലാണ് ജനിച്ചത്. അഞ്ചാം വയസ്സില്‍ കൊച്ചിയിലെത്തി. പിന്നീട് ഇവിടെത്തന്നെയായിരുന്നു. അഭിനേത്രി ആകണം എന്നൊരു സ്വപ്‌നം ഒരിക്കലും ഉണ്ടായിരുന്നില്ല. സിനിമ കാണും എന്നതല്ലാതെ അതിനെ കുറിച്ച് കൂടുതല്‍ അറിവില്ലായിരുന്നു. കുട്ടിക്കാലം മുതലേ നൃത്തം അഭ്യസിച്ചിരുന്നു. ആര്‍ക്കിടെക്ചറാണ്‌ ഞാന്‍ പഠിച്ചത്. മൈസൂരിലാണ് ബിരുദം പൂര്‍ത്തിയാക്കിയത്. ശേഷം ഒരുവര്‍ഷം ചെന്നൈയിലും രണ്ടുവര്‍ഷം മുംബൈയിലും ജോലിചെയ്തു. പിന്നീട് മാസ്റ്റേഴ്‌സ് ചെയ്തു. ശേഷം കൊച്ചിയില്‍ ഒരുവര്‍ഷം അധ്യാപികയായി.

സിനിമ ആഗ്രഹിക്കാത്ത ശ്രുതി അഭിനേത്രിയായത് എങ്ങനെയാണ്...?

2014 ലാണ് ഞാന്‍ സിനിമയിലേക്ക് വരുന്നത്. രഞ്ജിത് സാര്‍ സംവിധാനം ചെയ്ത 'ഞാന്‍' ആണ് ആദ്യ സിനിമ. അതില്‍ ചെറിയൊരു കഥാപാത്രമായിരുന്നു. ഡാന്‍സ് ക്ലാസിനിടെയാണ് രഞ്ജിത് സാര്‍ എന്നെ കണ്ടത്. സിനിമയില്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ടോ എന്ന് ചോദിച്ചു, പുതിയ സിനിമയില്‍ ഒരുവേഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അതിയായ ആത്മവിശ്വാസം കൊണ്ട് ഞാന്‍ ആ ഓഫര്‍ സ്വീകരിച്ചു. അങ്ങനെയാണ് സിനിമയില്‍ ആദ്യമായി അഭിനയിക്കുന്നത്. അത് കഴിഞ്ഞപ്പോള്‍ തോന്നി സിനിമ എനിക്ക് പറ്റിയ മേഖലയല്ലെന്ന്.

ശേഷം ആര്‍ക്കിടെക്ചറില്‍ മാസ്റ്റേഴ്‌സ് ചെയ്തു. തിരിച്ചുവന്ന് അധ്യാപികയായി ജോലി ചെയ്തുകൊണ്ടിരിക്കുന്ന സമയത്താണ് പ്രേതത്തിലേക്കുള്ള ഓഫര്‍ വരുന്നത്. ജയേട്ടന്‍ (ജയസൂര്യ) വഴിയാണ് വിളിവന്നത്. ആദ്യം പിന്മാറാന്‍ നോക്കിയെങ്കിലും സംവിധായകന്‍ രഞ്ജിത് ശങ്കറിനെ കാണാന്‍ ജയസൂര്യ നിര്‍ദ്ദേശിച്ചു. അദ്ദേഹത്തെ കണ്ട് കഥ കേട്ടപ്പോള്‍ വീണ്ടും ആത്മവിശ്വാസം വന്നു. അങ്ങനെയാണ് പ്രേതത്തില്‍ ആ വേഷം ചെയ്യുന്നത്. അതിന്റെ ഷൂട്ടിങും വിജയവുമെല്ലാം എനിക്ക് മുന്നോട്ട് പോകാനുള്ള ആത്മവിശ്വാസം നല്‍കി. സണ്‍ഡേ ഹോളിഡേ, ചാണക്യ തന്ത്രം, അന്വേഷണം, കാണെക്കാണെ, മധുരം തുടങ്ങി ഒരുപിടി മികച്ച സിനിമകളില്‍ പിന്നീട് അഭിനയിക്കാന്‍ സാധിച്ചു. നീരജയ്ക്ക് ശേഷം 'മാരിവില്ലിന്‍ ഗോപുരങ്ങള്‍' എന്ന സിനിമയാണ് വരുന്നത്.

അഭിനേത്രി എന്ന നിലയില്‍ വേണ്ടത്ര പരിഗണന കിട്ടിയിട്ടില്ല എന്ന് തോന്നിയിട്ടുണ്ടോ...?

ഒരിക്കലും അങ്ങനെ തോന്നിയിട്ടില്ല. എന്റെ യാത്ര വളരെ പതിയെ അല്ല. നല്ലരീതിയിലാണ് മുന്നോട്ട് പോകുന്നതെന്നാണ് തോന്നിയിട്ടുള്ളത്. അതിലെനിക്ക് സന്തോഷവുമുണ്ട്. ആറുവര്‍ഷം മുമ്പ് നീരജ പോലൊരു കഥാപാത്രം എനിക്ക് വന്നിരുന്നെങ്കില്‍ ചെയ്യാനാവില്ല. അഭിനേത്രി എന്ന നിലയില്‍ അതിനുള്ള പക്വത അന്നുണ്ടായിരുന്നില്ല. ഇന്ന് അതിനുള്ള കഴിവ് എനിക്കുണ്ടെന്നല്ല, അന്നത്തെക്കാള്‍ കുറച്ച് കൂടി പക്വതയോടെ അഭിനയിക്കാന്‍ പറ്റുന്നു എന്ന് മാത്രം.

ഒരുവ്യക്തി എന്ന നിലയില്‍ സിനിമ വരുത്തിയ മാറ്റം...?

സിനിമയില്‍ വന്നതിന് ശേഷമാണ് എനിക്ക് നല്ലരീതിയില്‍ ആള്‍ക്കാരെ മനസ്സിലാക്കാന്‍ സാധിച്ചത്. കൂടുതല്‍ ദയയും കരുണയുമൊക്കെ ഉണ്ടായതും സിനിമ കാരണമാണ്. ഓരോ ദിവസവും കൂടുതല്‍ നല്ല മനുഷ്യനാകാനാണ് ശ്രമിക്കുന്നത്. നമ്മളിലുണ്ടാകുന്ന മാറ്റം നമ്മുടെ ജോലിയിലും പ്രതിഫലിക്കും എന്നാണ് വിശ്വസിക്കുന്നത്. സിനിമ എന്നെ കുറച്ചുകൂടി നല്ല മനുഷ്യനാകാന്‍ സഹായിച്ചു എന്ന് തോന്നാറുണ്ട്.

തിരക്കഥാകൃത്തായും അതിനിടെ മാറി, 'പുത്തന്‍ പുതുകാലം' എന്ന സിനിമയിലേക്ക് എത്തുന്നത് എങ്ങനെയാണ്..?

കൊവിഡ് കാലത്ത് ആകസ്മികമായി വന്ന സിനിമയാണിത്. എന്റെ ഭര്‍ത്താവ് ഫ്രാന്‍സിസും സുധാ കൊങ്കറയും മറ്റൊരു സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ട്. ആ സമയത്താണ് സുധ ആമസോണിന് വേണ്ടി ഇങ്ങനെയൊരു ആന്തോളജി മൂവി ചെയ്യുന്നുണ്ടെന്ന് പറഞ്ഞത്. അതിന് നല്ലൊരു കഥ ഫ്രാന്‍സിസോട് ചോദിച്ചു. അദ്ദേഹമത് എന്റെ അടുത്ത് പറഞ്ഞു. അങ്ങനെ ഞങ്ങള്‍ വീട്ടിലിരുന്ന് പല കഥകള്‍ ചര്‍ച്ച ചെയ്ത് വികസിപ്പിച്ചെടുത്ത സിനിമയാണത്. മൂന്നുദിവസം കൊണ്ടാണ് 'പുത്തന്‍പുതുകാലം' എഴുതിയത്. അതില്‍ സഹരചയിതാവായി ഞാന്‍ എഴുത്ത് വഴിയിലേക്ക് കടന്നു. ഒരുതെലുഗ് വെബ്‌സീരിസിന് തിരക്കഥ എഴുതിയിട്ടുണ്ട്. അതിന്റെ വര്‍ക്കുകള്‍ പുരോഗമിക്കുകയാണ്.

നാളെ സംവിധായിക ആകുമോ....?

ഇപ്പോള്‍ അത്തരമൊരു പദ്ധതിയും ഇല്ല. എനിക്കറിയില്ല എന്നതാണ് സത്യം. നാളെ ചിലപ്പോള്‍ സംഭവിച്ചേക്കാം എന്ന് മാത്രം.

ഇന്നും സ്ത്രീ വിരുദ്ധമായ ചിന്താഗതിയിലാണ് സമൂഹം മുന്നോട്ട് പോകുന്നത്, മാറ്റങ്ങള്‍ ഉണ്ടാവുന്നില്ല എന്ന് തോന്നിയിട്ടുണ്ടോ...?

ആയിരം കൊല്ലം പഴക്കമുള്ള ചിന്താഗതിയൊക്കെ വലിച്ചെറിയേണ്ട സമയം കഴിഞ്ഞു. ഫെമിനിസം എന്ന ആശയത്തെ കുറിച്ച് ഇന്നും വലിയൊരു വിഭാഗം ആള്‍ക്കാര്‍ക്കും മനസ്സിലായിട്ടില്ല എന്നെനിക്ക് തോന്നാറുണ്ട്. ഒരുപാട് മാറ്റങ്ങള്‍ വന്നിട്ടുണ്ട്. അത് ചെറിയ രീതിയിലെങ്കിലും പ്രകടമാണ്. പത്ത് വര്‍ഷം മുമ്പേ നടത്തിയ ചര്‍ച്ചകളല്ല നമ്മളൊരിക്കലും ഇന്ന് നടത്തുന്നത്. അത് വളരെ പോസിറ്റീവാണ്. ഒരുപാട് സ്ത്രീകള്‍ ഇന്ന് സംസാരിക്കാന്‍ മുന്നോട്ട് വരുന്നുണ്ട്.

ഫെമിനിസത്തെ കുറിച്ച് നമ്മള്‍ സംസാരിക്കുമ്പോള്‍ പലരും കരുതുന്നത് സ്ത്രീകള്‍ പുരുഷനെ ഇടിച്ചുതാഴ്ത്താന്‍ വേണ്ടിയാണ് പരിശ്രമിക്കുന്നതെന്നാണ്. അങ്ങനെയല്ല, മറിച്ച് തുല്യതയ്ക്ക് വേണ്ടിയാണ് ശബ്ദമുയര്‍ത്തുന്നത്. പുരുഷനും സ്ത്രീയും എല്‍.ജി.ബി.ടി കമ്യൂണിറ്റിയുമടക്കം എല്ലാവരും തുല്യതയോടെ ജീവിക്കുന്ന ഒരുലോകത്തെ കുറിച്ചാണ് ഫെമിനിസം പറയുന്നത്. എല്ലാവര്‍ക്കും ഒരുപോലെ അവകാശങ്ങളുണ്ട്. ആ അവകാശങ്ങള്‍ക്ക് മുമ്പില്‍ ചിലര്‍ വന്മതില്‍ കെട്ടിവച്ചിരിക്കുയാണ്. ആ മതില്‍ പൊളിക്കാനാണ് ഞാനടക്കമുള്ള സ്ത്രീകള്‍ പരിശ്രമിക്കുന്നത്. വൈകാതെ തന്നെ ആ മതില്‍ പൊളിഞ്ഞുവീഴുമെന്നാണ് പ്രതീക്ഷ.

സിനിമയ്ക്ക് ഏത് തരത്തിലുള്ള റോള്‍ ഈ കാര്യത്തില്‍ വഹിക്കാനാകും...?

സിനിമ എന്ന മാധ്യമം വളരെ ശക്തിയുള്ള ഒന്നാണ്. എന്റര്‍ടെയ്ന്‍മെന്റിന്‌ മാത്രമാണ് മനുഷ്യര്‍ സിനിമ കാണുന്നതെന്ന് ഞാന്‍ കരുതുന്നില്ല. സിനിമയിലൂടെ നമ്മള്‍ സമൂഹവുമായി എന്താണ് സംസാരിക്കുന്നതെന്നത് പ്രധാനമാണ്. ഓരോ സിനിമയും ചര്‍ച്ച ചെയ്യുന്ന വിഷയത്തിന് പ്രധാന്യമുണ്ട്. കൃത്യമായ പൊളിറ്റിക്കല്‍ കറക്ട്‌നെസോടുകൂടിയാകണം സിനിമ സംസാരിക്കേണ്ടത്. സ്ത്രീ വിരുദ്ധമായ, ദളിത് വിരുദ്ധമായ കാര്യങ്ങളെ ഒരിക്കലും ഒരുസിനിമയും ന്യായീകരിക്കരുത്. 'നീരജ' എന്ന സിനിമ സംസാരിക്കുന്ന വിഷയം എല്ലാവര്‍ക്കും മനസ്സിലാകും എന്ന് ഞങ്ങള്‍ കരുതുന്നില്ല. മറിച്ച്, പത്തുപേര്‍ കാണുമ്പോള്‍ രണ്ടുപേര്‍ക്കെങ്കിലും നമ്മള്‍ ഉദ്ദേശിച്ച വിഷയം മനസ്സിലാകുമെന്നാണ് പ്രതീക്ഷ.


Content Highlights: Interview With Malayalam Actress Sruthi Ramachandran Based on her New film Neeraja

Add Comment
Related Topics

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
silk smitha
ഓർമയിൽ 27 വർഷങ്ങൾ

4 min

ആശുപത്രിയിൽ ഒരു സ്‌ട്രെച്ചറില്‍ അവളെ കിടത്തിയിരിക്കുന്നു. അതില്‍ നിറയെ ഈച്ചകളാണ്

Sep 23, 2023


kathaprayumbol

8 min

മമ്മൂക്ക ചോദിച്ചു, പടം ഹിറ്റായപ്പോള്‍ നമ്മളെയെല്ലാം മറന്നോ..? - 'കഥ പറയുമ്പോള്‍' സിനിമയുടെ അറിയാക്കഥ

Sep 26, 2023


krishnachandran and vanitha

7 min

രണ്ടുദേശത്തുനിന്ന് വന്ന കൃഷ്ണചന്ദ്രനും വനിതയും, അവരെ കോര്‍ത്തിണക്കിയത് സിനിമയും

Sep 28, 2023