To advertise here, Contact Us'ഔസേപ്പച്ചന് വേറെ കുഴപ്പമൊന്നുമില്ല, ചിലപ്പോള്‍ തര്‍ക്കുത്തരം പറയും. അതാണ് എനിക്ക് ദേഷ്യം വരുന്നത്‌'


7 min read
Read later
Print
Share

മലയാളി എക്കാലവും ഹൃദയത്തോട് ചേര്‍ത്തുവെച്ച ഒരുപിടി മികച്ച ഗാനങ്ങളാണ് ഔസേപ്പച്ചന്‍-കമല്‍ കൂട്ടുകെട്ടില്‍ ലഭിച്ചത്. പാട്ട് പിറന്ന വഴികള്‍ ഓര്‍ത്തെടുക്കുകയാണ് സംവിധായകന്‍ കമല്‍

ഔസേപ്പച്ചൻ | എൻ.എം. പ്രദീപ്‌

സംഗീതം കൂട്ടിച്ചേര്‍ത്ത സൗഹൃദമാണ് ഔസേപ്പച്ചനും ഞാനും തമ്മില്‍. നാളുകളായുള്ള ഒരാത്മബന്ധം. ഞാന്‍ അസിസ്റ്റന്റായും അസോസിയേറ്റ് ഡയറക്ടറായുമൊക്കെ വര്‍ക്ക് ചെയ്യുന്ന കാലത്താണ് ഞങ്ങള്‍ പരിചയപ്പെടുന്നത്. അതിനുംമുന്‍പ് ക്രൈസ്റ്റ് കോളേജില്‍ പഠിക്കുമ്പോള്‍ ഔസേപ്പച്ചനും ജോണ്‍സണുമൊക്കെ അവിടെ വയലിന്‍ വായിക്കാന്‍ വരാറുണ്ടായിരുന്നു. 'വോയ്‌സ് ഓഫ് ട്രിച്ചൂര്‍' ക്ലബ്ബിലെ പ്രധാന അംഗങ്ങളായിരുന്നു അവര്‍. അങ്ങനെ പലവട്ടം കാണുകയും സംസാരിക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്. പിന്നീട് ഔസേപ്പച്ചന്‍ ചെന്നൈയിലെത്തി. അവിടെ ദേവരാജന്‍ മാഷിന്റെ കീഴില്‍ ജോണ്‍സണുമൊപ്പം ഔസേപ്പച്ചന്‍ വര്‍ക്ക് ചെയ്തുതുടങ്ങി. ആ സമയത്താണ് ഞാനും ചെന്നൈയിലെത്തുന്നത്.

To advertise here, Contact Us

വൈകുന്നേരങ്ങളില്‍ പ്രസാദ് സ്റ്റുഡിയോയില്‍നിന്ന് വയലിന്‍ വായിച്ച് ഇറങ്ങിവരുന്ന ഔസേപ്പച്ചനെ ഇപ്പോഴും ഓര്‍മയുണ്ട്. ഭരതേട്ടന്‍ സംവിധാനം ചെയ്ത 'ആരവം' എന്ന സിനിമയില്‍ ഔസേപ്പച്ചന്‍ അഭിനയിച്ചിരുന്നു. ഭരതേട്ടന്റെ 'കാതോട് കാതോര'ത്തിലാണ് ഔസേപ്പച്ചന്‍ ആദ്യമായി സംഗീതസംവിധാനം ചെയ്യുന്നത്. ആ സിനിമയില്‍ അസോസിയേറ്റ് ഡയറക്ടറായിരുന്നു ഞാന്‍. അന്ന് തുടങ്ങിയ ഊഷ്മളമായ സൗഹൃദം ഇന്നും കാത്തുസൂക്ഷിക്കുന്നു. 'കാതോട് കാതോര'ത്തിലെ 'ദേവദൂതര്‍ പാടി' എന്ന പാട്ട് ഇപ്പോഴും ഹിറ്റാണ്. അന്ന് ആ പാട്ടിന്റെ റെക്കോഡിങ്ങൊക്കെ കഴിഞ്ഞ് ഷൂട്ടിങ് തുടങ്ങിയ ശേഷം ഭരതേട്ടനും ഔസേപ്പച്ചനും തോന്നി പാട്ടില്‍ ഓര്‍ക്കസ്‌ട്രേഷന്‍ കുറച്ചുകൂടി കൂട്ടണമെന്ന്. അങ്ങനെ വീണ്ടും മനോഹരമായ ഓര്‍ക്കസ്‌ട്രേഷനോടുകൂടിയാണ് പാട്ട് ഇറക്കിയത്. 'കാതോട് കാതോര'ത്തിലെ എല്ലാ പാട്ടുകളും ഹിറ്റായതോടെ ഔസേപ്പച്ചന് തിരക്കായി. അപ്പോഴാണ് ഞാന്‍ ആദ്യമായിട്ട് സംവിധാനം ചെയ്യാന്‍ തീരുമാനിക്കുന്നത്. ജോണ്‍സണുമായും ഔസേപ്പച്ചനുമായും എനിക്ക് നല്ല ബന്ധമായിരുന്നു. അവരില്‍ ആരെങ്കിലുമൊരാള്‍ എന്റെ ആദ്യസിനിമയ്ക്ക് സംഗീതം

നല്‍കണമെന്നായിരുന്നു ആഗ്രഹം. എന്നാല്‍ നിര്‍മാതാവിന് അര്‍ജുനന്‍മാഷെക്കൊണ്ട് പാട്ട് ചെയ്യിക്കാനായിരുന്നു താത്പര്യം. അവര്‍ തമ്മില്‍ നല്ല അടുപ്പമായിരുന്നു. അന്ന് സിനിമ നിര്‍മിക്കാന്‍ ഒരു പ്രൊഡക്ഷന്‍ ഹൗസ് കിട്ടുക എന്നുപറഞ്ഞാല്‍തന്നെ ഭാഗ്യമാണല്ലോ. അപ്പോള്‍ അവര്‍ പറയുന്നത് നമ്മള്‍ അംഗീകരിച്ചുകൊടുക്കണം. മാത്രമല്ല, അര്‍ജുനന്‍ മാസ്റ്റര്‍ എന്ന മഹാപ്രതിഭ എന്റെ ആദ്യത്തെ സിനിമയില്‍ സംഗീതം ചെയ്യുന്നുവെന്നത് വലിയ സന്തോഷം തന്നെയായിരുന്നു. ആ സിനിമയുടെ റീറെക്കോഡിങ് ചെയ്തത് ജോണ്‍സണായിരുന്നു. വയലിന്‍ വായിക്കാന്‍ ഔസേപ്പച്ചനുമുണ്ടായിരുന്നു. അന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു, എന്റെ അടുത്ത പടത്തില്‍ നിങ്ങള്‍ എന്തായാലും സംഗീതം ചെയ്തുതരണമെന്ന്. അങ്ങനെയാണ് 'ഉണ്ണികളേ ഒരു കഥ പറയാം' എന്ന സിനിമയില്‍ ഔസേപ്പച്ചന്‍ എത്തുന്നത്.


ഉണ്ണികളേ ഒരു കഥ പറയാം...
സെഞ്ച്വറി ഫിലിംസിന്റെ ബാനറില്‍ കൊച്ചുമോനും മോഹന്‍ലാലും ചേര്‍ന്നാണ് 'ഉണ്ണികളേ ഒരു കഥപറയാം' നിര്‍മിച്ചത്. ഔസേപ്പച്ചന്‍ സംഗീതം ചെയ്യണമെന്നാണ് എന്റെ ആഗ്രഹമെന്ന് മോഹന്‍ലാലിനോടും കൊച്ചുമോനോടും ആദ്യമേ പറഞ്ഞിരുന്നു. അവര്‍ക്കും സന്തോഷമായിരുന്നു. തിരക്കഥാകൃത്ത് ജോണ്‍ പോളും പറഞ്ഞു, നമുക്കെന്തായാലും ഔസേപ്പച്ചനെക്കൊണ്ട് സംഗീതം ചെയ്യിക്കാമെന്ന്. അങ്ങനെ ഞാനും ബിച്ചു തിരുമലയും ഔസേപ്പച്ചനും കമ്പോസിങ്ങിനായി ഇരുന്നു. കഥാസന്ദര്‍ഭമൊക്കെ പറഞ്ഞുകൊടുത്തു. സിനിമയില്‍ മൊത്തം അഞ്ച് പാട്ടുകളാണുള്ളത്. അതില്‍ ഉണ്ണികളേ ഒരു കഥ പറയാം എന്ന പാട്ട് മൂന്ന് പ്രാവശ്യം വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ വരുന്നുണ്ട്. മൂന്ന് വ്യത്യസ്തമായ സംഗീതത്തില്‍ ഒരേ വരികളും ഒരേ പാട്ടും വരണമെന്നത് എന്റെ ആഗ്രഹമായിരുന്നു. അങ്ങനെ വരുമ്പോള്‍ ജനങ്ങള്‍ക്ക് ബോറടിക്കില്ലേ എന്ന് ഔസേപ്പച്ചന്‍ എന്നോട് ചോദിച്ചു. എന്നാല്‍ ആ സിനിമയുടെ മൂഡിന് അത് വേണമായിരുന്നു. അന്ന് തീം മ്യൂസിക്കിന് ഇന്നത്തേക്കാളും പ്രാധാന്യമുണ്ട്. പ്രേക്ഷകര്‍ അത് ശ്രദ്ധിക്കുമായിരുന്നു.

മദ്രാസിലെ രഞ്ജിത്ത് ഹോട്ടലില്‍വെച്ചായിരുന്നു കമ്പോസിങ്. ഔസേപ്പച്ചന്റെ മെലഡിയാണ് എനിക്കാവശ്യം എന്ന് ആദ്യമേ പറഞ്ഞു. സിനിമയുടെ ടൈറ്റില്‍ തുടക്കത്തില്‍തന്നെ ഉറപ്പിച്ചതാണ്. ഔസേപ്പച്ചന്‍ ഹാര്‍മോണിയത്തിലൂടെ വിരലുകളോടിച്ചുകൊണ്ട് ഈണം മൂളി. ഉടനെ ബിച്ചു പേനയെടുത്ത് എഴുതി, 'ഉണ്ണികളേ ഒരു കഥ പറയാം'... ആശ്ചര്യവും സന്തോഷവും കലര്‍ന്ന മുഖഭാവത്തോടെ ഞങ്ങള്‍ പരസ്പരം നോക്കി. അടുത്ത വരിയുടെ ഈണവും പാടി. ബിച്ചു എഴുതി, 'ഒരു പുല്ലാങ്കുഴലിന്‍ കഥ പറയാം'... കേട്ടയുടനെ ഞാന്‍ കൈയടിച്ചുപോയി. കാരണം എന്റെ സിനിമയുടെ തീമാണ് ആ പാട്ടിലുള്ളത്. പടത്തിന്റെ പേരിനൊപ്പം പുല്ലാങ്കുഴല്‍പോലുള്ള മനുഷ്യന്റെ കഥയും വന്നു. അരമണിക്കൂറിനുള്ളില്‍ പാട്ട് മുഴുവനുമെഴുതി. സ്വാഭാവികമായിത്തന്നെ എല്ലാം ഒത്തുചേരുകയായിരുന്നു. മൂന്നുതവണ ഈ പാട്ട് വരുന്നതുകൊണ്ട് മൂന്ന് തരത്തില്‍ ഓര്‍ക്കസ്‌ട്രേഷന്‍ ചെയ്യാമെന്ന് ഔസേപ്പച്ചന്‍ പറഞ്ഞു. അങ്ങനെ സിനിമയുടെ തുടക്കത്തിലും കുട്ടികള്‍ക്കൊപ്പവും അവസാനഭാഗത്തുമായി വ്യത്യസ്ത ഓര്‍ക്കസ്‌ട്രേഷനില്‍ പാട്ടുകള്‍ ചിട്ടപ്പെടുത്തി ചേര്‍ത്തു. ഒരു പാട്ട് മൂന്ന് സന്ദര്‍ഭങ്ങളില്‍ വ്യത്യസ്തമായി ഓര്‍ക്കസ്‌ട്രേഷന്‍ ചെയ്യുക എന്നത് ഒരു സംഗീതസംവിധായകനെ സംബന്ധിച്ച് വളരെ വെല്ലുവിളിയാണ്. ആ മൊണോട്ടണസ് ബ്രേക്ക് ചെയ്യാന്‍ ഔസേപ്പച്ചന് സാധിച്ചു. അതും ഓര്‍ക്കസ്‌ട്രേഷനിലൂടെ വളരെ മനോഹരമായിത്തന്നെ അദ്ദേഹം ചെയ്തു.

വോയ്‌സ് മിക്‌സിങ്ങിനുവേണ്ടി ദാസേട്ടന്‍ വന്നപ്പോള്‍ ഔസേപ്പച്ചന്‍ ട്രാക്ക് പാടിക്കൊടുത്തു. ഇത് മൂന്നുതവണ പടത്തില്‍ വരുന്നുണ്ടെന്നുപറഞ്ഞപ്പോള്‍ ഞാന്‍ ഒരൊറ്റ പ്രാവശ്യം പാടിയാല്‍ പോരേ എന്ന് ദാസേട്ടന്‍ ചോദിച്ചു. ഒരേ പാട്ടുതന്നെ കേട്ടാല്‍ ആളുകള്‍ക്ക് ബോറടിക്കില്ലേ എന്ന് ദാസേട്ടനും ചോദിച്ചു. ഞാന്‍ മൂന്നുനാല് വരികളില്‍ കഥ പറഞ്ഞുകൊടുത്തു. മോഹന്‍ലാലാണ് നായകനെന്നും പറഞ്ഞു. ഈ പാട്ടിന്റെ പല്ലവിയില്‍തന്നെ കഥയുണ്ടെന്ന് പറഞ്ഞപ്പോള്‍ അത് കൊള്ളാല്ലോ, മ്യൂസിക്കല്‍ സിനിമയാണല്ലേ എന്ന് ചോദിച്ചു. അന്നേദിവസംതന്നെ മൂന്നുതരത്തിലും ദാസേട്ടന്‍ പാടിത്തന്നു. 'ഉണ്ണികളേ ഒരു കഥപറയാം' പാട്ടിന്റെ ഓര്‍ക്കസ്‌ട്രേഷനില്‍ എ.ആര്‍. റഹ്മാനാണ് കീബോര്‍ഡ് വായിച്ചത്. ശിവമണി ഡ്രംസും.
പിന്നീട് രണ്ടുമൂന്ന് ദിവസത്തിനുശേഷമാണ് 'വാഴപ്പൂങ്കിളികള്‍' എന്ന പാട്ട് പാടാനായി അദ്ദേഹം വരുന്നത്. അന്ന് ബിച്ചു നാട്ടില്‍ പോയതായിരുന്നു. ഞാനാണ് വരികള്‍ പറഞ്ഞുകൊടുത്തത്. അബദ്ധത്തില്‍ എന്തോ ഒരു വരി തെറ്റിപ്പോയി. ദാസേട്ടന്‍ പാടിക്കഴിഞ്ഞപ്പോള്‍ വരികള്‍ തെറ്റിപ്പോയെന്ന് ഞാന്‍ പറഞ്ഞു. അദ്ദേഹം ദേഷ്യപ്പെട്ടു. അന്ന് ദാസേട്ടനോട് സംസാരിച്ച് പ്രശ്നം പരിഹരിച്ചത് ഔസേപ്പച്ചനായിരുന്നു. അന്നുമുതലാണ് ഞാനും ദാസേട്ടനും തമ്മില്‍ കൂട്ടായത്. 'ഉണ്ണികളേ ഒരു കഥ പറയാം' എന്ന പാട്ടിലൂടെ ദാസേട്ടന് ദേശീയ അവാര്‍ഡ് ലഭിക്കുകയും ചെയ്തു.

കണ്ണാംതുമ്പീ പോരാമോ...
ഞങ്ങളൊന്നിച്ചപ്പോഴെല്ലാം മെലഡികളായിരുന്നു പിറന്നത്. ഞാനും ഔസേപ്പച്ചനും ലോല ഹൃദയരാണെന്ന് തോന്നിയിട്ടുണ്ട്. മനോഹരമായ സംഗീതം പെട്ടെന്ന് ഹൃദയത്തെ സ്പര്‍ശിക്കും. ഔസേപ്പച്ചന്റെ പല ഈണങ്ങള്‍ക്കുമുള്ള പ്രത്യേകതയാണത്. നമ്മുടെ ഉള്ളിലങ്ങനെ കിടക്കും. അക്കൂട്ടത്തില്‍പ്പെട്ട ഒരു പാട്ടാണ് കണ്ണാംതുമ്പി. ആലപ്പുഴയില്‍വെച്ചായിരുന്നു അതിന്റെ കമ്പോസിങ് നടന്നത്. പാച്ചിക്ക(ഫാസില്‍)യും സിദ്ദിഖ്-ലാലും ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു. സിദ്ദിഖ്-ലാല്‍ ആ സിനിമയില്‍ അസോസിയേറ്റായി വര്‍ക്ക് ചെയ്തിരുന്നു. എല്ലാവരും ഒന്നിച്ചിരുന്നാണ് പാട്ട് കമ്പോസ് ചെയ്തത്. താരാട്ടുപാട്ടുപോലെ തോന്നണം, എന്നാല്‍, സംഗീതസാന്ദ്രമായിരിക്കണം. കാക്കേ കാക്കേ കൂടെവിടെ പോലെ അത്രമാത്രം ലളിതമായ, കുട്ടികള്‍ക്കെല്ലാം പാടാന്‍ പറ്റുന്ന പാട്ടുവേണമെന്ന് പാച്ചിക്ക പറഞ്ഞു. അതേപോലെ ഔസേപ്പച്ചന്‍ ആ പാട്ട് തന്നു. ഇന്നും കുഞ്ഞുങ്ങളെ ഉറക്കാനും കളിപ്പിക്കാനുമൊക്കെ ആളുകള്‍ 'കണ്ണാംതുമ്പി'. പലതലമുറകളിലൂടെ കണ്ണാംതുമ്പി പാറിപ്പറന്നുകൊണ്ടിരിക്കുകയാണ്. ആ സിനിമയില്‍ ദാസേട്ടന്‍ പാടിയിട്ടില്ല. ഒരു പാട്ട് മലേഷ്യ വാസുദേവനും മറ്റൊന്ന് ജാനമ്മ ഡേവിഡുമാണ് പാടിയത്. 'നീലക്കുയിലി'ല്‍ എല്ലാരും ചൊല്ലണ് എന്ന പാട്ട് പാടിയ ഗായികയാണ് ജാനമ്മ. അതിനുശേഷം അമ്പത് വര്‍ഷമാവുമ്പോഴാണ് 'കാക്കോത്തിയമ്മയ്ക്ക്' എന്ന പാട്ട് അവര്‍ പാടുന്നത്. ഔസേപ്പച്ചനാണ് അവരെക്കുറിച്ച് പറഞ്ഞത്. ട്രാക്ക് എടുക്കുന്നതും പാടുന്നതുമൊക്കെ അദ്ഭുതത്തോടെയാണ് അവര്‍ കണ്ടിരുന്നത്. സാങ്കേതികവിദ്യകളൊക്കെ മാറിയത് അവര്‍ക്കറിയില്ലായിരുന്നു. വളരെ ആവേശവും സന്തോഷവും നിറഞ്ഞതായിരുന്നു ആ റെക്കോഡിങ്. പല സിനിമകളിലായി ഒരു കൂട്ടം പ്രതിഭകള്‍ക്കൊപ്പം ചെലവഴിക്കാനായത് നല്ലൊരു അനുഭവം തന്നെയാണ്.

ഫോട്ടോ: മധുരാജ്‌


പിന്നീട് ഞങ്ങള്‍ ഒന്നിച്ചത് 'ഓര്‍ക്കാപ്പുറത്ത്' എന്ന സിനിമയിലാണ്. അതില്‍ പാട്ടില്ലാത്തതിനാല്‍ ഔസേപ്പച്ചന് സങ്കടമായിരുന്നു. രഞ്ജിത്തായിരുന്നു കഥ. ഷിബു ചക്രവര്‍ത്തിയാണ് വരികളെഴുതിയത്. ഞങ്ങള്‍ ചര്‍ച്ച ചെയ്തപ്പോള്‍ കഥയ്ക്കകത്ത് പാട്ട് കുത്തിക്കയറ്റിയാല്‍ രസമുണ്ടാവില്ലെന്ന് തോന്നി. അന്നത്തെ ന്യൂജന്‍ സിനിമയായിരുന്നു 'ഓര്‍ക്കാപ്പുറത്ത്'. റീറെക്കോഡിങ്ങില്‍ മ്യൂസിക് ഒക്കെ നിറച്ച് കാച്ചിക്കോ എന്ന് ഔസേപ്പച്ചനോട് പറഞ്ഞു. അതില്‍ വെസ്റ്റേണ്‍ മ്യൂസിക്കാണ് ഉപയോഗിച്ചത്. പിന്നെയങ്ങോട്ട് തൂവല്‍ സ്പര്‍ശം, പൂക്കാലം വരവായി, ആയുഷ്‌കാലം, ഉള്ളടക്കം...തുടങ്ങി കുറച്ചധികം ചിത്രങ്ങളില്‍ ഞങ്ങള്‍ ഒന്നിച്ചു.

പാതിരാമഴ ഏതോ...
ദാസേട്ടനും ഔസേപ്പച്ചനും തമ്മില്‍ സൗന്ദര്യപ്പിണക്കമുണ്ടായിരുന്ന സമയത്താണ് ഞാന്‍ 'ഉള്ളടക്കം' ചെയ്യുന്നത്. അതിന്റെ പാട്ട് കമ്പോസിങ് ചെന്നൈയില്‍ സുരേഷ് ബാലാജിയുടെ ഫ്ളാറ്റില്‍വെച്ചായിരുന്നു. ഈണവും വരികളുമൊക്കെ റെഡിയായി. 'പാതിരാമഴ ഏതോ' എന്ന പാട്ട് ദാസേട്ടന്‍തന്നെ പാടണമെന്ന് എനിക്കും കൈതപ്രത്തിനും ഔസേപ്പച്ചനും ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, ഔസേപ്പച്ചന്‍ അത് തുറന്നുപറഞ്ഞില്ല. ഞങ്ങള്‍ തമ്മില്‍ ചെറിയൊരു പിണക്കമുണ്ട്. ദാസേട്ടനെ ഞാന്‍ വിളിക്കില്ല. കമലൊന്ന് വിളിക്കണമെന്ന് ഔസേപ്പച്ചന്‍ പറഞ്ഞു. നിങ്ങളാണ് സംഗീതസംവിധായകന്‍ എന്നറിയുമ്പോള്‍ ഞാന്‍ വിളിച്ചാലും ദാസേട്ടന്‍ വരില്ലല്ലോ എന്ന് പറഞ്ഞു.
പിന്നീട് ദാസേട്ടന്റെ മാനേജരെ വിളിച്ച് ഞാന്‍ കാര്യങ്ങള്‍ സംസാരിച്ചു. അതൊക്കെ ദാസേട്ടന്‍ മറന്നുപോയിട്ടുണ്ടാവും. ഔസേപ്പച്ചന്‍ അദ്ദേഹത്തെ ഒന്നുപോയി കണ്ടാല്‍ ശരിയാവുമെന്ന് അദ്ദേഹം പറഞ്ഞു. ഔസേപ്പച്ചനാണെങ്കില്‍ ദാസേട്ടനെ കാണാനൊരു മടി. തിരുമേനി ഒപ്പം വരികയാണെങ്കില്‍ നമുക്ക് പോയി ദാസേട്ടനെ കാണാമെന്ന് ഞാന്‍ കൈതപ്രത്തോട് പറഞ്ഞു. അങ്ങനെ ഞാനും കൈതപ്രവും കൂടി എ.വി.എം സ്റ്റുഡിയോയില്‍ ചെന്ന് ദാസേട്ടനെ കണ്ടു. സിനിമയെക്കുറിച്ചൊക്കെ സംസാരിച്ചശേഷം പതിയെ കൈതപ്രം കാര്യം അവതരിപ്പിച്ചു. ''അവന് വേറെ കുഴപ്പമൊന്നുമില്ല, ചില സമയത്ത് തര്‍ക്കുത്തരം പറയും. അതാണ് എനിക്ക് ദേഷ്യം വരുന്നത്. അല്ലാതെ എനിക്ക് ഔസേപ്പച്ചനോട് ഒരു പ്രശ്നവുമില്ല. അവന്‍ നല്ല മ്യൂസിക് ഡയറക്ടറല്ലേ. ജോണ്‍സണും ആ കുഴപ്പമുണ്ട്. ചിലപ്പോള്‍ തൃശ്ശൂര്‍കാരുടെ കുഴപ്പമാവും, ഹാ നീയും തൃശ്ശൂരാണല്ലോ അല്ലേ'' എന്നുപറഞ്ഞ് എന്നെ നോക്കി അദ്ദേഹം ചിരിച്ചു. കാറില്‍ കയറാന്‍ നേരത്ത് ''തീയതി പറഞ്ഞാല്‍ മതി, ഞാന്‍ വരാമെന്ന്'' ദാസേട്ടന്‍ പറഞ്ഞു. പിന്നീട് ഔസേപ്പച്ചന്‍ ദാസേട്ടനെ നേരിട്ട് വിളിച്ച് സംസാരിക്കുകയും ചെയ്തു. 'ഉള്ളടക്ക'ത്തിലെ എല്ലാ പാട്ടുകളും ഹിറ്റായിരുന്നു. തന്റെ പ്രിയപ്പെട്ട പാട്ടുകളിലൊന്നാണ് 'പാതിരാമഴ' എന്ന് ദാസേട്ടന്‍ പല വേദികളിലും പറഞ്ഞിട്ടുണ്ട്.
ആയുഷ്‌കാലം സിനിമയില്‍ ആകെ ഒരു പാട്ടാണുണ്ടായിരുന്നത്. പക്ഷേ, അന്ന് അതത്ര ഹിറ്റായില്ല. മറ്റ് പാട്ടുകളുടെ കൂട്ടത്തില്‍ മങ്ങിപ്പോയിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ക്കുശേഷം എഫ്.എമ്മിലൂടെ ഈ പാട്ട് സ്ഥിരം കേള്‍ക്കാനിടയായി. ചില പാട്ടുകള്‍ അങ്ങനെയാണ്. കാലത്തെ അതിജീവിക്കും. ചിലത് ജനങ്ങളുടെ മനസ്സിലേക്ക് താനേ കയറിവരും.
ഒറ്റയ്ക്കുപാടുന്ന

പൂങ്കുയിലേ...
'ഉള്ളടക്ക'ത്തിനുശേഷം ഞങ്ങള്‍ക്കിടയില്‍ വലിയൊരു ഗ്യാപ്പ് വന്നു. ഞങ്ങള്‍ തമ്മില്‍ വഴക്കാണോ എന്ന് പലരും ചോദിച്ചിരുന്നു. എന്നാല്‍ സൗഹൃദത്തിന് ഒരു കോട്ടവും സംഭവിച്ചതല്ല. ജോണ്‍സണ്‍, വിദ്യാസാഗര്‍, എം. ജയചന്ദ്രന്‍...അങ്ങനെ പല സംഗീതസംവിധായകരെയും മാറ്റിപ്പിടിച്ചു എന്നേയുള്ളൂ. അന്ന് ഔസേപ്പച്ചന്റെ അസിസ്റ്റന്റായിരുന്നു വിദ്യാസാഗര്‍. അങ്ങനെ ഞങ്ങള്‍ തമ്മില്‍ പരിചയമുണ്ടായിരുന്നു. പിന്നെ, ഔസേപ്പച്ചനും തിരക്കിലായിരുന്നു.
ആ ഗ്യാപ്പിനുശേഷം ഞങ്ങളൊന്നിച്ചത് 'ആഗതനി'ലാണ്. പിന്നീട് 'നടന്‍' എന്ന സിനിമയിലേക്കുവന്നു. നാടകക്കാരന്റെ കഥ പറയുന്ന സിനിമയായിരുന്നു 'നടന്‍'. കമ്പോസിങ്ങിനിരുന്നപ്പോള്‍ എനിക്ക് കെ.പി.എ.സി നാടകഗാനങ്ങളുടെ ചുവടുപിടിച്ച് ഒരുപാട്ട് ചെയ്യണമെന്ന് പറഞ്ഞു. മധു വാസുദേവന്‍ വരികളെഴുതി, പിന്നാലെ ഔസേപ്പച്ചന്‍ ഈണവും ചിട്ടപ്പെടുത്തി. വൈക്കം വിജയലക്ഷ്മിയുടെ ശബ്ദവും അതിലേക്ക് ചേര്‍ന്നതോടെ 'ഒറ്റയ്ക്ക് പാടുന്ന പൂങ്കുയിലേ' എന്ന വ്യത്യസ്തമായ പാട്ട് പിറന്നു. ആ പാട്ടിലൂടെ മികച്ച ഗായികയ്ക്കുള്ള പുരസ്‌കാരം വൈക്കം വിജയലക്ഷ്മി സ്വന്തമാക്കിയപ്പോള്‍ 'ഉണ്ണികളേ ഒരു കഥപറയാം' എന്ന പാട്ടിനുശേഷം മികച്ച സംഗീത സംവിധായകനുള്ള പുരസ്‌കാരം ഔസേപ്പച്ചനെ തേടിയെത്തുകയായിരുന്നു. അങ്ങനെ ഒരു കാലചക്രം പൂര്‍ത്തിയാക്കി.

ഗുരുക്കന്മാര്‍ക്കൊപ്പം...
ഇതിനിടയില്‍ 'ഭൂമിഗീതം' എന്ന സിനിമ ചെയ്തിരുന്നു. അതില്‍ മൂന്ന് പാട്ടുകളാണുള്ളത്. രണ്ട് പാട്ടുകള്‍ ഭാസ്‌കരന്‍ മാഷും ഒരു പാട്ട് ഒ.എന്‍.വി സാറുമാണ് എഴുതിയത്. ഭാസ്‌കരന്‍ മാഷുമായിട്ട് ആത്മബന്ധമുണ്ടായിരുന്നെങ്കിലും എന്റെ ഒറ്റ സിനിമയിലും അതുവരെ അദ്ദേഹം പാട്ടെഴുതിയിട്ടില്ലായിരുന്നു. അത്രയും സീനിയറായതുകൊണ്ടുതന്നെ പാട്ടെഴുതാന്‍ വിളിക്കാന്‍ പേടിയായിരുന്നു. അങ്ങനെ 'ഭൂമിഗീത'ത്തിന്റെ സമയത്ത് ഭാസ്‌കരന്‍ മാഷെ വിളിക്കാന്‍ തീരുമാനിച്ചു. പാവമണിയായിരുന്നു നിര്‍മാതാവ്. ഭാസ്‌കരന്‍ മാഷുമായി അദ്ദേഹത്തിന് നല്ല അടുപ്പമുണ്ട്. തൃശ്ശൂര്‍ രാമനിലയത്തില്‍വെച്ചായിരുന്നു കമ്പോസിങ്. ശോഷിച്ചുകൊണ്ടിരിക്കുന്ന നിളയെക്കുറിച്ച് ഒരു കവിത വേണമെന്ന് ഞാനാഗ്രഹം പ്രകടിപ്പിച്ചു. അദ്ദേഹത്തിന് അല്‍ഷിമേഴ്‌സ് ബാധിച്ചുതുടങ്ങിയ സമയമായിരുന്നു. പലപ്രാവശ്യം കഥാസന്ദര്‍ഭം പറഞ്ഞുകൊടുത്താലും കുറച്ചുകഴിയുമ്പോള്‍ മറന്നുപോകും. മാഷ് കസേരയിലിരുന്നാണ് എഴുതുന്നത്. ഞാനും ഔസേപ്പച്ചനും തറയില്‍ അദ്ദേഹത്തിന്റെ ഇരുവശങ്ങളിലുമായി ഇരുന്നു. എന്നിട്ട് കഥ പറഞ്ഞുകൊടുക്കും. അപ്പോള്‍ മാഷ് എഴുതും. അങ്ങനെ കാല്‍ക്കീഴില്‍ ഇരുന്ന് എഴുതിപ്പിച്ചതാണ് 'അമ്മേ നിളാദേവി' എന്ന കവിത. എഴുതിക്കഴിഞ്ഞതും അപ്പോള്‍ത്തന്നെ ഔസേപ്പച്ചന്‍ ഈണമിട്ടു. ആ സിനിമയിലെ 'പറയൂ നീ ഹൃദയമേ' എന്ന പാട്ട് ഒ.എന്‍.വിയാണ് എഴുതിയത്. ഭാസകരന്‍ മാഷ് എഴുതുന്ന സിനിമയില്‍ പാട്ട് എഴുതാന്‍ അദ്ദേഹത്തിന് ശങ്കയുണ്ടായിരുന്നു. എന്റെ ആഗ്രഹമാണെന്ന് പറഞ്ഞപ്പോള്‍ എഴുതിത്തരികയായിരുന്നു. ഔസേപ്പച്ചനും ഞാനും എന്നെന്നും ഓര്‍ക്കുന്ന നല്ല നിമിഷങ്ങളാണ് അതെല്ലാം...

(തയ്യാറാക്കിയത്: രേഖ നമ്പ്യാര്‍)

Content Highlights: director kamal writing about ouseppachan

Add Comment
Related Topics

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Sushmita Sen

1 min

ടേബിള്‍ മാനേഴ്‌സ് അറിയില്ലായിരുന്നെന്ന് സുസ്മിത സെന്‍, മിസ് യൂണിവേഴ്‌സ് വിരുന്നില്‍ കുഴങ്ങിയെന്നും

Feb 20, 2024


jagadish

7 min

രമ പോയതോടെ ജീവിതത്തിന് ത്രില്ലില്ലാതെയായി, അങ്ങനെയൊരു സ്‌നേഹമായിരുന്നു രമ

Feb 15, 2024


instagram

1 min

ദംഗലിലെ ആമിര്‍ ഖാന്റെ മകള്‍, പത്തൊമ്പതാം വയസ്സില്‍ വിടപറഞ്ഞു

Feb 17, 2024

To advertise here, Contact Us
To advertise here, Contact Us
To advertise here, Contact Us