റിലീസിങ് സമയത്ത് ബോക്സോഫീസില്‍ തകര്‍ന്നടിഞ്ഞ ഹോളിവുഡ് സിനിമയാണ് 'ബേബീസ് ഡേ ഔട്ട്' (1994). ഒമ്പത് മാസമുള്ള കുഞ്ഞിനെ ചിലര്‍ തട്ടിക്കൊണ്ടുപോവുന്നതും, അവരില്‍നിന്ന് അവിചാരിതമായി കുഞ്ഞ് രക്ഷപ്പെടുന്നതും, അതിനുപിന്നാലെ ചെന്ന് അക്രമികള്‍ കുഴപ്പങ്ങളില്‍ ചാടുന്നതുമൊക്കെയാണ് സിനിമയുടെ കഥ. റോഡിലൂടെയും കാറുകള്ക്കിടയിലൂടെയുമെല്ലാം കുട്ടി മുട്ടിലിഴഞ്ഞുനടക്കുന്നുണ്ട്. അതിനിടയില്‍ മൃഗശാലയിലും കെട്ടിടത്തിനു മുകളിലുമെല്ലാം എത്തുകയും ചെയ്യുന്നു.
പാട്രിക് റീഡ് ജോണ്സണ് സംവിധാനം ചെയ്ത സിനിമ നിര്‍മിച്ചത്, ജോണ്‍ ഹ്യൂഗ്സ് എന്റര്ടെയിന്മെന്റാണ്. 48 ദശലക്ഷം ഡോളറായിരുന്നു നിര്‍മാണച്ചെലവ്. എന്നാല്‍, 30 ദശലക്ഷം ഡോളര്‍ മാത്രമേ തിരിച്ചുപിടിക്കാന്‍ കഴിഞ്ഞുള്ളൂ. ആഡം റോബര്‍ട്ട് വോര്‍ട്ടണ്‍, ജേക്കബ് ജോസഫ് വോര്‍ട്ടണ്‍ എന്നീ ഇരട്ടക്കുട്ടികളാണ് പ്രധാനതാരമായെത്തിയത്. പിന്നീട്, സിനിമയ്ക്ക് ഒരു കള്‍ട്ട് പരിവേഷം ലഭിച്ചുവെന്നതാണ് സത്യം.
ഇന്ത്യയില്‍ 'ബേബീസ് ഡേ ഔട്ടി'ന് നല്ല സ്വീകാര്യതയാണ് ലഭിച്ചത്. അമേരിക്കന്‍ സിനിമാ നിരൂപകനായ റോജര്‍ എബര്‍ട്ട് കല്‍ക്കട്ട ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കാനായി ഒരിക്കല്‍ ഇന്ത്യയിലെത്തി. അതിനിടയില്‍ കൊല്‍ക്കത്തയിലെ ഒരു തിയേറ്റര്‍ ഉടമയുമായി സംസാരിക്കാനുള്ള അവസരംകിട്ടി. ''ഇവിടെ പ്രദര്‍ശിപ്പിച്ചതില്‍ ഏറ്റവും വിജയിച്ച വിദേശസിനിമ'' ഏതെന്ന് തിയേറ്റര്‍ ഉടമയോട് ചോദിച്ചപ്പോള്‍, അയാളുടെ മറുപടി ഇങ്ങനെയായിരുന്നു, ''ബേബീസ് ഡേ ഔട്ട് തന്നെ. അതിലിത്ര ചിന്തിക്കാന്‍ എന്തിരിക്കുന്നു?'' 
റോജറിന് അത് വിശ്വസിക്കാനായില്ല. ഉടനെ തിയേറ്റര്‍ ഉടമ വീണ്ടും പറഞ്ഞു, ''17 ആഴ്ചയാണ് ആ സിനിമ ഇവിടെ പ്രദര്‍ശിപ്പിച്ചത്. തിയേറ്ററിലെ 1400 സീറ്റും ഫുള്ളായിരുന്നു. എല്ലാ സിനിമയും അതുപോലെ ആയിരുന്നെങ്കില്‍, ഞങ്ങളുടെ ബിസിനസിനും നല്ലതാണ്''.
സിനിമയുടെ ജനപ്രീതി 'ബേബീസ് ഡേ ഔട്ടി'ന്റെ ഇന്ത്യന്‍ റീമേക്കുകള്‍ക്ക് വഴിതെളിച്ചു. തെലുഗുവിലാണ് ആദ്യ റീമേക്ക് ഇറങ്ങിയത്. 'സിസിന്ഡ്രി' എന്നായിരുന്നു പേര്. തെലുഗു സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുനയാണ് സിനിമ നിര്‍മിച്ചത്. കേന്ദ്രകഥാപാത്രമായ കുട്ടിയായി അഭിനയിച്ചത്, നാഗാര്‍ജുനയുടെയും അമലയുടെയും മകന് അഖില്‍ അക്കിനേനിയും. ഒരു വയസ്സുള്ളപ്പോഴാണ് അഖില്‍, സിനിമയില്‍ അഭിനയിക്കുന്നത്. സിനിമ പല തിയേറ്ററുകളിലും 100 ദിവസം പൂര്‍ത്തിയാക്കി. 'ചുട്ടി കുളന്തൈ' എന്ന പേരില്‍ തമിഴിലേക്കും ഡബ്ബ് ചെയ്തു.
1997-ലാണ് 'ബേബീസ് ഡേ ഔട്ടി'ന്റെ ഹിന്ദി റീമേക്ക് പുറത്തുവരുന്നത്. 'ഏക് ഫൂല് തീന് കാണ്ടെ' എന്ന സിനിമ തെലുഗുപതിപ്പിന്റെ അത്ര വിജയിച്ചില്ല.അടുത്ത റീമേക്ക് മലയാളത്തിലായിരുന്നു. 'ജെയിംസ് ബോണ്ട്' എന്ന ആ സിനിമയിൽ കലാഭവന്‍ മണി, പ്രേംകുമാര്‍, ഭീമന് രഘു, ഇന്ദ്രന്‍സ് തുടങ്ങിയവര്‍ പ്രധാനതാരങ്ങളായി.
Content Highlights: babys day out becomes successful in india
Published: 27 Feb 2025, 03:22 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented