To advertise here, Contact Usടൈം ടു ലീഡ്; ദളപതി ഇഫക്ടില്‍ മാറിമറിയുമോ തമിഴ് രാഷ്ട്രീയം....


സൂരജ് സുകുമാരന്‍

4 min read
Read later
Print
Share

ലക്ഷ്യമിടുന്നത് 2026-ലെ തെരഞ്ഞെടുപ്പ്, ജയലളിതയുടെ ശൂന്യത മുതലെടുക്കാന്‍ വിജയ്ക്ക് സാധിക്കുമോ, ബി.ജെ.പിയുടെ തമിഴ് മോഹങ്ങള്‍ക്ക് വിജയ് തിരിച്ചടിയാകുമോ? 

വിജയ്‌

ര്‍ക്കാര്‍ സിനിമയുടെ പ്രമോഷന്‍ പരിപാടിക്കിടെ വേദിയില്‍ വച്ച് ആകസ്മികമായാണ് നടന്‍ പ്രസന്ന വിജയ് യോട് ഒരുകൗതുക ചോദ്യം ചോദിച്ചത്,
യഥാര്‍ത്ഥ ജീവിതത്തില്‍ താങ്കള്‍ തമിഴ്‌നാടിന്റെ മുഖ്യമന്ത്രി ആയാല്‍ എന്തുചെയ്യും...?
'ജീവിതത്തില്‍ മുഖ്യമന്ത്രി ആയാല്‍ ഞാന്‍ ഒരിക്കലും മുഖ്യമന്ത്രിയായി ജനങ്ങള്‍ക്ക് മുന്നില്‍ നടിക്കില്ല...'

To advertise here, Contact Us

അന്നുയര്‍ന്ന കരഘോഷത്തിന് മുന്നില്‍ തന്റെ സ്വതസിദ്ധമായ ചിരിയില്‍ ഒരുകുട്ടിസ്‌റ്റോറി പറഞ്ഞ് വിജയ് മടങ്ങുമ്പോള്‍ ആരും വര്‍ഷങ്ങള്‍ക്കിപ്പുറം അദ്ദേഹം രാഷ്ട്രീയത്തിലിറങ്ങുമെന്ന് വിചാരിച്ചിട്ടുണ്ടാവില്ല. എന്നാല്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി തമിഴ് സിനിമാലോകത്തും രാഷ്ട്രീയലോകത്തും ഉയര്‍ന്നുനിന്ന ചര്‍ച്ചകള്‍ക്ക് തിരശ്ശീലയിട്ടുകൊണ്ടാണ് തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ വിജയ് തന്റെ രാഷ്ട്രീയപാര്‍ട്ടി പ്രഖ്യാപിച്ചിരിക്കുന്നത്. തമിഴക വെട്രി കഴകം എന്ന പേരിട്ട പാര്‍ട്ടിയുടെ പ്രഖ്യാപനം വിജയ് തന്നെയാണ് തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ നടത്തിയിരിക്കുന്നത്. ഒരുകോടി പേരെ ആദ്യ ഘട്ടത്തില്‍ പാര്‍ട്ടി അംഗങ്ങളാക്കുകയും 2026 തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുകയും ചെയ്യുക എന്നതാണ് പാര്‍ട്ടിയുടെ ആദ്യ അജണ്ടയായി പുറത്തുവന്നിരിക്കുന്നത്.

വിജയ് യുടെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം തമിഴ് സിനിമാലോകത്തെയും രാഷ്ട്രീയ ലോകത്തെയും ഒരുപോലെ ഞെട്ടിച്ചിട്ടുണ്ട്. കരിയറിന്റെ ഏറ്റവും പീക്കില്‍ റെക്കോര്‍ഡ്‌ പ്രതിഫലവും ബോക്‌സോഫീസ്‌
റെക്കോര്‍ഡുകളുമൊക്കെ മാറ്റിഎഴുതുന്ന സൂപ്പര്‍താരം ആ സേഫ് സോണില്‍ നിന്ന് പുതിയൊരു മേഖലയിലേക്ക് ചുവടുവയ്ക്കുന്നത് സിനിമാലോകത്തെ തെല്ലൊന്നുമല്ല ആശങ്കപ്പെടുത്തുന്നത്. എന്നാല്‍ വിജയ് യുടെ പാര്‍ട്ടി പ്രഖ്യാപനം ആരാധകര്‍ ആഘോഷമായി മാറ്റുകയാണ്. നിലവിലുള്ള രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് തമിഴ്‌നാട്ടില്‍ സാധിക്കാത്ത മാജിക് വിജയ്ക്ക് സാധിക്കുമെന്ന് അവര്‍ ഉറപ്പിച്ചു പറയുന്നു.

ഉച്ചത്തില്‍ പറഞ്ഞ രാഷ്ട്രീയം...
പോയ വര്‍ഷങ്ങളില്‍ ഇറങ്ങിയ തന്റെ ബിഗ്ബജറ്റ് മാസ് സിനിമകളിലെല്ലാം കൃത്യമായ പൊളിറ്റിക്കല്‍ സ്റ്റേറ്റുമെന്റുകള്‍ നടത്താന്‍ വിജയ് പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. കള്ളവോട്ട്, വോട്ടിന് പണം, ജി.എസ്.ടി, അഴിമതി, മെഡിക്കല്‍ രംഗത്തെ ചൂഷണം, സ്ത്രീ സമത്വം തുടങ്ങി പലവിഷയങ്ങളിലും കൃത്യമായ നിലപാടുകള്‍ അവസാനകാലത്തിറങ്ങിയ ഒരുഡസന്‍ വിജയ് സിനിമകളില്‍ നിറഞ്ഞിരുന്നു. മെര്‍സല്‍, സര്‍ക്കാര്‍, തലൈവ, ബിഗില്‍, കത്തി, മാസ്റ്റര്‍ എന്നീ സിനിമകളിലെല്ലാം ഇത്തരം സംഭാഷണശകലങ്ങള്‍ കാണാം. അതിനാല്‍ തന്നെ ഏറെക്കാലമായി രാജ്യം ഭരിക്കുന്നവര്‍ വിജയ് യുടെ നീക്കങ്ങളെ സൂക്ഷ്മമായി നോക്കാറുണ്ടായിരുന്നു. വിജയ്‌ക്കെതിരായ എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡുമെല്ലാം ഇത്തരം രാഷ്ട്രീയ പ്രസ്താവനകള്‍ക്കുള്ള പ്രതികാരമായിരുന്നു. എന്നാല്‍ സര്‍ക്കാറിന്റെ നീക്കങ്ങളെയെല്ലാം അതേ നാണയത്തില്‍ ചെറുക്കാനും തന്റെ ക്ലീന്‍ ഇമേജ് നിലനിര്‍ത്താനും സാധിച്ചത് വിജയ്ക്ക് കൂടുതല്‍ ആരാധകരെ ഉണ്ടാക്കി കൊടുത്തു.

പലപ്പോഴും സിനിമ പ്രമോഷന്‍ ഇവന്റുകളില്‍ സമകാലിക സംഭവങ്ങളുമായി ബന്ധപ്പെടുത്തി വിജയ് പറഞ്ഞ കുട്ടിക്കഥകളും കൃത്യമായ രാഷ്ട്രീയ സ്റ്റേറ്റ്‌മെന്റുകളായിരുന്നു. ഈ കുട്ടിക്കഥ കൊണ്ട് മാത്രം ഈ സിനിമ ഇവന്റുകള്‍ യൂട്യൂബില്‍ വൈറലായി മാറി. തെരഞ്ഞെടുപ്പ് ദിവസം വോട്ട് ചെയ്യാന്‍ സൈക്കിളില്‍ സഞ്ചരിച്ച വിജയ് അന്നേദിവസം വാര്‍ത്താതാരമായി മാറിയിരുന്നു. ഇന്ധന വിലവര്‍ധനവിന് എതിരായ വിജയ് യുടെ പ്രതിഷേധമായി ഈ നീക്കത്തെ വിലയിരുത്തി.

പൈസ വാങ്ങി വോട്ട് അരുത്..
ഒരു സുപ്രഭാതത്തില്‍ ചാടിക്കയറി രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുകയല്ല വിജയ് ചെയ്തത്. കഴിഞ്ഞ രണ്ടുവര്‍ഷത്തോളമായി തന്റെ ഫാന്‍സ് സംഘടനകളുടെ സഹായത്തോടെ അതിനുള്ള കൃത്യമായ മുന്നൊരുക്കങ്ങള്‍ വിജയ് നടത്തുന്നുണ്ട്. തമിഴ്‌നാട്ടില്‍ ആകെമാനമുള്ള തന്റെ ഫാന്‍സ് സംഘത്തിലെ ഓരോ യൂണിറ്റിനെയും കൃത്യമായി ചലനാത്മാക്കാന്‍ ഉതകുന്ന പരിപാടികള്‍ ഈ മാസങ്ങള്‍ക്കിടയില്‍ വിജയ് സംഘടിപ്പിച്ചിരുന്നു. തമിഴ്‌നാട്ടിലെ ഓരോ നിയമമണ്ഡലത്തിലെയും ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെ വിജയ് നേരിട്ടെത്തി ഫലകം കൈമാറി അനുമോദിച്ച ചടങ്ങ് അതില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു. മണിക്കൂറുകള്‍ നീണ്ടുനിന്ന ഈ ചടങ്ങില്‍ മുഴുവന്‍ സമയവും പങ്കെടുത്ത് അവസാന വിദ്യാര്‍ഥിക്കും ഉപഹാരം കൈമാറിയ ശേഷമാണ് വിജയ് അന്ന് വേദി വിട്ടത്. ആ വേദിയില്‍ വിജയ് നടത്തിയ പ്രസംഗം ഒട്ടേറെ രാഷ്ട്രീയമാനങ്ങള്‍ ഉള്ളതായിരുന്നു.

അന്ന് പ്രസംഗത്തില്‍ വിദ്യാര്‍ഥികളോട് വിജയ് പറഞ്ഞത് പണം വാങ്ങി വോട്ട് വില്‍ക്കരുതെന്ന് മാതാപിതാക്കളോട് വീട്ടില്‍ ചെന്ന് പറയണം എന്നാണ്. നിങ്ങള്‍ വാങ്ങുന്ന പണത്തിന്റെ ഇരട്ടി പണം അഴിമതി നടത്തി രാഷ്ട്രീയ നേതാക്കള്‍ സമ്പാദിക്കുന്നു എന്ന് തിരിച്ചറിയണം എന്ന് വിജയ് അന്ന് ഓര്‍മിപ്പിച്ചു. കൗമാരതലമുറയെ തന്റെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കുക എന്നത് തന്നെയായിരുന്നു ഈ പരിപാടിയുടെ ലക്ഷ്യം. 2026 തെരഞ്ഞെടുപ്പില്‍ പുതിയ വോട്ടര്‍മാരായി എത്തുന്നവരില്‍ ഭൂരിഭാഗത്തെ കൈയിലെടുക്കുക എന്നതാണ് ഈ പരിപാടിയിലൂടെ വിജയ് ലക്ഷ്യമിട്ടത്. പിന്നാലെ ചെന്നൈയില്‍ വെള്ളപ്പൊക്കമുണ്ടായപ്പോഴും നേരിട്ടെത്തി സഹായം കൈമാറാന്‍ വിജയ് തയ്യാറായി.

ആരാധന വോട്ടാക്കുമോ...?
തമിഴ് രാഷ്ട്രീയവും സിനിമയും എല്ലാക്കാലവും ഒരുപുഴപോലെ സംഗമിച്ച് ഒഴുകാറുണ്ട്. തമിഴ് രാഷ്ട്രീയത്തിലെ അതികായന്മാരെല്ലാം സിനിമയിലും വെന്നിക്കൊടി പാറിച്ചവരായിരുന്നു. എം.ജി.ആറും കരുണാനിധിയും ജയലളിതയുമെല്ലാം അതില്‍ പ്രധാനികളാണ്. എന്നാല്‍ ഇതേ നീക്കം നോക്കി പകുതിവഴിയില്‍ വീണുപോയവരും ഉണ്ട്. വിജയ്കാന്ത്, കമല്‍ഹാസന്‍, വടിവേലു എന്നിവരെല്ലാം രാഷ്ട്രീയത്തില്‍ ചലനമുണ്ടാക്കാമെന്നുറപ്പിച്ച് ഇറങ്ങിയപ്പോള്‍ ആരാധകര്‍ അവര്‍ വിചാരിച്ച പിന്തുണ നല്‍കിയില്ല. അതിനാല്‍ തന്നെ കാര്യമായ ചലനങ്ങളുണ്ടാക്കാന്‍ അവര്‍ക്ക് സാധിക്കാതെയും പോയി. ഇളയ ദളപതിയില്‍ നിന്ന് ദളപതിയിലേക്ക് വളര്‍ന്ന വിജയ് തന്റെ പിന്മുറക്കാരുടെ ചരിത്രം കൃത്യമായി പഠിച്ച ശേഷമാണ് രാഷ്ട്രീയത്തില്‍ ഇറങ്ങിയതെന്ന് ഉറപ്പിക്കാം. ജനം കൈയടിക്കുക എവിടെയാണെന്നും എതിര്‍ക്കുക എവിടെയാണെന്നുമെല്ലാം താരം കൃത്യമായി മനസ്സിലാക്കിയിട്ടുണ്ടായിരിക്കണം. അതിനാല്‍ തന്നെയാണ് കൗമാരക്കാരെയും യുവതലമുറയെയും തന്റെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാനുള്ള നീക്കങ്ങള്‍ അദ്ദേഹം ആദ്യം തന്നെ നടത്തിയത്. ആരാധന വോട്ടാക്കില്ലെന്ന് കൃത്യമായി അറിയുന്ന താരം ഓരോ പരിപാടിയിലും തന്റെ രാഷ്ട്രീയ നിലപാട് തുറന്നുപറയാന്‍ ശ്രമിക്കുന്നതും അതിനാല്‍ തന്നെയാണ്. തന്റെ ആരാധകവൃന്ദത്തെ വിശ്വാസത്തോടെ ചേര്‍ത്തുനിര്‍ത്തി പാര്‍ട്ടിയെ ശക്തിപ്പെടുത്താനാണ് ആദ്യഘട്ടത്തില്‍ അദ്ദേഹം ശ്രമിക്കുന്നത്.

ജയലളിത ബാക്കിവച്ച ഇരിപ്പിടം...
വര്‍ത്തമാനകാല തമിഴ്‌നാട് രാഷ്ട്രീയത്തില്‍ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡി.എം.കെ.യ്ക്ക് ശക്തമായ ഒരുഎതിരാളി നിലവിലില്ല. ഏറെക്കാലമായി ഡി.എം.കെയുമായി മുഖാമുഖം നിന്ന് പോരാടിയ അണ്ണാ.ഡി.എം.കെ. ജയലളിതയുടെ മരണശേഷം ചീട്ടുകൊട്ടാരം പോലെയാണ് തകര്‍ന്നത്. ആ സാഹചര്യം കൃത്യമായി മുതലെടുത്താണ് സ്റ്റാലിന്‍ ഡി.എം.കെ വീണ്ടും ജനമനസ്സുകളില്‍ പ്രതിഷ്ഠിച്ചത്. തമിഴ്‌നാട്ടില്‍ നിലനില്‍ക്കുന്ന ഹിന്ദുത്വ വിരുദ്ധവികാരവും ആന്റി ഹിന്ദി വികാരവുമെല്ലാം കൃത്യമായി മുതലെടുക്കാന്‍ സ്റ്റാലിന് കഴിയുന്നുണ്ട്. ബി.ജെ.പി നേതൃത്വം നല്‍കുന്ന കേന്ദ്രസര്‍ക്കാര്‍ തമിഴ്‌നാട്ടിലേക്ക് കടന്നുകയറാനുള്ള ഓരോ നീക്കത്തെയും സ്റ്റാലിന്‍ അതേ നാണയത്തില്‍ തിരിച്ചടി നല്‍കുന്നുണ്ട്.

അണ്ണാ.ഡി.എം.കെ വോട്ടുകള്‍ സമാഹരിച്ച് തമിഴ്‌നാട്ടില്‍ ചലനമുണ്ടാക്കാന്‍ പതിനെട്ടടവും പയറ്റുകയാണ് ബി.ജെ.പി. യുവനേതാവ് അണ്ണാമലൈയുടെ നേതൃത്വത്തില്‍ വരും തെരഞ്ഞെടുപ്പില്‍ ഡി.എം.കെയ്ക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്താം എന്നവര്‍ ആഗ്രഹിക്കുകയും ചെയ്യുന്നു. കൃത്യമായ ഇടവേളകളില്‍ പ്രധാനമന്ത്രി അടക്കമുള്ള തങ്ങളുടെ ക്രൗഡ് പുള്ളേഴ്‌സ് ആയ നേതാക്കളെയെല്ലാം തമിഴ്‌നാട്ടില്‍ എത്തിച്ച് തെരഞ്ഞെടുപ്പിന് മുമ്പ് സാഹചര്യം അനുകൂലമാക്കാനാണ് ബി.ജെ.പി. ലക്ഷ്യമിടുന്നത്.

എന്നാല്‍ ബി.ജെ.പി ഈ നീക്കത്തിനാണ് വിജയ് യുടെ പാര്‍ട്ടി പ്രഖ്യാപനം വെല്ലുവിളി ഉയര്‍ത്തുക. അണ്ണാ ഡി.എം.കെയില്‍ നിന്ന് ചിതറിപ്പോയ വോട്ടുകളെല്ലാം വിജയ്ക്ക് സമാഹരിക്കാനായാല്‍ ഡി.എം.കെയ്ക്ക് മുഖാമുഖം നില്‍ക്കുന്ന പാര്‍ട്ടിയായി വളരാന്‍ വിജയ് യുടെ തമിഴക വെട്രി കഴകത്തിന് സാധിക്കും. അത്തരമൊരു സാധ്യത കൃത്യമായി മുന്നില്‍ കണ്ടുതന്നെയാണ് വിജയ് പാര്‍ട്ടി പ്രഖ്യാപിച്ചിരിക്കുന്നത്. ജയലളിത ബാക്കിവെച്ചുപോയ ആ ഇരിപ്പിടത്തില്‍ വിജയ് സ്ഥാനമുറപ്പിച്ചാല്‍ അതൊരു മാസ് എന്‍ട്രിയായി തന്നെ മാറും.

Content Highlights: article about thalapathy vijay entering to politics

Add Comment
Related Topics

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Sushmita Sen

1 min

ടേബിള്‍ മാനേഴ്‌സ് അറിയില്ലായിരുന്നെന്ന് സുസ്മിത സെന്‍, മിസ് യൂണിവേഴ്‌സ് വിരുന്നില്‍ കുഴങ്ങിയെന്നും

Feb 20, 2024


jagadish

7 min

രമ പോയതോടെ ജീവിതത്തിന് ത്രില്ലില്ലാതെയായി, അങ്ങനെയൊരു സ്‌നേഹമായിരുന്നു രമ

Feb 15, 2024


instagram

1 min

ദംഗലിലെ ആമിര്‍ ഖാന്റെ മകള്‍, പത്തൊമ്പതാം വയസ്സില്‍ വിടപറഞ്ഞു

Feb 17, 2024

To advertise here, Contact Us
To advertise here, Contact Us
To advertise here, Contact Us