
പാതിരാമഴയേതോ ഹംസഗീതം പാടി, വീണപ്പൂവിതളെങ്ങോ പിന്‍നിലാവിലലിഞ്ഞു...ഈ പാട്ട് കേള്‍ക്കുമ്പോള്‍ സിനിമാപ്രേമികളുടെ മനസ്സിലേക്ക് നേര്‍ത്ത നോവോടെ കടന്നുവരുന്നൊരു മുഖമുണ്ട്, മലയാളികളുടെ സ്വന്തം സൂര്യപുത്രിയായ അമല മുഖര്‍ജി.
ഉന്‍മാദത്തിന്റെ നീരാളിപ്പിടുത്തത്തില്‍ ജീവിതം നഷ്ടപ്പെട്ടുപോയ, ഒടുവില്‍ ജയിലിന്റെ ഇരുമ്പഴികള്‍ക്കുള്ളില്‍ എത്തിച്ചേരുന്ന 'ഉള്ളടക്ക'ത്തിലെ രേഷ്മ. അതേ വര്‍ഷം തന്നെയിറങ്ങിയ എന്റെ സൂര്യപുത്രിക്ക് എന്ന സിനിമയിലും അമലയായിരുന്നു നായിക. ആ കഥാപാത്രങ്ങള്‍ക്കാവശ്യമായ കുറുമ്പും പൊട്ടിത്തെറിയും വേദനയും സന്തോഷവും ഭ്രാന്തുമെല്ലാം അമലയുടെ കണ്ണുകളില്‍ മിന്നിമറഞ്ഞു. അതുകൊണ്ടായിരിക്കാം പ്രേക്ഷകര്‍ ആ പെണ്‍കുട്ടിയെ നെഞ്ചോട് ചേര്‍ത്തു.
പത്തൊമ്പത് വയസ്സുള്ളപ്പോഴാണ് അമല മുഖര്‍ജി എന്ന കൊല്‍ക്കത്തക്കാരി സിനിമയിലേക്ക് വരുന്നത്. അച്ഛന്‍ കൊല്‍ക്കത്തയില്‍നിന്നുള്ള നേവി ഓഫീസര്‍. അമ്മ ഐറിഷ് വംശജയും. അഭിനേത്രിയാവുന്നതിന് മുമ്പ് തന്നെ നല്ലൊരു ഭരതനാട്യം നര്‍ത്തകിയായി അറിയപ്പെട്ടിരുന്നു അമല. ഭരതനാട്യത്തിലേക്ക് അമല തിരിയാന്‍ കാരണം, പ്രശസ്ത നര്‍ത്തകിയായ പത്മ സുബ്രഹ്മണ്യമാണ്. ഏഴാമത്തെ വയസ്സില്‍ അവരുടെ ഒരു നൃത്തപരിപാടി കണ്ടതോടെ അമല അതിലേക്ക് ആകര്‍ഷിക്കപ്പെട്ടു.
തങ്ങളുടെ മകള്‍ക്ക് ഭരതനാട്യത്തോടുള്ള താത്പര്യം കണ്ട അച്ഛനും അമ്മയും അവളെ ചെന്നൈയിലെ കലാക്ഷേത്രയില്‍ ചേര്‍ത്തു. നൃത്തത്തിനൊപ്പം തന്നെ മോഡലിങ്ങിലും അമല സജീവമായിരുന്നു. നൃത്തം ശ്വാസമാണെങ്കില്‍, മോഡലിങ് പോക്കറ്റ് മണിക്കുവേണ്ടിയുള്ളൊരു മാര്‍ഗം മാത്രം.
സിനിമയിലേക്ക്
ഒരു ഫാഷന്‍ ഷോയ്ക്കിടെയാണ് തമിഴ് സംവിധായകന്‍ ടി.രാജേന്ദ്രന്‍ ഈ പെണ്‍കുട്ടിയെ കാണുന്നതും സിനിമയിലൊരു വേഷം നല്‍കുന്നതും. അങ്ങനെ അമലയുടെ കരിയര്‍ തന്നെ വഴിമാറി. മൈഥിലി എന്നൈ കാതലി എന്ന ആ സിനിമ സൂപ്പര്‍ഹിറ്റായി. പിന്നീടവര്‍ക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. തമിഴ്, തെലുഗു, കന്നട എന്നീ ഭാഷകളിലായി പറന്നുനടന്ന് അഭിനയിക്കുകയായിരുന്നു അമല. അതിനിടയില്‍ അഞ്ച് ബോളിവുഡ് സിനിമകളിലും അഭിനയിച്ചു.
രജനീകാന്ത്, കമല്‍ഹാസന്‍, വിജയകാന്ത്, പ്രഭു, ചിരഞ്ജീവി, നാഗാര്‍ജുന, മോഹന്‍ലാല്‍, സുരേഷ് ഗോപി...സൂപ്പര്‍താരങ്ങളുടെയെല്ലാം നായികയായി. അങ്ങനെ എണ്‍പതുകളിലും തൊണ്ണൂറുകളുടെ തുടക്കത്തിലും അവര്‍ സിനിമയില്‍ നിറഞ്ഞുനിന്നു. 1992-ല്‍ അക്കിനേനി നാഗാര്‍ജുനയുമായുള്ള വിവാഹശേഷം അവര്‍ സിനിമയില്‍നിന്ന് പൂര്‍ണമായും അകന്നു.
വിവാഹം കഴിഞ്ഞ് അടുത്തവര്‍ഷം തന്നെ മകന്‍ ജനിച്ചതോടെ അമല അക്കിനേനി പൂര്‍ണമായും സിനിമയില്‍നിന്ന് ഉള്‍വലിഞ്ഞു. കുടുംബകാര്യങ്ങളിലേക്കും മറ്റ് സാമൂഹ്യപ്രവര്‍ത്തനങ്ങളിലേക്കും അവര്‍ തിരിഞ്ഞു. ഹൈദരാബാദിലെ ബ്ലൂ ക്രോസ് എന്ന സംഘടനയുടെ സഹസ്ഥാപകരില്‍ ഒരാളാണ് അമല. പക്ഷി-മൃഗാദികള്‍ക്കുള്ളൊരു ഷെല്‍ട്ടര്‍ എന്ന രീതിയില്‍ 1992-ലാണ് ഈ സംഘടന തുടങ്ങിയത്. രോഗബാധിതരായ മൃഗങ്ങളെ ശുശ്രൂഷിക്കുക, ഏറ്റെടുക്കാന്‍ താത്പര്യമുള്ളവര്‍ക്ക് ആ മൃഗങ്ങളെ കൈമാറുക, അവയുടെ വാക്‌സിനേഷന്‍...ഇതൊക്കെയാണ് ബ്ലൂ ക്രോസിന്റെ പ്രധാനപ്രവര്‍ത്തനങ്ങള്‍. അതിനൊപ്പം അക്കിനേനി കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള അന്നപൂര്‍ണ കോളേജ് ഓഫ് ഫിലിം ആന്‍ഡ് മീഡിയയുടെ ഡയറക്ടര്‍ കൂടിയാണവര്‍.
തിരിച്ചുവരവിലെ കഥാപാത്രങ്ങള്‍
പിന്നീട് ഇരുപത് വര്‍ഷങ്ങള്‍ക്കുശേഷമാണ് അമല സിനിമയില്‍ തിരിച്ചെത്തിയത്. ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ എന്ന തെലുഗു സിനിമയിലൂടെ. c/o സൈറാബാനു എന്ന സിനിമയിലെ അഡ്വ.ആനി ജോണ്‍ തറവാടി എന്ന ശക്തമായ കഥാപാത്രത്തിലൂടെ മലയാളത്തിലും അവര്‍ വരവറിയിച്ചു. അതിനൊപ്പം ഹിന്ദിയില്‍ കര്‍വാന്‍, ഹമാരി അധൂരി കഹാനി തുടങ്ങിയ സിനിമകളിലും അമല അഭിനയിച്ചു. 'നല്ല റോളുകള്‍ കിട്ടിയാല്‍ ഇനിയും സിനിമകളില്‍ അഭിനയിക്കും. ഞാനെന്തിന് മാറിനില്‍ക്കണം,'' അവര്‍ ചോദിക്കുന്നു.
Content Highlights: amala akkineni celebrating her birthday
Published: 12 Sept 2023, 02:55 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented