വലിയ താരമെന്ന തലക്കനവുമായി വരുന്നവര്‍, ആ ഭാരത്തില്‍ മുങ്ങിപ്പോയ ചരിത്രമേയുള്ളൂ-രജിഷ


ബൈജു പി. സെൻ

4 min read
Read later
Print
Share

'അനുരാഗ കരിക്കിന്‍ വെള്ള'ത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞതാണ് കരിയറിലെ ടേണിങ് പോയിന്റ്. അതില്‍നിന്ന് 'ജൂണ്‍' എന്ന സിനിമയിലേക്കെത്താന്‍ ഒരുപാട് കഷ്ടപ്പെട്ടു.

രജിഷ വിജയൻ | ഫോട്ടോ: ഷാഫി ഷക്കീർ

സിനിമയുടെ മായികലോകത്തേക്ക് ഒറ്റയ്ക്ക് നടന്നുവന്നവളാണ് രജിഷ വിജയന്‍. കരിക്കിന്‍വെള്ളംപോലെ മനസ്സുകുളിര്‍പ്പിച്ച അനുരാഗത്തിന്റെ കഥപറഞ്ഞ ആദ്യചിത്രത്തിലൂടെ രജിഷ മികച്ച നടിയാണെന്ന് കാലം അടയാളപ്പെടുത്തി. തുടര്‍ന്നുള്ള യാത്രകള്‍ എളുപ്പമായിരുന്നില്ല... ഉറച്ച നിലപാടുമായി ലക്ഷ്യത്തിലേക്കുള്ള യാത്ര. 'ജൂണ്‍' എന്ന സിനിമയാണ് രജിഷയുടെ കരിയര്‍ മാറ്റിമറിച്ചത്. തമിഴ്, തെലുഗു ഭാഷകളില്‍ മുന്‍നിരനായകന്മാര്‍ക്കൊപ്പം അവസരം തുറന്നത് ആ ചിത്രമായിരുന്നു.
'മധുര മനോഹര മോഹം' എന്ന പുതിയ ചിത്രം തിയേറ്ററിലെത്തുമ്പോള്‍, പ്രേക്ഷകരോടുള്ള തന്റെ ഉത്തരവാദിത്തം ഏറുകയാണെന്ന് തിരിച്ചറിയുന്നു രജിഷ.

ഓരോ ചിത്രത്തിലും തികച്ചും വ്യത്യസ്തമായ കഥാപാത്രങ്ങള്‍... പുതുമകള്‍ക്കുവേണ്ടി രജിഷ അത്രയും പരിശ്രമിക്കാറുണ്ടോ?

കഥ കേട്ട് സിനിമ ചെയ്യാമെന്ന തീരുമാനം ചൂതാട്ടംപോലെയാണ്. ഒത്താല്‍ ഒത്തു. സിനിമയുടെ ജനപ്രീതി പ്രവചിക്കാന്‍കഴിയില്ല. കഥ നന്നായാല്‍ മാത്രം സിനിമ നന്നാകണമെന്നില്ല. തിരക്കഥ, സംഭാഷണം, പശ്ചാത്തലസംഗീതം, സഹതാരങ്ങള്‍, റിലീസ്സമയത്തെ കാലാവസ്ഥ തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ നന്നായിവരുമ്പോള്‍ മാത്രമേ സിനിമയും കഥാപാത്രങ്ങളും ശ്രദ്ധിക്കപ്പെടൂ... സിനിമയുടെ ഇത്തരം കാര്യങ്ങളിലേക്ക് ഒരുപാട് ചിന്തിച്ചാല്‍ പണിയെടുക്കാതെ വീട്ടിലിരിക്കാന്‍ തോന്നും. അത്രയും റിസ്‌കാണ്. കഥ കേള്‍ക്കുമ്പോള്‍ പുതുമയും കഥാപാത്രത്തിന്റെ വ്യത്യസ്തതയും മാത്രമേ ഞാനിപ്പോള്‍ നോക്കാറുള്ളൂ. ബാക്കിയെല്ലാം ഭാഗ്യംപോലെ കടന്നുവരുന്ന ഘടകങ്ങളാണ്.

തിരഞ്ഞെടുത്ത സിനിമകളെക്കാള്‍ കൂടുതല്‍ ഉപേക്ഷിക്കേണ്ടിവന്നിട്ടുണ്ടാവും അല്ലേ?
അത് സ്വഭാവികമാണ്. കേള്‍ക്കുന്ന കഥകളിലെല്ലാം അഭിനയിച്ചാല്‍ അത് തീര്‍ക്കാന്‍ ഒരു വര്‍ഷം മതിയാകില്ല. അപ്പോള്‍ നമ്മള്‍ സെലക്ടീവാകും. ഒരുവര്‍ഷം മലയാളത്തില്‍ എത്ര സിനിമകള്‍, നമുക്ക് അതിന്റെയെല്ലാം ഭാഗമാകാന്‍ കഴിയില്ലല്ലോ...

പ്രേക്ഷകപ്രതികരണങ്ങളില്‍നിന്ന് എന്തെങ്കിലും പഠിക്കാറുണ്ടോ?
ഓരോ സിനിമയുടെയും റിലീസ്ദിവസംതന്നെ പ്രേക്ഷകപ്രതികരണങ്ങള്‍ അടുത്തറിയാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. നല്ലചിത്രങ്ങളെ നല്ലതെന്നും മോശമായതിനെ ആ രീതിയിലും വിലയിരുത്തുന്ന കുറെ സുഹൃത്തുക്കള്‍ എനിക്കുണ്ട്. തെറ്റ് തിരുത്തി മുന്നോട്ടുപോവുകയാണ് എന്റെ രീതി.

സിനിമയില്ലാത്ത സമയത്ത് ഏറെ അലസയായ രജിഷ, സിനിമാസെറ്റില്‍ ഏറെ ഡിസിപ്ലിനുള്ള താരമാണെന്ന് കേട്ടിട്ടുണ്ട്...
പഠനകാലത്ത് രാത്രി എത്രവേണമെങ്കിലും ഞാന്‍ പഠിക്കാനിരിക്കും; പക്ഷേ, രാവിലെ എഴുന്നേല്‍ക്കുന്നകാര്യത്തില്‍ മടിച്ചിയായിരുന്നു. എന്നാല്‍ ഷൂട്ടിങ് തുടങ്ങിയാല്‍ രാവിലെ നാലുമണിക്ക് എഴുന്നേറ്റ് റെഡിയാകും. ചെയ്യുന്ന കാര്യത്തിലുള്ള ഇഷ്ടമാകാം കാരണം. സിനിമയായാലും ജീവിതമായാലും നമ്മള്‍കാരണം ആരും കാത്തിരുന്ന് മുഷിയരുതെന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാന്‍. അതുപോലെ വര്‍ക്ക് ഔട്ട് ഉള്‍പ്പെടെ കഥാപാത്രത്തിനുവേണ്ടിയുള്ള മുന്നൊരുക്കങ്ങളിലും മടികാണിക്കാറില്ല. പണിയൊന്നുമില്ലാതെ വെറുതേയിരിക്കുമ്പോള്‍ മാത്രമേ മടി കടന്നുവരാറുള്ളൂ.

കൃത്യതയോടെ സെറ്റിലെത്തുമ്പോള്‍ വൈകിയെത്തുന്ന മറ്റ് താരങ്ങളെ കാണുമ്പോള്‍ ദേഷ്യം തോന്നാറുണ്ടോ?
സിനിമ ഒരുകൂട്ടം കലാകാരന്മാരുടെ പ്രയത്‌നത്തിന്റെ സൃഷ്ടിയാണ്. സെറ്റിലെ ഏതെങ്കിലും ഡിപ്പാര്‍ട്ട്‌മെന്റില്‍ എന്തെങ്കിലും പ്രശ്‌നം പറ്റിയാല്‍ ചിത്രീകരണം വൈകും. സമയമാറ്റം നിര്‍മാതാവിന് വലിയ നഷ്ടം ഉണ്ടാക്കും. അതൊഴിവാക്കാന്‍ എല്ലാവരും കഴിവിന്റെ പരമാവധി ശ്രമിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അറിഞ്ഞുകൊണ്ട് ഇത്തരം നഷ്ടമുണ്ടാക്കുന്ന പ്രവണത ഞാന്‍ വര്‍ക്ക്‌ചെയ്യുന്ന സിനിമാസെറ്റില്‍ കണ്ടിട്ടില്ല.

കരുത്തുറ്റ കഥാപാത്രങ്ങള്‍ രജിഷയെ തേടിയെത്തുന്നുണ്ട്. ഇത്തരം കഥാപാത്രങ്ങളായി മാത്രമേ രജിഷ അഭിനയിക്കൂ എന്ന സംസാരമുണ്ടല്ലോ...
സിനിമ തിരഞ്ഞെടുക്കുമ്പോള്‍ അതില്‍ നായികയായിരിക്കണം, മുഴുനീള കഥാപാത്രമായിരിക്കണം എന്നുള്ള നിര്‍ബന്ധങ്ങളൊന്നും എനിക്കില്ല. കഥാപാത്രം ചിത്രത്തിന്റെ കഥയ്ക്ക് എന്തെങ്കിലും സംഭാവനചെയ്യുന്നതായിരിക്കണം... ആ തീരുമാനങ്ങള്‍ക്കൊപ്പം വലിയ സംവിധായകരുടെയും നടന്മാരുടെയും നല്ല പ്രൊഡക്ഷന്‍ ഹൗസിന്റെയും സിനിമ വരുന്നത് മറ്റൊരു ഭാഗ്യം. ഞാന്‍ കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതിനെക്കാള്‍ കഥാപാത്രങ്ങള്‍ എന്നെത്തേടി വരാറാണുള്ളത്. മുന്‍പരിചയത്തിന്റെ പേരില്‍ തേടിയെത്തുന്നതല്ല. മുന്‍പ് ചെയ്ത സിനിമയിലെ കഥാപാത്രങ്ങളാണ് എനിക്കുവേണ്ടി സംസാരിക്കുന്നത്.

അന്യഭാഷാചിത്രങ്ങളില്‍ ചുവടുറപ്പിക്കാതെ രജിഷ വിജയന്‍ മലയാളത്തില്‍ തിരിച്ചെത്തിയതാണോ...
ഒരു പ്രത്യേക ഭാഷയില്‍ ഫോക്കസ്‌ചെയ്ത് അഭിനയിക്കാനുള്ള മോഹങ്ങമൊന്നും എനിക്കില്ല. ഭാഷ ഏതായാലും കഥാപാത്രം നല്ലതെന്ന് തോന്നിയാല്‍ അഭിനയിക്കും. എനിക്ക് ഇഷ്ടപ്പെടുന്ന കഥാപാത്രങ്ങള്‍ കൂടുതലും വരുന്നത് മലയാളസിനിമയില്‍നിന്നായതിനാല്‍ ഇവിടെ ശ്രദ്ധകേന്ദ്രീകരിക്കുന്നു. ഭാഷയുടെ മുകളിലുള്ള കണ്‍ട്രോള്‍ അഭിനയത്തിന് ഗുണംചെയ്യും. വേറെ ഏത് ഭാഷയെക്കാളും ഞാന്‍ വര്‍ക്ക്‌ചെയ്യാന്‍ ആഗ്രഹിക്കുന്നത് മലയാളസിനിമയിലാണ്.

മലയാളസിനിമയെക്കാള്‍ വലിയ സിനിമാലോകമാണ് തമിഴും തെലുഗുവും. മലയാളനടിയെന്ന നിലയില്‍ അന്യഭാഷാചിത്രങ്ങളില്‍നിന്ന് കിട്ടുന്ന പരിഗണനകളെന്തൊക്കെയാണ്?
ഏതു ഭാഷയിലും താരങ്ങളുടെ ഉയര്‍ച്ചയ്ക്ക് കാരണം അവരുടെ എളിമയാണ്. ഞാന്‍ വലിയ താരമെന്ന തലക്കനവുമായി വരുന്നവര്‍, ആ ഭാരത്തില്‍ മുങ്ങിപ്പോയ ചരിത്രമേയുള്ളൂ. മണ്ണില്‍ നില്‍ക്കുന്ന, മണ്ണിനെ മറക്കാത്ത താരങ്ങളെ ഞാന്‍ കണ്ടിട്ടുണ്ട്. തെലുഗു ചിത്രത്തിന്റെ ഷൂട്ടിങ് സ്പെയിനില്‍ നടക്കുമ്പോള്‍, രവിതേജ ഫുട്പാത്തിലെ കോണിപ്പടിയിലിരിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.

സിനിമയുമായി ബന്ധമില്ലാത്ത അന്തരീക്ഷത്തില്‍നിന്ന് സിനിമയിലെത്തിയ താരമാണ് രജിഷ. ഈ യാത്ര ശ്രമകരമായിരുന്നോ?
ഒന്നും എളുപ്പമായിരുന്നില്ല. കഠിനാധ്വാനമുണ്ടായിരുന്നു. വഴികാട്ടികളാരുമില്ലാതിരുന്നിട്ടും ഞാന്‍പോലുമറിയാതെ ലക്ഷ്യത്തിലേക്കെത്തി. 'അനുരാഗ കരിക്കിന്‍ വെള്ള'ത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞതാണ് കരിയറിലെ ടേണിങ് പോയിന്റ്. അതില്‍നിന്ന് 'ജൂണ്‍' എന്ന സിനിമയിലേക്കെത്താന്‍ ഒരുപാട് കഷ്ടപ്പെട്ടു. പിന്നെ, മോഹങ്ങളിലേക്കുള്ള യാത്രകളായിരുന്നു.

ആദ്യചിത്രത്തിന് സംസ്ഥാന അവാര്‍ഡ് നേടിയ നടിയാണ്. ആ അംഗീകാരം പിന്നീടുള്ള യാത്രയില്‍ ഗുണമോ ദോഷമോ ആയിമാറിയിട്ടുണ്ടോ?
ആ അവാര്‍ഡ് എനിക്ക് കിട്ടിയ ലൈഫ്‌ടൈം അംഗീകാരമാണ്. അഭിനയവുമായി മുന്നോട്ടുപോകാന്‍ കഴിയുമോ എന്ന് സംശയിച്ചുനില്‍ക്കുന്ന കാലത്ത്, വലിയ ആത്മവിശ്വാസമാണത് സമ്മാനിച്ചത്. അംഗീകാരം തലയിലേറ്റി നടക്കാത്തതുകൊണ്ട് ദോഷവുമുണ്ടായിട്ടില്ല.

അഭിനയിച്ച സിനിമകളില്‍ പലതും നായികാപ്രാധാന്യമുള്ളതായിരുന്നു. തുടക്കത്തില്‍ നായകനെക്കാള്‍ പ്രതിഫലം വാങ്ങിയ അഭിനേത്രിയാണ് രജിഷ?
സിനിമയുടെ വേതനം സീനിയോറിറ്റിയോ ആണ്‍-പെണ്‍ ഭേദമോ അടിസ്ഥാനമാക്കിയല്ല. സാധാരണ ഓഫീസ് സിസ്റ്റത്തിലെ വേതനവ്യവസ്ഥയോട് അതിനെ താരതമ്യംചെയ്യാനും പാടില്ല. മുന്‍പഭിനയിച്ച സിനിമയുടെ വിജയം, സാറ്റലൈറ്റ് റേറ്റ്, ഒ.ടി.ടി. റേറ്റ്, എന്നീ കാര്യങ്ങളാണ് പ്രതിഫലം തീരുമാനിക്കുന്നത്. പുതിയ നായകന്മാര്‍ക്കൊപ്പം അഭിനയിച്ചപ്പോള്‍, അവരെക്കാള്‍ ഉയര്‍ന്ന വേതനം കിട്ടിയിട്ടുണ്ട്. ഫഹദിക്കയുടെയും ആസിഫ്ക്കയുടെയും കൂടെ അഭിനയിച്ചപ്പോള്‍, അങ്ങനെയായിരുന്നില്ല. സിനിമ ബിസിനസുകൂടിയാണ്.

കവിതയെഴുതുന്ന ശീലം തുടരുന്നുണ്ടോ?
അതിപ്പോഴുമുണ്ട്. വായിക്കുന്ന മറ്റ് കവിതകളുടെ പ്രമേയ-ഭാഷാ ഭംഗി കാണുമ്പോള്‍, എന്റെ എഴുത്തൊന്നും വെളിച്ചം കാണിക്കാന്‍ തോന്നാറില്ല. എന്നാലും എഴുതും. എനിക്കുവേണ്ടിമാത്രം... ഒരു സുഖം...

വാട്‌സാപ്പില്ലാത്ത ഫോണാണ് ഉപയോഗിക്കുന്നതെന്ന് കേള്‍ക്കുമ്പോള്‍ കൗതുകം തോന്നുന്നു...
ആ അഭാവം ഞാന്‍ ആസ്വദിക്കുകയാണ്. ഡിജിറ്റല്‍ ലോകത്ത് ജീവിച്ചാല്‍ യാഥാര്‍ഥ്യവുമായുള്ള ബന്ധം നഷ്ടമാകുമെന്ന് ഭയക്കുന്നു. ഒട്ടും ആത്മാര്‍ഥതയില്ലാത്ത ലോകമാണത്. നല്ല കാര്യങ്ങള്‍ ചിന്തിക്കേണ്ട, നല്ല കാര്യങ്ങള്‍ ചെയ്യേണ്ട സമയം ജീവിതത്തില്‍നിന്നത് അപഹരിക്കും. അതുകൊണ്ടാണ് മാറിനില്‍ക്കുന്നത്. ഇതുവരെ അതിന്റെ പേരില്‍ ഒരു പ്രശ്‌നവുമുണ്ടായിട്ടില്ല.

സിനിമയ്ക്കുവേണ്ടി ചെയ്ത ഇന്റിമേറ്റ് രംഗങ്ങള്‍ ഓണ്‍ലൈന്‍ ലോകം ആഘോഷമാക്കുന്നത് കാണുമ്പോള്‍, അതൊന്നും വേണ്ടായിരുന്നുവെന്ന് തോന്നാറുണ്ടോ?
അതെല്ലാം സിനിമയിലെ കഥാപാത്രങ്ങളുടെ അനിവാര്യതയായി തോന്നിയതിനാല്‍, ചെയ്ത കാര്യങ്ങളാണ്. അത്തരം ഓണ്‍ലൈന്‍ ആഘോഷങ്ങളൊന്നും ഞാന്‍ കാണാറില്ല. അതൊട്ടും എന്നെ ബാധിക്കാറുമില്ല...

'മധുര മനോഹര മോഹം' എങ്ങനെയാണ് രജിഷയെ മോഹിപ്പിച്ചത്?
പുരുഷസംവിധായകര്‍ അടക്കിവാഴുന്ന മലയാള സിനിമാ ഇന്‍ഡസ്ട്രിയില്‍ നൂറോളം സിനിമകളില്‍ വസ്ത്രാലങ്കാരം നിര്‍വഹിച്ച സ്റ്റെഫി സേവ്യര്‍ സംവിധാനം ചെയ്യുന്ന ആദ്യചിത്രമാണിത്. എനിക്കും സ്റ്റെഫിക്കും ഒരേ വര്‍ഷമാണ് സംസ്ഥാന അവാര്‍ഡ് കിട്ടിയത്. അന്ന് തുടങ്ങിയ സൗഹൃദം ഞങ്ങള്‍ക്കിടയിലുണ്ട്. 'ജൂണ്‍' എന്ന ചിത്രത്തിലെ വസ്ത്രാലങ്കാരം സ്റ്റെഫിയായിരുന്നു. തിരക്കഥാകൃത്തുക്കള്‍ വന്ന് കഥപറഞ്ഞപ്പോള്‍ സ്റ്റെഫിയാണ് സംവിധാനംചെയ്യുന്നതെന്ന് എനിക്ക് അറിയില്ലായിരുന്നു. സ്റ്റെഫി കഥപറയുന്നത് കേള്‍ക്കാന്‍ രസകമാണ്. നമുക്കത് വിഷ്വലൈസ്‌ ചെയ്യാന്‍ കഴിയും.
പത്തനംതിട്ടയിലെ ഒരു സാങ്കല്പികഗ്രാമത്തില്‍ അമ്മയും മൂന്ന് മക്കളും ചേര്‍ന്ന സാധാരണ കുടുംബത്തിലെ ചില സംഭവങ്ങളുടെ കഥപറയുന്ന ചിത്രമാണിത്. ഇത്തരം ഒരു കഥാപാത്രം ഞാന്‍ ഇതുവരെ ചെയ്തിട്ടില്ല. നാട്ടുഭംഗിയും കുടുംബവിശേഷങ്ങളും ചേര്‍ന്ന ചിത്രം. എന്നെ ആകര്‍ഷിച്ച ഘടകം സസ്‌പെന്‍സാണ്.

പരസ്യങ്ങള്‍ ഇതൊരു കോമഡി ചിത്രമാണെന്ന് പറയുന്നതുപോലെ...
ശരിയാണ്. ഹ്യൂമറുള്ള കഥാപാത്രങ്ങളോടും ചിത്രങ്ങളോടും എനിക്കിത്തിരി സോഫ്റ്റ് കോര്‍ണറുണ്ട്. ഈ ചിത്രത്തിലെ മീര എന്ന കഥാപാത്രം അത്തരത്തിലൊന്നാണ്. വിജയരാഘവന്‍, ബിന്ദു പണിക്കര്‍ എന്നിവര്‍ക്കൊപ്പം അഭിനയിക്കാന്‍കഴിഞ്ഞതിന്റെ സന്തോഷമുണ്ട്. കുട്ടിക്കാലംമുതല്‍ ആരാധിക്കുന്ന സിനിമാതാരമാണ് ബിന്ദു പണിക്കര്‍. ആദ്യമായി കണ്ടപ്പോള്‍ ഒരുപാടുകാലത്തെ പരിചയം ഉണ്ടെന്ന് തോന്നി. ബിന്ദുമ്മ എന്നാണ് ഞാന്‍ വിളിക്കുന്നത്. ഫ്ര്ലിയായിരുന്നു വിജയരാഘവനങ്കിള്‍. ഓഫ്സ്‌ക്രീനില്‍ ഞങ്ങള്‍ തീര്‍ത്ത സ്‌നേഹബന്ധത്തിന്റെ കെമിസ്ട്രി ഓണ്‍സ്‌ക്രീനിലും നന്നായി വന്നിട്ടുണ്ട്.

Content Highlights: actress rajisha vijayan opened up her mind

Add Comment
Related Topics

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
silk smitha
ഓർമയിൽ 27 വർഷങ്ങൾ

4 min

ആശുപത്രിയിൽ ഒരു സ്‌ട്രെച്ചറില്‍ അവളെ കിടത്തിയിരിക്കുന്നു. അതില്‍ നിറയെ ഈച്ചകളാണ്

Sep 23, 2023


kathaprayumbol

8 min

മമ്മൂക്ക ചോദിച്ചു, പടം ഹിറ്റായപ്പോള്‍ നമ്മളെയെല്ലാം മറന്നോ..? - 'കഥ പറയുമ്പോള്‍' സിനിമയുടെ അറിയാക്കഥ

Sep 26, 2023


krishnachandran and vanitha

7 min

രണ്ടുദേശത്തുനിന്ന് വന്ന കൃഷ്ണചന്ദ്രനും വനിതയും, അവരെ കോര്‍ത്തിണക്കിയത് സിനിമയും

Sep 28, 2023