To advertise here, Contact Usഎന്റെ പേരുദോഷം മാറ്റിയത് മമ്മൂക്കയാണെന്ന് അമ്മ ഇന്നും പറയാറുണ്ട്-അജയകുമാര്‍


4 min read
Read later
Print
Share

പുതുമോടിമാറാത്ത വീട്, പത്തുമാസം പ്രായമായ ദ്വിജകീര്‍ത്തി, ഒന്‍പതാംക്ലാസുകാരി ദീപ്തകീര്‍ത്തി, യാത്രയ്ക്ക് കരുത്തായി ഭാര്യ ഗായത്രി. പുതുസന്തോഷങ്ങള്‍ പങ്കുവെച്ച് ജീവിതം സമ്മാനിച്ച അദ്ഭുതങ്ങള്‍ വിവരിച്ച് അജയ് കുമാര്‍ എഴുതുന്നു

അജയ് കുമാർ, ഗായത്രി, ദീപ്ത കീർത്തി, ദ്വിജ കീർത്തി | എൻ. എം. പ്രദീപ്

അദ്ഭുതപ്പെടാതെ വയ്യ; ഈ യാത്ര ഇങ്ങനെയൊക്കെയാകുമെന്ന് കരുതിയതല്ല. ജനിച്ചതുകൊണ്ടുമാത്രം ജീവിക്കാന്‍ വിധിക്കപ്പെട്ടവരായി ഒരുപാടുപേരുണ്ട് നമുക്കുചുറ്റും. അവരില്‍ ഒരാളായി ഈ വലിയ ലോകത്ത് ഒതുങ്ങിപ്പോയേനെ. നിരാശയുടെ പടുകുഴിയില്‍ വീണുപോകാതെ, ചേര്‍ത്തുപിടിച്ചവരില്‍ നിങ്ങളെല്ലാമുണ്ട്, ഒറ്റപ്പെട്ടുപോകാതെ ഒപ്പം നിര്‍ത്തിയ എന്റെ പ്രിയ പ്രേക്ഷകര്‍. ഓരോ ചെറിയനേട്ടത്തിനുപുറകിലും ആ കൈയടികള്‍ കാതില്‍ മുഴങ്ങുന്നു. അപൂര്‍വവും അസാധാരണവുമായ എത്രയെത്ര മുഹൂര്‍ത്തങ്ങള്‍, ഓടിയെത്തി വാരിപ്പുണര്‍ന്ന സന്തോഷങ്ങള്‍... പുതുവര്‍ഷം പടിവാതിലിലെത്തുമ്പോള്‍ പിന്നിട്ട വഴികള്‍ ഓര്‍ത്തുപോകുകയാണ്.

To advertise here, Contact Us

ഓര്‍മകളുടെ ആല്‍ബം തുടങ്ങുന്നത് അങ്ങ് കോട്ടയം, ചാലുകുന്ന് സി.എം.എസ്. എല്‍.പി. സ്‌കൂളില്‍നിന്നാണ്. സ്‌കൂള്‍ മുറ്റത്ത് കലോത്സവത്തിന്റെ കലപില. കഥാപ്രസംഗവേദിയില്‍ കര്‍ട്ടന്‍ ഉയര്‍ന്നപ്പോള്‍ പ്രാസംഗികനെ കാണാതെ കുട്ടികള്‍ ബഹളംവെച്ചു. കഥപറയുന്ന ആളെ കാണാന്‍ വേദിയിലെ കാഴ്ചക്കാര്‍ ബെഞ്ചിലും ഡെസ്‌കിലും കയറാന്‍ തുടങ്ങിയതോടെ ബെഞ്ചും ഡെസ്‌കും ഒടിഞ്ഞുതുടങ്ങി. അപകടം തിരിച്ചറിഞ്ഞ് അധ്യാപകരിലൊരാള്‍ ചെസ്റ്റ് നമ്പറണിഞ്ഞ കാഥികനെയെടുത്ത് മേശയ്ക്കുമുകളില്‍ കയറ്റിനിര്‍ത്തി. ഒരുഭാഗത്ത് തബലയും മറുഭാഗത്ത് ഹാര്‍മോണിയവും മേശയുടെ നടുവിലായി ജുബ്ബയണിഞ്ഞ ഞാനും.

കഥപറയാനെത്തിയവനെ കണ്ട് ചിരിച്ചവരെ കഥകൊണ്ടുതന്നെ പിടിച്ചുകെട്ടി. കഥ മുറുകിയപ്പോള്‍ രംഗം സീരിയസായി. വാല്മീകിയുടെ 'ആദികാവ്യം' അതിവൈകാരികമായി അവതരിപ്പിച്ചു. നാലാംക്ലാസുകാരന്റെ പ്രകടനം കൈയടികളോടെ സ്വീകരിക്കപ്പെട്ടു. അതായിരുന്നു ആദ്യ സ്റ്റേജ് അനുഭവവും ഓര്‍മയും.

ചോറ്റാനിക്കരയിലെ പുതിയ വീടിന്റെ മുറ്റത്ത്‌

കേവലം എഴുപത്തഞ്ചുകുട്ടികള്‍ മാത്രം പഠിക്കുന്ന സ്‌കൂളില്‍ എല്ലാകുട്ടികളും ഒരു പരിപാടിയെങ്കിലും യുവജനോത്സവത്തിന് അവതരിപ്പിക്കണമെന്നത് നിര്‍ബന്ധമായിരുന്നു. അച്ഛനോട് പറഞ്ഞാണ് അന്ന് കഥാപ്രസംഗത്തിനുള്ള കഥ സംഘടിപ്പിച്ചത്. തബല ഉള്‍പ്പെടെയുള്ള ഓര്‍ക്കസ്ട്രയ്‌ക്കൊപ്പം കഥപറയുന്നതിന് റിഹേഴ്‌സലൊന്നും ഉണ്ടായിരുന്നില്ല, മനോധര്‍മത്തിനനുസരിച്ചൊരു പോക്കായിരുന്നു. ക്രൗഞ്ചമിഥുനങ്ങളുടെ കഥ സ്വീകരിക്കപ്പെട്ടത് കലാപരമായി മുന്നോട്ടുപോകാന്‍ കരുത്തുനല്‍കി. ആദ്യകഥാപ്രസംഗത്തിന് വിളക്കാണ് സമ്മാനമായി ലഭിച്ചത,് എന്റെ പകുതി ഉയരമുണ്ടായിരുന്നു ആ വിളക്കിന്.
അങ്ങനെ കഥാപ്രസംഗത്തില്‍നിന്നാണ് കലാജീവിതം തുടങ്ങുന്നത്. മോണോ ആക്ടും മിമിക്രിയും പ്രച്ഛന്നവേഷവുമെല്ലാം അതിന്റെ തുടര്‍ച്ചകളായി. സ്‌കൂള്‍കാലത്ത് സംസ്ഥാന യുവജനോത്സവത്തില്‍ നിസ്സാര പോയിന്റുകള്‍ക്കാണ് പ്രതിഭാപട്ടം നഷ്ടപ്പെടുന്നത്. പറയുന്ന തമാശകള്‍ സ്വീകരിക്കപ്പെടുമെന്ന് തിരിച്ചറിഞ്ഞതോടെ, കഥാപ്രസംഗത്തിനായി ചിരിയില്‍ പൊതിഞ്ഞ കഥകള്‍ തേടിത്തുടങ്ങി. കോളേജ്കാലമായപ്പോഴേക്കും മിമിക്രിയില്‍ ചുവടുറപ്പിച്ചു.

സ്‌കൂള്‍ കലോത്സവവേദിയിലൂടെയാണ് സിനിമയിലേക്കെത്തുന്നത്. 'ലൂസ് ലൂസ് അരപ്പിരിലൂസ്' എന്ന ചിത്രത്തിനുവേണ്ടിയാണ് ആദ്യമായി ക്യാമറയ്ക്കുമുന്നില്‍ നിന്നത്. കഥാപാത്രത്തിനുവേണ്ടി തല മൊട്ടയടിച്ചു. സംഘട്ടനരംഗത്തില്‍ വരെ അഭിനയിച്ചതോടെ നടനായി എന്നൊരു തോന്നലുണര്‍ന്നു. പ്രതീക്ഷയോടെയാണ് ആദ്യമായി അഭിനയിച്ച സിനിമ കാണാന്‍ പോയത്. പക്ഷേ, നിരാശയായിരുന്നു ഫലം. ഞാനഭിനയിച്ച രംഗങ്ങളെല്ലാം സിനിമയില്‍നിന്ന് വെട്ടിപ്പോയി.

പിന്നീട് 'അമ്പിളിയമ്മാവന്‍' എന്ന സിനിമയിലൂടെയാണ് ഞാനാദ്യമായി പ്രേക്ഷകരിലേക്കെത്തുന്നത്. ആനക്കാരനായി അഭിനയിക്കുന്ന ജഗതിച്ചേട്ടന്റെ മകന്റെ വേഷമായിരുന്നു എനിക്ക്. കുട്ടികള്‍ക്കുവേണ്ടിയുള്ള സിനിമയായിരുന്നു. ദൂരദര്‍ശന്‍ മലയാളം പ്രക്ഷേപണം തുടങ്ങിയകാലത്ത് 'അമ്പിളിയമ്മാവന്‍' നിരവധി തവണ ടി.വിയില്‍ വന്നു. അങ്ങനെ എന്റെ കഥാപാത്രവും മുഖവും പ്രേക്ഷകര്‍ക്ക് പരിചിതമായി. സിനിമയിലെ പക്രു എന്ന പേര് എനിക്കൊപ്പം ചേര്‍ന്നു.

പക്രു എന്ന വിളിപ്പേര് വീട്ടിലാര്‍ക്കും അത്ര താത്പര്യമുണ്ടായിരുന്നില്ല. ഗിന്നസ് റെക്കോഡ് വന്നതോടെ ആ വിളി ഗിന്നസ്സ് പക്രു എന്നായി മാറി. 'പട്ടണത്തില്‍ ഭൂതം' സിനിമയുടെ ചിത്രീകരണ സമയത്താണ് ഗിന്നസ് റെക്കോഡ് എത്തുന്നത്. ഗിന്നസ് എന്ന് വിളിച്ചുതുടങ്ങുന്നത് മമ്മൂക്കയാണ്. 'ഗിന്നസ് എവിടെ?', 'ഗിന്നസിനോട് വരാന്‍ പറയൂ', 'ഗിന്നസ് പോയോ?'... എന്നെല്ലാം മമ്മൂക്ക സെറ്റില്‍ ചോദിക്കാന്‍ തുടങ്ങിയതോടെ പേരിനൊപ്പം ഗിന്നസ് ചേര്‍ന്നുനിന്നു. എന്റെ പേരുദോഷം മാറ്റിയത് മമ്മൂക്കയാണെന്ന് അമ്മ ഇന്നും പറയാറുണ്ട്.
സിനിമയില്‍ അറിയപ്പെട്ടുതുടങ്ങിയ എന്നെ പ്രേക്ഷകരുമായി കൂടുതല്‍ അടുപ്പിച്ചത് ദിലീപ് ചിത്രങ്ങളിലെ കഥാപാത്രങ്ങളാണ്. 'ജോക്കറും' 'മീശമാധവനും' 'കുഞ്ഞിക്കൂനനു'മെല്ലാം അഭിമാനിക്കാന്‍ വകനല്‍കിയ സിനിമകളാണ്. സിനിമയ്‌ക്കൊപ്പം ഹാസ്യപരിപാടികളുമായി ചാനല്‍ഷോകളില്‍ എത്തിയത് മറ്റൊരു ഘട്ടത്തിന്റെ തുടക്കമായി. അമൃത ചാനലിലെ 'കോമഡി മാസ്റ്റേഴ്‌സ്' പ്രോഗ്രാം അഞ്ഞൂറ് എപ്പിസോഡ് പിന്നിട്ടിരിക്കുകയാണ്.

അഭിനയജീവിതത്തില്‍ വലിയ ഉയര്‍ച്ചനല്‍കിയ ചിത്രമാണ് 'അത്ഭുതദ്വീപ്'. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ഇപ്പോള്‍, വിനയന്‍സാര്‍ സിനിമയുടെ തുടര്‍ച്ച പ്രഖ്യാപിച്ചുകഴിഞ്ഞു. ഉണ്ണി മുകുന്ദനാണ് സിനിമയിലെ മറ്റൊരു പ്രധാനവേഷം ചെയ്യുന്നത.് കഥപറയാനായി ഇപ്പോള്‍ ഒരുപാട് പേര്‍ എത്താറുണ്ട്. ആരേയും നിരാശപ്പെടുത്താറില്ല. എങ്കിലും ആദ്യകേള്‍വിയില്‍ തന്നെ അറിയാം ഈ കഥ നമുക്ക് വേണ്ടി എഴുതിയതാണോയെന്ന്. ഞാന്‍ ചെയ്യേണ്ട വേഷമാണെന്ന് തോന്നിയാല്‍ മാത്രം സഹകരിക്കുന്നതാണ് രീതി. ആദ്യകേള്‍വിയില്‍തന്നെ മനസ്സിലൊരു സ്പാര്‍ക്ക് ഉണ്ടാകണം. ഞാന്‍ സിനിമ നിര്‍മിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തതുകൊണ്ട്, കഥ ഇഷ്ടമായാല്‍ പ്രൊഡക്ഷന്‍ കാര്യങ്ങള്‍ എളുപ്പത്തിലാകുമെന്ന് കരുതി കഥയുമായിവരുന്നവരുമുണ്ട്.

2024 പകുതിയോടെ വീണ്ടും സംവിധായകനാകന്റെ തൊപ്പിയണിയാനുള്ള ഒരുക്കത്തിലാണ്. എസ്. വി. മഹേഷ് സംവിധാനം ചെയ്യുന്ന 'കുടുംബശ്രീയും കുഞ്ഞാടും' , ആര്യന്‍ വിജയ് ഒരുക്കുന്ന '916 കുഞ്ഞൂട്ടന്‍', കീരവാണി സാറിന്റെ സംഗീത അകമ്പടിയിലെത്തുന്ന ബേബിജോണിന്റെ 'മജീഷ്യന്‍',പി.എ.വിജയ്‌യുടെ 'മേധാവി' എന്നിവയെല്ലാമാണ് പുതുവര്‍ഷത്തില്‍ പ്രതീക്ഷ നല്‍കുന്ന റിലീസുകള്‍.

വീടൊരു സ്വര്‍ഗം
കുറവുകളില്‍ ദുഃഖിച്ചിരിക്കാന്‍ സമയമില്ല. കാര്യങ്ങളെ പോസിറ്റീവായി നോക്കിക്കാണാനാണ് ശ്രമിക്കുന്നത്. തമാശയും കൗണ്ടര്‍ ഡയലോഗുകളുമെല്ലാം കുട്ടിക്കാലം മുതല്‍തന്നെ ഒപ്പംകൂടിയതാണ്. വീട്ടിലാരുടെയെങ്കിലും മുഖം വാടിയാല്‍, വിഷമത്തിലാണെന്നുകണ്ടാല്‍ അവരെ അതില്‍നിന്ന് പുറത്തുകൊണ്ടുവരാനുള്ള ഡയലോഗുമായി അടുത്തുകൂടുന്നതാണ് പതിവ്. മൂത്തമകള്‍ ദീപ്തയുമായി അടുത്ത ചങ്ങാത്തത്തിലാണ്. അമ്മയില്‍നിന്ന് എത്ര വഴക്കുകേട്ടാലും അവള്‍ക്കൊരു കൂസലുമില്ല. എന്നാല്‍ എന്റെ മുഖമൊന്ന് കറുത്താല്‍, ശബ്ദമുയര്‍ത്തിയാല്‍ ആളാകെ സങ്കടത്തിലാകും.

കളിക്കൂട്ടുകാരെപ്പോലെയാണ് ഞങ്ങള്‍. ചെറിയക്ലാസില്‍ പഠിക്കുമ്പോള്‍ സമപ്രായക്കാരനായാണ് എന്നെ കണ്ടത്. ഇടയ്‌ക്കെന്റെ മുഖം ടിവിയിലൊക്കെ കാണുമ്പോള്‍ ഇതെന്തുകഥയെന്ന രീതിയില്‍ എന്നെ നോക്കിയത് ഓര്‍മയുണ്ട്. ഞാന്‍ പറയുന്നതെല്ലാം ഭാര്യ കേള്‍ക്കുകയും മാനിക്കുകയും ചെയ്യുമ്പോള്‍ ചെറുതെങ്കിലും ഇയാളൊരു സംഭവമാണല്ലോ എന്ന ഭാവമായിരുന്നു അന്നെല്ലാം മകളുടെ മുഖത്ത്. വലിയ ക്ലാസുകളിലേക്കെത്തിയപ്പോഴാണ് അച്ഛന്‍ നടനാണെന്നും സിനിമയും കലാപരിപാടികളുമെല്ലാമുണ്ടെന്നും മനസ്സിലാക്കിയത്.

അവളുടെ സ്‌കൂളിലെ പരിപാടിക്ക് അതിഥിയായി ഞാന്‍ ചെന്നിട്ടുണ്ട്. എന്നാല്‍ ആ ചടങ്ങിന് അഞ്ചാംക്ലാസുവരെയുള്ള കുട്ടികളെ മാത്രമേ പങ്കെടുപ്പിച്ചിരുന്നുള്ളൂ. മകളന്ന് എട്ടാംക്ലാസിലായിരുന്നു. കൂട്ടുകാര്‍ക്കൊപ്പമിരുന്ന് എന്നെ കാണാനും കേള്‍ക്കാനും അവസരമുണ്ടാകില്ലെന്ന് അറിഞ്ഞതോടെ സങ്കടത്തിലായി. പിന്നീട് പ്രത്യേക ശുപാര്‍ശയില്‍ മകളുടെ സുഹൃത്തുക്കള്‍ക്കും ക്ലാസിലുള്ളവര്‍ക്കും വേണ്ടി മാത്രമായി ഒരു ചടങ്ങ് സംഘടിപ്പിച്ചു. സ്‌കൂള്‍ മരച്ചുവട്ടില്‍ ഞങ്ങള്‍ ഒത്തുകൂടി. ഫോട്ടോയെല്ലാം എടുത്താണ് അന്ന് മടങ്ങിയത്.

ദ്വിജകീര്‍ത്തി എത്തിയതോടെ ദീത്തുവിന് ഉത്തരവാദിത്വം കൂടി. ഇന്നവള്‍ വീട്ടിലെ വല്യേച്ചിയാണ്. ദീത്തു എടുക്കുമ്പോഴേക്കും ദ്വിജ കരച്ചില്‍ നിര്‍ത്തും. ദ്വിജയുടെ ജനനവും പുതിയ വീട്ടിലേക്കുള്ള താമസവുമെല്ലാമായി കഴിഞ്ഞ കുറച്ചുമാസങ്ങളായി തിരക്കിലായിരുന്നു. ഞങ്ങളുടേതായ സൗകര്യത്തിന് ചോറ്റാനിക്കരയിലൊരു വീട് എന്നത് വലിയ സ്വപ്‌നമായിരുന്നു. ഇതിനുമുന്‍പ് വാങ്ങിയതും താമസിച്ചതുമായ വീടുകളില്‍നിന്നെല്ലാം വ്യത്യസ്തമായി ഈ വീടിന്റെ ആദ്യാവസാന നിര്‍മാണത്തിന്റെ മേല്‍നോട്ടം നേരിട്ടായിരുന്നു. തറകെട്ടിയതു മുതലുള്ള ഓരോ സ്റ്റെപ്പിലും എന്റെ ഇടപെടലുണ്ട്.

സിനിമകളെല്ലാം കുടുംബത്തോടെ ആസ്വദിക്കും. എന്റെ അഭിനയത്തെക്കുറിച്ചും ചാനല്‍ പരിപാടിയിലെ സംസാരങ്ങളെക്കുറിച്ചുമെല്ലാം വീട്ടില്‍ അഭിപ്രായമുണ്ടാകാറുണ്ട്. ഞാന്‍ 'അത്ഭുതദ്വീപ് ' പോലെയുള്ള സിനിമകളില്‍ അഭിനയിക്കുന്നതാണ് മകള്‍ക്കിഷ്ടം. എന്നാല്‍ 'ഇളയരാജ'യിലേതുപോലെ ഗൗരവമുള്ള വേഷങ്ങളില്‍ കാണാനാണ് ഭാര്യയ്ക്കിഷ്ടം.

സിനിമാചിത്രീകരണമുള്ള ദിവസങ്ങളില്‍ കാര്യങ്ങളെല്ലാം ചിട്ടപോലെ നടക്കും. പുലര്‍ച്ചെ എഴുന്നേറ്റ് കൃത്യസമയത്ത് സെറ്റിലെത്തും. പ്രത്യേകിച്ച് പരിപാടികളൊന്നുമില്ലാതെ വീട്ടിലിരിക്കുന്ന ദിവസങ്ങളില്‍ ഉണരുന്നതും ഭക്ഷണംകഴിക്കുന്നതുമെല്ലാം സമയക്രമം തെറ്റിയാകും. ഞാന്‍ സമയത്ത് ഭക്ഷണം കഴിക്കില്ലെന്ന് ഭാര്യക്കെപ്പോഴും പരാതിയാണ്.

തയ്യാറാക്കിയത്: പി. പ്രജിത്ത്

Content Highlights: actor guinness ajay kumar interview

Add Comment
Related Topics

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Sushmita Sen

1 min

ടേബിള്‍ മാനേഴ്‌സ് അറിയില്ലായിരുന്നെന്ന് സുസ്മിത സെന്‍, മിസ് യൂണിവേഴ്‌സ് വിരുന്നില്‍ കുഴങ്ങിയെന്നും

Feb 20, 2024


jagadish

7 min

രമ പോയതോടെ ജീവിതത്തിന് ത്രില്ലില്ലാതെയായി, അങ്ങനെയൊരു സ്‌നേഹമായിരുന്നു രമ

Feb 15, 2024


instagram

1 min

ദംഗലിലെ ആമിര്‍ ഖാന്റെ മകള്‍, പത്തൊമ്പതാം വയസ്സില്‍ വിടപറഞ്ഞു

Feb 17, 2024

To advertise here, Contact Us
To advertise here, Contact Us
To advertise here, Contact Us